നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കേന്ദ്രഗവണ്മെന്റ് അത് അവഗണിക്കുകയായിരുന്നു. കയറ്റുമതി, ആഭ്യന്തര ഉപഭോഗം, സംഘടിതമേഖലയിലെ ഉൽപാദനം, സ്വകാര്യ നിക്ഷേപം എന്നീ രംഗങ്ങളിലൊക്കെ ഇടിവുണ്ടായിട്ടുണ്ട്. പെട്രോളിയം വിലവർദ്ധന ഭീമമാണ്. കിട്ടാക്കടം മൂലം ബാങ്കുകൾ വായ്പ കുറച്ചത് സമ്പദ്ഘടനയിൽ പ്രതികൂല ഫലമാണുളവാക്കിയിരിക്കുന്നത്. തൊഴിൽ നഷ്ടം വർദ്ധിക്കുകയാണ്. ദീർഘനാളായി പ്രതിസന്ധിയിലായിരുന്ന കാർഷിക മേഖലയിൽ ഇപ്പോൾ വലിയ ആഘാതമാണുണ്ടായിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് വൻ നഗരങ്ങളിൽ നടത്തിയ സർവ്വേ പറയുന്നതും പണപ്പെരുപ്പം കൂടുന്നുവെന്നും ഉപഭോഗ ശേഷി കുറയുന്നുവെന്നുമാണ്.
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്ന കാലയളവാണിത്. ഏഷ്യൻ കടുവകൾ എന്ന് വിശേഷിപ്പിക്കപ്പെട്ട സമ്പദ്ഘടനകൾ നിലംപൊത്തിയപ്പോഴും വീഴാതെ പിടിച്ചുനിന്ന ഇന്ത്യൻ സമ്പദ്ഘടനയെ ബൂർഷ്വാ സാമ്പത്തിക വിദഗ്ദ്ധർ കുറച്ചൊന്നുമല്ല പ്രകീർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സാമ്പത്തിക രംഗം അധോഗതിയിലാണെന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും സമ്മതിച്ചിരിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഗവേഷണവിഭാഗം ജിഡിപി വളർച്ച താഴോട്ടാണെന്ന് വെളിപ്പെടുത്തുകയുണ്ടായി. നടപ്പുവർഷം രണ്ടാംപാദത്തിൽ ഇത് 5.7 ശതമാനമാണ്. കഴിഞ്ഞ പാദത്തിൽ ഇത് 6.1 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഈ കാലയളവിൽ 7.9 ശതമാനമായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി വളർച്ച നിരക്ക് താഴോട്ടാണ്. നോട്ട് നിരോധനവും ജിഎസ്ടിയുമാണ് വില്ലൻ എന്ന് ഇവരൊക്കെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി താത്ക്കാലികമാണെന്ന് സർക്കാർ പറയുന്നു. ഇതിനായി ലോകബാങ്ക്, ഐഎംഎഫ് തുടങ്ങിയ ആഗോള ധനകാര്യ ഏജൻസികളുടെ സാക്ഷ്യപത്രവും ഹാജരാക്കുന്നുണ്ട്. എന്നാൽ ഈ പ്രതിസന്ധി ഏറെക്കാലമായി ഇന്ത്യൻ സമ്പദ്ഘടനയെ ഗ്രസിച്ചിട്ടുള്ളതും ഇപ്പോൾ കൂടുതൽ പ്രകടമായിട്ടുള്ളതുമാണ് എന്നതൊരു വസ്തുതയാണ്. സാമ്പത്തിക രംഗം ഗൗരവാവഹമായ പഠനത്തിന് വിധേയമാക്കുന്നവർക്ക് ഇത് എളുപ്പത്തിൽ ബോദ്ധ്യമാകും. വളർച്ചയിലെ മാന്ദ്യം നിസ്സാരമോ സാങ്കേതികമോ അല്ലെന്നും ദൂരവ്യാപക ഫലങ്ങൾ ഉളവാക്കാൻ പോന്ന ഘടനാപരമായ പ്രശ്‌നമാണെന്നും സ്റ്റേറ്റ് ബാങ്ക് തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ജിഎസ്ടി നടപ്പിലാക്കിയപ്പോൾ സംസ്ഥാനത്ത് 600 ഉല്പന്നങ്ങളിൽ 169 എണ്ണത്തിനുമാത്രമാണ് വില കുറഞ്ഞത് എന്ന് ധനകാര്യ മന്ത്രി ഇപ്പോൾ വിലപിക്കുന്നു. കേരളത്തിൽ ഐടി കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ നടക്കുന്നു. 9 മാസത്തിനിടെ 1000 പേർക്ക് ജോലി പോയതായി റിപ്പോർട്ട് വന്നിരുന്നു. ജിഎസ്ടി നടപ്പിലാക്കിയപ്പോൾ കരാറുകാർ വിട്ടുനിൽക്കുന്നതുവഴി മരാമത്ത് പണികൾ പലതും നടക്കുന്നില്ല. കഴിഞ്ഞ വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 67 ശതമാനം പണി മാത്രമാണ് ചെയ്തത്. ഈ വർഷം പകുതി കഴിഞ്ഞിട്ടും 20 ശതമാനമേ ആയിട്ടുള്ളൂ.
കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ 11 ലക്ഷം കോടിയുടെ കുറവുണ്ടാകുമെന്ന് സ്റ്റേറ്റ് ബാങ്ക് പഠനം പറയുന്നു. ഓഹരി വിറ്റഴിക്കലും ചെലവുചുരുക്കലുമാണ് പ്രതിവിധിയായിക്കാണുന്നത്. രണ്ടും വിനാശകരമായ സാമ്പത്തിക നടപടികൾതന്നെ. ഓഹരി വിറ്റഴിക്കലിലൂടെ 72,000 കോടിയാണ് പ്രതീക്ഷിക്കുന്നത്. റവന്യൂ ചെലവിൽ 38,000 കോടിയും മൂലധന ചെലവിൽ 70,000 കോടിയും കുറവുവരുത്താമെന്ന് കണക്കുകൂട്ടുന്നു. ജനങ്ങളുടെ ദുരിതങ്ങൾ ഇനിയും പെരുകുമെന്ന് ചുരുക്കം.
ജിഎസ്ടി പൂർണമായി അഴിച്ചുപണിയണമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറിതന്നെ അഭിപ്രായപ്പെടുന്നു. ചെറുകിട-ഇടത്തരം കച്ചവടക്കാർക്കുമേലുള്ള നികുതിഭാരം കുറയ്ക്കണമത്രെ. സാധാരണക്കാർക്ക് ഭാരമായി തോന്നുന്ന സാധനങ്ങളുടെയെല്ലാം നികുതി കുറയ്ക്കണമെന്നും ഹസ്മുഖ് ആദിയ അഭിപ്രായപ്പെടുന്നു.
2010ൽ എണ്ണവില നിയന്ത്രണത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറിയതുമുതൽ എണ്ണവില കുതിച്ചുയരുകയാണ്. 2017ൽ പെട്രോൾ വില 75 രൂപയ്ക്കുമേലായി. 2014-17ൽ 9 തവണ എക്‌സൈസ് തീരുവ കൂട്ടി. 99,000 കോടിയിൽനിന്ന് ഇത് 2,42,000 കോടിയായി. 2014ൽ 9.48 രൂപയായിരുന്ന എക്‌സൈസ് ഡ്യൂട്ടി ഇപ്പോൾ 21.46 രൂപയായി. പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താതെ 60 ശതമാനം നികുതി ചുമത്തി കൊള്ളയടിക്കുകയാണ് സർക്കാരുകൾ.
സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ഉപായമെന്ന നിലയിൽ കേന്ദ്ര ഗവണ്മെന്റ് 10 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് വെറും തട്ടിപ്പാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകും. 2.11 ലക്ഷം കോടി പൊതുമേഖലാ ബാങ്കുകൾക്കായി പ്രഖ്യാപിച്ചതിൽ 76,000 കോടി മാത്രമാണ് ബജറ്റ് വിഹിതം. 1.35 ലക്ഷം കോടി ബോണ്ടുകൾ വിറ്റ് സമാഹരിക്കണം. ഇതുകൂടാതെ പരിഷ്‌കരണ നടപടികളും വരും. ഇതെല്ലാം ഉപഭോക്താക്കളുടെ തലയിലാണ് പതിക്കുക. ബോണ്ടുകൾക്ക് പലിശ കൊടുക്കണം. വിത്തെടുത്ത് കുത്തുന്ന നടപടിയാണിത്. വൻകിടക്കാർ വായ്പ തിരിച്ചടയ്ക്കാതെ ബാങ്കുകളെ പ്രതിസന്ധിയിലാക്കുമ്പോൾ അവരിൽനിന്ന് അത് ഈടാക്കുന്നതിനുപകരം പൊതു ഖജനാവിൽനിന്ന് പണമൊഴുക്കുന്നത് തികച്ചും ജനവിരുദ്ധ നടപടിതന്നെയാണ്. റോഡ് വികസനത്തിന് 6,90,000 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയാണ്. 2,90,000 കോടിയും ഓഹരി വിപണിയിൽ നിന്നാണ് സമാഹരിക്കുന്നത്. റോഡ് ഫണ്ടിൽനിന്ന് 2,51,000 കോടിയും നൽകും. റോഡുകൾ സ്വകാര്യവൽക്കരിക്കുന്നതിന് സമാനമാണീ നടപടി.
രാജ്യം നേരിടുന്ന ഈ ഭീഷണിയൊന്നും സംസ്ഥാനത്തെ ബിജെപിയെ അലോസരപ്പെടുത്തുന്നില്ല. അവർ കാസർഗോഡുനിന്ന് തിരുവനന്തപുരത്തേയ്ക്ക് ജാഥ നടത്തിയത് ജിഹാദി-ചുവപ്പ് ഭീകരതയിൽനിന്ന് ജനങ്ങളെ രക്ഷിക്കാനാണ്. പണം കോരിച്ചൊരിഞ്ഞ്, അഖിലേന്ത്യാ നേതാക്കളിൽ വിവരക്കേട് പുലമ്പുന്നതിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരെയെല്ലാം അണിനിരത്തി നടത്തിയ ജാഥ കേരളീയരിൽ സൃഷ്ടിച്ച അവജ്ഞ കുറച്ചൊന്നുമല്ല. ജാഥയ്ക്കിടയിൽ നടന്ന വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗണ്യമായി വോട്ടുകുറഞ്ഞതും വെറുതെയല്ല. ദേശീയതലത്തിൽ ഭീകരതയുടെ പര്യായമായി മാറിക്കഴിഞ്ഞ പാർട്ടിയാണ് ബിജെപി. പശുവിറച്ചി വേവിച്ചു എന്ന കള്ളം പ്രചരിപ്പിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ ഒരു സാധുമനുഷ്യനെ വെട്ടിക്കീറിയതിൽ തുടങ്ങി എത്രയെത്ര കൊലപാതകങ്ങളാണ് സംഘപരിവാർ രാജ്യത്ത് നടത്തിയത്. ഗോവിന്ദ് പൻസാരെ, കൽബുർഗി, ഗൗരി ലങ്കേഷ് എന്നിങ്ങനെ തുടർന്നുകൊണ്ടിരിക്കുന്ന അരുംകൊലകൾ മനസ്സാക്ഷി മരവിപ്പിക്കുന്നതാണ്. ഗോരക്ഷയുടെ പേരിൽ കൊല നടത്തുന്നവർക്ക് മൂക്കുകയറിടണമെന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവന്നത് ബിജെപി നയിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അക്രമികളെ കയറൂരിവിട്ടതുകൊണ്ടാണ്. 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണ് പശുവിന്റെ പേരിലുള്ള ആക്രമണങ്ങളിൽ 97 ശതമാനവും നടന്നത്. കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്ത് ന്യൂനപക്ഷങ്ങളോട് പുലർത്തുന്ന അസഹിഷ്ണുതയുമൊക്കെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെപോലും വിമർശനത്തിന് പാത്രമായ കാര്യങ്ങളാണ്. താജ്മഹൽ ലക്ഷ്യംവച്ച് ഇവർ നടത്തുന്ന ഹീനനീക്കം മറ്റൊരു ബാബ്‌റി മസ്ജിദ് സൃഷ്ടിച്ച് രാജ്യത്തെ ചോരക്കളമാക്കി മാറ്റാൻ തന്നെയാണ്. സിപിഎംന്റെ വികലനയം മൂലം കേരളത്തിൽ ഇവരുടെ ചോരക്കളിക്ക് ഒരു ഉത്തമ പ്രതിയോഗിയെ കിട്ടി എന്നത് സംഘപരിവാറിന് വലിയ നേട്ടവും സമൂഹത്തിന് അളവറ്റ ഹാനിയും വരുത്തിവച്ചുകൊണ്ടിരിക്കുകയാണ്. സിപിഎംന്റെ ചെയ്തികൾ ചൂണ്ടിക്കാട്ടി മഹനീയ ദർശനമായ കമ്മ്യൂണിസത്തെ കളങ്കപ്പെടുത്തുന്നത് സാമൂഹ്യ പുരോഗതിക്കുതന്നെ വിലങ്ങുതടിയാകുന്ന നിലപാടാണ്.
കേരളത്തിൽ ഇസ്ലാമിക തീവ്രവാദം ശക്തമാണെന്ന് സ്ഥാപിക്കാനുള്ള ഇവരുടെ വ്യഗ്രതയും ദുഷ്ടലാക്കോടെയുള്ളതാണ്. ഹിന്ദുക്കൾ മതംമാറി വിവാഹം കഴിച്ചാലുടൻ അത് ലൗ ജീഹാദും തീവ്രവാദവുമാക്കി ചിത്രീകരിക്കുന്നത് അപകടകരമാണ്. ജാതിക്കും മതത്തിനും അതീതമായ ചിന്ത വളർന്നുവരുന്നത് തടയുകയും സങ്കുചിത ചിന്താഗതികളിൽ സമൂഹത്തെ തളച്ചിടുകയുമാണ് എല്ലാ വർഗീയ ശക്തികളുടെയും പദ്ധതി. നിഷ്പക്ഷവും സ്വതന്ത്രവുമായി അഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകകൂടി ചെയ്യുന്നതോടെ ബിജെപിക്കെതിരായ അഭിപ്രായവും കേന്ദ്ര സർക്കാരിനെതിരായ നിലപാടും രാജ്യദ്രോഹമെന്ന് സ്ഥാപിച്ചുകൊണ്ട് അങ്ങേയറ്റം അപകടകരമായ സ്ഥിതിയിലേയ്ക്ക് കാര്യങ്ങളെ എത്തിക്കാനാണ് ഇവർ ശ്രമിക്കുന്നത്. തീവ്രവാദത്തോട് കേരളീയ സമൂഹത്തിനുള്ള വിയോജിപ്പ് ദുരുപയോഗം ചെയ്യുകയാണിവർ.
ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്കുബദലായി സിപിഐ(എം) സംഘടിപ്പിച്ചത് ജനജാഗ്രതാ യാത്രയാണ്. കള്ളക്കടത്തുകാരന്റെ കാറിൽ സവാരിനടത്തി, പിടികിട്ടാപ്പുള്ളികളുമായി സിപിഐ(എം) എംഎൽഎമാർ വരെ ചങ്ങാത്തംകൂടി കൊഴുപ്പിച്ചെടുക്കുന്ന ജാഥ എന്ത് ജാഗ്രതാ നിർദ്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്. ഇവർ രണ്ടുകൂട്ടർക്കുമെതിരെ ജാഗ്രത പാലിക്കേണ്ടത് ഓരോ പൗരന്റെയും അടിയന്തര കർത്തവ്യമായി മാറിയിരിക്കുന്നു എന്നതാണ് സത്യം.
മെഡിക്കൽ കോഴ വിഷയത്തിൽ തൊലിയുരിഞ്ഞ് നിൽക്കുമ്പോഴാണ് ബിജെപി ജാഥ നടത്തിയ തെങ്കിൽ ഭൂമി കയ്യേറ്റക്കാരും നിയമലംഘകരുമായ തോമസ് ചാണ്ടിയെയും അൻവറിനെയും ചുമന്നുകൊണ്ടാണ് സിപിഐ(എം)ന്റെ ജാഥ. കായൽ കയ്യേറ്റ വിഷയത്തിൽ തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടർ റിപ്പോർട്ട് കൊടുത്തപ്പോൾത്തന്നെ ചാണ്ടിക്കെതിരെ നടപടിയെടുക്കേണ്ടതായിരുന്നു. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞുകിട്ടാനായി അത് ഇടക്കാല റിപ്പോർട്ടാക്കി. ഒടുവിൽ അന്തിമ റിപ്പോർട്ടും ആരോപണങ്ങൾ സ്ഥിരീകരിച്ചപ്പോൾ നിയമോപദേശമെന്ന കച്ചിത്തുമ്പിൽ പിടിച്ച് ജാഥയെ ഒരുവിധം കരകയറ്റാനുള്ള തത്രപ്പാടിലാണ് സിപിഐ(എം). ഇപ്പോഴാകട്ടെ ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് കോടതി ഉത്തരവും വന്നിരിക്കുന്നു. ഇക്കാര്യത്തിൽ സിപിഐ കയ്യാളുന്ന റവന്യൂ വകുപ്പിനോടുള്ള സിപിഐ(എം) സമീപനമാകട്ടെ ഈ മുന്നണിയിൽ ഇടതുപക്ഷ സ്വഭാവം പോയിട്ട് ജനാധിപത്യ രീതിപോലുമില്ലെന്ന് ഒരിക്കൽകൂടി ഓർമ്മിപ്പിക്കുകയാണ്. മൂന്നാർ കയ്യേറ്റവിഷയത്തിലും യുഎഇ കോൺസുലേറ്റിന് സ്ഥലം കണ്ടെത്തുന്ന വിഷയത്തിലുമൊക്കെ സിപിഐയെ തൃണവൽഗണിക്കുന്ന രീതിയാണ് ഇവർ അവലംബിച്ചിട്ടുള്ളത്. മന്ത്രിസഭയിലെ രാണ്ടാംകക്ഷിയായ സിപിഐയെ പരസ്യമായി അപമാനിക്കുംവിധം അഡ്വക്കേറ്റ് ജനറൽ അഭിപ്രായ പ്രകടനം നടത്തുന്നത് ആരുടെ ബലത്തിലാണെന്ന് വ്യക്തമാണല്ലോ.
ഭരണ രംഗത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തികഞ്ഞ പരാജയമാണ്. ക്രമസമാധാന പാലനത്തിൽ കുറ്റകരമായ സമീപനമാണ് പുലർത്തുന്നത്. കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇതുവരെ മരിച്ചത് 216 പേരാണ്. ഈ ഗവണ്മെന്റ് അധികാരമേറ്റതിനുശേഷവും ഈ പ്രക്രിയയ്ക്ക് ക്ഷീണമൊന്നും സംഭവിച്ചിട്ടില്ല. 6 മാസത്തിനിടയിൽ ഹരിപ്പാടുമാത്രം ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ മേൽതന്നെ കൊലപാതക കേസിൽ യുഎപിഎ ചുമത്തപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾ വിഹരിക്കുകയാണ്, പണച്ചാക്കുകളുടെ, രാഷ്ട്രീയക്കാരുടെ, പ്രോസിക്യൂട്ടർമാരുടെ, കോടതിയുടെ ഒക്കെ പരിരക്ഷയിൽ. തൊടുപുഴയിൽ പോലീസ് സ്റ്റേഷനുമുന്നിൽ നടന്ന അക്രമത്തിൽ എസ്എഫ്‌ഐ ജില്ലാസെക്രട്ടറിതന്നെ ഒന്നാംപ്രതിയായി. കൊല്ലം ജില്ലയിൽ ഒരു ചോട്ടാ സിപിഎം നേതാവിന്റെ ശല്യം സഹിക്കവയ്യാതെ സിപിഐ(എം) ജില്ലാ സെക്രട്ടറിക്ക് പരാതി നൽകാൻ പോലീസ് അസോസിയേഷൻകാർ ഒരുങ്ങുന്നതായും കേട്ടു. ചില പോലീസ് ഉദ്യോഗസ്ഥർക്ക് മണ്ണ്, മണൽ, ക്വട്ടേഷൻ മാഫിയകളുമായി ബന്ധമുണ്ടെന്ന് ജില്ലാ പോലീസ് മേധാവികൾക്ക് അയച്ച സർക്കുലറിൽ ഡിജിപി തന്നെ പറയുന്നുണ്ട്. സംസ്ഥാനത്തെ ജയിലുകളാണെങ്കിൽ നിയമലംഘനങ്ങളുടെയും അഴിമതിയുടേയും സംഘർഷത്തിന്റെയും കേന്ദ്രങ്ങളാണ്.
മദ്യത്തിന്റെ കാര്യത്തിൽ ഏറ്റവും വിനാശകരമായ നിലപാടാണ് എൽഡിഎഫ് ഭരണത്തിന്റേത്. മദ്യഷാപ്പുകൾ തുറക്കാൻ ദേശീയപാതകളെ സംസ്ഥാന പാതകളാക്കിയവർ സ്വന്തം പാർട്ടിയിലും മദ്യപാനത്തിന് അർഹമായ സ്ഥാനം നൽകിയിട്ടുണ്ട്. പാർട്ടിയിൽ മദ്യപന്മാരുടെ എണ്ണം കൂടുന്നതായി ബ്രാഞ്ച് സമ്മേളനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കൂട്ടത്തിൽ, ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും സാമുദായിക പ്രവർത്തനവുമൊക്കെ ശക്തിപ്പെടുന്നുണ്ട്. ഓണനാളുകളിൽ കേരളം കുടിച്ചത് 484 കോടിയുടെ മദ്യമാണ്. ഇത് ബിവറേജസ് കോർപ്പറേഷന്റെ മാത്രം കണക്ക്. ബാറുകളും കൺസ്യൂമർഫെഡും എല്ലാംകൂടിയാകുമ്പോൾ ഇത് 600 കോടി കവിയും. ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽനിന്ന് 50 മീറ്ററാക്കി കുറച്ചു. ബിയർ ഉല്പാദിപ്പിക്കാൻ ഹോട്ടലുകളെത്തന്നെ അനുവദിക്കുന്ന കാര്യമാണ് ഇപ്പോൾ ഇവരുടെ സജീവ പരിഗണനയിലുള്ളത്.
കോൺഗ്രസ് ഭരണത്തിലെ അഴിമതിയിൽ പൊറുതിമുട്ടിയ ജനങ്ങളുടെ പിന്തുണ പിടിച്ചുപറ്റിയാണ് ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നത്. ഈ വസ്തുത അറിയാവുന്നതുകൊണ്ടുതന്നെയാണ് നരേന്ദ്രമോദി എല്ലാ പ്രസംഗത്തിലും അഴിമതിക്കെതിരെ ഗീർവാണമടിക്കുന്നത്. എന്നാൽ മോദിയുടെ വലംകയ്യായ അമിത്ഷായുടെ മകൻ ഭരണത്തിന്റെ തണലിൽ വാരിക്കൂട്ടിയത് അനേക കോടികളാണ്. ഒരു ഓൺലൈൻ മാദ്ധ്യമം ഇക്കാര്യം പുറത്തുവിട്ടെങ്കിലും പല മാദ്ധ്യമങ്ങളും ഇക്കാര്യത്തിൽ മൗനംപാലിച്ചു. അപ്രഖ്യാപിതമായൊരു സെൻസർഷിപ്പ് ഇക്കാര്യത്തിൽ ഉണ്ടെന്ന് മനസ്സിലാക്കാം. ബിജെപി ഭരിക്കുന്ന രാജസ്ഥാൻ സർക്കാരാകട്ടെ പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥന്മാരുടെയുമൊക്കെ അഴിമതി അന്വേഷിക്കുന്നതിനും അത് മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്നതിനുംമുമ്പ് അനുമതി വാങ്ങണം എന്ന ഓർഡിനൻസ് ഇറക്കിയിരിക്കുകയാണ്. ഇനി ഒന്നും വെളിച്ചം കാണില്ല എന്നുതന്നെ പ്രതീക്ഷിക്കാം. ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശിൽ നടന്ന വ്യാപം അഴിമതി പണാപഹരണത്തിൽ ഒതുങ്ങുന്നതല്ല. നിയമങ്ങൾ കാറ്റിൽ പറത്തിയതിന്റെയും ആസൂത്രിത കൊലപാതകങ്ങളുടെയും പേരിൽ കുപ്രസിദ്ധമാണത്. നരേന്ദ്ര മോദിയെയും അമിത്ഷായെയും പോലെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും കുറ്റവിമുക്തനായി പ്രഖ്യാപിക്കപ്പെടുന്നതുകൊണ്ടൊന്നും സത്യം അമർച്ച ചെയ്യാനാവില്ല. ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ബിജെപിയിൽ ചേരാൻ പട്ടേൽ സമരസമിതി നേതാവിന് വാഗ്ദാനം ചെയ്തത് ഒരു കോടിരൂപയാണ്. അഡ്വാൻസ് നൽകിയ പണം അയാൾ ചാനലുകൾക്കുമുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. എംഎൽഎമാരെ പാട്ടിലാക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി ഒഴുക്കിയത് കോടികളാണ്. ജനാധിപത്യ വ്യവസ്ഥയെത്തന്നെ പരിഹസിക്കുന്ന നടപടിയായിരുന്നു ഇത്. കേരളത്തിൽ ആറര കോടി രൂപയുടെ മെഡിക്കൽ കോഴയേ പുറത്തു വന്നിട്ടുള്ളുവെങ്കിലും പലതും നടക്കുന്നതായി പാർട്ടിക്കാർതന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ പ്രാദേശിക നേതാവുപോലും കള്ളനോട്ടടിക്കാൻ പ്രാപ്തനാണെന്ന് തെളിയിച്ചത് കള്ളനോട്ട് തടയാൻ നോട്ട് നിരോധിച്ചിരിക്കുന്നു എന്ന് മോദി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ്. ഹവാല ഇടപാടിന്റെ കാര്യത്തിലും ഇവർ പിന്നിലല്ല.
പെട്രോൾ വിലവർദ്ധന സാധാരണക്കാരെ ഉദ്ധരിക്കാനാണെന്ന് ജാഥയിൽ തിളങ്ങിനിന്ന ബിജെപി മന്ത്രി കണ്ണന്താനം പ്രഖ്യാപിച്ചു. നൂറുകണക്കിന് കുട്ടികളെ സർക്കാരാശുപത്രിയിൽ കൊന്നുതള്ളിയ യുപി മുഖ്യമന്ത്രി ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനത്തെക്കുറിച്ച് കേരളീയരെ ഉദ്‌ബോധിപ്പിച്ചു. കർഷകരെ വെടിവച്ചുകൊന്ന, വ്യാപം അഴിമതിയുടെ പേരിൽ കുപ്രസിദ്ധനായ, ദിവസേന 11 സ്ത്രീകൾ വീതം ബലാൽസംഗത്തിനിരയാകുന്ന സംസ്ഥാനത്തെ ഭരണം നയിക്കുന്ന മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ജാഥയ്ക്ക് മിഴിവുനൽകാൻ എത്തിയിരുന്നു. കർണാടകത്തിലെ പ്രതിപക്ഷ നേതാവ് അക്രമത്തെ അക്രമംകൊണ്ട് നേരിടുമെന്ന വെല്ലുവിളി നടത്തി. ഇന്ത്യയിലാണ് മുസ്ലീങ്ങൾ ഏറ്റവും സുരക്ഷിതരെന്ന് മറ്റൊരു മന്ത്രി തട്ടിമൂളിച്ചു. രാജ്യത്ത് ഹിന്ദു വർഗ്ഗീയവാദമുണ്ടെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത നടൻ കമൽഹാസനെ വെടിവെച്ചു കൊല്ലണമെന്ന് ഒരു സംഘപരിവാർ നേതാവ് ആക്രോശിച്ചിരിക്കുന്നു. അതിപ്രശസ്തരുടെപോലും കാര്യത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ അല്ലാത്തവരുടെ കാര്യം പറയേണ്ടതില്ലല്ലോ. എല്ലാവർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി ബിജെപി ജാഥ നടത്തുമ്പോൾ രാജ്യത്തെവിടെയും ജനങ്ങളുടെ ജീവനുനേരെ ഭീഷണിയുയർത്തിയും ജനദ്രോഹ നയങ്ങളാൽ ജനജീവിതം താറുമാറാക്കിയും അതിസമ്പന്നരുടെ കീശ വീർപ്പിച്ച് മുന്നേറുകയാണ് ബിജെപി ഭരണം എന്നത് ക്രൂരമായ ഒരു വിരോധാഭാസമാണ്. മലബാർ കലാപം ബ്രിട്ടീഷ് വിരുദ്ധ സമരമല്ലെന്നും മുസ്ലീം ലഹളയാണെന്നും ജാഥയിൽ പ്രഖ്യാപനമുണ്ടായതും ദുരുദ്ദേശത്തോടെയായിരുന്നു. അഴിമതിയുടെ കാര്യത്തിൽ ബിജെപിയോട് മത്സരിക്കുകയാണ് സംസ്ഥാനെത്ത എൽഡിഎഫ് ഭരണം. തോമസ് ചാണ്ടിയുടെയും അൻവറിന്റെയും അഴിമതി മാത്രമല്ല സ്വജനപക്ഷപാതം നടത്തിയ ഇ.പി.ജയരാജനെ കുറ്റവിമുക്തനാക്കുന്നതും നമ്മൾ കാണേണ്ടിവന്നു. കൊച്ചി നഗരത്തിൽ സിറ്റി ഗ്യാസ് പദ്ധതിക്കുവേണ്ടി അദാനിക്ക് ഇളവുകൾ നൽകാൻ മുഖ്യമന്ത്രി തന്നെ മുൻകയ്യെടുത്തു. വിഴിഞ്ഞം പദ്ധതിയിൽ സംസ്ഥാന സർക്കാർ അദാനിക്ക് വിടുപണി ചെയ്യുകയാണെന്ന വിമർശനം കോടതി ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഈ നടപടി. മലബാർ സിമന്റ്‌സ് അഴിമതി കേസിൽ ചാക്ക് രാധാകൃഷ്ണന് ഇടതുപക്ഷത്തിന്റെ പിന്തുണ വേണ്ടുവോളമുണ്ടായിരുന്നു. ഒടുവിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വേണ്ടിവന്നു രാധാകൃഷ്ണന്റെ സ്വത്ത് കണ്ടുകെട്ടാൻ. 2004-08 കാലത്ത് മലബാർ സിമന്റ്‌സിന് നഷ്ടവും രാധാകൃഷ്ണന് ലാഭവുമുണ്ടായതായി അന്വേഷണ ഏജൻസി കണ്ടെത്തി. തിരുവനന്തപുരത്ത് കെഎസ്ആർടിസി ഭൂമി വില്പനയിൽ അഴിമതി നടന്നത് വിവാദമായതോടെ വില്പന റദ്ദാക്കേണ്ടിവന്നു.
കോൺഗ്രസിന്റെ നേതൃത്വത്തിൽ മറ്റൊരു ജാഥയും ആരംഭിച്ചിട്ടുണ്ട്. പടയൊരുക്കം എന്നാണ് പേര്. എന്തായാലും, എൽഡിഎഫ് നയങ്ങൾക്കെതിരെ യാതൊരു പടയൊരുക്കവും കോൺഗ്രസ് നടത്തില്ല. അപ്പോൾപിന്നെ പാളയത്തിൽ പട എന്നതായിരിക്കും ഉദ്ദേശിക്കുന്നത്. അക്കാര്യത്തിൽ അവർ വിരുതന്മാരുമാണ്. കേരളത്തിൽ കോൺഗ്രസിനെ നിഷ്പ്രഭമാക്കി ബിജെപിയെ പ്രധാന പ്രതിപക്ഷമാക്കിയെടുക്കാനുള്ള ശ്രമം സിപിഎം നടത്തുന്നതായി കോൺഗ്രസ് നേതാക്കൾ നിരന്തരം വിലപിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് എന്തെങ്കിലും താല്പര്യം തോന്നേണ്ട കാര്യമില്ല. എന്നാൽ, ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മുന്നണിയിൽ കോൺഗ്രസ്സിനെ ഉൾപ്പെടുത്തുന്നതിൽ സിപിഎം കേരള ഘടകം എതിരുനിൽക്കുന്നത് ബിജെപിക്ക് സന്തോഷമുള്ള കാര്യമാണ്. ബിജെപി ജാഥ ഒരിക്കൽപോലും പിണറായി ഭരണത്തിലെ ജനദ്രോഹ നയങ്ങളെ വിമർശിച്ചില്ല എന്നതും ശ്രദ്ധേയമാണ്. നോട്ടുനിരോധനവും ജിഎസ്ടിയുമടക്കം കേന്ദ്രത്തിന്റെ ഒരു നയത്തെയും സിപിഎം എതിർത്തിട്ടുമില്ല. ജിഎസ്ടി നടപ്പിലാക്കാൻ മുന്നൊരുക്കങ്ങൾ നടത്തിയ സമിതിയുടെ തലപ്പത്ത് സിപിഎം നേതാവായിരുന്നല്ലോ. അഴിമതിയിൽ മുങ്ങി നാണംകെട്ടുനിന്ന ബിജെപിക്ക് കേരളത്തിൽ മുഖംരക്ഷിക്കാൻ സിപിഎം അക്രമത്തിലൂടെ അവസരമൊരുക്കിയ കാര്യം നേരത്തെ ഞങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരായ കോടതി വിധികൾക്ക് എസ്എഫ്‌ഐ-എബിവിപി കയ്യാങ്കളികൾ കലാലയങ്ങളിൽ വഴിയൊരുക്കുന്നതും ഗൗരവമായിത്തന്നെ കാണേണ്ട കാര്യമാണ്. കേന്ദ്രത്തിൽ ബിജെപി ഭരണത്തിനും കേരളത്തിൽ സിപിഎം ഭരണത്തിനും അലോസരമുണ്ടാകരുത് എന്ന് ഇരുകൂട്ടരും ആഗ്രഹിക്കുന്നുണ്ടാകാം.
ജനജീവിതത്തിൽ ഗുണപരമായ ഒരു മാറ്റമുണ്ടാക്കാൻ ഈ ജാഥകളും ഇക്കൂട്ടരുടെ പ്രവൃത്തികളും ഉപകരിക്കുന്നില്ല എന്ന യാഥാർത്ഥ്യമാണ് ജനങ്ങളെ തുറിച്ചുനോക്കുന്നത്. ജനങ്ങളുടെ സാമ്പത്തിക ജീവിതത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെല്ലാം കോൺഗ്രസ്സും ബിജെപിയും സിപിഎം പോലുള്ള പാർട്ടികളുമൊക്കെ കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലിരുന്നുകൊണ്ട് നടപ്പിലാക്കുന്ന നയങ്ങളുടെ ഫലമാണ് എന്നതുകൊണ്ടുതന്നെ ഈ പാർട്ടികളിൽനിന്ന് ഈ പ്രശ്‌നങ്ങളുടെ പരിഹാരാർത്ഥമുള്ള നീക്കങ്ങളൊന്നും പ്രതീക്ഷിക്കാനില്ല. സാമ്പത്തികാക്രമണങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത് ഒഴിവാക്കാൻ അന്ധതയും മതഭ്രാന്തും വർഗ്ഗീയതയുമൊക്കെ ഊട്ടിവളർത്തുന്നതും ഇക്കൂട്ടർതന്നെ. ഈ ദ്വിമുഖമായ ആക്രമണത്തെ അതിജീവിക്കുന്നതിനുള്ള യോജിച്ച രാഷ്ട്രീയ മുന്നേറ്റങ്ങളാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
തെരഞ്ഞെടുപ്പുകളിൽ പാർലമെന്ററി പാർട്ടികൾ നേടുന്ന വിജയം ജനപിന്തുണയുടെ പ്രതിഫലനമല്ല. ജനങ്ങളെ നിസ്സഹായരും നിഷ്‌ക്രിയരുമാക്കി പണവും കയ്യൂക്കും അധികാരവുമുള്ളവർ വിജയം കൊയ്യുകയാണ്. തെരഞ്ഞെടുപ്പിൽ ഒരു കൂട്ടർ പരാജയപ്പെടുമ്പോൾ പകരം വരുന്നവർ അതേ നയങ്ങളും നടപടികളുംതന്നെ തുടരുന്നുവെന്നത് പതിറ്റാണ്ടുകളായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ജനജീവിതത്തിൽനിന്ന് ദുരിതങ്ങൾ ഒഴിയാത്തത് ഈ ഭരണത്തുടർച്ചകൊണ്ടാണ്. നാൾ ചെല്ലുന്തോറും മുതലാളിത്ത ഉല്പാദന സമ്പ്രദായത്തിലെ പ്രതിസന്ധി മൂർച്ഛിക്കുകയാണ്. വികസിത രാജ്യങ്ങളിലടക്കം പ്രത്യക്ഷപ്പെടുന്ന പ്രശ്‌നങ്ങൾ ഇതിന്റെ ദൃഷ്ടാന്തമാണ്. ഇന്ത്യയും ഇതിന് അപവാദമല്ല. പ്രതിസന്ധി മൂർച്ഛിക്കുംതോറും സാമ്പത്തികാക്രമണങ്ങളുടെ കാഠിന്യം കൂടും. രാഷ്ട്രീയ രംഗത്തെ ധാർമികത ചവുട്ടിമെതിക്കപ്പെടും. പൊരുതി നേടിയ അവകാശങ്ങൾ ജനങ്ങളിൽനിന്ന് കവർന്നെടുക്കപ്പെടും. ജാതിയും മതവുമൊക്കെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഉപാധിയായി മാറും. വർഗീയ കലാപങ്ങളും വർഗീയ പിരിമുറുക്കവും വർദ്ധിക്കും. ശാസ്ത്രത്തിന്റെ സ്ഥാനത്ത് കപട ശാസ്ത്രങ്ങൾ സ്ഥാനംപിടിക്കും. യുക്തിചിന്ത നിഷേധിക്കപ്പെടും. ഗവണ്മെന്റിന്റെ ദുഷ്‌ചെയ്തികളെ വിമർശിക്കുന്നവർ ഉന്മൂലനം ചെയ്യപ്പെടും. ഗവണ്മെന്റിനെ വിമർശിക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടും. രാജ്യസ്‌നേഹത്തിന് കാപട്യപൂർണമായ പുതിയ ഭാഷ്യങ്ങൾ രചിക്കപ്പെടും. ചരിത്രത്തിന്റെ നന്മകൾ മൂടിവയ്ക്കപ്പെടും. അന്തഃസാരശൂന്യമായ ജീവിതത്തിലേയ്ക്ക് യുവാക്കളെ ആട്ടിത്തെളിക്കും. അശ്ലീലതയും മദ്യവും ലഹരിവസ്തുക്കളുമൊക്കെ അധികാരത്തിന്റെ തണലിൽ വിരാജിക്കും. അയൽ രാജ്യക്കാരോടും സ്വന്തം രാജ്യെത്ത വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിലും അവിശ്വാസവും വെറുപ്പും ഊട്ടിവളർത്തപ്പെടും. നികുതിപ്പണത്തിന്റെ സിംഹഭാഗവും പോലീസും പട്ടാളവും ആയുധങ്ങളും ആക്രമണങ്ങളും കയ്യടക്കും. ഒരു ജനാധിപത്യ-മതേതര സമൂഹത്തിന്റെ എല്ലാ നന്മകളും അങ്ങനെ ക്രമേണ അപ്രത്യക്ഷമാകും.
ജനാധിപത്യ വിശ്വാസികളും ദേശസ്‌നേഹികളുമെല്ലാം ഉണർന്ന് പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. ജനാധിപത്യാവകാശങ്ങളുടെയും മതേതര-ശാസ്ത്രീയ മൂല്യങ്ങളുടെയും പുനസ്ഥാപനത്തിനുവേണ്ടിയുള്ള ജനങ്ങളുടെ യോജിച്ച മുന്നേറ്റങ്ങളുണ്ടാകുന്നതിലൂടെ മാത്രമേ ഈ സാഹചര്യത്തെ അതിജീവിക്കാനാകൂ. കേവലം പാർലമെന്ററി നേട്ടങ്ങൾക്കുവേണ്ടി കസർത്തുകൾ നടത്തുന്നവർക്ക് ഈ സാഹചര്യത്തെ നേരിടാനുള്ള പദ്ധതിയോ അതിനുള്ള ലക്ഷ്യബോധമോ ധാർമ്മികമായ കരുത്തോ ഇല്ല. ഉന്നതമായൊരു പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ കെട്ടിപ്പൊക്കുന്ന, ഉയർന്ന മൂല്യങ്ങൾ പ്രസരിപ്പിക്കുന്ന ഒരു ജനമുന്നേറ്റത്തിനുമാത്രമേ ഈ വെല്ലുവിളി ഏറ്റെടുക്കാനാകൂ.
മാനവരാശി സൃഷ്ടിച്ച ഏറ്റവും നവീനവും കാലികവും കരുത്തുറ്റതുമായ പ്രത്യയശാസ്ത്രമാണ് മാർക്‌സിസം. മുതലാളിത്ത വ്യവസ്ഥ സൃഷ്ടിക്കുന്ന എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും ശാശ്വത പരിഹാരം കണ്ടെത്തി സമൂഹത്തെ മുന്നോട്ടുനയിക്കാൻ കെല്പുള്ള ഒരേയൊരു ദർശനമാണത്. ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരായ പോരാട്ടങ്ങളിൽ അത് നമുക്ക് വഴികാട്ടിയാകും. ചൂഷണരഹിതമായൊരു സമൂഹത്തിന്റെ സൃഷ്ടിക്കായുള്ള പോരാട്ടത്തിലൂടെ മാത്രമേ ഇന്നനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ശാശ്വതമായി പരിഹരിക്കാൻ നമുക്ക് കഴിയൂ. സുദീർഘവും ക്ലേശകരവുമെങ്കിലും കുറുക്കുവഴികളില്ലാത്ത ആ പോരാട്ടത്തിൽ അണിനിരക്കുക എന്നതാണ് ചരിത്രം നമ്മോടാവശ്യപ്പെടുന്നത്.