ഉജ്ജ്വല വിജയംനേടി ചരിത്രം രചിച്ച് കര്‍ഷകപ്രക്ഷോഭം

GettyImages-1291967326.jpg

DELHI, INDIA - DECEMBER 18: Farmers shout slogans as they participate in a protest at the Delhi Singhu border on December 18, 2020 in Delhi, India. Hundreds of thousands of farmers from surrounding states have been protesting on the outskirts of Delhi for weeks, blockading highways leading to the capital. Farmers say they are protesting against laws that deregulate the sale of crops, which they say will put them at risk of losing their livelihoods and land to big corporations. The government has said that the reforms are necessary to improve the efficiency of the agricultural sector, which is heavily dependent on government subsidies to survive. (Photo by Anindito Mukherjee/Getty Images)

Share

ഒരു വർഷത്തിലേറെ ഉശിരാർന്ന പോരാട്ടം നടത്തി രാജ്യത്തെ കർഷകർ ഐതിഹാസിക വിജയം കരസ്ഥമാക്കിയിരിക്കുന്നു. ദില്ലിയുടെ അതിർത്തികളിൽ ഒരു പുതുചരിത്രം രേഖപ്പെടുത്തിയ കർഷകസമരത്തിന്റെ വിജയവാർത്ത രാജ്യമെമ്പാടുമുള്ള മർദ്ദിത ജനങ്ങളിൽ ആവേശത്തിന്റെ പുളകമണിയിച്ചു. ഉന്നതമായ ജനാധിപത്യ മൂല്യങ്ങളോടെ ഒരു പ്രക്ഷോഭം എങ്ങിനെ സംഘടിപ്പിക്കപ്പെടണമെന്ന് രാജ്യത്തിനാകെ മാതൃക കാട്ടിയ സമരമായിരുന്നു അത്. പ്രക്ഷോഭം ഉയർത്തിയ ഡിമാന്റുകളിൽ സന്ധിയില്ല എന്നതായിരുന്നു കർഷക പ്രക്ഷോഭത്തിന്റെ മുഖമുദ്ര. നിശ്ചയദാർഢ്യമായിരുന്നു അതിന്റെ കരുത്ത്. ത്യാഗമനോഭാവമായിരുന്നു അതിന്റെ പ്രഭ. ‘അനീതിയുടെ വെടിയുണ്ടകൾ ഒരൊറ്റ നിറയിലൂടെ അനേകരെ കൊല്ലുകയാണ്. അനീതി സഹിക്കുകയെന്നത് അപമാനകരമാണ് ’, ഈ വർഷാരംഭത്തിൽ സമരഭൂമിയിൽ ജിവൻ വെടിഞ്ഞ രാം സിംഗ് എന്ന സിഖ് പുരോഹിതൻ കുറിച്ച ഈ വാക്കുകൾ ദില്ലി കർഷക സമരത്തിന്റെ ഒന്നാകെയുള്ള വികാരമായിരുന്നു.

കേന്ദ്രഗവണ്മെന്റിന്റെ അടിച്ചമർത്തലിനെയും ബിജെപി സംഘങ്ങളുടെ കുപ്രചാരണങ്ങളെയും പ്രകൃതിയുടെ പ്രതികൂലാവസ്ഥക ളെയും ഒരേ സമയം നേരിട്ടുകൊണ്ടാണ് തികച്ചും ജനാധിപത്യപരമായി നടത്തപ്പെട്ട ഈ സമരം വിജയം നേടുന്നത്. മോദി ഗവണ്മെന്റ് കർഷക ക്ഷേമത്തിനെന്ന് വിളിച്ചുകൂവിക്കൊണ്ട് പാസ്സാക്കിയെടുത്ത മൂന്ന് കാർഷിക കരിനിയമങ്ങളും വൈദ്യുതി ബിൽ-2020ഉം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് 2020 നവംബർ 26ന് പാർലമെന്റിലേക്ക് നടത്തിയ ട്രാക്ടർ റാലിയോടെയാണ് കർഷകസമരം ദേശീയശ്രദ്ധ പിടിച്ചുപറ്റിയത്. സമരം മാസങ്ങൾ പിന്നിട്ടതോടെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ഗവണ്മെന്റുകളും പ്രമുഖ വ്യക്തിത്വങ്ങളുമൊക്കെ കേന്ദ്രഗവണ്മെന്റ് നിലപാടിനെ വിമർശിക്കാൻ തുടങ്ങി. കോർപറേറ്റ് താല്പര്യം മാത്രം പരിഗണിക്കുന്ന മോദി ഗവണ്മെന്റാകട്ടെ തികഞ്ഞ ധിക്കാരത്തോടെ നിലകൊണ്ടു.


ജനങ്ങളെ ആത്മാഭിമാന
പ്രചോദിതരാക്കിയ കർഷക സമരം സ്വതന്ത്രഭാരതത്തിന്റെ പ്രക്ഷോഭചരിത്രം തിരുത്തിഎഴുതി.


മോദി സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കപ്പെട്ടാൽ പട്ടിണിമരണങ്ങളും കർഷക ആത്മഹത്യകളും നിത്യ സംഭവമാകുമെന്ന് ഉറപ്പായതുകൊണ്ടാണ് വിജയം നേടിയല്ലാതെ തിരിച്ചുവരില്ല എന്ന തീരുമാനവുമായി കർഷകർ രാജ്യതലസ്ഥാനത്തേയ്ക്ക് മാർച്ച് ചെയ്തത്. തുടർന്ന് രാജ്യത്തിന്റെ ചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത ഒരു പോരാട്ടത്തിന് ഇന്ത്യയുടെ തലസ്ഥാന നഗരി വേദിയായി. വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം പതിനായിരക്കണക്കിനാളുകളാണ് ഡൽഹി അതിർത്തിയിൽ മൂന്ന് കേന്ദ്രങ്ങളിലായി നിലയുറപ്പിച്ചത്. കോവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചുനിന്നപ്പോൾപോലും മരണംവരിക്കാൻ തയ്യാറായിവന്ന കർഷകർ ഒരു ചുവടുപോലും പുറകോട്ടുവച്ചില്ല. ഡൽഹിയിലെ കൊടുംചൂടും കൊടുംതണുപ്പും അവരുടെ പോരാട്ടവീര്യത്തിന് ഇളക്കമുണ്ടാക്കിയില്ല. കെട്ടുറപ്പോടെ, ധീരതയോടെ അവർ പോരാട്ടഭൂമിയിൽ നിലകൊണ്ടു. ആഹാരത്തിന്റ ദൗർലഭ്യമോ, അസുഖം മൂലമുള്ള സഹപ്രവർത്തകരുടെ മരണങ്ങളോ ഒന്നും അവരെ തളർത്തിയില്ല. ഭരണാധികാരികൾ വച്ചുനീട്ടിയ ഭക്ഷണം, ഉപചാരത്തിന്റെ പേരിൽപ്പോലും സ്വീകരിക്കാൻ അവർ തയ്യാറായില്ല. പാകപ്പെടുത്തിക്കൊണ്ടുവന്ന പാവപ്പെട്ടവന്റെ റൊട്ടിയും പരിപ്പുകറിയും വെറുംനിലത്തിരുന്ന് കഴിച്ച് രാജ്യത്തിന് അവർ ഒരു സന്ദേശം നൽകി. അധികാരികളുടെ അപ്പക്കഷണങ്ങൾക്കുവേണ്ടി സ്വാഭിമാനം നഷ്ടപ്പെടുത്തരുതെന്ന് അവർ ജനങ്ങളെ ഓർമ്മിപ്പിച്ചു.
കർഷകരുടെ നന്മയ്ക്കുവേണ്ടിയാണീ നിയമങ്ങൾ എന്ന് പുലമ്പിക്കൊണ്ട് അവരെ കബളിപ്പിക്കാമെന്നാണ് മോദിയും കൂട്ടരും ആദ്യം കരുതിയത്. അത് വിലപ്പോവില്ലെന്ന് കണ്ടപ്പോൾ സമരത്തെ അധിക്ഷേപിക്കാനുള്ള നീക്കങ്ങളായി. സമരക്കാർ സമ്പന്നകർഷകരാണെന്നും ഖലിസ്ഥാൻ തീവ്രവാദികളാണെന്നും സമരജീവികളാണെന്നുമൊക്കെയുള്ള വിലകെട്ട ആക്ഷേപങ്ങൾ കർഷകർ പുച്ഛിച്ചുതള്ളി. അധിക്ഷേപങ്ങൾ വിലപ്പോകുന്നില്ലെന്നുകണ്ടതോടെ ഗവണ്മെന്റ് ചർച്ചാപ്രഹസനം ആരംഭിച്ചു. നിയമങ്ങളിൽ ചെറിയ ഭേദഗതികൾ വരുത്തി കർഷകരെ പിന്തിരിപ്പിക്കാമെന്ന ഗവണ്മെന്റിന്റെ കണക്കുകൂട്ടലും പൊളിഞ്ഞു. പലവട്ടം ചർച്ച നടത്തിയിട്ടും നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ല എന്നവർ ആവർത്തിച്ചു. തുടർന്ന് സർക്കാർ പ്രതികാര നടപടികളിലേയ്ക്ക് തിരിഞ്ഞു. കർഷകരുടെ വരവ് തടയാൻ ശത്രുരാജ്യത്തോട് യുദ്ധസമയത്ത് കൈക്കൊള്ളുന്ന സമീപനമാണ് ഗവണ്മെന്റ് സ്വീകരിച്ചത്. കിടങ്ങുകളും മതിലുകളും മുള്ളുവേലികളും ലാത്തിച്ചാർജ്ജും കണ്ണീർവാതകവും ജലപീരങ്കിയുമൊക്കെ പ്രയോഗിക്കപ്പെട്ടു. സമരഭൂമിയിൽ കുടിവെള്ളവും വൈദ്യുതിയും ഇന്റർനെറ്റും നിഷേധിച്ചു. മാദ്ധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി. സമരത്തിനനുകൂലമായി റിപ്പോർട്ടുചെയ്യുന്ന മാദ്ധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കള്ളക്കേസ്സെടുത്തു..


കർഷക സമരത്തിൽ നാനാജാതി മതസ്ഥർ ഉണ്ടായിരുന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തും ചേർന്നുനിന്നവർ ഉണ്ടായിരുന്നു. പലസംസ്ഥാനങ്ങളിൽനിന്നും വന്നവരും പല ഭാഷ സംസാരിക്കുന്നവരും പല വേഷക്കാരുമുണ്ടായിരുന്നു. പക്ഷേ അവർക്കെല്ലാം ഒരേ മനസ്സായിരുന്നു. അവർ ഒരുമിച്ച് ഭക്ഷണം പാചകം ചെയ്തു. ഒരുമിച്ചിരുന്ന് കഴിച്ചു. ഒരുമിച്ച് ഉറങ്ങി. ഒന്നിച്ചുനിന്ന് പൊരുതി. ജീവിതവും സമരവും സമന്വയിക്കുന്ന മനോഹര ദൃശ്യമാണ് നമ്മൾ ഡഹിയിൽ കണ്ടത്. ആഗോളീകരണ കാലഘട്ടത്തിൽ നിരന്തരം അക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നതിനാൽ ജനങ്ങൾക്ക് തുടർച്ചയായി തെരുവിലിറങ്ങേണ്ടിവരുമെന്നത് ഒരു യാഥാർത്ഥ്യമാണ്. സമരം ജീവിതവും ജീവിതശൈലിയുമായിത്തീരേണ്ട സാഹചര്യമാണ് യഥാർത്ഥത്തിൽ നിലവിലുള്ളത്. കോർപ്പറേറ്റ് കമ്പനികളുടെ ദാസ്യവൃത്തി ഏറ്റെടുത്തിരിക്കുന്ന ഭരണാധികാരികളാകട്ടെ ജനങ്ങളുടെ എതിർപ്പിനെ അമർച്ച ചെയ്യാൻ സർവ്വ അടവുകളും പയറ്റും. ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരിൽ അവർ ജനങ്ങളെ ഭിന്നിപ്പിച്ച് ജനകീയ ഐക്യം തകർക്കും. കപട പ്രശ്‌നങ്ങളെ പർവ്വതീകരിച്ച്, യുക്തി ബോധം കെടുത്തി ജനങ്ങളെ ആട്ടിൻപറ്റങ്ങളെപ്പോലെ അനുസരണയുള്ളവരാക്കിമാറ്റും. രാജ്യസ്‌നേഹം ഭാവിച്ച് ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെയും വിമർശനാത്മക മനോഭാവത്തെയും കെടുത്തും. പാർലമെന്ററി കസർത്തുകളിൽ തളച്ചിട്ട് അവരുെട കർമ്മശേഷി തകർക്കും. ചരിത്രം തിരുത്തിയെഴുതി ജനങ്ങളെ നിരായുധരാക്കും. അരാഷ്ട്രീയത പടർത്തി അവരെ രാഷ്ട്രീയമായി വന്ധ്യംകരിച്ച് ചൂഷണവ്യവസ്ഥയെ സംരക്ഷിച്ചുനിർത്തും. ഈ ഹീനപദ്ധതികൾക്കെല്ലാംനേരെ വിരൽ ചൂണ്ടിക്കൊണ്ടാണ് കർഷക സമരം സ്വതന്ത്രഭാരത ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചത്.
തികച്ചും ജനാധിപത്യപരവും സമാധാനപരവുമായ സമരരീതി മുറുകെപ്പിടിച്ചുകൊണ്ടാണ് കർഷകർ സർക്കാരിന്റെ കുതന്ത്രങ്ങളെ നേരിട്ടത്. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ചെങ്കോട്ടയിലേയ്ക്ക് കർഷകർ അതിഗംഭീര മാർച്ച് സംഘടിപ്പിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തി സമരത്തെ അടിച്ചമർത്താൻ ഒരു ഹീനതന്ത്രം സർക്കാർ ആവിഷ്‌കരിച്ചു. സർക്കാരിന്റെ പിണിയാളുകളായ ചിലർ ദേശീയപതാക ഉയർത്താൻ ശ്രമിക്കുകയും അതിനെ നേരിടാനെന്നപേരിൽ സമരത്തെ അവഹേളിക്കാനും അടിച്ചമർത്താനുമുള്ള പദ്ധതി ആവിഷ്‌കരിക്കുകയുമാണ് ചെയ്തത്. എന്നാൽ സർക്കാരിന്റെ ഗൂഢാലോചന തുറന്നുകാട്ടി സമരനേതൃത്വം ധീരമായ നിലപാടെടുത്തതോടെ അതും വിലപ്പോയില്ല. പക്ഷേ, നിരവധി കർഷകരുടെമേൽ രാജ്യദ്രോഹ വകുപ്പുകൾ ചേർത്ത് കള്ളക്കേസ് ചമയ്ക്കുകയും പലരെയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. ആവനാഴിയിലെ മുഴുവൻ ആയുധങ്ങളും പ്രയോഗിച്ചിട്ടും കർഷകരുടെ നിശ്ചയദാർഢ്യത്തിന് ഒരു പോറൽപോലും ഏല്പിക്കാന്‍ സർക്കാരിനായില്ല. ആറുമാസം കഴിയാനുള്ള ഭക്ഷണം കരുതിവന്ന കർഷകർ മോദി ഗവണ്മെന്റിനെ താഴെയിറക്കിയേ പിൻവാങ്ങൂ എന്ന് പ്രഖ്യാപിച്ചു.


തുടർന്ന് അവസാന അടവെന്ന നിലയിൽ ഗവണ്മെന്റ് സുപ്രീംകോടതിയെ ഇടപെടുത്തി കർഷകരെ പിന്തിരിപ്പിക്കാനുള്ള കരുക്കൾ നീക്കി. ഏകപക്ഷീയമായി നാലംഗ സമിതിക്ക് രൂപം നൽകിക്കൊണ്ട് ഒരു ഒത്തുതീർപ്പിന് കോടതി ശ്രമിച്ചു. കർഷകർക്ക് അവരുടെ ആവലാതികൾ ഈ കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കാമത്രെ! തങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ലെന്നും സർക്കാർ പാസ്സാക്കിയ നിയമങ്ങൾക്കെതിരെയാണ് സമരമെന്നും കർഷകർ വ്യക്തമാക്കി. തുടർന്ന് ഒന്നരവർഷത്തേക്ക് നിയമങ്ങൾ മരവിപ്പിച്ചതായി കോടതി പ്രഖ്യാപിച്ചു. ആ പ്രലോഭനത്തെയും കർഷകർ ചങ്കുറപ്പോടെ നേരിട്ടു. നിയമങ്ങൾ പൂർണമായി പിൻവലിച്ചാലേ സമരം അവസാനിപ്പിക്കൂ എന്ന ഉറച്ച നിലപാടാണ് അവരെടുത്തത്.
ഏറ്റവുമൊടുവിൽ നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവന്നു. കർഷകരോട് ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ പാർലമെന്റ് പാസാക്കിയ നിയമം റദ്ദാകണമെങ്കിൽ പാർലമെന്റിൽ പുതിയ ബിൽ അവതരിപ്പിച്ച് പാസ്സാക്കണമെന്ന് അറിയാവുന്ന സമരനേതൃത്വം അതുവരെ സമരം പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. എത്രയും പെട്ടെന്ന് ഈ പ്രക്രിയ പൂർത്തിയാക്കാൻ ഇതോടെ ഗവണ്മെന്റ് നിർബന്ധിതമായി.


കാർഷിക നിയമങ്ങൾ കോർപ്പറേറ്റുകളുടെ
നിർദ്ദയമായ ചൂഷണത്തിന്റെ
പാതയൊരുക്കൽ


ആഗോളീകരണ നയങ്ങൾ രാജ്യത്ത് പിടിമുറുക്കാൻ തുടങ്ങിയതിനുശേഷം നിരന്തരമായ ആക്രമണങ്ങളാണ് കാർഷികമേഖല നേരിട്ടുകൊണ്ടിരിക്കുന്നത്. ഗാട്ട് കരാറിന് ശേഷം ആസിയാൻ, ആർസിഇപി കരാറുകളും രംഗത്തുവന്നു. ഈ കാലയളവിൽ നാലര ലക്ഷം കർഷകരാണ് ആത്മഹത്യ ചെയ്തത്. കർഷകരുടെ ഉല്പന്നങ്ങൾ സർക്കാർ നിയന്ത്രിത ചന്തകളിൽ വിറ്റഴിക്കാനുള്ള വഴിയടച്ചാണ് മോദി ഗവണ്മെന്റ് കാർഷികരംഗത്ത് പുതിയ നിയമങ്ങളുമായി പ്രവേശിച്ചത്. സംഭരണത്തിനുമേൽ സ്വകാര്യവത്ക്കരണത്തിന് പരവതാനി വിരിക്കുന്ന പുതിയ നിയമങ്ങൾ കാർഷികരംഗത്തേക്ക് കടന്നുവരുന്ന കോർപറേറ്റ് ഭീമന്മാർക്ക് ഈ മേഖലയാകെ അടിയറ വയ്ക്കാനാണ് ലക്ഷ്യം വച്ചത്. സംഭരണരംഗത്തുനിന്നുള്ള സർക്കാർ പിന്മാറ്റം റേഷൻ സംവിധാനത്തെപോലും അട്ടിമറിക്കും. ഭക്ഷ്യ സുരക്ഷയെത്തന്നെ അപകടത്തിലാക്കുന്ന ഈ നിയമങ്ങൾ കർഷകരെ മാത്രമല്ല രാജ്യത്തെ ബഹുഭൂരിപക്ഷത്തെയും ഗുരുതരമായി ബാധിക്കുന്നതാണ്. ആദ്യ പ്രഹരം ഏറ്റുവാങ്ങേണ്ടി വരുന്നത് കർഷകരാണെന്നുമാത്രം. വൈദ്യുതി ബിൽ-2021ഉം കാർഷികമേഖലയെ മാത്രമല്ല ചെറുകിട ഉല്പാദന മേഖലയെയും ചെറുകിട വ്യാപാര മേഖലയെയും ഉപഭോക്താക്കളെയുമൊക്കെ വളരെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞാണ് കർഷകർ വിട്ടുവീഴ്ചയില്ലാത്തൊരു പോരാട്ടത്തിനൊരുങ്ങുന്നത്.


ലോക പട്ടിണി സൂചികയിൽ 101-ാം സ്ഥാനം അലങ്കരിക്കുന്ന ഒരു ദരിദ്ര രാജ്യമാണ് നമ്മുടേത്. എന്നാൽ രാജ്യത്തെ ശതകോടീശ്വരൻമാർ ലോക പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നതുകൊണ്ട് വികസ്വര രാജ്യമെന്നോ താരതമ്യേന വികസിത രാജ്യമെന്നോ ഒക്കെയുള്ള ആടയാഭരണങ്ങൾ നൂറുകോടിയിലേറെ ദരിദ്രർക്ക് ചുമക്കേണ്ടിവരുന്നു എന്നുമാത്രം. ലോകത്ത് ഏറ്റവുമധികം തൊഴിൽരഹിതരുള്ള, ഏറ്റവും നികുതിഭാരം അടിച്ചേല്പിക്കുന്ന രാജ്യവും ഇന്ത്യ തന്നെ. ഇത്തരമൊരു രാജ്യത്ത് കാർഷികോല്പാദനം വർദ്ധിപ്പിക്കാനും അതിന്റെ നേട്ടം ജനസാമാന്യത്തിന് ലഭ്യമാക്കാനും ശ്രമിക്കേണ്ട സർക്കാരാണ് കാർഷികമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതാൻ കോപ്പുകൂട്ടുന്നത്. ഈ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞതുകൊണ്ടാണ് രാജ്യത്തിനുവേണ്ടി എന്നപേരിൽ കേന്ദ്രഗവണ്മെന്റ് ആനയിച്ച കാർഷിക നിയമങ്ങളെ കർഷകർ നിരാകരിച്ചത്.
ഒരു ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത രീതിയിലാണ് രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കുന്ന ഈ കരിനിയമങ്ങൾ മോദി ഗവണ്മെന്റ് പാർലമെന്റിൽ പാസ്സാക്കിയെടുത്തത്. രാജ്യസഭ ശബ്ദവോട്ടോടെ ബിൽ പാസ്സാക്കിയതായി പ്രഖ്യാപിക്കു കയായിരുന്നു. നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിൻമേലാകട്ടെ ഒരു ചർച്ചയും അനുവദിച്ചതുമില്ല. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ വലിയ പ്രത്യാഘാതമു ണ്ടാക്കാൻപോന്ന നോട്ടുനിരോധനം, ലോക്ഡൗൺ തുടങ്ങിയവയൊക്കെയും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെ നടപ്പിലാക്കുകയായിരുന്നു. ജിഎസ്‌ടി പോലുള്ള കാതലായ വിഷയങ്ങളിൽപോലും പാർലമെന്റിൽ ഫലപ്രദമായ ചർച്ചയോ പ്രതിപക്ഷ അഭിപ്രായം മാനിക്കുന്ന നിലപാടോ ഉണ്ടായില്ല. പ്രതിരോധ രംഗത്തടക്കം കൈക്കൊള്ളുന്ന നടപടികളിലും കരാറുകളിലുംവരെ സ്വേച്ഛാപരമായ നിലപാടാണ് മോദിഗവണ്മെന്റ് സ്വീകരിച്ചിട്ടുള്ളത്. ഇത്തരമൊരു ഗവണ്മെന്റിനെയാണ് കർഷകപ്രക്ഷോഭം മുട്ടുകുത്തിച്ചത്.


കർഷകസമരവിജയത്തിന്റെ പാഠങ്ങൾ


കർഷകസമര വിജയം യാദൃശ്ചികമായി സംഭവിച്ചതല്ല. വരുംകാല സമരങ്ങൾക്ക് പ്രചോദനമേകുന്ന ഒരുപാട് പാഠങ്ങൾ അത് സമ്മാനിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു പാർട്ടി അല്ലെങ്കിൽ മുന്നണി നേതൃത്വം നൽകുന്ന സമരങ്ങൾ താൽക്കാലികമായ പാർലമെന്ററി നേട്ടങ്ങൾ മുൻനിർത്തിയുള്ള തായിരിക്കും. അതുകൊണ്ടുതന്നെ മാറിമാറി അധികാരത്തിൽവരുന്ന കേന്ദ്ര-സംസ്ഥാന ഗവണ്മന്റുകൾ നടപ്പിലാക്കുന്ന തികച്ചും ജനദ്രോഹകരമായ നയങ്ങളെപ്പോലും ചെറുത്തുതോല്പിക്കാൻ കഴിയാറുമില്ല. ജനജീവിതത്തിൽ ഇത് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി പറഞ്ഞറിയിക്കാനാവാത്തതാണ്. പകൽക്കൊള്ളപോലെ നടക്കുന്ന പെട്രോളിയം വിലവർദ്ധനവുപോലും നിർബാധം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. ഈ ഭരണ-പ്രതിപക്ഷ സമവായം തിരിച്ചറിഞ്ഞതുകൊണ്ടാണ് കർഷകർ ഒരു പാർട്ടിയുടെയും കൊടിക്കീഴിൽ അണിനിരക്കാതെ സ്വമേധയാ സംഘടിച്ച് മുന്നോട്ടുവന്നത്. ഒരു പാർട്ടിയുടെയും ഇച്ഛാനുസരണം സമരം പാതിവഴിയിലുപേക്ഷിക്കാതെ വിജയം പിടിച്ചുവാങ്ങാൻ അവർക്ക് കഴിഞ്ഞതും അതുകൊണ്ടുതന്നെ.


എന്നാൽ കർഷക സമരം വെറുമൊരു ആൾക്കൂട്ട സമരമോ വെറും പൊട്ടിത്തെറിയോ ആയിരുന്നില്ല. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് ഒരു ജനവിഭാഗം നിശ്ചയിച്ചുറച്ച് നടത്തിയ പോരാട്ടമായിരുന്നു അത്. നൂറിലധികം കർഷക സംഘടനകളെ ഉൾക്കൊള്ളുന്ന സംയുക്ത കിസാൻ മോർച്ച ഏകമനസ്സോടെ മുന്നേറിയത് അവരെ സങ്കുചിത താല്പര്യങ്ങളല്ല നയിച്ചത് എന്നതുകൊണ്ടാണ്. സെപ്റ്റംബർ 27ന് നടന്ന ഭാരത് ബന്ദ് അടക്കമുള്ള വമ്പൻ സമരങ്ങൾ വിജയകരമായി നടത്താൻ അവർക്ക് കഴിഞ്ഞത് അവരെ പിന്തുണക്കുന്ന അഞ്ഞൂറിലേറെ സംഘടനകളെ ത്യാഗോജ്ജ്വലമായ സമരത്തിന്റെ വീറും സൗരഭ്യവും പകര്‍ന്ന് കോര്‍ത്തിണക്കി നിർത്താൻ കഴിഞ്ഞതുകൊണ്ടാണ്. കിസാൻ മഹാപഞ്ചായത്തുകൾപോലുള്ള ബൃഹത്തായ ജനകീയ സംരംഭങ്ങളിലൂടെ താഴെത്തലത്തിൽവരെ തീരുമാനങ്ങൾ കൊണ്ടെത്തിക്കാനും അത് സ്വന്തം തീരുമാനങ്ങളായി ഏറ്റെടുപ്പിക്കാനും കഴിഞ്ഞത് സമരവിജയത്തിൽ നിർണ്ണായകമായി. ഹരിയാനയിലെ പോലീസ് അതിക്രമത്തെയും ലഖിംപൂർ ഖേരിയിലെ ഗുണ്ടാവിളയാട്ടത്തെയുമൊക്കെ സമചിത്തതയോടെ നേരിടാൻ ഒരു കൂട്ടായ സമര പ്രക്രിയ സംയുക്ത കിസാൻ മോർച്ചയെ പ്രാപ്തമാക്കിക്കഴിഞ്ഞി രുന്നു. റിപ്പബ്‌ളിക് ദിനത്തിൽ അരേങ്ങേറിയ സർക്കാർ വിലാസം ഗുഢാലോചനപോലും കൃത്യമായി വിലയിരുത്താനും അണികളിലും അനുഭാവികളിലും ഒരു ആശയക്കുഴപ്പംപോലും സൃഷ്ടിക്കാൻ ഇടയാക്കാതെ സമരൈക്യം കാത്തുപുലർത്താനും സമരനേതൃത്വത്തെ പ്രാപ്തമാക്കുംവിധം സംഘടനാപരവും രാഷ്ട്രീയവുമായ വൈഭവവും അവർ നേടിക്കഴിഞ്ഞിരുന്നു. സമരം പിൻവലിക്കാൻ മിത്രങ്ങളായി ഒത്തുകൂടിയവരിൽനിന്നുപോലും സമ്മർദ്ദങ്ങൾ ഉണ്ടായപ്പോഴും ഒരു ജനതയോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് അവർ മുന്നോട്ടുപോയി. അതുകൊണ്ടാണ് പൊടുന്നനെ ആരംഭിച്ച് വലിയ ജനപിന്തുണ നേടി വളർന്നുവരുന്ന സമരങ്ങൾപോലും കാര്യമായൊന്നും നേടാതെ പിൻവാങ്ങുന്ന വർത്തമാനകാലത്ത് അതിൽനിന്നും ഭിന്നമായി ഡിമാന്റുകൾ നേടിയെടുത്തുകൊണ്ട് ചരിത്രത്തിൽ ധീരോദാത്തമായ ഒരു അദ്ധ്യായം എഴുതിച്ചേർക്കാൻ കർഷക സമരത്തിനായത്.
ഭരണം കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് എന്ന് കർഷകസമരം പ്രഖ്യാപിക്കുമ്പോൾ അതൊരു രാഷ്ട്രീയ തിരിച്ചറിവിന്റെ സൂചനയാണ് നൽകുന്നത്. ബ്രീട്ടിഷ് വാഴ്ച അവസാനിപ്പിച്ച് സ്വദേശി ഭരണം സ്ഥാപിക്കപ്പെട്ടെങ്കിലും അതിന്റെ ഗുണഭോക്താക്കൾ രാജ്യത്തെ ഒരുപിടി വരുന്ന അതിസമ്പന്നരാണ് എന്ന മനസ്സിലാക്കലിലേയ്ക്ക് ഈ സമരം കർഷകരെ മാത്രമല്ല ജനസാമാന്യത്തെയും ചെറിയൊരളവിലെങ്കിലും എത്തിച്ചിട്ടുണ്ട്. ഈശ്വർ അള്ള തേരേ നാം എന്ന് സമരനേതൃത്വം ഉരുവിടുമ്പോൾ ചൂഷിതൻ മാത്രമല്ല ചൂഷകനും ജാതി-മത ഭേദങ്ങളില്ലെന്നും അതെല്ലാം കൃത്രിമമായി ഉന്നയിക്കപ്പെടുന്നതാണെന്നും സൂചനയുണ്ട്. ഹിന്ദു-മുസ്ലീം സ്പർദ്ധയുടെ അതിപ്രസരംകൊണ്ട് അപകടകരമായ പതനത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്ന ഉത്തേരേന്ത്യയിൽ മതേതരമായ ഐക്യത്തിന്റെ പുതിയ പാഠങ്ങൾ സമരവേദിയിൽ ഒന്നിച്ച് അണിനിരന്ന് പഠിക്കാൻ ലക്ഷങ്ങൾക്ക് അവസരം ഉണ്ടായത് ഉത്തേരേന്ത്യൻ രാഷ്ട്രീയത്തെയും സാമൂഹിക അന്തരീക്ഷത്തെയും മാത്രമല്ല സ്വാധീനിക്കുക, രാജ്യത്താകെ അത് അനുരണനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.


പൗരത്വ നിയമഭേദഗതി, രാമക്ഷേത്രം, കാശ്മീരിന്റെ പദവി റദ്ദാക്കൽ, യുഎപിഎയുടെ പേരിലുള്ള വേട്ടയാടൽ തുടങ്ങി ബിജെപി അനുവർത്തിക്കുന്ന ഫാസിസ്റ്റ് സമീപനത്തിന്റെയും അന്യമതവെറിയുടെയും പ്രഖ്യാപനങ്ങളായ ഭരണനടപടികൾക്കെതിരെ രാജ്യമെമ്പാടും ജനാധിപത്യമനസ്സാക്ഷി പ്രതിഷേധം ഉയർത്തിയപ്പോഴൊക്കെ, അതിനെയും വർഗ്ഗീയധ്രുവീകരണത്തിനായി ഉപയോഗിക്കുന്ന കുടിലതന്ത്രമാണ് അവർ പ്രയോഗിച്ചത്. എന്നാൽ കർഷകസമരത്തിന്റെ മുമ്പിൽ അവർക്കു കീഴടങ്ങേണ്ടിവന്നത്, ജനങ്ങളെ ഒന്നാകെ സഹജമായിത്തന്നെ ഒരുമിപ്പിക്കുന്ന ഡിമാന്റായിരുന്നു അത് ഉയർത്തിയത് എന്നതിനാലാണ്. അതിന്റെ വിജയമാകട്ടെ, ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു. ജാതിക്കും മതവിശ്വാസത്തിനും പ്രാദേശിക പരിഗണനകൾക്കും അതീതമായി ജനങ്ങളെ ഐക്യപ്പെടുത്താൻ ഇടയാക്കുന്ന ഡിമാന്റുകളിൻമേലുള്ള ജനാധിപത്യ പ്രക്ഷോഭമാണ് ഫാസിസ്റ്റുനയങ്ങളെ ചെറുക്കാനുള്ള ഫലപ്രദമായ മാർഗ്ഗമെന്നതും കർഷകസമരം നൽകുന്ന വിലപ്പെട്ട പാഠമാണ്.


രാജ്യവ്യാപകമായ ബഹുജനസമരമാക്കി കർഷക പ്രക്ഷോഭത്തെ വളർത്തിയെടുക്കാൻ വ്യവസ്ഥാപിത ഇടതുപക്ഷം തയ്യാറായില്ല


786 പേരുടെ ജീവൻ ബലിനൽകേണ്ടിവന്ന ഈ പ്രക്ഷോഭം ഇതിന് എത്രയോ മുൻപേ വിജയം കൊയ്‌തെടുക്കാനുള്ള സാധ്യതയുണ്ടായിരുന്നുവെന്ന കാര്യവും ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. വിനാശകരമായ തൊഴിൽ നിയമങ്ങൾ അടക്കമുള്ള നിരന്തര ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ തൊഴിലാളിവർഗ്ഗത്തെ നയിക്കുന്ന പ്രബല സംഘടനകള്‍ കർഷകസമരം മുന്നോട്ട് കൊണ്ടുവന്ന അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തെ ശരിയായി വിലയിരുത്തുന്നതിൽ പരാജയപ്പെട്ടുവെന്നത് ഏറെ വേദനാകരമാണ്. കർഷകരോടൊപ്പം തൊഴിലാളികളും തെരുവിലിറങ്ങി ഒരു സുദീർഘ പോരാട്ടത്തിന് തയ്യാറായിരുന്നുവെങ്കിൽ തൊഴിൽരംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമായിരുന്നുവെന്ന് മാത്രമല്ല, കർഷക സമരം എത്രയുംവേഗം ഡിമാന്റുകൾ അംഗീകരിച്ച് ഒത്തുതീർപ്പാക്കാൻ മോദി ഗവൺമെന്റ് നിർബ്ബന്ധിതവുമാകുമായിരുന്നു. സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ചില ഒറ്റപ്പെട്ട പ്രചാരണ പരിപാടികൾക്കപ്പുറത്തേയ്ക്ക് അത് മുന്നേറിയില്ലയെന്നത് ഭാവി ചരിത്രത്തോട് കണക്ക് പറയേണ്ടിവരുന്ന അപരാധം തന്നെയാണ്.
ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന സിപിഐ, സിപിഐ(എം) പോലുള്ള പാർട്ടികൾ സ്വീകരിച്ച നിലപാടും ഗൗരവപൂർവ്വം വിലയിരുത്തേണ്ടത് ആവശ്യമാണ്. അസംബ്ലിയിൽ പ്രമേയം പാസാക്കി വസ്ത്രം ഉടയാതെ രക്ഷപ്പെടാനാണ് കേരളത്തിൽ ഇവർ ശ്രമിച്ചത്. സമരത്തോടൊപ്പമെന്ന് വരുത്തിത്തീർക്കാനുള്ള ചില അഭ്യാസങ്ങൾമാത്രം പയറ്റിക്കൊണ്ട് പതിവുപോലെ സ്വന്തം അണികളെ വഞ്ചിക്കുന്നതിൽ അവർ വിജയിച്ചു. എന്നാൽ കേരളത്തിലെ മാത്രമല്ല രാജ്യത്താകെയുള്ള ഇടതുപക്ഷ വിശ്വാസികൾക്ക് എന്ത് സന്ദേശമാണ് അവർ നൽകിയത്. സമരം പിൻവലിപ്പിക്കാൻ സർക്കാർ നടത്തിയ കൗശലങ്ങളെ പിൻപറ്റിക്കൊണ്ട് സമരനേതൃത്വത്തെ പിൻതിരിപ്പിക്കാനാണവർ ശ്രമിച്ചുകൊണ്ടിരുന്നത്. അചഞ്ചലമായ സമരനേത്വത്വം അതിനെയൊക്കെ അതിജീവിച്ചില്ലായിരുന്നെങ്കിൽ എത്രവലിയ പതനത്തിലേക്ക് രാജ്യം ചെന്നെത്തുമായിരുന്നുവെന്ന് ഓർക്കുക. മൂന്ന് പതിറ്റാണ്ട് കാലമായി രാജ്യത്ത് വിനാശം വിതയ്ക്കുന്ന ആഗോളീകരണനയങ്ങൾക്ക് ഒരു പ്രഹരമേൽപ്പിക്കാൻ കിട്ടിയ അവസരം വേണ്ടവണ്ണം ഉപയോഗപ്പെടുത്താൻ എന്തുകൊണ്ട് ഇവർ മുന്നോട്ട് വന്നില്ല? സന്ധിയില്ലാ പോരാട്ടം നടത്തുന്ന കർഷക സമരത്തിന്റെ സന്ദേശം രാജ്യമെമ്പാടും പ്രചരിപ്പിച്ചുകൊണ്ട് ഒരു സമരാന്തരീക്ഷം വളർത്തിയെടുക്കാനും, ബിജെപി ബോധപൂർവ്വം വളർത്തിയെടുക്കുന്ന വർഗ്ഗീയാന്തരീക്ഷത്തിനും ബിജെപി സർക്കാരിന്റെ ജനദ്രോഹ ആഗോളീകരണ നയങ്ങൾക്കും തടയിടാനും ശ്രമിക്കാതിരുന്നത് മാപ്പർഹിക്കാത്ത പാതകമാണ്.
സിപിഐ, സിപിഐ(എം) പാർട്ടികളുടെ വർഗ്ഗസ്വഭാവമാണ് ഇത്തരമൊരു നിലപാടെടുക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. വാക്കിൽമാത്രം തൊഴിലാളിവർഗ്ഗ രാഷ്ട്രീയവും പ്രവൃത്തിയിൽ മുതലാളിവർഗ്ഗ സേവയുമെന്ന നിലയിലേയ്ക്ക് ഈ പ്രസ്ഥാനങ്ങൾ അധഃപതിച്ചിരിക്കുന്നു. കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ സ്ഥാനങ്ങൾ ഉറപ്പാക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും ഇവർ തയ്യാറാകുന്നു. എത്ര പിൻതിരിപ്പൻ പ്രസ്ഥാനങ്ങളുമായും ഒളിഞ്ഞോ തെളിഞ്ഞോ ധാരണയുണ്ടാക്കുന്നു. അധികാരത്തിൽ വരുമ്പോഴാകട്ടെ കോൺഗ്രസ്സിനെപ്പോലെ, ബിജെപിയെപ്പോലെ മുതലാളിവർഗ്ഗത്തിന് ഗുണകരമായ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു. വിട്ടുവീഴ്ചയില്ലാത്ത സമരത്തിന്റെ പാത വെടിഞ്ഞ് ചടങ്ങ് സമരങ്ങളിലേയ്ക്ക് ഇവർ ഒതുങ്ങിക്കൂടുന്നത്, സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും മാത്രം സാദ്ധ്യമാകുന്ന സമൂഹത്തിന്റെ അടിസ്ഥാനപരമായ മാറ്റം എന്ന ലക്ഷ്യം ഇവർക്കില്ലാത്തതുകൊണ്ടുതന്നെയാണ്. കർഷക സമരത്തെ മുൻനിർത്തി വലിയൊരു സമരാന്തരീക്ഷവും അതുവഴി പുരോഗമനപരമായ സാമൂഹ്യ-രാഷ്ട്രീയ കാലാവസ്ഥയും വളർത്തിയെടുക്കാൻ ഇവർ മെനക്കെടാതിരുന്നതിലൂടെ ബിജെപിയുടെയും കോൺഗ്രസ്സിന്റെയുമൊക്കെ വലതുപക്ഷ രാഷ്ട്രീയ സ്വാധീനത്തിൽനിന്ന് അദ്ധ്വാനിച്ചുജീവിക്കുന്ന ജനവിഭാഗങ്ങളെ മോചിപ്പിക്കാനുള്ള നല്ലൊരവസരമാണ് നഷ്ടപ്പെടുത്തിയത്.

മുതലാളിത്തനയങ്ങൾക്കെതിരായ പോരാട്ടം വർദ്ധിതകരുത്തോടെ തുടരണം.


സമ്പത്തുമുഴുവൻ ഒരുപിടി കോർപറേറ്റുകളുടെ കയ്യിൽ കേന്ദ്രീകരിക്കുന്ന പ്രക്രിയയ്ക്ക് ആക്കം വർദ്ധിപ്പിച്ച്, മുതലാളിവർഗ സേവയ്ക്ക് ഗതിവേഗം കൂട്ടി, ജനങ്ങളെ പാപ്പരാക്കി, ജനാധിപത്യ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി, ജനാധിപത്യ അന്തരീക്ഷവും സംസ്‌കാരവും തകർത്ത്, വർഗീയ സ്പർദ്ധ വളർത്തി, യുക്തിചിന്തയും ശാസ്ത്രീയ മനോഘടനയും നശിപ്പിച്ച്, സ്വതന്ത്രചിന്തയെ നിരുത്സാഹപ്പെടുത്തി, സ്വതന്ത്രചിന്തകരെ വകവരുത്തി, സമരങ്ങളെ അധിക്ഷേപിച്ച് , അടിച്ചമർത്തി, ലക്ഷണമൊത്തൊരു ഫാസിസ്റ്റ് വാഴ്ചയിലേയ്ക്ക് രാജ്യത്തെ നയിക്കുകയാണ് ബിജെപിയും സംഘപരിവാറും. മുതലാളിത്ത സംവിധാനം ആഗോളമായിത്തന്നെ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. ഇത് മറികടക്കാനായി അവർ കണ്ടെത്തുന്ന മാർഗങ്ങളൊക്കെ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്ന തേയുള്ളൂ. കാർഷികരംഗത്തടക്കം ഭരണാധികാരികൾ കൊടിയുടെ നിറഭേദമില്ലാതെ കൊണ്ടുവരുന്ന നയങ്ങൾ ഈ പ്രതിസന്ധി ഘട്ടത്തിൽ മുതലാളിവർഗത്തിന് ആശ്വാസം പകരാനുദ്ദേശിച്ചുള്ളവയാണ്. കാർഷിക മേഖലയിൽ സബ്‌സിഡികൾ ഇല്ലാതാക്കുന്നതും സ്വകാര്യവത്കരിച്ച് കോർപറേറ്റുകൾക്ക് തീറെഴുതുന്നതുമൊക്കെ ഈ പദ്ധതിയുടെ ഭാഗമാണ്. ആഗോളമായിത്തന്നെ ഇത്തരം നീക്കങ്ങൾ നടക്കുന്നു. വ്യവസായമേഖല കടുത്ത കമ്പോള പ്രതിസന്ധിയിൽപ്പെട്ട് ഉഴലുമ്പോൾ സേവനരംഗത്തും കാർഷികമേഖലയിലും കടന്നുകയറി നേട്ടമുണ്ടാക്കാനാണ് മുതലാളിവർഗം ശ്രമിക്കുന്നത്. അതിനായി ഏതൊരു രാജ്യത്തെയും നിയമങ്ങളെയും ഭരണഘടനയെപ്പോലും അവർ പൊളിച്ചെഴുതുന്നു.
മുതലാളിത്ത പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ ചുമലിലേയ്ക്കാണ് ഇറക്കിവയ്ക്കുന്നത് എന്നതിനാൽ പ്രതിസന്ധി മൂർച്ഛിക്കുംതോറും ജനജീവിതത്തിലെ ദുരിതങ്ങളും ഏറിവരും. ഇവിടെ അവകാശങ്ങൾ പൊരുതി നേടിയെടുക്കുകയല്ലാതെ മറ്റൊരു പോംവഴിയുമില്ല. ആ യാഥാർത്ഥ്യം പകൽപോലെ വ്യക്തമാക്കിത്തന്നു കർഷകപ്രക്ഷോഭം. എന്നാൽ നയങ്ങളിൽ ചിലത് തിരുത്തപ്പെട്ടാലും മുതലാളിത്തവ്യവസ്ഥ നിലനിൽക്കുവോളം കരിനിയമങ്ങളും ആക്രമണങ്ങളും ഇനിയുമുണ്ടാകും. ദുരിതങ്ങൾ ഇനിയും പെരുകും. കർഷകർ മാത്രമല്ല സമസ്ത ജനവിഭാഗങ്ങളും അതിന് ഇരയാ യിക്കൊണ്ടിരിക്കുമെന്നും നാം മനസ്സിലാക്കണം. സമരം വിജയിച്ചാലും ജാഗ്രത കൈവിടാതെ, ജനങ്ങളുടെ ഐക്യം കാത്തുസൂക്ഷിച്ച്, രാഷ്ട്രീയ പ്രബുദ്ധതയോടെ മുന്നേറണം എന്ന പാഠംകൂടി സ്വായത്തമാക്കേണ്ടതുണ്ട് എന്നർത്ഥം.


കർഷക പ്രക്ഷോഭത്തിന്റെ വിജയത്തിനായി
എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)
അചഞ്ചലം പൊരുതി.


എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയും കർഷക സംഘടനയായ എഐകെകെഎംഎസ്സും കർഷക പ്രക്ഷോഭത്തിന്റെ തുടക്കംമുതൽ അതോടൊപ്പം നിലകൊണ്ടു. ഡൽഹിയിലെ സമരവേദികളിൽ കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടും സ്ഥിരം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ടും സജീവ സാന്നിദ്ധ്യമായി നമ്മൾ കർഷകരോടൊപ്പംനിലയുറപ്പിച്ചു. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും സംയുക്ത കിസാൻ മോർച്ചയുടെ ഘടകങ്ങൾ രൂപീകരിക്കാനും അതിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കാനും നമ്മൾ തീവ്രശ്രമം നടത്തി. ഘടകങ്ങൾ രൂപീകരിക്കാൻ കഴിയാത്തിടങ്ങളിൽ പാർട്ടിയുടെയും എഐകെകെഎംഎസ്സിന്റെയും ആഭിമുഖ്യത്തിൽ വ്യാപകമായ പ്രചാരണം സംഘടിപ്പിക്കാൻ ശ്രമിച്ചു. സംഘടനാശക്തിയെ കവച്ചുവയ്ക്കുംവിധമുള്ള പ്രവർത്തനങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നമ്മുടെ പാർട്ടി നടത്തിയത്.
കേരളത്തിൽ ജനുവരി 11ന് കാസർകോഡുനിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലും പര്യടനം നടത്തി 26ന് തിരുവനന്തപുരത്ത് സമാപിച്ച കർഷക സമര ഐക്യദാര്‍ഢ്യ ജാഥ ജനാധിപത്യ വിശ്വാസികളിലാകെ വലിയ ഉണർവ്വാണ് സൃഷ്ടിച്ചത്. എഐഡിഎസ്ഒ ഗായകസംഘത്തിന്റെ തെരുവുഗാനങ്ങളും എഐഡിവൈഒ നാടകസംഘത്തിന്റെ തെരുവുനാടകവും പതിനായിരക്കണക്കിനാളുകളെ ആകർഷിച്ചു. നുറുകണക്കിന് സ്വീകരണ യോഗങ്ങളിൽ പാർട്ടിയുടെയും കർഷക സംഘടനയുടെയും നേതാക്കൾ സമരത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് സമരത്തിന് ശക്തി സമാഹരിച്ചു. ബൈക്ക് റാലിയും വാഹനജാഥയും ട്രാക്ടറുമൊക്കെ യായി ആവേശകരമായ ഒരു സമരാനുഭവമായിരുന്നു ആ ജാഥ.
കാർഷിക മേഖലകളായ വയനാട്ടിലും കുട്ടനാട്ടിലും തൊടുപുഴയിലും സ്ഥിരം സമരകേന്ദ്രങ്ങൾ തുറന്നുകൊണ്ട് പ്രചാരണം നടത്തുകയും കർഷകകൂട്ടായ്മ വളർത്തിയെടുക്കുകയും ചെയ്തു. സംസ്ഥാനമെമ്പാടും ഐക്യദാർഢ്യപ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് സമരാനുകൂലമായി നിലകൊണ്ട സാമൂഹ്യഘടകങ്ങളെ കോർത്തിണക്കാൻ പാർട്ടി സഖാക്കൾ രാപകൽ പണിയെടുത്തു. സിപിഐ, സിപിഐ(എം) പാർട്ടികളുടെ നിഷ്‌ക്രിയത്വത്തിൽ മനംനൊന്ത് നിരവധി സാധാരണ പ്രവർത്തകർ പാർട്ടിയുടെയും എഐകെകെഎംഎസ്സിന്റെയും ആഭിമുഖ്യത്തിലുള്ള സമരപ്രചാരണ പരിപാടികളിൽ ആത്മാർത്ഥമായി പങ്കെടുക്കുകയുണ്ടായി. സമര സംഘാടനത്തിൽ സജീവ പങ്കുവഹിക്കുന്ന ഉത്തരേന്ത്യയിലെ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ആവേശകരമായ അനുഭവമായിരുന്നു. പാർട്ടി മുഖപത്രമായ യുണിറ്റിയുടെ എല്ലാ ലക്കങ്ങളിലും സമരത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലെ പരിപാടികൾ റിപ്പോർട്ടുചെയ്യുകയും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലുള്ള വിശകലനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിൽ സംയുക്ത കിസാൻ മോർച്ചയുടെ ഘടകം രൂപീകരിച്ച് പ്രവർത്തിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയ സിപിഐ, സിപിഐ(എം) നേതൃത്വത്തെ അതിന് പ്രേരിപ്പിക്കാനുതകുന്ന നിലപാടുകളും പാർട്ടി സ്വീകരിച്ചു. കർഷകസമരത്തെ സമഗ്രമായി വിശകലനം ചെയ്യുന്ന ഒരു എക്‌സിബിഷൻ കേരളത്തിൽ ഉടനീളം പ്രദർശിപ്പിക്കാൻ എഐകെകെഎംഎസ്സ് തിരുമാനിച്ചിട്ടുണ്ട്.
ഡൽഹിയിൽ പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും എഐകെകെഎംഎസ്സ് അഖിലേന്ത്യാ പ്രസിഡന്റുമായ സഖാവ് സത്യവാനും ജനറൽ സെക്രട്ടറി സഖാവ് ശങ്കർ ഘോഷും നേരിട്ടുതന്നെ സമരപ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ചു. ഡൽഹി, ഹരിയാന, യുപി, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ ഘടകങ്ങളും നേരിട്ടുള്ള പ്രവർത്തനങ്ങളിൽ ഭാഗഭാക്കായിരുന്നു. നിർണ്ണായക സന്ദർഭങ്ങളിൽ ശരിയായ വിശകലനത്തിലൂടെ സമരത്തെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിൽ നേതൃനിരയിലുള്ള സഖാക്കൾ വലിയ പങ്കാണ് നിർവ്വഹിച്ചത്. സമര വിജയത്തിൽ അഭിമാനിക്കുന്നതോടൊപ്പം സമരം നൽകുന്ന പാഠങ്ങൾ ഭാവി പ്രക്ഷോഭങ്ങൾക്ക് മാർഗദർശകമാകുംവിധം പ്രചരിപ്പിക്കുന്നതിലും വ്യാപൃതമാണ് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയും എഐകെകെഎംഎസ്സും.

Share this post

scroll to top