കരിമണല്‍ ഖനനത്തിനെതിരെ ജനകീയ കണ്‍വന്‍ഷന്‍

തോട്ടപ്പള്ളിയിൽ കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ 150-ാം ദിവസം പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. വി.എം.സുധീരന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയുടെ തീരത്തെ കരിമണൽ ഖനനത്തിനെതിരെ രണ്ടായിരത്തിമൂന്നിൽ തന്നോടൊപ്പം മനുഷ്യച്ചങ്ങല പിടിച്ച ഇടതുപക്ഷത്തെ പ്രമുഖർ ഇപ്പോൾ കരിമണല്‍ ലോബിക്കൊപ്പം നിൽക്കുകയാണെന്ന് വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. കുട്ടനാടൻ ജനതയെയും ആലപ്പുഴയിലെ തീരദേശവാസികളെയും ഒരുപോലെ വഞ്ചിച്ച് തോട്ടപ്പള്ളിയിൽ നടത്തുന്ന കരിമണൽ ഖനനം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനകീയ പ്രതിരോധ സമിതി ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് മാത്യു വേളങ്ങാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.കെ.രമ എംഎൽഎ മുഖ്യപ്രസംഗം നടത്തി. കരിമണൽ ഖനനത്തിനെതിരെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി.രാജീവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് കെ.കെ.രമ പറഞ്ഞു.


സാമൂഹ്യ പ്രവർത്തക ഡോ.പി.ഗീത, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ, കെപിസിസി നിർവാഹകസമിതി അംഗം അഡ്വ.എം.ലിജു, കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ്.സുരേഷ്‌കുമാർ, എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയ്സൺ ജോസഫ്, കെ-റയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ, സുധിലാൽ തൃക്കുന്നപ്പുഴ, ബി.ദിലീപൻ, ആർ.പാർത്ഥസാരഥി വർമ്മ, ബി.ഭദ്രൻ, സോണിച്ചൻ പുളിങ്കുന്ന്, ജനകീയ പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി എസ്.സീതിലാൽ, കെ.ജെ.ഷീല, കെ.പി.സുബൈദ, പി.ആർ.സതീശൻ, കെ.ആർ.ശശി എന്നിവർ പ്രസംഗിച്ചു.
കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതിയുടെ സത്യാഗ്രഹത്തിൽ 89-ാം ദിവസം പങ്കെടുത്ത തോട്ടപ്പള്ളി പൊരിയന്റെപറമ്പിൽ എസ്.സജീവന്റെ തിരോധാനത്തിൽ ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമരസമിതി ജനറൽ കൺവീനർ ആർ.അർജുനൻ അവതരിപ്പിച്ചു.
സമരസമിതിയുടെ സജീവ പ്രവർത്തകനായ പി.രാമചന്ദ്രനെ അർദ്ധരാത്രി വീട്ടിൽനിന്നും പിടിച്ചിറക്കി തടങ്കലിൽ വയ്ക്കുകയും കള്ളക്കേസെടുക്കുകയും ചെയ്ത അമ്പലപ്പുഴ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് നവംബർ ഒമ്പതാം തീയതി വൈകിട്ട് കരിമണൽഖനന വിരുദ്ധ ഏകോപനസമിതി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് ഉ ദ്ഘാടനം ചെയ്തു. എസ്.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ആർ.പാർത്ഥസാരഥി വർമ്മ, നാസർ ആറാട്ടുപുഴ, ബി.ഭദ്രൻ, കെ.ജെ.ഷീല, കെ.പി.സുബൈദ തുടങ്ങിയവർ പ്രസംഗിച്ചു. സമരപ്രവർത്തകരെ കള്ളക്കേസിൽ പെടുത്തിയും ഭീഷണിപ്പെടുത്തിയും സമരത്തെ തകർക്കാമെന്ന സർക്കാർ വ്യാമോഹം നടപ്പിലാകില്ലെന്ന് സമരസമിതി പ്രസ്താവിച്ചു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp