ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്ന വാളയാര്‍ അമ്മ ഭാഗ്യവതിക്ക് SUCI (Communist) പാര്‍ട്ടിയുടെ പിന്തുണ

Share

വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി തേടിയുള്ള സമരത്തിൻറെ ഭാഗമായി ധർമടം മണ്ഡലത്തിൽ മത്സരിക്കുന്ന അമ്മ ഭാഗ്യവതിക്ക് പിന്തുണ നൽകാൻ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി ഡോക്ടർ.വി. വേണുഗോപാൽ അറിയിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തെ എൽഡിഎഫ് ഭരണത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വൻതോതിൽ വർദ്ധിച്ച അതിക്രമങ്ങൾക്കെതിരെയുള്ള ജനാധിപത്യ പ്രക്ഷോഭം ശക്തിപ്പെടുത്താൻ ഈ സ്ഥാനാർത്ഥിത്വം ഇടവരുത്തും.

സഹോദരിമാരായ 13 വയസ്സും 9 വയസ്സുള്ള ഉള്ള രണ്ടു പെൺകുട്ടികൾ 52 ദിവസത്തെ കാലയളവിനുള്ളിൽ ദുരൂഹമായി മരിച്ച നിലയിൽ കാണപ്പെട്ട, കേരളത്തിൻറെ മനസ്സാക്ഷിയെ നടുക്കിയ വാളയാർ കേസിൽ എൽഡിഎഫ് സർക്കാരിന്റെ പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ച് പ്രതികളെ രക്ഷിക്കുകയായിരുന്നു എന്നത് സംശയാതീതമായ വസ്തുതയാണ്.

പോലീസിന്റെ വീഴ്ചയെ സംബന്ധിച്ച് നടന്ന അന്വേഷണം പുറത്തുകൊണ്ടുവന്ന വിവരങ്ങൾ ഇക്കാര്യം അടിവരയിട്ടു തെളിയിക്കുന്നു. എന്നാൽ കേസ് അട്ടിമറിക്കാനും മരിച്ച പെൺകുഞ്ഞുങ്ങളെ ഏറ്റവും മോശമായി ചിത്രീകരിക്കാനും നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്ക് പിന്നീട് സ്ഥാനക്കയറ്റവും ഐപിഎസ് ഉം നൽകി കേരളത്തിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. രണ്ടാമത്തെ കുട്ടിയുടെ ജീവൻ എടുക്കാൻ ഇടയാക്കിയത് പോലീസിന്റെ ഒത്തുകളി ഒന്നുകൊണ്ടുമാത്രമാണ്.തെളിവുകൾ നശിപ്പിച്ചും,കുറ്റപത്രം ദുർബലമാക്കിയും , നിലവിലുണ്ടായിരുന്ന തെളിവുകൾ പോലും കോടതിയിൽ ഹാജരാക്കാതെയും പ്രതികളെ രക്ഷിച്ചത് ഈ സർക്കാരിൻറെ പോലീസാണ്. പ്രോസിക്യൂഷന് സംഭവിച്ച പരാജയം യാദൃശ്ചികമാണെന്ന് ഒരു കാരണവശാലും കരുതാനാവില്ല. ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സ്ത്രീഹത്യകളുടെയും ഭരണകൂട വീഴ്ചകളുടെയും ഒത്തുകളികളുടെയും ഗണത്തിൽപ്പെടുന്ന ഒന്നുമാത്രമാണ് വാളയാർ.

സ്ത്രീസുരക്ഷയെ കണക്കിലെടുക്കുമ്പോൾ അതിപ്രധാനമായ വാളയാർ കേസിൽ ഉണ്ടായവീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കും. അതിനാൽ ഇക്കാര്യത്തിൽ കേരളത്തോട് മാപ്പ് പറഞ്ഞു ഗൗരവമുള്ള തിരുത്തൽ നടപടി സർക്കാർ സ്വീകരിക്കണ മായിരുന്നു. അതിന് മുതിരാത്ത സർക്കാരിൻറെ ധാർഷ്ട്യത്തിന് എതിരെയുള്ള പ്രതിഷേധമായും , നീതിക്കുവേണ്ടിയുള്ള സമരമായും വാളയാർ അമ്മയുടെ തെരഞ്ഞെടുപ്പ് മത്സരത്തെ കാണണമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) അഭിപ്രായപ്പെടുന്നു.സംസ്ഥാനമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ ഈ പോരാട്ടത്തോടൊപ്പം നിലകൊള്ളണം എന്നും പ്രസ്താവനയിൽ തുടർന്നു പറയുന്നു.

Share this post

scroll to top