തൊഴിലാളികൾക്കും കർഷകർക്കുംനേരെ കടുത്ത ശത്രുതയോടെ കേന്ദ്ര ബിജെപി സർക്കാർ അടിക്കടി കൊണ്ടുവരുന്ന വിനാശനയങ്ങളെ ചെറുത്ത് തോല്പിക്കാതെ ഇനി രാജ്യത്തിന് ഒരിഞ്ചും മുമ്പോട്ടു പോകാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് വലിയ ഭാഗവും ഇപ്പോള്‍ തന്നെ കൈയടക്കി വച്ചിട്ടുള്ളത് ഏതാനും കുത്തക മുതലാളിമാരാണ്. ഒരു രാഷ്ട്രമെന്ന നിലയിൽ ജനങ്ങളുടെ അദ്ധ്വാനംകൊണ്ട് സ്വരൂപിച്ച പൊതുസമ്പത്തും അതിന്റെ പ്രകൃതി വിഭവങ്ങളുംകൂടി കുത്തകകളുടെ കൈകളിലേയ‌്ക്ക് ഏല്പിച്ചു കൊടുക്കുന്ന നവ ഉദാരവൽക്കരണ നടപടിയുടെ തീവ്രയത്ന പൊളിച്ചടുക്കലിലാണ് മോദി സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. ജനദ്രോഹപരവും ദേശവിരുദ്ധവുമായ ഈ നടപടികൾക്കെതിരെ തൊഴിലാളികളും കർഷകരും മാത്രമല്ല, ഭാരത ജനത ഒന്നടങ്കം ശക്തമായി പൊരുതേണ്ട സമയമാണിത്.
കർഷകരെ കോർപ്പറേറ്റുകളുടെ അടിമപ്പണിക്കാരാക്കുന്നതും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ തന്നെ അപകടത്തിലാക്കുന്നതുമായ കാർഷിക കരിനിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ ധീരോദാത്തമായി തെരുവിൽ പോരാട്ടത്തിലാണ്. ഈ നിയമങ്ങൾ ഇപ്പോഴും നടപ്പാക്കാൻ പറ്റാത്തവിധം സർക്കാറിനെ പിടിച്ചുകെട്ടിയ കർഷക സമരത്തിന് ഒരു വർഷം തികയുന്നു. സെപ്റ്റംബർ 27 ന് നടന്ന ഭാരത് ബന്ദ് ഈ സമരത്തെ പുതിയ വിതാനത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.
രാജ്യത്തെ തൊഴിലാളികൾ പൊരുതി സ്ഥാപിച്ച 29 കേന്ദ്ര തൊഴിൽ നിയമങ്ങൾ ഒറ്റയടിക്ക് റദ്ദ് ചെയ്തു കൊണ്ട്, കോർപ്പറേറ്റ് താല്പര്യം മാത്രം പരിഗണിച്ച് കൊണ്ടുവന്ന ലേബർ കോഡുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും കുത്തകകൾക്ക് വിറ്റുതുലയ്ക്കുന്ന നടപടികൾക്കും എതിരെ തൊഴിലാളി പ്രക്ഷോഭണങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്.
ഈ പ്രക്ഷോഭണങ്ങൾക്കും പ്രതിഷേധങ്ങൾക്കും തരിമ്പും വില കല്പിക്കാതെ കൂടുതൽ കടുത്ത ജനദ്രോഹ നടപടികൾ അടിച്ചേല്പിക്കുന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. ആഗസ്റ്റ് 23 ന് ധനകാര്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ(എന്‍എംപി) എന്ന ‘പാട്ടപദ്ധതി’ ഇതാണ് തെളിയിക്കുന്നത്. അടുത്ത 4വർഷംകൊണ്ട് 6 ലക്ഷംകോടി രൂപ സമാഹരിക്കാൻ എന്നുപറഞ്ഞുകൊണ്ട് പ്രഖ്യാപിച്ച ഈ പദ്ധതി ഒരു രാഷ്ട്രത്തിലെ ജനതയ്ക്കും സഹിക്കാൻ കഴിയുന്നതല്ല.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളും എല്ലാം സ്വദേശ-വിദേശ സ്വകാര്യ വ്യക്തികൾക്ക്/ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് (ലീസ്) നൽകുന്നു എന്നാണ് പ്രഖ്യാപനം. 26700 കി.മീ. ഹൈവേകൾ, 42300 കി.മീ. വൈദ്യുതി വിതരണ ലൈനുകൾ, 5000 മെഗാവാട്ട് ഹൈഡ്രോ- സോളാർ- വിന്റ് പവ്വർ വൈദ്യുതി ഉല്പാദന ശൃംഘലകൾ, 400 റെയിൽവെ സ്റ്റേഷനുകൾ, 150 ട്രെയിനുകൾ, 8000 കി.മീ.ഗ്യാസ് പൈപ്പ് ലൈനുകൾ, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും (ഐഒസി) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെയും (എച്ച്പിസിഎല്‍) 4000 കി.മീ. പൈപ്പ് ലൈൻ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ ടവ്വറുകൾ, 21 വിമാനത്താവളങ്ങൾ, 31 തുറമുഖങ്ങൾ, 160 കൽക്കരി ഉല്പാദന കേന്ദ്രങ്ങൾ, 2 കായിക സ്റ്റേഡിയങ്ങൾ തുടങ്ങിയവയെല്ലാം സ്വദേശ-വിദേശ കോർപ്പറേറ്റ് ഭീമന്മാർക്ക് പാട്ടത്തിന് എന്ന പേരില്‍ വിട്ടുകൊടുക്കുന്ന പദ്ധതിയാണിത്.
രാജ്യത്തെ തൊഴിലാളികളുടെ അദ്ധ്വാനംകൊണ്ടും ജനങ്ങളുടെ നികുതിപ്പണംകൊണ്ടും കെട്ടിപ്പടുത്ത അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളും വിദേശത്തെയും സ്വദേശത്തെയും സ്വകാര്യ കുത്തകകൾക്ക്, മൂലധന ചെലവിന്റെ യാതൊരു ബാദ്ധ്യതയുമില്ലാതെതന്നെ ലാഭമുണ്ടാക്കാൻ വിട്ടുകൊടുക്കുകയാണ്. എന്‍എംപി രേഖകൾ തന്നെ വ്യക്തമാക്കുന്ന പ്രകാരം, ഈ എല്ലാ അടിസ്ഥാന സൗകര്യ സ്ഥാപനങ്ങളിലും യൂസർ ഫീസ്/സർവ്വീസ് ഫീസ് വർദ്ധിപ്പിക്കാൻ പാട്ടത്തിനെടുക്കുന്ന വ്യക്തികൾക്ക് അധികാരമുണ്ട്. കോർപ്പറേറ്റുകൾ വൻ ലാഭമുണ്ടാക്കാൻ ജനങ്ങളെ കഠിനമായി പിഴിയുന്ന അവസ്ഥ സംജാതമാകുമെന്ന് വ്യക്തം! തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമാകുകയും ചെയ്യും.
ഇതു കൂടാതെ, ലാഭത്തിൽ പ്രവർത്തിക്കുന്ന 100 പൊതുമേഖലാ സ്ഥാപനങ്ങൾ (പിഎസ്‍യു) കൂടി കോർപ്പറേറ്റുകൾക്ക് വില്ക്കാനും തീരുമാനിച്ചതായി സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് ഇതുവരെ കിട്ടിക്കൊണ്ടിരുന്ന ലാഭവിഹിതമത്രയും സ്വകാര്യ വ്യക്തികളുടെ കൈകളിലേക്ക് പോകും. സർക്കാർ നിർവ്വഹിച്ചിരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളൊന്നും ഇനി ഉണ്ടായിരിക്കുകയുമില്ല.
ഇത്രയും കടുത്ത ജനവിരുദ്ധ – ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് നടപടികൾക്കെതിരെ ഒറ്റക്കെട്ടായി പ്രക്ഷോഭണം കെട്ടിപ്പടുക്കേണ്ട സമയമാണിത്. എന്നാൽ, അതിന് മുൻകൈ എടുക്കേണ്ട പ്രസ്ഥാനങ്ങൾ അധികാരത്തിലിരിക്കുന്ന കേരളത്തിൽ, കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കനുസൃതമായ നടപടികളാണ് കൈക്കൊള്ളുന്നത്. പിണറായി വിജയൻ രണ്ടാം വട്ടം അധികാരത്തിൽ വന്നത് തന്നെ “ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ” ആണ് ഈ സർക്കാരിന്റെ തൊഴിൽ – വ്യവസായ നയം എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. കോർപ്പറേറ്റ് ആഗോളവൽക്കരണത്തിന്റെയും ലോക ബാങ്കിന്റെയും മോദി സർക്കാറിന്റെയും പ്രഖ്യാപിത നയമാണിതെന്ന് അറിയാത്തവരായി ആരുമില്ലല്ലോ. കേന്ദ്ര സർക്കാറിന്റെ ലേബർ കോഡുകളുടെ ചുവടൊപ്പിച്ച്, സംസ്ഥാനത്ത് പുതിയ റൂളുകൾ കൊണ്ടുവരുന്നു. നിലവിലുണ്ടായിരുന്നവ റദ്ദ് ചെയ്യുന്നു. തൊഴിൽ നിയമ ലംഘനങ്ങൾ പരിശോധിക്കാൻ സംസ്ഥാനത്ത് ഉണ്ടായിരുന്ന സംവിധാനത്തിന് പാടെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഒരു കൂട്ടം മാധ്യമങ്ങളും മുതലാളിമാരും കൃത്രിമമായി ഉയർത്തിക്കൊണ്ടുവന്ന “നോക്കുകൂലി” എന്ന ആക്ഷേപം പ്രചരണായുധമാക്കിക്കൊണ്ട് എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ ചുമട്ട് തൊഴിലാളികളെ ഒറ്റപ്പെടുത്തി വേട്ടയാടുകയാണ്. ഇത്തരം നടപടികളെല്ലാം കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് നയങ്ങൾക്ക് നിശ്ചയമായും ശക്തി പകരുകയാണ് ചെയ്യുക.
11 സുപ്രധാന ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട് എഐയുറ്റിയുസി അഖിലേന്ത്യാ കമ്മിറ്റി ആഹ്വാനംചെയ്ത ഒക്ടോബർ 25 മുതൽ 31 വരെയുള്ള അഖിലേന്ത്യോ പ്രതിഷേധ സമരവാരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ പ്രചാരണ- പ്രക്ഷോഭണ പരിപാടികൾ നടക്കുകയുണ്ടായി. ചുവരെഴുത്ത്, പോസ്റ്റർ- നോട്ടീസ് പ്രചാരണം, കവല യോഗങ്ങൾ, കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുമ്പിൽ പ്രതിഷേധ മാർച്ച്, ധർണ്ണ തുടങ്ങിയവ ജില്ലകൾതോറും നടന്നു.
ഒക്ടോബർ 29ന് തിരുവനന്തപുരത്ത് എജീസ്ഒാഫീസ് ധർണ്ണ നടന്നു. എഐയുറ്റിയുസി അഖിലേന്ത്യാ വൈസ് പ്രസിഡണ്ടും സംസ്ഥാന പ്രസിഡണ്ടുമായ സഖാവ് ആർ. കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സഖാവ് വി.കെ.സദാനന്ദൻ പ്രസംഗിച്ചു.
കൊല്ലത്ത് ഒക്ടോബർ 30ന് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ നടന്നു. സംസ്ഥാന സെക്രട്ടറി സഖാവ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സഖാവ് എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ടും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറിയുമായ സഖാവ് ഷൈല കെ. ജോൺ, ജില്ലാ സെക്രട്ടറി സഖാവ് ബി.വിനോദ്, സഖാവ് ആർ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ അഞ്ചൽ, പുനലൂർ, പെരുമ്പുഴ, കണ്ണനല്ലൂർ എന്നിവിടങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടന്നു.
കോട്ടയത്ത് നടന്ന ബിഎസ്എന്‍എല്‍ ഓഫീസ് മാർച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് സഖാവ് എൻ.ആർ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സഖാവ് വി.പി. കൊച്ചുമോൻ അധ്യക്ഷത വഹിച്ചു. സഖാക്കൾ കെ.പി. വിജയൻ, എം.കെ. കണ്ണൻ, എ.ജി.അജയകുമാർ, കെ.എൻ. രാജൻ, എം.ജെ.സണ്ണി, യു.ജെ. ആശാരാജ് എന്നിവർ പ്രസംഗിച്ചു. എരുമേലി, മുക്കൂട്ടുതറ, ഏറ്റുമാനൂര്‍, തിരുവാര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധ യോഗം നടന്നു.
ആലപ്പുഴയിൽ ചെങ്ങന്നൂർ ഹെഡ്‌പോസ്റ്റ് ഓഫീസ് ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് സഖാവ് എസ്. സീതിലാൽ ഉദ്ഘാടനം ചെയ്തു. സഖാവ് ടി.കെ.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സഖാക്കൾ മധു ചെങ്ങന്നൂർ, കെ.ശശികുമാർ, വി.വേണുഗോപാൽ, എസ്. ഭുവനേശ്വരൻ, ടി.കോശി, പ്രബീഷ്, ബിമൽജി, ടെസ്സി ബേബി എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ ആലപ്പുഴ, കായംകുളം, അമ്പലപ്പുഴ എന്നിവിടങ്ങളിൽ കേന്ദ്ര ഓഫീസുകള്‍ക്കുമുമ്പിൽ ധർണ്ണയും ചേർത്തല, അരൂർ, പറവൂർ എന്നിവിടങ്ങളിൽ പ്രതിഷേധ യോഗങ്ങളും നടന്നു.
അങ്കമാലി ജാഥ സ.പി.പി. അഗസ്റ്റിനും, കൂത്താട്ടുകളത്തു നിന്നാരംഭിച്ച ജാഥ സ. എൻ.ആർ. മോഹൻ കുമാറും, റിഫൈനറി ഗേറ്റിൽ നിന്നാരംഭിച്ച ജാഥ സ. പി.എം. ദിനേശനും ഉദ്ഘാടനം ചെയ്തു.ഏലൂർ വ്യവസായ മേഖലയിൽ അങ്കമാലി ജാഥയുടെ സമാപനം നടന്നു. സ. കെ.എസ്. ഹരികുമാർ (ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്) യോഗം ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ലയിൽ ഒക്ടോബർ 30ന് ഒരു ബൈക്ക് റാലിയും രണ്ട് വാഹന ജാഥയും നടന്നു. ജില്ലയുടെ മൂന്ന് കേന്ദ്രങ്ങളിൽ നിന്ന് ഇത് ആരംഭിച്ചു. 21 കേന്ദ്രങ്ങളിൽ യോഗങ്ങൾ നടത്തി.ഏറണാകുളം സിറ്റിയിൽ നടന്ന യോഗം എസ്‌യുസിഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംവും ജില്ലാ സെക്രട്ടറിയുമായ സ. ടി.കെ.സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സ. പി.എം. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.
തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലും വിവിധ പരിപാടികളോടെ പ്രതിഷേധ വാരം ആചരിച്ചു.