സ്വാശ്രയകോളേജുകളിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രക്ഷോഭത്തിൽ

tomes-2.jpg

Kottayam Collectorate March against the Atrocities of Self Financing College

Share

പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയി എന്ന സമർത്ഥനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മരണവും അതുയർത്തിയ പ്രതിഷേധങ്ങളും കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ ഞെട്ടിപ്പിക്കുന്ന പീഡനങ്ങളുടെ പരമ്പരകൾ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു. കോട്ടയം മറ്റക്കര ടോംസ് കോളേജിലെ മനുഷ്യാവകാശ ലംഘനങ്ങളും തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥി പീഡനത്തിന്റെ വാർത്തകളും തെരുവുകളെ പ്രക്ഷുബ്ധമാക്കി. സ്വാശ്രയ കോളേജുകളിലെ ‘ഇടിമുറികൾ’ക്കെതിരായി ‘മുഖം മറയ്ക്കാതെ’ വിദ്യാർത്ഥികൾ രംഗത്തു വരാൻ തുടങ്ങിയിരിക്കുന്നു. പ്രക്ഷോഭ വേദികളിൽ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും അധ്യാപകരും അണിനിരക്കാൻ തുടങ്ങിയതോടെ സ്വാശ്രയ വിദ്യാലയങ്ങളുടെ ബീഭത്സമായ മുഖം കേരള സമൂഹം പൂർണ്ണതോതിൽ ആദ്യമായി നേരിൽകണ്ടു. അധികാര രാഷ്ട്രീയ പിന്തുണയിൽ തഴച്ചു വളർന്ന സ്വാശ്രയ വിദ്യാഭ്യാസ മാഫിയയെ, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ജനാധിപത്യ-സമര രാഷ്ട്രീയം മുഖാമുഖം നേരിടുന്നതിന്റെ സംഘർഷ പാതയിലാണിന്ന് സംസ്ഥാനം.

പിതൃതുല്യം വിദ്യാർത്ഥികളെ സ്‌നേഹിക്കേണ്ട അധ്യാപകൻ പരീക്ഷാഹാളിൽ ചെയ്യാത്ത തെറ്റിന്റെ പേരിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ മനോവിഷമത്തിൽ ഹാൾ വിട്ടു റൂമിലേക്കു പോയ ജിഷ്ണുവിനെ, നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പാളും പിആർഒയും ഉൾപ്പെടെയുള്ളവർ ചേർന്ന് ‘ഇടിമുറിയിൽ’ കൊണ്ടുപോയി മർദ്ദിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന വാർത്ത കേരള മനഃസാക്ഷിയെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്. സഹപാഠികൾക്കുപോലും ജിഷ്ണുവിന്റെ മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കുവാനോ അവസാനമായി ഒരു നോക്കു കാണുവാനോ ഉള്ള അവകാശം പോലും നിഷേധിക്കാൻ മാനേജ്‌മെന്റ് കാട്ടിയ ധാർഷ്ട്യംതന്നെ കേരളത്തിലെ സ്വാശ്രയ മാഫിയ എത്ര അപകടകരമായ വിധത്തിൽ വളർന്നിരിക്കുന്നുവെന്നു തെളിയിക്കുന്നു.
പ്രതിഭാധനനായ വിദ്യാർത്ഥിയായിരുന്നു ജിഷ്ണു. പരീക്ഷയിൽ കോപ്പിയടിക്കേണ്ട യാതൊരു കാര്യവും ആ വിദ്യാർത്ഥിക്കില്ലായെന്ന് സഹപാഠികൾ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണം കെട്ടിച്ചമച്ചാണ് കോളേജ് മാനേജ്‌മെന്റ് ജിഷ്ണുവിനെ മരണത്തിലേക്ക് നയിച്ചതെന്ന കാര്യം സാങ്കേതിക സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ടിൽ നിന്നു വ്യക്തവുമാണ്.

കോളേജ് മാനേജ്‌മെന്റിന്റെ നെറികേടുകൾക്കെതിരെ പ്രതികരിച്ചതിനാണ് ജിഷ്ണുവിനെ ഇല്ലാതാക്കാൻ മാനേജ്‌മെന്റ് ശ്രമിച്ചതെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറയുന്നു. കോളേജിൽ വച്ച് ജിഷ്ണുവിന് മർദ്ദനമേറ്റിരുന്നുവെന്ന് വ്യക്തമാണ്. എന്നാൽ, വിചിത്രമെന്നു പറയട്ടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഇൻക്വസ്റ്റ് റിപ്പോർട്ടിലും ശരീരത്തിൽ മർദ്ദനമേറ്റതിനെ കുറിച്ചുള്ള പരാമർശങ്ങളില്ല. തോർത്തുമുണ്ടിൽ കെട്ടിതൂങ്ങിയാണ് മരിച്ചതെന്നാണ് പറഞ്ഞതെങ്കിലും തോർത്തുമുണ്ട് ഫോറൻസിക് പരിശോധനയ്ക്ക് ഹാജരാക്കിയില്ല. പിണറായി സർക്കാർ പുതുതായി അന്വേഷണചുമതലയേൽപ്പിച്ച കിരൺ നാരായണൻ എന്ന പോലീസുദ്യോഗസ്ഥൻ വന്നതോടെ ജിഷ്ണുവിന്റെ ഹോസ്റ്റൽ മുറിയിലെ തെളിവുകൾ മുഴുവൻ നശിപ്പിച്ചു കളഞ്ഞു. കുറ്റാരോപിതർക്കെതിരെ ദുർബലമായ എഫ്‌ഐആർ തയ്യാറാക്കിയത് പ്രതികളെ രക്ഷിക്കാനായിരുന്നു. ഇതെല്ലാം നിസ്സംശയം വിരൽചൂണ്ടുന്നത് സ്വാശ്രയ മാനേജ്‌മെന്റും കേരളസർക്കാരും തമ്മിലുള്ള അവിശുദ്ധമായ സഖ്യത്തിലേക്കാണ്. ഇത്ര കൊടിയ ചൂഷണവും ഭീകരമായ കൊലപാതകവും അരങ്ങേറിയിട്ടും സ്വാശ്രയ സ്ഥാപനങ്ങൾക്കെതിരായ പ്രസ്താവനകൾക്കപ്പുറം എന്തെങ്കിലുമൊരു നടപടി സ്വീകരിക്കാൻ പിണറായി സർക്കാർ ചെറുവിരൽ അനക്കില്ലായെന്നതാണ് വാസ്തവം. വഴിപാടുപോലെ, ഒരു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന പ്രഖ്യാപനമല്ലാതെ, മരണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ്ണുവിന്റെ അമ്മയെ കാണാൻപോലും പോയില്ലായെന്നത് എന്തുകൊണ്ടെന്നും വ്യക്തമാണ്.

എസ്എഫ്‌ഐ, എബിവിപി തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും മറ്റും ഒരു ഘട്ടത്തിൽ കോളേജിലേക്ക് മാർച്ച് നടത്തുകയും ബിൽഡിംഗ് അടിച്ചുതകർക്കുകയും ചെയ്തു. എന്നാൽ, നയപരമായി ഒരു മാറ്റവും വരില്ലായെന്നു ഉറപ്പാക്കിയ രാഷ്ട്രീയനാടക രംഗങ്ങളാണ് സമരമെന്ന പേരിൽ നെഹ്‌റു കോളേജിൽ നടന്നത്. വിദ്യാർത്ഥി സംഘടനകൾ ലോ അക്കാദമിയിലെ സമരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ടായിരുന്നു എന്നാൽ, അത്തരമൊരു സമരമുഖം നെഹ്‌റു കോളേജിൽ ആരംഭിക്കാൻ അവർ മുന്നോട്ടു വന്നില്ല. പ്രതികൾക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് ഉന്നത രാഷ്ട്രീയ നേതാക്കളും അധികാര കേന്ദ്രങ്ങളും ഉറപ്പുനൽകിയിരിക്കുന്നുവെന്നർത്ഥം.

മറ്റക്കര ടോംസ് കോളേജിലെ മനുഷ്യാവകാശ ലംഘനങ്ങളും ദുരൂഹമരണങ്ങളും

ജിഷ്ണുവിന്റെ മരണം കൊളുത്തിവിട്ട പ്രക്ഷോഭത്തിന്റെ തിരിനാളങ്ങൾ വളരെപ്പെട്ടെന്നു തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടർന്നു. കോട്ടയത്തെ ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ രക്ഷിതാക്കൾ അവിടെ നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവരാൻ ധൈര്യം കാട്ടിയതോടെ, 2004 മുതൽ ആ സ്ഥാപനത്തിൽ സംഭവിച്ച കാര്യങ്ങൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങി. ‘റസിഡെൻഷ്യൽ’ കോളേജ് എന്ന പദവി ഉപയോഗിച്ച് വിദ്യാർത്ഥികളെ ഇരുൾ മുറികളിൽ തടവിലാക്കിയാണ് ആ സ്ഥാപനത്തിന്റെ ചെയർമാൻ ടോം ടി. ജോസഫ് ശാരീരികവും മാനസികവുമായ പീഡനങ്ങൾ നടത്തി വന്നത്.
സ്വന്തം വീടുകൾ സന്ദർശിക്കാൻ അവധി ദിവസങ്ങളിൽപോലും പോകാൻ കുട്ടികൾക്ക് അനുമതിയുണ്ടായിരുന്നില്ല. അനുവാദമില്ലാതെ പോയാൽ, തിരിച്ച് കോളേജിൽ പ്രവേശിക്കാൻ മൂവായിരം രൂപ പിഴ നൽകണമെന്ന അസംബന്ധ നിബന്ധന അംഗീകരിക്കാനാവില്ലെന്ന് രക്ഷിതാക്കളിൽ ചിലർ നിലപാടെടുത്തതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ആ വിഷയത്തിൽ രക്ഷിതാക്കൾ അധികാരികൾക്ക് പരാതി സമർപ്പിക്കുകയും കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തുകയും ചെയ്തു. എന്നാൽ, മാധ്യമങ്ങളെ സ്വാധീനിച്ച് ടോം ടി. ജോസഫ് ഒരു പത്രത്തിലും വാർത്ത വരില്ലായെന്ന് ഉറപ്പാക്കി. നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ മരണത്തെ സംബന്ധിച്ച് ‘മനോരമവിഷനിൽ’ നടന്ന ‘കൗണ്ടർപോയിന്റ’് എന്ന പരിപാടിയിൽ സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറിയും എസ്‌യുസിഐ(സി) തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ സഖാവ് ഷാജർഖാൻ ടോംസ് കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളെക്കുറിച്ച് വിശദീകരിച്ചതോടെയാണ് പുറംലോകം പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിയുന്നത്.

ചെയർമാൻ ടോമിന്റെ ഒരു അധോലോകമായിരുന്നു ആ സ്ഥാപനവും അവിടുത്തെ ഹോസ്റ്റലും. പ്രത്യേകിച്ചും പെൺകുട്ടികളുടെ ഹോസ്റ്റൽ. അർദ്ധരാത്രിയിൽപോലും അവിടെ കടന്നു ചെല്ലുകയും നിശാവസ്ത്രത്തിൽ തന്നെ കുട്ടികളെ കാണണമെന്ന് നിർബന്ധിക്കുകയും ചെയ്യുന്നത് നിത്യ സംഭവമായിരുന്നു. നിരാലംബരും അസംഘടിതരുമായിരുന്ന വിദ്യാർത്ഥിനികൾ ചെയർമാന്റെ ക്രൂരമായ നടപടികൾക്കെതിരെ ചെറുത്ത് നിൽപ്പ് സംഘടിപ്പിക്കാൻ കഴിയാത്തവിധം പാരതന്ത്ര്യത്തിലായിരുന്നു. ഇടയ്ക്ക് വെച്ച് കോഴ്‌സ് നിർത്താനോ ഓടി രക്ഷപ്പെടാനോ പോലും കഴിയാതെ കീഴടങ്ങിയ വിദ്യാർത്ഥികളിൽ മൂന്നുപേർ ദുരൂഹസാഹചര്യങ്ങളിൽ അവിടെ മരിക്കുകയുണ്ടായി. 2007 ലാണ് ഇലന്തിക്കരയിലെ ജില എന്ന പെൺകുട്ടിയും പിതാവും ആത്മഹത്യ ചെയ്തത്. 2009 ജൂലൈ 18 ന് വയനാട്ടിലെ ബിജിന എന്ന പെൺകുട്ടിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയിട്ട് ആത്മഹത്യ ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. മാനഹാനി ഭയന്നാണ് ആ പിതാവ് അങ്ങനെയൊരു കടുംകൈ ചെയ്തത്. ആ സംഭവത്തിന് ഉത്തരവാദി ടോം ടി.ജോസഫ് ആണെന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. 2011 ഒക്‌ടോ: 11-നാണ് രവിശങ്കർ എന്ന ഒരു വിദ്യാർത്ഥിയെ ഗുരുതരമായി മർദ്ദനമേറ്റ നിലയിൽ ക്യാമ്പസ്സിൽ കാണപ്പെട്ടത്. ആശുപത്രിയിലെത്തിയെങ്കിലും രവിശങ്കറും ഈ ലോകം വിട്ടുപോയി.
മേൽപറഞ്ഞ എല്ലാ കേസുകളിന്മേലും അന്വേഷണം നടന്നു. പള്ളിക്കതോട് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 94 പ്രകാരം ഫയൽ ചെയ്ത ആ കേസ്സുകളിൽ അന്നത്തെ മനുഷ്യാവകാശ കമ്മീഷന്റെയും വനിതാ കമ്മിഷന്റെയും നേരിട്ടുള്ള അന്വേഷണങ്ങൾ നടന്നു. പോലീസ് കേസ് 173/2010, 179/2010 തുടങ്ങിയ ക്രൈം നമ്പരുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് സിഐ എ.രാജൻ നടത്തിയ അന്വേഷണത്തിൽ പരാതികളെല്ലാം ശരിയാണെന്ന് തെളിഞ്ഞു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് 2011 മെയ് 26 ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജേന്ദ്രനെ, ടോം ടി.ജോസഫിനെ അറസ്റ്റ് ചെയ്യാൻ അന്നത്തെ എഡിജിപി ശ്രീജിത്ത് ചുമതലപ്പെടുത്തിയത്. എന്നാൽ, അറസ്റ്റുണ്ടായില്ലായെന്ന് മാത്രമല്ല, ആ കേസ്സുകൾ ഫയൽ ചെയ്യുന്നതിന് മുൻകൈയെടുത്ത രക്ഷിതാവ് കെ.കെ.രാജനെതിരെ കള്ളക്കേസുകൾ ചമച്ച് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും ചെയ്തു. 2004-ൽ വിശ്വേശ്വരയ്യ എന്ന പേരിൽ അങഋഋ കോഴ്‌സുകൾ മാത്രം നടത്തിക്കൊണ്ടിരുന്ന ഒരു സ്ഥാപനമായിരുന്നു അത്. പക്ഷേ, വിദ്യാർത്ഥികളിൽ നിന്ന് വലിയ തോതിൽ ഫീസുകൾ പിരിച്ച് ലക്ഷാധിപതിയായി കഴിഞ്ഞിരുന്നു അയാൾ. അതിലൊരു വിഹിതം സ്ഥലത്തെ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും അധികാരികൾക്കും കമ്മീഷനായി നൽകുന്ന ഏർപ്പാടും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ രാഷ്ട്രീയ പിന്തുണയോടെയാണ് ഇരുൾമുറികളിൽ വിദ്യാർത്ഥികളെ ക്രൂരമായി പീഡിപ്പിക്കാൻ അയാൾക്ക് ധൈര്യം ലഭിച്ചത്.

പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ വാർഡനും ടോം ടി.ജോസഫായിരുന്നു. അയാളുടെ അടുക്കള ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്ന പെൺകുട്ടികൾ അവരനുഭവിച്ച ദുരിത കഥകൾ പുറത്തു പറയുമ്പോൾ അത് കേട്ട് കേരളീയരാകെ തല താഴ്ത്തി നിൽക്കേണ്ടി വരുന്നു. ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ടോംസിലും ഇതര സ്വാശ്രയ സ്ഥാപനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്.
സംസ്ഥാന സർക്കാരുമായി വർഷാവർഷം ഉണ്ടാക്കുന്ന കരാർ പ്രകാരം ഉയർന്ന ഫീസു വാങ്ങി കുട്ടികളെ കൊള്ളയടിക്കുന്നത് കൂടാതെയാണ് തൊട്ടതിനും പിടിച്ചതിനുമൊക്കെ പിഴ ചുമത്തുന്നത്. പെൺകുട്ടിയും ആൺകുട്ടിയും ഒന്നിച്ചു നടന്നാൽ 500 രൂപ പിഴ കൊടുക്കണം എന്ന നിബന്ധനയുള്ള സ്ഥാപനങ്ങൾ ഈ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഫീസിന്റെ പേരിൽ പകൽകൊള്ള നടത്തിയ തുക വിദ്യാർത്ഥികൾക്ക് തിരിച്ചു നൽകണം

ടോംസ് കോളേജിൽ ഫീസിന്റെ പേരിൽ വൻ കൊള്ളയാണ് നടക്കുന്നത്. കരാർ പ്രകാരം സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിൽ പരമാവധി വാങ്ങാവുന്ന തുക 90,000 രൂപയാണ്. എന്നാൽ, അവിടെ ട്യൂഷൻ എന്ന പേരിൽ 99000 രൂപയും കൂടാതെ പ്രത്യേക ഫീസ് 25000 രൂപയും പരീക്ഷാഫീ എന്ന പേരിൽ 5000 രൂപയും യൂണിഫോം ഉപകരണങ്ങൾ തുടങ്ങിയ പേരുകളിൽ 10,000 രൂപയും വീണ്ടും സ്‌പെഷ്യൽ ഫീസ് എന്ന പേരിൽ 10,000 രൂപയും ഹോസ്റ്റലിന്റെ പേരിൽ 60,000 രൂപയും ഉൾപ്പെടെ ഒരു വർഷത്തേക്ക് 2,14,000 രൂപ വീതമാണ് കുട്ടികളിൽനിന്ന് ടോംസ് ഈടാക്കുന്നത്.(ലേറ്റ്ഫീ, കൂട്ടംകൂടിയാൽഫൈൻ, മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ, വസ്ത്രധാരണത്തിൽ പിശക് കണ്ടാൽ പിഴ എന്തിനേറെ ചിരിച്ചാൽ പോലും പിഴ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്). ടോംസ് കോളേജിലെ നാലു വർഷത്തെ എഞ്ചിനീയറിംഗ് കോഴ്‌സ് പൂർത്തിയാക്കാൻ എട്ടരലക്ഷം രൂപയാണ് ഫീസിനത്തിൽ മാത്രം ഒരു വിദ്യാർത്ഥി നൽകേണ്ടി വരുന്നത്.

കരാർ വ്യവസ്ഥകൾ കാറ്റിൽ പറത്തുന്ന ഈ സ്ഥാപനത്തിന് യഥാർത്ഥത്തിൽ സ്ഥിരസ്വഭാവത്തിലുള്ള അഫിലിയേഷൻ ഇനിയും ലഭിച്ചിട്ടില്ല. താൽക്കാലികമായി കേരള സാങ്കേതിക സർവകലാശാല നൽകിയ അഫിലിയേഷനാകട്ടെ എഐസിടിഇ യുടെ എല്ലാ ചട്ടങ്ങൾക്കും വിരുദ്ധമായിട്ടുള്ളതുമാണ്. സാങ്കേതിക സർവകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിൽ ഈ സ്ഥാപനത്തെക്കുറിച്ച് ആദ്യം അന്വേഷിച്ച് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ അഫിലിയേഷൻ റദ്ദാക്കാൻ തീരുമാനിക്കപ്പെട്ടതാണ്. എന്നാൽ ആ തീരുമാനം അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് 2017 ജനുവരി 31 ന് വീണ്ടും രജിസ്ട്രാർ തെളിവെടുപ്പിന് കോളേജിലെത്തി. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കടുത്ത എതിർപ്പിനിടയിൽ നടന്ന തെളിവെടുപ്പിൽ 15 രക്ഷിതാക്കൾ ഒഴികെ മുഴുവൻ പേരും ഒറ്റക്കെട്ടായി കുട്ടികളെ പിൻവലിക്കുകയാണെന്ന് അറിയിച്ചു.
ടോംസ് എഞ്ചിനീയറിംഗ് കോളേജിന്റെ അഫിലിയേഷൻ പോലും അകഇഠഋ യുടെ ചട്ടങ്ങൾക്കു വിരുദ്ധമായിട്ടാണ് സാങ്കേതിക സർവകലാശാല നൽകിയിട്ടുള്ളത്. പത്തേക്കർ ഭൂമിവേണമെന്ന നിബന്ധന അവർ പാലിച്ചിട്ടില്ല. 50 സെന്റ് മാത്രമാണ് കോളേജ് പ്രവർത്തിക്കുന്ന കോമ്പൗണ്ടിൽ ആകെയുള്ളത്. ഓഫീസ് എന്ന പേരിൽ രജിസ്ട്രാറുടെ സംഘത്തിന് കാണിച്ചുകൊടുക്കാൻ ഒരുക്കിയതുപോലും ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലായിരുന്നു. രായ്ക്കുരാമാനം കുട്ടികളുടെ ഹോസ്റ്റൽ ഒഴിപ്പിച്ച്, കൃത്രിമമായി ചില സംവിധാനങ്ങൾ ഏർപ്പെടുത്തി അംഗീകാരം നേടാനുള്ള നാലാംകിട തട്ടിപ്പു വിദ്യകളാണ് ടോം കാണിച്ചു കൂട്ടിയത്. രക്ഷിതാക്കളുടെ സമരത്തിന് നേതൃത്വം നൽകുന്ന നേതാക്കളായ ആവണീശ്വരം രാജശേഖരൻ, നിസാമുദ്ദീൻ, ബിന്ദു ദേവരാജൻ, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കോട്ടയം ജില്ലാ കമ്മിറ്റിയംഗം ഇ.വി.പ്രകാശ്, എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് എം.കെ.ഷഹസാദ്, നസീർ പത്തനാട്, ശ്രീമതി ബോബി എന്നിവരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ആ തട്ടിപ്പുകൾ വെളിച്ചത്തു കൊണ്ടുവരാൻ കഴിഞ്ഞു. രക്ഷിതാക്കളും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി നടത്തിയ ധീരോജ്ജ്വലമായ സമരത്തെ തുടർന്ന്, ക്രമക്കേടുകളെക്കുറിച്ച് പുറംലോകത്തെ അറിയിക്കാൻ ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും രംഗത്തു വരികയും ചെയ്തു. സമരം ശക്തിപ്പെട്ടതോടെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ടോംസ് കോളേജിന്റെ അടുത്തവർഷത്തെ അഫിലിയേഷൻ റദ്ദാക്കാൻ തീരുമാനിച്ചു. എന്നാൽ ടോംസ് കോളേജിനെ രക്ഷിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ അഫിലിയേഷൻ റദ്ദാക്കണ്ട എന്നു തീരുമാനിച്ചു. ഉന്നതരാഷ്ട്രീയകേന്ദ്രങ്ങളുമായുള്ള ടോംസിന്റെ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കെറ്റിയു ഇത്തരമൊരു വഞ്ചനാപരമായ തീരുമാനം കൈക്കൊണ്ടത്. അതിന്റെ മറയിൽ ഈ അദ്ധ്യയനവർഷം ക്ലാസ്സുനടത്താൻ ടോംസിന് അവസരം ഒരുക്കുകയാണ്. എന്നാൽ അത് അനുവദിക്കുകയില്ലായെന്ന് എഐഡിഎസ്ഒ നേതാക്കളും ടോംസിലെ വിദ്യാർത്ഥികളും ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.

ഫീസിന്റെ പേരിൽ ടോംസിൽ നടക്കുന്ന പിടിച്ചുപറിയെക്കുറിച്ച് വിശദീകരിക്കാൻ തിരുവനന്തപുരത്ത് സേവ് എജ്യൂക്കേഷൻ കമ്മിറ്റി വാർത്താസമ്മേളനം വിളിച്ചു. അഫിലിയേഷൻ റദ്ദാക്കുകയും വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേയ്ക്ക് മാറ്റുകയും ചെയ്യുക എന്ന തീരുമാനം സർവകലാശാല കൈക്കൊണ്ട സാഹചര്യത്തിൽ ടോംസിലെ വിദ്യാർത്ഥികളിൽ നിന്ന് മുൻകൂറായി വാങ്ങിയ മുഴുവൻ പണവും തിരിച്ചു നൽകണമെന്ന് സേവ് എജ്യൂക്കേഷൻ കമ്മിറ്റി സെക്രട്ടറി എം. ഷാജർഖാൻ ആവശ്യപ്പെട്ടു. 2004- മുതൽ ആ കോളേജിൽ നടന്ന ദുരൂഹമരണങ്ങളെക്കുറിച്ച് പുനരന്വേഷണം പ്രഖ്യാപിക്കണമെന്നും ക്രമക്കേടുകൾക്കുത്തരവാദിയായവരെ ശിക്ഷിക്കാൻ ആവശ്യമായ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടോമിനെ അറസ്റ്റ് ചെയ്യാൻ പ്രക്ഷോഭം

ടോംസ് കോളേജിലെ എല്ലാ അതിക്രമങ്ങൾക്കും ഉത്തരവാദി ആ സ്ഥാപനത്തിന്റെ ചെയർമാനായ ടോം ടി. ജോസഫ് തന്നെയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ അയാളെ അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കാലവിളംബം ഉണ്ടാകാൻ പാടില്ലായിരുന്നു. എന്നാൽ, അമാന്തം ഉണ്ടാകുന്നുവെന്നു മാത്രമല്ല, പ്രതിയെ രക്ഷിക്കാൻ കടുത്ത രാഷ്ട്രീയ നീക്കങ്ങൾ പല തലങ്ങളിൽ ഇപ്പോഴും നടക്കുന്നുവെന്നതിനാലുമാണ് അയാൾ രാജാവായി ഇപ്പോഴും വിലസ്സുന്നത്. 2016 ഡിസംബർ വരെ, ആ കോളേജിലെ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ നൽകിയ കേസുകളിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്സെടുക്കാൻ ഇടതു- കോൺഗ്രസ് സർക്കാരുകൾക്കു കഴിയുമായിരുന്നു. രാഷ്ട്രീയ നേതാക്കൾ വിലക്കെടുക്കപ്പെട്ടതിനാൽ, നിഷ്പക്ഷമായി പ്രവർത്തിക്കാൻ പോലീസ് സേനയ്ക്ക് കഴിയാതെ വന്നിരിക്കുന്നു. അവർ അവിഹിത ഇടപാടുകളുടെ പങ്കുകാരായി മാറുന്ന കാഴ്ചയാണുള്ളത്. 2017-ൽ ടോമിനെതിരെ 20 കേസ്സുകൾ പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പള്ളിക്കത്തോട് എസ്‌ഐ പറയുന്നുണ്ടെങ്കിലും അയാളെ അറസ്റ്റുചെയ്യാത്തത് ഉന്നതരാഷ്ട്രീയ ഇടപെടലുകൾ മൂലമാണ്.
കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ജനുവരി 28-ാം തിയതി നടത്തിയ പ്രസ്താവനയിൽ നെഹ്‌റുവിന്റെയും കാർട്ടൂണിസ്റ്റ് ടോമിന്റെയും പേരുകൾ കേട്ടാൽ പോലും ഇപ്പോൾ ഞെട്ടലുണ്ടാകുമെന്നു പ്രസംഗിക്കുകയുണ്ടായി. സ്വാശ്രയക്കച്ചവടക്കാരെ നിലയ്ക്ക് നിർത്തുമെന്ന് വീമ്പിളക്കുകയും ചെയ്തു. എന്നാൽ, ടോംസ്‌കോളേജിലെ രക്ഷിതാക്കൾ 2017 ജനുവരി ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയന് പരാതികൾ സമർപ്പിച്ചതാണ്. ഒരു നടപടിയും എടുക്കാൻ ആഭ്യന്തരം കയ്യാളുന്ന പിണറായി വിജയൻ ഇതുവരെ തയ്യാറായിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് ജനുവരി 30-ാം തീയതി രാവിലെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ നേതൃത്വത്തിൽ കോട്ടയം കളക്‌ട്രേറ്റിലേക്കു വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാർച്ച് സംഘടിപ്പിച്ചത്. ടോം ടി. ജോസഫിനെ കൈയ്യാമം വച്ച് നിയമത്തിന് മുന്നിലെത്തിക്കുക എന്നതായിരുന്നു മാർച്ചിൽ മുന്നോട്ടു വച്ച പ്രധാന ആവശ്യം. ഒപ്പം വിദ്യാർത്ഥികൾക്ക് സർക്കാർ കോളേജുകളിൽ പ്രവേശനം നൽകണമെന്നും ആവശ്യപ്പെട്ടു.

വിദ്യാർത്ഥി-രക്ഷാകർത്തൃ പ്രസ്ഥാനം  രൂപപ്പെട്ടുവരുന്നു

സമരമുഖത്ത് വിദ്യാർത്ഥികളോടൊപ്പം ടോംസ് കോളേജിലെ രക്ഷിതാക്കൾക്കൂടി സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഐക്യം സ്വാശ്രയ വിദ്യാലയങ്ങളിലെ പീഡനങ്ങൾക്കെതിരെ രൂപപ്പെട്ടു വരുന്നതിന്റെ ലക്ഷണങ്ങളായി അവയെ കാണാവുന്നതാണ്. പ്രതീക്ഷാ ഭരിതമായ പ്രക്ഷോഭദിനങ്ങളാണ് എവിടെയുമുള്ളതെന്ന് ഇതര കോളേജുകളിൽ നിന്നു മുന്നോട്ടു വരുന്ന വിദ്യാർത്ഥികളുടെ സമരപ്രഖ്യാപനങ്ങൾ അടിവരയിടുന്നു. ജനുവരി 27-ാം തിയതി ടോംസിൽ നടന്ന വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും സംയുക്ത യോഗം ഒരു പൊതുവേദിക്ക് രൂപം നൽകിയിട്ടുണ്ട്. ‘അസോസിയേഷൻ ഓഫ് സ്റ്റുഡന്റ്‌സ് ആന്റ് പേരന്റ്‌സ് ഫോർ ദ സെൽഫ് ഫൈനാൻസിംഗ് ഇൻസ്റ്റിറ്റിയൂഷൻസ്’ എന്ന ഫോറത്തിന് ആ യോഗം രൂപം നൽകുകയുണ്ടായി. സ്വാശ്രയ രംഗത്തെ ചങ്ങലകളിൽ നിന്ന് വിമോചിതരാകുവാൻ വിദ്യാർത്ഥികൾക്കും കുട്ടികളുടെ ഭാവിയ്ക്കുവേണ്ടി പൊരുതുവാൻ രക്ഷിതാക്കൾക്കും ഒത്തൊരുമിച്ച് കൈകോർത്ത് മുന്നേറാൻ അത്തരമൊരു വേദി നിശ്ചയമായും അനിവാര്യമായിരിക്കുന്നു.

ലോ അക്കാദമിയിൽ നടന്ന വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ പ്രക്ഷോഭം

ഇതിനിടയിൽ, തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾക്കെതിരെ വിദ്യാർത്ഥികൾ സ്വതന്ത്രമായി ആരംഭിച്ച ഒരു പ്രക്ഷോഭം നിരവധി ക്രമവിരുദ്ധമായ പ്രവർത്തനങ്ങളെ സംബന്ധിച്ച കാര്യങ്ങൾകൂടി പുറത്തു കൊണ്ടുവരാൻ ഇടയാക്കി.
കോളേജിലെ പീഡനങ്ങൾ പ്രധാനമായും പ്രിൻസിപ്പാൾ ലക്ഷ്മിനായരുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്നതിനാൽ പ്രിൻസിപ്പാൾ രാജിവച്ചൊഴിഞ്ഞാൽ മാത്രമേ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ പ്രക്ഷോഭം തുടങ്ങിയത്. കെഎസ്‌യുവും എഐഎസ്എഫും ഉൾപ്പെട്ട സംയുക്ത വിദ്യാർത്ഥി സമരസമിതിയുടെ ആഭിമുഖ്യത്തിൽ സമരപന്തൽ കെട്ടി തുടങ്ങിയ സമരത്തിൽ ഇല്ലാതിരുന്ന എസ്എഫ്‌ഐ ഏതാനും ദിവസങ്ങൾക്ക് ശേഷം പ്രത്യേക സമരപ്പന്തൽ കെട്ടി സമരം തുടങ്ങിയതോടെ വ്യത്യസ്ത പന്തലുകൾ നിലവിൽവന്നു. എബിവിപിയും പ്രത്യേക സമരപ്പന്തൽ കെട്ടി. വൈകാതെ ബിജെപിയും എഐവൈഎഫും കോൺഗ്രസും മറ്റുമെല്ലാം പ്രത്യേകം പ്രത്യേകം സമരപ്പന്തലുകൾ കെട്ടി, ലക്ഷ്മിനായർ രാജിവയ്ക്കുക എന്ന ആവശ്യവുമായി രംഗത്തണിനിരന്നതോടെ സമരം കൂടുതൽ രാഷ്ട്രീയ സ്വഭാവമാർജ്ജിച്ചു.
വ്യക്തിവിരോധമുള്ള വിദ്യാർത്ഥികളെ ഇന്റേണൽ അസസ്‌മെന്റിന്റെ പേരിൽ പരീക്ഷകളിൽ പരാജയപ്പെടുത്തുന്ന ഏർപ്പാട് വർഷങ്ങളായി ആ കോളേജിൽ നിലവിലുണ്ട്. ക്ലാസ് അധ്യാപകർ നിശ്ചയിക്കുന്ന ഇന്റേണൽ പ്രാക്ടിക്കൽ മാർക്കുകളിൽ കൃത്രിമം കാട്ടിയതിന് ശേഷമാണ് പ്രിൻസിപ്പാൾ മാർക്ക് ഷീറ്റ് സർവകലാശാലയ്ക്ക് അയയ്ക്കുന്നത്. പ്രിൻസിപ്പാളിന് പ്രത്യേകതാൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് മാർക്ക് കൂട്ടിക്കൊടുക്കുകയും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റികൊടുക്കാൻ വിമുഖത കാട്ടുന്ന വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട മാർക്കു കൊടുക്കാതിരിക്കുകയും ചെയ്യുക എന്ന അങ്ങേയറ്റം നികൃഷ്ടവും വ്യക്തിപരവുമായ രീതികളും സമ്പ്രദായങ്ങളും അക്കാദമിക അന്തരീക്ഷത്തെ, വിശേഷിച്ചും കലാലയ അന്തരീക്ഷത്തെ വഷളാക്കിയിരുന്നു. വിദ്യാർത്ഥിസംഘടനകൾക്ക് ഔപചാരികമായി പ്രവർത്തന സ്വാതന്ത്ര്യം ലഭ്യമായിരുന്നുവെങ്കിലും ഇന്റേണൽ അസസ്‌മെന്റ് എന്ന വാൾ അവരുടെ മുകളിൽ എപ്പോഴും തൂങ്ങിക്കിടന്നു. അതുകൊണ്ടുതന്നെ വിദ്യാർത്ഥി നേതാക്കൾപോലും ഭയപ്പാടോടെയാണ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.

ജിഷ്ണുവിന്റെ മരണം ഉയർത്തിവിട്ട കൊടുങ്കാറ്റിൽ ഇളകിയാടിയ കലാലയങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിൽവന്നത് ലോ അക്കാദമി ആയിരുന്നു. ഭൂരിപക്ഷം വിദ്യാർത്ഥികളും അണിനിരന്ന അപൂർവമായ ഒരു സമരമുഖമായിരുന്നു അത്. രാഷ്ട്രീയക്കാരായ വിദ്യാർത്ഥികൾ അവരവരുടെ പന്തലിലും സ്വതന്ത്രവിദ്യാർത്ഥികൾ സ്വതന്ത്രമായ സമരപ്പന്തലിലും ഉറച്ചു നിന്നു. ആവശ്യങ്ങൾ ഏവരും ഒരേപോലെ അംഗീകരിച്ചവയായിരുന്നു. പരീക്ഷാകാര്യങ്ങളിൽ ലക്ഷ്മിനായർ ഇടപെടരുത്, വനിതാ ഹോസ്റ്റലിൽപോലും സ്ഥാപിക്കപ്പെട്ട സിസി ടിവി ക്യാമറകൾ എടുത്തുമാറ്റുക, ഇന്റേണൽ അസസ്‌മെന്റിന്റെ പേരിലുള്ള പീഡനങ്ങൾ അവസാനിപ്പിക്കുക, ലക്ഷ്മിനായരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നത് അവസാനിപ്പിക്കുക, ജാതീയമായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ 16 കാര്യങ്ങളാണ് ആദ്യം വിദ്യാർത്ഥികൾ സമർപ്പിച്ച നിവേദനത്തിൽ ഉണ്ടായിരുന്നത്.
സമരം തുടങ്ങി വൈകാതെ, ലക്ഷ്മി നായർ രാജിവയ്ക്കുക എന്ന ഡിമാന്റ് വിദ്യാർത്ഥികൾ ഒന്നടങ്കം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായിവന്നു. എന്തായാലും സർവകലാശാല സിൻഡിക്കേറ്റ് വിദ്യാർത്ഥി പ്രശ്‌നങ്ങൾ പഠിക്കാൻ ഒരു ഉപസമിതിയെ നിയോഗിച്ചു. വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ച എല്ലാ കാര്യങ്ങളും ശരിയാണെന്നും അക്കാദമിയ്‌ക്കെതിരെ നടപടി വേണമെന്നും സമിതി ശുപാർശ ചെയ്തു. എന്നാൽ, അതിനുശേഷമുള്ള സിൻഡിക്കേറ്റ് യോഗത്തിൽ സിപിഐ(എം)അംഗങ്ങൾ ലക്ഷ്മിനായരെ പുറത്താക്കണമെന്ന ആവശ്യത്തിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും തീരുമാനം സർക്കാർ എടുക്കട്ടെ എന്ന നിർദ്ദേശംവയ്ക്കുകയും ചെയ്തു. തീരുമാനം സർവകലാശാല സർക്കാറിന് വിട്ടത് മാനേജ്‌മെന്റും സർക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു. നിയമപ്രകാരം സ്വാശ്രയ കോളേജിനെതിരെ നടപടിയെടുക്കേണ്ടത് സർവകലാശാലയാണ്, സർക്കാരല്ല. പക്ഷേ പന്ത് സർക്കാറിന്റെ കോർട്ടിലേക്കു തട്ടിയത് പ്രിൻസിപ്പാളിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു.
ചട്ടലംഘനങ്ങൾക്കെതിരെ അഫിലിയേഷൻ റദ്ദാക്കാനായി കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുന്ന സാഹചര്യമുണ്ടായി വന്നാൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കാനും പ്രിൻസിപ്പാൾ വ്യവസ്ഥപ്രകാരം ഒഴിയാനും സന്നദ്ധയാകുമായിരുന്നു.

എസ്എഫ്‌ഐയുടെ വഞ്ചന

അതിനു പകരം സിപിഐ(എം)ന്റെ ഉന്നത നേതാക്കളുടെ നിർദ്ദേശപ്രകാരം എസ്എഫ്‌ഐ നേതാക്കളും അക്കാദമി ട്രസ്റ്റ് ഡയറക്ടർ നാരായണൻ നായരും മറ്റുമായി 2017 ജനുവരി 31ന് ഒരു ചർച്ചാപ്രഹസനം നടത്തി ഡിമാന്റുകൾ അംഗീകരിച്ചുവെന്ന് വരുത്തി തീർക്കാനാണ് ശ്രമം നടത്തിയത്. സമരം ചെയ്യുന്ന മറ്റു വിദ്യാർത്ഥി സംഘടനകളെ ഒഴിവാക്കി എസ്എഫ്‌ഐയുമായി മാത്രം ചർച്ച നടത്തി അവരെ ചാമ്പ്യന്മാരാകാൻ ആസൂത്രണം ചെയ്ത തികച്ചും ജനാധിപത്യ വിരുദ്ധമായ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം വിദ്യാർത്ഥികൾക്കിടയിലും ഇതര സംഘടനകൾക്കിടയിലും ഉയർന്നു വന്നു. എന്നാൽ, അതേസമയം ഡിമാന്റുകൾ അംഗീകരിച്ചതായും സമരം അവസാനിപ്പിക്കുന്നതായും എസ്എഫ്‌ഐ നേതാക്കൾ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ലക്ഷ്മിനായർ പ്രിൻസിപ്പാൾ സ്ഥാനം ഒഴിയുമെന്നും 5 വർഷത്തേക്ക് ഫാക്കൽറ്റിയായിപ്പോലും കോളേജിൽ വരില്ലായെന്നും ഉറപ്പു ലഭിച്ചെന്നുമാണ് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞത്.
എന്നാൽ മാനേജ്‌മെന്റ് പിന്നീട് നടത്തിയ വാർത്താ സമ്മേളനത്തിൽ ലക്ഷ്മിനായരെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്ന് 5 വർഷത്തേക്ക് മാറ്റിനിർത്തുന്നുവെന്നാണ് പിതാവും ട്രസ്റ്റ് ഡയറക്ടറുമായ നാരായണൻനായർ പറഞ്ഞത്. 5 വർഷത്തിന് ശേഷം ലക്ഷ്മിനായർ തിരിച്ചു വരുമോ എന്ന ആശങ്കയ്ക്ക് അത് അന്ന് ആലോചിക്കാം എന്നാണ് മറുപടി പറഞ്ഞത്. ലക്ഷ്മി നായരാകട്ടെ അച്ഛൻ പറഞ്ഞാൽ മാറി നിൽക്കും, രാജിവയ്ക്കില്ല എന്ന നിലപാടിൽ ഉറച്ചു നിന്നു. ആ ചുറ്റുപാടിൽ പ്രക്ഷോഭം തുടരാൻ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ സംയുക്തമായി തീരുമാനിച്ചു. സംയുക്ത സമര സമിതിയിൽ എഐഡിഎസ്ഒ കൂടി ചേർന്നതോടെ, 5 സംഘടനകളുടെ ആഭിമുഖ്യത്തിൽ 2017 ഫെബ്രുവരി 1 ന് സംസ്ഥാന വിദ്യാഭ്യാസ ബന്ദ് നടന്നു.

ലോ അക്കാദമി സർക്കാർ ഏറ്റെടുക്കണം.

ഇനി പരിഹാരമാർഗം ഒന്നുമാത്രമേയുള്ളൂ. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന ലോ അക്കാദമി സർക്കാർ ഏറ്റെടുക്കുക എന്നതാണ് അത്. ഇന്റേണൽ അസസ്‌മെന്റിന്റെ പേരിലുള്ള പീഡനങ്ങൾ അവസാനിപ്പിക്കാനും വിദ്യാർത്ഥികൾ നേരിടുന്ന പ്രാകൃതമായ ആക്രമണങ്ങൾക്ക് അറുതി വരുത്താനും അപ്പോൾ മാത്രമേ കഴിയൂ.

പഠനത്തെ പീഡനമാക്കി തീർക്കുന്ന സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടം കേരളത്തിന്റെ മണ്ണിൽ അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു. രണ്ട് സ്വാശ്രയകോളേജുകൾ സമം ഒരു സർക്കാർ കോളേജ് എന്ന സൂത്രവാക്യം ഉപയോഗിച്ച് കള്ളക്കച്ചവടം നടത്താൻ വേദിയൊരുക്കിക്കൊടുത്ത ഇടതു-വലതു മുന്നണികളാണ് ഈ ദുർഭൂതത്തെ കുടത്തിൽ നിന്ന് തുറന്നു വിട്ടതിന് ഉത്തരവാദികൾ. ‘രണ്ടു ചെകുത്താൻ സമം ഒരു പുണ്യാളൻ’ എന്ന മാതൃഭൂമി പത്രത്തിലെ സ്വതന്ത്രന്റെ നിരീക്ഷണം അർത്ഥവത്താണ്. സ്വാശ്രയ സമ്പ്രദായത്തിന് വിജ്ഞാന വ്യാപനമോ വ്യക്തിത്വ വികസനമോ സൃഷ്ടിക്കാനാവില്ല.ജിഷ്ണുവിനെപോലെയുള്ള പ്രതിഭാധനരായ വിദ്യാർത്ഥികളുടെ പോലും ജീവനെടുക്കുന്ന ഏർപ്പാടായി അധഃപതിച്ചിരിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരായിട്ടുള്ള പ്രക്ഷോഭത്തിന് പ്രബുദ്ധ കേരളം ഒന്നടങ്കം അണിനിരക്കണം.

 

 

 

Share this post

scroll to top