കോവിഡ് 19 ന്റെ രണ്ടാം തരംഗത്തെ പറ്റി എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് താഴെ കൊടുക്കുന്ന പ്രസ്താവന പുറപ്പെടുവിച്ചു.

FB_IMG_1618598941012.jpg
Share

ഒന്നാംഘട്ട കോവിഡ് 19 മഹാമാരിയെക്കാൾ വളരെ ഗുരുതരമായ രണ്ടാം തരംഗത്തിന്റെ പിടിയിലമർന്നിരിക്കുകയാണ് നാമിപ്പോൾ. അത് ആയിരക്കണക്കിന് ജീവനുകൾ അപഹരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ സാഹചര്യം ഇത്രയും ഭയാനകമായിട്ടും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരോ ഏതൊരു സംസ്ഥാന സർക്കാരുകളുമോ ഈ സ്ഥിതിവിശേഷത്തെ നേരിടാൻ കാര്യക്ഷമമായി യാതൊന്നും തന്നെ ചെയ്യുന്നില്ല. കഴിഞ്ഞവർഷം ഈ മഹാമാരി പുറപ്പെട്ടപ്പോൾ അനവധി ലക്ഷം മനുഷ്യജീവനു കളെടുത്തു പോവുകയും സാധാരണ മനുഷ്യർക്ക് താങ്ങാനാവാത്ത സാമ്പത്തിക ദുരിതങ്ങൾക്ക് കാരണമാവുകയും ചെയ്തു. അന്നുതന്നെ, ഇത്രയും കാലം സർക്കാരുകൾ നിർണായകമായ ആരോഗ്യരംഗത്തെ കുറ്റകരമായി അവഗണിച്ചത് മൂലം ഈ രാജ്യത്ത് ആശുപത്രികളുടെയും ആശുപത്രി കിടക്കകളുടെയും തിയേറ്ററുകളുടെയും ഓക്സിജൻ സിലണ്ടറുകളുടെയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും അവശ്യമരുന്നുകളുടെയും എണ്ണത്തിൽ പരിതാപകരമാം വിധം കുറവാണെന്ന യാഥാർഥ്യം പരമദയനീയമായി വെളിപ്പെട്ടിരിന്നതാണ്. രാജ്യത്ത് വാക്സിനുകളുടെ രൂക്ഷമായ ക്ഷാമം നിലനിൽക്കുമ്പോൾ പ്രധാനമന്ത്രി ‘വാക്സിനേഷൻ ഉത്സവം'( Tika ulsav) ആഘോഷിക്കുകയാണ്. ഇത് കഴിഞ്ഞ വർഷം നടന്ന പോലെയുള്ള കൈകൊട്ടലും പാത്രം കൊട്ടലും വിളക്ക് കത്തിക്കലും സൈനിക ഹെലികോപ്റ്റർ വഴി പുഷ്പവൃഷ്ടി നടത്തുന്നതും പോലുള്ള തമാശയല്ലാതെ മറ്റെന്താണ്? ജനങ്ങളുടെ വിലപ്പെട്ട ജീവനിൽ അൽപമെങ്കിലും ആശങ്കയുണ്ടായിരുന്നെങ്കിൽ രണ്ടാം തരംഗം ഉണ്ടാവുന്നതിനു മുൻപ് ഈ അപര്യാപ്തതകൾ മറികടക്കുവാൻ വേണ്ട തയാറെടുപ്പുകൾ നടത്താൻ സർക്കാരുകൾക്ക് മതിയായ സമയം ഉണ്ടായിരുന്നു. കുത്തകകൾക്ക് പല രൂപങ്ങളിലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ അധികമധികം നൽകുമ്പോൾ ആരോഗ്യ ബഡ്ജറ്റ് ഇപ്പോഴും പരിതാപകരമായ വിധം താഴെയാണ്. സൈനിക ചെലവും ഭരണചെലവും തുടർച്ചയായി വർദ്ധിപ്പിക്കുകയാണ്. ഒരുവശത്ത്, ഗംഭീരമായ ഒരു കൊട്ടാരം പോലെയുള്ള പാർലമെന്റ് മന്ദിരം നിർമ്മിക്കാനും ചുറ്റുപാടുകൾ അലങ്കരിക്കുവാനും വേണ്ടി ആയിരക്കണക്കിന് കോടി രൂപയും, പ്രധാനമന്ത്രിക്കും മറ്റും മന്ത്രിമാർക്കും വേണ്ടി കയ്യയച്ചും ചെലവിടുമ്പോൾ മറുവശത്ത്, ആയിരങ്ങളായ, ദരിദ്രരാക്കപ്പെട്ട ജനങ്ങൾ ചികിത്സയ്ക്കുവേണ്ടി കേഴുകയും അതു കിട്ടാതെ പലപ്പോഴും മരണത്തിലേക്ക് പോവുകയും ചെയ്യുന്നു. കഴിഞ്ഞവർഷം പ്രധാനമന്ത്രിയുടെ ആശ്വാസ നിധി ഫണ്ട്(PM cares fund) എന്ന പേരിൽ പ്രധാനമന്ത്രിയുടെ പദവി ഉപയോഗപ്പെടുത്തിക്കൊണ്ട് വമ്പിച്ച തുക ശേഖരിക്കുകയുണ്ടായി. എത്ര തുക പിരിച്ചെടുത്തെന്നോ ആരുടെ ആശ്വാസത്തിനു വേണ്ടി എത്ര ചെലവഴിച്ചു എന്നോ ആർക്കുമറിയില്ല. അതൊക്കെ നിഗൂഢതയിൽ മുങ്ങി നിൽക്കുകയാണ്. ഹിന്ദുത്വത്തിന്റെ ഈ പ്രയോക്താക്കൾക്ക് എന്തെങ്കിലും മാനുഷിക വികാരങ്ങളുണ്ടോ? മാരകമായ കൊറോണാ മഹാമാരിയുടെ രണ്ടാം തരംഗം കാട്ടുതീപോലെ പടർന്നു കൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും മറ്റ് ബിജെപി മന്ത്രിമാരും അതുപോലെ, ബിജെപിയുടെ ഉന്നത നേതാക്കളും കോടിക്കണക്കിന് രൂപ ചെലവിട്ടു രാത്രിയും പകലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. നടന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കുക എന്ന ഒരേയൊരു ഉദ്ദേശത്തോടെ അവർ ആരോഗ്യസുരക്ഷാ പ്രോട്ടോകോൾ എല്ലാം ലംഘിച്ചുകൊണ്ട് വോട്ടുപിടിക്കാനായി വൻ തോതിൽ ആളെ കൂട്ടുകയും ചെയ്തു. മറ്റെല്ലാ മുതലാളിത്ത- സാമ്രാജ്യത്വ രാജ്യങ്ങളുടെയും സ്ഥിതി ഇതേപോലെ തന്നെ ഭയാനകമാണ്. ജനങ്ങളുടെ ജീവിതത്തെ തരിമ്പും പരിഗണിക്കാത്ത, മുതലാളി വർഗത്തിന് പരമാവധി ലാഭം കുന്നുകൂട്ടുവാൻ വേണ്ടി മാത്രം പരിശ്രമിക്കുന്ന മുതലാളിത്തത്തിന്റെ ക്രൂരമായ, മനുഷ്യത്വരഹിതമായ മുഖമാണിത്. അതിനാൽ കോവിഡും പട്ടിണിയും മൂലം ലക്ഷങ്ങൾ ദിവസേന മരിച്ചു കൊണ്ടിരിക്കുമ്പോഴും കോർപ്പറേറ്റ് ഭീമന്മാരും വമ്പൻ ബഹുരാഷ്ട്ര കുത്തകകളും അതിഭീമമായ ലാഭം വാരിക്കൂട്ടുകയും അവരുടെ സമ്പത്ത് പലമടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിൽ ഒരതിശയവുമില്ല. കൂടാതെ, ലോകമെമ്പാടും മനുഷ്യരാശിയാകെ ഇതേപോലൊരു അഭൂതപൂർവ്വമായ ആരോഗ്യ പ്രതിസന്ധിയെയും അനുബന്ധ സാമ്പത്തിക ദുരന്തത്തെയും അഭിമുഖീകരിക്കുമ്പോൾ, ലഭ്യമായ സകല വിഭവങ്ങളെയും സമാഹരിച്ചുകൊണ്ട് മനുഷ്യവംശത്തെ ഈ മഹാമാരിയിൽ നിന്ന് രക്ഷിച്ചെടുക്കാനായി ഈ മാരക വൈറസിനെതിരെ യോജിച്ച പോരാട്ടം നടത്തുന്നതിന് പകരം മുതലാളിത്ത – സാമ്രാജ്യത്വ രാജ്യങ്ങളിലെ ഭരണാധികാരികൾ നീചമായ വ്യാപാര യുദ്ധങ്ങളിൽ മുഴുകുകയും ഭീമമായ വിധത്തിൽ സൈനിക ബഡ്ജറ്റ് വർദ്ധിപ്പിക്കുകയും പ്രാദേശിക അതിർത്തി യുദ്ധങ്ങൾ കുത്തിപ്പൊക്കുകയുമാണ്. ഇതെല്ലാം മുതലാളിത്തത്തിന്റെ പൈശാചികമായ മനുഷ്യവിരുദ്ധ മുഖം ഒന്നുകൂടെ വെളിവാക്കുകയാണ്. മുതലാളിത്ത- സാമ്രാജ്യത്വത്തിന് സർവ്വതും പരമാവധി ലാഭം വർദ്ധിപ്പിക്കുക എന്നതിന് വേണ്ടിയാണ്. സാധാരണ മനുഷ്യരുടെ ജീവൻ ഒരു പരിഗണനാവിഷയമേയല്ല. ഈ വേദനാകരമായ സാഹചര്യത്തെ നേരിടാൻ മതിയായ നടപടികൾ ചടുലമായി സ്വീകരിക്കുവാൻ നിർബന്ധിതമാക്കുന്ന തരത്തിൽ അതത് രാജ്യങ്ങളിലെ സാമ്രാജ്യത്വ- മുതലാളിത്ത ഭരണാധികാരികൾക്കെതിരെ ജനങ്ങളുടെ യോജിച്ച സുസംഘടിതമായ സമരം എല്ലാ ശ്രദ്ധയോടും കൂടി കെട്ടഴിച്ചു വിടുക എന്നതാണ് ഈ സാഹചര്യം വ്യാഗ്രതയോടെ നമ്മോടാവശ്യപ്പെടുന്നത്. ആത്യന്തികമായി ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളിലെയും മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും വേണം.

Share this post

scroll to top