വ്യാജ സിദ്ധാന്തങ്ങളും കപടനാട്യങ്ങളും കൊണ്ട് ജനങ്ങളെ കബളിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ബിജെപി

406110211_773446158163006_4756603232278021214_n.jpeg
Share

ഇന്ത്യ യഥാർത്ഥ സ്വാതന്ത്ര്യം നേടിയത് രാമക്ഷേത്രം ദർശനത്തിനായി തുറന്ന 2024 ജനുവരി 22നായിരുന്നുവെന്ന് ഒന്നാം വാർഷിക വേളയിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ഇൻഡോറിൽ നടന്ന ചടങ്ങിൽ അഭിപ്രായപ്പെട്ടു. ഇനിമുതൽ ‘പ്രതിഷ്ഠാ ദ്വാദശി’ എന്ന പേരിൽ ആ ദിവസം ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘വൈകുണ്ഠ ഏകാദശി’, ‘വൈകുണ്ഠ ദ്വാദശി’ എന്നൊക്കെ പറയുന്നതുപോലെ ഇത് ‘പ്രതിഷ്ഠാ ദ്വാദശി’ എന്ന പേരിൽ ആഘോഷിക്കണം.
രാമക്ഷേത്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടന്ന 1980കളിൽ, ‘ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ അവഗണിച്ച് രാമക്ഷേത്ര വിഷയം ഉന്നയിക്കുന്നതെന്താണ് ’എന്ന് ചിലർ അദ്ദേഹത്തോട് ‘നല്ലൊരു ചോദ്യം’ ചോദിച്ചത്രേ. ‘ജീവിത പ്രശ്നങ്ങളുടെ പരിഹാരത്തിന് ഇന്ത്യ അവലംബിക്കേണ്ട പാത രാമക്ഷേത്രത്തിന്റെ നടയിലൂടെയാണെന്ന്’ മറുപടി നൽകിയതായും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഇത് മനസ്സിൽ സൂക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു.
ഇവിടെ ഒരു ചോദ്യം പ്രധാനമാണ്. 1947ൽ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെങ്കിൽ ഇന്ത്യയുടെ പരമാധികാരം രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നെങ്ങനെ പറയാൻ കഴിയും? എന്നാൽ യഥാർത്ഥ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ ആർഎസ്‌എസ് മേധാവിക്ക് ബാധ്യതയില്ലല്ലോ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഫലമായി ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെങ്കിൽ ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപി എന്തിനാണ് സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാർഷികം ‘സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം’ എന്ന പേരിൽ ആഘോഷിച്ചത് എന്നൊരാൾ ചോദിച്ചാൽ അദ്ദേഹത്തിന് ഇഷ്ടപ്പെടണമെന്നില്ല. രണ്ടുവർഷംമുമ്പ് വലിയൊരു മാമാങ്കമായിട്ടാണ് ഈ ആഘോഷം സംഘടിപ്പിച്ചതെന്നോർക്കുമല്ലോ.


ഇന്ത്യൻ സ്വാതന്ത്ര്യസമരം പിന്തിരിപ്പനെന്നാണ് ആർഎസ്എസ് വിശേഷിപ്പിക്കുന്നത്


ആർഎസ്എസും അവരോടൊപ്പമുള്ള ഹിന്ദുമഹാസഭയും സ്വാതന്ത്ര്യസമരത്തെ ശക്തമായി എതിർക്കുകയും അതിൽ പങ്കെടുക്കാതെ മാറിനിൽക്കുകയും ചെയ്തു എന്നകാര്യം ആർക്കാണ് അറിയാത്തത്. അതുമാത്രമല്ല, അവർ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ പിന്തുണയ്ക്കുകയും സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താൻ സഹായിക്കുകയും ചെയ്തു. ഇതേക്കുറിച്ച് ആർഎസ്എസ് സൈദ്ധാന്തികൻ എം.എസ്.ഗോൾവാള്‍ക്കർപറഞ്ഞത് ഇങ്ങനെയാണ്. “ബ്രിട്ടീഷ് പ്രവിശ്യയുമായി ബന്ധപ്പെട്ട പ്രാദേശികമായ ദേശീയതാ സങ്കൽപ്പത്തിന്റെയും പൊതുശത്രു എന്ന കാഴ്ചപ്പാടിന്റെയുമൊക്കെ അടിസ്ഥാനത്തിലുള്ള രാഷ്ട്രസങ്കൽപ്പം നമുക്ക് നിഷേധിച്ചത് യഥാർത്ഥ ഹിന്ദുദേശീയതയുടെ സക്രിയവും പ്രചോദനാത്മകവുമായ ഉള്ളടക്കമാണ്. ഇത് സ്വാതന്ത്ര്യത്തിനായി നടന്ന പല സമരങ്ങളെയും ഫലത്തിൽ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളാക്കിക്കളഞ്ഞു. ബ്രിട്ടീഷ് വിരുദ്ധതയെ ദേശസ്നേഹവും ദേശീയതയുമായി സമീകരിച്ചു. സ്വാതന്ത്ര്യസമരത്തിലാകെയും അതിന്റെ നേതാക്കളിലും സാധാരണജനങ്ങളിലും ഈ പ്രതിലോമകരമായ വീക്ഷണം വിനാശകരമായ ഫലമാണുളവാക്കിയത്. ഹിന്ദുവംശത്തെയും ഹിന്ദുരാഷ്ട്രത്തെയും മഹത്വവൽക്കരിക്കാൻ അഭിലഷിക്കുന്ന ദേശസ്നേഹികൾ മാത്രമാണ് ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാനായി പ്രയത്നിച്ചത്. അല്ലാത്തവരെല്ലാം ദേശീയ ധർമ്മത്തെ വഞ്ചിച്ചവരോ അതിന്റെ ശത്രുക്കളോ ആണ്”. (വീ ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്).
ബ്രിട്ടീഷുകാർ ജയിലിലടച്ച സ്വാതന്ത്ര്യസമരസേനാനികളെ ആർഎസ്എസ് സ്ഥാപകാംഗമായ കെ.ബി.ഹെഗ്ഡേവാർ ഇങ്ങനെ പരിഹസിച്ചു. “ജയിലിൽ പോകുന്നതുമാത്രമല്ല, ദേശസ്നേഹം. ഉപരിപ്ലവമായ ഇത്തരം ദേശസ്നേഹത്താൽ സ്വാധീനിക്കപ്പെടുന്നത് ശരിയല്ല.” (ഹെഗ്ഡേവാർ, സുരുചി, 1994, പേജ് 21). ഇത് അൽപംകൂടെ വിശദീകരിച്ചുകൊണ്ട് പരിഹാസരൂപത്തിൽത്തന്നെ ഗോൾവാള്‍ക്കറും പറയുന്നു. “രക്തസാക്ഷിത്വം വരിക്കുന്നവർ വീരനായകർതന്നെ എന്നതിൽ സംശയമില്ല…വിധിക്ക് കീഴടങ്ങുന്നവരും ഭയത്തിലും നിഷ്ക്രിയത്വത്തിലും കഴിയുന്നവരുമായ ശരാശരിക്കാരെക്കാൾ അവർ വളരെ മുകളിൽത്തന്നെ. ഇങ്ങനെയൊക്കെയാണെങ്കിലും ഇവരെ നമ്മുടെ സമൂഹത്തിന് മാതൃകയായി ഉയർത്തിക്കാണിക്കാനാവില്ല. മനുഷ്യർക്ക് അഭിലഷിക്കാവുന്ന മഹത്വത്തിന്റെ പരമകോടിയാണ് ഈ രക്തസാക്ഷിത്വം എന്ന് നമുക്ക് കരുതാനാവില്ല. എന്തുകൊണ്ടെന്നാൽ അവരുടെ ആദർശം സാക്ഷാത്ക്കരിക്കുന്നതിൽ അവർ പരാജയപ്പെട്ടിരിക്കുന്നു. ആ പരാജയമാകട്ടെ, അവരുടെതന്നെ ഗുരുതരമായ ന്യൂനതകളുടെ ഫലവുമാണ്”(ബഞ്ച് ഓഫ് തോട്ട്സ്).
ആർഎസ്എസ്-ഹിന്ദുമഹാസഭ നേതാക്കൾ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുന്നതിനുവേണ്ടി പരസ്യമായി വാദിക്കുന്നു. ഗോൾവാൾക്കർ പറയുന്നു: “ഹിന്ദുക്കൾ സ്വയം ഒരു രാഷ്ട്രമോ, ദേശീയതയോ ആണ്. ബോധമുള്ള ആർക്കും ഇത് ചോദ്യം ചെയ്യാനാകില്ല. നമ്മുടെ രാഷ്ട്രം എന്നത് ഭൂരിപക്ഷത്തിന്റെ കാര്യം മാറ്റിനിർത്തിയാലും ഹിന്ദുരാഷ്ട്രം തന്നെയാണ്. മറ്റൊന്നല്ല(അതേ കൃതി). ഇന്ത്യയുടെ സ്വത്വം നിർവചിക്കാനുള്ള ശ്രമത്തിൽ മോഹൻ ഭഗവത് പറയുന്നു: “എന്താണ് നമ്മുടെ സ്വം അഥവാ സ്വത്വം? ശ്രീരാമനും ശ്രീകൃഷ്ണനും ശിവനുമൊന്നും ദൈവങ്ങൾ മാത്രമല്ല, സനാതന ധർമ്മത്തിന്റെ സത്ത നിർണയിക്കുന്ന ചില നാഗരിക മൂല്യങ്ങളുടെ ബിംബങ്ങൾ കൂടിയാണ്.” കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി ആർഎസ്എസ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഹിന്ദു സാംസ്കാരിക ദേശീയതയുടെ പ്രത്യയശാസ്ത്ര ചട്ടക്കൂടിനിണങ്ങുന്ന ആശയമാണിത്.


ആർഎസ്എസും ഹിന്ദുമഹാസഭയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ എതിർത്തു


ആർഎസ്എസും ഹിന്ദുമഹാസഭയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അംഗീകരിച്ചില്ല എന്നുമാത്രമല്ല, ശക്തമായി എതിർക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്വഭരണത്തെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. “ഇന്ത്യൻ സ്വാതന്ത്ര്യസമരം ഫലത്തിൽ ബ്രിട്ടീഷ് വിരുദ്ധ സമരമായിരുന്നു. ബ്രിട്ടീഷ് വിരുദ്ധതയെ ദേശസ്നേഹവും ദേശീയതയുമായി സമീകരിക്കുകയാണ് ഉണ്ടായത്” എന്നായിരുന്നു അവരുെട കാഴ്ചപ്പാട്. ആർഎസ്എസിന്റെയും ബിജെപിയുടെയുമൊക്കെ പ്രത്യയശാസ്ത്രത്തിന്റെ അകക്കാമ്പായ ഹിന്ദുത്വം എന്ന ആശയം ആദ്യം അവതരിപ്പിക്കുന്നത് ഹിന്ദുമഹാസഭയുടെ നേതാവായിരുന്ന വി.ഡി.സവർക്കറാണ്. ഒരു മറാത്തക്കാരൻ എന്ന പേരുവച്ച് 1923ൽ അദ്ദേഹം എഴുതിയ ‘എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ’ അഥവാ ഹിന്ദുത്വത്തിന്റെ സാരാംശം എന്ന കൃതിയിൽ പറയുന്നത്, ഇന്ത്യയെ പിതൃഭൂമിയും പുണ്യഭൂമിയുമായി കാണുന്നവരുടേതുമാത്രമാണ് ഇന്ത്യ എന്നത്രെ. “നമ്മുടെ രാജ്യത്തുള്ള മുഹമ്മദന്മാരെയോ കൃസ്ത്യാനികളെയോ ഹിന്ദുക്കളായി കരുതാനാവില്ല. കാരണം ഇന്ത്യ അവരുടെ പിതൃഭൂമിയോ പുണ്യഭൂമിയോ അല്ല. അവരുടെ പുണ്യഭൂമി വളരെ അകലെ അറേബ്യയിലോ പലസ്തീനിലോ ആണ്,” എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.


1937ൽ അഹമ്മദാബാദിൽ നടന്ന ഹിന്ദുമഹാസഭയുടെ 19-ാം ദേശീയ സമ്മേളനത്തിൽ സവർക്കർ ഇങ്ങനെ പ്രഖ്യാപിക്കുന്നു, “ഇന്ത്യയിൽ രണ്ട് ദേശീയതകൾ പരസ്പര ശത്രുതയോടെ ഒന്നിച്ചുകഴിയുന്നു. ഇന്ത്യ ഒരു ഏകാത്മക രാഷ്ട്രമായി വിളക്കിച്ചേർക്കപ്പെട്ടിരിക്കുന്നു, വെറും ആഗ്രഹംകൊണ്ട് അങ്ങനെ വിളക്കിച്ചേർക്കാം എന്നൊക്കെയുള്ള ഭാവനാവിലാസം വച്ചുപുലർത്തുന്ന ചില രാഷ്ട്രീയക്കാർ ഗുരുതരമായ പിശകാണ് വരുത്തുന്നത്. ഇന്ത്യയെ ഇന്ന് ഏകാത്മകമോ സമജാതീയമോ ആയ ഒരു രാഷ്ട്രമായി കരുതാനേ ആവില്ല. നേരെമറിച്ച് ഇന്ത്യയിൽ പ്രധാനമായും ഹിന്ദുക്കളും മുസ്ലീങ്ങളും എന്ന നിലയിൽ രണ്ട് ജനതകൾ രണ്ട് രാഷ്ട്രങ്ങളായി നിലകൊള്ളുകയാണ്.” അങ്ങനെ ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യമായി മുന്നോട്ടുവയ്ക്കുന്നത് ‘എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ’ എന്ന കൃതിയിലാണ്. ഇത് ഹിന്ദുമഹാസഭയുടെ 1937ലെ സമ്മേളനം ഒരു പ്രമേയ രൂപത്തിൽ അംഗീകരിക്കുകയും ചെയ്തു.
മൂന്നുവർഷങ്ങൾക്കുേശഷമാണ് മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീംലീഗ്, ലാഹോർ സമ്മേളനത്തിൽ ഈ ആശയം അംഗീകരിക്കുകയുണ്ടായത്. 1943ൽ നാഗ്പൂരിൽവച്ച് സവർക്കർ പറഞ്ഞു: “മിസ്റ്റർ ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തോട് എനിക്ക് യാതൊരു വിയോജിപ്പുമില്ല. ഞങ്ങൾ ഹിന്ദുക്കൾ ഒരു രാഷ്ട്രമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ട് രാഷ്ട്രങ്ങളാണെന്നുള്ളത് ഒരു ചരിത്ര വസ്തുതയാണ്”. സവർക്കർ അങ്ങനെ ഹിന്ദുവർഗ്ഗീയത ശരിയാണെന്നും ഹിന്ദുവിഘടനവാദം ദേശീയവാദമാണെന്നും ന്യായീകരിക്കുന്നു. സവർക്കറുടെ എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ എന്ന കൃതി വായിച്ച് മതിപ്പുതോന്നിയ ഹെഗ്ഡേവാറും അദ്ദേഹത്തിന്റെ മാർഗ്ഗദർശിയായ ബി.എസ്.മൂഞ്ചേയും കൂടെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽവച്ച് സവർക്കറുമായി കൂടിക്കാഴ്ച നടത്തുകയും ഹിന്ദുത്വം എന്ന ആശയത്തിൽ ആർഎസ്എസിനും ഹിന്ദുമഹാസഭയ്ക്കുമുള്ള ആശയപ്പൊരുത്തം അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
ആർഎസ്എസ് സവർക്കറെ വീരസവർക്കർ എന്ന് വാഴ്ത്തി. സവർക്കറും ഗോൾവാൾക്കറുമൊക്കെ നയിച്ച ഹിന്ദുവർഗ്ഗീയവാദികളോ ജിന്നയെപ്പോലുള്ളവർ നയിച്ച മുസ്ലീം വർഗ്ഗീയവാദികളോ 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തില്ല. മതാധിഷ്ഠിത ദേശീയത എന്ന വിഷയത്തിൽ ഇവർക്കുള്ള അഭിപ്രായയൈക്യം വെളിവാക്കുന്നതായിരുന്നു, ബംഗാളിലും ഇന്നത്തെ പാകിസ്ഥാന്റെ ചിലഭാഗങ്ങളിലും ഹിന്ദുമഹാസഭയും മുസ്ലീംലീഗുമായി ചേർന്ന് സഖ്യകക്ഷി ഗവൺമെന്റുണ്ടാക്കി ഭരിച്ചിരുന്നു എന്നത്. ഇന്ന് ആ സവർക്കറാണ് വീരസവർക്കറായി വാഴ്ത്തപ്പെടുന്നത്.


സവർക്കർ ബ്രിട്ടീഷുകാരോട് പലതവണ മാപ്പപേക്ഷിച്ചു


സവർക്കർക്ക് ഭാരത് രത്ന ബഹുമതി നൽകിയതിന്റെ പേരിൽ ആർഎസ്എസും ബിജെപിയുമൊക്കെ ആഹ്ലാദത്തിമിർപ്പിലാണ്. ബ്രിട്ടീഷുകാരുടെ കുപ്രസിദ്ധമായ സെല്ലുലാർ ജയിൽ പ്രവർത്തിച്ചിരുന്ന ആൻഡമാനിലെ പോർട്ട് ബ്ലെയർ വിമാനത്താവളത്തിന് നരേന്ദ്രമോദി മുൻകൈയെടുത്ത് വീരസവർക്കർ അന്തർദ്ദേശീയ വിമാനത്താവളം എന്ന് നാമകരണം ചെയ്തിരിക്കുന്നു. സവർക്കറെ വാനോളം പുകഴ്ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “അദ്ദേഹത്തിന്റെ ധീരതയും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തോടും ഭദ്രതയോടും പുലർത്തിയ അചഞ്ചലമായ അർപ്പണബോധവും ഇന്ത്യ എക്കാലവും ഓർമ്മിക്കും. അദ്ദേഹത്തിന്റെ സംഭാവനകൾ രാജ്യത്തിന്റെ വികാസത്തിനും അഭിവൃദ്ധിക്കുംവേണ്ടി കഠിനപ്രയത്നം നടത്താൻ നമ്മെ പ്രചോദിപ്പിക്കുന്നു.” എന്നാൽ എന്തായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് അദ്ദേഹം നൽകിയ സംഭാവന? ബ്രിട്ടീഷ് ഭരണകാലത്ത് ഒരു രാഷ്ട്രീയത്തടവുകാരനായി സവർക്കർ ആൻഡമാൻ ജയലിലേയ്ക്കയക്കപ്പെട്ടു. ഭീകരമായ മർദ്ദനം അനുഭവിച്ചിട്ടും സുഭാഷ് ചന്ദ്ര ബോസ് അടക്കമുള്ള രാഷ്ട്രീയത്തടവുകാർ ബ്രിട്ടീഷ് അധികാരികൾക്ക് മാപ്പപേക്ഷ നൽകാൻ കൂട്ടാക്കിയില്ല എന്നകാര്യം നമുക്കറിയാം. സ്വന്തം സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം അവസാനിപ്പിക്കുവാൻ അവർ തയ്യാറല്ലായിരുന്നു. എന്നാൽ സവർക്കർ മാപ്പപേക്ഷ നൽകി. 1911 ആഗസ്റ്റ് 30ന് അദ്ദേഹം ആദ്യത്തെ അപേക്ഷ നൽകി. അദ്ദേഹം ആൻഡമാനിലെത്തിയിട്ട് വെറും രണ്ടുമാസമേ ആയിരുന്നുള്ളൂ. 1913 നവംബർ 14ന് നൽകിയ രണ്ടാമത്തെ മാപ്പപേക്ഷയിൽ സവർക്കർ ഇങ്ങനെ പറയുന്നു: “ഗവൺമെന്റ് ഉദാരമനസ്കതയും കാരുണ്യവുംമൂലം എന്നെ സ്വതന്ത്രനാക്കുകയാണെങ്കിൽ എനിക്ക് ഭരണഘടനാനുസൃതമായ പുരോഗതിയുടെ ഏറ്റവും ശക്തമായ വക്താവാകാതിരിക്കാൻ കഴിയില്ല. ആ പുരോഗതിയുടെ അവശ്യോപാധിയെന്ന നിലയിൽ ഇംഗ്ലീഷ് ഗവൺമെന്റിനോട് ഞാൻ അങ്ങേയറ്റം കൂറുപുലർത്തുകയും ചെയ്യും. എന്നുമാത്രമല്ല, ഭരണഘടനാനുസൃതമായ പാതയിലേയ്ക്കുള്ള എന്റെ ചുവടുമാറ്റം, എന്നെ ഒരു മാർഗ്ഗ ദർശിയായി കണ്ടിരുന്ന ഇന്ത്യയിലും വിദേശത്തുമുള്ള വഴിതെറ്റിപ്പോയ യുവാക്കളെയെല്ലാം നേർവഴിക്ക് കൊണ്ടുവരാൻ ഉതകുകയും ചെയ്യും. ഗവൺമെന്റ് ആഗ്രഹിക്കുന്ന രീതിയിൽ സേവനമനുഷ്ഠിക്കാൻ ഞാൻ ഒരുക്കമാണ്. എന്റെ മന:സാക്ഷിക്കുനിരക്കുംപടിയുള്ള സത്യസന്ധമായ പരിവർത്തനമാണ് എന്നിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ എന്റെ ഭാവി പ്രവർത്തനങ്ങളും അതുപോലെതന്നെയായിരിക്കും. എന്നെ സ്വതന്ത്രനാക്കുന്നതുമായി താരതമ്യം ചെയ്താൽ എന്നെ ജയിലിലടച്ചിട്ടിരിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല. കരുത്തനല്ലേ ദയ കാണിക്കാൻ കഴിയൂ. ഈ മുടിയനായ പുത്രന് ഗവൺമെന്റിന്റെ രക്ഷാകർതൃത്വത്തിലേയ്ക്കല്ലാതെ എങ്ങോട്ടാണ് മടങ്ങിവരാൻ കഴിയുക”(പീനൽ സെറ്റിൽമെന്റ്സ് ഇൻ ആൻഡമാൻ, ആർ.ഡി.മജുംദാർ, 1947ൽ ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരികവകുപ്പ് പ്രസിദ്ധീകരിച്ചത്).
ബ്രിട്ടീഷ് ഗവൺമെന്റിന്റെ മുമ്പാകെയുള്ള സവർക്കറുടെ സമ്പൂർണമായ കീഴടങ്ങൽ ഈ മാപ്പപേക്ഷയിൽ വ്യക്തമാണ്. താൻ ഒരു മുടിയനായ പുത്രനാണെന്ന് അദ്ദേഹം കുറ്റസമ്മതം നടത്തുന്നു. മാതാപിതാക്കളുടെ അടുത്തേയ്ക്ക്, അതായത്, ബ്രിട്ടീഷ് ഗവൺെമെന്റിന്റെ മുന്നിലേയ്ക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന സവർക്കർ, സർക്കാർ പറയുന്ന ഏതുജോലിയും ചെയ്യാൻ സന്നദ്ധനാണെന്നും സമ്മതിക്കുന്നു. 1914 സെപ്റ്റംബർ 14ന് അയച്ച മൂന്നാമത്തെ മാപ്പപേക്ഷയിൽ ഇക്കാര്യം ആവർത്തിക്കുന്നുണ്ട്. അതിൽ ഇന്ത്യാ ഗവൺമെന്റിന് തനിക്ക് ചെയ്യാൻ കഴിയുന്ന എന്തുസേവനവും ആവശ്യപ്പെടാമെന്നും താനൊരു സന്നദ്ധ ഭടനായി പ്രവർത്തിക്കാമെന്നും താഴ്മയായി അപേക്ഷിക്കുന്നുണ്ട്.


അതിൽ അദ്ദേഹം എഴുതുന്നു; “ഒരു രാജ്യം എന്നെപ്പോലെ നിസ്സാരനായ ഒരു വ്യക്തിയിൽനിന്ന് കിട്ടുന്ന സഹായത്തെ ആശ്രയിക്കില്ല എന്നെനിക്കറിയാം. എന്നാൽ എത്ര നിസ്സാരനായ വ്യക്തിക്കും രാജ്യരക്ഷക്കായി തന്റെ മുഴുവൻ ശേഷിയും വിനിയോഗിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും എനിക്കറിയാം.” സവർക്കർ 1917 ഒക്ടോബർ 2ന് നാലാമത്തെയും 1920 ജനുവരി 24ന് അഞ്ചാമത്തെയും 1920 മാർച്ച് 30ന് ആറാമത്തെയും മാപ്പപേക്ഷ സമർപ്പിച്ചു. അവസാന മാപ്പപേക്ഷയിൽ ഇപ്രകാരം ബ്രിട്ടീഷ് ഭരണത്തിന് ഉറപ്പുനൽകി. “ഇന്ത്യയെ സ്നേഹിക്കുന്ന ബുദ്ധിമാനായ ഏതൊരാളും ഇന്ത്യയുടെതന്നെ താൽപര്യാർത്ഥം ബ്രിട്ടീഷുകാരോട് ഹൃദയംഗമമായും ആത്മാർത്ഥമായും സഹകരിക്കുന്നതാണ്.”
ബ്രിട്ടീഷ് ഭരണാധികാരികൾക്ക് നൽകിയ ഈ ഉറപ്പ് സവർക്കർ പാലിക്കുകയും ചെയ്തു. 1941ൽ ഭഗൽപൂരിൽ നടന്ന ഹിന്ദുമഹാസഭയുടെ 23-ാം സമ്മേളനത്തിലെ പ്രസംഗത്തിൽ അദ്ദേഹം പറയുന്നു: “യുദ്ധം(രണ്ടാം ലോകമഹായുദ്ധം) നമ്മുടെ തീരത്തുവരെ എത്തിയിരിക്കുന്നു. ഇത് ഒരു അപകടവും അതേസമയം അവസരവുമാണ്. രണ്ടായാലും സൈനികവൽക്കരണം ത്വരിതപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ഹിന്ദുമഹാസഭയുടെ ഓരോ ഘടകവും, അത് ഗ്രാമങ്ങളിലോ നഗരങ്ങളിലോ ആകട്ടെ ഹിന്ദുക്കളെ ഉണർത്തിയെടുക്കുകയും കരസേനയിലോ നാവികസേനയിലോ വ്യോമസേനയിലോ യുദ്ധവിമാനം നിർമ്മിക്കുന്ന ഫാക്ടറികളിലോ ഒക്കെ ചേർന്ന് പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിക്കുകയും വേണം. പ്രത്യേകിച്ചും ബംഗാൾ, അസം പ്രവിശ്യകളിൽ ഒരു നിമിഷംപോലും പാഴാക്കാതെ സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കാൻ ഹിന്ദുക്കളെ തയ്യാറെടുപ്പിക്കണം.” (അതേ കൃതി, പേജ് 460-61). ഇതിന് മറുപടിയായി ബ്രിട്ടീഷ് കമാണ്ടർ-ഇൻ-ചീഫ്, സ്വന്തം രാജ്യത്തെ ശത്രുക്കളിൽനിന്ന് രക്ഷിക്കുന്നതിനായി സൈന്യത്തിൽ ചേരാൻ ഹിന്ദുക്കളെ പ്രചോദിപ്പിച്ചതിന് ബാരിസ്റ്റർ സവർക്കറോട് നന്ദി പറയുന്നതായി ഹിന്ദുമഹാസഭയുടെ രേഖകൾ വ്യക്തമാക്കുന്നു. മാപ്പപേക്ഷകളെത്തുടർന്ന് 1924ൽ സവർക്കറെ ബ്രിട്ടീഷുകാർ ജയിൽ വിമോചിതനാക്കിയെന്നതും ബ്രിട്ടീഷുകാരെ സേവിച്ചുകൊള്ളാമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയിരുന്നതും ഇവിടെ ഓർക്കേണ്ടതാണ്.
കൊളോണിയൽ മർദ്ദക ഭരണത്തോട് വിനീത വിധേയത്വം പുലർത്തിയതിന് ഇതിൽപ്പരം എന്തുതെളിവാണ് വേണ്ടത്. ഇന്ത്യയെ വിമോചിപ്പിക്കാനുള്ള നേതാജിയുടെ പദ്ധതി സവർക്കർ തള്ളിക്കളഞ്ഞു. അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: “ധാർമ്മികതയുടെ പേരിൽ മാത്രമല്ല, പ്രായോഗിക രാഷ്ട്രീയ പരിഗണനവച്ചും ഇന്നത്തെ സാഹചര്യത്തിൽ ഒരു സായുധ ചെറുത്തുനിൽപ്പിനോടും ഹിന്ദുമഹാസഭയ്ക്ക് യോജിക്കാനാകില്ല.” (വി.ഡി.സമഗ്ര സവർക്കർ വാങ്മയ, ഹിന്ദു രാഷ്ട്ര ദർശൻ, വോള്യം-6, പേജ് 421)
പിൽക്കാലത്ത് ഇതേ ഹിന്ദുദേശീയതയുടെ പേരിൽ ആവേശംകൊണ്ട് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി ആർഎസ്എസും കാവിപ്പടയും ഇറങ്ങിത്തിരിച്ചു. രാമായണത്തിലെ രാമനെ ആദർശബിംബമാക്കി, അയോദ്ധ്യയിൽ 500വർഷം പഴക്കമുള്ള ബാബറി മസ്ജിദ് നിലനിന്നിടത്തുതന്നെ രാമക്ഷേത്രം പണിയണമെന്ന് മുറവിളികൂട്ടി. സായുധരായ മതഭ്രാന്തന്മാരുടെ കാവിപ്പട ബാബറി മസ്ജിദ് ഇടിച്ചുനിരത്തി. ഈ ക്രിമിനൽ നടപടി വിശകലനം ചെയ്യുന്നതിനുമുമ്പ് രണ്ടു സുപ്രധാന ചോദ്യങ്ങൾ ഉന്നയിക്കാനുണ്ട്. ഒന്ന്, രാമൻ ഒരു ചരിത്ര പുരുഷനോ അതോ പുരാണ കഥാപാത്രമോ? രണ്ട്, ബാബറി മസ്ജിദ് രാമന്റെ ജന്മസ്ഥലത്താണ് നിർമ്മിച്ചത് എന്നതിന് ചരിത്രപരമായ തെളിവുകൾ എന്തെങ്കിലുമുണ്ടോ?


രാമൻ ചരിത്രപുരുഷനോ അതോ പുരാണകഥാപാത്രമോ


ഒന്നാമത്തെ ചോദ്യമെടുക്കാം. തുളസീദാസിന്റെ രാമചരിതമാനസത്തിൽ രാമനെ ദൈവമായും വിഷ്ണുവിന്റെ അവതാരമായുമാണ് ചിത്രീകരിച്ചിട്ടുള്ളത്. ഉത്തരേന്ത്യയിൽ ഇതിന് മുൻതൂക്കമുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ പല പ്രാദേശിക ഭാഷകളിലും പ്രാദേശികമായ വകഭേദങ്ങളുണ്ട്. ബുദ്ധമതക്കാരുടെയും ജൈനമതക്കാരുടെയും വകഭേദങ്ങളുമുണ്ട്. അതായത് രാമായണത്തിന് അനേകം ആഖ്യാനങ്ങളും ആവിഷ്ക്കാരങ്ങളുമുണ്ട്. ഇവയിൽ അസംബന്ധം എന്ന് തോന്നുന്നവയുമുണ്ട്. ഇവയിൽ ഐകരൂപ്യം കണ്ടെത്തുകയെന്നത് മിഥ്യയാണ്. അപ്പോൾ ഏതാണ് നമ്മൾ ആധികാരിക ആവിഷ്ക്കാരമായി എടുക്കുക.
അദ്ധ്യാപകനും ഭാഷാശാസ്ത്രജ്ഞനും പൗരസ്ത്യവാദിയും ഡൽഹി സാഹിത്യ അക്കാദമി പ്രസിഡന്റും ഇത്തരം വിഷയങ്ങളിൽ ആധികാരിക ശബ്ദമായി ഗണിക്കപ്പെടുന്ന ആളുമായ ഡോ.സുനിൽകുമാർ ചാറ്റർജി സമവായത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നത്, “രാമായണം അടിസ്ഥാനപരമായി ഒരു സാഹിത്യ സൃഷ്ടിയാണ്. വാൽമീകിയെന്നാണ് ഇതിന്റെ സൃഷ്ടാവിനെ വിളിക്കുന്നത്. പിൽക്കാലത്ത് ഈ കൃതിയിൽ കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. ഇതിന് ചരിത്രത്തിന്റെ പിൻബലമില്ല. ഇന്ത്യാചരിത്രത്തിൽ പ്രാവീണ്യമുള്ള ആരും രാമനെ ഒരു ചരിത്രപുരുഷനായി ഗണിക്കുന്നില്ല. ഒരു പ്രത്യേക ചരിത്രഘട്ടത്തിൽ ജീവിച്ചിരുന്നതായും കരുതുന്നില്ല.” (വേൾഡ് ലിറ്ററേച്ചർ ആന്റ് ടാഗോർ)
മഹാനായ സാമൂഹ്യപരിഷ്ക്കർത്താവും വിദ്യാഭ്യാസവിചക്ഷണനുമായ ജ്യോതി റാവു ഫുലേ ഇപ്രകാരം നിരീക്ഷിക്കുന്നു: “രാമായണത്തിന്റേത് യഥാർത്ഥ ചരിത്രമല്ല. അതിൽ കെട്ടിച്ചമച്ച കഥകളാണുള്ളത്. അഥ് ഒരു ഗുണപാഠവും നൽകുന്നില്ല. സത്യത്തെ ഭയക്കുന്നവനും എല്ലാവരോടും, അതായത്, മുസ്ലീങ്ങളോടും ക്രിസ്ത്യാനികളോ ടും മറ്റുള്ളവരോടുമെല്ലാം സമഭാവനയോടെ പെരുമാറുന്നവനുമാണ് യഥാർത്ഥ ധർമ്മപുരുഷൻ.”(മഹാത്മ ജ്യോതി റാവു ഫുലേ, ഫാദർ ഓഫ് ദി ഇന്ത്യൻ റവല്യൂഷൻ, ധനഞ്ജയ് കീർ)
അതായത് ഇതിഹാസ കഥാപാത്രവും സാഹിത്യസൃഷ്ടിയുമായ രാമന് അപ്പോൾ എങ്ങനെയാണ് ജന്മസ്ഥലമുണ്ടാകുന്നത്? ഒരു സാങ്കൽപ്പിക കഥാപാത്രത്തിന് വിശുദ്ധമായ ജന്മസ്ഥലമുണ്ടാകുകയും അതിന്റെ പേരിൽ തർക്കമുണ്ടാകുകയും ചെയ്യുന്നതെങ്ങനെ? അത് അത്രവലിയ ആരാധനയ്ക്ക് പാത്രമാകുന്നുവെങ്കിൽ അതിന്റെ സ്ഥാനം ജനങ്ങളുടെ ഹൃദയത്തിലും വികാരങ്ങളിലുമായിരിക്കും. എന്നാൽ സംഘപരിവാർ ശക്തികൾ പ്രഖ്യാപിക്കുന്നത് രാമജന്മഭൂമിയുടെ പരിപാവനത വിശ്വാസത്തിന്റെ പ്രശ്നമാണെന്നും അത് സയൻസിന്റെയും ചരിത്രത്തിന്റെയും വെളിച്ചത്തിൽ ചോദ്യം ചെയ്യാനോ വിലയിരുത്താനോ സാദ്ധ്യമല്ല എന്നുമാണ്.


രാമൻ്റെ ജന്മസ്ഥലം: ചരിത്രപരമായ തെളിവുകളില്ല


ഇനി അടുത്ത വിഷയം, രാമന്റെ ജനനത്തിനുമുമ്പ് രചിക്കപ്പെട്ടു എന്നവകാശപ്പെടുന്ന വാൽമീകി രാമായണത്തിലോ 1576ലെ തുളസീദാസിന്റെ രാമചരിതമാനസത്തിലോ അയോദ്ധ്യയിലെ ആ പ്രത്യേക സ്ഥലത്താണ് രാമൻ ജനിച്ചത് എന്ന പരാമർശമേ ഇല്ല. ബാബറി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് ആദ്യമുഗൾ ചക്രവർത്തിയായ ബാബറിന്റെ ആജ്ഞാനുസരണം 1528-29കാലത്താണ്. കാലഗണനവച്ചുനോക്കിയാൽ തുളസീദാസ് ഇതേക്കുറിച്ച് ബോധവാനായിരിക്കണം. എന്നാൽ ഈ പള്ളി രാമന്റെ ജന്മസ്ഥലത്താണ് പണിതുയർത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വിഖ്യാതകൃതിയിൽ പരാമർശിക്കുന്നില്ല. ആർഎസ്എസ്-ബിജെപി ഭക്തിപൂർവം പിന്തുടരുന്നു എന്നവകാശപ്പെടുന്ന രാമകൃഷ്ണപരമഹംസരും വിവേകാനന്ദനും രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കത്തെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടിയിട്ടില്ല. എന്നുമാത്രമല്ല, കൃഷ്ണൻ ജനിച്ചത് മഥുരയിലാണോ, ബ്രജധാമിലാണോ എന്ന് തർക്കിക്കുന്നതുകൊണ്ട് ഒരു ഫലവുമില്ല എന്നാണ് വിവേകാനന്ദനും പറഞ്ഞത്. ഇത്തരം കാര്യങ്ങളിൽ തർക്കിക്കുന്നത് വൃഥാവ്യായാമമാണ് എന്നർത്ഥം. എന്നിട്ടും സംഘപരിവാർ രാമന്റെ ജന്മസ്ഥലം ബാബറി മസ്ജിദ് സ്ഥിതിചെയ്യുന്നിടത്താണെന്ന് അവകാശപ്പെട്ടുകൊണ്ടേയിരിക്കുന്നു.
രാമായണത്തിലെ ഐതിഹാസികമായ അയോദ്ധ്യ കണ്ടെത്താൻ പുരാവസ്തു ശാസ്ത്രജ്ഞർ വർഷങ്ങളോളം പരിശ്രമിച്ചിരുന്നു. ഉത്ഖനനത്തിലൂടെ ശിലാലിഖിതങ്ങളോ ശിൽപ്പങ്ങളുടെ അവശിഷ്ടങ്ങളോപോലുള്ള തെളിവുകൾ കണ്ടെത്തി രാമന്റെ ചരിത്ര സാധുത പരിശോധിക്കാൻ നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ പുരാവസ്തുവകുപ്പും ഇന്നത്തെ അയോദ്ധ്യയിലും മറ്റു പലസ്ഥലങ്ങളിലും അനേകം ഉത്ഖനന പ്രവർത്തനങ്ങൾ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. രാമായണത്തിൽ പറയുന്നതുപോലുള്ള ഒരു നഗര ജീവിതവുമായി പരോക്ഷമായെങ്കിലും ബന്ധപ്പെടുത്താൻ കഴിയുന്ന എന്തെങ്കിലും വസ്തുക്കളോ അവശിഷ്ടങ്ങളോ ഒന്നുംതന്നെ കണ്ടെത്താനായിട്ടില്ല. രാമന്റെയോ അയോദ്ധ്യയുടെയോ ചരിത്ര സാധുത തെളിയിക്കാൻ ഉപകരിക്കുമായിരുന്ന ഒരു നാണയമോ മുദ്രയോപോലും കണ്ടുകിട്ടിയിട്ടില്ല.


ബാബറി മസ്ജിദ് തകർത്തതിന്റെയും അതിനെ ന്യായീകരിക്കുന്നതിന്റെയും നാണംകെട്ട കഥകൾ


സംഘപരിവാറിന് യുക്തിപരമായ നിലപാട് അംഗീകരിക്കാനേ കഴിയില്ല. കുപ്രസിദ്ധമായ 1992 ഡിസംബർ 6ന്, ആയുധധാരികളായ ഭ്രാന്തുപിടിച്ച തെമ്മാടിക്കൂട്ടം, ‘കർസേവകർ’ എന്നപേരിൽ അഴിഞ്ഞാടിയത് ആർഎസ്എസ്- ബിജെപി- വിശ്വഹിന്ദുപരിഷത് നിർദ്ദേശപ്രകാരമായിരുന്നു. അന്നവർ ഇടിച്ചുനിരത്തിയത് 500വർഷം പഴക്കമുള്ള ചരിത്രസ്മാരകമായിരുന്നു. ആ പള്ളിയുടെ അവശിഷ്ടങ്ങൾക്കുമേൽ രാമക്ഷേത്രം കെട്ടിപ്പൊക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഭൂമി സംബന്ധിച്ച തർക്കം സുപ്രീംകോടതിയിലെത്തി. അന്ന് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞത്, 1949ൽ കുട്ടിരാമന്റെ വിഗ്രഹം ബാബറി മസ്ജിദിൽ കൊണ്ടുപോയി വച്ചതും 1992ൽ ബാബറി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമായ നടപടിയായിരുന്നു എന്നത്രെ. ബാബറി മസ്ജിദ് നിർമ്മിച്ചത് രാമക്ഷേത്രം തകർത്തിട്ടല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പുരാണഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ പലതരത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്നതാണെന്നും പരാമർശമുണ്ടായി. എന്നാൽ അന്തിമ നിരീക്ഷണം ഇപ്രകാരം വിചിത്രമായിരുന്നു: “കോടതിമുമ്പാകെ പരിശോധനയ്ക്ക് സമർപ്പിച്ചത് നിർവ്യാജമായ രേഖകളാണ്. ജനങ്ങളുടെ വിശ്വാസം യഥാർത്ഥമാണ്, നാട്യമല്ല. ആരാധിക്കുന്നവരുടെ വിശ്വാസം കോടതിക്ക് അംഗീകരിക്കേണ്ടതുണ്ട്.” ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പുറപ്പെടുവിച്ച വിധി, തർക്കം ഉന്നയിക്കപ്പെട്ട ഭൂമിയാകെ രാമക്ഷേത്രം പണിയുന്നതിനായി ഒരു ട്രസ്റ്റിനെ ഏൽപ്പിക്കുക എന്നതായിരുന്നു. ഇത് വ്യക്തമായും സംഘപരിവാറിനുള്ള സമ്മാനമായിരുന്നു. ബിജെപി പ്രത്യുപകാരമായി രഞ്ജൻ ഗൊഗോയിയെ റിട്ടയർ ചെയ്ത ഉടൻ എംപിയാക്കി. അന്ന് അഞ്ചംഗബഞ്ചിൽ അംഗമായിരുന്ന, വിധിയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആയി. റിട്ടയർ ചെയ്തതിനുശേഷം അദ്ദേഹം പറഞ്ഞത്. “പലപ്പോഴും പരിഹാരം കണ്ടെത്താൻ കഴിയാത്ത കേസുകൾ നമ്മുടെ മുന്നിൽവരും. അയോദ്ധ്യകേസ് അതിലൊന്നായിരുന്നു. മൂന്നുമാസം കേസ് എന്റെ മുന്നിലുണ്ടായിരുന്നു. ഒടുവിൽ ഞാൻ ദൈവവിഗ്രഹത്തിന്റെ മുന്നിൽ ഇരുന്ന് പ്രാർത്ഥിച്ചു. ഒരു പരിഹാരം കാണിച്ചുതരണമെന്ന് അപേക്ഷിച്ചു” എന്നത്രെ. അതായത് വിശ്വാസവും ദൈവനിയോഗവുമൊക്കെ നീതിന്യായവ്യവസ്ഥയുടെ ധാർമ്മികതയ്ക്കും നിയമസംഹിതകൾക്കുമൊക്കെമേലെ പ്രവർത്തിക്കുകയും, വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിധി പറയുന്നതിനുപകരം ഇത്തരം സ്വാധീനങ്ങൾക്ക് ജഡ്ജിമാർ വശംവദരാകുകയും ചെയ്യുന്നു എന്നാണിത് കാണിക്കുന്നത്. ഇത്തരം വിധികളും ന്യായങ്ങളുമൊക്കെ സുഗമമായി നടക്കുംവിധം നമ്മുടെ രാജ്യത്തിന്റെ മന:സാക്ഷി വലിയൊരു പതനത്തിലെത്തിയിരിക്കുന്നു. ഭാവിയിലും ഇത്തരത്തിലുള്ള വിധികളേ നമ്മൾ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്ന സൂചനയും ഇതിലുണ്ട്.


ഉപസംഹാരം


ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലൂടെ ഒരു ഹിന്ദു രാഷ്ട്രമല്ല സ്ഥാപിതമായത് എങ്കിലും ആർഎസ്എസ് മേധാവി രാമക്ഷേത്ര നിർമ്മാണത്തെ മഹത്വവൽക്കരിക്കുകയും ക്ഷേത്രം നിലവിൽ വന്നപ്പോഴാണ് ഇന്ത്യ യഥാർത്ഥത്തിൽ സ്വതന്ത്രമായതെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രാധാന്യത്തെ അട്ടിമറിക്കാനും ആർഎസ്എസ് അതിൽനിന്ന് വിട്ടുനിന്നതിനെ ന്യായീകരിക്കാനും കൂടിയുള്ള ശ്രമമാണ്. ഒരു ദുഷ്ടലാക്കുകൂടെ ഇതിനുണ്ട്. ഹിന്ദുത്വഭ്രാന്ത് വളർത്തുകയും മതമൗലികവാദപരവും വർഗ്ഗീയവുമായ ചിന്താഗതികൾ പ്രചരിപ്പിക്കുകയും അതുവഴി ജനമനസ്സുകളിൽ വിഷം നിറച്ച് ചിന്താപ്രക്രിയയെ പിന്നോട്ടടിക്കുകയും യുക്തിബോധം കെടുത്തുകയും ചെയ്യുക എന്നതാണത്. ഹിന്ദുക്കളുടെയും മറ്റുമതന്യൂനപക്ഷങ്ങളുടെയും വിശേഷിച്ച് മുസ്ലീങ്ങളുടെയും ഇടയിൽ സ്പർദ്ധ വളർത്തി അവരുടെ സമരൈക്യം തകർക്കുകയും നീറുന്ന ജീവിത പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുകയും ചെയ്യുക എന്ന പദ്ധതി ഇതിലൂടെ നടപ്പിലാക്കപ്പെടുന്നു.
മതാന്ധത ഉപകരണമാക്കി ജനങ്ങളെ ഇവ്വിധം അടിമകളാക്കുന്നതിനെ ഹീനമായ ഗൂഢാലോചന എന്നല്ലാതെ എന്തുപറയാൻ! സംഘപരിവാർ ഹിന്ദുമതമൗലികവാദവും വർഗ്ഗീയതയും ആളിക്കത്തിക്കുന്നതിനനുസരിച്ച് അതിനൊരു ബദൽ പ്രവാഹമെന്ന നിലയിൽ ഇസ്ലാമിക മതമൗലികവാദവും യാഥാസ്ഥിതികത്വവുമൊക്കെ തലപൊക്കിക്കൊണ്ടിരിക്കുന്നു. രണ്ടും ഒരുപോലെ അപകടകരമാണ്. ആർഎസ്എസ്-ബിജെപിയാകട്ടെ മതാന്ധതയും മതഭ്രാന്തും ഊട്ടിവളർത്തുന്നതോടൊപ്പം സാങ്കേതിക രംഗത്തെ വികാസം ആഘോഷമാക്കുകയും അതിനെല്ലാം നേതൃത്വം നൽകുന്നവരായി രംഗത്തുവരികയും ചെയ്യുന്നു. എന്നാൽ സൈനിക സാമഗ്രികളുടെ ഉൽപ്പാദനവും ബഹിരാകാശ ഗവേഷണവും മാത്രമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്.
1940കളിൽത്തന്നെ, എസ്‍യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാപക ജനറൽ സെക്രട്ടറിയും സമുന്നത മാർക്സിസ്റ്റ് ദാർശനികനുമായ സഖാവ് ശിബ്‍ദാസ് ഘോഷ് ഫാസിസമെന്നത് ആത്മീയവാദത്തിന്റെയും സയൻസിന്റെ സാങ്കേതിക വശങ്ങളുടെയും സവിശേഷമായ ലയനത്തിലൂടെ സ്ഥാപിതമാകുന്നതാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ന് ആർഎസ്എസ്-ബിജെപി തീവ്രമായി പിന്തുടരുന്നത് ഈ ഫാസിസ്റ്റ് സംസ്കാരമാണ്. അത് രാജ്യത്ത് ആഴത്തിൽ വേരോടിക്കുന്നതിനുള്ള ശ്രമമാണവർ നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാൽ, ഈ പ്രവൃത്തിയിലൂടെ തങ്ങളുടെ ദൗത്യം പൂർണമായും ഭരണമുതലാളിവർഗ്ഗത്തെ സേവിക്കുകയാണെന്ന വസ്തുതയാണ് ആർഎസ്എസ്-ബിജെപി തെളിയിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യം മനസ്സിലാക്കണം. ജനങ്ങൾ അന്ധകാരത്തിൽ കഴിയണമെന്നും യുക്തിസഹമായി ചിന്തിക്കാൻ അവർ അശക്തരാകണമെന്നും എല്ലാത്തരം വിഭാഗീയവും പിന്നാക്കവും അന്ധവുമായ ചിന്താഗതികളിൽ തളഞ്ഞു കിടക്കണമെന്നുമാണ് ഭരണമുതലാളിവർഗ്ഗം ആഗ്രഹിക്കുന്നത്. ജനങ്ങൾ ചരിത്രസത്യങ്ങൾ മനസ്സിലാക്കരുതെന്നും അവർ ആഗ്രഹിക്കുന്നു. ജനങ്ങൾ യുക്തിരാഹിത്യ ത്തിന്റെയും വിധിവിശ്വാസത്തിന്റെയും വികലമായ ചരിത്രധാരണകളുടെയും നിഗൂഢതാവാദത്തിന്റെയും മതാന്ധതയുടെയുമൊക്കെ പിടിയിലമരുകയും മുതലാളിവർഗ്ഗ സേവകരുടെ വാഗ്ധോരണിയിലും ജനകീയ നാട്യങ്ങളിലും കുതന്ത്രങ്ങളിലുമൊക്കെ ഭ്രമിച്ചുപോകുകയും ചെയ്താൽ ബൂർഷ്വാസിയുടെ വർഗ്ഗതാൽപര്യം ഏറ്റവും നന്നായി സംരക്ഷിക്കപ്പെടും.


മുതലാളിത്ത യജമാനന്മാരുടെ നിർദ്ദേശാനുസരണം ആർഎസ്എസ്-ബിജെപി ഇന്ന് ഇതൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനായി ചിലപ്പോൾ ആകർഷകമായ മുദ്രാവാക്യങ്ങൾ ഉയർത്തിയും ജനങ്ങൾ ആദരിക്കുന്ന നേതാക്കളെ വ്യാജമായി പുകഴ്ത്തിയും എന്നാൽ അതേസമയം മതാന്ധത കുത്തിവച്ചും കപടദേശസ്നേഹം പ്രചരിപ്പിച്ചുമൊക്കെ ജനങ്ങളെ വഞ്ചിക്കുന്നു. തങ്ങൾ പറയുന്നത് ശരിയല്ലെന്നും ജനങ്ങൾക്ക് ദോഷം ചെയ്യുന്നതാണെന്നും അവർക്ക് നന്നായി അറിയാം. ഇതുതന്നെയാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക, അതുവഴി അവർക്ക് ഒരിക്കലും യാഥാർത്ഥ്യങ്ങൾ മനസ്സിലാകാതിരിക്കുക, അതുവഴി അധികാരക്കസേരകൾ ഉറപ്പിച്ചെടുക്കുക. കുത്തകകളുടെ, കോർപ്പറേറ്റുകളുടെ വിശ്വസ്ത സേവകരായ ഇക്കൂട്ടരുടെ കെണിയിൽ വീഴാതെ, ഈ കുതന്ത്രങ്ങൾക്കെതിരെ കരുത്തുറ്റ ചെറുത്തുനിൽപ്പ് പടുത്തുയർത്തുക എന്നതാണ് ഇന്ന് ജനങ്ങളുടെ കർത്തവ്യം.

Share this post

scroll to top