അഭിരാമിയുടെ ആത്മഹത്യ: മുഖ്യപ്രതി കേരള ബാങ്ക്‌

Share

കൊല്ലം ജില്ലയിൽ ശാസ്താംകോട്ടയിലെ ശൂരനാട്ട് അജികുമാറിന്റെ വീടിനു മുന്നിൽ കേരള ബാങ്ക് കൂറ്റൻ ജപ്തി ബോർഡ് സ്ഥാപിച്ച് അദ്ദേഹത്തിന്റെ മകൾ അഭിരാമിയെന്ന വിദ്യാർത്ഥിനിയെ മരണത്തിലേക്ക് തള്ളിവിട്ട സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. 5 വർഷം മുമ്പ്, സ്വന്തമായി ഒരു വീട് നിർമിക്കാൻ കേരള ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ വായ്പ എടുത്തെങ്കിലും കോവിഡ് മൂലം തൊഴിൽ രഹിതനും വരുമാനമില്ലാത്ത ആളുമായി മാറിയതിനാൽ തിരിച്ചടവ് മുടങ്ങിയെന്നതിന്റെ പേരിലാണ് കേരള സഹകരണ ബാങ്ക് സർഫാസി നിയമം പ്രയോഗിച്ച് ജപ്തി നടപടികളിലേക്ക് നീങ്ങിയത്. ജപ്തിയുടെ ആദ്യപടി എന്നനിലയിൽ കിടപ്പാടവും വസ്തുവും ബാങ്ക് ഏറ്റെടുക്കുന്നുവെന്ന മുന്നറിയിപ്പ് അടങ്ങിയ ബോർഡ് വീടിന് മുന്നിൽ സ്ഥാപിച്ച് അപമാനിച്ചതിൽ മനം നൊന്താണ് അഭിരാമി ആത്മഹത്യ ചെയ്തത്.


വീട്ടിൽ പതിച്ചത് വെറുമൊരു നോട്ടീസ് ആയിരുന്നില്ല, ജപ്തി നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായ ബോർഡ് തൂക്കലായിരുന്നു അത്.”സെക്യൂരിടൈസേഷൻ ആൻഡ് റി കൺസ്ട്രക്ഷൻ ഒഫ് ഫൈനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്‌സ്മെന്റ് ഒഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് 2002 പ്രകാരം ഈ വസ്തുവും/കെട്ടിടവും ബാങ്ക് ഏറ്റെടുത്തിരിക്കുന്ന വിവരം പൊതു ജനങ്ങളെ അറിയിച്ചു കൊള്ളുന്നു. ഈ വസ്തു കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ സ്വത്ത് ആയതിനാൽ അതിക്രമിച്ചു കടക്കുന്നത് ശിക്ഷാർഹമാണ് “എന്ന് വലിയ അക്ഷരങ്ങളിൽ എഴുതി നാട്ടുകാരെ അറിയിച്ച് അപമാനിക്കുന്ന ബോർഡായിരുന്നു അത്. തല്ക്കാലം ബോർഡ് സ്ഥാപിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് അജികുമാറും നാട്ടുകാരും അഭ്യർത്ഥിച്ചെങ്കിലും ഉദ്യോഗസ്ഥർ നിഷ്ക്കരുണം അത് സ്ഥാപിക്കുകയാണ് ചെയ്തത്.
കോവിഡ് കാലത്തിന് മുമ്പ് തിരിച്ചടവ് കൃത്യമായിരുന്നുവെന്ന് ബാങ്ക് തന്നെ സമ്മതിക്കുന്നു. ആറു മാസങ്ങൾക്കുമുമ്പ്, കഴിഞ്ഞ മാർച്ച്‌ മാസം ഒന്നര ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തിരുന്നുവെന്നതും വസ്തുത. എന്നിട്ടും, ബാക്കി അടയ്ക്കുന്നതിന് സാവകാശം നൽകണമെന്ന അഭ്യർത്ഥന കേരള ബാങ്ക് ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. അല്പം കരുണ കാട്ടിയിരുന്നെങ്കിൽ ആ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു.
ജപ്തി-ലേല നടപടികൾ ചെണ്ടകൊട്ടി നാട്ടുകാരെ മുഴുവൻ വിളിച്ചറിയിക്കുന്ന അപരിഷ്കൃത ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു. അതിന്റെയൊരു പുനഃരാവിഷ്ക്കാരമാണ് ശൂരനാട് നടന്നത്. അതാകട്ടെ, ആ പ്രത്യേക ബ്രാഞ്ചിലെ മാത്രമായ ഒറ്റപ്പെട്ട സംഭവവുമല്ല. കേരള ബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡണ്ടും സിപിഐ(എം) സംസ്ഥാന നേതാവുമായ ഗോപി കോട്ടമുറിക്കൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അക്കാര്യം അടിവരയിടുന്നു. മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിൽ താൻ ചെയർമാനായിരുന്നപ്പോൾ ഇതേ വിധത്തിൽ 64 വീടുകളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതോടെ കുടിശ്ശികവരുത്തിയവർ ഭയന്ന് കട ബാധ്യത തീർക്കാൻ തയ്യാറായിയെന്നും പറഞ്ഞതിൽ നിന്നും ഇതിന് പിന്നിലെ ആസൂത്രണങ്ങൾ ആരുടേതാണെന്ന് വ്യക്തമാകുന്നു.
കേരളത്തിലെ ഭൂരിപക്ഷം സഹകരണ ബാങ്കുകളും സിപിഐ(എം) നിയന്ത്രണത്തിലാണ്. സഹകരണ ബാങ്കുകൾ സർഫാസി നിയമം പ്രയോഗിക്കില്ലെന്നും കിടപ്പാടങ്ങൾ ജപ്തി ചെയ്യില്ലെന്നും എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ, അതിന് നേർ വിപരീതമായി അവർ സർഫാസി നിയമങ്ങൾ നിർധന മനുഷ്യരുടെമേൽ പ്രയോഗിക്കുന്നു. ഒപ്പം റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും സഹകരണ ബാങ്കുകൾക്ക് ബാധകമാക്കി സാധാരണ ഗ്രാമീണ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു.


സർഫാസി നിയമം നടപ്പാക്കില്ല എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയമെങ്കിൽ, പിന്നെന്തിന് ഇത്തരമൊരു കടും കൈ വായ്പ തിരിച്ചടവ് വൈകിയതിന്റെപേരിൽ മാത്രം നടത്തി? ഗ്രാമീണ ജനങ്ങൾക്ക് ഏതെങ്കിലും അളവിൽ ആശ്വാസം നൽകാനാണല്ലോ സഹകരണ ബാങ്കുകൾ ആരംഭിച്ചത്. അവർക്ക് താങ്ങാനാവുന്ന ചെറിയ പലിശമാത്രം ഈടാക്കി വായ്പകളും മറ്റും ലഭ്യമാക്കാൻ സഹായിച്ചിരുന്ന സഹകരണ ബാങ്കിംഗ് സമ്പ്രദായത്തെ കഴുത്തറുപ്പൻ പലിശ ഈടാക്കുന്ന ബാങ്കാക്കി മാറ്റുന്ന നീക്കങ്ങളാണ് നടക്കുന്നത്.
വാസ്തവത്തിൽ, അതിന്റെ ഭാഗമായിട്ടാണ് സഹകരണ ബാങ്കുകളെ ലയിപ്പിച്ച് ഷൈലോക്യൻ ബാങ്കിംഗ് സിസ്റ്റം അനുവർത്തിക്കുന്ന കേരള ബാങ്ക് ആരംഭിക്കാന്‍ തീരുമാനം വന്നത്. തുടർന്ന്, പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകളെയും ആയിരത്തിഅറുനൂറോളം വരുന്ന കാർഷിക സഹകരണ സംഘങ്ങളെയും ലയിപ്പിച്ച് ഒരു കുടക്കീഴിലാക്കി കേരള ബാങ്ക് രൂപവൽക്കരിച്ചു. സഹകരണ ബാങ്കിംഗ് മൂലധനത്തിൽ കുത്തകകൾ പിടിമുറുക്കുന്ന മറ്റൊരു നടപടിയും ഇതോടൊപ്പം വരുന്നു. ജനകീയ ബാങ്ക് ആയിരുന്ന സഹകരണ ബാങ്കുകളിലെ പണം ആർബിഐയുടെ കീഴിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിലേയ്ക്ക് കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരു നിയമം നിർമ്മിക്കാൻ ഒരുങ്ങുന്നതിന് പിന്നിലെ ലക്ഷ്യം അതൊന്ന് മാത്രമാണ്.സാധാരണക്കാരുടെ ചെറിയ നിക്ഷേപങ്ങൾപോലും തട്ടിയെടുക്കാനും ഉപയോഗിക്കാനും വൻകിട കോർപ്പറേറ്റുകൾക്ക് അവസരം ഒരുക്കുന്നതാണ് പുതിയ ദേശസാൽക്കരണ നീക്കം.


ഗ്രാമീണ കേരളത്തിൽ വികേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചെറുകിട സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും ചെറിയ തോതിലാണെങ്കിലും ഇക്കാലമത്രയും പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും സഹായമായിരുന്നു. അതാണ് അട്ടിമറിക്കപ്പെടുന്നത്. അവിടേക്ക് വൻകിട ബാങ്കിംഗ് ഇടപാടുകാർ കടന്നു വരുന്നതോടെയും കേന്ദ്രീകൃത നിയമങ്ങൾക്ക് കീഴിലേക്ക് വരുന്നതോടെയും സഹകരണ ബാങ്കുകളുടെ എല്ലാ ജനകീയ ലക്ഷ്യങ്ങളും തകർക്കപ്പെടും. ഭീകരമായ റവന്യൂ റിക്കവറി നടപടികൾ അതിന്റെ ഭാഗമാണ്.
ഇതിനകം, കേരളത്തിലെ സഹകരണ ബാങ്കുകളിൽനിന്ന് വായ്‌പയെടുത്തിട്ടുള്ള പത്തുലക്ഷത്തോളം പേർക്ക് റവന്യൂ റിക്കവറി നോട്ടീസ് അയച്ചു കഴിഞ്ഞുവെന്നാണ് അനൗദ്യോഗിക വിവരം. ഓരോ കിടപ്പാടം ജപ്തി ചെയ്യുമ്പോഴും നിശ്ചിത ശതമാനം കമ്മിഷൻ-5 മുതൽ 7ശതമാനം വരെ-സംസ്ഥാന സർക്കാരിന് ലഭിക്കുന്നുവത്രെ!അങ്ങനെയെങ്കിൽ, ഓരോ കുടിയിറക്കലും സർക്കാരിന്റെ നേട്ടമായി മാറുന്നു. അതു കൊണ്ടുതന്നെ സാധാരണക്കാരെ കുടിയിറക്കാൻ നിർബന്ധിക്കുന്ന കർക്കശമായ സർഫാസി ആക്ട് പ്രയോഗിക്കാൻ സർക്കാർ കൂട്ട് നിൽക്കുന്നു. എന്നാൽ, അതേ സമയം പൊതു ഖജനാവിൽനിന്ന് കോടികൾ വായ്‌പയെടുത്തു മുങ്ങുന്ന വൻകിടക്കാരെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാക്കേജുകൾ തയ്യാറാക്കുന്നു. പാപ്പരത്വ നിയമം ആവിഷ്കരിക്കുന്നു. അവരുടെ കടങ്ങൾ എഴുതിത്തള്ളുക, ഇളവുകൾ അനുവദിക്കുക, സമവായ പരിഹാരം കണ്ടെത്തുക എന്നതൊക്കെയാണ് പാപ്പരത്വ നിയമം അഥവാ ബാങ്ക്‌റപട്സി ആൻഡ് ഇൻസോൾവൻസി കോഡിന്റെ അടിസ്ഥാന മാർഗ്ഗങ്ങൾ. രാജ്യത്തെ കിട്ടാക്കടത്തിന്റെ 80ശതമാനവും വൻകിടക്കാർ എടുത്ത വായ്‌പകളാണ്. അതിൽ സർക്കാർ തൊടില്ല. ജീവിക്കാൻ ഒരു ഗതിയുമില്ലാതെ വായ്‌പയെടുക്കുന്ന സാധാരണക്കാരെ പെരുവഴിയിലാക്കാൻ കണ്ണിൽചോരയില്ലാതെ സർഫാസി നിയമം പ്രയോഗിക്കും. സിപിഐ(എം) നയിക്കുന്ന കേരള സർക്കാർ അനുവർത്തിക്കുന്നത് മനുഷ്യത്വരഹിതമായ റിക്കവറി നിയമങ്ങളാണ്.


കിടപ്പാടം പിടിച്ചെടുക്കൽ എന്ന ജനദ്രോഹത്തിന്
പിണറായി സർക്കാർ നേതൃത്വം നൽകുന്നു


കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്രദേശത്ത് പ്രളയ ദുരന്തത്തില്‍ സർവ്വവും നഷ്ടപ്പെട്ട മനുഷ്യര്‍ ബാങ്ക് വായ്‌പകളുടെ പേരിൽ നിഷ്ക്കരുണം വേട്ടയാടപ്പെടുകയാണ്. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലെ നൂറു കണക്കിന് കുടുംബങ്ങൾ ജപ്തി ഭീഷണി നേരിടുന്നു. വായ്പാ ബാധ്യത സർക്കാർ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് അവർ സമരത്തിൽ ആണ്. പ്രളയ ബാധിതരോട് പോലും കരുണ കാട്ടാത്ത മനുഷ്യ വിരുദ്ധ മുതലാളിത്ത സർക്കാർ!
സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ മൂലം പാപ്പരാക്കപ്പെടുന്ന മനുഷ്യർ, നിവൃത്തികേടുകൊണ്ട് വായ്‌പയെടുക്കാൻ നിർബന്ധിതരാകുന്നു. അവരെ അപമാനിക്കുക, കുറ്റക്കാരാക്കുക, ഒടുവിൽ ആത്മഹത്യയിലേക്ക് തള്ളിവിടുക ഇവയൊക്കെയാണ് കേന്ദ്ര -സംസ്ഥാന സർക്കരുകളുടെ വായ്പ നൽകൽ നയം സാധാരണക്കാർക്ക് സമ്മാനിക്കുന്നത്. സഹകരണ ബാങ്കുകളെയും വട്ടിപ്പലിശ കേന്ദ്രങ്ങളാക്കുന്ന ജനദ്രോഹ നയത്തിന്റെ പാരമ്യതയിലാണ് പിണറായി സർക്കാരും അഭിരമിക്കുന്നത്. ഈ കോർപ്പറേറ്റ് അനുകൂല നവലിബറൽ ബാങ്കിംഗ് നയത്തിന്റെ ഇരയാണ് അഭിരാമി. ഇതൊരു കൊലക്കുറ്റം തന്നെ. ജനദ്രോഹ ബാങ്കിംഗ് നയം പിന്തുടർന്ന് ഭരണകൂടം നടത്തിയ കൊലപാതകം.
വായ്പാക്കുടുക്കിൽ സാധാരണ മനുഷ്യർ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന സാമൂഹ്യ സാഹചര്യത്തിന് മാറ്റം ഉണ്ടായേ തീരു. തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ആളുകൾ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടം ഓടുമ്പോൾ, അവരെ വേട്ടയാടുന്ന നയത്തിനെതിരെ പ്രതിഷേധം വളർന്ന് വരണം. ജനങ്ങളുടെ കിടപ്പാടം ജപ്തി ചെയ്യുന്ന ഒരു നടപടിയും അനുവദിക്കാൻ പാടില്ല. ഇതിനകം ജപ്തി ചെയ്യപ്പെട്ടവരുടെ കിടപ്പാടങ്ങൾ തിരികെ പിടിക്കുകയാണ് വേണ്ടത്. അതിനായി, ജനകീയ പ്രതിരോധ പ്രക്ഷോഭ സമിതികൾക്ക് രൂപം നൽകണം. കോവിഡിന് ശേഷം ബുദ്ധിമുട്ടേറിയ ജീവിതസാഹചര്യത്തിൽ, പൂർവ സ്ഥിതി പുനഃസ്ഥാപിക്കപ്പെടുന്നതുവരെ കാർഷിക-വിദ്യാഭ്യാസ-ഭവന-അടിസ്ഥാന ആവശ്യ വായ്പകൾക്കുമേലുള്ള എല്ലാ റിക്കവറിയും നിർത്തിവയ്ക്കണം. വായ്പയുടെ ഉത്തരവാദിത്തം സമ്പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇനിയുമൊരു അഭിരാമിക്ക് കൂടി കേരളത്തിൽ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതി വരരുത്.

Share this post

scroll to top