നിര്‍മ്മിതബുദ്ധി(AI)യുംചാറ്റ് ജിപിടിയും മനുഷ്യ വംശത്തിന് ഗുണപ്രദമാകുമോ ?

artificial-intelligence.jpg
Share

കംപ്യൂട്ടര്‍ സാങ്കേതികവിദ്യയിലെ ശ്രദ്ധാകേന്ദ്രമായ വാക്കായി മാറിയിരിക്കുന്നു കൃത്രിമബുദ്ധി എന്നത്. സാധാരണഗതിയില്‍ മനുഷ്യബുദ്ധി ഉപയോഗിച്ചു നിര്‍വ്വഹിക്കേണ്ട കൃത്യങ്ങള്‍ ചെയ്യുവാന്‍ ശേഷിയുള്ള യന്ത്രങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും കൊണ്ട് ശ്രദ്ധേയമായ ആധുനിക സാങ്കേതികവിദ്യയാണിത്. ഉപഭോക്തൃസേവനങ്ങള്‍ക്കായുള്ള ചാറ്റ്‌ബോട്ടുകള്‍ തുടങ്ങി ഉയര്‍ന്ന ശേഷിയുള്ള ജിപിഎസ്, മാപ്പിംഗ് ഉപയോഗങ്ങളെയും വിവിധ വ്യവസായങ്ങളെയും സാമൂഹികഘടകങ്ങളെയും കൃത്രിമ ബുദ്ധി മാറ്റിമറിച്ചിരിക്കുന്നു.

ചാറ്റ് ജിപിടി (Generative Pre-trained Transformer) എന്ന കൃത്രിമ ബുദ്ധിയുടെ ഒടുവിലത്തെ അവതാരം മനുഷ്യസംഭാഷണങ്ങളെ അനുകരിക്കാനും സ്വയം തീരുമാനങ്ങളെടുക്കാനും ശേഷി നേടിയതായി അവകാശപ്പെടുന്നുണ്ട്. കൃത്രിമബുദ്ധിയുടെ പൊതുപ്രയോഗങ്ങളിൽ ഇന്നുള്ളതിൽനിന്നുള്ള യഥാർത്ഥ വ്യതിയാനമായിതിനെ കണക്കാക്കാം. അഭിപ്രായപ്രകടനങ്ങളോടും അഭ്യർത്ഥനകളോടും അത് സംഭാഷണരൂപത്തിൽ പ്രതികരിക്കു കയും അനുബന്ധചോദ്യങ്ങൾ ചോദിച്ചും അനുചിതങ്ങളായ അഭ്യർത്ഥനകളെ നിരസിച്ചും സംഭാഷണം തുടരുകയും ചെയ്യും. ഒരു ചോദ്യത്തിലെ തെറ്റായ ആധാരപ്രസ്താവങ്ങളെ ചോദ്യം ചെയ്യാനുള്ള ശേഷിയും ചാറ്റ്ജിപിടിയുടെ മറ്റൊരു പ്രത്യേകതയാണ്. സാങ്കല്പികമായ ചോദ്യങ്ങളെ പരിഗണിക്കാനും ചർച്ചചെയ്യാനും അതിനു കഴിയും. തെറ്റും അർത്ഥശൂന്യവുമായ ഉത്തരങ്ങൾ ശരിയെന്ന മട്ടിൽ ചിലപ്പോഴതു നൽകാം. അനുചിതങ്ങളായ അഭ്യർത്ഥനകളെ നിരസിക്കാനായി അതിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ചിലപ്പോഴത് ഹാനികരമായ നിർദ്ദേശങ്ങളോടു പ്രതികരിക്കുകയും പക്ഷപാതപരമായ സ്വഭാവം കാണിക്കുകയും ചെയ്യും.


ഒരു വാക്യത്തിൽ ഏറ്റവും യോജിക്കുന്ന അടുത്തവാക്ക് പ്രവചിക്കാനതിനു കഴിയും. താരതമ്യേന കൃത്യമായ നിരവധി പ്രവചനങ്ങൾ കൊണ്ട് യുക്തിപൂർവ്വകമായ ഖണ്ഡികകൾ നിർമ്മിക്കാനതിനു കഴിയും. ഇത്ര വിശ്വസനീയമായ രീതിയിൽ മനുഷ്യസംഭാഷണങ്ങളെ അനുകരിക്കാനതിനെങ്ങനെ കഴിയുന്നു? അതിനു നൽകപ്പെട്ട വിവരങ്ങളുടെയടിസ്ഥാനത്തിലാണിതു ചെയ്യുന്നത്. മാത്രമല്ല, ‘മനുഷ്യപ്രതികരണത്തിൽക്കൂടിയു ള്ള പഠന ദൃഢീകരണം’ (Reinforcement Learning from Human Feedback) എന്ന സങ്കേതത്താൽ അതു പ്രോഗ്രാം ചെയ്യപ്പെട്ടുമിരിക്കുന്നു.


ശാസ്ത്രത്തിന്റെ നേട്ടങ്ങൾ ജനതാല്പര്യത്തിനായാണ്
പ്രയോഗിക്കേണ്ടത്


മറ്റു സാങ്കേതിക വിശദാംശങ്ങൾ മാറ്റിവയ്ക്കാം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ചാറ്റ്ജിപിടി പോലുള്ള കൃത്രിമ ബുദ്ധി സംവിധാനങ്ങളെക്കുറിച്ച് അറിയേണ്ട പ്രധാനപ്പെട്ട കാര്യം തങ്ങളുടെ അധ്വാനഭാരം ലഘൂകരിച്ചു കൊണ്ട്, നടുവൊടിക്കുന്ന കഠിനാധ്വാനത്തിൽ നിന്ന് ആശ്വാസം നേടി, ആവർത്തിക്കുന്നതും സമയമെടുക്കുന്നതുമായ കഠിന ജോലികളിൽ നിന്ന് മോചിതരായി അധ്വാനത്തിന്റെ അർത്ഥപൂർണ്ണവും ക്രിയാത്മകവും താല്പര്യജനകവുമായ കാര്യങ്ങളിൽ മുഴുകാൻ അതവർക്ക് എങ്ങനെയൊക്കെ എവിടെയൊക്കെ ഉപകരിക്കുമെന്നാണ്. അതു മാത്രമല്ല. സ്വന്തം കഠിനാധ്വാനത്തിലൂടെ നാഗരികത സൃഷ്ടിക്കുന്ന തൊഴിലാളികൾക്ക് ഇന്ന്, ഈ മുതലാളിത്ത വ്യവസ്ഥിതിയിൽ അപകടകരമായ തൊഴിലുകളിൽനിന്ന് മോചനം കിട്ടേണ്ടതെങ്ങനെയാണ്? ഇതു ചർച്ച ചെയ്യേണ്ട വിഷയമാണ്.


സൃഷ്ടിയുടെ ഉന്നതങ്ങളിൽ എത്താനുള്ള മനുഷ്യരുടെ ശ്രമത്തിൽ, നാഗരികതയെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന ഉപകരണമെന്ന നിലയിൽ ശാസ്ത്രം മനുഷ്യരെ സഹായിച്ചിട്ടുണ്ട്. ജനതാൽപര്യത്തെ ഹനിക്കുന്ന വിധത്തിൽ ഭരണവർഗ്ഗത്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ ഏതൊരു ശാസ്ത്രവികാസവും ജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ടതാണ്. പക്ഷേ ശാസ്ത്രം എന്നുള്ളത് ഒരു വ്യക്തിയല്ല. ശാസ്ത്രജ്ഞരും രാഷ്ട്രീയനയങ്ങൾ തീരുമാനിക്കുന്നവരും ഈ ഏകധ്രുവ സാമ്രാജ്യത്വ-മുതലാളിത്ത ലോകത്തിൽ ഭരണം കയ്യാളുന്ന അധികാരമോഹികളുമാണ് ആധുനികശാസ്ത്രത്തിന്റെ നേട്ടങ്ങൾ മനുഷ്യരാശിയെ രക്ഷിക്കാനോ അല്ലെങ്കിൽ മനുഷ്യനാഗരികതയെ നശിപ്പിക്കാനോ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, പിണ്ഡവും ഊർജ്ജവും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന ഐൻസ്റ്റൈന്റെ ഉജ്ജ്വലമായ സമവാക്യത്തെ ദുരുപയോഗം ചെയ്താണ് യുദ്ധവെറിയന്മാരായ സാമ്രാജ്യത്വശക്തികൾ ആറ്റം ബോംബ് നിർമ്മിച്ചത്. അതാണ് 1945 ആഗസ്റ്റ് 6നും 9നും യഥാക്രമം ഹിരോഷിമയിലും നാഗസാക്കിയിലും നിഷ്ക്കളങ്കരായ ജപ്പാൻ ജനതക്കുമേൽ വർഷിക്കുകയും 2.25 ലക്ഷത്തിലധികം പേരെ കൊല്ലുകയും 3.5 ലക്ഷത്തിലധികം പേർക്ക് അംഗവൈകല്യം വരുത്തുകയും വികിരണം മൂലം അവിടുത്തെ അന്തരീക്ഷത്തിനു പരിഹരിക്കാനാകാത്ത ഹാനി വരുത്തുകയും ചെയ്തത്. വികിരണബാധമൂലമുണ്ടായ കാൻസർ രോഗത്തെത്തുടർന്ന് പിന്നീടുള്ള വർഷങ്ങളിൽ ആയിരക്കണക്കിനാളുകൾ അകാലത്തിൽ മരിച്ചുപോയി. ഇപ്പോഴുമതു തുടരുന്നു. യുഎസ് സാമ്രാജ്യത്വം ആറ്റംബോംബുപയോഗിച്ചത് അവരുടെ സൈനിക മേധാവിത്വം പ്രദർശിപ്പിക്കാനും അതുവഴി മുതലാളിത്ത സാമ്രാജ്യത്വരാഷ്ടങ്ങൾക്കിടയിൽ തങ്ങളുടെ അധീശത്വം സ്ഥാപിച്ചെടുക്കുന്നതിനുമായിരുന്നു. കാരണം, സോവിയറ്റ് ചെമ്പട അതിനകംതന്നെ ഹിറ്റ്ലറുടെ ഫാസിസ്റ്റു ഭരണത്തെ തകർക്കുകയും 1945 മെയ് 2ന് ജർമൻ പാർലമെന്റായ റീഷ്സ്റ്റാഗിൽ ചെങ്കൊടി ഉയർത്തുകയും ചെയ്തിരുന്നു. കൂട്ടക്കരുതിയിൽ അത്യന്തം രോഷവാനായ ഐൻസ്റ്റൈൻ ഐക്യരാഷ്ടസഭയ്ക്ക് ഒരു പരസ്യസന്ദേശമയച്ചു. ജപ്പാനുമേൽ ആണവായുധം പ്രയാേഗിക്കരുതെന്നാ വശ്യപ്പെട്ടുകൊണ്ട് അതിനുമുമ്പു തന്നെ അദ്ദേഹം അന്നത്തെ യുഎസ് പ്രസിഡന്റ് റൂസ്‌വെൽറ്റിന് എഴുതിയിരുന്നു. ആണവായുധങ്ങൾക്കെതിരെയുള്ള ഐൻസ്റ്റൈന്റെ എതിർപ്പ് ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. “ജപ്പാനെതിരെയുള്ള ആണവായുധപ്രയോഗത്തിനെ ഞാനെല്ലായ്പ്പോഴുമെതിർത്തിരുന്നു, പക്ഷേ ദൗർഭാഗ്യകരമായ ആ തീരുമാനത്തെ തടയാൻ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.” അദ്ദേഹം ഊർജ്ജതന്ത്രജ്ഞനായ സുഹൃത്ത് ഷിനോഹാരക്കെഴുതി. ആണവായുധങ്ങളുടെ ഉപയോഗം തടയുന്നതിനായി ഒരു ലോക ഗവണ്മെന്റ് സ്ഥാപിക്കണമെന്ന് അദ്ദേഹം പില്ക്കാലത്ത് ആവശ്യപ്പെടുകയുണ്ടായി. ഇത്തരത്തിലൊരു കൂട്ടക്കുരുതി നടന്നത് തന്റെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണെന്നതിൽ വിലപിക്കുകയും ചെയ്തു അദ്ദേഹം.
ഒരു പ്രധാന വിഷയം അവതരിപ്പിക്കുന്നതിനാണീ സംഭവം ഓർമ്മിപ്പിച്ചത്. റൊബോട്ടുകളുടെയും റൊബോട്ടിക്സിന്റെയും വികാസത്തിനും രാജ്യങ്ങളിലും സമൂഹത്തിലും അതിന്റെ പ്രചാരത്തിനുമ നുസരിച്ച് ജനങ്ങൾക്ക് കുറഞ്ഞ സമയത്തെ അധ്വാനം കൊണ്ട് കൂടുതൽ ഉല്പാദിപ്പിക്കാമെന്ന നിലവന്നുവെന്ന് ഞങ്ങൾ നേരത്തേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ, ഏതു തൊഴിൽ ചെയ്യുന്നവർക്കും കൂടുതൽ ഒഴിവുസമയം ലഭിക്കുകയും വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇടപെടാനുമുള്ള അവസരം ലഭിക്കുകയും വ്യക്തിജീവിതവും സാമൂഹികജീവിതവും കൂടുതൽ അർത്ഥപൂർണ്ണമാക്കുകയും ചെയ്യാന്‍ കഴിയുമായിരുന്നു; സാങ്കേതികവിദ്യയിലെയും ശാസ്ത്രത്തിലെയും ഈ മുന്നേറ്റങ്ങൾ മാനവരാശിയുടെ പ്രയോജനത്തിനായി ഉപയോഗിച്ചിരുന്നുവെങ്കിൽ. ഇതൊരു വ്യാമോഹമല്ല. ഉദാഹരണത്തിന്, ഭാഷാസങ്കീർണ്ണതകളുടെ ഉള്ളറകൾ അഴിച്ചെടുക്കാൻ കൃത്രിമബുദ്ധിക്കു കഴിയും. ഇപ്പോഴാദ്യമായി മെഷീനുകൾക്ക് സ്വതന്ത്രമായി, സന്ദർഭവും ഉദ്ദേശ്യവുമുൾപ്പെടെ, പുനരുല്പാദനപരമായും സർഗ്ഗാത്മകമായും ഭാഷ മനസ്സിലാക്കാൻ കഴിയും. ടെക്സ്റ്റുകളും ഇമേജുകളും ഓഡിയോയും ഉൾപ്പെടെ വലിയ അളവിലുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ പരിശീലിക്കപ്പെട്ടിട്ടുള്ളതിനാൽ ഈ കൃത്രിമബുദ്ധി മോഡലുകളെ വളരെ വിപുലമായ കർത്തവ്യങ്ങളുടെ ചടുലമായ നിർവ്വഹണത്തിനായി സൂക്ഷ്മമായി രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും.

അധ്യാപകർക്ക് ഇപ്പോൾ ചെയ്യേണ്ടി വരുന്ന പല ക്ലറിക്കൽ ജോലികളും നിർമ്മിതബുദ്ധി വഴി ചെയ്യുകയാണെങ്കിൽ അവർക്കു വിദ്യാർത്ഥികളുമായി ഇടപഴകാൻ കൂടുതൽ സമയം ലഭിക്കുകയും വിദ്യാഭ്യാസരംഗത്തെ കൂടുതൽ ചലനാത്മകമാക്കാൻ വഴിയൊരുങ്ങുകയും ചെയ്യും. വ്യക്തിഗതവും കാര്യക്ഷമവുമായ രോഗനിർണ്ണയ, പ്രതിരോധ, ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സഹായിച്ചുകൊണ്ട് നിർമ്മിതബുദ്ധിക്ക് രോഗീപരിചരണത്തിലും വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിക്കും. ശരിയായി ഉപയോഗിച്ചാൽ ഈ ഉയർന്ന കാര്യക്ഷമത ചികിത്സാച്ചെലവുകളിൽ കുറവുവരുത്തും. പക്ഷേ, ഇന്നു കാണുന്നതുപോലെ ശാസ്ത്രത്തിലെയും സാങ്കേതികവിദ്യയിലെയും വികാസം യുദ്ധവെറിയരും ലാഭാർത്തിപൂണ്ടവരുമായ മർദ്ദക സാമ്രാജ്യത്വ – മുതലാളിത്ത ഭരണാധികാരികളുടെ ചൊൽപ്പടിയിലാണെങ്കിൽ, വിഭാവനം ചെയ്യപ്പെടുന്ന ഈ പ്രയോജനമൊന്നും ജനങ്ങളിലെത്തില്ല. മറിച്ച്, ഭരണ ബൂർഷ്വാസിയുടെ ഹീന താല്പര്യങ്ങൾക്കായി അവ ദുരുപയോഗം ചെയ്യപ്പെടും.


മനുഷ്യമസ്തിഷ്കത്തിന്റെ സ്ഥാനമേറ്റെടുക്കാൻ
നിർമ്മിതബുദ്ധിക്കാകില്ല


സർഗ്ഗശേഷിയുള്ള മനുഷ്യർക്കു പകരം വയ്ക്കാൻ നിർമ്മിതബുദ്ധിക്കാകില്ല എന്നു നാം മനസ്സിലാക്കണം. മനുഷ്യരാശിയുടെ കൈയിലെ പുതിയൊരുപകരണം മാത്രമാണിത്. പ്രകടമായി മനസ്സിലാക്കാവുന്നതു പോലെ, കലാകാരന്മാരായ മനുഷ്യരെപ്പോലെ എണ്ണച്ചായമോ മറ്റു മാധ്യമങ്ങളോ നിർമ്മിതബുദ്ധി ഉപയോഗിക്കില്ല മറിച്ച്, കേവലം ഡിജിറ്റൽ ചിത്രങ്ങൾ മാത്രം. കംപ്യൂട്ടർ സയൻസിന്റെ വിധാതാക്കളിലൊരാളായ അലൻ ടൂറിംഗ് തന്റെ ചടുലധിഷണയെ ഇഷ്ടമേഖലയായ കൃത്രിമ ബുദ്ധിയിലുള്ള ഗവേഷണത്തിലേക്കു തിരിച്ചിരുന്നു. തന്റെ വീക്ഷണത്തിന്റെ തിരനോട്ടം അദ്ദേഹം 1947ൽ ഇങ്ങനെ അവതരിപ്പിക്കുന്നു. “അനുഭവങ്ങളിൽനിന്നു പഠിക്കുന്ന ഒരു മെഷീൻ ആണ് നമുക്ക് ആവശ്യം.”
ചാറ്റ് ജിപിടിയിലേക്കു തിരിച്ചു വരാം. ചില വിവരസാങ്കേതിക വിദഗ്ദ്ധർ അതിനെ ഒരു അപൂർവ്വ പ്രതിഭയെന്നു വിളിക്കുന്നു. മനുഷ്യരെപ്പോലെ സംഭാഷണത്തിലേർപ്പെടാനും ലേഖനങ്ങൾ, കവിത, സോഫ്റ്റ് വെയർ കോഡുകൾ, ശാസ്ത്രപ്രബന്ധങ്ങൾ, മാനുവലുകൾ, നോവൽ അങ്ങനെ എന്തും എഴുതാനും നിരവധി ഭാഷകൾക്കിടയിൽ പരിഭാഷ നടത്താനും കഴിവുള്ള ഒന്ന്. അനുചിതങ്ങളായ അഭ്യർത്ഥനകളെ നിരാകരിക്കാനും സ്വന്തം പിഴവുകൾ തിരുത്താനും സംഭാഷണത്തിന്റെ ചരടുവിടാതെ തുടരാനുമുള്ള ശേഷി അതിനുണ്ട്. 2022 നവംബറിൽ അവതരിപ്പിക്കപ്പെട്ട് അഞ്ചു ദിവസത്തിനുള്ളിൽ പത്തുലക്ഷം ഉപഭോക്താക്കളെ ചാറ്റ്ജിപിടിക്കു നേടാനായി. ഇൻസ്റ്റഗ്രാമിന് ഈ നേട്ടമെത്താൻ രണ്ടര മാസം വേണ്ടിവന്നു. ചില വിവരസാങ്കേതികവിദഗ്ധർ ഈ വികാസത്തെ വിധിയുടെ അനിവാര്യ ഇഴച്ചിലായാണ് കാണുന്നത്, ഒരു ഹിമപ്രവാഹമായല്ല.


എന്നാൽ, ആദ്യവീക്ഷണത്തിൽ അർത്ഥമുണ്ടെന്നു തോന്നിയേക്കാവുന്ന, വാക്കുകളുടെ ക്രമരഹിതമായ വിന്യാസം മാത്രം നടത്താൻ കഴിയുന്ന ‘യാദൃശ്ചിക തത്ത’ മാത്രമാണിതെന്നു മറ്റുചിലർ അഭിപ്രായപ്പെടുന്നു. ഇത് വാചാലവും ആവർത്തിക്കുന്നതും ഗണിതക്രിയ നേരായി ചെയ്യാൻ കഴിയാത്തതും പലപ്പോഴും ആവശ്യപ്പെട്ടതിനേക്കാൾ കുറഞ്ഞ എണ്ണത്തിലുള്ള വാക്കുകളിൽ പ്രതികരണം നൽകുന്നതുമാണെന്നവർ പറയുന്നു. കാലം പോകുന്നതിനനുസരിച്ച് അത് ദശലക്ഷക്കണക്കിനാളുകളുമായി സംവദിക്കുകയും ഈ വിവരനിക്ഷേപം അതിനെ മെച്ചപ്പെടുത്തുകയും ചെയ്യും. പക്ഷേ മനുഷ്യബുദ്ധിയുമായി ഇതിനെ തുലനം ചെയ്യുന്നത് പരമാബദ്ധമായിരിക്കും. മുഖ്യാംശത്തിൽ, ഒരു സമയത്ത് ഒരു കൃത്യം മാത്രം ചെയ്യാൻ കഴിയുന്ന ഒരു യന്ത്രഗ്രഹണസംവിധാനം (Machine Learning System) മാത്രമാണിത്. നൽകപ്പെട്ട ഡാറ്റയും വിവരങ്ങളുംകൊണ്ടു മാത്രമേ അതിനു പ്രവർത്തിക്കാനാകൂ. ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങൾ, അതിനു മനുഷ്യചിന്തയെ അനുകരിക്കാൻ കഴിയുമെന്നാണ് കാണിക്കുന്നതെങ്കിലും അതിനു ചിന്തിക്കാൻ കഴിയില്ല.
എന്നാൽ, നമുക്കറിയാവുന്നതുപോലെ മനുഷ്യമസ്തിഷ്കമെന്നത് അതിന്റെ ഉയർന്ന വികസിതസംവിധാനം കൊണ്ട്, വസ്തുപ്രപഞ്ചത്തെ പരാവർത്തനം ചെയ്യാൻ ശേഷി നേടിയ അഥവാ ചിന്തിക്കാൻ കഴിവുള്ള, അതിസങ്കീർണ്ണമായ ഒരു ഭൗതികവസ്തുവാണ്. സഖാവ് ശിബ്‌ദാസ് ഘോഷ് സ്പഷ്ടമാക്കിയതുപോലെ, “മനസ്സ് എന്നത് മനുഷ്യമസ്തിഷ്കത്തിന്റെ ഒരു നിശ്ചിതമായ ധർമ്മമാണ്. വസ്തുപ്രപഞ്ചവുമായുള്ള പരസ്പരപ്രവർത്തനത്തിലൂടെയും യുക്തിയിലേക്കുള്ള പരാവർത്തനത്തിലൂടെയും മനുഷ്യമസ്തിഷ്കം അതിന്റെ ഈ നിശ്ചിത ധർമ്മത്തിന് – മനസ്സിന് – ജന്മം കൊടുക്കുന്നു. അതുകൊണ്ട്, മസ്തിഷ്കത്തിന്റെ സവിശേഷഘടനയുടെ ഉല്പന്നവും മനുഷ്യമനസ്സിന്റെ അടിസ്ഥാനവുമായ ചിന്താശേഷി, വസ്തുപ്രപഞ്ചവുമായുള്ള മസ്തിഷ്കത്തിന്റെ പരസ്പരപ്രവർത്തനത്തിലൂടെ വികസിച്ചു വന്നതാണ്.” (മാർക്സിസത്തിന്റയും ദ്വന്ദ്വാത്മക ഭൗതികവാദത്തിന്റെയും സാരംശങ്ങളിൽ ചിലത്, സമാഹൃതകൃതികൾ (ഇംഗ്ലീഷ്) വാല്യം 2) “… മനസ്സിന്റെ ബോധം എന്നതുകൊണ്ട് മസ്തിഷ്കത്തിന്റെ പരാവർത്തനശേഷി എന്നാണു നാമർത്ഥമാക്കുന്നത് അതായത്, ചിന്താശേഷി. ആഴത്തിലുള്ള മനസ്സിലാക്കലിൽ നിന്നുരുത്തിരിയുന്ന ബോധമാണിത് – മനുഷ്യമസ്തിഷ്കത്തിന്റെ ചിന്താശേഷിയുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുന്ന പ്രതിഭാസം.” (വിജ്ഞാനശാസ്ത്രം, സമാഹൃതകൃതികൾ (ഇംഗ്ലീഷ്) വാല്യം 4) മനുഷ്യമസ്തിഷ്കത്തിന്റെ ഈ പ്രത്യേകശേഷിക്കും കാലത്തിനനുസരിച്ച് മാറ്റം സംഭവിക്കുന്നതിനാൽ മാറുന്ന ബാഹ്യലോകവും മാറ്റം സംഭവിക്കുന്ന മസ്തിഷ്കവും തമ്മിലുള്ള പരസ്പരപ്രവർത്തനത്തിലൂടെ രൂപംകൊള്ളുന്ന മനുഷ്യചിന്തയും സ്ഥിരമല്ല, ചലനാത്മകമാണ്. അത് യാന്ത്രികമോ മുൻകൂട്ടി തീരുമാനിക്കപ്പെട്ടതോ അല്ല. എന്നാൽ കൃത്രിമബുദ്ധി മെഷിനിലേക്കു പ്രോഗ്രാം ചെയ്ത് പ്രവർത്തിപ്പിക്കുന്നത് മനുഷ്യരാണ്. അതുകൊണ്ടത് വിവിധ കൃത്യങ്ങൾ അനായാസം ഒരുമിച്ചു ചെയ്യാൻ ശേഷിയുള്ള മനുഷ്യചിന്തയ്ക്കു സമാനമാകില്ല. മനുഷ്യർക്ക് ഒരു സ്രോതസ്സിൽ നിന്നുള്ള വിവരങ്ങൾ സ്വീകരിക്കാനും വ്യത്യസ്തങ്ങളായരീതികളിൽ ഉപയോഗിക്കാനും കഴിയും. അഥവാ, നമ്മുടെ ബുദ്ധി കൈമാറാവുന്നതാണ്, മെഷീനുകളുടെ ‘ബുദ്ധി’ അങ്ങനെയല്ല. അതുകൊണ്ട് കൃത്രിമബുദ്ധി മനുഷ്യബുദ്ധിയ്ക്കു പകരമാകുമെന്ന അതിരുകടന്ന അവകാശവാദം ശാസ്ത്രീയസത്യത്തിലധിഷ്ഠിതമല്ല.


ലാഭാർത്തിപൂണ്ട കുത്തകകളുടെ കൈയിൽ കൃത്രിമബുദ്ധി അനുഗ്രഹമല്ല


മനുഷ്യസമൂഹത്തിന്റെ വികാസനിയമങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയധാരണകളിൽ നിന്നു നമുക്കറിയാം ഒരു വർഗ്ഗവിഭജിതസമൂഹത്തിൽ സമ്പദ്‌രംഗം നിയന്ത്രിക്കുന്നവർ രാഷ്ട്രീയത്തെയും സംസ്കാരത്തെയും സാമൂഹിക നയങ്ങളെയും നിയന്ത്രിക്കുമെന്ന്. ഇന്നു നിലനില്ക്കുന്നത് വർഗ്ഗവിഭജിതമായ ഒരു മുതലാളിത്ത സമൂഹമാണ്. സമ്പദ്‌രംഗത്തെ നിയന്ത്രിക്കുന്ന ബൂർഷ്വാസി അതുകൊണ്ടുതന്നെ സാമൂഹികമേഖലകളുടെ നടത്തിപ്പിനെ നിർണ്ണയിക്കുന്നുവെന്നതും യാഥാർത്ഥ്യമാണ്. തൊഴിലാളിവർഗ്ഗത്തെയും പണിയെടുക്കുന്ന മറ്റു വിഭാഗങ്ങളെയും നിർദ്ദയം ചൂഷണം ചെയ്തുകൊണ്ട് ഭരിക്കുന്ന ബൂർഷ്വാസിക്ക് പരമാവധി ലാഭം ഉറപ്പാക്കുക എന്നതാണ് മുതലാളിത്ത വ്യവസ്ഥയിൽ ഉല്പാദനത്തിന്റെ ലക്ഷ്യം. അതുകൊണ്ട് ഭരണവർഗ്ഗം ഏതൊരു സാങ്കേതികവികാസത്തെയും മനുഷ്യാധ്വാനത്തിനു പകരമായുപയോഗിച്ച് ഉപ്പാദനച്ചെലവു കുറയ്ക്കാനും പരമാവധി ലാഭം നേടാനും ശ്രമിക്കും. ജനങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധാരണക്കാരുടെ ജനാധിപത്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും ലംഘിക്കാനും കൃത്രിമബുദ്ധി ഉപയോഗിക്കപ്പെടും. ഈ കാഴ്ച്ചപ്പാടിൽ, ശാസ്ത്രവും സാങ്കേതികവിദ്യയും മൂലധനത്തിന്റെ കീഴിലായിരിക്കും. അതുകൊണ്ട്, മുതലാളിത്തത്തിന്റെ മരണമടുത്ത ഈ ഘട്ടത്തിൽ, ഭരണകുത്തകകളുടെ കൈയ്യിൽ കൃത്രിമബുദ്ധി എന്നത് വ്യവസായങ്ങളിലെ തൊഴിൽശക്തിയെ കുറയ്ക്കാനും സൈനികശേഷി ഗണ്യമായി വർധിപ്പിക്കാനുമുള്ള ഉപകരണമായിരിക്കും. ശാസ്ത്ര, സാങ്കേതിക മേഖലകളിലെ പുതുതായ എല്ലാ വികാസങ്ങളും സമൂഹത്തെ ആയുധമണിയിക്കാനാണ് ഉപയോഗിക്കുന്നതെന്നത് മുതലാളിത്ത – സാമ്രാജ്യത്വ ശക്തികൾക്കിടയിൽ സ്വാഭാവികമായ കാര്യമാണ്.
22 തരം ജോലികളിൽ നടത്തിയ ഒരു പഠനം കാണിക്കുന്നത് ചാറ്റ്ജിപിടിയും ലാർജ് ലാംഗ്വേജ് മോഡലുകളും(എല്‍എല്‍എം) പോലെയുള്ള കൃത്രിമബുദ്ധി, പ്രവൃത്തി ദിനത്തിന്റെ 9% മുതൽ 63% വരെ എല്ലാത്തരം ജോലികളെയും ബാധിക്കുമെന്നാണ്. ഈ 22ലെ അഞ്ചണ്ണത്തിൽ പകുതിയിൽക്കൂടുതൽ പ്രവർത്തന മണിക്കൂറുകളെയും എല്‍എല്‍എം മാറ്റിമറിക്കുമത്രെ. ഭാഷാവിദഗ്ധർ, എഐ ഗുണനിയന്ത്രകർ, എഐ എഡിറ്റർമാർ, പ്രോംപ്റ്റ് എഞ്ചിനീയർമാർ തുടങ്ങിയ ജോലികൾക്ക് നൂതനമായ നിബന്ധനകളുണ്ടാകും. ജെനറേറ്റീവ് എഐ കൂടുതൽ ഫലപ്രദമാകുന്ന മേഖലകളിൽ കമ്പനികൾ, താഴെത്തലത്തിലുള്ള ഉത്തരവാദിത്തങ്ങളെയുംകൂടി ഏറ്റെടുക്കുന്ന രീതിയിൽ നിലവിലുള്ള ജോലികളെ വിഭജിക്കാൻ തുടങ്ങും. നിക്ഷേപബാങ്കായ ‘ഗോൾഡ്‌മാൻ സാക്സി’ന്റെ ഒരു റിപ്പോർട്ട് പറയുന്നത് ഉല്പാദനക്ഷമതയും ശേഷിയും വർദ്ധിപ്പിക്കുകയും കൂടുതൽ വഴക്കം കൊണ്ടുവരികയും തൊഴിൽശക്തിയെ വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് നിർമ്മാണ രംഗത്തെ സഹായിക്കുകയല്ല മറിച്ച്, 30 കോടിക്കു തുല്യമായ മുഴുവൻസമയ തൊഴിലുകള്‍ക്ക് കൃത്രിമബുദ്ധി പകരമാകുമെന്നാണ്. അമേരിക്കയിലെയും യൂറോപ്പിലെയും തൊഴിലുകളിൽ നാലിലൊന്നിനെ അതേറ്റെടുക്കും. ഉദാഹരണത്തിന്, ഗൂഗിൾ ഉൾപ്പടെയുള്ള ഐടി ഭീമന്മാർ ഇപ്പോള്‍ത്തന്നെ വൻതോതിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.
ഗൂഗിൾ മേധാവി സുന്ദർ പിച്ചെ ജീവനക്കാർക്കയച്ച ഇമെയിലിൽ പറയുന്നത് മൊത്തം തൊഴിൽശക്തിയുടെ 6% വരുന്ന 12,000ത്തോളം പേരെ പിരിച്ചുവിടുമെന്നാണ്. ഓക്സ്ഫോഡ് സർവ്വകലാശാലയിലെ ഓക്സ്ഫോഡ് മാർട്ടിൻ സ്കൂൾ ഡയറക്ടർ കാൾ ബെനഡിക്ട് ബിബിസി ന്യൂസിനോടു പറഞ്ഞത്, “ജനറേറ്റീവ് എഐ എത്ര തൊഴിലുകളെ മാറ്റിസ്ഥാപിക്കുമെന്നു അറിയാൻ കഴിയില്ല എന്നു മാത്രമാണ് എനിക്കുറപ്പായി പറയാൻ പറ്റുന്ന കാര്യം” എന്നാണ്. ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള ബഹുരാഷ്ട്ര കുത്തകകൾക്കിടയിൽ കൃത്രിമബുദ്ധി അധിഷ്ഠിത സേവനങ്ങൾ വൻതോതിൽ ആവിഷ്ക്കരിക്കാനുള്ള മത്സരം തന്നെ നടക്കുകയാണ്. കാരണം, അതു വമ്പിച്ച ലാഭമുണ്ടാക്കാനും വൻതോതിൽ തൊഴിൽശക്തിയെ വെട്ടിക്കുറക്കാനും സഹായിക്കുന്നതാണ്. അവർക്കിത് പുതിയൊരു സ്വർണ്ണഖനിയാണ്. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം , ട്വിറ്റർ തുടങ്ങിയ ആപ്ലിക്കേഷനുകൾ വർഷം തോറും ശതകോടിക്കണക്കിനു ഡോളർ വരുമാനം നേടിക്കൊടുക്കുന്ന സ്രോതസ്സുകളായി മാറിയെന്നു നമുക്കറിയാം. ദശലക്ഷക്കണക്കിനു തൊഴിലുകൾ കൃത്രിമ ബുദ്ധി ഏറ്റെടുക്കുമെന്നു പ്രവചിക്കപ്പെടുന്നു; അതു സൃഷ്ടിക്കുന്ന തൊഴിലുകളോ വളരെ വിരളവും. തൊഴിലന്വേഷക കമ്പോളത്തിൽ പുതിയ പാതകൾ വെട്ടിത്തുറക്കുന്ന, ഉദിച്ചുയരുന്ന വ്യവസായമായാണ് ഐടി ഒരിക്കൽ കരുതപ്പെട്ടിരുന്നത്. എന്നാൽ ‘ദ ചലഞ്ചർ റിപ്പോർട്ട്’ പ്രകാരം, 2022 എത്തുമ്പോഴേയ്ക്കും ഈ വ്യവസായരംഗത്ത് പിരിച്ചുവിടൽ 649% ആയി വർദ്ധിച്ചിട്ടുണ്ട്, ഏതാനും ദശകങ്ങൾക്കുമുമ്പു തുടങ്ങിയ ‘ഡോട് കോം കുമിള’ യ്ക്കുശേഷമുള്ള ഏറ്റവുമുയർന്നതാണിത്. 2020ലും 21 ലും പിരിച്ചുവിട്ടതിനേക്കാൾ കൂടുതൽ പേരെ ഐടി വ്യവസായത്തിൽ 2022ൽ പിരിച്ചു വിട്ടിട്ടുണ്ട്.


2022ൽ ടെക് സെക്ടർ മാത്രം ഒന്നരലക്ഷം ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. പുതുവർഷം തുടങ്ങിയപ്പോൾ, 40,000ത്തോളം പേരുടെ ജോലി പോകുമെന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കപ്പെട്ട പിരിച്ചുവിടലുകളിലെ 51,000 എണ്ണം ഗൂഗിൾ-പാരന്റ്, ആൽഫാബെറ്റ്, ആമസോൺ, മൈക്രോസോഫ്റ്റ്, ഫേസ്ബുക് തുടങ്ങിയ യുഎസിലെ നാലു വൻകിട ടെക് കമ്പനികളിൽ നിന്നാണ്. അക്സെൻചർ 2023 ൽ അവരുടെ മൊത്തം തൊഴിൽശക്തിയുടെ 2.5% വരുന്ന 19,000 എണ്ണം വെട്ടിക്കുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇലോൺ മസ്ക് ഒരു ബിബിസി അഭിമുഖത്തിൽ പറഞ്ഞത് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ജീവനക്കാരുടെ എണ്ണം 80% വെട്ടിക്കുറച്ചിട്ടുണ്ടെന്നും 6000-ത്തിലധികം പേരെ പിരിച്ചു വിട്ടിട്ടുണ്ടെന്നുമാണ്. മസ്ക് ഏറ്റെടുക്കുമ്പോൾ ട്വിറ്ററിലുണ്ടായിരുന്ന ഏതാണ്ട് 8000 ജീവനക്കാരിൽ ഇപ്പോൾ 1500-ഓളം പേർ മാത്രമേ ബാക്കിയുള്ളൂ. ഇന്ത്യൻ ടെക് കമ്പനികൾ എല്ലാം ചേർന്ന് 10,000ത്തോളം പേരെ ഈ വർഷം പിരിച്ചുവിട്ടിട്ടുണ്ട്. ഈ കമ്പനികളുടെ ഊന്നൽ കൃത്രിമബുദ്ധിയിലേക്കും യന്ത്രവൽക്കരണത്തിലേക്കും നീങ്ങുന്നതിനാൽ പിരിച്ചുവിടൽ ഇനിയും വർദ്ധിക്കും. തൊഴിൽനഷ്ടത്തെക്കുറിച്ചു പറയുമ്പോൾ കോർപ്പറേറ്റ് മേലാളന്മാർ വാചകക്കസർത്തുകളിൽ മുഴുകും. ഉയർന്ന ഉല്പാദനശേഷിയും വൻ വരുമാനവും ഉയർന്ന തലത്തിലുള്ള ജോലിയും നേടാൻ സാങ്കേതികവിദ്യ ജീവനക്കാരെ സഹായിച്ചിട്ടേ ഉള്ളൂ എന്നതാണ് എപ്പോഴുമാവർത്തിക്കുന്ന വാദം. അതായത് തൊഴിലുകൾ ഉയർന്ന തലങ്ങളിലേക്കു മാറ്റി സ്ഥാപിക്കപ്പെടു കയാണ് ഇല്ലാതാകുകയല്ല എന്ന്. എന്നാലിത്, ജീർണ്ണിച്ച മുതലാളിത്തത്തിന്റെ അപരിഹാര്യമായ കമ്പോള പ്രതിസന്ധി മൂലവും കൃത്രിമബുദ്ധി ഉൾപ്പടെയുള്ള സാങ്കേതികവിദ്യകൾ വഴി മനുഷ്യാധ്വാനം അനാവശ്യമാക്കുന്നതു മൂലവും സംഭവിച്ച വമ്പിച്ച തൊഴിൽനഷ്ടത്തിന്റെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. ഭരണവൃന്ദത്തിന്റെ മറ്റു ചില ഗൂഢലക്ഷ്യങ്ങളെ സഹായിക്കാനും കൃത്രിമബുദ്ധി ഉപയോഗിക്കും. ഉദാഹരണത്തിന് ഒരു വ്യക്തിയുടെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് കിട്ടിയെന്നിരിക്കട്ടെ, കൃത്രിമ ബുദ്ധി ഉപയോഗിച്ച് അദ്ദേഹത്തിന്റെ പുതിയ സംഭാഷണങ്ങളുടെ ഓഡിയോ സൃഷ്ടിച്ചെടുക്കാനാകും. ഇത്തരത്തിലുള്ള പ്രച്ഛന്നമായ സംഭാഷണങ്ങൾ ഒരു സ്ഥാപനത്തിലെ കീഴുദ്യോഗസ്ഥർക്കുള്ള തെറ്റായ നിർദ്ദേശങ്ങളായോ സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പണമാവശ്യപ്പെടുന്ന തരത്തിലോ ഒക്കെ ആകാം.


കൃത്രിമ ബുദ്ധിയുടെ തലതൊട്ടപ്പന്മാർതന്നെ
അതിന്റെ ഭവിഷ്യത്തുകളെ ഭയപ്പെടുന്നു


ചാറ്റ് ജിപിടിയുടെ അവതരണത്തിനു തൊട്ടുമുമ്പു തന്നെ ഈ തുറന്ന യാഥാർത്ഥ്യത്തെക്കുറിച്ച് ഓപ്പൺഎഐ യുടെ സിഇഒ സാം ആൾട്ട്മാൻ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു. “ദീർഘകാലത്തേക്കുള്ള മനുഷ്യപുരോഗതിയുടെയും സാമ്പത്തികവളർച്ചയുടെയും യഥാർത്ഥ പ്രചോദനശക്തി ശാസ്ത്രപുരോഗതിയും അതു സാധ്യമാക്കുന്ന സാമൂഹികഘടനയുമാണ്.” ജനറേറ്റീവ് എഐ ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള വിമർശനങ്ങളുടെ കൂടെച്ചേരുകയാണ് കൃത്രിമ ബുദ്ധിയുടെ തലതൊട്ടപ്പനായ ഡോ. ഹിന്റൺ. ചാറ്റ്ജിപിടിപോലുള്ള ജനപ്രിയമായ ചാറ്റ്ബോട്ടുകളെ ശക്തിപ്പെടുത്തുന്നതാണീ സാങ്കേതികവിദ്യ. ഒരു ദശകത്തിലേറെ ജോലി ചെയ്യുകയും ഏറെ ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്ന ഗൂഗിളിൽ നിന്നു താൻ വിരമിക്കുകയാണെന്നദ്ദേഹം പറഞ്ഞു. അതുകൊണ്ടദ്ദേഹത്തിനു സ്വതന്ത്രമായി ഈ പുതിയ സാങ്കേതികവിദ്യയെക്കുറിച്ചു സംസാരിക്കാം. കമ്പനികൾ സാങ്കേതികവിദ്യ പരിഷ്കരിക്കുന്നതിനനുസരിച്ച് കൃത്രിമബുദ്ധി സംവിധാനം കൂടുതൽ അപകടകരമായി മാറുമെന്ന് ഡോ. ഹിന്റൺ വിശ്വസിക്കുന്നു. വ്യാജ ഫോട്ടോകളും വിഡിയോകളും ടെക്സ്റ്റുകളും കൊണ്ട് ഇന്റർനെറ്റ് നിറയുമെന്നും ഒരു സാധാരണക്കാരന് ഏതാണു സത്യമെന്നു തിരിച്ചറിയാൻ കഴിയാതാകുമെന്നും അദ്ദേഹം ഉൽക്കണ്ഠപ്പെടുന്നു. ചാറ്റ്ജിപിടി പോലുള്ള ചാറ്റ്ബോട്ടുകൾ നിയമവിദഗ്ധരെയും വ്യക്തിസഹായികളെയും പരിഭാഷകരെയും ഒരേക്രിയകൾ ആവർത്തിച്ചു ചെയ്യേണ്ടി വരുന്നവരെയുമെല്ലാം മാറ്റിസ്ഥാപിക്കുന്നതു വഴി കൃത്രിമബുദ്ധി തൊഴിൽ കമ്പോളത്തെ തകിടം മറിക്കുമെന്നുമദ്ദേഹം ശങ്കിക്കുന്നു. സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങൾ – കൊലയാളി റൊബോട്ടുകൾ – ഒരുദിനം യാഥാർത്ഥ്യമായേക്കാമെന്നദ്ദേഹം ഭയക്കുന്നു. മാനസികവും ശാരീരികവുമായ എല്ലാ മനുഷ്യാധ്വാനത്തെയും കൃത്രിമ ബുദ്ധി അനാവശ്യമാക്കിയാൽ ജനങ്ങളെ പ്രചോദിപ്പിക്കാൻ പിന്നെയെന്താണുണ്ടാകുക? നമ്മുടെ തലച്ചോറ് അലസമായാൽ നമുക്കു പ്രചോദനം തരിക കൂടുതൽ അക്രമവും വെറുപ്പുമായിരിക്കുമോ? സാഹിത്യസൃഷ്ടികൾ മുമ്പുതന്നെ ഇത്തരം ചില വിഷയങ്ങൾ ആഖ്യാനം ചെയ്തിട്ടുണ്ട്, ഇപ്പോൾ യാഥാർത്ഥ്യത്തിന്റെ ഊഴവും വന്നിരിക്കുന്നു.
അപ്പോൾ കൃത്രിമബുദ്ധിയെ മനുഷ്യബുദ്ധിയുമായി തുലനം ചെയ്യുന്നത് അബദ്ധമാണ്. മിക്കവാറും ഒരു സമയത്ത് ഒരു കാര്യം മാത്രം നന്നായി ചെയ്യാൻ കഴിയുന്ന മെഷീൻ ലേണിംഗ് സംവിധാനമാണത്. നൽകപ്പെട്ട ഡാറ്റയുടെയും വിവരങ്ങളുടെയുമടിസ്ഥാനത്തിൽ, പ്രോഗ്രാം ചെയ്യപ്പെട്ടതനുസരിച്ചു മാത്രമാണിത് പ്രവർത്തിക്കുന്നതും.


നേരത്തേ ചൂണ്ടിക്കാട്ടിയ പോ ലെ, റോബോട്ടുകളുടെയും റൊബോട്ടിക്സിന്റെയും വികാസവും സമൂഹത്തിൽ അവയുടെ പ്രചാരവുമനുസരിച്ച് കൂടുതൽ ഉല്പാദനം നടത്താൻ ജനങ്ങൾക്കു കുറഞ്ഞ സമയം മാത്രം അധ്വാനിക്കേണ്ട വഴിയാണു തുറക്കുന്നത്.അങ്ങനെ, ഈ ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ മാനവരാശിയുടെ നേട്ടത്തിനായാണ് ഉപയോഗിക്കുന്നതെങ്കിൽ, ഏതു തൊഴിൽ ചെയ്യുന്നവർക്കും കൂടുതൽ ഒഴിവുസമയം ലഭിക്കുവാനും വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇടപെടാനുമുള്ള അവസരം ലഭിക്കുകയും വ്യക്തിജീവിതവും സാമൂഹികജീവിതവും കൂടുതൽ അർത്ഥപൂർണ്ണമാവുകയും ചെയ്യും – ഇതൊരു വ്യാമോഹമല്ല ഇനിമേൽ.


സാമൂഹിക ഘടനയുടെ പ്രാധാന്യം


എന്നാൽ, ആരാണു വഴി തടയുന്നത്? മുതലാളിത്തവ്യവസ്ഥ? അതുകൊണ്ട്, പ്രധാന ചോദ്യം ആരുടെ കൈയിലാണ് വാൾ എന്നതാണ്? അതു തൊഴിലാളിവർഗ്ഗത്തിന്റെ കൈകളിലാണെങ്കിൽ സമൂഹത്തിലെ ചൂഷണത്തിനും മർദ്ദനത്തിനുമെതിരെയും ഭൂരിഭാഗം ജനങ്ങളുടെ സംരക്ഷണത്തിനും അഭിവൃദ്ധിക്കും വേണ്ടിയും ഉപയോഗിക്കപ്പെടും. ശാസ്ത്രവും സാങ്കേതികവിദ്യയും ചൂഷകരുടെ കൈയിലാണെങ്കിലോ അവരുടെ ചൂഷകഭരണത്തെയും ഭരണകൂടയന്ത്രത്തെയും ദൃഢീകരിക്കുന്നതി നാണുപയോഗിക്കുക എന്ന്, ചരിത്രം കാണിച്ചു തന്നിട്ടുണ്ട്. ഈ യുഗത്തിൽ, ശാസ്ത്ര, സാങ്കേതികവിദ്യകളുടെ നിരന്തരമായ അഭിവൃദ്ധി വഴി ദൃഢമായി വളർന്നുകൊണ്ടിരിക്കുന്ന ഉല്പാദനശക്തികളും മുമ്പേതന്നെ ചങ്ങലക്കെട്ടിലായ മുതലാളിത്ത ഉല്പാദനബന്ധങ്ങളും തമ്മിലുള്ള പരിഹരിക്കാനാകാത്ത സംഘർഷം, സമൂഹത്തിന്റെ വികാസത്തെ പിന്നോട്ടടിക്കുകയും ശാസ്ത്രമുന്നേറ്റങ്ങളുടെ നേട്ടങ്ങൾ ജനങ്ങൾക്കു നിഷേധിക്കുകയും ചെയ്യുന്നു.


എല്ലാ ഉല്പാദനവും ജനങ്ങളുടെ ഭൗതിക, സാംസ്കാരിക ജീവിതത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ്, ലാഭത്തിനു വേണ്ടിയല്ല ഉപയോഗിക്കുന്നതെങ്കിൽ കൃത്രിമബുദ്ധി സമൂഹത്തിൽ ഒരനുഗ്രഹമായി മാറും. ശാരീരികവും മാനസികവുമായ കഠിനാധ്വാനത്തിൽനിന്നും മടുപ്പിക്കുന്ന ജോലികളിൽനിന്നും മോചനം നേടി ദിവസേനയുള്ള അധ്വാനസമയം കുറയ്ക്കാനും സർഗ്ഗാത്മക, സാംസ്കാരിക പ്രവർത്തനങ്ങൾക്കു കൂടുതൽ സമയം ലഭിക്കാനും അതവസരം സൃഷ്ടിക്കും. സാമൂഹികവികാസത്തിന്റെ നിയമങ്ങൾക്കനുസരിച്ച് ഉല്പാദനബന്ധങ്ങളിലും സാമ്പത്തികവ്യവസ്ഥയിലും വിപ്ലവകരമായ പരിവർത്തനം വരുത്തേണ്ടത് അടിയന്തരാവശ്യകത ആയിരിക്കുന്ന അവസ്ഥയിലേക്ക് സമൂഹം ഇന്നെത്തിയിരിക്കുന്നു. ചരിത്രഗതിയിൽ ഒരു സാമൂഹികവ്യവസ്ഥ മറ്റൊന്നിലേക്കു മാറുന്നതിന്റെ – അടിമത്തത്തിൽ നിന്നു ജന്മിത്തത്തിലേക്കും പിന്നീട് മുതലാളിത്ത ത്തിലേക്കും അവിടുന്ന് സോഷ്യലിസത്തിലേക്കും മാറുന്നതിന്റെ- നിയമങ്ങൾ മഹാനായ മാർക്സ് കണ്ടെത്തി. കൃത്രിമബുദ്ധിയുടെയും റൊബോട്ടിക്സിന്റെയും ശാസ്ത, സാങ്കേതികവിദ്യകളുടെയും വിസ്മയിപ്പിക്കുന്ന വികാസങ്ങളുടെ ദുരുപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ യെല്ലാം അന്തിമപരിഹാരം, കാലഹരണപ്പെട്ട ഈ സാമൂഹിക വ്യവസ്ഥയെ തൂത്തെറിഞ്ഞ് പകരം ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുക എന്നതു മാത്രമാണ്. അതുവഴി മാത്രമേ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മുതലാളിത്തലാഭാർത്തിയുടെ വിഷമയമായ ദംഷ്ട്രകളിൽനിന്നും മോചിപ്പിക്കുവാനും സമൂഹത്തിന്റെ തടസ്സമില്ലാത്ത വികാസത്തിനും പുരോഗതിക്കും വേണ്ടി അവയുടെ മുഴുവൻ സാധ്യതകളും ഉപയോഗിക്കാനും കഴിയൂ. സമൂഹത്തിന്റെ നിരന്തരമുയർന്നുകൊണ്ടിരിക്കുന്ന ഭൗതിക, സാംസ്കാരികാവശ്യകതകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉല്പാദനം നടക്കുന്ന സോഷ്യലിസത്തിൽ, ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും കൈവന്ന വികാസവും ഉയർച്ചയും ഇതൊരു സിദ്ധാന്തം മാത്രമല്ലെന്ന് തെളിയിച്ചിട്ടുമുണ്ട്. ശാസ്ത്രരംഗത്ത് സോവിയറ്റ് റഷ്യയിലുണ്ടായ ഗംഭീരവികാസം സാമ്രാജ്യത്വ- മുതലാളിത്ത ലോകത്തെ വിറളിപിടിപ്പിച്ചിരുന്നു.


സോഷ്യലിസ്റ്റ് സോവിയറ്റ് റഷ്യയിൽ ജനജീവിത നിലവാരത്തിലുണ്ടായ ഉയർച്ച തെളിയിക്കുന്നത് ശാസ്ത്രീയ നേട്ടങ്ങളുടെ പ്രയോജനം ജനങ്ങളിലേക്കെത്തിയിരുന്നു എന്നാണ്. അതിനാൽ ശാസ്ത്രത്തിന്റെ നേട്ടങ്ങൾ ജനസാമാന്യത്തിന് അനുഗ്രഹമാകണമെങ്കിൽ വിപ്ലവത്തിലൂടെ മുതലാളിത്തത്തെ തൂത്തെറിയുകയും മുതലാളിത്തത്തിന്റെ ചങ്ങലക്കെട്ടുകളിൽ നിന്ന് ശാസ്ത്രത്തെ മോചിപ്പിക്കുകയും ചെയ്യുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്വമായി മാറണം.

Share this post

scroll to top