സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ ദുർബ്ബലമാകുന്നതിനനു സരിച്ച് രാജ്യത്തെ വയോജനങ്ങളുടെ ജീവിതം അതീവ ദുരിത പൂർണ്ണമായിരിക്കുന്നതിനാൽ വയോജന സൗഹൃദാന്തരീക്ഷം സമൂഹത്തിൽ ശക്തമാക്കണമെന്നും സർക്കാരുകളുടെ നയങ്ങൾ വയോജന സൗഹൃദപരമാകണമെന്നും കോട്ടയം വയസ്കര വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന വയോജന സൗഹൃദ സംഗമം ആവശ്യപ്പെട്ടു.
സാമൂഹ്യ സുരക്ഷ പെൻഷൻ വർദ്ധിപ്പിക്കുകയും വയോജന സൗഹൃദം ക്ലബ്ബുകൾ സ്ഥാപിക്കുകയും സർക്കാർ ആശുപത്രികളിൽ ഗുണമേന്മയുള്ള ചികിത്സ സൗജന്യമായി ഉറപ്പാക്കുകയും ചെയ്യുന്നതിനോടൊപ്പം വാർദ്ധക്യകാലത്ത് സ്വസ്ഥമായ ജീവിതം നയിക്കാൻ കഴിയത്തക്ക വിധത്തിൽ സമൂഹത്തെ പരിശീലിപ്പിക്കുവാൻ വേണ്ട നടപടികളും കൈക്കൊള്ളണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും സൈക്യാട്രിസ്റ്റുമായ ഡോ.വർഗീസ് പുന്നൂസ് സംഗമം ഉദ്ഘാടനം ചെയ്തു. എൻ. വേണുഗോപാലൻ, കെ.കെ.രാഘവൻ, ജോർജ് മുല്ലക്കര, മിനി കെ. ഫിലിപ്പ്, എൻ.കെ.ബിജു, ശശിക്കുട്ടൻ വാകത്താനം, പ്രൊഫസർ പി.എൻ.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.