റോഹിംഗ്യ

Rohingya-Head.jpg
Share

മ്യാൻമറിന്റെ (1989വരെ ബർമ്മ)പടിഞ്ഞാറൻ ഭാഗത്തുള്ള റാഖൈൻ മേഖലയിൽ (1982 വരെ അരാക്കൻ) കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരന്തരം നടക്കുന്ന പീഡനങ്ങളെത്തുടർന്ന് ആയിരക്കണക്കിന് റോഹിംഗ്യകളാണ് പലായനം ചെയ്തത്. സ്ത്രീകളും പുരുഷൻമാരും കുട്ടികളുമടക്കം നിരാശ്രയരായ ജനങ്ങളുടെ ഒരു വൻപടതന്നെയാണ് രാജ്യം വിട്ട് ഓടിപ്പോയത്. മ്യാൻമർ ഗവൺമെന്റും പട്ടാളവും മറ്റും നടത്തിയ ഏറ്റവും ക്രൂരമായ വംശഹത്യയാണ് ഇവർക്കുനേരിടേണ്ടിവന്നത്.

ബുദ്ധമതക്കാർക്ക് പ്രാമുഖ്യമുള്ള മ്യാൻമറിൽ 11 ലക്ഷംവരുന്ന റോഹിംഗ്യകളിൽ കുറച്ച് ഹിന്ദുക്കളെ ഒഴിച്ചു നിർത്തിയാൽ ബഹുഭൂരിപക്ഷവും മുസ്ലീംകളാണ്. 2016ലും 2017 ആഗസ്റ്റിലുമായി ഇവരിൽ പകുതിയും നാടുവിട്ടു. തലമുറകളായി താമസിക്കുന്ന നാടുവിട്ട് കരയും കടലും താണ്ടിയുള്ള പലായനത്തിൽ ഇവരിൽ അധികംപേരും എത്തിയത് ബംഗ്ലാദേശിലും ബാക്കിയുള്ളവർ മലേഷ്യ, തായ്‌ലണ്ട്, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലുമാണ്. ഇന്ത്യയിൽ ജമ്മു, ഡൽഹി, തെലുങ്കാന, ആസ്സാം, പശ്ചിമബംഗാൾ, വടക്കൻബീഹാർ എന്നിവിടങ്ങളിലെ മുസ്ലീം ഭൂരിപക്ഷമുള്ള ജില്ലകളിലാണ് ഇവർ അഭയാർത്ഥികളായി എത്തിയത്.

ബുദ്ധിസ്റ്റ് ദേശീയവാദികൾ എന്നവകാശപ്പെടുന്ന മുഖംമറച്ച ആളുകളും സൈന്യവും ഗ്രാമങ്ങളിൽ പുരുഷന്മാരെ ഒന്നൊഴിയാതെ വെടിവച്ചും തലവെട്ടിയും കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽനിന്ന് ഇന്നും ഇവർ മുക്തരായിട്ടില്ല. പ്രിയപ്പെട്ടവർ കൺമുന്നിൽ അരുംകൊല ചെയ്യപ്പെടുമ്പോൾ ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുന്നതിനിടയിൽ പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കിയവർ കണ്ടത് ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങൾ കൊള്ളയടിക്കപ്പെടുന്നതും ചുട്ടു ചാമ്പലാക്കപ്പെടുന്നതുമാണ്. കൊല ചെയ്യുന്നതിന് മുമ്പ് വസ്തുവകകൾ കൊള്ളയടിക്കാൻ ആക്രമികൾ പ്രത്യേക ശ്രദ്ധ പുലർത്തി. ജീവൻ രക്ഷിക്കാൻവേണ്ടി ഒരു ജൂവലറി ഉടമ എല്ലാം അടിയറവുവച്ചിട്ടും അയാളെ വീടിനു വെളിയിലേയ്ക്ക് വലിച്ചിഴച്ച് വെട്ടിനുറുക്കി. സ്ത്രീകളെ ബലാത്സംഗം ചെയ്തശേഷം കഴുത്തു ഞെരിച്ചുകൊന്നു. ജീവനോടെ റോഡരുകിലും മറ്റും അവശേഷിച്ച ‘ഭാഗ്യശാലികൾ’ ജീവനുംകൊണ്ടോടി. ഇതേക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് ക്രൂരമായ പരിഹാസത്തോടെ പട്ടാളമേധാവികൾ ചോദിച്ചത് അവരെ കണ്ടാൽ ആരെങ്കിലും ബലാത്സംഗം ചെയ്യുമെന്ന് തോന്നുന്നുണ്ടോ എന്നാണ്. ആഹാരമോ കുടിക്കാൻ വെള്ളമോ ഒരഭയസ്ഥാനമോ പോലുമില്ലാത്ത സാഹചര്യങ്ങളിലേയ്ക്കാണ് അവശേഷിച്ചവർ മരണവെപ്രാളത്തോടെ ഓടിയത്. പട്ടിണി കിടക്കേണ്ടിവന്നാലും ഭയമില്ലാതെ ഒന്നു തലചായ്ക്കാമെന്ന പ്രതീക്ഷയിലാണ് വൃദ്ധരും രോഗികളും കുട്ടികളുമൊക്കെയായി ആയിരങ്ങൾ സംഭീതരായി, നിരാശ നിഴലിക്കുന്ന മിഴികളും നിസ്സഹായമായ മുഖഭാവവുമായി അനേകം മൈലുകൾ താണ്ടിയത്. വിശപ്പു സഹിക്കവയ്യാതായപ്പോൾ അവർ വഴിയിൽ കണ്ട ചെടികൾ പറിച്ചുതിന്നു. മണ്ണിരയെ ഭക്ഷണമാക്കി. തൊണ്ട വരണ്ടപ്പോൾ ഉപ്പുവെള്ളവും ചെളിവെള്ളവും കുടിച്ചു. രക്ഷപ്പെടാൻ സാദ്ധ്യതയില്ല എന്നറിഞ്ഞുകൊണ്ടുതന്നെ കള്ളക്കടത്തുകാർക്കും മനുഷ്യക്കടത്തുകാർക്കുമൊക്കെ പണം കൊടുത്ത് അവർ അപകടകരമായ കടൽ യാത്ര നടത്തി. മരണം ഉറപ്പാണെന്നറിയുമ്പോൾ എങ്ങോട്ടെങ്കിലും ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയല്ലാതെ എന്തുചെയ്യാൻ?

കുപ്രസിദ്ധമായ ‘വംശശുദ്ധീകരണ’പ്രസ്ഥാന’ത്തിന്റെ ഭാഗമായി നടന്ന ഈ കൂട്ടക്കൊലയും തുടർന്നുണ്ടായ അഭയാർത്ഥിപ്രവാഹവും മനുഷ്യരാശിക്കുനേരെയുള്ള പൊറുക്കാനാകാത്ത പാതകമായിരുന്നു. അടിയന്തരമായി ഇതിനുവിരാമം ഇടുകയും അഭയാർത്ഥികൾക്ക് ആശ്വാസം എത്തിക്കുകയും അതോടൊപ്പം ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ആരായുകയും വേണം. അതിനുമുമ്പ് ആരാണ് ഈ റോഹിംഗ്യകൾ? ആരാണ്, എന്തിനാണ് അവരെ ആക്രമിക്കുന്നത് എന്നൊക്കെ മനസ്സിലാക്കേണ്ടതുണ്ട്. 1947ൽ ഇന്ത്യ സ്വതന്ത്രയായ ഉടനെ 1948ൽ റോഹിംഗ്യകളുടെ നാടായ റാഖൈൻ കൂടി ഉൾപ്പെടുന്ന മ്യാൻമർ ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം നേടി. റാഖൈനോട് ചേർന്നു കിടക്കുന്ന ചിറ്റഗോംഗ് ജില്ല ഉൾപ്പടെയുള്ള ബംഗ്ലാദേശ്(അന്ന് കിഴക്കൻ പാകിസ്ഥാൻ ആയിരുന്നു) സ്വതന്ത്രമായത് 1971ൽ ആണ്. ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ എന്നീ മൂന്ന് രാജ്യങ്ങളും ഇന്ന് സ്വതന്ത്രപരമാധികാര മുതലാളിത്ത രാജ്യങ്ങളാണ്. പല സമയത്തായി ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ഈ പ്രദേശങ്ങൾ പല രാജാക്കൻമാർ ഭരിച്ചിരുന്ന വ്യത്യസ്ത രാജ്യങ്ങളായിരുന്നു. ബർമ്മ ഭരിച്ചിരുന്നത് ബുദ്ധമതക്കാരായ ബാമർ വിഭാഗത്തിൽപ്പെട്ട രാജാക്കൻമാരായിരുന്നു. അരാക്കൻ മലനിരകളാൽ വേർപെടുത്തപ്പെട്ടുകിടന്ന അരാക്കൻപ്രദേശത്ത് 1930 മുതൽ അരാക്കൻരാജാക്കൻമാരാണ് ഭരിച്ചിരുന്നത്. 16,17 നൂറ്റാണ്ടുകളിൽ ചിറ്റഗോംഗ് പ്രദേശവും ഇവരുടെ അധീനതയിൽ ആയിരുന്നു. പിന്നീട് 1666ൽ മുഗളൻമാർ ഈ പ്രദേശം വീണ്ടും അധീനതയിൽ ആക്കിയെങ്കിലും 1770ൽ ചിറ്റഗോംഗ് വീണ്ടും ബ്രിട്ടീഷുകാരുടെ അധീനതയിൽ ആയി. ബർമ്മയിലെ ബാമർ രാജാവ് 1784-85ൽ പിടിച്ചടക്കുന്നതുവരെയുള്ള 350 വർഷം അരാക്കൻ രാജ്യത്തിന് സ്വതന്ത്രമായ നിലനിൽപ്പ് ഉണ്ടായിരുന്നു. 1824ൽ ആദ്യ ആംഗ്ലോ ബർമ്മീസ് യുദ്ധത്തിൽ അവരെ തോൽപ്പിച്ച് ബ്രിട്ടീഷ് ഭരണം സ്ഥാപിക്കപ്പെട്ടു. ബർമ്മയിലെ രാജാവും ബ്രിട്ടീഷുകാരും തമ്മിൽ 1826ൽ ഉണ്ടാക്കിയ ‘യെന്താബൂ കരാർ’ പ്രകാരം അരാക്കൻ പ്രദേശം ബംഗാൾ പ്രസിഡൻസിയിൽ ഉൾപ്പെടുത്തി. രണ്ടാം ആംഗ്ലോ ബർമ്മീസ് യുദ്ധത്തെത്തുടർന്ന് ബ്രിട്ടീഷുകാർ അരാക്കനെ ബർമ്മയോട് കൂട്ടിച്ചേർത്തു.

റോഹിംഗ്യ എന്നാൽ അരാക്കനിൽനിന്ന് എന്നാണ് അവരുടെ ഭാഷയിൽ അർത്ഥം. 15-ാം നൂറ്റാണ്ടുമുതൽ ഇവിടെ ബുദ്ധമതക്കാരോടൊപ്പം വലിയൊരു സംഖ്യ വരുന്ന മുസ്ലീംകളും താമസിച്ചുവരുന്നതായി റോഹിംഗ്യകൾ അവകാശപ്പെടുന്നു. റാഖൈൻ ബുദ്ധിസ്റ്റുകൾ ബാമർ ബുദ്ധിസ്റ്റുകളിൽനിന്ന് സാംസ്‌കാരികമായും രാഷ്ട്രീയമായും ഭിന്നരാണ്. ബംഗ്ലാദേശും പശ്ചിമബംഗാളും ഉൾപ്പെടുന്ന പഴയ ബംഗാളിലേതിൽനിന്നു ഭിന്നമായ ഭാഷയും സംസ്‌കാരവും ആണ് റാഖൈൻ മേഖലയിൽ ഉള്ളത്. ഇവ തമ്മിൽ വളരെ അടുപ്പം ഉണ്ടായിരുന്നു എന്നു മാത്രം. ബംഗാളി ഭാഷയുടെ ചിറ്റഗോംഗ് മേഖലയിലെ ഭാഷാഭേദമാണ് റാഖൈൻ മേഖലയിലെ മുസ്ലീംകളും ബുദ്ധിസ്റ്റുകളും മുഖ്യമായും സംസാരിച്ചിരുന്നത്. മ്യാൻമാറിലെ ഭാഷയിൽനിന്ന് പലതും ഇതിലേയ്ക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. അരാക്കൻ രാജ്യത്ത് ഈ രണ്ട് ജനവിഭാഗങ്ങളും രമ്യതയോടെ കഴിഞ്ഞിരുന്നു. മ്യാൻമറിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള പല ആക്രമണങ്ങളെയും അവർ ഒന്നിച്ചുനിന്ന് ചെറുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അവർ ഉപയോഗിക്കുന്നത് മ്യാൻമറിലെ ഔദ്യോഗിക ഭാഷ തന്നെയാണ്. എന്നാൽ മ്യാൻമർ ഗവൺമെന്റും അതിന്റെ സൈന്യവും ബാമർ, റാഖൈൻ ബുദ്ധിസ്റ്റുകളും റോഹിംഗ്യകളെ ബംഗാളികളെന്നാണ് വിശേഷിപ്പിക്കുന്നത്. ഒന്നാം ആംഗ്ലോ-ബർമ്മീസ് യുദ്ധത്തിൽ ചിറ്റഗോംഗിൽനിന്നും നവാഖാലിയുടെ ചില പ്രദേശങ്ങളിൽനിന്നുമൊക്കെയുള്ള ദരിദ്ര ഗ്രാമീണരായ മുസ്ലീംകൾ ബ്രിട്ടീഷ് സൈന്യത്തെ ചുമടെടുത്തും മറ്റും സഹായിച്ചിരുന്നു. 1826ലെ യെന്താബു കരാറിനുശേഷവും ഇവരെ തൊഴിൽ രംഗത്ത് ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നു. സാമ്രാജ്യത്വ ശക്തിക്കുവേണ്ടി റാഖൈൻ ഭൂമി കൃഷിയോഗ്യമാക്കിത്തീർക്കാനും ഖനനത്തിന് തേക്കുമരങ്ങൾ മുറിക്കാനും തോടുകളും പാലങ്ങളും നിർമ്മിക്കാനുമൊക്കെ ഇവരെ ഉപയോഗിച്ചു. കൊളോണിയൽ ഉൽപ്പാദനരീതി വിപുലപ്പെടുത്തിയെടുക്കാൻ ഇവരെ ഒരു കരുവായി ബ്രിട്ടീഷുകാർ ഉപയോഗപ്പെടുത്തുകയായിരുന്നു. ഡാർജിലിംഗിലെയും ആസ്സാമിലെയുമൊക്കെ തേയിലത്തോട്ടങ്ങളിൽ ആദിവാസികളെയും മറ്റും പാർപ്പിച്ചിരുന്നതുപോലെ അരാക്കാൻ മേഖലയിൽ വാസമുറപ്പിക്കാൻ ബ്രിട്ടീഷ് ഭരണം ഇവരെ നിർബന്ധിതരാക്കി. ഇവിടെ വാസമുറപ്പിച്ചതോടെ റാഖൈൻ മേഖലയെ മാതൃഭൂമിയായിക്കണ്ട് ഇവരുടെ തലമുറകൾ ഇവിടെ വളർന്നുവരുന്നു.

ബ്രിട്ടീഷ് വാഴ്ചക്കാലത്ത് റാഖൈൻ മേഖലയിലെ ജനങ്ങൾക്കിടയിൽ പലനിർണ്ണായക മാറ്റങ്ങളും ഉണ്ടായി. ബ്രിട്ടീഷ് വാഴ്ചയ്ക്കുമുമ്പ് ഇവിടെ താമസിച്ചിരുന്ന മുസ്ലീംകളെ ബർമ്മീസ് മുസ്ലീംകളെന്നും ബ്രിട്ടീഷ് വാഴ്ച ആരംഭിച്ചതിനുശേഷം വന്നവരെ ഇന്ത്യൻ മുസ്ലീംകളെന്നുമാണ് 1872ലെ സെൻസസിൽ ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയത്. അരാക്കൻ രാജവാഴ്ചയിൽ മൈത്രിയോടെ കഴിഞ്ഞിരുന്ന സാധാരണ ജനങ്ങളിൽ ഇത് അസ്വസ്ഥതകൾ സൃഷ്ടിച്ചു. റാഖൈൻ ബുദ്ധിസ്റ്റുകൾക്ക് തങ്ങളുടെ എണ്ണം കുറയുന്നു എന്ന ആശങ്ക ഉടലെടുത്തു. സെൻസസ് റിപ്പോർട്ട് റോഹിംഗ്യൻ മുസ്ലീംകളെ തന്നെ ബർമ്മീസ് ഇന്ത്യൻ എന്നീ രണ്ടുവിഭാഗങ്ങളായി തിരിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് കുറച്ചുനാൾ മ്യാൻമർ ബ്രിട്ടീഷുകാരിൽനിന്ന് ജപ്പാൻ പിടിച്ചെടുത്തിരുന്നു. അന്ന് ഇത് തിരിച്ചുപിടിക്കുന്നതിന് പ്രദേശവാസികളുടെ പിന്തുണ ആവശ്യമായിരുന്ന ബ്രിട്ടീഷ് ഭരണം, മ്യാൻമർകാർക്കും റാഖൈൻകാർക്കും റോഹിംഗ്യകൾക്കുമൊക്കെ ആയുധം നൽകി.

സ്വതന്ത്ര മുതലാളിത്ത  രാജ്യമായ മ്യാൻമറിൽ  റോഹിംഗ്യകളുടെ ചരിത്രം
മ്യാൻമറിന് സ്വാതന്ത്ര്യം ലഭിച്ചതോടെ കൂടുതൽ മാറ്റങ്ങളുണ്ടായി. ശക്തമായ സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യസമരമൊന്നും ഈ മേഖലയിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ ജീവിച്ചിരുന്ന നിരവധി മതവംശീയ വിഭാഗങ്ങളെ ഏകോപിപ്പിക്കാനും സംയോജിപ്പിക്കാനും കഴിഞ്ഞതുമില്ല. ഇവയുടെ ഒരു അയഞ്ഞ സമുച്ചയമായാണ് മ്യാൻമർ വികസിച്ചത്. 135 വംശീയ വിഭാഗങ്ങളുടെ പട്ടികയാണ് ഉണ്ടായിരുന്നത്. അധികാര കൈമാറ്റം നടന്നതാകട്ടെ ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികളിൽനിന്ന് ഒരു സന്ധിയിലൂടെ നവജാതവും ദുർബ്ബലവുമായ മുതലാളിവർഗ്ഗത്തിലേയ്ക്കും. അതും രണ്ട് ലോകയുദ്ധങ്ങൾ കഴിഞ്ഞ് സാമ്രാജ്യത്വം കൂടുതൽ പ്രതിസന്ധിഗ്രസ്തവും ജീർണ്ണവുമായി മാറിക്കഴിഞ്ഞ ശേഷവും. തീർത്തും അവികസിതവും കെട്ടുറപ്പില്ലാത്തതും പുറംലോകത്തുനിന്ന് സ്വയം ഒറ്റപ്പെട്ടതുമായ ഒരു രാഷ്ട്രത്തിന്റെ അധികാരമാണ് അവിടുത്തെ മുതലാളിവർഗ്ഗത്തിന്റെ കൈകളിലെത്തിയത്. വടക്കും കിഴക്കും പടിഞ്ഞാറും മലനിരകളും തെക്ക് ബംഗാൾ ഉൾക്കടലും ആൻഡമാൻ കടലും ഇളക്കാനാകാത്തവണ്ണം അതിനെ ഒറ്റപ്പെടുത്തിനിർത്തി. ഈ ഒറ്റപ്പെടൽ സൃഷ്ടിച്ച സങ്കുചിതത്വം, പ്രത്യേകിച്ച് സമ്പന്ന വിഭാഗങ്ങളിൽ ഒരു പരദേശി സ്പർദ്ധയുടെ രൂപം എടുത്തിരുന്നു. രാഷ്ട്രീയ ഘടനയാകട്ടെ സിവിലിയൻ-പട്ടാള സങ്കരവും. അതായത്, തുടക്കം മുതൽ ആ രാഷ്ട്രം സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായി പ്രതിസന്ധിയിലായിരുന്നു എന്നർത്ഥം. മുതലാളിവർഗ്ഗത്തിൽ ബാമർ ബുദ്ധിസ്റ്റ് വിഭാഗത്തിനായിരുന്നു മുൻതൂക്കം. വാർത്താവിനിമയ സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടും സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങൾ വളർത്തിയെടുത്തുകൊണ്ടും മാത്രമേ വിവിധ മതക്കാരും വംശീയ വിഭാഗക്കാരുമായ ജനവിഭാഗങ്ങൾക്കിടയിൽ ഐക്യവും കെട്ടുറപ്പും വളർത്തിയെടുക്കാൻ കഴിയുമായിരുന്നുള്ളൂ. ഭൂമിശാസ്ത്രപരമായ സംയോജനത്തിനും അത് അത്യന്താപേക്ഷിതമായിരുന്നു. എന്നാൽ രാഷ്ട്രദൃഢീകരണത്തിന്റെ ഈ അനിവാര്യ പ്രക്രിയയ്ക്ക് ഭംഗം വരുത്തുന്ന സമീപനമാണ് മുതലാളിവർഗ്ഗം കൈക്കൊണ്ടത്. എന്നുമാത്രമല്ല, ദേശീയ പുനർനിർമ്മാണമെന്ന പേരിൽ അവർ പ്രാദേശികവാദവും വിഭാഗീയ വീക്ഷണവുമൊക്കെ പോഷിപ്പിക്കുകയും ചെയ്തു. സമ്പദ്ഘടന പ്രതിസന്ധിയുടെയും സമൂഹം ശൈഥില്യത്തിന്റെയും പിടിയിലമർന്നു. പരിശ്രമശാലികളായ റോഹിംഗ്യകളാണ് മ്യാൻമർകാരുടെ ദുസ്ഥിതിക്ക് കാരണക്കാരെന്ന് മുതലാളിവർഗ്ഗം ദുഷ്ടലാക്കോടെ ആരോപിച്ചു. പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ കഴിയാതായതോടെ 1962ൽ ജനറൽ നേവിന്റെ നേതൃത്വത്തിൽ പട്ടാളം അധികാരം പിടിച്ചെടുത്തു. മ്യാൻമർ മുതലാളിവർഗ്ഗത്തിന്റെ ആകമാനവും ആക്രമണോത്സുകവുമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചുമതലയാണ് അവർ ഏറ്റെടുത്തത്. വ്യവസായങ്ങൾ ദേശസാൽക്കരിച്ചുകൊണ്ട് ലഭ്യമായ മൂലധനം ഭരണകൂടത്തിന്റെയും മുതലാളിത്ത ഭരണാധികാരികളുടെയും കൈകളിൽ അവർ കേന്ദ്രീകരിച്ചു. അതോടൊപ്പംതന്നെ മ്യാൻമർ ജനതയിൽ റോഹിംഗ്യകളോടുള്ള സ്പർദ്ധ വളർത്തിയെടുക്കുകയും ചെയ്തു. അസംതൃപ്തരായ ജനങ്ങൾ സംഘടിക്കുന്നതും ജനാധിപത്യസമരപാത സ്വീകരിക്കുന്നതും ഒഴിവാക്കാനായി അവരുടെ ഐക്യം തകർക്കുക എന്ന ഗൂഢതന്ത്രമാണവർ പയറ്റിയത്.

സൈനിക ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നടപടികൾ റോഹിംഗ്യകളെ സ്വന്തമായി രാജ്യമില്ലാത്ത സ്ഥിതിയിലേയ്ക്ക് കൊണ്ടെത്തിച്ചു. സ്വതന്ത്ര മ്യാൻമറിൽ അധികാരം കയ്യാളിയ ഗവൺമെന്റുകളെല്ലാം റോഹിംഗ്യകളുടെ ചരിത്രസംബന്ധിയായ അവകാശവാദങ്ങളെല്ലാം നിരാകരിക്കുകയും രാജ്യത്തെ 135 വംശീയ വിഭാഗങ്ങളിൽ ഒന്നായി അവരെ അംഗീകരിക്കാൻ കൂട്ടാക്കാതിരിക്കുകയുമാണ് ചെയ്തത്. അവിഭക്ത ബംഗാളിൽനിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരായി അവരെ മുദ്രകുത്തുകയും ചെയ്തു. ഒരു രാജ്യത്ത് നൂറ്റാണ്ടുകളായി ജീവിച്ചുവരുന്നവരും അതിന്റെ ചരിത്രത്തോട് അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നവരുമായ, പത്തുലക്ഷത്തിലേറെ വരുന്ന ഒരു സമുദായത്തെ നിയമവിരുദ്ധ കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് യുക്തിക്ക് നിരക്കുന്ന കാര്യമാണോ? കേന്ദ്രഗവൺമെന്റോ അവരുടെ ശക്തിസ്രോതസ്സായ ബാമർ ബുദ്ധിസ്റ്റുകളോ റാഖൈനിലെ ബുദ്ധിസ്റ്റുകളോ, 1950കളിൽ പ്രചാരത്തിൽവന്ന റോഹിംഗ്യകൾ എന്ന പദപ്രയോഗം പോലും അംഗീകരിക്കുന്നില്ല. റാഖൈൻ മേഖലയുടെ സുപ്രധാനമായ ഒരു ചരിത്രഘട്ടം, അതുവഴി മ്യാൻമറിന്റെതന്നെ ചരിത്രത്തിലെ ഒരേട്, മായ്ച്ചുകളയുന്നതിന് സമാനമല്ലേ ഈ നടപടി? ചരിത്രത്തിന് നിരക്കാത്തതും നീതിരഹിതവും സങ്കുചിതവുമായ ഈ വംശശുദ്ധീകരണ നീക്കത്തെ പരിഷ്‌കൃതരും ജനാധിപത്യബോധമുള്ളവരുമായ ആർക്കെങ്കിലും പിന്തുണയ്ക്കാനാകുമോ? പട്ടാളഭരണകൂടം തുടക്കംമുതൽത്തന്നെ ഹീനമായ ഈ മുതലാളിവർഗ്ഗ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്ത് പ്രതിസന്ധി മൂർച്ഛിച്ചതോടെ ഇരുപതുവർഷങ്ങൾക്കുശേഷം അവർ പൂർണ്ണ പൗരത്വത്തിനുള്ള റോഹിംഗ്യകളുടെ എല്ലാ അവകാശങ്ങളും റദ്ദാക്കുകയും ചെയ്തു.
അടുത്തകാലംവരെ താൽക്കാലിക താമസക്കാർ എന്ന നിലയിൽ രജിസ്റ്റർ ചെയ്തുകൊണ്ട് റോഹിംഗ്യകൾക്ക് സൈനിക ഗവൺമെന്റ് തിരിച്ചറിയൽ കാർഡായി ഒരു വെള്ളകാർഡ് നൽകിയിരുന്നു. 1990കളിൽ റോഹിംഗ്യകളും അല്ലാത്തവരുമായ മുസ്ലീംകൾക്ക് ഇത് നൽകിയിരുന്നു. ഇത് പൗരത്വം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡായി പരിഗണിക്കില്ല. പരിമിതമായ അവകാശങ്ങളേ ഇതുമൂലം ലഭിച്ചിരുന്നുള്ളൂ. എങ്കിലും താൽക്കാലിക താമസത്തിനുള്ള അനുമതിയായി ഇത് കണക്കാക്കപ്പെട്ടിരുന്നു. 1982ലെ നിയമം അരാക്കൻ എന്നതിനുപകരം റാഖൈൻ എന്നപേര് ഏർപ്പെടുത്തുകയും റോഹിംഗ്യകളെ പൗരത്വത്തിൽനിന്ന് പുറന്തള്ളുകയും ചെയ്തു. ഇതോടെ അവർ രണ്ടാംതരക്കാരായി. 2014ൽ ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ നടന്ന ദേശീയ സെൻസസ് മുസ്ലീം ന്യൂനപക്ഷങ്ങളെ റോഹിംഗ്യകൾ എന്നു രേഖപ്പെടുത്താൻ അനുമതി നൽകിയെങ്കിലും ഭരണവർഗ്ഗത്തിന്റെയും ബുദ്ധിസ്റ്റ് തീവ്രദേശീയ വാദികളുടെയും സമ്മർദ്ദഫലമായി അവരെ ബംഗാളികളായാണ് രേഖപ്പെടുത്തിയത്. സ്വാഭാവിക പൗരന്മാരായി കണക്കാക്കണമെങ്കിൽ മൂന്നുതലമുറകളായി അവിടെ താമസിക്കുന്നതിന്റെ തെളിവ് ഹാജരാക്കാണമെന്ന് അവരോട് ആവശ്യപ്പെടുകയും 2015ൽ അവരുടെ വൈറ്റ് കാർഡുകളും വോട്ടവകാശവും റദ്ദാക്കുകയും ചെയ്തു. അങ്ങനെ മ്യാൻമറിൽ താമസിക്കുന്ന ബഹുഭൂരിപക്ഷം റോഹിംഗ്യകൾക്കും നിയമപരമായ രേഖകളെല്ലാം നഷ്ടപ്പെടുകയും അവർ യഥാർത്ഥത്തിൽ രാജ്യമില്ലാത്തവരായി മാറുകയും ചെയ്തു. മ്യാൻമറിലെ ഭരണമുതലാളിവർഗ്ഗവും സൈന്യവും നടത്തിയ ഹീനമായ ഈ കളികളിലൂടെ ഒരു വലിയ ജനവിഭാഗം അരികുവത്ക്കരിക്കപ്പെടുന്ന സ്ഥിതി ഉണ്ടായി. 1826 പൗരത്വം നൽകുന്നതിനുള്ള അടിസ്ഥാന വർഷമാക്കിക്കൊണ്ട് ഒരു വംശീയ വിഭാഗത്തിനുമേൽ അടിച്ചേൽപ്പിക്കപ്പെട്ട വിവേചനത്തെ ഗവൺമെന്റ് സ്ഥാപനവത്ക്കരിച്ചു. വിവാഹം, കുടുംബാസൂത്രണം, തൊഴിൽ, വിദ്യാഭ്യാസം, മതവിശ്വാസം, സഞ്ചാരസ്വാതന്ത്ര്യം തുടങ്ങിയവയിലൊക്കെ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ലോകബാങ്കിന്റെ കണക്കുപ്രകാരം മ്യാൻമറിലെ ദാരിദ്ര്യനിരക്ക് 37.5 ശതമാനം ആണെങ്കിൽ ഏറ്റവും അവികസിതമായ റാഖൈൻ സ്റ്റേറ്റിൽ അത് 78 ശതമാനം ആണ്. ബുദ്ധിസ്റ്റുകളുടെയും മുസ്ലീംകളുടെയും ഇടയിൽ ദാരിദ്ര്യം, തൊഴിലവസരം, അടിസ്ഥാനവികസനം തുടങ്ങിയ കാര്യങ്ങളിൽ വലിയ അന്തരം നിലനിൽക്കുന്നു. ഇതിനുപുറമേയാണ് മുതലാളിവർഗ്ഗവും സൈന്യവുംകൂടി അവരെ സ്വന്തമായി രാജ്യമില്ലാത്തവരാക്കിത്തീർത്തത്. 1978 മുതൽ ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയോടെ അവർക്കുമേൽ ഹീനമായ ആക്രമണങ്ങൾ നടക്കുകയാണ്. അടുത്തകാലത്ത് 2016ലും 2017 ആഗസ്റ്റ് മാസത്തിലും ഇത് ആവർത്തിക്കപ്പെട്ടു. ആയിരക്കണക്കിന് റോഹിംഗ്യകൾ ജന്മഭൂമിവിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായി. മ്യാൻമറിലെ അറിയപ്പെടുന്ന നേതാവും സമാധാനത്തിന് നോബൽ സമ്മാനം നേടിയ വ്യക്തിയുമായ ആൻ സാൻ സൂകി പട്ടാളത്തിന്റെ വ്യാജറിപ്പോർട്ടുകൾ അതേപടി ഏറ്റുപാടിക്കൊണ്ടിരുന്നു. അധികാരം കയ്യാളുന്ന പട്ടാളം അടിച്ചമർത്തലിനെയും ബലാത്സംഗങ്ങളെയുംകുറിച്ചൊക്കെ കള്ളങ്ങളാണ് പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ബംഗ്ലാദേശിലേയ്ക്ക് ഓടിപ്പോകുന്ന റോഹിംഗ്യകൾതന്നെ അവരുടെ ഗ്രാമങ്ങൾ അഗ്നിക്കിരിയാക്കുകയാണ് എന്നുപോലും സൈന്യം പ്രചരിപ്പിച്ചു. നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് സൂക്കി നടത്തിയ പ്രസംഗത്തിൽ യാതനകളെ അവഗണിക്കുന്നിടത്ത് സംഘർഷത്തിന്റെ വിത്തുമുളയ്ക്കുന്നു എന്നും യാതനകൾ ജീവിതത്തെ തരംതാഴ്ത്തുകയും കലുഷവും പ്രക്ഷുബ്ധവുമാക്കുകയും ചെയ്യുമെന്നുമൊക്കെ പറഞ്ഞിരുന്നു. ഇന്നത്തെ യാഥാർത്ഥ്യത്തിന്റെ ക്രൂരമായ ഒരു പ്രവചനമായി പരിണമിച്ചിരിക്കുന്നു ആ വാക്കുകൾ.
അന്തമില്ലാതെ തുടരുന്ന ക്രൂരമായ അടിച്ചമർത്തലും ശരിയായ ഒരു നേതൃത്വത്തിന്റെ അഭാവവുംമൂലം ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയും ജീവിതാവശ്യങ്ങൾ മുൻനിർത്തിയും റോഹിംഗ്യകൾ നടത്തുന്ന സമരങ്ങൾ വഴിതെറ്റിപ്പോയിട്ടുണ്ട്. വംശീയവും വിഭാഗീയവുമായ കാഴ്ചപ്പാടുകളാൽ സ്വാധീനിക്കപ്പെട്ട ഒരു വിഭാഗം 1950കളിൽ സ്വയംഭരണാവകാശത്തിനുവേണ്ടിയുള്ള മുദ്രാവാക്യമുയർത്തി. തങ്ങളുടെ സമരത്തെ ന്യായീകരിക്കുന്നതിനായി അവർ റോഹിംഗ്യ എന്ന പേര് ഉപയോഗപ്പെടുത്തുകയായിരുന്നു. 2016ലും 17ലും നടന്ന ക്രൂരമായ അടിച്ചമർത്തലിനെത്തുടർന്ന് റോഹിംഗ്യ മിലിറ്റൻസിന്റെ സംഘടനയായ അരാക്കൻ റോഹിംഗ്യ സാൽവേഷൻ ആർമിയുടെ നേതൃത്വത്തിൽ സെക്യൂരിറ്റി പോസ്റ്റുകൾക്കുനേരെ ആക്രമണം നടന്നു. ജനാധിപത്യപ്രക്ഷോഭണത്തിന് ഹാനി വരുത്തുന്നതായിരുന്നു ഈ ആക്രമണങ്ങൾ.

മുതലാളിത്തം മർദ്ദിതജനതയുടെ ഐക്യം തകർക്കാൻ പൈശാചിക നീക്കങ്ങൾ നടത്തുന്നു
റാഖൈൻ ഉൾപ്പെടെ മ്യാൻമറിലുള്ള ആളുകൾ ഭരണവർഗ്ഗത്തിന്റെയും പട്ടാളത്തിന്റെയും അസത്യ പ്രചാരണങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടാകാം. എന്നാൽ അൽപ്പമെങ്കിലും ജനാധിപത്യധാരണയുള്ള ആളുകൾ ചില അനിഷേധ്യ സത്യങ്ങൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥ മരണാസന്നമായിരിക്കുന്ന ഇന്ന് അത് ജനങ്ങൾക്കുമേൽ നാനാതരത്തിലുള്ള ഹീനമായ ആക്രമണങ്ങൾ ലോകമെമ്പാടും നടത്തിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-നൈതിക രംഗങ്ങളിലെല്ലാം സമ്പൂർണ്ണമായ പ്രതിസന്ധിയാണ് അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മറുവശത്ത് ആ പ്രതിസന്ധിയുടെ ഭാരം മുഴുവൻ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച് മുതലാളിത്ത ഭരണകൂടങ്ങൾ ജനങ്ങളെ എല്ലുംതോലുമാക്കിക്കൊണ്ടിരിക്കുന്നു. ഓരോ രാജ്യത്തെയും മുതലാളിത്ത ഭരണാധികാരികൾ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരെ ജനങ്ങൾ യോജിച്ച പ്രതിഷേധമുയർത്തും എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ ഐക്യം തകർക്കാൻ സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും അവലംബിക്കുന്നു. ഇതിനായി ഓരോ രാജ്യത്തും ഓരോ തരത്തിലുള്ള പദ്ധതികൾ പരസ്യമായോ ഗോപ്യമായോ ഇവർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി വംശീയമായ സംഘർഷങ്ങൾക്കും വർഗ്ഗീയവും മതമൗലികവാദപരവുമായ കൂട്ടക്കൊലകൾക്കും ഭീകരാക്രമണങ്ങൾക്കും ജനങ്ങൾ ഇരയായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതമെന്നോണം ഭീകരവാദത്തെ അമർച്ച ചെയ്യാനും ക്രമസമാധാനം സ്ഥാപിക്കാനുമെന്നപേരിൽ ഭരണകൂടം ഭീകരമായ അടിച്ചമർത്തൽ നടത്തുകയും ചെയ്യുന്നു. പെട്ടെന്നുള്ള പ്രകോപനം എന്തുതന്നെയായാലും അന്തിമവിശകലനത്തിൽ ഇതെല്ലാം മുതലാളിവർഗ്ഗ ഹീനപദ്ധതികളുടെ സൃഷ്ടിയും അദ്ധ്വാനിച്ചു ജീവിക്കുന്നവന്റെ ഐക്യം തകർക്കുക എന്ന ലക്ഷ്യംവച്ചുള്ളതുമായിരിക്കും. മുതലാളിത്ത വ്യവസ്ഥയെ തൂത്തെറിഞ്ഞ് ചൂഷണത്തെയും അടിച്ചമർത്തലിനെയും അടിസ്ഥാനമാക്കാത്ത ഒരു വ്യവസ്ഥ സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഇതിന് അന്ത്യം കുറിക്കാനാകൂ. അതിനർത്ഥം അപ്പപ്പോൾ പ്രത്യക്ഷപ്പെടുന്ന പ്രതിസന്ധികളെ മറികടക്കാൻ ഒന്നും ചെയ്യേണ്ടതില്ല എന്നല്ല.
ഈ വർഗ്ഗവീക്ഷണവും കാഴ്ചപ്പാടും മുൻനിർത്തി പരിശോധിച്ചാൽ മാത്രമേ റോഹിംഗ്യ പ്രശ്‌നത്തിന്റെ ചരിത്രപശ്ചാത്തലവും സങ്കീർണ്ണതകളും നമുക്ക് മനസ്സിലാക്കാനാകൂ. മ്യാൻമറിലെ മുതലാളിത്ത വ്യവസ്ഥ സൈന്യത്തെയും മറ്റ് സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് വിവിധ സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ നടത്തിയ ഹീനനീക്കങ്ങളും ഇപ്രകാരം മനസ്സിലാക്കാൻ കഴിയും. മ്യാൻമറിലെ നേരായി ചിന്തിക്കുന്ന ജനങ്ങൾവർഗ്ഗവീക്ഷണത്തോടെ റോഹിംഗ്യ പ്രശ്‌നത്തെ സമീപിക്കുകയും മുതലാളിത്ത പ്രചാരണങ്ങളിൽക്കുടുങ്ങാതെ സത്യം തിരിച്ചിറിയുകയുംവേണം.
ജനങ്ങളുടെ ദുരിതങ്ങളിൽനിന്ന് മുതലെടുക്കാൻ മുതലാളിത്തം ശ്രമിക്കുന്നു
മുതലാളിത്ത ലോകത്തിന്റെ പ്രതികരണങ്ങൾ ഇത്തരമൊരു വർഗ്ഗവീക്ഷണത്തിന്റെ അനിവാര്യത ഒരിക്കൽക്കൂടി അടിവരയിടുന്നു. റാഖൈൻ മേഖല കൊള്ളയടിക്കുന്നതിനായി ബ്രിട്ടീഷ് സാമ്രാജ്യത്വം ആവിഷ്‌ക്കരിച്ച ഹീനപദ്ധതിയുടെ സൃഷ്ടിയാണ് റോഹിംഗ്യപ്രശ്‌നം എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. സ്വാതന്ത്ര്യാനന്തരം മ്യാൻമർ മുതലാളിവർഗ്ഗവും ഇതേപാതതന്നെ പിന്തുടർന്നു. മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ ജനങ്ങളുടെ ഐക്യം തകർക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. ഇന്ന്, ഈ പ്രശ്‌നം മ്യാൻമറിന്റെ അതിർത്തികൾ ഭേദിച്ച് വളർന്നിരിക്കുന്നു. അഭയത്തിനായി പരക്കംപായുന്ന ആയിരക്കണക്കിന് അഭയാർത്ഥികൾ ആസിയാൻ രാജ്യങ്ങൾക്ക് ഒരു ബാദ്ധ്യതയായി മാറിയിരിക്കുന്നു. റോഹിംഗ്യകളിൽ ഒരു വിഭാഗം സ്വീകരിക്കുന്ന നിലപാടുകളും അവർ വൻശക്തികളിൽനിന്ന് സഹായം തേടുന്നതും തീവ്രവാദത്തിന്റെ സ്വാധീനത്തിൽനിന്ന് താരതമ്യേന മുക്തമായി നിൽക്കുന്ന ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിൽ മൗലികവാദത്തിന്റെയും വിഘടനവാദത്തിന്റെയും ആശങ്കകൾ ഉയർത്തുന്നുണ്ട്. ഈ പദ്ധതിക്ക് തടയിടാൻ കഴിഞ്ഞില്ലെങ്കിൽ സാമ്രാജ്യത്വ ഉപജാപങ്ങൾക്ക് മ്യാൻമറും അതിന്റെ റാഖൈൻ മേഖലയും ഇരയാകുന്നത് കാണേണ്ടിവരും. ദക്ഷിണ പൂർവ്വേഷ്യയെ അസ്ഥിരപ്പെടുത്താനും റാഖൈൻ തീരത്തെ ഹൈഡ്രോകാർബണുകളുടെ വൻശേഖരം കൈക്കലാക്കാനുമായി ഇതിനകംതന്നെ ആഗോളവൻശക്തികൾ റോഹിംഗ്യപ്രശ്‌നത്തിൽ ഇടപെട്ടിരിക്കുന്നതായി ആരോപണമുണ്ട്.

റോഹിംഗ്യ വിഷയത്തിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളൊക്കെ അവഗണിച്ചുകൊണ്ട് ചൈനയെ പിന്തള്ളി എവ്വിധവും മ്യാൻമറിൽ വേരുറപ്പിക്കാൻ ഏറെക്കാലമായി അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന ശ്രമങ്ങൾതന്നെ ഉദാഹരണം. അമേരിക്കയുടെ കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസിന്റെ 2003ലെ രേഖയുടെ തലവാചകം തന്നെ ‘ബർമ്മയിൽ മാറ്റത്തിന് സമയമായിരിക്കുന്നു’ എന്നാണ്. അമേരിക്കയുടെയും അന്തർദ്ദേശീയ സമൂഹത്തിന്റെയും പിന്തുണയില്ലാതെ മ്യാൻമറിലെ ജനാധിപത്യം നിലനിർത്താനാവില്ല എന്ന് ഈ രേഖ പറയുന്നു. ബർമ്മയിൽ(മ്യാൻമർ) ഇപ്പോൾതന്നെ വൈകിയിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ പരിവർത്തനം സാക്ഷാത്ക്കരിക്കാനായി മറ്റുരാജ്യങ്ങളുമായി ചേർന്ന് അമേരിക്ക രൂപംകൊടുത്തിട്ടുള്ള ദൗത്യസംഘത്തിൽ പ്രമുഖവ്യവസായിയായ ജോർജ്ജ് ഡോറോസ് കൂടി ഉൾപ്പെട്ടതും യാദൃശ്ചികമല്ല. മതം, വംശീയത എന്നിവയുടെയൊക്കെ അടിസ്ഥാനത്തിൽ ജനങ്ങളിൽ വിഭാഗീയ ചിന്താഗതികൾ വളർത്താനും അകൽച്ച സൃഷ്ടിക്കാനും പ്രാഗത്ഭ്യമുള്ള ആളാണ് ഡോറോസ്.

ആസിയാൻ അംഗങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, തായലണ്ട്, മ്യാൻമർ എന്നീ രാജ്യങ്ങൾ അഭയാർത്ഥികളെ സംബന്ധിക്കുന്ന ഐക്യരാഷ്ട്രസഭാ പ്രമേയവും മാർഗ്ഗനിർദ്ദേശങ്ങളും ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവർ അഭയാർത്ഥികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമനിർമ്മാണവും നടത്തിയിട്ടില്ല. റാഖൈൻ മേഖലയിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നത് സംബന്ധിച്ച് ഈ രാഷ്ട്രങ്ങൾ മ്യാൻമർ ഗഗവൺമെന്റുമായി അടുത്തിടെ ചില ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്. അതും തത്വത്തിൽ മാത്രമാണ്. പ്രവർത്തന പദ്ധതിക്ക് ഇനിയും രൂപം കൊടുത്തിട്ടില്ല. അഭയാർത്ഥികളെ മ്യാൻമറിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നതു സംബന്ധിച്ച് ബംഗ്ലാദേശും മ്യാൻമറുംതമ്മിൽ ഒടുവിൽ ഉണ്ടാക്കിയ കരാറും ഒരു പ്രഖ്യാപനം മാത്രമാണ്. അതിനുള്ള സമയക്രമമോ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കെല്ലാം കാരണമായ പൗരത്വത്തിന്റെ വിഷയമോ ഒന്നും അതിൽ വ്യവസ്ഥ ചെയ്തിട്ടില്ല.

റാഖൈൻ മേഖലയിലെ സൈനിക നടപടികൾ നിർത്തിവയ്ക്കാനും അഭയാർത്ഥികളെ തിരിച്ചുകൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാനും പൗരത്വപ്രശ്‌നത്തിന് കൂടിയാലോചനകളിലൂടെ പരിഹാരമുണ്ടാക്കാനും യുഎൻ സെക്രട്ടറി ജനറൽ മ്യാൻമറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശങ്ങളോടുള്ള മ്യാൻമറിന്റെ മുൻനിലപാടുകളും അമേരിക്കൻ സ്വാധീനത്തിൽ നിന്ന് മുക്തമായ ഒരു സ്വതന്ത്ര സംവിധാനം എന്ന നിലയിലുള്ള ഐക്യരാഷ്ട്രസഭയുടെതന്നെ വിശ്വാസ്യതയുമൊക്കെ കണക്കിലെടുക്കുമ്പോൾ ഇതിന് വലിയ പ്രയോജനം ചെയ്യാൻ കഴിയുമെന്ന് കരുതേണ്ടതില്ല.
ഏഷ്യയിലെ, ഇപ്പോൾ ലോകത്തെതന്നെ, രണ്ട് വൻശക്തികളായ ചൈനയുടെയും ഇന്ത്യയുടെയും പ്രതികരണം ദയനീയമായിരുന്നു. ഇപ്പോൾ ഒരു സാമ്രാജ്യത്വ ശക്തിയായ ചൈന മ്യാൻമറിൽ സ്വാധീനമുറപ്പിക്കുന്നതിനായി അമേരിക്കയോട് മത്സരിക്കുകയാണ്. ‘വികസനവും സ്ഥിരതയും’ സംരക്ഷിക്കാനുള്ള മ്യാൻമറിന്റെ പദ്ധതിക്ക് ചൈന പിന്തുണ നൽകുന്നു എന്നതിന്റെ അർത്ഥം മ്യാൻമർ ഭരണാധികാരികളുടെ നയ നടപടികളോട് അവർ യോജിക്കുന്നു എന്നാണ്. വളർന്നുവരുന്ന സാമ്രാജ്യത്വ ശക്തിയും മ്യാൻമറിനോട് ചേർന്നു കിടക്കുന്ന രാജ്യവുമായ ഇന്ത്യ ശ്രമിക്കുന്നതാകട്ടെ ചൈനയെ തള്ളിമാറ്റി സ്വന്തം സ്വാധീനം വർദ്ധിപ്പിക്കാനാണ്. അതുകൊണ്ടാണ് അടുത്തിടെ മ്യാൻമർ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റോഹിംഗ്യകളുടെമേൽ നടക്കുന്ന ക്രൂരമായ അടിച്ചമർത്തലുകളെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാതിരുന്നത്.
ഇന്ത്യയിൽ 40,000 റോഹിംഗ്യൻ അഭയാർത്ഥികളുണ്ട്. അതിൽ 16,000 പേർ രജിസ്റ്റർ ചെയ്തവരാണ്. എന്നിട്ടും ഒരു പൊതുതാൽപര്യ ഹർജിയിൽ സുപ്രീംകോടതി സർക്കാരിന്റെ അഭിപ്രായമാരാഞ്ഞപ്പോൾ അവരെല്ലാം നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്ന് സർക്കാർ ബോധിപ്പിച്ചു. എന്നുമാത്രമല്ല, അവരിൽ ചിലർക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഇവരൊന്നടങ്കം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതിയിൽ പറഞ്ഞു. അങ്ങനെ ഇന്ത്യാഗവൺമെന്റ് അന്തർദ്ദേശീയ നിയമങ്ങളും മനുഷ്യത്വപരമായ പരിഗണനകളുമൊക്കെ കാറ്റിൽ പറത്തുകയും ഭരണകക്ഷിയായ ബിജെപി ഇവരെ ഒന്നടങ്കം പുറത്താക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഇവർ അഭയാർത്ഥികളാകാൻ ഇടയായ സാഹചര്യമൊക്കെ നന്നായി മനസ്സിലാക്കിയിട്ടും മ്യാൻമർ ഗവൺമെന്റുമായി ഇവരുടെ സുരക്ഷ സംബന്ധിച്ച് യാതൊരു ധാരണയും ഉണ്ടാക്കാതെ ഇവരെ ആ നരകത്തിലേയ്ക്കുതന്നെ തിരിച്ചയയ്ക്കുന്നതിൽ ഇന്ത്യാഗവൺമെന്റിന് യാതൊരു മനസ്സാക്ഷിക്കുത്തുമില്ല.
ചില റോഹിംഗ്യകൾക്ക് തീവ്രവാദി ബന്ധമുണ്ടെങ്കിൽത്തന്നെ മുഴുവൻ റോഹിംഗ്യകളെയും തീവ്രവാദികളായി മുദ്രകുത്തുന്നത് ന്യായമാണോ? റോഹിംഗ്യ പ്രശ്‌നത്തിന്റെ ന്യായയുക്തത തള്ളിക്കളഞ്ഞ് അതിനെ കേവലം ഭരണപരമായ ഒരു പ്രശ്‌നമാക്കി ചുരുക്കുകയാണ് ഗവൺമെന്റ്. നിയമസാധുത ഉയർത്തിപ്പിടിച്ചുകൊണ്ട്, സ്ത്രീകളോടും കുഞ്ഞുങ്ങളോടും രോഗികളോടുമൊക്കെയുണ്ടാകേണ്ട മാനുഷിക പരിഗണന അവഗണിക്കാനാകുമോ? ഇന്ത്യാ ഗവൺമെന്റിന്റെ നിലപാട് മനുഷ്യത്വപരമോ സത്യസന്ധമോ വിവേകപൂർവ്വമോ അല്ല. ധിക്കാരപരമാണ് എന്നേ വിശേഷിപ്പിക്കാനാകൂ.

മർദ്ദിതനുമേലുളള അതിക്രമങ്ങൾക്ക്  അറുതിവരുത്താൻ ശക്തമായ  ജനകീയ മുന്നേറ്റം അനിവാര്യം

ഇവിടെ താഴെപ്പറയുന്ന കാര്യങ്ങൾ അടിയന്തരമായി ചെയ്യേണ്ടതുണ്ട്. ശൈത്യകാലം ആസന്നമായിരിക്കുന്നതുകൂടി കണക്കിലെടുത്ത് എവിടെയുമുള്ള റോഹിംഗ്യൻ അഭയാർത്ഥികൾക്ക് അടിസ്ഥാന ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണം. ഭക്ഷണം, വെള്ളം, താമസത്തിനും ശുചിത്വം പാലിക്കാനും ആവ്യമായ സൗകര്യം എന്നിവ മാത്രമല്ല അവരെ പുനരധിവസിപ്പിക്കാനും നിലനിർത്താനും ആവശ്യമായ ധനസഹായവും നൽകേണ്ടതുണ്ട്. മ്യാൻമർ സർക്കാരും സൈന്യവും ദേശീയ വാദികളെന്ന് ചമയുന്നവരുമൊക്കെ യാതൊരുവിധ അടിച്ചമർത്തലും റോഹിംഗ്യകൾക്കുമേൽ നടത്തുന്നില്ല എന്നുറപ്പുവരുത്തണം. ലോകാഭിപ്രായം ശക്തമായതോടെ റോഹിംഗ്യകളെ തിരികെ സ്വീകരിക്കാൻ മ്യാൻമർ സർക്കാർ തയ്യാറായിട്ടുണ്ട് എന്നുവേണം കരുതാൻ. അവരുടെ സുരക്ഷയും ആവശ്യമായ സഹായവും പുനരധിവാസവുംകൂടി ഉറപ്പാക്കേണ്ടതുണ്ട്. ഇതിൽവരുത്തുന്ന ഏതൊരു വീഴ്ചയും അന്തർദ്ദേശീയ സമൂഹത്തിന്റെ മുന്നിൽ, മനുഷ്യരാശിയുടെ മുമ്പാകെ നിശ്ചയമായും, ക്രിമിനൽകുറ്റമായി പരിഗണിക്കപ്പെടണം.
ഇതിനൊക്കെപുറമേ ഈ പ്രശ്‌നത്തിന് ഒരു ശാശ്വതപരിഹാരം കാണേണ്ടതുണ്ട്. ചർച്ചയിലൂടെ യുക്തിസഹവും പരമാവധി സാദ്ധ്യവുമായ ഒരു പരിഹാരം കണ്ടെത്താൻ എല്ലാമാർഗ്ഗങ്ങളും അവലംബിക്കണം. പൗരാവകാശങ്ങളും പുരോഗതിയുമൊക്കെ കൊട്ടിഘോഷിക്കുന്ന ഒരു ലോകത്ത് ഒരു സമുദായമൊന്നാകെ പുറന്തള്ളപ്പെടുന്നതും വംശശുദ്ധീകരണം നടത്തുന്നതുമൊക്കെ തടയുന്നതിനും ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും മൂല്യങ്ങളുമൊക്കെ പുലരുന്നു എന്നുറപ്പാക്കുന്നതിനും ശക്തമായ ലോകാഭിപ്രായം ഉയർന്നുവരേണ്ടത് അടിയന്താവശ്യകതയായിരിക്കുന്നു. മാന്യമായി ജീവിക്കാനുള്ള അവകാശം ഭരണകർത്താക്കളുടെയും അവരുടെ പിണിയാളുകളുടെയും ഔദാര്യമാകരുത്. പൗരത്വപ്രശ്‌നത്തിനും, ചരിത്രത്തിനും യുക്തിക്കും നിരക്കുംപടി പരിഹാരം കണ്ടെത്തണം.
വിഭാഗീയതകൾ കുത്തിവച്ച് ജനങ്ങളുടെ ഐക്യം തകർത്ത് അവരുടെമേൽ മുതലാളിത്ത വ്യവസ്ഥയുടെ ഭാരം ഇറക്കിവയ്ക്കരുത്. മ്യാൻമറിലും അയൽ രാജ്യങ്ങളിലും ലോകത്തെവിടെയുമുള്ള, ജനാധിപത്യ ബോധവും മനുഷ്യസ്‌നേഹവുമുള്ള ജനങ്ങൾ ഈ പ്രശ്‌നങ്ങൾക്ക് ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എല്ലാ വിഭാഗീയ തകളും വെടിഞ്ഞ്, സാധാരണക്കാരിൽ അടിയുറച്ച സാഹോദര്യവും യഥാർത്ഥ ഇടതുപക്ഷ മനോഭാവവും വളർത്തിയെടുക്കാൻ സഹായകരമാകുംവിധം ശക്തമായൊരു ജനകീയ മുന്നേറ്റം മ്യാൻമറിലും ലോകമെമ്പാടും വളർത്തിയെടുക്കാൻ അവർ മുന്നോട്ടുവരണം. അതിലൂടെ മാത്രമേ പ്രാദേശിക- വിഘടനവാദികളെയും പിന്തിരിപ്പന്മാരെയും നിലയ്ക്കുനിർത്താനും നിരപരാധികളായ ജനങ്ങൾക്കുമേൽ അവർ നടത്തുന്ന അതിക്രമങ്ങൾക്ക് അറുതി വരുത്താനും സാധിക്കു.
സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി, മാനവരാശിക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട്, വർഷങ്ങളായി പരിഹരിക്കപ്പെടാതെ നിലനിർത്തിയിരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുതകുന്ന ശക്തമായ പൊതുജനാഭിപ്രായം ആഗോളതലത്തിൽ വളർത്തിയെടുക്കാനും അതിലൂടെ മാത്രമേ കഴിയു=

Share this post

scroll to top