മാനവരാശിയുടെ വിമോചന പാത ദീപ്തമാക്കിയ മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവം

images-5.jpeg
Share

മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവം നൂറ്റിമൂന്ന് വർഷങ്ങൾ പിന്നിടുകയാണ്. ചരിത്രത്തിലാദ്യമായി ചൂഷകവർഗ്ഗത്തെ ഭരണകൂടാധികാരത്തിൽനിന്ന് നിഷ്‌കാസനം ചെയ്ത് ചൂഷിതവർഗ്ഗത്തെ അധികാരത്തിലേറ്റിയ തൊഴിലാളിവർഗ്ഗവിപ്ലവം മഹാനായ ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ നടന്നത് 1917 നവംബർ 7നാണ്. ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളിവർഗ്ഗം ദരിദ്രകർഷകരുമായുള്ള സഖ്യത്തിൽ പട്ടാളക്കാരുടെ പിന്തുണയോടെ മുതലാളിവർഗ്ഗത്തെ അധികാരത്തിൽനിന്ന് തൂത്തെറിഞ്ഞു. സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിച്ചു. ലെനിന്റെ നേതൃത്വത്തിൽ റഷ്യൻ തൊഴിലാളിവർഗ്ഗം വർഷങ്ങളോളം നടത്തിയ തയ്യാറെടുപ്പ് വിപ്ലവവിജയത്തിന് പിന്നിലുണ്ട്.

ലോകമെമ്പാടുമുള്ള വിമോചനപ്പോരാട്ടങ്ങൾക്ക് സോവിയറ്റ് യൂണിയൻ നിലയ്ക്കാത്ത പ്രചോദനമായി മാറി. ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന നിലയിൽ സോവിയറ്റ് യൂണിയൻ ഉദയം ചെയ്തനാൾമുതൾ ലോകമെമ്പാടുനിന്നും എല്ലാവിഭാഗം ആളുകളുടെയും ശ്രദ്ധ അത് പിടിച്ചുപറ്റിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തകർ, രാഷ്ട്രീയ നിരീക്ഷകർ, സാധാരണജനങ്ങൾ, ലോകമെമ്പാടുമുള്ള തൊഴിലാളികൾ, ബുദ്ധിജീവികളും പ്രതിഭാശാലികളുമായ ആളുകൾ, എല്ലാവരും ഒട്ടൊരു കൗതുകത്തോടെയും അതിശയത്തോടെയും സോവിയറ്റ് യൂണിയനെ നോക്കിക്കണ്ടു. അക്കാലത്ത് സോവിയറ്റ് യൂണിയൻ സന്ദർശിച്ചിട്ടുള്ള മുഴുവൻ ആളുകളും അത്ഭുതാദരങ്ങളോടെയാണ് സോവിയറ്റ് യൂണിയനെക്കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. കാരണം, പട്ടിണിയും ചൂഷണവുമില്ലാത്ത, മർദ്ദകരും മർദ്ദിതരുമില്ലാത്ത ഒരു സമൂഹം മനുഷ്യന്റെ ദീർഘകാല സ്വപ്‌നമായിരുന്നു. സ്വപ്‌നമല്ല, സംഭവ്യമാണത് എന്ന് സോവിയറ്റ് യൂണിയൻ തെളിയിച്ചു. ഏഴുപതിറ്റാണ്ട് ലോകത്തിനുമുന്നിൽ പ്രകാശഗോപുരായി, പണിയെടുക്കുന്നവർക്കും ചൂഷിതർക്കും ആവേശവും ആശ്വാസവുമായി സോവിയറ്റ് യൂണിയൻ നിലകൊണ്ടു.

മുതലാളിത്തത്തിന് പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങൾ സോഷ്യലിസം പരിഹരിച്ചു

സോവിയറ്റ് ഭരണകൂടം അധികാരം ഏറ്റെടുത്ത ഉടൻതന്നെ, ഭൂമിയുടെ മേലുള്ള സ്വകാര്യ ഉടമസ്ഥത ഇല്ലാതെയാക്കി. ഭൂമി കർഷകർക്ക് വിട്ടുകൊടുത്തു. മുതലാളിമാർ കൈയടിക്കവച്ചിരുന്ന സ്വത്ത് പിടിച്ചെടുത്തു. ഉൽപ്പാദനോപാധികൾ പിടിച്ചെടുത്ത് സാമൂഹ്യനിയന്ത്രണത്തിലാക്കി. മില്ലുകളും ഫാക്ടറികളും ഭൂമിയും റെയിൽവെയും ബാങ്കും എല്ലാം ജനങ്ങൾക്ക് അവകാശപ്പെട്ട പൊതുസ്വത്താക്കി. ഇന്ത്യയുൾപ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങളിലെ നിത്യശാപമായ പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, ചൂഷണം തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും സമ്പൂർണ്ണമായും ഇല്ലായ്മ ചെയ്തു സോവിയറ്റ് യൂണിയൻ. സാക്ഷരതയിൽ ഒന്നാമത്, ആരോഗ്യരംഗത്ത് മുൻപന്തിയിൽ, ലോകത്ത് ഏറ്റവും കൂടുതൽ ഡോക്ടർമാർ, വനിതാ ഡോക്ടർമാർ, എഞ്ചിനീയർമാർ, വനിതാ എഞ്ചിനീയർമാർ, ഏറ്റവും അധികം പുസ്തകം പ്രസാധനം ചെയ്യുന്ന രാജ്യം, ഭരണത്തിലും ആസൂത്രണത്തിലും ഏറ്റവും അധികം ജനകീയ പങ്കാളിത്തമുള്ള രാജ്യം, വിശേഷിച്ചും വനിതകളുടെ പങ്കാളിത്തം, എന്തിന് ലോകത്ത് ആദ്യത്തെ കൃത്രിമ ഉപഗ്രഹം നിർമ്മിച്ചതും കൃത്രിമ സൗരഉപഗ്രഹം വിക്ഷേപിച്ചതും ചന്ദ്രനിലേയ്ക്ക് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചതും മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്രനടത്തിയതും ഒരു വനിതയെ ബഹിരാകാശത്തെത്തിച്ചതും സോവിയറ്റ് യൂണിയൻ തന്നെ. ലോകത്തിലെ ആദ്യത്തെ ആറ്റമിക് പവ്വർ സ്റ്റേഷൻ നിർമ്മിച്ചതും ആദ്യത്തെ ഹിമഭേദിനി കപ്പൽ(ലെനിൻ) കടലിലിറക്കിയതും സോവിയറ്റ് യൂണിയനാണ്. അമേരിക്കയും യുറോപ്പും ലോകമുതലാളിത്തം ആകെ സാമ്പത്തിക മാന്ദ്യത്തിലും തുടർന്നുള്ള കുഴപ്പങ്ങളിലും മുങ്ങിത്താണു കൊണ്ടിരുന്നപ്പോൾ, ഫാക്ടറികൾ അടച്ചുപൂട്ടപ്പെട്ട് തൊഴിലാളികൾ തെരുവിലേയ്ക്ക് വലിച്ചെറിയപ്പെട്ടുകൊണ്ടിരുന്നപ്പോൾ സോവിയറ്റ് യൂണിയന് ഇതൊന്നും ബാധകമായിരുന്നില്ല എന്നുമാത്രമല്ല, വമ്പിച്ച സാമ്പത്തിക പുരോഗതി കൈവരിച്ചുകൊണ്ടുമിരുന്നു. 1930ൽ സോവിയറ്റ് യൂണിയൻ ലേബർ എക്‌സേഞ്ച് (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്)അടച്ചുപൂട്ടി. കാരണം തൊഴിലില്ലായ്മ ഇതിനകം പരിഹരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. കുറ്റകൃത്യങ്ങളും വേശ്യാവൃത്തിയും ലൈംഗികരോഗങ്ങളും മദ്യപാനാസക്തിയും തുടങ്ങി ഒരു സമൂഹത്തിന്റെ പുഴുക്കുത്തുകൾപോലും ഒന്നാകെ ചുരുങ്ങിയ സമയംകൊണ്ട് നിർമ്മാർജ്ജനം ചെയ്തു. ഇതെല്ലാം നേടാൻ സോവിയറ്റ് യൂണിയന് അരശതാബ്ദം തികച്ചുവേണ്ടിവന്നില്ല. ഇതിന്റെ എല്ലാം തുടക്കമായിരുന്നു 1917ലെ വിപ്ലവം. ആർക്കും നിരാകരിക്കാനാകാത്ത ചരിത്രസത്യങ്ങളാണ് ഇവയൊക്കെയെങ്കിലും ധാരാളം കഥകളും കെട്ടുകഥകളും അർദ്ധസത്യങ്ങളും ഏറിയ പങ്കും അസത്യങ്ങളും തുടക്കംമുതൽത്തന്നെ സോവിയറ്റ് യൂണിയനെക്കുറിച്ച് പ്രചരിക്കുന്നുണ്ട്, ബോധപൂർവ്വം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ബോധപൂർവ്വം തെറ്റായകാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ചിന്താക്കുഴപ്പം ഉണ്ടാക്കാൻ തന്നെയാകണം. സോവിയറ്റ് യൂണിയനിലെ ഗവൺമെന്റിന് അന്നാട്ടിലെ ജനങ്ങളോടുണ്ടായിരുന്ന കരുതൽ എത്ര പ്രധാനമായിരുന്നു എന്നതിനെക്കാൾ സോവിയറ്റ് യൂണിയൻ ഇരുമ്പു മറയിട്ട് പുറംലോകത്തുനിന്നും സ്വയം മറച്ചു പിടിച്ചിരുന്നു എന്നെഴുതുവാനായിരുന്നു ബൂർഷ്വാ മാധ്യമങ്ങൾക്ക് താൽപര്യം. എന്നാൽ ആ രാജ്യം സന്ദർശിക്കുന്നതിൽ ആർക്കുംതന്നെ വിലക്കുണ്ടായിരുന്നില്ല എന്ന് സോവിയറ്റ് യൂണിയന്‍ സന്ദർശിച്ചിട്ടുള്ള ലോകനേതാക്കൾ ഉൾപ്പെടെയുള്ളവരുടെ എണ്ണവും അവരുടെ അഭിപ്രായങ്ങളും വ്യക്തമാക്കുന്നു. അസംഖ്യം ലോകനേതാക്കൾ സ്റ്റാലിൻ ജീവിച്ചിരുന്ന കാലത്ത് സോവിയറ്റ് യൂണിയൻ സന്ദർശിച്ചിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോർ, ഹോവാർഡ് കെ.സ്മിത്, എച്ച്.ജി.വെൽസ,് അന്ന ലൂയിസ് സ്‌ട്രോംഗ് തുടങ്ങിയവർ അവരിൽ ചിലർ മാത്രമാണ്. അവരെല്ലാം തെളിവുസഹിതം തങ്ങൾ കണ്ട വിസ്മയകരമായ കാഴ്ചകൾ രേഖപ്പെടുത്തുകയും നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം കവച്ചുവയ്ക്കുംവിധമാണ് സോവിയറ്റ് യൂണിയനെക്കുറിച്ചും വിശിഷ്യ സ്റ്റാലിനെ കുറിച്ചുമുള്ള ദുഷ് പ്രചാരണങ്ങൾ. ഇതര രാജ്യങ്ങളിലെ ഭരണാധികാരികൾ വളരെ നിക്ഷിപ്തമായ താൽപര്യങ്ങളോടെ സ്വന്തം ജനങ്ങൾക്കു മുമ്പിൽ കർട്ടനിട്ട് സോവിയറ്റ് യൂണിയന്റെ നേട്ടങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപെടാതെ മറച്ചുപിടിക്കാൻ ശ്രമിക്കുകയാ യിരുന്നു എന്ന യാഥാർത്ഥ്യത്തെക്കൂടെ മറച്ചുപിടിക്കാനായിരുന്നിരിക്കണം ഈ ദുഷ് പ്രചാരണങ്ങള്‍. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ തങ്ങളുടെ അടിസ്ഥാനമുറപ്പിച്ചത് സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ആണ് എന്നതും ആർക്കും നിരാകരിക്കാനാകാത്ത സത്യം മാത്രമാണ്. ഇന്ത്യയിലെ ഖനി, ഘന, ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളെല്ലാം സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ആരംഭിച്ചതാണ്. ഭക്രാനംഗൽ അണക്കെട്ടും കൽക്കത്തയിലെ മെട്രോയും സോവിയറ്റ് യൂണിയന്റെ സംഭാവനതന്നെ. ഇന്ത്യയിലെ ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളുടെ അടിത്തറ ഒരുക്കപ്പെട്ടതും സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ്. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ആര്യഭട്ട നിർമ്മിച്ചതും വിക്ഷേപിച്ചതും സോവിയററ് യൂണിയനിലെ സ്‌പേസ് സ്റ്റേഷനിൽനിന്നാണ്. (ഇന്തോ സോവിയറ്റ് കോ-ഓപ്പറേഷൻ ആന്റ് ഇക്കണോമിക് ഡെവലപ്പ്‌മെന്റ് ഓഫ് ഇന്ത്യ, ആർ.കെ.ശർമ്മ, ചപ്ര യൂണിവേഴ്‌സിറ്റി, ബീഹാർ) അങ്ങനെ നീണ്ടുനീണ്ടുപോകുന്നു പട്ടിക.

സാമൂഹ്യപ്രശ്‌നങ്ങൾ മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്

മുതലാളിത്തത്തിന് ബദലില്ല എന്നും സോഷ്യലിസം തകർന്നതോടെ മാർക്‌സിസം അസ്തമിച്ചു എന്നും ഘോഷിക്കുന്നവർക്ക് ലോകചരിത്രത്തിൽ സോവിയറ്റ് യൂണിയനിലും ഇതരസോഷ്യലിസ്റ്റ് രാജ്യങ്ങളിലും മാത്രമായി എങ്ങനെ മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നും മുതലാളിത്ത രാജ്യങ്ങൾക്ക് എന്തുകൊണ്ട് ഈവകകാര്യങ്ങൾ സാധിക്കുന്നില്ല എന്നും പറയാനാകുന്നില്ല. മുതലാളിത്തത്തിന് പ്രശ്‌നങ്ങൾ പരിഹരിക്കാനാകില്ല എന്നുമാത്രമല്ല, പ്രശ്‌നങ്ങൾ മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. ഉൽപ്പാദനോപാധികളിന്മേൽ സ്വകാര്യ ഉടമസ്ഥതയും ലാഭത്തെ ലാക്കാക്കിയുള്ള ഉൽപ്പാദനവുമാണ് മുതലാളത്തത്തിന്റെ സവിശേഷത. ജനങ്ങളുടെ ജീവിതാവശ്യകതകളുടെ പൂർത്തീകരണം മുതലാളിത്തത്തിന്റെ വിദൂരപരിഗണയിൽപ്പോലും വരുന്നില്ല. മുതലാളിമാർക്ക് ലാഭം കിട്ടണമെങ്കിൽ ചരക്കുകൾ വിറ്റഴിക്കപ്പെടണം. ചരക്കുകൾ വിറ്റഴിക്കപ്പെടാനുളള കമ്പോളം ജനങ്ങളുടെ ക്രയശേഷിയാണ്. എന്നാൽ ചൂഷണത്തിലധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥിതി തൊഴിലാളികളെ നിരന്തരം ചൂഷണം ചെയ്യുന്നതിനാൽ ജനങ്ങളുടെ വരുമാനം കുറയുകയും യഥാർത്ഥ കമ്പോളം ചുരുങ്ങുകയുംചെയ്യുന്നു. തന്മൂലം വിപണിയെ ലാക്കാക്കി മാത്രം ഉൽപ്പാദനം നടത്തുന്ന മുതലാളിത്തം അനിവാര്യമായും പ്രതിസന്ധിയിലാകുന്നു. ഉൽപ്പാദിപ്പിച്ച ചരക്കുകൾ വിറ്റഴിക്കപ്പെടാതെ കെട്ടിക്കിടക്കുന്നു. തന്മൂലം ഉൽപ്പാദനം കുറയ്ക്കുവാൻ മുതലാളിമാർ നിർബന്ധിതരാകുന്നു. അവർ ഉൽപ്പാദനശാലകളിൽ ലോക്കൗട്ട,് ലേഓഫ്, പിരിച്ചുവിടൽ തുടങ്ങിയ നടപ്പിലാക്കുന്നു. തൊഴിലാളികൾക്ക് ഉള്ള തൊഴിൽകൂടെ നഷ്ടമാകുന്നു. വരുമാനം കുറയുന്നു. കമ്പോളം വീണ്ടും ഇടിയുന്നു. ഉൽപ്പന്നങ്ങൾ കൂടുതലാണ് എന്ന കാരണത്താൽ യഥാർത്ഥ ഉൽപ്പാദകരായ തൊഴിലാളികൾക്ക് ഒരു ഉൽപ്പന്നവും വാങ്ങി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരുന്നു. സമൃദ്ധിയുടെ നടുവിലെ ദാരിദ്ര്യം. ഈ പ്രതിസന്ധിയാണ് മുതലാളിത്ത രാജ്യങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്നത്. എന്നാൽ സോഷ്യലിസ്റ്റ് സമ്പദ്ക്രമത്തിൽ ഉൽപ്പാദന ഉപാധികളുടെ ഉടമസ്ഥത സാമൂഹികമാണ്, ഉൽപ്പാദന ലക്ഷ്യമാകട്ടെ സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുകയെന്നതും. ലാഭം ഉൽപ്പാദനത്തിന്റെ ലക്ഷ്യമേയല്ല. അതിനാൽ സോഷ്യലിസത്തെ സംബന്ധിച്ചിടത്തോളം കമ്പോള പ്രതിസന്ധി എന്നൊരു പ്രശ്‌നമേ ഉദിക്കുന്നില്ല. ജനങ്ങളുടെ നിരന്തരം വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് ഉൽപ്പാദനത്തിന്റെ ലക്ഷ്യമെന്നതിനാൽ ഉൽപ്പാദനം വർദ്ധിച്ചുകൊണ്ടേയിരിക്കണം. തൊഴിലവസരങ്ങൾ നിരന്തരം സൃഷ്ടിപ്പെട്ടുകൊണ്ടേ യിരിക്കണം. അതിനാൽ തൊഴിലില്ലായ്മ എന്നൊരു പ്രശ്‌നവും ഉദിക്കുന്നില്ല. മുതലാളിത്തം മാനവചരിത്രത്തെ സംബന്ധിച്ച് അവസാനവാക്കല്ല. സമൂഹം മുന്നോട്ടാണ്. സോഷ്യലിസവും പിന്നിട്ട് മനുഷ്യസമൂഹം മുന്നേറും. അതാണ് അനിവാര്യമായ ചരിത്രഗതി.

സോവിയറ്റ് യൂണിയൻ ഒറ്റനോട്ടത്തിൽ

മൂന്ന് നൂറ്റാണ്ടുകൊണ്ട് മുതലാളിത്ത രാജ്യങ്ങൾക്ക് നേടാൻ സാധിക്കാതിരുന്ന നേട്ടങ്ങൾ കേവലം മൂന്ന് പതിററാണ്ടുകൾകൊണ്ട് സോവിയറ്റ് യൂണിയൻ കൈവരിച്ചു. മനുഷ്യനെ പുതുക്കി പണിയുക അതായരുന്നു സോവിയറ്റ് യൂണിയൻ വിദ്യഭ്യാസത്തിലൂടെ ഉന്നംവച്ചത്. അതിന്റെ പ്രതിഫലനങ്ങളും പ്രസരിപ്പും സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൃശ്യമായിരുന്നു. ഉയർന്ന ധാർമ്മികബോധത്തെയും ഉയർന്ന സദാചാര സാംസ്‌കാരിക ധാരണകളെയും അടിസ്ഥാനമാക്കി പുതിയൊരു ജീവിതവീക്ഷണവും അഭിരുചിയും സോഷ്യലിസം ജനങ്ങൾക്ക് പകർന്നുകൊടുത്തു. സാധ്യമായ തന്റെ അദ്ധ്വാനം മുഴുവൻ സമൂഹത്തിന് ആവശ്യമാണ് എന്ന തിരിച്ചറിവിൽ വെല്ലുവിളിയായി അത് ഏറ്റെടുത്ത സ്റ്റെഖനോവൈറ്റുകൾ, ജനങ്ങളുടെ വിശപ്പും പട്ടിണിയും അകറ്റാൻ കൂട്ടുകൃഷിക്കളങ്ങളിൽ പരമാവധി ഉൽപ്പാദനം അനിവാര്യമാണ് എന്ന് തിരിച്ചറിഞ്ഞ് മത്സരബുദ്ധിയോടെ പണിയെടക്കുന്ന കൂട്ടുകൃഷിക്കള ങ്ങളിലെ കര്‍ഷകര്‍ ട്രെയിനും ട്രാക്ടറും ഓടിക്കുന്ന വനിതകൾ അങ്ങനെ സോവിയറ്റ് യൂണിയനിലെ ജനങ്ങൾ കീഴടക്കാത്തതായി യാതൊന്നുമുണ്ടായില്ല. രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്ന ഘട്ടത്തിൽ സോവിയറ്റ് യൂണിയനിൽ 4000 ലോക്കോപൈലറ്റുമാർ വനിതകളായിരുന്നു. ലോകത്ത് അന്ന് മറ്റൊരു രാജ്യത്തും വനിതകൾ ആ ജോലി ചെയ്തിരുന്നില്ല.സാറിസ്റ്റ് റഷ്യയിൽ സാക്ഷരത 9 ശതമാനമായിരുന്നു. കിർഗിസ്ഥാനിൽ 2000ൽ ഒരാൾക്കുപോലും വായിക്കാനും എഴുതാനും അറിയുമായിരുന്നില്ല വിപ്ലവത്തിന്റെ സമയത്ത്. എന്നാൽ ഒന്നാം പഞ്ചവത്സരപദ്ധതി പൂത്തിയായ 1931ൽ സാക്ഷരത 91 ശതമാനായി ഉയർന്നു. റഷ്യയിൽ മാത്രമല്ല, പതിനഞ്ചു ദേശീയതകളിലും ഇതുതന്നെയായിരുന്നു സ്ഥിതി.’ഞാൻ സന്ദർശിച്ച എല്ലാ സ്‌കൂളുകളും നഴ്‌സറികൾ മുതൽ യൂണിവേഴ്‌സിറ്റികൾവരെ നല്ല കെട്ടിടങ്ങൾ, നവീകരിച്ച ക്ലാസ്സ് മുറികൾ, സ്‌കൂളുകളിൽ കുട്ടികൾക്കായി ഷോപ്പുകൾ, ജിംനേഷ്യങ്ങൾ, ലബോറട്ടികൾ, ലൈബ്രറികൾ, ആഡിറ്റോറിയങ്ങൾ തുടങ്ങി എല്ലാ സജ്ജീകരണങ്ങളുമുണ്ടായിരുന്നു. വൃത്തിയും വെടിപ്പും എവിടെയും പ്രകടമായിരുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യപരിരക്ഷയ്ക്കുള്ള ആത്മാർത്ഥമായ പരിശ്രമങ്ങൾ എവിടെയും കാണാമായിരുന്നു. സൂര്യപ്രകാശം, ശുദ്ധവായു, ശുദ്ധജലം ഇവയാണ് ഞങ്ങളുടെ കുട്ടികളുടെ നല്ല ചങ്ങാതിമാർ എന്ന് സോവിയറ്റ് യൂണിയനിലെ ഡോക്ടർമാർ അഭിപ്രായപ്പെടുമായിരുന്നു. സ്‌കൂളുകളിൽ കുട്ടികൾക്ക് പോഷകാഹാരവും നിരന്തരമായ വൈദ്യപരിശോധനയും ഉറപ്പാക്കപ്പെട്ടിരുന്നു.(സോവിയറ്റ് എഡ്യൂക്കേഷൻ, സ്‌കോട് നിയറിങ്)’സോവിയറ്റ് യൂണിയനിൽ സ്വകാര്യവിദ്യാലയങ്ങളില്ല. വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാണ്. സ്‌കൂൾ വിദ്യാഭ്യാസം മാത്രമല്ല, ഉന്നതവിദ്യാഭ്യാസവും സൗജന്യമായിരുന്നു. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:17 ആയിരുന്നു. സ്‌കൂളുകളിൽ നൂറിൽപരം ഭാഷകൾ പഠിപ്പിക്കുന്നുണ്ട്. ഓരോ റിപ്പബ്ലിക്കിലുമുള്ള വിദ്യാർത്ഥികൾ അതതു മാതൃഭാഷയിലാണ് പഠിക്കുന്നത്. റഷ്യൻ ഉപഭാഷയാണ്. ഒപ്പം ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ തുടങ്ങി നിരവധി വിദേശഭാഷകളും…'(ലാന്റ്‌സ് ആന്റ് പീപ്പിൾസ് ഓഫ് യുഎസ്എസ്ആർ, കാത്‌ലിൻ ടെയ്‌ലർ). ഒന്നാംപഞ്ചവത്സരപദ്ധതി പൂർത്തിയായപ്പോൾ ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും കൂടെ ആകെ പ്രസിദ്ധീകരിച്ചതിലേറെ പുസ്തകങ്ങൾ സോവിയറ്റ് യൂണിയൻ മാത്രമായി പ്രസിദ്ധീകരിച്ചിരുന്നു. (സ്റ്റാലിൻ യുഗം, അന്ന ലൂയിസ് സ്‌ട്രോംഗ്)സോവിയറ്റ് യൂണിയൻ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകി. വിദ്യാഭ്യാസം നേടിയ ജനങ്ങൾ വിദ്യാഭ്യാസമുൾപ്പെടെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാതുറകളിലും പണിയെടുത്ത് പുതിയ സമൂഹത്തിന്റെ നിർമ്മിതിയിൽ പങ്കാളികളായി. സാറിസ്റ്റ് റഷ്യയിൽ സമ്പന്നരുടെ ആർഭാടമായിരുന്നു സ്‌പോർട്‌സ്. എന്നാൽ സോവിയറ്റ് യൂണിയനിൽ കായിക സംസ്‌കാരം നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. വിദ്യാലയങ്ങളിൽ, കൂട്ടുകൃഷിക്കളങ്ങളിൽ, യൂണിവേഴ്‌സി റ്റികളിൽ, ഫാക്ടറികളിൽ ഒക്കെ ജിംനേഷ്യങ്ങളും കായിക പരിശീലനവുമുണ്ടായിരുന്നു. ആകെ 9 തവണമാത്രമേ സോവിയറ്റ് യൂണിയൻ ഒളിമ്പിക്‌സിൽ പങ്കെടുത്തിട്ടുള്ളൂ. അതിൽ 6 തവണയും സോവിയറ്റ് യൂണിയൻ മെഡൽനിലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. സോവിയറ്റ് യൂണിയനിൽ സ്വകാര്യ ആശുപത്രികൾ ഉണ്ടായിരുന്നില്ല. ശക്തമായ പൊതുജനാരോഗ്യസംവിധാനത്തിലൂടെ ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള ജനതയായി സോവിയറ്റ് യൂണിയൻ മാറി. നഴ്‌സറികൾ മുതൽ എല്ലാ വിദ്യാലയങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ഫാക്ടറികളിലും കൂട്ടുകൃഷിക്കളങ്ങളിലും എല്ലാ സംവിധാനങ്ങളോടുംകൂടിയ ആശുപത്രികൾ പ്രവർത്തിച്ചിരുന്നു. സോഷ്യലിസം സ്ത്രീകളുടെ സാമൂഹ്യ പദവി ഉയർത്തി. അസമത്വത്തിന്റെ നേരിയ ലാഞ്ചനപോലുമില്ലാതെ നിയമത്തിന്റെ മുന്നിൽ സ്ത്രീപുരുഷ സമത്വം ഉറപ്പാക്കപ്പെട്ടു. തുല്യജോലിക്ക് തുല്യവേതനം നടപ്പിലാക്കുന്ന ലോകത്തെആദ്യരാജ്യമായി സോവിയറ്റ് യൂണിയൻ. മാതൃശിശുപരിചരണം അന്യൂനമായിരുന്നു. ഗർഭകാലംമുതൽ പ്രസവംവരെയും തുടർന്നും ചികിത്സമാത്രമല്ല, കുഞ്ഞിന്റെയും അമ്മയുടെയും സമ്പൂർണ്ണ ഉത്തരവാദിത്തവും ഗവൺമെന്റിനായിരുന്നു. പൊതുപാചകശാലകൾ, ശിശുപരിചരണകേന്ദ്രങ്ങൾ, പൊതുഅലക്കുകേന്ദ്രങ്ങൾ തുടങ്ങിയവ യഥേഷ്ടം സ്ഥാപിച്ചുകൊണ്ട് സ്ത്രീകളെ സ്വതന്ത്രരാക്കി. സ്ത്രീകൾക്ക് പഠിക്കുവാനും സാമൂഹ്യനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനുമുള്ള അവസരമൊരുക്കി. സ്റ്റേറ്റ് ഫാമുകളും കളക്ടീവ് ഫാമുകളും കാർഷികമേഖലയെ ശക്തിപ്പെടുത്തി. പട്ടിണിയെ പടികടത്തി എന്നുമാത്രമല്ല, 1939ൽ സോവിയറ്റ് യൂണിയൻ ധാന്യോൽപ്പാദനത്തിൽ ലോകത്ത് ഒന്നാംസ്ഥാനത്തെത്തി. സോഷ്യലിസ്റ്റ് നിർമ്മാണത്തിന്റെ ആധാരശിലയായി ശാസ്ത്രവും പ്രവർത്തിച്ചു. ശാസ്ത്രവും വ്യവസായവത്ക്കരണവും, സിദ്ധാന്തവും പ്രയോഗവും ഒരുമിച്ചാണ് മുന്നേറിയത്. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെല്ലാം ജനജീവിത്തിന്റെ വ്യത്യസ്ത തുറകളിലെ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തപ്പെട്ടിരുന്നു. കാർഷികരംഗത്തും വ്യാവസായിക രംഗത്തും വമ്പിച്ച കുതിച്ചു ചാട്ടത്തിന് ഇത് ഇടവരുത്തി.” ഈ നൂറ്റാണ്ടിൽ സോവിയറ്റ് യൂണിയൻ ശാസ്ത്രത്തിന് നൽകിയ സംഭാവനകൾ പോയകാലമൊന്നാകെ ശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് ഒപ്പം നിൽക്കുന്നതാണ്” ജെ.ഡി.ബർണാൽ. അങ്ങനെ സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും കോർത്തിണക്കിക്കൊണ്ട് സോവിയറ്റ് യൂണിയൻ മുന്നേറി.ദൗർഭാഗ്യവശാൽ സോവിയറ്റ് യൂണിയൻ തകർക്കപ്പെട്ടു. സാമ്പത്തികമായും സാമൂഹ്യമായും സാംസ്‌കാരികമായും ഭൂമിശാസ്ത്ര പരമായും ഛിന്നഭിന്നമാക്കപ്പെട്ടു. പുറമേനിന്നുള്ള ശക്തികൾക്ക് സോവിയറ്റ് യൂണിയനെ തകർക്കാനായില്ല. ശൈശവദശയിൽ പതിനാല് വിദേശ രാജ്യങ്ങൾ ഒറ്റക്കെട്ടായിനിന്ന് സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്തു. പക്ഷേ പരാജയപ്പെടുത്താനായില്ല. രണ്ടാംലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ യുദ്ധമികവിനെയും സഖ്യകക്ഷികളുടെ വഞ്ചനാപരമായ നിലപാടുകളെയും സോവിയറ്റ് യൂണിയൻ അതിജീവിച്ചു. പക്ഷേ ഉള്ളിൽനിന്നുണ്ടായ പിളർപ്പൻ നീക്കങ്ങൾക്കുമുന്നിൽ സോവിയറ്റ് യൂണിയന് അടിപതറി. പിടിച്ചുനിൽക്കാനായില്ല. മുതലാളിത്തം പുനസ്ഥാപിക്കപ്പെട്ടു. മാനവസമൂഹത്തിന്റെ മുന്നേറ്റത്തിന്റെ പാതയിലെ ഏറ്റവും കനത്ത തിരിച്ചടിയായി അത് പരിണമിച്ചു.ഒരു കാലത്ത് സോവിയറ്റ് യൂണിയനിൽനിന്നും തുടച്ചുമാറ്റപ്പെ ട്ടതും, മുതലാളിത്തത്തിന്റെ സന്തതികളും സന്തതസഹചാരികളുമായ എല്ലാ ജീർണ്ണതകളും മുതലാളിത്ത പുന:സ്ഥാപനത്തോടെ കുതിച്ചെത്തി. സോഷ്യലിസത്തിൽ നിന്നുള്ള തിരിച്ചുപോക്ക് കനത്ത തിരിച്ചടിയായിരുന്നുവെന്ന് സോവിയറ്റ് യൂണിയന്റെ ഇന്നത്തെ സ്ഥിതി വിളിച്ചുപറയുന്നു.ലോകം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ അസമത്വത്തെയാണ് മനുഷ്യസമൂഹം ഇന്ന് അഭിമുഖീകരിക്കുന്നത്. പട്ടിണിയും രോഗ വും ദുരിതങ്ങളും മനുഷ്യനെ കാർന്നുതിന്നുകയാണ്. പെരുകുന്ന ദുരിതങ്ങളും യാതനകളും യുദ്ധങ്ങളും അശാന്തിയുമല്ലാതെ ജനങ്ങൾക്ക് സമ്മാനിക്കാൻ മുതലാളിത്തത്തിന്റെ കൈയിൽ മറ്റൊന്നുമില്ല. ലോകം മുഴുവൻ പടർന്നുപിടിക്കുന്ന അശാന്തിയായാണ് മുതലാളിത്ത സാമ്രാജ്യത്വശക്തികളുടെ ദുര ഇന്ന് പ്രത്യക്ഷ പ്പെട്ടുകൊ ണ്ടിരിക്കുന്നത്. മുതലാളിത്തത്തിന് ഇനി മുന്നേറ്റമില്ല. വഴിമുട്ടി നിൽക്കുന്ന മനുഷ്യസമൂഹത്തിന് മുന്നേറ്റത്തിന്റെ പാത തീർച്ചയായും സോഷ്യലിസം തന്നെയാണ്.

Share this post

scroll to top