എസ്‌യുസിഐ(സി) ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ഏപ്രില്‍ 22ന് പുറപ്പെടുവിച്ച പ്രസ്താവന
മഹാനായ ശാസ്ത്രജ്ഞന്‍ ചാള്‍സ് ഡാര്‍വിന്റെ ചരിത്രപ്രധാന കണ്ടുപിടുത്തമായ പരിണാമ സിദ്ധാന്തം സ്‌കൂള്‍ ടെക്സ്റ്റ് ബുക്കുകളില്‍നിന്നും ഒഴിവാക്കിയ കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നടപടി ശാസ്ത്രത്തിനും ശാസ്ത്രീയ ചിന്തയ്ക്കും നേരെയുള്ള ആക്രമണമാണ്. യുവതലമുറയെ അന്ധവിശ്വാസത്തിലേയ്ക്കും അയുക്തിക മനോഘടനയിലേയ്ക്കും നയിക്കാനുള്ള ഗൂഢമായ ഫാസിസ്റ്റ് പദ്ധതിയാണത്. ഇന്ത്യന്‍ നവോത്ഥാന നായകരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും സ്വപ്‌നങ്ങളെ ചവിട്ടിയരച്ചുകൊണ്ട് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെ പരിപൂര്‍ണ്ണമായി തകര്‍ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമം, രാജ്യത്തെ ജനങ്ങളുടെ ചിന്താപ്രക്രിയയെയും സംസ്‌കാരത്തെയും സമ്പൂര്‍ണ്ണ ഫാസിസവല്‍ക്കരിക്കാനുള്ള നീക്കമാണെന്നതാണ് നമ്മെ ഏറ്റവും ഉത്കണ്ഠാകുലരാക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ യുക്തിബോധമുള്ള മനുഷ്യനെ വാര്‍ത്തെടുക്കുവാനുള്ള പ്രക്രിയയെ തകര്‍ക്കുന്ന ഈ വിനാശകരമായ നീക്കത്തെ പരാജയപ്പെടുത്തുവാനായി ശബ്ദമുയര്‍ത്തുവാന്‍ മതേതര-ജനാധിപത്യ മനസ്സുള്ള, വിദ്യാഭ്യാസ സ്‌നേഹികളായ മുഴുവന്‍ ജനങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.