നാലു വർഷ ബിരുദ പരിഷ്കരണം ഉന്നത വിദ്യാഭ്യാസമേഖലയെ ആട്ടിമറിക്കുമെന്ന് പ്രൊഫ നവനീത് ശർമ്മ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചർ സെന്ററും ആൾ ഇന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റിയും (AISEC) സംയുക്തമായി എറണാകുളത്ത് സംഘടിപ്പിച്ച ‘നാലുവർഷ ബിരുദപരിപാടി: ആശയും ആശങ്കയും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹിമാചൽപ്രദേശ് കേന്ദ്ര സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യൂക്കേഷനിലെ പ്രൊഫസറും കർണാടക സംസ്ഥാന വിദ്യാഭ്യാസ നയരൂപീകരണ സമിതിയിലെ പ്രത്യേക ക്ഷണിതാവുമായ പ്രൊഫ.നവനീത് ശർമ്മ.
മൾട്ടിപ്പിൾ എൻട്രി ആൻഡ് എക്സിറ്റ് പോയിന്റുകൾ വഴി അരാജകത്വം വിളിച്ചുവരുത്തുന്ന പരിഷ്കാരമാണിത്. കേന്ദ്ര സർക്കാർ
ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ലക്ഷ്യംവെച്ചു കൊണ്ടുവന്ന നാലുവർഷ ഡിഗ്രി പദ്ധതി, യാതൊരു എതിർപ്പുമില്ലാതെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്നത് എന്തു കൊണ്ടെന്ന് മനസിലാകുന്നില്ലെന്നും മികച്ച ഉന്നത വിദ്യാഭ്യാസഅടിസ്ഥാനമുള്ള കേരളത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ അനിൽ സി. ഫിലിപ്പ് സിഎംഐ മോഡറേറ്റർ ആയി. സേവ് എഡ്യൂക്കേഷൻ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് എം ഷാജർഖാൻ, തേവര എസ് എച്ച് കോളേജ് ബോട്ടണി വിഭാഗം മുൻ തലവനും ആൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ഡോ.ജോർജ് ജോസഫ്, സംസ്ഥാന സെക്രട്ടറി അഡ്വ. ഇ.എൻ. ശാന്തിരാജ് എന്നിവർ സംസാരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എസ്.ഹരികുമാർ, നിഖിൽ സജി തോമസ് എന്നിവർ യഥാക്രമം സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.
നാലു വർഷ ബിരുദത്തെക്കുറിച്ച് ഒക്ടോബർ 11 ന് കോഴിക്കോട് നടന്ന സെമിനാറിൽ ഡോ.എം.ജ്യോതിരാജ് മോഡറേറ്റർ ആയി. പ്രൊഫ.നവനീത് ശർമ്മ വിഷയാവതരണം നടത്തി. എം. ഷാജർഖാൻ, ഡോ.ശ്രീകുമാരൻ, ഡോ.എസ്.അലീന, സി.ഷീബ എന്നിവർ സംസാരിച്ചു.