ദ്രൗപതി മുർമു രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ദളിത്-ആദിവാസി ശാക്തീകരണത്തിന്റെ ലക്ഷണമല്ല

Share

ദളിതര്‍, ആദിവാസികള്‍ എന്നൊക്കെ വിളിക്കപ്പെടുന്നവരും, അത്യന്തം പിന്നാക്കവും, ദരിദ്രവും, മനുഷ്യോചിതമല്ലാത്ത ജീവിതാവസ്ഥയില്‍ ഉഴലുന്നവരുമായ ജനവിഭാഗങ്ങള്‍ നേരിടുന്ന പീഡനങ്ങളും ചൂഷണങ്ങളും, കൊലപാതകങ്ങളും കൂട്ടബലാത്സംഗങ്ങളും പലപ്പോഴും വാര്‍‍ത്തയാകാറില്ല. ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായ നിഷ്ഠുരമായ അതിക്രമങ്ങളും, സാമൂഹികവും സാമ്പത്തികവുമായ മേഖലകളില്‍ അവര്‍ അനുഭവിക്കുന്ന അവഗണനയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലും ദയനീയമാംവിധം തുടരുകയാണ്. ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരായ ജാതി വിവേചനത്തിന്റെയും അക്രമത്തിന്റെയും ക്രൂരത ബിജെപി സര്‍ക്കാരിന്റെ കപട വാദങ്ങള്‍കൊണ്ട് മറയ്ക്കാനാകുന്നതല്ല.

രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ സുരാന ഗ്രാമത്തില്‍, ദളിത് എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തില്‍പ്പെട്ട ഒമ്പതുവയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇന്ദ്ര മേഘ്‌വാള്‍, ഉയര്‍ന്ന ജാതിയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കുടിക്കാന്‍വച്ചിരുന്ന കുടത്തില്‍നിന്ന് വെള്ളം കുടിച്ചുവെന്ന ‘കുറ്റ’ത്തിന് ഉയര്‍ന്ന ജാതിക്കാരനായ അധ്യാപകനാല്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇന്ദ്രനെ വീട്ടുകാര്‍ പല ആശുപത്രികളിലും കൊണ്ടുപോയെങ്കിലും എവിടെയും ചികിത്സ ലഭിച്ചില്ല. ഒടുവില്‍ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ദ്ര മേഘ്‌വാള്‍, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന് തലേദിവസം ആഗസ്റ്റ് 14ന് മരണത്തിന് കീഴടങ്ങി.
രണ്ട് ദിവസങ്ങള്‍ക്കുശേഷം, ആഗസ്റ്റ് 16ന്, ഉത്തര്‍പ്രദേശിലെ പണ്ഡിറ്റ് ബ്രഹ്മപുത്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ബ്രിജേഷ് കുമാര്‍ എന്ന പതിമൂന്നുകാരന്, പ്രതിമാസ ഫീ സായ 250 രൂപ അടച്ചില്ല എന്നതിന്റെ പേരില്‍ ഉയര്‍ന്ന ജാതിക്കാരനായ അധ്യാപകന്റെ മര്‍ദ്ദനമേറ്റു; ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ മെയ് മാസത്തിൽ, മധ്യപ്രദേശില്‍ പശുവിന്റെ മാംസം സൂക്ഷിച്ചുവെന്ന സംശയത്തെത്തുടർന്ന് സമത് ലാൽ, ധന്‍സായി എന്ന രണ്ട് ആദിവാസികളെ ബജ്റംഗ്‍ദള്‍ കശ്മലന്മാര്‍ അടിച്ചുകൊന്നു.


ദലിതരും ആദിവാസികളും മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നു


‘ജാതി സമ്പ്രദായം’ എന്നു കേള്‍ക്കുമ്പോള്‍, ആളുകള്‍ പലപ്പോഴും ചിന്തിക്കുന്നത് സാമ്പത്തികവും, സാമൂഹികവും, വംശീയവും, മതപരവുമായ ഉച്ചനീചത്വങ്ങളുടെ നിലച്ചുപോയ ആചാരരീതികളായോ, അല്ലെങ്കില്‍ മണ്‍മറഞ്ഞ നാഗരികതകള്‍ക്കിടയിലുള്ള വിവേചന സമ്പ്രദായമായോ ആണ്. ഇന്നും ജാതി വ്യവസ്ഥയ്ക്ക് കീഴില്‍ ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ദളിതര്‍ ഇന്ത്യയിലെ ഏറ്റവും താഴ്ന്ന ജാതി എന്ന് മുദ്രകുത്തപ്പെടുന്നത് വളരെ മുമ്പല്ല. അവര്‍ ഇപ്പോഴും ‘തൊട്ടുകൂടാത്തവര്‍’ ആണ്. ദളിതര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നുണ്ട് എന്നെങ്കിലും കരുതാം. എന്നാല്‍ ആദിവാസികള്‍ നാഗരികതയ്ക്കും പുറത്താണ് ജീവിക്കുന്നത്.
ക്രൂരമായ കൊലപാതകങ്ങള്‍, ജീവനോടെയുള്ള ചുട്ടുകൊല്ലല്‍, പെൺകുട്ടികള്‍ക്കുനേരെയുള്ള ബലാത്ക്കാരങ്ങള്‍, ഭരണരംഗത്തുള്ള ഉന്നതരുടെ ഒത്താശയോടെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങള്‍ എന്നിങ്ങനെ ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെയുള്ള ഹീനമായ സംഘടിത കുറ്റകൃത്യങ്ങള്‍ പല രീതിയില്‍ അരങ്ങേറുന്നു. ചില ദളിതര്‍ കൊല്ലപ്പെട്ടത് കുതിരപ്പുറത്ത് കയറിയ കുറ്റത്തിന്, ചിലര്‍ മീശ വെച്ചതിന്, മറ്റുചിലര്‍ കാലില്‍ ഇരുന്നതിന്. ഉയർന്ന ജാതിക്കാര്‍ക്കും വരേണ്യവര്‍ഗക്കാര്‍ക്കും വേണ്ടി നീക്കിവച്ചിരിക്കുന്ന കിണറുകളില്‍നിന്ന് വെള്ളമെടുക്കാന്‍ ദളിത് സ്ത്രീകള്‍ക്ക് അനുവാദമില്ല. അവരില്‍ ആരെങ്കിലും ഇതര സമുദായത്തില്‍പ്പെട്ട ഏതെങ്കിലും സ്ത്രീയെ അബദ്ധവശാലെങ്കിലും സ്പര്‍ശിച്ചാല്‍, കൈയേറ്റവും മര്‍ദ്ദനവുമാണ് അനിവാര്യഫലം. ചായക്കടകളിലും വഴിയോര ഭക്ഷണശാലകളിലും ദളിതര്‍ ചായ കുടിക്കാന്‍ സ്വന്തം ഗ്ലാസുകള്‍ കരുതണം. ചത്ത മൃഗങ്ങളുടെ തൊലിയുരിയാന്‍ ഏതെങ്കിലും ദളിത് കുടുംബം വിസമ്മതിച്ചാല്‍, അവര്‍ക്ക് പ്രാദേശിക ഉന്നതരുടെയും ഗ്രാമത്തലവന്മാരുടെയും രോഷം നേരിടേണ്ടിവരും. തൊലിയുരിഞ്ഞാല്‍ പശു സംരക്ഷകരുടെ ക്രൂരത നേരിടേണ്ടിയും വരും. ആദിവാസികള്‍ അധിവസിച്ചിരുന്ന വനഭൂമികള്‍ കുത്തക മുതലാളിമാര്‍ക്ക് യഥേഷ്ടം അനുവദിക്കുംവിധം രാജ്യത്തെ നിയമങ്ങള്‍ പൊളിച്ചെഴുതുകയാണ്. അവരെ കുടിയൊഴിപ്പിക്കുന്ന സംഭവങ്ങള്‍ ധാരാളം. 2020ല്‍ മാത്രം ദളിതര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 50,000ത്തിലധികം പരാതികളാണ് നല്‍കപ്പെട്ടിട്ടുള്ളത്. എന്നാൽ ദളിതര്‍ക്കെതിരായ കുറ്റകൃത്യം എത്രമേല്‍ഹീനമായിരുന്നാലും പ്രതികള്‍ക്ക് യാതൊരു ശിക്ഷയും ലഭിക്കുന്നില്ല. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നുള്ള അന്യവല്‍ക്കരണം നിമിത്തം, അവര്‍ എല്ലാത്തരം കൈയേറ്റങ്ങള്‍ക്കും അപമാനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയരായിക്കൊണ്ടേയിരിക്കുന്നു.


ബിജെപി ഭരണത്തില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചു


നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടുകൾ കാണിക്കുന്നത്, കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ (2011-20) 76,899 കുറ്റകൃത്യങ്ങള്‍ പട്ടികവര്‍ഗക്കാര്‍ക്കെതിരെ നടന്നിരിക്കുന്നു എന്നാണ്. മധ്യപ്രദേശില്‍, വേശ്യാവൃത്തിസംഘങ്ങള്‍ ആദിവാസികളെ ചൂഷണം ചെയ്യുമ്പോള്‍, ജാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും, മാവോയിസ്റ്റുകള്‍ക്കെതിരായ പ്രത്യാക്രമണങ്ങളുടെ പേരില്‍ ആദിവാസികളെ നിരന്തരമായി വേട്ടയാടുന്നു. 2019മെയ് മാസത്തില്‍, ഡി-നോട്ടിഫൈഡ് ഗോത്രങ്ങളില്‍പ്പെട്ട സ്ത്രീകള്‍, തങ്ങള്‍ ഏതാണ്ട് എല്ലാ ദിവസങ്ങളിലും പീഡിപ്പിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തുവെന്ന് സാക്ഷ്യപ്പെടുത്തി. ‘ഡി നോട്ടിഫൈഡ്’ ഗോത്രങ്ങളെ പട്ടികയില്‍ ചേര്‍ത്തിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് നിയമസംരക്ഷണം ഇല്ല. ഇന്ത്യയിലെ ദളിതര്‍ സാമൂഹികമായി ഉയര്‍ന്ന ജാതി വിഭാഗങ്ങളില്‍നിന്നും പൂര്‍ണ്ണമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഗോത്രവര്‍ഗ്ഗക്കാരാകട്ടെ മുഖ്യധാരയില്‍നിന്നും വളരെ അകലെയാണ്.
‘ബ്രാഹ്മണിസ’ത്തിന് (സാമൂഹിക ക്രമീകരണത്തില്‍ മുകള്‍ത്തട്ടിലുള്ള ബ്രാഹ്മണരുടെ മേല്‍ക്കോയ്മ) പിന്തുണ പരസ്യമായി പ്രകടിപ്പിക്കുന്ന ബിജെപി അധികാരത്തില്‍ വന്ന കാലഘട്ടത്തിലാണ് ദളിത് സമൂഹത്തിന് നേരെയുള്ള അതിക്രമങ്ങളുടെ പെട്ടെന്നുള്ള കുതിപ്പ് പ്രകടമാകുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഹരിയാനയില്‍ രണ്ട് ദളിത് കുട്ടികള്‍ ചുട്ടുകൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങളെക്കുറിച്ച് പ്രതികരിക്കവെ, മുന്‍ പ്രതിരോധമന്ത്രി റിട്ടയേര്‍ഡ് ജനറല്‍ വികെ സിംഗ് പറഞ്ഞത്, ”രണ്ട് നായകള്‍ ചത്തതിനെക്കുറിച്ച് ഒച്ചവെക്കാന്‍ എന്താണ് ഉള്ളത്” എന്നാണ്. ഓരോ ചുവടിലും നീതി നിഷേധിക്കപ്പെടുന്ന നിര്‍ഭാഗ്യരായ ദളിതരും ആദിവാസികളും സമൂഹത്തോടും, സ്വയമെയും ചോദിക്കുന്നു: ”ഞങ്ങളും മനുഷ്യരല്ലേ, ഞങ്ങളുടെ സിരകളില്‍ ഒഴുകുന്നതും മനുഷ്യരക്തം തന്നെയല്ലേ? നിരന്തരമായി വേട്ടയാടപ്പെടാനും, സാമൂഹികമായി ബഹിഷ്‌കരിക്കപ്പെടാനും ജനിച്ചവരാണോ ഞങ്ങള്‍ ?”
ആദിവാസി ജനവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളും എണ്ണത്തില്‍ ഒട്ടും കുറവല്ല. ആദിവാസി സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍, ഛത്തീസ്ഗഡില്‍ കൗമാരക്കാരിയായ ഒരു ആദിവാസി പെൺകുട്ടിയെ സുരക്ഷാ സേനാംഗങ്ങള്‍ ആസൂത്രിതമായ ഏറ്റുമുട്ടലില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. ആദിവാസികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ വലിയൊരു ഭാഗം ബിജെപി ഭരണകാലത്താണ് സംഭവിച്ചത്. ഇവരുടെ ആദിവാസി പ്രേമം തികഞ്ഞ കാപട്യമാണെന്ന് ഈ കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നു.
ഭരണകക്ഷിയും, സര്‍ക്കാരും ‘ദേശീയതയും ദേശസ്നേഹവും’ കൊട്ടിഘോഷിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഢംബരത്തോടെയും പ്രൗഢിയോടെയും ആഘോഷിക്കുമ്പോള്‍, ദളിതരും, ആദിവാസികളും, മറ്റ് അദ്ധ്വാനിച്ച് ജീവിക്കുന്നവരും, നേരിടുന്ന അവര്‍ണ്ണനീയമായ വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും സാക്ഷ്യം വഹിച്ചുകൊണ്ട് രാജ്യം വളരെ വേഗത്തില്‍ താഴേക്ക് പതിക്കുകയാണ്. ഹൃദയഭേദകമായ ഈ സാമൂഹ്യസാഹചര്യത്തിന്റെ കാരണത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്തിയാല്‍, ഈ തിന്മകളുടെയും ദുഷ്‌പ്രവണതകളുടെയും മൂലകാരണം, ജീര്‍ണ്ണിച്ചതും അഴിമതി നിറഞ്ഞതും പ്രതിസന്ധി ഗ്രസ്തവുമായ മുതലാളിത്ത വ്യവസ്ഥിതിയാണെന്ന് കാണാനാകും. ഭരിക്കുന്ന മുതലാളിത്തത്തിന്റെ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനൊപ്പം, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങൾക്കെതിരായ ആക്രമണം എല്ലാ മേഖലകളിലും കൂടുതല്‍ പ്രകടവും കഠിനവും ആകുന്നു. ദളിതരുടെയും ആദിവാസികളുടെയും പറഞ്ഞറിയിക്കാനാവാത്ത ദുരിതവും ദാരിദ്ര്യവും അതിന്റെ ഭാഗമാണ്.


പീഡിപ്പിക്കപ്പെടുന്ന ദളിതരെയും ആദിവാസികളെയും കബളിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ തന്ത്രങ്ങള്‍ മെനയുന്നു


രാജ്യംഭരിക്കുന്ന കുത്തകകളുടെ വിശ്വസ്ത സേവകര്‍ എന്ന നിലയില്‍ ബിജെപി നേതൃത്വത്തിന് ഈ യാഥാര്‍ത്ഥ്യം വ്യക്തമായി അറിയാം. മുകളില്‍ പ്രസ്താവിച്ച ഈ സത്യം ദളിതര്‍ക്കും ആദിവാസികള്‍ക്കും മറ്റ് അധഃസ്ഥിത വിഭാഗങ്ങള്‍ക്കും മുന്നിൽ വെളിപ്പെടാതിരിക്കാന്‍, അവര്‍ക്കിടയിലെ സ്ഥാനമോഹികളെ ആനുകൂല്യങ്ങളും, ധനവും അധികാരവും വാഗ്ദാനം ചെയ്ത് തന്ത്രപൂര്‍വ്വം വശീകരിക്കുന്നു. അങ്ങനെ, ദളിതര്‍ക്കും ആദിവാസികള്‍ക്കും അര്‍ഹതപ്പെട്ട എല്ലാ അവസരങ്ങളും അവകാശങ്ങളും തട്ടിയെടുക്കുന്ന, ദളിതരുടെയും ആദിവാസികളുടെയും ഒരു ചെറിയ വിഭാഗം, ധനികരായി ഉയർന്നു വരുന്നു. സമ്പന്നരായ ഈ ചെറിയ ‘വരേണ്യവര്‍ഗ്ഗം’ എല്ലാ പ്രത്യേകാവകാശങ്ങളും സ്വാധീനവും ആസ്വദിച്ചുകൊണ്ട്, സമൂഹത്തിലും, പിന്തിരിപ്പന്‍ ഭരണമേഖലകളിലും പിടിമുറുക്കുന്ന അതിസമ്പന്നരുടെ ഭാഗമായി മാറുകയും പിന്നാക്കക്കാരുടെയും സാധാരണക്കാരുടെയും, അതിവേഗം തകരുന്ന ഉപജീവനമാര്‍ഗ്ഗത്തെപ്പറ്റി അവജ്ഞയും നിസ്സംഗതയും പുലര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ, വിശേഷാധികാരം ആസ്വദിക്കുന്ന ഇക്കൂട്ടര്‍, ഭരിക്കുന്ന ബൂര്‍ഷ്വാസിയുടെ ഒരു അനുബന്ധമായി മാറിക്കൊണ്ട,് മുതലാളിത്ത സേവകരായ മറ്റുള്ളവര്‍ക്കൊപ്പം, എല്ലാത്തരം നിയമവിരുദ്ധവും അഴിമതി നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. തന്ത്രപരമായ നീക്കത്തിലൂടെ, ഭരണവര്‍ഗം, ഈ വിശേഷാധികാര വിഭാഗത്തെ, ഭരണവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യത്തിന് വഴങ്ങുന്ന ഒന്നായി രൂപപ്പെടുത്തി എടുത്തുകൊണ്ട് ദളിത്, ആദിവാസി വിഭാഗക്കാരുടെ സമൃദ്ധിയുടെ (!) തെളിവായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ദളിതര്‍ക്കും ആദിവാസികള്‍ക്കും ഉള്ളിലെ ഈ പ്രത്യേക വിഭാഗത്തിന്റെ ആവിര്‍ഭാവം, മുതലാളിത്തത്തില്‍, വര്‍ഗവിഭജനം ഓരോ നിമിഷവും മൂര്‍ച്ച കൂടിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയെ വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം സാമൂഹിക ഉച്ചനീചത്വങ്ങളെ കൂടുതല്‍ വ്യക്തവും പ്രകടവുമാക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ രാഷ്ട്രപതി ഉള്‍പ്പെടെയുള്ള ചില സുപ്രധാന സ്ഥാനങ്ങളിലേക്ക് ദളിത് അല്ലെങ്കില്‍ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തുകൊണ്ട് ബിജെപി ജനങ്ങളെ വിഡ്ഢികളാക്കാന്‍ തന്ത്രങ്ങള്‍ പയറ്റുന്നത്. ഇതിലൂടെ, ദളിതരും ആദിവാസികളും പുരോഗമിക്കുന്നുവെന്നും സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടംപിടിക്കുന്നുവെന്നും സമര്‍ത്ഥിക്കാന്‍ അവര്‍ ശ്രമിക്കുന്നു.
2017ല്‍ ദളിത് കുടുംബത്തില്‍ ജനിച്ച രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തത് ഇതേ ഉദ്ദേശത്തോടെയാണ്. ഇത്തവണ ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി ആദിവാസി സമൂഹത്തില്‍ ജനിച്ച ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിവുപോലെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍, 140 കോടി ജനങ്ങളുള്ള രാജ്യത്തെ പരമോന്നത പദവി വഹിക്കുന്ന ഒരു ഗോത്രവര്‍ഗക്കാരിയായ സ്ത്രീയുടെ വാര്‍ത്ത ഉയര്‍ത്തിക്കാട്ടുന്നു. വിദ്യാഭ്യാസ കാലത്തും ഇതര മേഖലകളിലും അവര്‍ എങ്ങനെ അവഗണിക്കപ്പെട്ടു എന്നതിന്റെ ഉജ്ജ്വലമായ വിവരണങ്ങള്‍ മീഡിയ കൊണ്ടാടുന്നു. ഇത്തരം വഞ്ചനാപരമായ നീക്കങ്ങളെ ദളിത് – ആദിവാസി ശാക്തീകരണത്തിന്റെ അടയാളമായി കുത്തക നിയന്ത്രണത്തിലുള്ള മാദ്ധ്യമങ്ങള്‍ എടുത്തുകാണിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ദ്രൗപതി മുര്‍മു രാഷ്ട്രപതിയാകുമ്പോള്‍, ആദിവാസികളും ദളിതരും അഭിമാനത്തോടെ ജീവിക്കുമത്രേ! അവരുടെ പ്രതാപകാലം വന്നിരിക്കുന്നുവത്രേ! ഈ പ്രചാരണങ്ങളില്‍പ്പരം വഞ്ചന മറ്റെന്തുണ്ട്?


ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ ദളിത് പരിവേഷമണിഞ്ഞ നേതാക്കള്‍ മൗനം പാലിച്ചു


മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 1998നും 2002നും ഇടയില്‍ ബിജെപി ദലിത് മോര്‍ച്ചയുടെ അധ്യക്ഷനായിരുന്നു. ബിജെപിയുടെ ദേശീയ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരൗങ്കിലെ തറവാട് വീട് അദ്ദേഹം ആര്‍എസ്എസിനു ദാനം ചെയ്തു. ബിജെപി ടിക്കറ്റില്‍ രണ്ട് തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബിഹാറിന്റെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സേവന കാലയളവിലോ അതിനുമുമ്പോ പിന്‍പോ നീതി നിഷേധിക്കപ്പെടുന്ന ദളിത് ജനവിഭാഗത്തിനായി ശബ്ദിക്കുന്നതായി നാം കണ്ടിട്ടില്ല. ഉന്നാവോ, ഹത്രാസ്, യുപിയിലെ ചിത്രകൂട്, ഡല്‍ഹി എന്നിവിടങ്ങളില്‍ ദളിത് പെൺകുട്ടികള്‍ക്കുനേരെ പൈശാചിക ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നപ്പോഴും ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ മിര്‍കാന്‍ ഗ്രാമത്തില്‍, ഒരു ദളിതനെയും അവന്റെ രണ്ട് സഹോദരന്‍മാരെയും 17 സവര്‍ണ്ണ ക്രിമിനലുകള്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചപ്പോഴും, കുടുംബത്തിലെ ഏക വരുമാനക്കാരനായ 30വയസ്സുള്ള ദളിത് യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് 11പേര്‍ ചേർന്ന് തല്ലിക്കൊന്നപ്പോഴും അവയെ അപലപിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അപ്പോഴൊന്നും അദ്ദേഹത്തിന്റെ ദളിത് മനസ്സാക്ഷി പ്രതികരിച്ചില്ല.
ദ്രൗപതി മുര്‍മുവും ജാര്‍ഖണ്ഡിലെ ബിജെപി മന്ത്രിസഭയില്‍ അംഗമായിരുന്നു. അവര്‍ മന്ത്രിയായിരിക്കെ, ആദിവാസികളെ വനമേഖലയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ജാര്‍ഖണ്ഡ് നിയമസഭയില്‍ നിയമം പാസാക്കി. ദ്രൗപതി മുര്‍മു പ്രതിഷേധിച്ചില്ല. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ ഉന പട്ടണത്തില്‍ നാല് ദളിത് യുവാക്കളെ, സ്വയം പ്രഖ്യാപിത പശു സംരക്ഷകര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍, രാം നാഥ് കോവിന്ദോ, ദ്രൗപതി മുര്‍മുവോ സംഭവത്തെ അപലപിച്ചില്ല. കര്‍ണാടകയിലെ ശാന്തിപുര ഗ്രാമത്തില്‍ പശുവിനെ മോഷ്ടിച്ച് കൊന്നുവെന്നാരോപിച്ച് അഞ്ച് ദളിതരെ ആയുധധാരികളായ ബജ്റംഗ്‌ദള്‍ അംഗങ്ങള്‍ ആക്രമിച്ചപ്പോള്‍ ദ്രൗപതി മുര്‍മു നിശ്ശബ്ദയായിരുന്നു. ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ പ്രാദേശിക ഘടകത്തിന്റെ പരാതിയെത്തുടർന്ന് ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയെന്ന മിടുക്കനായ ദളിത് പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ അന്യായമായി സസ്പെന്‍ഡ് ചെയ്യുകയും രോഹിത് പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തപ്പോള്‍, ദ്രൗപതി മുര്‍മുവോ, രാംനാഥ് കോവിന്ദോ പ്രതിഷേധിച്ചതായി ആരും കേട്ടില്ല. രോഹിത് വെമുലയുടെ കത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴും കൊടുങ്കാറ്റുയര്‍ത്തിയപ്പോഴും അവര്‍ ഒരക്ഷരം പോലും പറഞ്ഞില്ല. ഒരാഴ്ചമുമ്പ്, യുപിയിലെ പിലിബിറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെൺകുട്ടിയെ രണ്ടുപേര്‍ ചേർന്ന്ബലാത്സംഗം ചെയ്ത് തീകൊളുത്തി, ഇപ്പോള്‍ അവളുടെ നില ഗുരുതരമാണ്. രാംനാഥ് കോവിന്ദില്‍ നിന്നോ, രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നോ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല.


ഇന്ത്യയുടെ ആദ്യ ഗോത്രവര്‍ഗ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് 3 മണിക്കൂറിനുശേഷം, കടുത്ത ദുരിതം മൂലം നൂറുകണക്കിന് സ്ത്രീകള്‍, കൂടുതലും പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ആദിവാസി സമുദായങ്ങളിലെയും മറ്റ് പിന്നാക്ക വിഭാഗങ്ങളിലെയും സ്ത്രീകള്‍, കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ എംഎന്‍ആര്‍ഇജിഎയ്ക്ക് കീഴില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂലി നല്‍കാത്തതില്‍ തുറന്ന പ്രതിഷേധവുമായി രംഗത്തെത്തി.
പട്ടികജാതി-പട്ടികവര്‍ഗ(അതിക്രമങ്ങള്‍ തടയല്‍)നിയമം 1989, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ദളിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അനുകൂലമായി നിയമത്തില്‍ നിരവധി വ്യവസ്ഥകള്‍ ഉണ്ടായിരുന്നിട്ടും ഈ ജനസമൂഹത്തിനെതിരായ കുറ്റകൃത്യങ്ങളും അതിക്രമങ്ങളും ഭയാനകമാംവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പ്രതികള്‍ കുറ്റ വിമുക്തരാക്കപ്പെടുന്നതിന്റെ നിരക്ക് കൂടുതലാണ്. ശിക്ഷാനിരക്കാകട്ടെ കുറവുമാണ്. ആദിവാസി ജനത പരിഷ്‌കൃത സമൂഹത്തില്‍ നിന്ന്കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ നേതാക്കളുടെ ഉന്നതസ്ഥാനം ഏത് വിധത്തിലാണ് അധഃസ്ഥിതരായ ദളിതരുടെയോ ആദിവാസികളുടെയോ താല്‍പ്പര്യത്തിന് ഉതകുന്നത്? ഭരിക്കുന്ന മുതലാളി വര്‍ഗ താല്‍പ്പര്യത്തിന് വിധേയരായ ബൂര്‍ഷ്വാ രാഷ്ട്രീയക്കാര്‍ അവരുടെ ദളിത് അല്ലെങ്കില്‍ ഗോത്രവര്‍ഗ്ഗ വിശേഷണം ചൂഷണത്തിന് വിധേയരായ ദളിത്, ആദിവാസി ജനവിഭാഗങ്ങളെയും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങളെയും കബളിപ്പിക്കാനുള്ള ഒരു തന്ത്രമായി യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു.
ദളിത്, ആദിവാസി പ്രശ്നങ്ങളെ ഉപയോഗപ്പെടുത്തിയും, അവരുടെ ദയനീയാവസ്ഥയും ദാരിദ്ര്യവും ചൂഷണംചെയ്തും വോട്ടുനേടി അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ പലയിടത്തും പല അവസരങ്ങളിലും ബൂര്‍ഷ്വാ-പെറ്റി ബൂര്‍ഷ്വാ പാര്‍ട്ടികൾ ഉയര്‍ന്നുവന്നിട്ടുണ്ട്. അധികാരത്തിലെത്തിയശേഷം, മലക്കം മറിഞ്ഞ് അവര്‍ സമ്പന്നരെയും മുതലാളിമാരെയും ആവേശത്തോടെ സേവിക്കുകയും മുതലാളിത്ത യന്ത്രത്തിന്റെ ഭാഗമായി മാറുകയുംചെയ്യുന്നു. ദളിതര്‍ ഉള്‍പ്പടെ ഒരാളെയും വെറുതെ വിടുന്നുമില്ല. മുതലാളിത്തം അതിന്റെ നിക്ഷിപ്ത വര്‍ഗ്ഗ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി ഉയര്‍ത്തിക്കൊണ്ടുവരുന്ന ഇത്തരം സ്വയം പ്രഖ്യാപിത ദളിത്-ആദിവാസി സംഘടനകളില്‍ അടിച്ചമര്‍ത്തപ്പെട്ട ദളിത്, ആദിവാസി ജനവിഭാഗങ്ങള്‍ വ്യാമോഹങ്ങളൊന്നും വെച്ചുപുലര്‍ത്തരുത്. ദളിത് സംഘടനകളും, ജാതീയപാര്‍ട്ടികളും, സ്വയം പ്രഖ്യാപിത ആദിവാസി പാര്‍ട്ടികളും, എല്ലായ്‌പ്പോഴും അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങളുടെ ലക്ഷ്യത്തെ ഒറ്റിക്കൊടുക്കുകയാണ്. ദളിത്, ആദിവാസി നേതാക്കള്‍ മറ്റുപാര്‍ട്ടികളുമായി അധികാരം പങ്കിടുന്നതും, അതുവഴി മറ്റ് ബൂര്‍ഷ്വാ നേതാക്കളെപ്പോലെ സൗഭാഗ്യങ്ങളും സമ്പത്തും വാരിക്കൂട്ടുന്നതും നാം കാണുന്നില്ലേ? ഇത്തരം സ്വയം പ്രഖ്യാപിത ദളിത് അല്ലെങ്കില്‍ ആദിവാസി സംഘടനകളുടെ നേതാക്കള്‍ മുഖ്യധാരാ ബൂര്‍ഷ്വാ പാര്‍ട്ടികളുമായി കൂട്ടുകൂടിയോ പിന്തുണച്ചോ എംഎല്‍എയും എംപിയും മന്ത്രിയും മുഖ്യമന്ത്രിയും ആയിട്ടില്ലേ? ദളിത്, ആദിവാസി വോട്ടര്‍മാര്‍ക്ക് പ്രിയങ്കരരായിത്തീരാന്‍ തങ്ങളുടെ ദളിത് അല്ലെങ്കില്‍ ആദിവാസി സ്വത്വം ഉപയോഗിക്കുന്നുഎന്നല്ലാതെ ആദിവാസികളോട് ഒരു പ്രതിബദ്ധതയുമില്ലെന്ന് നാം കാണുന്നു. ദളിതരുടെയോ ആദിവാസികളുടെയോ സ്വയം പ്രഖ്യാപിത മിശിഹാമാരെ നിയമനിര്‍മ്മാണസഭയിലേക്ക് തെരഞ്ഞെടുക്കുകയോ, രാജ്യത്തിന്റെ രാഷ്ട്രപതിയുടെ കസേരയില്‍ അവരോധിക്കുകയോ ചെയ്യുന്നത്, ദളിത് അല്ലെങ്കില്‍ ഗോത്രവര്‍ഗ വിഭാഗങ്ങളനുഭവിക്കുന്ന ദുരിതത്തിന് എന്തെങ്കിലും അളവില്‍ ആശ്വാസം നല്‍കിയിട്ടുണ്ടോ? ദളിത് വിഭാഗത്തില്‍പ്പെട്ട ചിലര്‍ ഹിന്ദു മത സമൂഹത്തിന്റെ പരിധി വിട്ട് നവ ബുദ്ധമതത്തെ സ്വീകരിച്ചു. അത് അവരുടെ ദാരിദ്ര്യമോ പ്രയാസമോ ഇല്ലാതാക്കിയിട്ടുണ്ടോ? മുന്‍കാലങ്ങളിലും, ജാതി അധിഷ്ഠിത ഹിന്ദു സമൂഹത്തിന്റെ അടിച്ചമര്‍ത്തലില്‍നിന്ന് രക്ഷനേടാന്‍ നിരവധി ദളിതര്‍ ക്രിസ്തുമതം അല്ലെങ്കില്‍ ഇസ്ലാം മതം സ്വീകരിച്ചു. അത് അവരുടെ ദുരിതങ്ങള്‍ അവസാനിപ്പിച്ചോ?
ബിജെപിയുടെ പ്രത്യയശാസ്ത്ര നേതൃത്വമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘം(ആര്‍എസ്എസ്) മധ്യ, വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദിവാസികളെ ഹിന്ദുവല്‍ക്കരിക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ചെറുകിട ബിസിനസ്സ് സമൂഹങ്ങളെ ആര്‍എസ്എസ് ‘വനാഞ്ചല്‍’ എന്ന കുടക്കീഴില്‍ അണിനിരത്തുന്നു, ക്രിസ്ത്യന്‍ ആദിവാസികളെ നേരിടാന്‍ പരിവര്‍ത്തിത ഗോത്ര വിഭാഗങ്ങളെ ഉപയോഗിക്കുന്നു. പ്രശ്നങ്ങള്‍ വര്‍ഗീയവല്‍ക്കരിച്ച് വോട്ട്ബാങ്ക് ഏകോപിപ്പിക്കാന്‍ ആര്‍എസ്എസ് പിന്തുണയുള്ള ധാരാളം ആദിവാസി ക്ഷേമ സംഘടനകള്‍ ബിജെപിയെ സഹായിച്ചതിനാല്‍ ആദിവാസികള്‍ക്കിടയിലുള്ള ഈ വിഭജനം ബിജെപിക്ക് ഗുണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഈ പ്രവണത കിഴക്കോട്ട് നീങ്ങി നാഗാലാന്‍ഡിലേക്കും അസമിലേക്കും എത്തിയിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ദളിത്, ആദിവാസി സഹോദരങ്ങളും അവരുടെ ലക്ഷ്യത്തോട് അനുഭാവം പുലര്‍ത്തു സത്യസന്ധരായ വ്യക്തികളും ഗൗരവമായി ചിന്തിക്കേണ്ട വിഷയങ്ങളാണിത്.


വിപ്ലവത്തിലൂടെ മുതലാളിത്തത്തെ നിഷ്കാസിതമാക്കുമ്പോഴാണ് യഥാർത്ഥ വിമോചനം സാധ്യമാകുക


പ്രത്യക്ഷമായ സവര്‍ണ്ണ ചൂഷ ണം, യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകമായ സാഹചര്യത്തില്‍, നിര്‍ദയമായ മുതലാളിത്ത ചൂഷണത്തിന്റെ ഒരു മുഖമാണെന്നും, രണ്ടു ജാതികളെ തമ്മിലടിപ്പിക്കുന്നത്, ഭ്രാതൃഹത്യമൂലമുള്ള രക്തച്ചൊരിച്ചിലിനും, പരസ്പരവിനാശകരമായ സംഘട്ടനങ്ങള്‍ക്കുംവേണ്ടി മാത്രമാണെന്നും, ഇത് മുതലാളിത്ത വ്യവസ്ഥയെ നിലനിര്‍ത്തുന്നതിനും അനിവാര്യമായ മുതലാളിത്ത വിരുദ്ധ വിപ്ലവത്തെ കഴിയുന്നിടത്തോളം അകറ്റിനിര്‍ത്തുതിനുംവേണ്ടിയാണെന്നും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ വിഭജനം എന്നത് ചൂഷകര്‍ക്കും ചൂഷിതര്‍ക്കും ഇടയിലാണ്. അല്ലാതെ ജാതികള്‍ക്കിടയിലോ മതങ്ങള്‍ക്കിടയിലോ അല്ല. ശരിയായ വിപ്ലവ പ്രത്യയശാസ്ത്രത്തിലും ഉയര്‍ന്ന തൊഴിലാളിവര്‍ഗ സംസ്‌കാരത്തിലും ധാര്‍മ്മികതയിലും, ശരിയായ വിപ്ലവ നേതൃത്വത്തിലും അധിഷ്ഠിതമായ, ജാതി-മത-വംശീയ-പ്രാദേശിക വാദങ്ങള്‍ക്ക് അതീതമായ, അടിച്ചമര്‍ത്തപ്പെട്ടവരുടെ വര്‍ഗസമരത്തെയാണ് ശക്തിപ്പെടുത്തേണ്ടത്. മുതലാളിത്ത അടിച്ചമര്‍ത്തലിന്റെ പിടിയില്‍നിന്ന് ദളിതര്‍ ഉള്‍പ്പെടെയുള്ള എല്ലാ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെയും മോചനത്തിന് അപ്പോള്‍ മാത്രമേ വഴിയൊരുങ്ങുകയുള്ളൂ.
ശരിയായ വിപ്ലവ നേതൃത്വത്തിന്‍ കീഴില്‍ ഈ പ്രസ്ഥാനം ശക്തമായി ഉയര്‍ന്നുവരുമ്പോള്‍, ദളിതരും ആദിവാസികളും ഉള്‍പ്പെടെയുള്ള ചൂഷിത ജനവിഭാഗങ്ങളില്‍ ആവശ്യമായ രാഷ്ട്രീയ ബോധം ഉണ്ടാകുകയും അവരെ തെറ്റിദ്ധരിപ്പിക്കുന്ന ബൂര്‍ഷ്വാ ഭരണാധികാരികളുടെ തന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയും ചെയ്യും. ഭരണത്തിന്റെ പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്ന, ദളിത്- ആദിവാസി മുദ്രയുള്ള വ്യക്തികള്‍, ദളിതരുടെയോ ആദിവാസികളുടെയോ യഥാര്‍ത്ഥ പ്രതിനിധികളല്ലെന്നും, അധഃസ്ഥിത ജനതയുടെ താല്പര്യം സംരക്ഷിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കുപോലും അതിന് കഴിയില്ലെന്നും അപ്പോള്‍ വ്യക്തമാകും. അതിനാല്‍, രാം നാഥ് കോവിന്ദോ, ദ്രൗപതി മുര്‍മുവോ രാജ്യത്തിന്റെ രാഷ്ട്രപതിയാകാം, പക്ഷേ അത് ദളിതരുടെയും ആദിവാസികളുടെയും മറ്റ് താഴ്ന്ന ജാതിക്കാരുടെയും ജീവിതത്തിന്റെ ദുരിതങ്ങള്‍ പരിഹരിക്കുകയില്ല.

Share this post

scroll to top