മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവം: സഖാവ് പ്രൊവാഷ് ഘോഷിന്റെ ആഹ്വാനം

Share

സഖാക്കളെ,മഹത്തായ നവംബർ സോഷ്യലിറ്റ് വിപ്ലവത്തിന്റെ 103-ാം വാർഷികം സമാഗതമാകുന്ന ഈ സന്ദർഭം, നമ്മുടെ രാജ്യം മാത്രമല്ല ലോകമാസകലം ജനങ്ങൾ കോവിഡ്-19 മഹാമാരിയുടെ പിടിയിലമർന്നിരിക്കുന്ന സാഹചര്യമാണ് ഒരുവശത്ത്. ലക്ഷക്കണക്കിന് ആളുകൾ ഈ മഹാവ്യാധിമൂലം ഇതിനകം മരണമടഞ്ഞു. മറുവശത്താകട്ടെ, മൂർഛിച്ചുകൊ ണ്ടേയിരിക്കുന്ന സാമ്പത്തികമാന്ദ്യത്തെത്തുടർന്ന് ലോകജനസംഖ്യയുടെ പകുതിയും തൊഴിലില്ലായ്മയുടെയും പിരിച്ചുവിടലിന്റെയും ഭീഷണിയിൽ പെട്ടിരിക്കുന്നു. തന്മൂലം ലക്ഷക്കണക്കിനാളുകൾ പട്ടിണിയിലേയ്ക്കും മരണത്തിലേയ്ക്കും തള്ളിവിടപ്പെട്ടിരിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ മാനവരാശി ഒന്നാകെ മുമ്പുണ്ടായിട്ടി ല്ലാത്തത്ര വലിയ പ്രതിസന്ധിയെ യാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മുതലാളിത്ത സാമ്രാജ്യത്വ ഭരണാധികാരികൾ ഹീനമായ ലാഭതാല്പര്യം മാറ്റിവച്ച് സമയോചിതമായി ഇടപെടുകയും പട്ടാള ബജറ്റ് വെട്ടിച്ചുരുക്കി ജനങ്ങൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്തിരുന്നുവെങ്കിൽ വൈറസിന്റെ വ്യാപനവും ഒപ്പം ഇത്ര വലിയ ജീവഹാനിയും തടയാനാകുമായിരുന്നു എന്നത് വളരെ വ്യക്തമായ കാര്യമാണ്. സാമ്പത്തിക മാന്ദ്യവും അനുബന്ധ പ്രശ്‌നങ്ങളും മുതലാളിത്ത സാമ്രാജ്യത്വ സമ്പദ്ഘടനയുടെ അനിവാര്യ ബഹിർസ്ഫുരണങ്ങളാണ് എന്നതും ഏവർക്കും അറിവുള്ളതാണല്ലോ. പരമാവധി ലാഭമെന്ന ദുരയിൽ ബഹുരാഷ്ട്ര കുത്തകകളും കുത്തകമുതലാളിമാരും നടത്തുന്ന ചൂഷണം കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ ഞെരിച്ചമർത്തുകയാണ്. മുതലാളിത്തത്തിന്റെ, അനിവാര്യമായും സംഭവിക്കാനിരിക്കുന്ന അത്യന്തം വിനാശകരമായ ഈ പരിണതി വളരെ മുമ്പുതന്നെ മഹാന്മാരായ മാർക്‌സും എംഗൽസും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള തൊഴിലാളികളോട് സംഘടിക്കുവാനും വിപ്ലവം സംഘടിപ്പിക്കുവാനും മുതലാളിത്തത്തെ നിഷ്‌കാസനം ചെയ്ത് കമ്മ്യൂണിസത്തിന്റെ ആദ്യപടിയായ സോഷ്യലിസം സ്ഥാപിക്കുവാനും അവർ ആഹ്വാനം ചെയ്തു.മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവം വിജയകരമായി പൂർത്തിയാക്കുകവഴി മഹാന്മാരായ ലെനിനും സ്റ്റാലിനും ഈ ചരിത്രദൗത്യം യാഥാർത്ഥ്യമാക്കി. മാനവചരിത്രത്തിൽ ആദ്യമായി എല്ലാവിധ ചൂഷണങ്ങളിൽനിന്നും അടിച്ചമർത്തലിൽനിന്നും മുക്തമായ ഒരു സമൂഹം സ്ഥാപിക്കപ്പെട്ടു. മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമം സ്ഥാപിക്കപ്പെട്ടു. സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും വികാസം പ്രാപിച്ച സമൂഹം, എല്ലാവർക്കും തൊഴിൽ ലഭ്യമാക്കിയ, തൊഴിലില്ലായ്മയും പട്ടിണിയും ഭിക്ഷാടനവും ഉന്മൂലനം ചെയ്ത, ദേശീയതാ പ്രശ്‌നങ്ങളും വംശീയ വൈരുദ്ധ്യങ്ങളും പരിഹൃതമായ, സ്ത്രീപുരുഷവിവേചനവും അസമത്വവും തൊഴിലാളികൾക്ക് സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും, എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസവും സൗജന്യ ചികിത്സയും ഉറപ്പാക്കപ്പെട്ട രാജ്യം. നിരായുധീകരണത്തിനുവേണ്ടിയും കൊളോണിയൽ വാഴ്ചയ്ക്കും യുദ്ധത്തിനുമെതിരെയും സോവിയറ്റ് യൂണിയൻ സ്വീകരിച്ച ശക്തമായ നിലപാട് കോളണികളിലെയും അർദ്ധകോളണികളിലെയും സ്വാതന്ത്ര്യ സമരങ്ങളെയും വിമോചനപ്പോരാട്ടങ്ങളെയും ശക്തിപ്പെടുത്തി. രണ്ടാംലോകമഹായുദ്ധത്തിൽ വിനാശകാരിയായ ഫാസിസ്റ്റ് ശക്തിയെ പരാജയപ്പെടുത്തി മാനവരാശിയെ രക്ഷിക്കുന്നതിൽ ഐതിഹാസികമായ പങ്കുവഹിച്ചു. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളെയാകെ ഇരുട്ടുവിഴുങ്ങിയിരുന്നപ്പോൾ ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങൾക്ക് പ്രതീക്ഷയായി പാശ്ചാത്യ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട വെള്ളിവെളിച്ചമായിരുന്നു സോവിയറ്റ് യൂണിയൻ. പാശ്ചാത്യരാജ്യങ്ങളിലെയും കോളനികളിലെയും നിരവധി മഹാന്മാരും മാനവവാദികളും സോവിയറ്റ് യൂണിയനെ പ്രകീർത്തിച്ചു. മാനവരാശിക്ക് പ്രതീക്ഷയായി ഏതാനും ദശകങ്ങൾ നിലകൊണ്ട ഈ പുതിയ സംസ്‌കൃതി, സ്റ്റാലിനനന്തരകാലഘട്ടത്തിൽ സംഭവിച്ച പിശകുകളെയും മാർക്‌സിസത്തിൽനിന്നുള്ള വ്യതിയാനങ്ങളെയും മുതലാക്കിക്കൊണ്ട് സാമ്രാജ്യത്വശക്തികൾ സോവിയറ്റ് യൂണിയന്റെ ഉള്ളിലുള്ള ശത്രുക്കളെ ഉപയോഗപ്പെടുത്തി നടത്തിയ പ്രതിവിപ്ലവത്തിലൂടെ തകർക്കപ്പെടുകയും മുതലാളിത്തം പുനസ്ഥാപിക്കപ്പെടുകയുംചെയ്തു എന്നത് തികച്ചും ദൗർഭാഗ്യകരമാണ്. പാരീസ് കമ്മ്യൂണിന്റെ തകർച്ച മാർക്‌സിസത്തെ ശക്തിപ്പെടുത്തുകയാണ് ഉണ്ടായത്, നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന് അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനായി. അതുപോലെ, മഹാനായ മാർക്‌സിസ്റ്റ് ദാർശനികൻ ശിബ്ദാസ് ഘോഷ് ചൂണ്ടിക്കാണിച്ചതു പോലെ വരാനിരിക്കുന്ന വിപ്ലവങ്ങൾ സോവിയറ്റ് യൂണിയന്റെ തകർച്ചയിൽനിന്നും കൂടുതൽ സമ്പന്നമായ പാഠങ്ങൾ ഉൾക്കൊണ്ടവതന്നെയായിരിക്കും. ലോകസാഹചര്യം ഇന്ന് അത്യന്തം ദയനീയവും ഭീതിദവുമാണ്. ലോകമുതലാളിത്ത ശക്തികൾ മരണാസന്നമാണ്. എന്നാൽ ഇനിയും മൃതമായിട്ടില്ല. ഒരു സാമൂഹ്യവ്യവസ്ഥയും സ്വയം നിഷ്‌ക്രമിച്ചിട്ടില്ല. ജീർണ്ണവും ദുഷിച്ചതും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദുർഗന്ധം വമിപ്പിക്കുന്നതുമായ മുതലാളിത്തം ഊർദ്ധശ്വാസംവലിക്കുകയാണ്.അങ്ങനെ സാമ്പത്തികമായും സൈദ്ധാന്തികമായും രാഷ്ട്രീയമായും ധാർമ്മികമായും മുതലാളിത്തം മാനവരാശിയെ സമ്പൂർണ്ണ നാശത്തിലേയ്ക്ക് തള്ളിവിടുകയാണ്. മറ്റൊരു സോഷ്യലിസ്റ്റ് വിപ്ലത്തെ ഭയക്കുന്ന മുതലാളിത്തത്തിന്റെ വക്താക്കളും കൂലിക്കാരായ രാഷ്ട്രീയക്കാരും സാമ്പത്തിക ശാസ്ത്രജ്ഞൻമാരും ഊർദ്ധശ്വാസം വലിക്കുന്ന മുതലാളിത്തത്തെ രക്ഷപ്പെടുത്താൻ പോംവഴി അന്വേഷിച്ച് രാവും പകലും ഉറക്കമൊഴിക്കുകയാണ്, എന്നാൽ അക്കൂട്ടർ ഇരുട്ടിൽ തപ്പുകയാണ് എന്നുമാത്രം. മറുവശത്ത് തൊഴിലാളികളുടെ പ്രതിഷേധങ്ങൾ അലയടിച്ചുയരുകയാണ്, ഫാസിസ്റ്റ് മുതലാളിത്ത ഭരണകൂടങ്ങൾ എല്ലായിടത്തും നിർദ്ദയം ഈ മുന്നേറ്റങ്ങളെ അടിച്ചമർത്തുകയുമാണ്. അടിച്ചമർത്തൽ നിർദ്ദയവും കഠോരവുമാകുന്നതിനനുസരിച്ച് എല്ലാ അടിച്ചമർത്തലുകളെയും മറികടന്ന് ജനങ്ങളുടെ പൊട്ടിത്തെറികൾ എമ്പാടും ഉയരുകയാണ്. അടിച്ചമർത്തപ്പെടുന്ന ജനങ്ങൾ അവർ നിർഭയരാണ്, ധീരരാണ്, പോരാളികളാണ് എന്നാൽ അവരെ നയിക്കാൻ ഉചിതമായ ഒരു നേതൃത്വമോ വിപ്ലവതത്വശാസ്ത്രമോ ഉയർന്ന സംസ്‌കാരിക ധാരണകളോ ഇല്ല.അതിനാൽ മാർക്‌സിസം ലെനിനിസം സഖാവ് ശിബ്ദാസ് ഘോഷ് ചിന്തകളാൽ സായുധരായ തൊഴിലാളിവർഗ്ഗ പാർട്ടി എല്ലാ രാജ്യങ്ങളിലും വികസിപ്പിച്ചെടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇന്നത്തെ അടിയന്തര ആവശ്യകത. ഈ പശ്ചാത്തലത്തിൽ, ഈ യുഗം ദർശിച്ച സമുന്നത മാർക്‌സിസ്റ്റ് ദാർശനികനായ സഖാവ് ശിബ്ദാസ് ഘോഷിനാൽ സ്ഥാപിതമായ എസ് യുസിഐ (കമ്മ്യൂണിസ്റ്റ്)പാർട്ടിയുടെ പ്രവർത്തകർ എന്ന നിലയിൽ നമ്മിൽ അർപ്പിതമായിരിക്കുന്ന ദൗത്യം ഈ പ്രസ്ഥാനത്തെ നമ്മുടെ രാജ്യത്ത് ദൃഢീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുക, ഉന്നതമായ വിപ്ലവാശയങ്ങളുടെ അടിസ്ഥാനത്തിൽ വർഗ്ഗ ബഹുജന പ്രക്ഷോഭങ്ങൾ പടുത്തുയർത്തുക, അതിലൂടെ മറ്റ് രാജ്യങ്ങളിലെ തൊഴിലാളിവർഗ്ഗത്തെയും പ്രചോദിപ്പി ക്കുകയും സഹായിക്കുകയും ചെയ്യുക എന്നതാണ്. നവംബർവിപ്ലവത്തിന്റെ 103-ാം വാർഷികത്തിന്റെ ആഹ്വാനവുമിതാണ്. വിപ്ലവാഭിവാദനങ്ങളോടെ,

പ്രവാഷ് ഘോഷ്,

ജനറൽ സെക്രട്ടറി, എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്‌)

Share this post

scroll to top