Israel-Head.jpg
Share

അയവില്ലാത്ത ധാർഷ്ട്യത്തിന് പേര് കേട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2017 ഡിസംബർ 6 ന്, യുഎസ് എംബസ്സി ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ചു. അതിനർത്ഥം, ജറുസലേം മേലിൽ ഇസ്രായേലിന്റെ തലസ്ഥാനമായി മാറുമെന്നും ജറുസലേം പൂർണ്ണമായി ഇസ്രായേലിന്റെ നിയന്ത്രണത്തിൽ വരുമെന്നുമാണ്. ആവർത്തിച്ചുള്ള നിരവധി അന്തർദ്ദേശീയ കരാറുകൾ പ്രകാരം കിഴക്കൻ ജറുസലേമിന് ഇസ്രായേലിന്റെ പരമാധികാരം നിലവിൽ അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ജറുസലേം പാലസ്തീന്റേതാണ് എന്നാണ് കരുതപ്പെടുന്നത്. ‘ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷത്തിൽ ഒരു പുതിയ സമീപനത്തിന്റെ, തുടക്കം’ എന്നാണ് ട്രംപ് തന്റെ പ്രഖ്യാപനത്തെപ്പറ്റി പെരുമ്പറ കൊട്ടുന്നത്.

ട്രംപിന്റെ പ്രഖ്യാപനം
പുതിയ സംഘർഷങ്ങൾക്ക്
തിരികൊളുത്തി

‘പുതിയ സമീപനം’ എത്രത്തോളം എവ്വിധമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. പക്ഷേ, അധീശത്വ-അധികാര കൊതിയന്മാരായ യു.എസ്.സാമ്രാജ്യത്വത്തിന്റെ നായകന് യോജിക്കുന്ന തരത്തിലുളള ഈ നികൃഷ്ടമായ പ്രഖ്യാപനത്തിനെതിരെ സാർവ്വലൗകികമായ കുറ്റപ്പെടുത്തലും നയതന്ത്രതലത്തിലുള്ള തെറ്റിപ്പിരിയലുകളുമുണ്ടായി. തന്നെയുമല്ല, ഇസ്രായേലും പാലസ്തീനും തമ്മിൽ പുതിയ സംഘർഷങ്ങൾ ഉടലെടുക്കുന്നതിനും അത് കാരണമായി. ആശങ്കയും പ്രതിഷേധവും ക്രോധവും പേറിക്കൊണ്ട് വെസ്റ്റ്ബാങ്കിലും ഗാസാസ്ട്രിപ്പിലും പാലസ്തീൻകാർ സംഘർഷഭരിതമായ പ്രതിഷേധത്തോടെ തെരുവിലണിനിരന്നു. ‘ കിഴക്കിന് മുന്നിൽ പടിഞ്ഞാറ് നരകവാതിലുകൾ തുറക്കപ്പെടും’ എന്നുള്ള മുറവിളികൾ ഉയർന്ന് കേട്ടു. സയണിസ്റ്റ് ഇസ്രായേലാവട്ടെ അവരുടെ സഹജയമായ ക്രൗര്യത്തോടെ, ട്രംപിന്റെ പ്രഖ്യാപനത്തിൽ ഉത്തേജിതരായി റബ്ബർബുള്ളറ്റും കണ്ണീർവാതകവും, എന്തിന് പോർവിമാനങ്ങൾ പോലുമുപയോഗിച്ചാണ് നേരിട്ടത്. ഡിസംബർ 6 തൊട്ട് വെറും മൂന്ന് ദിവസങ്ങൾകൊണ്ട് നിരവധി ജീവനുകൾ നഷ്ടപ്പെട്ടു. 1100-ലധികം പേർക്ക് പരിക്കുകളേറ്റു. പാലസ്തീൻ ആരോഗ്യകാര്യ അധികൃതരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹെബ്രോണിൽ ഡിസംബർ 7-ാം തീയതി ഇരുപതിലധികം ഇസ്രായേലി സൈനികർ ചേർന്ന് ഫവ്‌സി അൽ ജുനൈദി എന്ന 14-കാരനെ കണ്ണുകെട്ടി തടവറയിലേക്ക് വലിച്ചുകൊണ്ടുപോയി. ഈ മനുഷ്യത്വരഹിതമായ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ”ഇസ്രായേൽ ഒരു ഭീകര രാഷ്ട്രമാണ്. കുഞ്ഞുങ്ങളെ കൊലചെയ്യുന്ന ഭരണകൂടത്തിന്റെ ദയാവായ്പിന് വിട്ട് ജറുസലേമിനെ ഞങ്ങൾ ഉപേക്ഷിക്കില്ല,” തുടങ്ങിയ കമന്റുകൾ സോഷ്യൽ മീഡിയയിൽ വന്നു. ലോകമെമ്പാടും ആയിരങ്ങളും പതിനായിരങ്ങളും അണിനിരന്ന പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പാലസ്തീൻ ഭൂപ്രദേശങ്ങളിൽ, ജോർദ്ദാൻ, തുർക്കി, പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, ഇറാൻ, മലേഷ്യ, ലെബനൻ, ഇന്തോനേഷ്യ, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലും ലണ്ടനിലും ബ്രസ്സൽസിലും പാരീസിലും റോമിലും ആംസ്റ്റർഡാമിലും ബെർലിനിലും കൂടാതെ, കാനഡയിലും യുഎസിലെ എല്ലാ സിറ്റികളിലും ഐക്യദാർഢ്യപരിപാടികൾ നടന്നു.

തെരുവു മുതൽ നയതന്ത്രതലം വരെ പ്രതിഷേധമുയർന്നു

പ്രതിഷേധം തെരുവുമുതൽ നയതന്ത്രതലം വരെ വ്യാപിച്ചു. ലോകത്തെ സാമ്രാജ്യത്ത രാജ്യങ്ങൾക്കും അറബ് ലോകത്തെ പല പിന്തിരിപ്പൻ രാജ്യങ്ങൾക്കും പോലും തള്ളിപ്പറയാതിരിക്കാൻ പറ്റാത്തവിധം അത്രയും അന്യായവും ഹീനവുമായിരുന്നു സകല അന്തർദ്ദേശീയ മാനദണ്ഡങ്ങളേയും ധാരണകളേയും നഗ്നമായി ലംഘിച്ചുകൊണ്ടുള്ള യു.എസ്.നീക്കം. അറബ് രാജ്യങ്ങൾക്കിടയിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ(ഒഐസി) ഹമാസ് നേതാക്കൾ, ലെബനീസ് മിലിറ്റന്റ് സംഘടനയായ ഹിസ്‌ബൊള്ള, അറബ് ലീഗ് വിദേശകാര്യമന്ത്രിമാർ, തുടങ്ങിയവർ അതിശക്തമായ ഭാഷയിൽ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. യുഎസ് പ്രഖ്യാപനത്തെ ”അന്തർദ്ദേശീയ നിയമങ്ങളുടെ ലംഘനം”, ”അസ്ഥിര സാഹചര്യം സൃഷ്ടിക്കാനുദ്ദേശിച്ചുകൊണ്ടുള്ള പ്രകോപനം”, ”എറ്റവും വിശുദ്ധമായ മുസ്ലീം, ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുമേലുള്ള യുദ്ധപ്രഖ്യാപനം” എന്നൊക്കെ അവർ വിശേഷിപ്പിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തിന് ഒരാഴ്ചയ്ക്കുശേഷം തുർക്കിയിൽ കൂടിയ ഉന്നതതലയോഗത്തിന് ശേഷം ഒഐസി നേതാക്കൾ, പാലസ്തീന്റെ മേലുള്ള ഇസ്രായേൽ ആധിപത്യം അവസാനിപ്പിക്കാനും ദ്വിരാഷ്ട്രതത്വം വച്ചുകൊണ്ടുള്ള സമഗ്രവും ന്യായപൂർണ്ണവുമായ സമാധാനം ഉറപ്പാക്കാനും ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. പാലസ്തീൻ രാഷ്ട്രത്തേയും പാലസ്തീൻ തലസ്ഥാനമായി ജെറുസലേമിനെയും അംഗീകരിക്കാനും അവർ തീരുമാനമെടുത്തു. സമാധാന പ്രക്രിയ എന്ന യുഎസ് മുഖംമൂടിയെ ട്രംപ് വലിച്ചു കീറി എന്നതാണ് പൊതുവെയുള്ള പ്രതികരണം. യൂറോപ്പിലെ യുദ്ധവെറിപൂണ്ട നാറ്റോ സംഘത്തിലും മദ്ധ്യകിഴക്കേഷ്യയിലെ ക്രൂരമായ ചൂഷണങ്ങളിലും യുദ്ധം തുടർന്നുകൊണ്ടുപോകുന്നതിലുമെല്ലാം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വിശ്വസ്തരായ പങ്കാളികളായി ഇതേവരെ കൂടെയുണ്ടായിരുന്ന പരമ്പരാഗത യു.എസ് സഖ്യരാജ്യങ്ങൾക്ക് പോലും യു.എസിനെതിരെ നിലകൊള്ളാതിരിക്കാൻ കഴിഞ്ഞില്ല. അത്തരത്തിൽ യു.എസ്.സാമ്രാജ്യത്വം ലോകരാഷ്ട്രീയത്തിൽ ഒറ്റപ്പെടുത്തപ്പെട്ടു. ട്രംപിന്റെ തീരുമാനത്തെയും അതിന് പിന്നിലുള്ള യുക്തിയെയും ചോദ്യം ചെയ്തവരിൽ യൂറോപ്പിലെ യു.എസ് സഖ്യകക്ഷികളായ ബ്രിട്ടൻ,ഫ്രാൻസ്, ജർമ്മനി, നെതർലാന്റ്‌സ്, ബെൽജിയം, അതുപോലെ യൂറോപ്യൻ യൂണിയൻ വക്താവ്, മദ്ധ്യകിഴക്കേഷ്യയിൽ യു.എ.ഇ, സൗദി അറേബ്യ എന്നിവരും ഉൾപ്പെടുന്നു. മഹാവിപത്ത് എന്നാണ് സ്വീഡൻ വിദേശകാര്യമന്ത്രിയായ മാർഗോറ്റ് വാൾസ്‌ട്രോം വിശേഷിപ്പിച്ചത്. റഷ്യൻ വിദേശനയം മിക്കവാറുമെല്ലാ നാറ്റോ അംഗങ്ങളുടേതുമായി ഒത്തുചേർന്നുവരുന്ന അപൂർവ്വം അവസരങ്ങളിലൊന്നായി ഇത് മാറി.

യുഎസ് നീക്കത്തെ ഭൂരിപക്ഷം രാജ്യങ്ങളും തള്ളിക്കളഞ്ഞു

ഇത്രയൊക്കെ മാത്രമല്ല, ലോകനാശകാരിയായ യുഎസ് സാമ്രാജ്യത്തത്തിന്റെ പതാക വാഹകനാകാൻ ചുമതലപ്പെട്ട ഡൊണാൾഡ് ട്രംപ് ആഗോള വേദികളിൽ ഒറ്റപ്പെടുത്തപ്പെടുകയും ചെയ്തു. ഈജിപ്ത് കൊണ്ടുവന്ന പ്രമേയത്തെ പരാജയപ്പെടുത്താൻ ഐക്യരാഷ്ട്രസഭാ സുരക്ഷാകൗൺസിലിന്റെ അടിയന്തരയോഗത്തിൽ അമേരിക്കയ്ക്ക് വീറ്റോ അധികാരം ഉപയോഗിക്കേണ്ടി വന്നു. 15 അംഗരാജ്യങ്ങളിലെ 14 രാജ്യങ്ങൾക്കു മുന്നിൽ യു.എസിന് ഒറ്റയ്ക്ക് നിൽക്കേണ്ടിവന്നു. ‘വിശുദ്ധനഗരമായ ജറുസലേമിന്റെ സ്വഭാവമോ, പദവിയോ, ജനസംഖ്യാപരമായ ഘടനയെയോ മാറ്റാനുദ്ദേശിച്ചുകൊണ്ടുള്ള തീരുമാനങ്ങളും നടപടികളും അസാധുവാകുകയും സുരക്ഷാകൗൺസിലിന്റെ പ്രസക്തമായ പ്രമേയങ്ങൾ പാലിച്ചുകൊണ്ട് പിൻവലിക്കുകയും വേണ്ടതാണ്’ എന്ന് ഉറപ്പിച്ചുകൊണ്ടും ജറുസലേമിന്റെ പദവിയെ സംബന്ധിച്ച് അടുത്തിടെയുണ്ടായ തീരുമാനങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടുമാണ് പ്രമേയം അവതരിപ്പിച്ചത്. എന്നിരുന്നാലും അതിൽ ട്രംപിനേയോ യു.എസി നെയോ പേരെടുത്ത് കുറ്റപ്പെടുത്തിയില്ല.

സുരക്ഷാകൗൺസിലിന് പ്രേമയം പാസ്സാക്കാൻ കഴിയാതെ വന്നതോടെ ഐക്യരാഷ്ട്രസഭ ജനറൽ കൗൺസിലിന്റെ ഒരു അടിയന്തരവിശേഷ യോഗം വിളിച്ചുകൂട്ടാനുള്ള ആവശ്യമുയർന്നു. ഡിസംബർ 21 ന് വിളിച്ചുകൂട്ടപ്പെട്ട ആ യോഗത്തിൽ ഡൊണാൾഡ് ട്രംപിനും യുഎസ്എയ്ക്കും കുത്തിനോവുന്ന തിരിച്ചടി നൽകപ്പെട്ടു. ജറുസലേമിന്റെ കാര്യത്തിൽ ട്രംപ് സ്വീകരിച്ച ഏകപക്ഷീയമായ തീരുമാനത്തെ തള്ളിക്കളയാനും പകരം ഒരു പ്രത്യേക അന്തർദ്ദേശീയ നഗരം എന്ന ജറുസലേമിന്റെ പദവിക്ക് വേണ്ടി ദീർഘകാലമായി നിലനിൽക്കുന്ന പൊതുസമ്മതിയുള്ള അന്തർദ്ദേശീയാഭിപ്രായത്തെ പിന്തുണയ്ക്കാനും തീരുമാനമെടുത്തു.9-നെതിരെ 128 വോട്ടുകളോടെയാണ് പ്രമേയം പാസ്സായത്. ഈ അന്തർദ്ദേശീയ കൊള്ളത്തലവന്റെ രൗദ്രഭാവം വെളിപ്പെടുത്തിക്കൊണ്ട്, ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ അംബാസിഡർ നിക്കിഹാലി 193-ൽ 180 അംഗരാജ്യങ്ങൾക്കും കത്തെഴുതിക്കൊണ്ട് പറഞ്ഞത് യുഎസ്എക്കെതിരെ വോട്ടുചെയ്ത രാജ്യങ്ങളുടെ പേര് ഓർത്തുവയ്ക്കുമെന്നാണ്. ഈജിപ്ത്, അഫ്ഗാനിസ്ഥാൻ, ഇറാക്ക്, തുടങ്ങിയ പൂർവ്വേഷ്യൻ രാജ്യങ്ങൾക്ക് നൽകുന്ന കോടിക്കണക്കിന് ഡോളർ യുഎസ് ധനസഹായം പിടിച്ചുവയ്ക്കുമെന്ന് ട്രംപ് നേരിട്ട് ഭീഷണിപ്പെടുത്തി. പക്ഷേ ഇത്തരം ഭീഷണികളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഈ രാജ്യങ്ങൾ യുഎസ്എക്കെതിരെ വോട്ടുചെയ്തു. ജനറൽ അസംബ്ലിയിലെ 28 അംഗ യൂറോപ്യൻ യൂണിയൻ അംഗങ്ങളിൽ മുൻകാലങ്ങളിൽ ഇസ്രായേലിനെതിരായ നടപടികളിൽ നിന്ന് ഒഴിഞ്ഞു മാറിനിന്ന യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവയടക്കമുള്ള 22 അംഗരാജ്യങ്ങൾക്ക് യുഎസ് വിരുദ്ധ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യാതിരിക്കാനായില്ല. സാക്ഷാൽ യുഎസും അവരുടെ സംഘാംഗമായ ഇസ്രായേലും കൂടാതെ, പ്രമേയത്തിനെതിരെ വോട്ടുചെയ്തത് ടോഗോ, മൈക്രോനേഷ്യ, നാവരു, പലാവു, മാർഷൽ ദ്വീപുകൾ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എന്നിങ്ങനെയുള്ള യുഎസിന്റെ ചെറിയ ഉപഗ്രഹ രാജ്യങ്ങളാണ്. വോട്ടെടുപ്പിൽ പങ്കെടുക്കാത്തതും സഭയിൽ ഹാജരാകാതിരുന്നതുമായ രാജ്യങ്ങളുടെ കാര്യം സൂചിപ്പിക്കുന്നത് ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനും യുഎസിന് അനുകൂലമായി ഇസ്രായേൽ നടത്തിയ ലോബിയിംഗിനും ചില ഫലങ്ങളുണ്ടായി എന്നാണ്. മുമ്പത്തെ പല അവസരങ്ങളിൽ നിന്ന് വിഭിന്നമായി ഐക്യരാഷ്ട്രസഭ യുഎസ് തിട്ടൂരങ്ങൾക്ക് എതിരെ നിലകൊണ്ടത് സവിശേഷമായ പ്രാധാന്യമർഹിക്കുന്നു. ഇക്കാര്യത്തിൽ നന്ദി പറയേണ്ടത് ലോകരാഷ്ട്രീയ സംഭവങ്ങളുടെ ഗതി നിർണ്ണയിക്കും വിധം പരിശ്രമം നടത്തിയ താരതമ്യേന അപ്രധാനങ്ങളായ ചെറിയ രാജ്യങ്ങളോടാണ്. ‘അഭിമാനമുള്ള ഒരു രാജ്യവും അത്തരത്തിലുള്ള സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും’ ‘ഞാൻ ശക്തനാണ്, അതുകൊണ്ട് ഞാൻ ശരിയാണ് എന്ന വിശ്വാസം മാറ്റാൻ സമയമായിരിക്കുന്നു’ എന്നൊക്കെയുള്ള പ്രഖ്യാപനങ്ങൾ പോലും ഈ സംഭവവികാസങ്ങളിൽ ഉള്ളടങ്ങിയിരുന്നു. ‘ഇന്ന് ലോകം അന്യായങ്ങൾക്കെതിരെ കലാപം നടത്തുകയാണ്’ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ധാർമ്മികമോ നിയമപരമോ ആയ വാദങ്ങളൊന്നും തന്നെ ഇല്ലായെന്ന് അറിയുമ്പോൾ മാത്രമാണ് രാഷ്ട്രങ്ങൾ ഇത്തരത്തിലുളള നിർലജ്ജമായ വിരട്ടലുകൾക്ക് മുതിരുന്നത്. നിലവിൽ ഉയർന്നുവന്നിരിക്കുന്ന ലോകാഭിപ്രായത്തിൽ ഒറ്റപ്പെട്ടുപോവുമെന്ന് ഭയപ്പെട്ടാകണം യുഎസിന്റെ പരമ്പരാഗത സഖ്യരാജ്യങ്ങളും വൻശക്തികൾ പോലും യുഎസിനെതിരായി വോട്ടു ചെയ്തതെന്നത് വാസ്തവമാണ്. എന്തൊക്കെയായാലും അന്തർദ്ദേശീയ സമ്മതമായ എല്ലാ മാനദണ്ഡങ്ങളെയും തീരുമാനങ്ങളെയും കൂസലെന്യേ ലംഘിച്ചതിന്റെ പേരിൽ യുഎസിനെ നിരങ്കുശം ഒറ്റപ്പെടുത്താനായി. ഐക്യരാഷ്ട്രസഭയുമായുള്ള തങ്ങളുടെ ബന്ധം വിശ്ചേദിക്കുന്ന കാര്യം ആലോചിക്കുമെന്ന് പറഞ്ഞപ്പോൾ യുഎസിന്റെ ധിക്കാരിയായ കിങ്കരൻ, സയണിസ്റ്റ് ഇസ്രായേലിന്റെ ഇശ്ചാഭംഗത്തെയാണത് വെളിവാക്കിയത്(ഗാർഡിയൻ, 21-12-2017).

പാലസ്തീനും ഇസ്രായേലും ഉൾപ്പെട്ട ജറുസലേം വിഷയത്തെപ്പറ്റിയുള്ള ചരിത്ര പശ്ചാത്തലം അല്പം വിശകലനം ചെയ്താൽ യുഎസിന്റെയും ഇസ്രായേലിന്റെയും ധിക്കാരവും നിഷേധത്തരവും കൂടുതൽ സാക്ഷ്യപ്പെടുത്താനാകും.

ഇസ്രയേലിനെ സൃഷ്ടിച്ചത്  സാമ്രാജ്യത്വ കുടിലതകൾ

ഇസ്രയേൽ എന്ന രാജ്യം നിലവിൽവരുന്നതിന് മുമ്പുതന്നെ പ്രധാനമായും ഓട്ടോമൻ സാമ്രാജ്യത്തത്തിന്റെ ഭാഗമായിക്കൊണ്ട് അറബികളുടെ മനോഹരമായ ആവാസസ്ഥലമായി പാലസ്തീൻ നിലനിന്നിരുന്നുവെന്നത് ഓർക്കുന്നത് നന്നായിരിക്കും. പക്ഷെ അവിടുത്തെ സ്വദേശികളായ യഹൂദജനത മെച്ചപ്പെട്ട ജീവിതം തേടി ലോകമെങ്ങും വ്യാപരിച്ചുപോയി. ഇസ്രായേൽ രാഷ്ട്രം രൂപം കൊള്ളുന്നതിന് അരനൂറ്റാണ്ടിന് മുമ്പുതന്നെ പാലസ്തീനിൽ ഒരു യഹൂദരാഷ്ട്രം സ്ഥാപിക്കണമെന്ന് അഭിലഷിക്കുന്ന ഒരു സയണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനം യൂറോപ്യൻ യഹൂദന്മാർക്കിടയിൽ വികസിച്ചുവന്നിരുന്നു. ശക്തമായ, ചിലപ്പോൾ ആക്രമണോത്സുകമായ മത-വംശീയ വികാരത്തോടെ ധനാഢ്യരും തോട്ടമുടമകളും പണം പലിശക്ക് കൊടുക്കുന്നവരുമായ യഹൂദകുടിയേറ്റക്കാർ പാലസ്തീനിലേക്ക് കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അറബുകളിൽ നിന്ന് ഭുമിവാങ്ങുന്നത് നിരോധിച്ചിട്ടുള്ളതിനാൽ അവർ രൂപീകരിച്ച, രഹസ്യഭീകരസംഘങ്ങളായി പ്രവർത്തിക്കുന്ന സ്വകാര്യ സേനകളുടെ സഹായത്തോടെ തദ്ദേശീയരായ അറബികളിൽ നിന്ന് ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുത്തു. ഗ്രാമീണർ കുടിയേറ്റക്കാർക്കുവേണ്ടി കുറഞ്ഞ കൂലിയിൽ തൊഴിലെടുക്കുകയും ചെയ്തു. സയണിസം കൂടുതൽ അക്രമാസക്തമായതോടെ അറബികൾക്ക് അവരുടെ സ്ഥലവും വീടും നഷ്ടപ്പെടാൻ തുടങ്ങി. കൗശലശാലികളായ യഹൂദകുടിയേറ്റക്കാർ ഭൂമി കൈവശപ്പെടുത്തിയെന്നതുമാത്രമല്ല ചെയ്തത്. അറബ്ഗ്രാമങ്ങൾ ചരിത്രത്തിൽ നിന്ന് പൂർണ്ണമമായി തുടച്ചുമാറ്റത്തക്കവിധം കെട്ടിടങ്ങളുടെ ഓരോ തരികല്ലും അറബികളുടെ ശവകുടീരങ്ങളടക്കം സകലതിനെയും അവർ നശിപ്പിച്ചു. വിശാലമായ വെറുമൊരു തരിശുമരുഭൂമിയിൽ നിന്നുമാണ് തങ്ങളുടെ ഗ്രാമങ്ങളെ കെട്ടിയുയർത്തിയതെന്ന് ഏതൊരു സന്ദർശകനോടും അഹങ്കാരത്തോടെ ഈ കുടിയേറ്റക്കാർക്ക് പറയാമെന്നായി. ഗോത്രപരവും വംശീയവുമായ കാരണങ്ങളാൽ വിഭജിക്കപ്പെട്ടും അനൈക്യത്തിലും കഴിഞ്ഞിരുന്ന അറബുകൾ നിസ്സഹായമായി ആയിരങ്ങളായി കുടിയൊഴിപ്പിക്കപ്പെട്ടു. യഹൂദകുടിയേറ്റക്കാരുടെ രൂപകല്പനക്കൊത്ത് കളിച്ചുകൊണ്ട് കൊളോണിയൽ സാമ്രാജ്യത്വശക്തികൾ പാലസ്തീനെ ഒരു ദേശമില്ലാത്ത രാജ്യമായി കണ്ടുതുടങ്ങി. അങ്ങനെ അവർ യഹൂദകുടിയേറ്റക്കാരുടെ കൊളോണിയൽ നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിച്ചു. ഒന്നാം ലോകയുദ്ധത്തിനുശേഷം പാലസ്തീൻ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. 1917 ൽ സയണിസ്റ്റ് രൂപകല്പനക്കൊത്തവിധം പാലസ്തീനിൽ യഹൂദർക്ക് വേണ്ടി ഒരു ദേശഗൃഹം സമ്മാനിക്കാനായി ബ്രിട്ടീഷ് കൊളോണിയൽ ഗവണ്മെന്റ് ബാൽഫോർ പ്രഖ്യാപനം എടുത്തിട്ടു. സാന്ദർഭികമായി പറയട്ടെ, ജറുസലേമിനെ സംബന്ധിച്ച് ട്രംപിന്റെ നടപടി ബാൽഫോർ പ്രഖ്യാപനത്തിന്റെ ശതാബ്ദി വർഷത്തിലാണ് സംഭവിച്ചിരിക്കുന്നത്.

1948വരെ പലസ്തീൻ ബ്രിട്ടീഷ് സാമ്രാജ്യത്വ ചൂഷണത്തിന്റെയും ജോർദ്ദാനിയൻ രാജാവിന്റെ ജന്മിത്വഭരണത്തിന്റെയും പിടിയിലമർന്നിരിക്കുകയായിരുന്നു. യുഎസ് സാമ്രാജ്യത്വം ഈ പ്രദേശത്തേക്ക് ആണ്ടിറങ്ങി തുടങ്ങിയതോടെ ബ്രിട്ടീഷ് സാമ്രാജ്യത്വവും സയണിസ്റ്റുകളും തമ്മിലുള്ള ബന്ധം വഷളായിത്തുടങ്ങി. ഇർഗുൻ പോലെയുള്ള ഭീകരസംഘടനകൾ ബ്രിട്ടനെതിരെ പ്രവർത്തിക്കുകയും അവരെ ആക്രമിക്കുകപോലും ചെയ്തു. അറബുകൾക്കെതിരെ ഭീകരാക്രമണങ്ങൾ അഴിച്ചുവിട്ടു. നേരിട്ടുള്ള ഒരു നീക്കമെന്ന നിലയിൽ 1946ൽ മറ്റിടങ്ങളിലായി കഴിഞ്ഞിരുന്ന ഒരു ലക്ഷം യഹൂദന്മാരെ പലസ്തീനിൽ പ്രവേശിപ്പിക്കാനുള്ള ശുപാർശ യുഎസ് പ്രസിഡന്റ് ട്രുമാൻ അംഗീകരിച്ചു. ആ വർഷം ഒക്‌ടോബറിൽ ഒരു യഹൂദരാഷ്ട്രം സൃഷ്ടിക്കുന്ന കാര്യത്തിൽ തന്റെ പിന്തുണ അദ്ദേഹം തുറന്നുതന്നെ പ്രഖ്യാപിച്ചു. ഒരു യഹൂദരാഷ്ട്രം സൃഷ്ടടിക്കാനുള്ള സാമ്രാജ്യത്വ പദ്ധതിക്ക് അനുമതി മുദ്രപതിപ്പിക്കാനായി ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിപ്പിക്കാൻ നിശ്ചയിച്ചിരുന്ന 1948 മേയ് മാസം നിലവിൽ വരത്തക്കവിധം പാലസ്തീനെ യഹൂദ-അറബ് രാഷ്ട്രങ്ങളായി വിഭജിക്കുന്ന 181-ാം നമ്പർ പ്രമേയം ഐക്യരാഷ്ട്രപൊതുസഭ 1947 നവംബറിൽ അംഗീകരിച്ചു. ജറുസലേമിനെ ചുറ്റിപ്പറ്റി അബ്രഹാമിക് മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയ്ക്ക് മതപരമായ പ്രത്യേക പ്രാധാന്യമുള്ള ജറുസലേമിനെ ഒരു പ്രത്യേക അന്തർദ്ദേശീയ നഗരമായി അംഗീകരിക്കുകയും അന്തർദ്ദേശീയ നിയന്ത്രണത്തിൽ ഒരു പ്രത്യേക അന്തർദ്ദേശീയ ഭരണസംവിധാനം ഏർപ്പെടുത്തുവാനും തീരുമാനിക്കപ്പെട്ടു. അങ്ങനെ, ഇസ്രയേൽ രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ പലസ്തീൻ വിഭജിക്കപ്പെട്ടു.

ഐക്യരാഷ്ട്രസഭ പ്രമേയപ്രകാരം ഇസ്രായേൽ ഒരു സ്വതന്ത്രയഹൂദരാഷ്ട്രമായി 1948 മേയ് 14ന് പ്രഖ്യാപിക്കപ്പെട്ടു. യുഎസ് സാമ്രാജ്യത്വം അതിനോടകം തന്നെ 181-ാം നമ്പർ പ്രമേയത്തെ പിന്തുണച്ചിരുന്നു. 1948 മേയ് 14ന് തന്നെ അവർ ഇസ്രായേലിനെ അംഗീകരിക്കുകയും പക്ഷെ അറബുകളുടെ പ്രതീക്ഷകൾ സജീവമായി നിലനിർത്താനായി അറബുകളും ഇസ്രായേലും തമ്മിലുള്ള ചർച്ചകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ വ്യക്തമായ യുഎസ് പിന്തുണയോടെയുള്ള സാമ്രാജ്യത്വ കുതന്ത്രങ്ങൾ വഴിയാണ് ഇസ്രായേൽ രൂപീകരിക്കപ്പെട്ടത്. സാമ്രാജ്യത്വ കഴുകന്മാർ പാലസ്തീനെ അനിശ്ചിതമായ ഒരു ഭാവിയിലേക്ക് തള്ളിവിടുകയും ചെയ്തു. ഈ ഏർപ്പാടുകൾ പലസ്തീനിലെ അറബുകളുടെ കയ്യിൽ നിന്ന് ഭൂമി തട്ടിപ്പറിച്ചു എന്നുമാത്രമല്ല ഏതുനിമിഷവും കഴുത്തിന് പിടിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു നിതാന്ത ശത്രുവിനെ കൂടി അത് സ്ഥാപിക്കുകയും ചെയ്തു. സ്വാഭാവികമായും അക്കാര്യം അറബുകളിൽ നീരസം നിറച്ചു.
1948 മേയ് 15ന് ഒരു അറബ് ഇസ്രായേലിയുദ്ധം ആരംഭിച്ചു. പഴയ പാലസ്തീനിലും സിനായി ഉപദ്വീപിലും തെക്കൻ ലബനണിലുമായി നടന്ന യുദ്ധം 1949 മാർച്ച് വരെ നീണ്ടുനിന്നു. ഒരുവശത്ത് ഇസ്രായേലിനെ പിന്തുണച്ചുകൊണ്ട് ഈജിപ്തിന്റെ നേതൃത്വത്തിൽ സിറിയ, ജോർദാൻ, ലെബനൻ, സൗദിഅറേബ്യ, യെമൻ എന്നിവരടങ്ങിയ അറബ് സഖ്യരാഷ്ട്രങ്ങൾ അണിനിരന്നു. സാമ്രാജ്യത്വശക്തികളുടെ, പ്രധാനമായും യുഎസ്സിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയും സഹായവും അവർക്കുണ്ടായുരുന്നു. മറുവശത്താകട്ടെ, പലസ്തീനിലെയും അയൽ പ്രദേശത്തെ അറബ് രാജ്യങ്ങളിലെയും ഇറാഖിലെയും വോളന്റിയർമാർ ഉൾപ്പെട്ട അറബ് വിമോചന സേനയുമായിരുന്നു. പദ്ധതി ആസൂത്രകരും മാർഗ്ഗദർശികളുമായവർ ഇസ്രായേലിന്റെ വിജയം ഉറപ്പുവരുത്തി. ഐക്യരാഷ്ട്രസഭ പ്രമേയം വഴി മുമ്പ് പലസ്തീന് അനുവദിക്കപ്പെട്ട ഭൂഭാഗത്തിൽ നിന്ന് കൂടുതൽ സ്ഥലം ഇസ്രായേൽ നേടിയെടുക്കുന്ന തരത്തിൽ യുദ്ധാവസാനക്കരാറിൽ ഒപ്പിടപ്പെട്ടു. അങ്ങനെ, അന്നത്തെ പലസ്തീന്റെ മൂന്നിൽ രണ്ട് ഭാഗവും ഇസ്രായേൽ അധിനിവേശിതമായി മാറി. കരാർവഴി ജറുസലേം രണ്ടായി പകുക്കപ്പെട്ടു. പച്ചമഷിയാൽ വരക്കപ്പെട്ടതുകാരണം ആ അതിരിനെ ഗ്രീൻലൈൻ എന്ന് വിഭജിക്കപ്പെട്ടു. അത് ജനറുസലേമിന്റെ പടിഞ്ഞാറൻ പകുതി ഇസ്രയേലിന്റെ നിയന്ത്രണത്തിലേക്കും പ്രസിദ്ധമായ പഴയ നഗരമുൾപ്പെടെയുള്ള കിഴക്കൻ പകുതി ജോർദ്ദാന്റെ നിയന്ത്രണത്തിലേക്കും വിട്ടു.
1948 ലെ അറബ്-ഇസ്രായേലി യുദ്ധം അങ്ങനെ പഴയ പലസ്തീന്റെ വലിയൊരുപങ്ക് പകുത്തെടുത്ത് ഇസ്രായേലിന് കൈമാറ്റം ചെയ്യപ്പെട്ടു. യഥാർത്ഥത്തിൽ, യുദ്ധം കൂട്ടക്കൊലകളിലേക്കും ബലാൽക്കാരേണയുള്ള കുടിയൊഴിപ്പിക്കലിലേക്കും സമീപരാജ്യങ്ങളിലേക്ക് ആയിരങ്ങളായി അഭയം പ്രാപിക്കുവാൻ നിർബന്ധിതമാക്കത്തക്കവിധത്തിലുള്ള ആട്ടിപ്പുറത്താക്കലുകളിലേക്കുമായിരുന്നു നയിച്ചത്. ഓടിപ്പോവാൻ ഇനിയും വിസ്സമ്മതിക്കുന്നവർ നിരന്തരമായി ചുരുക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ചേരികളായി മാറിക്കഴിഞ്ഞ ഭൂഭാഗത്തേക്ക് തുരത്തപ്പെട്ടു. യുഎസ് സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള കൗശലക്കാരായ സാമ്രാജ്യത്ത ശക്തികൾ അവർക്ക് സമാധാനവും രാഷ്ട്രപദവിയും വാഗ്ദാനം ചെയ്തു. പക്ഷെ തുടർന്ന് സാമ്രാജ്യത്തശക്തികളുടെ എല്ലാത്തരത്തിലുമുള്ള സായുധ-സാമ്പത്തിക-രാഷ്ട്രീയ പിന്തുണയോടെ തങ്ങളുടെ ഭൂപ്രദേശങ്ങളെ ആക്രമിച്ച് കൈയ്യേറുന്ന രീതി ഇസ്രായേൽ സ്വീകരിച്ചപ്പോൾ ഓരോ കടന്നാക്രമണവും അവരുടെ പ്രതീക്ഷകളെ ആട്ടിയകറ്റുന്നതിലേക്ക് നയിക്കുകയാണുണ്ടായത്.

ജറുസലേമിന്റെ പദവി

1967ലെ ആറുദിന മിന്നൽ യുദ്ധത്തിലൂടെ പലസ്തീനിലെ കിഴക്കൻ ജറുസലേമിന്റെയും വെസ്റ്റ് ബാങ്കിന്റെയും നിയന്ത്രണം ജോർദ്ദാനിൽ നിന്നും, ഗാസാസ്ട്രിപ്പും സിനായ് ഉപദ്വീപും ഈജിപതിൽ നിന്നും, സിറിയയിൽ നിന്ന് ഗോലാൻ കുന്നുകളും പിടിച്ചെടുത്തു. അവിടുന്നിങ്ങോട്ട്, ജറുസലേം നഗരമാകെ ഇസ്രായേലിന്റെ ആധിപത്യത്തിൻ കീഴിലായെങ്കിലും കിഴക്കൻ ജറുസലേമിന്റെ മേലുള്ള അവരുടെ പരമാധികാരത്തിന് അന്തർദ്ദേശീയ അംഗീകാരമില്ലായിരുന്നു. ഭാവിയിലെ ഒരു പാലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായി പാലസ്തീൻകാർ കാണുന്നത് കിഴക്കൻ ജറുസലേമിനെയാണ്.
1967 ആരംഭത്തിൽ നടന്ന യുദ്ധത്തിലൂടെ കൈയ്യേറിയ എല്ലാ പ്രദേശങ്ങളിൽ നിന്നും പിൻമാറണമെന്ന് ഐക്യരാഷ്ട്രസഭ ആ വർഷം തന്നെ കൊണ്ടുവന്ന 242-ാം നമ്പർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭൂമിയും സ്വത്തുവകകളും പിടിച്ചടക്കുന്നതടക്കം ജറുസലേമിന്റെ പദവിക്ക് മാറ്റമുണ്ടാവാൻ സാധ്യതയുള്ള എല്ലാത്തരം നടപടികളിൽ നിന്നും പിന്തിരിയണമെന്ന് 1968ലെ 252-ാം നമ്പർ പ്രമേയത്തിലൂടെ സെക്യൂരിറ്റി കൗൺസിലും ഇസ്രായേലിനോട് വ്യക്തമായി ആവശ്യപ്പെട്ടു. നഗരത്തിന്റെ പദവിയെ സംബന്ധിച്ച് അന്തിമമായി തീരുമാനമെടുക്കേണ്ടത് ഇസ്രായേലും പാലസ്തീനും തമ്മിൽ നേരിട്ടുള്ള ചർച്ചകളിലൂടെ ആയിരിക്കണമെന്ന് നിഷ്‌കർഷിക്കുന്ന 10 പ്രമേയങ്ങൾ സെക്യൂരിറ്റി കൗൺസിൽ 1967 മുതൽ പാസ്സാക്കിയിട്ടുണ്ട്. പക്ഷെ എല്ലാം വൃഥാവിൽ! ഇസ്രായേൽ, പതിവുപോലെ തൊട്ടുകിടക്കുന്ന അയൽരാജ്യങ്ങളുടെ ഭൂമിയിലെ ജനങ്ങളെ ബലാൽക്കാരമായി ഒഴിപ്പിച്ച് അവിടം കൈയ്യേറിക്കൊണ്ട് തങ്ങളുടെ അതിർത്തി വിപുലപ്പെടുത്തിക്കൊണ്ടേയിരുന്നു. പാലസ്തീനെതിരെയുള്ള കൈയ്യേറ്റയുദ്ധങ്ങളായിരുന്നു ഏറ്റവും ഭീകരം.
ഈജിപ്ത്, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങൾ യു.എസ് സാമ്രാജ്യത്തവുമായി ഒത്തുതീർപ്പിലെത്തുകയും ചിലപ്പോൾ പക്ഷം ചേരുകയും ചെയ്തതോടെയും തിരുത്തൽവാദികളായ സോവിയറ്റ് നേതൃത്വം യു.എസ് സാമ്രാജ്യത്ത കടന്നാക്രമണങ്ങൾക്കുമുന്നിൽ മുട്ടുവിറച്ചുനിന്നതുകൊണ്ടും ഒരിക്കൽ ഐക്യപ്പെട്ടുനിന്ന അറബ് നേതൃത്വം പിളർന്നുമാറി. ഗ്രൂപ്പ് പോരും പിളർപ്പും പാലസ്തീനിയൻ നേതൃത്വത്തെയും കഷ്ടത്തിലാക്കി. എന്നിരുന്നാലും പലസ്തീൻ ജനത തങ്ങളുടെ ആധാരസ്തംഭങ്ങളായ മൂന്ന് ലക്ഷ്യങ്ങളെ, അതായത് തങ്ങൾക്കായി ഒരു സ്വതന്ത്രരാഷ്ട്രം, സയണിസ്റ്റ് ഇസ്രായേൽ ബലാൽക്കാരേണ കുടിയൊഴിപ്പിച്ചു പുറത്താക്കിയ സ്വന്തം ഭൂമിയിലേക്ക് തിരിച്ചെത്താനുള്ള അവകാശം, അവരുടെ തലസ്ഥാനമായി ജറുസലേമിന്റെ നിയന്ത്രണം എന്നിവയെ മുൻനിർത്തിയുള്ള പോരാട്ടം വലിയ വിഭവങ്ങളും പടക്കോപ്പുകളുമില്ലെങ്കിലും വമ്പിച്ച ആവേശവും നിശ്ചയദാർഢ്യവും പ്രദർശിപ്പിച്ചുകൊണ്ട് അവർ തങ്ങളുടെ പോരാട്ടം തുടർന്നു.
വഞ്ചനാപരമായ കടന്നാക്രമണത്തിന്റെ ഇതേ ചരിത്രം തന്നെയാണ് ജറുസലേമും പേറുന്നത്. 1967 ന് മുമ്പ് അവിടെ ഭൂരിപക്ഷവും പാലസ്തീൻ ജനതയായിരുന്നു ഉണ്ടായിരുന്നത്. അവിടെ പണ്ടുമുതലേയുണ്ടായിരുന്ന നിവാസികളെ ഇസ്രയേലി കുടിയേറ്റക്കാർ ആട്ടിപ്പായിച്ചുകൊണ്ട് ഒഴിപ്പിച്ചെടുത്ത പ്രദേശത്ത് യഹൂദരെ കുടിയിരുത്തിയതുകാരണം ജറുസലേം ഇപ്പോൾ ഒരു യഹൂദ ഭൂരിപക്ഷ നഗരമായി മാറിയിരിക്കുന്നു. സാമ്രാജ്യത്വരാജ്യങ്ങൾ മാത്രമല്ല, അറബ് രാജ്യങ്ങളടക്കമുള്ള മറ്റുള്ളവർ പോലും ഇത്രയും നഗ്നമായ അക്രമണത്തിനെതിരെ ശബ്ദമുയർത്തിയില്ല. ഇത്രയൊക്കെ ആയിട്ടും ഇപ്പോൾ പോലും വിശുദ്ധനഗരത്തിലെ 40 ശതമാനം ജനങ്ങൾ പാലസ്തീൻകാരാണ്. പാലസ്തീൻകാരെ ഇസ്രായേൽ കണക്കാക്കുന്നത് വിദേശികളായാണ്. അവരുടെ സ്വന്തം നഗരത്തിൽ താമസിക്കാനായി സ്ഥിരതാമസകാർഡുകൾ നൽകിക്കൊണ്ട് അവരെ കാരുണ്യപൂർവ്വം ആദരിച്ചിരിക്കുന്നു! ഇസ്രയേലി അധികാരികൾ ഈ കാർഡുകൾ ഏതുസമയവും തിരികെ പിടിച്ചെടുത്തേക്കാമെന്നുള്ളതുകൊണ്ട് അവർ നിതാന്ത ഭീതിയിലാണ് കഴിയുന്നത്. 1967 മുതൽ 14000 ത്തിലധികം പാലസ്തീൻകാരുടെ പൗരത്വാവകാശം റദ്ദ് ചെയ്യുകയും കിഴക്കൻ ജറുസലേമിലെ ഇടതിങ്ങി പാർക്കുന്ന പലസ്തീൻ പ്രദേശങ്ങളുടെ നടുമദ്ധ്യേ യഹൂദകോളനികൾ പണിയുകയും ചെയ്തു. ഇസ്രായേലി സുരക്ഷാഭടന്മാർ നൽകുന്ന സുരക്ഷയിൽ രണ്ട് ലക്ഷത്തോളം യഹൂദർ അത്തരം പ്രദേശങ്ങളിൽ ഇപ്പോൾ താമസിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ജറുസലേമിൽ സയണിസ്റ്റ് ഇസ്രായേൽ 1967 ന് ശേഷം 20,000 പലസ്തീൻ വീടുകൾ നശിപ്പിച്ചിട്ടുണ്ട്. 1980 ജൂലൈയിൽ ജറുസലേമിനെ ഇസ്രായേലിന്റെ ഐക്യതലസ്ഥാനമായി ഏകപക്ഷീയമായി പ്രഖ്യാപിച്ചുകൊണ്ട് ഒരു നിയമം പാസ്സാക്കുകയുണ്ടായി. കിഴക്കൻ ജറുസലേമിനെ പിടിച്ചടക്കിക്കൊണ്ടുള്ള ഇസ്രായേലിന്റെ നടപടിയെ അപലപിക്കുകയും അത് അന്തർദ്ദേശീയ നിയമങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു പ്രമേയം വഴിയാണ് ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗൺസിൽ പ്രതികരിച്ചത്. ഈ പ്രമേയം പാസ്സാക്കപ്പെട്ടതിന് ശേഷം അതുവരെ ജറുസലേമിൽ എംബസ്സികളുണ്ടായിരുന്ന രാജ്യങ്ങൾ അവ പിൻവലിച്ചു. വെസ്റ്റ് ബാങ്കിലും ജറുസലേമിലും നിർമ്മാണപ്രവർത്തനങ്ങൾ നിർത്തണമെന്ന് 1980 ലെ മറ്റൊരു പ്രമേയം വഴി സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പും നൽകി. അത്തരം നടപടികൾ ജനീവ കൺവൻഷന്റെ സ്പഷ്ടമായ ലംഘനമായി കണക്കാക്കപ്പെടുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയിലെ ഒരു അംഗമെന്നനിലയിൽ പാലിക്കേണ്ട എല്ലാ അന്താരാഷ്ട്രനിയമങ്ങളെയും ധിക്കരിച്ചും വെല്ലുവിളിച്ചുകൊണ്ടും പാലസ്തീൻ ജനതക്കെതിരെ ഇന്നും യുദ്ധവെറിപൂണ്ട ആക്രമണങ്ങൾ തുടരുന്നു.

ഗാസ അധിനിവേശം: ഇസ്രായേൽഭരണകൂട ഭീകരത

താരതമ്യേന സമീപകാലത്ത് 2008ൽ ഇസ്രയേൽ നടത്തിയ ഗാസ അധിനിവേശം അക്രമകാരികളായ ഇസ്രായേലി സൈന്യത്തിന്റെ ക്രൂരതകളും പാലസ്തീൻ ജനതയുടെ ദാരുണമായ ജീവിതാവസ്ഥയെയും വെളിവാക്കുന്നതിന്റെ മകുടോദാഹരണമായി തെളിഞ്ഞുനിൽക്കുന്നു. 2008 നവംബറിൽ ഇസ്രായേലി സൈന്യം ഗാസയിലേക്ക് കടന്നുകയറി. 1967ലെ യുദ്ധത്തിൽ ഇസ്രായേൽ അധിനിവേശം നടത്തുകയും പിന്നീട് പിന്മാറുകയും ചെയ്ത ഗാസ ലോകത്തിലെ ഏറ്റവും വലിയ കോൺസെൻട്രേഷൻ ക്യാമ്പ് എന്ന നിലയിൽ പരാമർശിക്കപ്പെടാറുണ്ട്. അവിടെ 40 കിലോമീറ്റർ നീളവും 5 മുതൽ 12 വരെ മാത്രം വീതിയും മാത്രമുള്ള ഭൂമിയിൽ 15 ലക്ഷം പാലസ്തീൻകാരും മറ്റുള്ളവരും ഞെങ്ങിഞെരുങ്ങി കഴിയുന്നു. മാസങ്ങളോളം ഭക്ഷണവും മറ്റ് ആവശ്യജീവനോപാധികളും തടഞ്ഞുകൊണ്ടുള്ള ഭീകരമായ ഉപരോധമാണ് ഇസ്രായേലി സൈന്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഗാസയിലെ ജീവിതം തകർച്ചയുടെ വക്കിലാണ്. കൂടാതെ, ജനങ്ങൾ നിയമപ്രകാരം തെരഞ്ഞെടുത്ത നേതാക്കളെയും ഹമാസ് പ്രവർത്തകരെയും വധിക്കാൻ സയണിസ്റ്റ് ഇസ്രായേൽ നിരന്തരം ശ്രമിക്കുന്നു. ഇസ്രായേലിന്റെ കടന്നുകയറ്റത്തിന്റെ പ്രതികരണമെന്ന നിലയിൽ പലസ്തീൻ റോക്കറ്റ് ആക്രമണം പുനരാരംഭിക്കുന്നതിൽ കലാശിച്ചു. വമ്പിച്ച ചാരപ്രവർത്തനസന്നാഹങ്ങളും യു.എസിന്റെ ഉദാരമായ സാമ്പത്തിക സഹായത്തോടെയുള്ള ആക്രമണശേഷിയും അട്ടിമറിപ്രവർത്തനങ്ങൾക്കുള്ള ശേഷിയുമുള്ള ലോകത്തിലെ ഏറ്റവും മാരകമായ യുദ്ധവെറിയന്മാരിലൊന്നായ ഇസ്രായേലാവട്ടെ, ഇതൊരു ന്യായീകരണമായി പറഞ്ഞുകൊണ്ട് കിരാതമായ അക്രമണമഴിച്ചുവിട്ടു. 2008 ഡിസംബർ 27 മുതൽ ഹമാസിനും അതുപോലുള്ളവർക്കുമെതിരെ തുറന്ന യുദ്ധം ഇസ്രായേൽ പ്രഖ്യാപിക്കുകയും നിരപരാധികളായ സിവിലിയൻ ജനങ്ങൾക്കെതിരെ ക്രൂരമായ ഭരണകൂട ഭീകരത അഴിച്ചുവിടുകയും ചെയ്തു. ആകാശത്തിൽ നിന്നുള്ള ആക്രമണങ്ങളും യുദ്ധക്കപ്പലിൽ നിന്നുള്ള ബോംബാക്രമണങ്ങളും അപ്പാച്ചെ ഹെലികോപ്ടറിന്റെ ആക്രമണത്തെ പിൻപറ്റിയുള്ള വമ്പിച്ച കരയാക്രമണവും യുഎസ് നൽകിയ ഭൂമിക്കടിയിലെ സംവിധാനങ്ങളെ ലക്ഷ്യം വെക്കുന്ന ബങ്കർ ബസ്റ്റർ ബോംബുകളും ബോംബാക്രമണ ലക്ഷ്യങ്ങളെ കണ്ടെത്താനുള്ള ഗ്ലോബൽ പൊസിഷനിംഗ് സംവിധാനത്തിന്റെ ഉപയോഗവും ഇസ്രയേൽ ഈ യുദ്ധത്തിൽ നടത്തി. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പലസ്തീൻകാരുടെ ജീവനെടുത്തുകൊണ്ട് ഇസ്രായേലി സൈന്യം പള്ളികളും സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടക്കം നൂറുകണക്കിന് കേന്ദ്രങ്ങൾ തകർത്തുതരിപ്പണമാക്കി. ഇസ്രായേലി വ്യോമസേന ദിവസേന സോണിക് ബോംബുകൾ വർഷിച്ച് കുട്ടികളുടെ കേഴ്‌വി തകർത്തു. ഒരുതരം ‘കൂട്ടായ ശിക്ഷ’ എന്നുപറഞ്ഞുകൊണ്ടാണ് ഇസ്രായേലി പാതകികൾ സിവിലിയൻ ആക്രമണങ്ങളെ ന്യായീകരിച്ചത്. യുഎസ്എയിൽ നിന്നുമുള്ള അക്കാദമിക് പണ്ഡിതന്മാരും മനുഷ്യാവകാശ പ്രവർത്തകരും ഈ ആക്രമണങ്ങളെ മനുഷ്യരാശിക്കെതിരായ ക്രൂരകൃത്യം എന്ന് വിളിക്കുകയും അന്തർദ്ദേശീയ ക്രിമിനൽ കോടതിയോട് ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തു. അറബ് ലീഗ് ഐക്യരാഷ്ട്രസഭയിൽ കൊണ്ടുവന്ന ഒരു പ്രമേയത്തെ ജോർജ് ബുഷ് രണ്ടാമന്റെ നേതൃത്വത്തിലുള്ള യുഎസ് സാമ്രാജ്യത്വ ഭീകരന്മാർ തടയുകയും റോക്കറ്റാക്രമണത്തിന്റെ പേരിൽ ഹമാസിനെ കുറ്റപ്പെടുത്തുകയും ആക്രമണകാരിയെയും ഇരയെയും ഒരേനിലയിൽ അവതരിപ്പിക്കുകയും ചെയ്തു. ഇപ്പോൾ, സയണിസ്റ്റ് ഇസ്രായേൽ പാലസ്തീൻകാർക്ക് മുന്നിൽ ഒരു തുറന്ന ശത്രുവായി നിലകൊള്ളുകയും എല്ലാ അന്തർദ്ദേശീയ മാനദണ്ഡങ്ങളെയും ലംഘിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് കൊള്ളക്കാർക്ക് ജറുസലേമിനെ സമ്മാനിച്ചതും വഴി സാഹചര്യം കൂടുതൽ വഷളാവുകയാണ്.

യുഎസ് സാമ്രാജ്യത്വത്തിന്റെ
പങ്ക്‌വഞ്ചന നിറഞ്ഞതും
ആക്രമണോത്സുകവും

മുൻപ് സൂചിപ്പിച്ചതുപോലെ, ഇസ്രായേലിനെ ഒരു യഹൂദരാഷ്ട്രം എന്ന നിലയിൽ കണ്ടുകൊണ്ടാണ് യുഎസ് സാമ്രാജ്യത്വം പ്രവർത്തിക്കുന്നത്. ബ്രിട്ടീഷ്, ഫ്രഞ്ച്, സാമ്രാജ്യത്വത്തിന്റെ സ്വാധീനം കാലിടറിത്തുടങ്ങിയതോടെ യുഎസ് സാമ്രാജ്യത്വം അറബ് രാജ്യങ്ങൾക്കെതിരെ മദ്ധ്യകിഴക്കേഷ്യയിൽ സൈനിക രാഷ്ട്രീയ ശക്തികേന്ദ്രമായി ഇസ്രായേലിനെ ഉപയോഗിക്കാൻ തുടങ്ങി. ഈ അറബ് രാജ്യങ്ങളിൽ ചിലവ ദേശീയ സ്വാതന്ത്ര്യ സമരത്താൽ കലുഷിതമായിരുന്നു. ഇസ്രായേലിനെ ഇത്തരത്തിൽ ഉപയോഗിച്ചുവെന്നു മാത്രമല്ല, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ അറബ് രാജ്യങ്ങളെ തങ്ങളുടെ വാലാട്ടികളായി മാറ്റിയെടുക്കാനായി യുഎസ് സാമ്രാജ്യത്വം വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രവും സ്വീകരിച്ചു. ഈ അറബ് രാജ്യങ്ങളാവട്ടെ, സാധാരണ ജനങ്ങളുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത വിധേയത്വം ഉറപ്പുവരുത്തി അധികാരത്തിൽ തുടരുവാനായി പല രൂപത്തിലുള്ള ഇസ്ലാമിക് മതമൗലികവാദങ്ങളെ ഊതിക്കത്തിച്ചു. ചുരുക്കത്തിൽ പറഞ്ഞാൽ, ഇസ്രായേലിന്റെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്ന കൊള്ള സംഘസ്വഭാവവും, ചതിയും, ആദർശങ്ങളുടെയും മാനദണ്ഡങ്ങളുടെയും നിഷേധവുമെല്ലാം അതിന്റെ പ്രയോക്താവും മാർഗ്ഗദർശിയുമായ യുഎസ് സാമ്രാജ്യത്വത്തിന്റെ തനിപ്പകർപ്പെന്ന നിലയിലാണ് നാം കാണുന്നത്.
ലോകമെമ്പാടും, മദ്ധ്യകിഴക്കേഷ്യയിലടക്കം, സമാധാനവും ജനാധിപത്യവും സംരക്ഷിക്കാനെന്ന പേരിൽ വൻ തോതിലുള്ള ചാരപ്രവർത്തങ്ങൾ സംഘടിപ്പിക്കുകയും വിവിധ രാജ്യങ്ങളിൽ തങ്ങളുടെ പാവ ഗവൺമെന്റുകളെ അവരോധിക്കാനായി യുഎസ് സാമ്രാജ്യത്വം നിരവധി പട്ടാള അട്ടിമറികൾ ആസുത്രണം ചെയ്യുകയുമുണ്ടായി. ഏതെങ്കിലും രാജ്യത്ത് ഭരിക്കുന്ന കക്ഷി അവരുടെ തിട്ടൂരങ്ങൾക്ക് വഴങ്ങാതിരുന്നാൽ അവിടെ ഒരു ഭരണമാറ്റം കൊണ്ടുവരാനായി ചാരസംവിധാനത്തെ പ്രവർത്തനക്ഷമമാക്കുകയോ കപടന്യായങ്ങൾ നിരത്തിക്കൊണ്ട് ഭരണമാറ്റത്തിന് വേണ്ടി വലിയവായിൽ വാദിക്കുകയോ ചെയ്യും. ഗൂഢാലോചനയിലൂടെ ഒരിക്കൽ ഇറാനിലെ കക്ഷിഭരണത്തിൽ മാറ്റം കൊണ്ടുവന്നു. പക്ഷേ ഇറാൻ അവരിൽ നിന്ന് മാറിയകന്നപ്പോൾ നിയമവിരുദ്ധമായ, മനുഷ്യത്വരഹിതമായ ഉപരോധമാണ് അവർക്ക് മേൽ ഏർപ്പെടുത്തിയത്. ഇറാക്കി പ്രസിഡന്റ് സദ്ദാം ഹുസൈനെതിരെ ‘കൂട്ട നശീകരണ ആയുധം’ ഉപയോഗിക്കുന്നുവെന്ന് കപടവാദം ഉയർത്തി. ഈ ആരോപണം അമ്പേ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞുവെങ്കിലും പക്ഷേ, അതിന്റെ പേരിൽ ഇറാക്കിനെ തവിടുപൊടിയാക്കുകയും സദ്ദാമിനെ കൊല്ലുകയും അവിടെ ഒരു പാവഗവൺമെന്റിനെ സ്ഥാപിക്കുകയും ആ അറബ് രാജ്യത്ത് നിലവിലുണ്ടായിരുന്ന അപൂർവ്വ മതേതരാന്തരീക്ഷം തകർക്കുകയും ചെയ്തു. അറബ് ലോകത്ത് ഷിയ-സുന്നി വിള്ളൽ ഊതിപ്പൊക്കുകയും അതുവഴി സഹോദരഹത്യാപരമായ സംഘട്ടനങ്ങൾ ജ്വലിപ്പിക്കുകയും ചെയ്തത് യുഎസ് സാമ്രാജ്യത്വമാണ്. ഏറ്റവും കൊടിയ ഇസ്ലാമിക മൗലികവാദശക്തികളായ ഐ.എസ്, താലിബാൻ, അൽഖൈ്വദ തുടങ്ങിയവയെപ്പോലുള്ളവരെ സൃഷ്ടിക്കുകയും സഹായിക്കുകയും ചെയ്തതും യുഎസ് സാമ്രാജ്യത്വമാണ്. അതിന് ശേഷം ഭീകരവാദപ്രവർത്തനത്തെ തടയാനുള്ള മുൻകൂർ ആക്രമണം എന്നുപറഞ്ഞുകൊണ്ട് അഫ്ഗാനിസ്ഥാനെയും മറ്റ് അറബ് രാജ്യങ്ങളെയും ആക്രമിച്ചു നിലം പരിശാക്കി. വിവിധ രാജ്യങ്ങളിൽ രാസായുധങ്ങൾ തുടർച്ചയായി പ്രയോഗിക്കുകയും വിയറ്റ്‌നാമിൽ ഏജന്റ് ഓറഞ്ചും നാപ്പാം ബോംബും, ഇറാക്കിൽ ഡിപ്ലീറ്റഡ് യുറേനിയം തുടങ്ങിയ പ്രയോഗിക്കുകയും ചെയ്തത് യു.എസ്.സാമ്രാജ്യത്വമാണെന്ന് ലോകത്തിനറിയാം. സിറിയയിൽ അവർ ആസാദ് ഗവൺമെന്റിനെ പുറത്താക്കാൻ വേണ്ടി ഒരു റിബൽ സേനയെ സൃഷ്ടിക്കുകയും പരിശീലിപ്പിക്കുകയും സാമ്പത്തികം നൽകുകയും ആക്രമണം നടത്തിക്കുകയും ചെയ്തു. അതുവഴി വർഷങ്ങളായി തുടരുന്ന യുദ്ധത്തിലേക്ക് ആ രാജ്യം വലിച്ചിഴക്കപ്പെടുകയും ഏറ്റവും വഷളായ മനുഷ്യദുരന്തപ്രതിസന്ധികൾക്ക് വഴിവെക്കുകയും ചെയ്തു. ‘ഗൺബോട്ട്’ നയതന്ത്രത്തിന്റെയും യുഎസിനെ എതിർക്കുന്ന ‘തെമ്മാടി’ രാഷ്ട്രങ്ങളെ നശിപ്പിക്കുന്നതിന്റെയും പട്ടിക രണ്ടാം ലോകമഹായുദ്ധാനന്തരം അന്തമില്ലാതെ തുടരുകയാണ്.
ഇങ്ങനെയെല്ലാം മദ്ധ്യകിഴക്കേഷ്യയടക്കമുളള ലോകമെമ്പാടും യുഎസ് സാമ്രാജ്യത്വം പ്രാദേശിക, ഭാഗിക യുദ്ധങ്ങൾ കുത്തിപ്പൊക്കുകയും യുദ്ധഭ്രാന്തിനാൽ അന്തരീക്ഷം കലുഷിതമാക്കുകയും ജനങ്ങളെ ജനങ്ങൾക്കെതിരെ ഇളക്കിവിടുകയും ചതിനിറഞ്ഞ ഗൂഢാലോചനകൾ നടത്തുകയും കൂട്ടക്കുരുതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും മനുഷ്യരാശിയുടെ മേൽ മാപ്പർഹിക്കാത്ത ക്രൂരകുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്തു. അവരുടെ സാമ്രാജ്യത്വ ലക്ഷ്യങ്ങൾക്കനുസൃതമായി അവർ ലോകത്തിന്റെ അന്തരീക്ഷമാകെ നിസ്സഹായരും നിരപരാധികളുമായ മനുഷ്യരുടെ ദീനരോദനങ്ങൾ കൊണ്ട് നിറച്ചു. സമാധാനത്തിനും ജനാധിപത്യത്തിനും മനുഷ്യരാശിക്കാകെയും നിരന്തരമായ ഭീഷണി സൃഷ്ടിക്കുന്ന വിധത്തിൽ പ്രവർത്തിച്ചുകൊണ്ടാണ് യു.എസ്. സാമ്രാജ്യത്തം നേതൃത്വം നൽകുന്ന സാമ്രാജ്യത്ത ശക്തികളും അവരുടെ ഏറ്റവും വിശ്വസ്തരായ പിണിയാളെന്ന നിലയിൽ സയണിസ്റ്റ് ഇസ്രായേലും ചേർന്ന് മദ്ധ്യകിഴക്കേഷ്യയെ സാമ്രാജ്യത്ത കുതന്ത്രങ്ങളുടെയും ആഭ്യന്തര കലഹങ്ങളുടെയും അറബ് രാജ്യങ്ങൾ തമ്മിൽ തമ്മിലും ആഭ്യന്തരവുമായുള്ള മതമൗലികവാദങ്ങളുടെ പ്രഭവ കേന്ദ്രമാക്കി മാറ്റി. ഇസ്രായേലിനെ പാലസ്തീൻ ജനതക്കെതിരെ തിരിക്കാനായി യു.എസ്.സാമ്രാജ്യത്തഭരണാധികാരികൾ തന്നെ ചരടുവലിച്ചു. പക്ഷേ ഇസ്രായേലി അധിനിവേശത്തിനെതിരെ വളർന്നുവരുന്ന ലോകാഭിപ്രായത്തെ അവഗണിക്കാനാവാതെ ഇസ്രായേലിനും പാലസ്തീനുമിടയിൽ ‘ദ്വിരാഷ്ട്ര’ പരിഹാരത്തിനുവേണ്ടിയെന്നു പറഞ്ഞ് ഒരിക്കലും അവസാനിക്കാത്ത സമാധാന ചർച്ചകളുടെ സത്യസന്ധനായ ഇടനിലക്കാരനായി അവർ അഭിനയിക്കുകയാണ്. 1993-ലെ ഓസ്ലോ സമാധാന കരാർ ഒപ്പുവയ്ക്കാൻ നിർബന്ധിക്കപ്പെട്ടതിന് ശേഷം പാലസ്തീനോട് ഒരു പ്രത്യേക രാഷ്ട്രം വാഗ്ദാനം ചെയ്തത് യുഎസ് തന്നെയായിരുന്നു. ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ ഔപചാരികമായി അംഗീകരിക്കുന്നതിൽ നിന്നും യുഎസ് സാമ്രാജ്യത്തം വിട്ടുനിൽക്കുകയും ചെയ്തു. പക്ഷേ യുഎസ് സാമ്രാജ്യത്തത്തിന്റെ, യുഎസ് അധികാരത്തിന്റെ അകത്തളങ്ങളിലെ അതിശക്തരായ യഹൂദലോബിയുടെയും വീക്ഷണവും സമീപനവുമെന്തെന്ന് 1995ൽ ഇസ്രായേൽ പദ്ധതിപ്രകാരം, യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് അനുകൂലമായി യുഎസ് കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തതോടെ വ്യക്തമായി. അങ്ങനെ നീണ്ടനാളുകൾക്കൊടുവിൽ തങ്ങളുടെ അജണ്ട നടത്തിയെടുക്കാനും പാലസ്തീനികളുടെ ശവപ്പെട്ടിയിൽ അവസാന ആണിയടിക്കാനുള്ള തങ്ങളുടെ ഇച്ഛയ്‌ക്കൊത്തുചേരുന്ന ഒരു സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപിനെ കണ്ടെത്തി. പക്ഷേ അമേരിക്കൻ ജനത അവരുടെ പ്രസിഡന്റിന്റെ ഏകപക്ഷീയവും അങ്ങേയറ്റം എതിർക്കപ്പെടേണ്ടതുമായ തീരുമാനത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധിക്കുകയാണെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, ഇത്തരത്തിലുള്ള അപകടകരവും നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ നടപടി സ്വീകരിക്കുന്നതിനെതിരെ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിലെയും ഡിഫൻസ് ഡിപ്പാർട്ടുമെന്റിലെയും ചില പ്രധാനപ്പെട്ട ഉന്നതോദ്യോഗസ്ഥന്മാർ ട്രംപിന് മുന്നറിയിപ്പ് നൽകിയതായും വാർത്തകളുണ്ട്. കൂടാതെ യു.എസ് എംബസി ടെൽ അവീവിൽ നിന്നും ജറുസലേമിലേക്ക് മാറ്റുന്നത് ആറുമാസത്തേക്ക് മാറ്റിവച്ചുകൊണ്ടുള്ള ഒരു ഉത്തരവിൽ ട്രംപ് തന്നെ ഒപ്പുവയ്ച്ചതായാണ് ഒരു നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഉദ്യോഗസ്ഥൻ അറിയിച്ചത്. എന്തൊക്കെ ആയാലും ട്രംപിന്റെ യുദ്ധോന്മുഖമായ നീക്കത്തിന് അപലപനമല്ലാതെ മറ്റൊന്നും നേടാനാവില്ല.

ഇന്ത്യ യുഎസ്
സാമ്രാജ്യത്വത്തോടും സയണിസ്റ്റ് ഇസ്രായേലിനോടും
പക്ഷം ചേരുന്നു

ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ഇന്ത്യയുടെ പ്രതികരണം ചാഞ്ചല്യമുള്ളതാണ്. പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യരാജ്യങ്ങളിലൊന്നായ ഇന്ത്യ, ജറുസലേമിനെയും പാലസ്തീനെയും സമ്പൂർണ്ണമായി പിടിച്ചെടുത്ത് ഇസ്രായേലിനോട് കൂട്ടിച്ചേർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചതിയന്മാരായ യുഎസ് സാമ്രാജ്യത്തത്തിന്റെയും സയണിസ്റ്റ് ഇസ്രായേലി ഭരണാധികാരികളുടെയും അങ്ങേയറ്റം ഹീനമായ പദ്ധതിയെ അപലപിക്കുന്ന കാര്യത്തിൽ ഒട്ടും ഗൗരവ സമീപനമല്ല സ്വീകരിച്ചത് എന്നത് പ്രകടമാണ്. വിദേശകാര്യമന്ത്രാലയം വളരെ ലാഘവത്തിലുള്ള, തന്ത്രപരമായി ഒഴിഞ്ഞുമാറുന്ന ഒരു പ്രസ്താവനയാണ് പുറപ്പെടുവിച്ചത്. അതിപ്രകാരമാണ്: ”പാലസ്തീനെ സംബന്ധിച്ച ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും സ്ഥിരസ്വഭാവത്തിലുളളതുമാണ്. നമ്മുടെ കാഴ്ചപ്പാടും താല്പര്യങ്ങളുംകൊണ്ട് രൂപപ്പെട്ടതാണത്. മൂന്നാമതൊരു രാജ്യവും നിശ്ചയിക്കുന്നതല്ല അത്.” പാലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായിരുന്നു കിഴക്കൻ ജറുസലേമെന്നും. ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നുള്ള ഇന്ത്യയുടെ സ്ഥിരനിലപാടിനെ സംബന്ധിച്ച് ഒരു പരാമർശവും ഇതിലില്ല. ഈ രാജ്യത്ത് മാറിമാറി വരുന്ന ബൂർഷ്വാ കക്ഷികൾ നേതൃത്വം നൽകുന്ന ഗവൺമെന്റുകൾ അറബ് രാജ്യങ്ങളുമായി പ്രകടമായ സൗഹൃദം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ടെന്നുള്ളത് കാണാതെ പൊയ്ക്കൂട. ഒരു വമ്പൻ സാമ്രാജ്യത്ത ശക്തിയാവാൻ ആഗ്രഹിക്കുന്ന, പടിഞ്ഞാറൻ ഏഷ്യയിൽ താല്പര്യങ്ങളുള്ള, ഇന്ത്യൻ കുത്തക മുതലാളിത്തത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങളും എണ്ണയെ സംബന്ധിച്ച താല്പര്യങ്ങളും മുൻനിർത്തിയാണ്, ആ സൗഹൃദം നിലനിന്നതെന്നത് വ്യക്തമാണ്. എന്നിരുന്നാലും സമീപകാലത്തായി, ഇന്ത്യാ ഗവൺമെന്റ് ഫാഷിസ്റ്റ് ശക്തികളായ യുഎസ് സാമ്രാജ്യത്തവുമായും സയണിസ്റ്റ് ഇസ്രായേലുമായും സ്‌നേഹസല്ലാപവും എന്തിന് സൈനിക സഖ്യങ്ങളും വരെ പ്രകടമായി ആരംഭിച്ചിരിക്കുന്നു. ആ സാഹചര്യമായിരിക്കണം ഇന്ത്യൻ കുത്തകകളെയും അവരുടെ കാര്യസ്ഥന്മാരായ ഗവൺമെന്റുകളെയും, യുഎസ് സാമ്രാജ്യത്തത്തിന്റെ ഇത്രയും നികൃഷ്ടമായ ഒരു നീക്കത്തിനെതിരെ ഒരു ഉറച്ച നിലപാട് സ്വീകരിക്കുന്നതിൽ നിന്നും തടഞ്ഞത്. പക്ഷേ, അതുവഴി ഇന്ത്യൻ ജനതയുടെ ശക്തമായ സാമ്രാജ്യത്ത വിരുദ്ധ പാരമ്പര്യത്തെ കൈയൊഴിയുകയും അപമാനിക്കുയുമാണ് അവർ ചെയ്തിരിക്കുന്നത്. ഭരിക്കുന്ന കുത്തകകളുടെ ആഗ്രഹപ്രകാരം ഇന്ത്യാ ഗവൺമെന്റിന്റെ യുഎസ്-ഇസ്രായേൽ അനുകൂല നിലപാടിന്റെ പക്ഷത്തേക്ക് ജനാഭിപ്രായത്തെ സ്വാധീനിക്കാനായി കോളമെഴുത്തുകാരും രാഷ്ട്രീയ വിശകലനം നടത്തുന്നവരും ശ്രമിക്കുന്നുണ്ട്. യുഎസിലെയൊ ഇസ്രായേലിലേയൊ ഭരണാധികാരികൾ മിനിമം മാനുഷിക മൂല്യങ്ങളോ സംസ്‌കാരമോ നീതിയോ പാലിക്കുന്നുണ്ടോ എന്നവർ തരിമ്പും പരിഗണിക്കുന്നില്ല.

ശക്തമായ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭണം അനിവാര്യം

ഏറ്റവും കടുത്ത യുദ്ധവെറിയന്മാരായ യുഎസ് സാമ്രാജ്യത്വം, സയണിസ്റ്റ് ഇസ്രായേലിന് ജറുസലേം ഏകപക്ഷീയമായി വിട്ടുകൊടുത്ത സമീപകാല നടപടി, യുഎസ് സാമ്രാജ്യത്വം നേതൃത്വം നൽകുന്ന സാമ്രാജ്യത്ത ശക്തികളുടെ ലോകവ്യാപകമായ അജണ്ടയുടെ ഭാഗമാണ്. തങ്ങൾക്ക് നേട്ടമുണ്ടാക്കാനും രാഷ്ട്രീയ-സാമ്പത്തിക-സൈനിക മേധാവിത്വം നിലനിർത്താനുമായി യുദ്ധവും കൊലപാതകങ്ങളും ഗൂഢാലോചനയും ചതിപ്രയോഗങ്ങളുമെല്ലാം നടത്തുകയെന്ന അജണ്ട. പാലസ്തീൻ അടക്കമുള്ള അറബ് രാജ്യങ്ങൾ പ്രശ്‌നത്തെ ഈ വെളിച്ചത്തിൽ കാണണം. അത്തരമൊരു പ്രശ്‌നം, ലോകമെമ്പാടും ഉയർന്നുവരേണ്ടുന്ന ശക്തമായ, വീറുറ്റ സാമ്രാജ്യത്ത വിരുദ്ധ പ്രക്ഷോഭണത്തിന്റെ വേലിയേറ്റത്തിലൂടെയല്ലാതെ പരിഹരിക്കാനാവില്ല. ജറുസലേമിനെ ഇസ്രായേലിന്റെ ഭാഗമായി എന്നെന്നേക്കുമായി കൂട്ടിച്ചേർക്കുന്നത് ത്വരിതപ്പെടുത്താനുള്ള തീരുമാനത്തെ ഒന്നാകെ തിരുത്തണമെന്നതാണ്, അറബ് രാജ്യങ്ങളടക്കം ലോകമെങ്ങുമുള്ള നേരായി ചിന്തിക്കുന്ന ഏതൊരാളും അതിശക്തമായി ഉയർത്തേണ്ട ഡിമാന്റ്.

ധിക്കാരത്തോടെയുള്ള ഈ നീക്കം ഇവിടെ ഒതുങ്ങില്ല. ഇതിന്റെ തുടർച്ചയെന്ന നിലയിൽ, തങ്ങളുടെ മാതൃരാജ്യത്തിന് വേണ്ടിയുള്ള പാലസ്തീനികളുടെ നെടുനാളായുള്ളതും ന്യായയുക്തമായതുമായ സ്വപ്‌നത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കപ്പെടും. ഒരു പ്രത്യേക സ്വതന്ത്ര പരമാധികാര പാലസ്തീൻ രാഷ്ട്രത്തിന് വേണ്ടിയും കുടിയൊഴിപ്പിക്കപ്പെട്ട പാലസ്തീനികളുടെ തിരിച്ചുവരവും പുനരധിവാസവും ഉറപ്പുവരുത്താനും അവരുടെ വിലപ്പെട്ട ജറുസലേം നഗരത്തിന്റെ പ്രത്യേക പദവി നിലനിർത്താനും വേണ്ടിയുള്ള പാലസ്തീനികളുടെ ന്യായമായ ആവശ്യം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രക്ഷോഭണങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ ഈ പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം കണ്ടെത്താൻ കഴിയു. പാലസ്തീൻ ജനതയുടെ ആവശ്യങ്ങൾ ഏറ്റവും മിനിമമാണെന്ന് ഏതൊരു പരിഷ്‌കൃതജനതയും, സ്വാതന്ത്ര്യവും സമാധാനവും കാംക്ഷിക്കുന്ന, നേരായി ചിന്തിക്കുന്ന ഏതൊരാളും സമ്മതിക്കും. അതിനാൽ, പാലസ്തീൻ ജനതയുടെ ന്യായമായ ഡിമാന്റിനെ അസന്നിഗ്ദ്ധമായി പിന്തുണയ്ക്കണമെന്നും യുഎസ് സാമ്രാജ്യത്വത്തിന്റെയും സയണിസ്റ്റ് ഇസ്രായേലിന്റെയും സാമ്രാജ്യത്വ പദ്ധതിയ്‌ക്കെതിരെ ഒന്നിക്കണമെന്നും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

Share this post

scroll to top