മഹത്തായ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ 104-ാം വാര്‍ഷികം. നവംബര്‍ വിപ്ലവദിനം ആചരിക്കുമ്പോള്‍

Nov-Rev-KTM.jpeg
Share

മാർക്സിനും ഏംഗൽസിനുംശേഷം ലോകത്തുണ്ടായ സകല മാറ്റങ്ങളെയും മാർക്സിസത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്തുകൊണ്ട് മഹാനായ ലെനിൻ റഷ്യൻ ജനതയെ വിപ്ലവത്തിലേയ്ക്ക് നയിച്ചു. ദരിദ്രരും അജ്ഞരും ഭരണപരിചയമോ പാടവമോ ഇല്ലാത്തവരുമായ റഷ്യൻ തൊഴിലാളിവർഗ്ഗം ഒരു രാജ്യത്തെ നയിക്കാൻ അശക്തരാണെന്നും ഭരണകൂടം വൈകാതെ നിലംപതിക്കുമെന്നുമാണ് മുതലാളിത്ത ലോകം കരുതിയത്. എന്നാൽ ലോകത്തെ അദ്ധ്വാനിക്കുന്ന മുഴുവൻ ജനങ്ങളുടെയും പ്രത്യാശയായി റഷ്യൻ തൊഴിലാളിവർഗ്ഗ ഭരണകൂടം മാറി.

നാളിതുവരെ നിലനിന്ന എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണ് – ഇങ്ങനെയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്. വര്‍ഗ്ഗങ്ങള്‍ ആവിര്‍ഭവിച്ചതിന് ശേഷമുള്ള ചരിത്രമാണ് ഇവിടെ സൂചിപ്പിക്കു ന്നത്. മനുഷ്യസമൂഹത്തിന്റെ വികാസം ശാസ്ത്രീയമായും സൂക്ഷ്മമായും പരിശോധിച്ചിട്ടില്ലാത്തവർക്ക് മേൽപ്രസ്താവന സ്വീകാര്യമായിരിക്കണമെന്നില്ല. എന്നാൽ സാമൂഹ്യ വികാസ ചരിത്രത്തിൽ അവസാനം ഉണ്ടായതും പുരോഗമനകരവുമായ വർഗ്ഗം-തൊഴിലാളിവർഗ്ഗം 1871ൽ ഫ്രാൻസിൽ അധികാരം പിടിച്ചെടുത്ത് പാരീസ് കമ്മ്യൂൺ രൂപീകരിച്ചപ്പോൾ നിഷേധിക്കാനാവാത്ത പ്രത്യക്ഷ ഉദാഹരണമായി അത് മാറി. 72 ദിവസത്തെ നിലനില്പിനുശേഷം പാരീസ് കമ്മ്യൂൺ തകർന്നപ്പോൾ കമ്മ്യൂണിസം ഉട്ടോപ്യൻ ആശയം ആണെന്നും ഒരിക്കലും സംഭവിക്കാത്തതാണെന്നും തൊഴിലാളി വർഗ്ഗ വിരോധികൾ ആക്ഷേപിച്ചു. മഹാനായ ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ 1917 നവംബർ 7ന് നടന്ന മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവവും തൊഴിലാളിവർഗ്ഗ ഭരണകൂടത്തിന്റെ സ്ഥാപനവും കമ്മ്യൂണിസ്റ്റ് ആശയം പ്രായോഗികമാണെന്നും മനുഷ്യ സമൂഹ വികാസത്തിന്റെ അനിവാര്യതയാണെന്നും ലോകത്തെ ബോദ്ധ്യപ്പെടുത്തി.


1917ലെ റഷ്യൻ വിപ്ലവം യാദൃശ്ചികമായി നടന്ന ഒന്നല്ല. തൊഴിലാളി വർഗ്ഗത്തിന്റെ മഹാനായ നേതാവ് ലെനിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യയശാസ്ത്രപരവും സംഘടനാപരവും സങ്കീർണ്ണവുമായ ഉജ്ജ്വല സമരങ്ങളുടെ സൃഷ്ടിയായിരുന്നു അത്. മുതലാളിത്തപരമായ വികാസത്തിന്റെ കാര്യത്തിൽ മുന്നിൽ നില്ക്കുന്ന രാജ്യങ്ങളെന്ന നിലയിൽ ഇംഗ്ലണ്ടിലോ ജർമ്മനിയിലോ ആയിരിക്കും ആദ്യം വിപ്ലവം നടക്കുക എന്നാണ് കാൾ മാർക്സ് എത്തിച്ചേര്‍ന്ന നിഗമനം. എന്നാൽ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാമ്രാജ്യത്വ ഘട്ടത്തിലേയ്ക്ക് കടന്ന മുതലാളിത്തം സാർവ്വലൗകിക സ്വഭാവം ആർജ്ജിച്ചെന്നും വ്യത്യസ്ത രാജ്യങ്ങൾ ലോക വ്യാപിയായ സാമ്രാജ്യത്വ ചങ്ങലയിലെ കണ്ണികളാണെന്നും സാമ്രാജ്യത്വ ശൃംഖലയിലെ ദുർബ്ബലമായ കണ്ണി ഏത് രാജ്യമാണോ ആ രാജ്യത്തായിരിക്കും ആദ്യം വിപ്ലവം നടക്കുക എന്നും ലെനിൻ സിദ്ധാന്തിച്ചു. സാർ ചക്രവർത്തിയുടെ ഭരണം അവസാനിപ്പിച്ച് മെൻഷെവിക്കുകൾ കെരൻസ്കിയുടെ നേതൃത്വത്തിൽ ബൂർഷ്വാ ഭരണം സ്ഥാപിച്ചപ്പോൾ സോഷ്യൽ ഡെമോക്രാറ്റുകൾ വാദിച്ചത്, മുതലാളിത്തം അധികാരത്തിലെത്തിയെങ്കിലും ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ സാംസ്ക്കാരികവും ജനാധിപത്യപരവുമായ കർത്തവ്യങ്ങൾ പൂർത്തീകരിക്കു ന്നതിന് ബൂർഷ്വാ സർക്കാരിനെ പിന്തുണയ്ക്കണമെന്നാണ്. സാർ ചക്രവർത്തിയുടെ ഭരണം അവസാനിക്കുകയും മുതലാളിവർഗ്ഗം അധികാരത്തിലേറുകയും ചെയ്തിരിക്കുന്നു എന്ന അർത്ഥത്തിൽ ബൂർഷ്വാ ജനാധിപത്യ വിപ്ലവം പൂർത്തിയായിരിക്കുന്നുവെന്ന് ഏപ്രിൽ തീസിസിലൂടെ ലെനിൻ ചൂണ്ടിക്കാട്ടി. സാമ്രാജ്യത്വപൂർവ്വ കാലഘട്ടത്തിൽ ജനാധിപത്യ വിപ്ലവങ്ങളിലൂടെ മുതലാളിവർഗ്ഗം നിറവേറ്റിയ സാമൂഹ്യ-രാഷ്ട്രീയ ദൗത്യങ്ങൾ പൂർത്തീകരിക്കാൻ സാമ്രാജ്യത്വ ഘട്ടത്തിൽ മുതലാളിവർഗ്ഗത്തിന് കഴിയുകയില്ല. ജനാധിപത്യത്തിന്റെ അവശേഷിക്കുന്ന കർത്തവ്യങ്ങൾ തൊഴിലാളി വർഗ്ഗത്തിന്റെ ഉപകടമകൾ എന്ന നിലയിൽ നിർവ്വഹിക്കപ്പെടണം എന്നും ലെനിൻ അഭിപ്രായപ്പെട്ടു.
ഒരു രാജ്യത്ത് മാത്രമായി സോഷ്യലിസം കെട്ടിപ്പടുക്കുക അസാധ്യമാണെന്നായിരുന്നു കമ്മ്യൂണിസ്റ്റ് വൃത്തങ്ങളിലുണ്ടായിരുന്ന ധാരണ (ട്രോട്സ്കി അതിന്റെ വക്താവായിരുന്നു). എന്നാൽ അന്ന് നിലവിലുണ്ടായിരുന്ന ലോക സാഹചര്യത്തിൽ മുതലാളിത്ത രാജ്യങ്ങളുമായി സമാധാനപരമായ സഹവർത്തിത്വത്തിന്റേതായ നയം അനുവർത്തിച്ചുകൊണ്ട് ഒരു രാജ്യത്ത് മാത്രമായി സോഷ്യലിസം കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് ലെനിൻ സിദ്ധാന്തിച്ചു.


പാരീസ് കമ്മ്യൂണിന്റെ തകർച്ചയിൽനിന്നും പാഠം ഉൾക്കൊണ്ട ലെനിൻ സാമ്രാജ്യത്വത്തിന്റെ കാലഘട്ടത്തിൽ തൊഴിലാളി വർഗ്ഗ വിപ്ലവം നയിക്കാൻ പുതിയതരം പാർട്ടി ആവശ്യമാണെന്ന് നിരീക്ഷിക്കുകയും ആ പുതിയതരം പാർട്ടിയുടെ സംഘടനാ തത്വം – ജനാധിപത്യ കേന്ദ്രീയതാതത്വം ആവിഷ്ക്കരിക്കുകയും ചെയ്തു.
മാർക്സിന്റെയും ഏംഗൽസിന്റെയും കാലഘട്ടത്തിനുശേഷം ലോകത്തുണ്ടായ സകല മാറ്റങ്ങളെയും മാർക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ അടിയുറച്ചുനിന്ന് മഹാനായ ലെനിൻ വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തുകൊണ്ട് റഷ്യൻ ജനതയെ വിപ്ലവത്തിലേയ്ക്ക് നയിച്ചു. ദരിദ്രരും അജ്ഞരും ഭരണപരിചയമോ പാടവമോ ഇല്ലാത്ത റഷ്യൻ തൊഴിലാളിവർഗ്ഗം ഒരു രാജ്യത്തെ നയിക്കാൻ അശക്തരാണെന്നും ഭരണകൂടം വൈകാതെ നിലം പതിക്കുമെന്നുമാണ് മുതലാളിത്ത ലോകം കരുതിയത്. എന്നാൽ ലോകത്തെ അദ്ധ്വാനിക്കുന്ന മുഴുവൻ ജനങ്ങളുടെയും പ്രത്യാശയായി റഷ്യൻ തൊഴിലാളിവർഗ്ഗ സർക്കാർ മാറി. പ്രായപൂർത്തിയായ മുഴുവൻ ജനങ്ങൾക്കും വോട്ടവകാശം നൽകിക്കൊണ്ട്, തൊഴിലില്ലായ്മ സമ്പൂർണ്ണമായും പരിഹരിച്ചു കൊണ്ട്, ഉന്നതവിദ്യാഭ്യാസവും ചികിത്സയും സാർവ്വത്രികവും സൗജന്യവുമാക്കിക്കൊണ്ട് പുതിയൊരു സാമൂഹ്യക്രമം ലോകത്ത് അവതരിപ്പിക്കപ്പെട്ടു.
മനുഷ്യസ്നേഹികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് 72 വർഷങ്ങൾക്കുശേഷം സോവിയറ്റ് യൂണിയനിലെ തൊഴിലാളിവർഗ്ഗ ഭരണകൂടം തകർന്നുവീണു. ഈ തകർച്ച തികച്ചും അപ്രതീക്ഷിതമായിരുന്നോ? സാമൂഹ്യവികാസ നിയമങ്ങൾക്ക് വിരുദ്ധമായിരുന്നോ? തകരുവാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്. തകർച്ചയിൽനിന്നും ഉൾക്കൊള്ളേണ്ട പാഠങ്ങൾ എന്തെല്ലാമാണ്. ചരിത്രത്തിലും മനുഷ്യസ്നേഹികളുടെ മനസ്സിലും ഇടംപിടിച്ച മഹത്തായ നവംബർ വിപ്ലവ ദിനം ആചരിക്കുമ്പോൾ ഈ വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് ഏറ്റവും ഉചിതമായിട്ടുള്ളത്.
മനുഷ്യസമൂഹത്തിന്റെ വികാസ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ശാസ്ത്രീയവും പ്രയോഗക്ഷമവുമായ തത്വ ശാസ്ത്രം വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. മഹാനായ കാള്‍ മാർക്സ് വൈരുദ്ധ്യാത്മക ഭൗതികവാദത്തെ അടിസ്ഥാനമാക്കി മനുഷ്യ ചരിത്രം വിശകലനം ചെയ്തപ്പോൾ പ്രകൃതിയിലെ പ്രതിഭാസങ്ങൾ പോലെ മനുഷ്യ സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും ചില നിയമങ്ങൾക്ക് വിധേയമാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. സമൂഹത്തിന്റെ രൂപത്തെയും സാമൂഹ്യ വ്യവസ്ഥയുടെ സ്വഭാവത്തെയും ഒരു വ്യവസ്ഥയിൽനിന്നും മറ്റൊരു വ്യവസ്ഥയിലേയ്ക്കുള്ള സമൂഹത്തിന്റെ വികാസത്തെയും നിർണ്ണയിക്കുന്ന ഘടകം ഭൂമിശാസ്ത്രപരമായ പരിസ്ഥിതിയോ ജനസംഖ്യയുടെ വളർച്ചയോ അല്ല മറിച്ച് മനുഷ്യന്‍ നിലനില്പിനുവേണ്ടി നടത്തുന്ന ഉല്പാദനത്തിന്റെ രീതിയാണ്. ഭക്ഷണം, പാർപ്പിടം, വസ്ത്രം, മറ്റു സാമഗ്രികൾ, ഉപകരണങ്ങൾ, ഉല്പാദന സാമഗ്രികൾ മുതലായ, ജീവിതത്തിനും സമൂഹത്തിനും സാമൂഹ്യ വികാസത്തിനും അത്യന്താപേക്ഷിതങ്ങളായ ഭൗതിക പദാർത്ഥങ്ങളുടെ ഉല്പാദന രീതിയാണ്. അഥവാ, മനുഷ്യ വികാസത്തിന്റെ ചരിത്രം എല്ലാത്തിനും ഉപരിയായി ഉല്പാദന വളർച്ചയുടെ ചരിത്രമാണ്. ഉല്പാദന ശക്തികളുടെയും ജനങ്ങളുടെ ഉല്പാദന ബന്ധങ്ങളുടെയും ചരിത്രമാണ്.
മാർക്സ് പറയുന്നു: തങ്ങളുടെ ജീവിതത്തിൽ സാമൂഹ്യ ഉല്പാദനം നടത്തുമ്പോൾ മനുഷ്യൻ, തങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതും തങ്ങളുടെ ഇഛാശക്തിക്ക് അതീതവുമായ വ്യക്തമായ ബന്ധങ്ങളിൽ ഏർപ്പെടുന്നു. ആ ഉല്പാദന ബന്ധങ്ങൾ അവരുടെ ഭൗതികമായ ഉല്പാദന ശക്തിയുടെ വളർച്ചയുടെ ഒരു നിശ്ചിത ഘട്ടത്തിന് അനുരൂപമായിരിക്കും. ഈ ഉല്പാദന ബന്ധത്തിന്റെയും ഉല്പാദന ശക്തികളുടെയും ആകെത്തുകയാണ് സമൂഹത്തിന്റെ സാമ്പത്തിക ഘടന. ഇതാണ് യഥാർത്ഥ അടിത്തറ. ഇതിന്മേലാണ് നിയമപരവും രാഷ്ട്രീയവുമായ മേൽപുര ഉയരുന്നത്.
ഉല്പാദന ബന്ധങ്ങൾക്ക് ഒരു നീണ്ട കാലത്തേയ്ക്ക് ഉല്പാദന ശക്തികളുടെ വികാസത്തിന്റെ പിന്നണിയിലോ അതുമായി വൈരുദ്ധ്യാവസ്ഥയിലോ നിൽക്കാൻ കഴിയില്ല. എന്തുകൊണ്ടെന്നാൽ ഉല്പാദന ശക്തികളുടെ സ്വഭാവത്തിനും സ്ഥിതിക്കും അനുയോജ്യമായ വിധത്തിലും അവയുടെ വികാസത്തിന് എല്ലാ അവസരവും നൽകുന്ന വിധത്തിലും ഉല്പാദന ബന്ധങ്ങൾ ഉണ്ടായാൽ മാത്രമേ ഉല്പാദന ശക്തികൾക്ക് പൂർണ്ണതോതിൽ വികസിക്കാൻ കഴിയൂ. ഉല്പാദന ബന്ധങ്ങൾ ഉല്പാദന ശക്തികളുടെ സ്വഭാവവുമായി ഇണങ്ങാതിരിക്കുകയും അവയുമായി ഏറ്റുമുട്ടുകയും ചെയ്യുന്നതിന് ഉദാഹരണമാണ് മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തിക കുഴപ്പങ്ങൾ.
ചരിത്രത്തിൽ ഉണ്ടായിട്ടുള്ളത് നാല് തരത്തിലുള്ള ഉല്പാദന ബന്ധങ്ങളാണ്. പ്രാകൃത കമ്മ്യൂണിസം, അടിമ സമ്പ്രദായം, നാടുവാഴിത്ത വ്യവസ്ഥ, മുതലാളിത്തം. മുതലാളിത്ത വ്യവസ്ഥയിൽ സമൂഹത്തിന് എല്ലാ കാലവും നിലനില്ക്കാൻ സാധ്യമല്ല. സാമൂഹ്യ നിയമങ്ങൾ അനുസരിച്ച് ആ വ്യവസ്ഥയും മാറിയേ മതിയാകൂ. അങ്ങനെ മുതലാളിത്തം മാറി കമ്മ്യൂണിസം എന്ന വ്യവസ്ഥയിലേക്ക് മാറ്റപ്പെടുന്നതിനിടയിലുള്ള ഒരു അന്തരാളഘട്ടമാണ് സോഷ്യലിസ്റ്റ് വ്യവസ്ഥ. മുതലാളിത്ത വ്യവസ്ഥയിൽ ഉല്പാദന ഉപകരണങ്ങൾ സ്വകാര്യ മുതലാളിമാരുടെ ഉടമസ്ഥതയിൽ ആണെങ്കിൽ സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ തൊഴിലാളി വർഗ്ഗത്തിന്റെ അഥവാ പൊതു ഉടമസ്ഥതയിലാണ്. രണ്ടു വ്യവസ്ഥയിലും പ്രധാന സാമൂഹ്യ വൈരുദ്ധ്യം മുതലാളിവർഗ്ഗവും തൊഴിലാളിവർഗ്ഗവും തമ്മിലാണ്. മുതലാളിത്ത സാമൂഹ്യഘടനയിൽ മുതലാളിവർഗ്ഗം അധികാരം കൈയാളുകയും ചൂഷണം നടത്തി സ്വകാര്യ സ്വത്തുക്കൾ കുന്നുകൂട്ടുകയും തൊഴിലാളികളെ അടിച്ചമർത്തി ഭരിക്കുകയും ചെയ്യും. എന്നാൽ സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ തൊഴിലാളിവർഗ്ഗം മുതലാളിവർഗ്ഗത്തെ അടിച്ചമർത്തി ചൂഷണരഹിത ഭരണം നടത്തും. അതിനാൽ അനുകൂല സാഹചര്യം ഉണ്ടായാൽ സോഷ്യലിസ്റ്റ് വ്യവസ്ഥയിൽനിന്നും തിരികെ മുതലാളിത്ത വ്യവസ്ഥയിലേയ്ക്കും തിരിച്ചും മാറാനുള്ള സാധ്യത നിലനില്ക്കുന്നു. എന്നാൽ സാമൂഹ്യ നിയമങ്ങൾ അനുസരിച്ച് മുതലാളിത്തത്തിൽനിന്നും സോഷ്യലിസ്റ്റ് വ്യവസ്ഥയിലേയ്ക്ക്അന്തിമമായി മാറിയ ശേഷം മാത്രമേ കമ്മ്യൂണിസത്തിലേയ്ക്ക് സമൂഹത്തിന് വികസിക്കാൻ കഴിയൂ. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ താല്ക്കാലികമായ തകർച്ച ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്തതോ സാമൂഹ്യ നിയമങ്ങൾക്ക് വിരുദ്ധമോ അല്ല എന്ന മനസ്സിലാക്കൽ ഉള്ളത്.
സോഷ്യലിസ്റ്റ് വ്യവസ്ഥയിൽനിന്ന് മുതലാളിത്ത വ്യവസ്ഥയിലേയ്ക്ക് സമൂഹം തിരികെ പോകുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ പാലിക്കേണ്ട സാമൂഹ്യ നിയമങ്ങൾ പാലിക്കാതെ വരുമ്പോഴാണ്. അഥ വാ അടിസ്ഥാനപരമായ മാർക്സിസ്റ്റ് തത്വങ്ങളിൽനിന്ന് വ്യതിചലിക്കുമ്പോഴാണ്. ഈ വ്യതിചലനത്തെയാണ് തിരുത്തൽവാദമെന്ന് പറയുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ മഹാനായ നേതാവ് സ്റ്റാലിന്റെ കാലശേഷം 1956ൽ സിപിഎസ്‌യുവിന്റെ 20-ാം പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവ് അവതരിപ്പിച്ച തിരു ത്തൽവാദ ന യങ്ങളാണ് സോവിയറ്റ് യൂണിയന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തകർച്ചയ്ക്ക് തുടക്കം കുറിച്ചത്.
ഈ യുഗം ദർശിച്ച സമുന്നത മാർക്സിസ്റ്റ് ദാർശനികരിലൊരാളും എസ്‍യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാപക ജനറൽ സെക്രട്ടറിയുമായ സഖാവ് ശിബ്ദാസ് ഘോഷ്, 20-ാം പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവ് കൊണ്ടുവന്ന തിരുത്തൽവാദത്തെ അപ്പോൾതന്നെ തിരിച്ചറിയുകയും അത് തിരുത്തൽവാദത്തിന്റെ മലവെള്ളപ്പാച്ചിലിന് കാരണമാകുമെന്ന് ചൂണ്ടിക്കാണി ക്കുകയും ചെയ്തു. പിന്നീട് മഹാനായ മാവോ സേതൂങ് ചൈനയിൽ തിരുത്തൽവാദ വിപത്ത് മുൻകൂട്ടി തടയുന്നതിനായി ബൂർഷ്വാ ഉദാരവാദ ചിന്തകൾക്കും ആശയങ്ങൾക്കും ശീലങ്ങൾക്കുമെതിരെ പാർട്ടി നേതാക്കളെയും അണികളെയും ബഹുജനങ്ങളെയും ഉൾച്ചേർത്തുകൊണ്ട് സാംസ്ക്കാരിക വിപ്ലവമെന്നറിയപ്പെട്ട അതിഗംഭീരമായ പ്രത്യയശാസ്ത്ര-രാ ഷ്ട്രീയ-സാംസ്കാരിക സമരം 1966-67 കാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി.
ക്രൂഷ്ചേവ് ആവിഷ്ക്കരിച്ച തിരുത്തൽവാദത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു: ചൂഷക വർഗ്ഗത്തെ സോവിയറ്റ് യൂണിയനിൽ ഇല്ലാതാക്കിയതിനാല്‍ സോവിയറ്റ് ഭരണകൂടം തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൽനിന്നും മുഴുവന്‍ ജനങ്ങളുടെയും ഭരണകൂടമായി മാറി. സിപിഎസ്‌യു മൊത്തം ജനങ്ങളുടെയും പാർട്ടിയായി മാറി. ബൂര്‍ഷ്വാസിയുടെ പ്രഹരശേഷി നഷ്ടപ്പെട്ടതിനാല്‍ ഏതൊരു രാജ്യത്തും പാര്‍ലമെന്റിനെ ജനേച്ഛയുടെ ഉപകരണമാക്കി മാറ്റിക്കൊണ്ട് വിപ്ലവം സാദ്ധ്യമാക്കാം.
ഭരണകൂടം എന്നത് ഒരു വർഗ്ഗം മറ്റു വർഗ്ഗങ്ങളെ അടിച്ചമർത്തി ഭരിക്കുന്നതിനുള്ള ഉപകരണമാണ്. സോഷ്യലിസത്തില്‍ അധികാരം നഷ്ടപ്പെട്ട ബൂര്‍ഷ്വാസി അത് തിരിച്ചുപിടിക്കുന്നതിനായി തീവ്രശ്രമം നടത്തും. സാമ്പത്തിക അടിത്തറയില്‍ മാറ്റമുണ്ടായാലും ഉപരിഘടനയില്‍ മുതലാളിത്ത പ്രവണതകളും ശീലങ്ങളും അഭിരുചികളുമൊക്കെ നിലനില്‍ക്കും. തീക്ഷ്ണമായ പ്രത്യയശാസ്ത്ര സമരത്തിലൂടെയേ അത് ഇല്ലാതാക്കാന്‍ കഴിയു. അതിനാല്‍ വര്‍ഗ്ഗസമരം പലമടങ്ങ് രൂക്ഷമായി തുടരും. വര്‍ഗ്ഗസമരം തുടരുവോളം ഭരണകൂടവും നിലനില്‍ക്കും. വര്‍ഗ്ഗരഹിത സമൂഹത്തിലേ അത് അപ്രത്യക്ഷമാകൂ. ഒരു വർഗ്ഗ വിഭജിത സമൂഹത്തിൽ വിഭിന്ന രാഷ്ട്രീയ കക്ഷികൾ വിവിധ വർഗ്ഗങ്ങളുടെയും വിഭാഗങ്ങളുടെയും അഭിലാഷങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. തൊഴിലാളിവര്‍ഗ്ഗ ഭരണകൂടത്തെ മുഴുവന്‍ ജനങ്ങളുടെയും ഭരണകൂടമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുഴുവന്‍ ജനങ്ങളുടെയും പാര്‍ട്ടിയായും കരുതിയാല്‍ ഈ തീക്ഷ്ണമായ വര്‍ഗ്ഗസമരം ഒഴിവാക്കപ്പെടുകയും മുതലാളിത്ത പ്രവണതകള്‍ കരുത്താര്‍ജ്ജിച്ച് മുതലാളിത്ത പുനഃസ്ഥാപനത്തിന് കളമൊരുക്കപ്പെടുകയും ചെയ്യും. ബൂര്‍ഷ്വാസിയുടെ പ്രഹരശേഷി നഷ്ടപ്പെട്ടു എന്ന തിരുത്തല്‍വാദികളുടെ വിലയിരുത്തലും അടിസ്ഥാനരഹിതമാണ്. ഈ വിലയിരുത്തല്‍വഴി സാര്‍വ്വദേശീയ തലത്തിലും ഓരോ രാജ്യത്തും തൊഴിലാളിവര്‍ഗ്ഗം നിരായുധമാക്കപ്പെടുകയും വര്‍ഗ്ഗസമരം പിന്നോട്ടടിക്കപ്പെടുകയും പ്രതിലോമത്വം ആധിപത്യം സ്ഥാപിക്കുകയുംചെയ്യും.
ക്രൂഷ്ചേവിന്റെ തിരുത്തൽവാദം സോഷ്യലിസത്തിന് കനത്ത തിരിച്ചടിയായി. സോവിയറ്റ് യൂണിയനില്‍ തിരുത്തല്‍വാദി നേതൃത്വം എവ്വിധവും ഉല്പാദനം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. കേന്ദ്രീകൃതമായ സോഷ്യലിസ്റ്റ് ഉല്പാദന വ്യവസ്ഥയിൽ വികേന്ദ്രീകരണം ഏർപ്പെടുത്തി. കൂടുതൽ ഉല്പാദിപ്പിക്കാനും ഉല്പന്നങ്ങൾ കമ്പോളത്തിൽ വിറ്റഴിക്കാനും കർഷകരെ പ്രോത്സാഹിപ്പിച്ചു. അതിനുവേണ്ടി സ്വകാര്യ ഉടമസ്ഥതയിൻമേലുള്ള നിയന്ത്രണം നീക്കംചെയ്യുകയും കളക്ടീവ് ഫാം കർഷകർക്ക് കൃഷി ഭൂമിയും കോഴി വളർത്തൽ സ്ഥലങ്ങളുംമറ്റും അവരുടെ സ്വകാര്യ സ്വത്ത് എന്ന നിലയിൽ സ്വന്തമാക്കുവാൻ അനുവാദം നൽകുകയും ചെയ്തു. ഉല്പാദനം വർദ്ധിപ്പിക്കാൻ ഭൗതികമായ ഉത്തേജനങ്ങൾ നൽകി. ഒരു കേന്ദ്ര നിയന്ത്രണത്തിന്റെയും ആസൂത്രണത്തിന്റെയും അഭാവത്തിൽ വികേന്ദ്രീകരണ നയവും ഉദാരവൽക്കരണവും ഭൗതിക ഉത്തേജനവും ഉല്പാദനത്തിൽ അരാജകത്വവും, ഡിമാന്റിലും സപ്ലൈയിലുമുള്ള അസന്തുലിതാവസ്ഥയും ക്ഷണിച്ചുവരുത്തി. സമ്പദ്‌വ്യവസ്ഥയിൽ കമ്പോള നിയമങ്ങൾക്ക് വലിയ പ്രോത്സാഹനം നൽകുകയും ചെയ്തു. പൊതുനന്മക്കുവേണ്ടി ഉല്പാദിപ്പിക്കുന്നതിനുപകരം വ്യക്തിപരമായ നേട്ടത്തിനുവേണ്ടി ഉല്പാദനം എന്ന മനോഭാവം ഉണ്ടായി. ഇത് സാമ്പത്തിക-സാംസ്കാരിക മേഖലകളുടെ മാത്രമല്ല സകല മേഖലകളുടെയും തളർച്ചക്ക് കാരണമായി.
ക്രൂഷ്ചേവിന്റെ തിരുത്തൽവാദ നയങ്ങളും നടപടികളും സോവിയറ്റ് സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും ഉണ്ടാക്കിയ തളർച്ചയെ ചൂണ്ടിക്കാക്കാട്ടി അവ പരിഹരിക്കുന്നതിനായി ഗോർബച്ചേവ് കൊണ്ടുവന്ന പെരിസ്ട്രോയിക്ക യ ഥാർത്ഥത്തിൽ പ്രതിവിപ്ലവത്തിന്റെ ബ്ലൂപ്രിന്റായിരുന്നു. തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയ അധികാരത്തിന്റെ ഉപകരണമായ സുപ്രീം സോവിയറ്റ് ഉൾപ്പെടെയുള്ള സോവിയറ്റുകളെ ഒതുക്കിക്കൊണ്ടും തുരങ്കംവെച്ചുകൊണ്ടും പകരം ജനകീയ ഡപ്യൂട്ടികളുടെ കോൺഗ്രസ് എന്ന ബൂർഷ്വാ മാതൃകയിലുള്ള സംവിധാനത്തെ ഗോർബച്ചേവ് സൃഷ്ടിച്ചു. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വപരമായ പങ്കിന് അന്ത്യം കുറിച്ചു. സ്വകാര്യ സ്വത്തിനും അതിന്റെ പിന്തുടർച്ചാവകാശത്തിനും ഉല്പാദനനോപാധികളുടെമേൽ സ്വകാര്യ ഉടമസ്ഥതയ്ക്കുമുള്ള അവകാശം ആവിഷ്ക്കരിച്ചു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള – ഭൂമിയിലെ സ്വകാര്യ സ്വത്ത് ഇല്ലാതാക്കുകയും ഭൂമിയിൽനിന്നും പാട്ടമായി കിട്ടുന്ന വരുമാനമെല്ലാം പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുക, എല്ലാ പിന്തുടർച്ചാവകാശങ്ങളും റദ്ദാക്കുക, ഗതാഗതത്തിന്റെയും വാർത്താ വിനിമയത്തിന്റെയും ഉപാധികൾ സ്റ്റേറ്റിന്റെ കൈയില്‍ കേന്ദ്രീകരിക്കുക തുടങ്ങിയ അടിസ്ഥാനപരമായ വിഷങ്ങളിലാണ് തിരുത്തൽ കൊണ്ടുവന്നത്. അങ്ങനെ സോവിയറ്റ് യൂണിയനിൽ മുതലാളിത്ത പുനഃസ്ഥാപനത്തിന്റെ പ്രക്രിയ പൂർത്തിയാക്കി.
സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് പ്രധാന കാരണം ആ രാജ്യത്ത് ഉണ്ടായ തിരുത്തൽവാദമാണെങ്കിലും മറ്റൊന്നു കൂടിയുണ്ട്; പുറമേനിന്നുള്ള മുതലാളിത്ത രാജ്യങ്ങളുടെ ഇടപെടൽ. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും നേരിട്ടും അല്ലാതെയും സാമ്രാജ്യത്വ ശക്തികൾ നിരവധി ആശയ- സാംസ്ക്കാരിക ഇടപെടലുകൾ നടത്തിയതിന്റെയും കോഴ കൊടുത്തും വാഗ്ദാനങ്ങൾ നൽകിയും പ്രതിവിപ്ലവ ശക്തികളെ വളർത്തി അട്ടിമറികൾ സംഘടിപ്പിച്ചതിന്റെയും വ്യക്തമായ ധാരാളം തെളിവുകളും ഉദാഹരണങ്ങളും ഇന്ന് ലഭ്യമാണ്. അവരുടെ പ്രധാന ആശയങ്ങളിൽ ഒന്ന് രാഷ്ട്രീയ ബഹുലത -ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ച് ഇഷ്ടപ്പെട്ട ഭരണകൂടത്തെ തെരഞ്ഞെടുക്കുവാനുള്ള അവകാശമാണ്.
മുതലാളിത്തത്തിന്റെ ദ്വികക്ഷി അല്ലെങ്കിൽ ബഹുകക്ഷി സമ്പ്രദായം, വോട്ട് ചെയ്യാനുളള അവകാശം മുന്നിൽവെച്ചുകൊണ്ടുള്ള കബളിപ്പിക്കൽ മാത്രമാണ്. ഭരണകൂടത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെയും പണത്തിന്റെയും മാധ്യമങ്ങളുടെയും പിന്തുണയോടെയും എങ്ങനെയാണ് മനുഷ്യബോധത്തെ അന്ധമാക്കിയോ, കബളിപ്പിച്ചോ, സ്വാധീനിച്ചോ തെരഞ്ഞെടുപ്പുകൾ കൊണ്ടാടപ്പെടുന്നതെന്നു ഇന്ന് വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ഉല്പാദന മേഖലയിലെ മത്സരം ഗുണമേന്മയുളളതും മെച്ചപ്പെട്ടതുമായ ഉല്പന്നങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്നും വില കുറയുമെന്നും അതുകൊണ്ടാണ് പാശ്ചാത്യ ലോകം ആഡംബരത്തിലും സന്തുഷ്ടിയിലും കഴിയുന്നതെന്നുമാണ് രണ്ടാമത്ത പ്രചരണം. നിയന്ത്രണങ്ങൾ ഇല്ലാത്ത ഇത്തരം മത്സരങ്ങളുടെ ഫലമായി കുത്തക മുതലാളിമാർ ഉദയം ചെയ്യുകയും പരമാവധി ചൂഷണം നടക്കുകയും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരുകയും ചെയ്യുന്നു.

സോവിയറ്റ് യൂണിയന്റെയും മറ്റ് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും തകർച്ചയിൽ ആഹ്ലാദിക്കുന്നവർ ഉറക്കെ ചിന്തിക്കണം; അവ തകർന്നതോടെ ലോകം എന്തു നേടി. സാമ്രാജ്യത്വ ശക്തികൾക്ക് അവരുടെ താല്പര്യാർത്ഥം എവിടെയും കയറി ഇടപെടാനും ഇടങ്കോലിടാനുമുള്ള ലോക സാഹചര്യം സംജാതമായി.ആഗോളവല്ക്കരണത്തിലൂടെ കുത്തകകൾ ഭീമാകാരം പൂണ്ടു. തൊഴിലാളികളുടെയും പണിയെടുക്കുന്നവന്റെയും അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ് തുടങ്ങി വൻ മുതലാളിത്ത രാജ്യങ്ങളിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകി. ജീവിക്കാൻ മാർഗ്ഗമില്ലാതെ തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് ആളുകളെ അടിച്ചമർത്തുന്നു. മത- ജാതി – വർണ്ണ സ്പർദ്ധകൾ വർദ്ധിച്ചു. മതതീവ്രവാദം, പലായനങ്ങൾ, വെടിവെപ്പുകൾ, അക്രമങ്ങൾ വ്യാപകമാകുന്നു. മയക്കുമരുന്നും വ്യഭിചാരവും വർദ്ധിച്ചു. മനുഷ്യൻ ആർജ്ജിച്ച മാനുഷിക മൂല്യങ്ങളും നാഗരികതയും തകരുന്നു. മനുഷ്യന്റെ ദു:ഖങ്ങളെ അകറ്റാൻ സോഷ്യലിസം അല്ലാതെ മറ്റെന്താണ് ലോകത്തിന് പകരം വെക്കാനുള്ളത്.
നവംബർ വിപ്ലവ ദിനം ആചരിക്കുമ്പോൾ, സോഷ്യലിസ്റ്റ് നാടുകളുടെ തകർച്ചയിൽനിന്നും എന്തുപാഠമാണ് നമ്മൾ ഉൾക്കൊള്ളേണ്ടത്. തൊഴിലാളിവര്‍ഗ്ഗ വിപ്ലവങ്ങൾ സംഘടിപ്പിച്ച് അധികാരം പിടിച്ചെടുക്കുക എന്നത് ബോധപൂർവ്വമുള്ള വളരെ ശ്രമകരമായ പ്രക്രിയയാണ്. തൊഴിലാളി വർഗ്ഗ ഭരണകൂടാധികാരവും സോഷ്യലിസ്റ്റ് വ്യവസ്ഥയും നിലനിർത്തുക അതിനേക്കാൾ ശ്രമകരമാണ്. ബോധപൂർവ്വമായ പ്രവർത്തനം ആവശ്യമുള്ളതുമാണ്. തിരുത്തൽവാദത്തിൽനിന്നും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ സംരക്ഷിച്ചുനിർത്തുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം. അതിന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെയും അണികളുടെയും ബഹുജനങ്ങളുടെയും പ്രത്യയശാസ്ത്ര- സാംസ്ക്കാരിക-ധാർമ്മിക-നൈതിക-ബോധനിലവാരം വളരെ ഉയരേണ്ടതുണ്ട്.


ഈ യുഗം ദർശിച്ച സമുന്നത മാർക്സിസ്റ്റ് ദാർശനികരിലൊരാളായ സഖാവ് ശിബ്ദാസ് ഘോഷ് ചൂണ്ടിക്കാട്ടിയ വസ്തുത ഇവിടെ വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു: കമ്മ്യൂണിസ്റ്റ് ധാർമ്മിക മൂല്യങ്ങളെ സംബന്ധിച്ച് ഉള്ള ധാരണകൾ-സോഷ്യലിസ്റ്റ് സമൂഹത്തിൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനുംവേണ്ടി നടത്തേണ്ട സമരത്തിന്റെ പ്രകൃതവും പ്രക്രിയയും, തൊഴിലാളിവർഗ്ഗ വിപ്ലവ പാർട്ടിയുടെ സംഘടനാതത്വമായ ജനാധിപത്യ കേന്ദ്രീയത, സാമൂഹ്യ നേതൃത്വം തുടങ്ങിയ വിഷയങ്ങളിലെല്ലാം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിലനിന്നിരുന്ന ധാരണ-അപര്യാപ്തമായിരുന്നു. ഈ പോരായ്മകൾ പരിഹരിച്ചുകൊണ്ട് അദ്ദേഹം മാർക്സിസത്തെ വികസിപ്പിച്ചു. തൊഴിലാളി വർഗ്ഗതാല്പര്യത്തിന് വ്യക്തിതാല്പര്യം അടിയറ വെക്കുകയല്ല വേണ്ടത് മറിച്ച് വ്യക്തിതാല്പര്യം സാമൂഹ്യ താല്പര്യവുമായി-തൊഴിലാളിവർഗ്ഗതാല്പര്യവുമായി താദാത്മ്യപ്പെടുത്തുകയാണ്- രണ്ടും ഒന്നാക്കി മാറ്റുകയാണ് വേണ്ടത് എന്ന് അദ്ദേഹം പഠിപ്പിച്ചു. ഉൾപാർട്ടി സമരം നയിക്കുന്നതിലും വിമർശനവും സ്വയം വിമർശനവും നടത്തുന്നതിലും നേതാക്കന്മാരും കേഡർമാരും തമ്മിൽ ശരിയായ ദ്വന്ദ്വാത്മക ബന്ധം പരിപാലിക്കുന്നതിലുമെല്ലാം പുലർത്തേണ്ട കമ്മ്യൂണിസ്റ്റ് പെരുമാറ്റത്തെ സംബന്ധിക്കുന്ന തത്വങ്ങൾ അദ്ദേഹം ആവിഷ്ക്കരിച്ചു. ഈ ആശയങ്ങൾ പഠിക്കുകയും സമരത്തിലൂടെ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റുകൾക്ക് മാത്രമേ തിരുത്തൽവാദത്തിൽനിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും സമൂഹത്തെയും രക്ഷിക്കാനാവൂ.

Share this post

scroll to top