കാർഷികവായ്പ എഴുതിത്തള്ളൽ കർഷക പ്രക്ഷോഭം: ലക്ഷ്യവേധിയായി മുന്നേറണം

473489-maha-farmer-copy.jpg
Share

കർഷകരെ കുടിയിറക്കി ബലമായി ഭൂമി പിടിച്ചെടുക്കുന്നതിനെതിരെ സിംഗൂറിലും നന്ദിഗ്രാമിലും നടന്ന വിജയംവരിച്ച പ്രക്ഷോഭമായിരുന്നു തുടക്കം. ഇപ്പോൾ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിലെ കർഷകർ പ്രക്ഷോഭത്തിലാണ്. കടങ്ങൾ എഴുതിത്തള്ളൽ, താങ്ങുവില, ജലസേചന സൗകര്യം, ചുരുങ്ങിയ വിലയ്ക്ക് വൈദ്യുതി-ഡീസൽ തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഗവണ്മെന്റുകളെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനുവേണ്ടിയാണ് സമരം. ചെപ്പടിവിദ്യകളുടെയും കപടവാഗ്ദാനങ്ങളുടെയും, ദുരിതമനുഭവിക്കുന്ന കർഷകരടക്കമുള്ള ജനങ്ങളുടെമേൽ സാമ്പത്തിക-രാഷ്ട്രീയ ആക്രമണങ്ങൾ നടത്തുന്നതിന്റെയുമൊക്കെ കാര്യത്തിൽ മുൻഗാമികളെ കടത്തിവെട്ടുന്ന ബിജെപി ഗവണ്മെന്റ് കർഷകരുടെ അസംതൃപ്തിയെ അവഗണിക്കുകയും അവരുടെ ആവശ്യങ്ങളോട് ഏറെക്കാലമായി കുറ്റകരമായ അനാസ്ഥ കാട്ടുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പൊറുതിമുട്ടിയ കർഷകർ പ്രക്ഷോഭത്തിന്റെ പാത സ്വീകരിച്ചപ്പോൾ അവരെ വെടിയുണ്ടകൾകൊണ്ട് നേരിടുന്ന സമീപനമാണ് സ്വീകരിച്ചത്.

കഴിഞ്ഞ ജൂൺ 6ന,് മദ്ധ്യപ്രദേശിലെ മന്ദ്‌സോറിൽ സമരംചെയ്ത 6 കർഷകരെയാണ് വെടിവച്ചുകൊന്നത്. നിരവധിപേർക്ക് പോലീസ് അതിക്രമത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. എരിതീയിൽ എണ്ണയൊഴിച്ച ഈ നടപടി സമരം ആളിപ്പടരാൻ ഇടയാക്കുകയും ഗവണ്മെന്റ് പിന്നോക്കം പോകാൻ നിർബ്ബന്ധിതമാകുകയും ചെയ്തു. സമരത്തിന്റെ സമ്മർദ്ദം മൂലം മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബിജെപി ഗവണ്മെന്റുകൾ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ തയ്യാറായി. എന്നാൽ, ഗവണ്മെന്റ് മുന്നോട്ടുവച്ചിരിക്കുന്ന ഉപാധികൾമൂലം നിർബന്ധമായും പ്രയോജനം ലഭിക്കേണ്ട ദരിദ്ര-ചെറുകിട കർഷകർക്ക് അത് ലഭിക്കുമോ എന്നകാര്യം സംശയമാണ്. എന്നുമാത്രമല്ല, ഈ തീരുമാനം വന്നയുടൻതന്നെ ഉദ്യോഗസ്ഥ പ്രമാണിമാരും മുതലാളിവർഗ്ഗ സേവകരായ സാമ്പത്തിക വിദഗ്ദ്ധരും കോളമെഴുത്തുകാരും ബാങ്ക് മേധാവികളുമൊക്കെ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു. ഇത് വളരെ മോശം നടപടിയാണെന്നും വലിയ ബാദ്ധ്യതയാകുമെന്നും സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വായ്പാ അച്ചടക്കത്തെ, അതായത് കൃത്യമായി വായ്പകൊടുത്ത് തിരിച്ചുപിടിക്കുന്ന രീതിയെ തകിടംമറിക്കുമെന്നും മോശം വായ്പാസംസ്‌കാരം വളർത്തുമെന്നും കേന്ദ്രത്തിലെ ബിജെപി ഗവണ്മെന്റിന്റെ മിതവ്യയ രീതിക്ക് ഭീഷണിയാകുമെന്നും പണപ്പെരുപ്പ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും പലിശനിരക്ക് കുറയ്ക്കാനുള്ള റിസർവ് ബാങ്കിന്റെ ശേഷി കുറയ്ക്കുമെന്നുമൊക്കെ അവർ വിലപിക്കാൻ തുടങ്ങി. ഗവണ്മെന്റിന്റെ ‘അനാവശ്യ’ മായ ഈ ‘ഔദാര്യം’ സമ്പദ്ഘടനയെ ‘അവതാള’ത്തിലാക്കുമെന്ന മുന്നറിയിപ്പ് മാത്രമല്ല, വായ്പ എഴുതിത്തള്ളുമെന്ന പ്രതീക്ഷയിൽ കർഷകർ ഗഡുക്കളടയ്ക്കാതിരിക്കുകയാണെന്ന് കുറ്റപ്പെടുത്തലുമുണ്ടായി. കർഷകർ കടംവാങ്ങി ആർഭാട ജീവിതം നയിക്കുകയാണെന്നും വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം ഒരു ചാപല്യമായിത്തീർന്നിട്ടുണ്ടെന്നുംവരെ ചില ഭാവനാസമ്പന്നർ തട്ടിമൂളിച്ചു. എന്നാൽ വൻകിട വ്യവസായികളുടെയും കാർഷിക ബിസിനസ്സുകാരുടെയും കാർഷിക മുതലാളിമാരുടെയുമൊക്കെ കടങ്ങൾ എഴുതിത്തള്ളുന്നതിൽ അവർ ഒരു തെറ്റും കണ്ടതുമില്ല. കർഷകർ നിവൃത്തികേടുകൊണ്ട് വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുമ്പോൾ അവരുടെ ഭൂമിയും വിളകളുമൊക്കെ ബലമായി പിടിച്ചെടുക്കുകയും അവരെ ആക്രമിക്കുകയും അതേസമയം വൻകിടക്കാർ വൻതുകകൾ കുടിശ്ശികവരുത്തുമ്പോൾ അവരോട് ഔദാര്യം കാണിക്കുകയും അവർക്ക് പുതിയ വായ്പകൾ നൽകുകയും ചെയ്യുന്നതിൽ യാതൊരു വിവേചനവും ഇവർ കാണുന്നുമില്ല. സമ്പദ്ഘടനയുടെ തകർച്ചയുടെ ഉത്തരവാദിത്വം കർഷകരുടെ തലയിൽ കെട്ടിവയ്ക്കുക എന്ന ഉദ്ദേശമാണിതിന് പിന്നിലെന്നുവേണം കരുതാൻ.

കർഷകരുടെ പരിതാപകരമായ സ്ഥിതി

ഗ്രാമീണ ഇന്ത്യയുടെ ചരിത്രമെന്താണ്? ജനസംഖ്യയുടെ മൂന്നിൽരണ്ടുഭാഗം അവിടെ അധിവസിക്കുന്നത് സുഖമായാണോ? അതോ അവർ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലുമാണോ കഴിഞ്ഞുകൂടുന്നത്? വലിപ്പവും തോതുമൊക്കെ വച്ചുനോക്കുമ്പോൾ കൃഷിയുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് അഞ്ചാം സ്ഥാനത്താണ്. എന്നാൽ, ഗ്രാമങ്ങളിലെ 95 ശതമാനം വരുന്ന കർഷകരുടെ കാര്യമെടുത്താൽ അവരുടെ സ്ഥിതി അതിദയനീയമാണ്. ചെറിയ തുണ്ടുഭൂമികൾ, ജലദൗർലഭ്യം, ജലസേചനത്തിന്റെ അഭാവം, മണ്ണിന്റെ ഗുണനിലവാരമിടിച്ചിൽ, കൃഷിച്ചെലവിലെ വർദ്ധന, കുറഞ്ഞ ഉല്പാദനക്ഷമത, ഉല്പന്നങ്ങളുടെ വിലയിടിവ്, കാലാവസ്ഥയിലെ അനിശ്ചിതത്വം, വരൾച്ചയും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതിക്ഷോഭങ്ങൾ, ഉദ്യോഗസ്ഥരുടെ അഴിമതി, കുറഞ്ഞ വിലയ്ക്ക് ഉല്പന്നങ്ങൾ വിൽക്കേണ്ട സ്ഥിതി, പെരുകുന്ന കടം, വർദ്ധിക്കുന്ന ആത്മഹത്യ എന്നിവയെല്ലാംകൂടി കർഷകരുടെ ജീവിതം താറുമാറാക്കുകയാണ്. പട്ടിണിയും ദാരിദ്ര്യവുംമൂലം കർഷകർ കൃഷിഭൂമി വിൽക്കാനോ തൽക്കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൃഷിഭൂമി പണയംവയ്ക്കാനോ നിർബന്ധിതരാകുന്നു. ഇങ്ങനെ നഷ്ടപ്പെടുന്ന ഭൂമിയെല്ലാം കാർഷിക രംഗത്തെ മുതലാളിമാരുടെ കൈകളിലെത്തുന്നു. ഇടത്തരം കർഷകർ ദരിദ്രകർഷകരായും ദരിദ്രകർഷകർ പങ്കുകൃഷിക്കാരോ പാട്ടകൃഷിക്കാരോ ആയും അവർ ഭൂരഹിത കർഷകരായും പിന്നീട് കർഷകത്തൊഴിലാളികളായും മാറ്റപ്പെടുന്നു. പണിയില്ലാതെ വരുമ്പോൾ ഇവർ മറ്റേതൊരു തൊഴിലും ചെയ്യാൻ നിർബ്ബന്ധിതരാകുന്നു. വിനാശകാരിയായ ആഗോളീകരണ നയങ്ങളുടെ വരവോടെ സാഹചര്യം അങ്ങേയറ്റം വഷളായി. പരാധീനതകളും സംഭരണസൗകര്യങ്ങളുടെ അഭാവവും അന്തർദ്ദേശീയ കമ്പോളത്തിൽനിന്നുള്ള മത്സരത്തെ നേരിടാനുള്ള കെല്പില്ലായ്മയും ഒക്കെ മൂലം നല്ലൊരു പങ്ക് കർഷകർ ഇങ്ങനെ തൊഴിലാളികളായി മാറുന്നു. ഇവർ തൊഴിലിനും നിലനിൽപിനും വേണ്ടി സംസ്ഥാനാതിർത്തികൾ താണ്ടിപ്പോലും അലഞ്ഞുതിരിയുന്നു. ഗ്രാമീണരിൽ പകുതിപ്പേർ ഭൂരഹിതരാണ്. ഇവരിൽ പകുതിയും മറ്റുജോലികൾ ചെയ്താണ് ജീവിതം തള്ളിനീക്കുന്നത്. കഠിനമായി അദ്ധ്വാനിക്കേണ്ടിവരുന്ന ഇവർക്ക് യാതൊരുവിധ തൊഴിൽ സുരക്ഷയോ അവകാശങ്ങളോ ഒന്നുമില്ല. വൻതോതിൽ കൃഷിഭൂമി സ്വകാര്യ സംരഭകരെ ഏൽപിച്ചുകൊടുക്കാൻ ഗവണ്മെന്റുകൾ ഉത്സാഹം കാണിക്കുന്നതുമൂലം ഇവർ വീടുംകുടിയും വിട്ട് പലായനം ചെയ്യേണ്ടിവരുന്നു. ആക്രി പെറുക്കിയും ഭിക്ഷ യാചിച്ചുമൊക്കെ അലഞ്ഞുതിരിയുന്ന ഇവർ ഫുട്പാത്തുകളിൽ അന്തിയുറങ്ങുകയും പട്ടിയെയും പൂച്ചയെയുമൊക്കെപ്പോലെ ചത്തൊടുങ്ങുകയും ചെയ്യുന്നു. സാമൂഹ്യ-സാമ്പത്തിക സ്ഥിതിവിവരക്കണക്ക് പറയുന്നത് ദിനംപ്രതി 2035 പേരാണ് ഇങ്ങനെ ‘കൃഷിക്കാര’ല്ലാതായിത്തീരുന്നതെന്നാണ്. ഗ്രാമീണ മേഖലയിൽ പകുതി കുടുംബങ്ങളും കൂലിപ്പണിയെടുത്താണ് കഴിഞ്ഞുകൂടുന്നത്. 4.08ലക്ഷം കുടുംബങ്ങൾ ആക്രി പെറുക്കി ജീവിക്കുമ്പോൾ 6.68ലക്ഷം ഭിക്ഷ യാചിച്ച് ജീവിക്കുന്നു. മറ്റെന്തെങ്കിലും തൊഴിലുകിട്ടിയാൽ കൃഷി ഉപേക്ഷിക്കാൻ തയ്യാറുള്ളവരാണ് 40 ശതമാനം കർഷകരും. പോഷകാഹാരം ലഭിക്കാത്തവരുടെയും പട്ടിണിക്കാരുടെയും എണ്ണത്തിൽ ഇന്ത്യയാണ് ഒന്നാമത്. പട്ടിണി കിടക്കുന്നവരുടെ എണ്ണം 19.5കോടിയാണ്. ഇവരിൽ നല്ലൊരു പങ്ക് ഗ്രാമീണ മേഖലയിലെ ദരിദ്രരും കൃഷിക്കാരുമാണ്. ദരിദ്ര കർഷകരും കൃഷിയോടൊപ്പം മറ്റ് തൊഴിലുകൾ ചെയ്യുന്നവരുമായ ആളുകൾ സാമ്പത്തികമായി തകർന്ന് തൊഴിലാളികളായി പരിവർത്തനം ചെയ്യപ്പെടുന്നതിന്റെ ചിത്രമിതാണ്. പരിതാപകരമായ സ്ഥിതിയിലേയ്ക്ക് പതിക്കുന്നതോടെ നിരാശരായി അത്മഹത്യ ചെയ്യുന്നവരും കുറവല്ല. ഇന്ത്യൻ കർഷകന്റെ ഈ ദയനീയ സ്ഥിതി അല്പമെങ്കിലും മനുഷ്യത്വമുള്ള ഏതൊരാളുടെയും കരളലിയിക്കുന്നതാണ്.

കർഷകർ കടക്കെണിയിൽ

കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ ജനങ്ങളുടെ കയ്യടി നേടാനായി കർഷകരെ നാടിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിച്ചുകൊണ്ട് വാനോളം പുകഴ്ത്തുന്നതല്ലാതെ അവരുടെ ജീവിതത്തിൽ എന്തെങ്കിലും അഭിവൃദ്ധിയുണ്ടാകാൻ ഉതകുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതാണ് സത്യം. ഭക്ഷ്യധാന്യങ്ങൾ വിളയിക്കുന്ന കർഷകർ സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷം ഏറ്റവും ദയനീയ സ്ഥിതിയിലെത്തിയിരിക്കുന്ന സന്ദർഭമാണിത്. വെറുതെ അധരവ്യായാമം നടത്തുന്ന ഗവണ്മെന്റുകൾക്കും ഭരണകക്ഷിനേതാക്കൾക്കും അവരുടെ സാമ്പത്തിക ഉപദേശകർക്കും കാർഷിക വിദഗ്ദ്ധർക്കുമൊന്നും കർഷകരനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ഒരു വേദനയുമില്ല. ജനങ്ങൾക്കുവേണ്ടി പലതും ചെയ്യുന്നതായി ബൂർഷ്വാ ഗവണ്മെന്റുകൾ വാദിക്കുന്നുണ്ട്. എന്നാൽ കർഷകരെ സംബന്ധിച്ചിടത്തോളം അവർ പാപ്പരാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നതുമാത്രമാണനുഭവം. കർഷകരുടെ ക്ഷേമത്തെക്കുറിച്ച് ഗവണ്മെന്റ് പറയുന്നത് ദരിദ്ര-ചെറുകിട കർഷകരെയോ പങ്കുകൃഷിക്കാരെയോ കർഷകത്തൊഴിലാളികളെയോ കുറിച്ചൊന്നുമല്ല. സമ്പന്ന കർഷകരും വൻതോതിൽ കൃഷിഭൂമി കൈവശം ഉള്ളവരുമൊക്കെ മാത്രമാണവരുടെ മനസ്സിലുള്ളത്. കാർഷിക വായ്പയുടെയൊക്കെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഭരിക്കുന്നത് ഏത് ബൂർഷ്വാപാർട്ടിയാണെങ്കിലും വാർഷിക ബജറ്റ് അവതരിപ്പിക്കുമ്പോൾ കർഷകരുടെ ക്ഷേമത്തിനുവേണ്ടി ആവിഷ്‌കരിക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ച് അവർ വാചാലരാകും. ഇപ്പോഴത്തെ ബിജെപി പ്രധാനമന്ത്രിയാകട്ടെ 2022 ആകുമ്പോഴേയ്ക്കും കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്നാണ് പറയുന്നത്. കാർഷികച്ചെലവിന്റെ 50 ശതമാനം ലാഭം കിട്ടത്തക്ക രീതിയിൽ കാർഷിക ഉല്പന്നങ്ങളുടെ താങ്ങുവില നൽകും എന്നാണ് ബിജെപി പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരുന്നത്. ഈ വാഗ്ദാനങ്ങളൊക്കെ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ലംഘിക്കാനുള്ളതാണെന്ന് കർഷകരും സാധാരണക്കാരുമൊക്കെ എത്രയോ നാളായി കണ്ടുകൊണ്ടിരിക്കുന്നു.

കാർഷിക വായ്പയ്ക്കായി നീക്കിവയ്ക്കുന്ന തുകയെക്കുറിച്ച് എല്ലാ ബജറ്റുകളിലും വാചകക്കസർത്ത് നടത്താറുണ്ട്. എന്നാൽ ഈ തുകയിൽ എത്രത്തോളം കർഷകർക്ക് വായ്പയായി നൽകി എന്നതിന്റെ കണക്ക് ഒരു ഗവണ്മെന്റും ജനങ്ങളോട് പറയാറില്ല എന്നുമാത്രമല്ല പാർലമെന്റിൽപോലും പറയാറില്ല. ഇതിന്റെ സിംഹഭാഗവും വൻകിടക്കാർ തട്ടിയെടുക്കുന്നു എന്നതുതന്നെ കാരണം. ദരിദ്ര കർഷകർക്ക് ലഭിക്കുന്നത് നിസ്സാര തുകകൾ മാത്രം. കാർഷികവായ്പ എന്നത് വ്യക്തിപരമായി ഓരോ കർഷകനും ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും മൈക്രോ ഫിനാൻസ് സംവിധാനം വഴിയും മറ്റും ലഭിക്കുന്ന വായ്പ മാത്രമല്ല. കോർപ്പറേറ്റ് കൃഷിക്കാർ, സഹകരണ കൃഷിസംഘങ്ങൾ, ഡെയറികൾ, മീൻവളർത്തൽ, കന്നുകാലി വളർത്തൽ, തേനീച്ച വളർത്തൽ, പട്ടുനൂൽപ്പുഴു വളർത്തൽ എന്നിവയ്ക്ക് ലഭിക്കുന്ന വായ്പയും ഇതിൽ ഉൾപ്പെടും. സംഭരണശാലകൾ, കമ്പോളസ്ഥലം, കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനും വായ്പ കിട്ടും. മണ്ണ് സംരക്ഷണം, തണ്ണീർത്തട വികസനം, വിത്തുല്പാദനം, ജൈവ കീടനാശിനി നിർമ്മാണം, ടിഷ്യൂ കൾച്ചർ എന്നിവയ്ക്ക് ലഭിക്കുന്ന വായ്പയും ഈ ഗണത്തിൽപെടും. ഇതുകൂടാതെ കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും വായ്പ നൽകുന്നുണ്ട്. അഗ്രോ-ബിസിനസ്, അഗ്രോ-ക്ലിനിക്, ഭക്ഷ്യ സംസ്‌കരണം, നിരവധി ട്രാക്ടറുകളും ബുൾഡോസറുകളുമൊക്കെയുള്ളവർ നടത്തുന്ന കസ്റ്റമർ കെയർ സെന്ററുകൾ എന്നിവയൊക്കെ ഇതിലുൾപ്പെടും. ഇതെല്ലാം ചേർത്താണ് കാർഷിക വായ്പയ്ക്ക് നീക്കിവച്ചിരിക്കുന്ന വിഹിതം അവതരിപ്പിക്കുന്നത്. വായ്പ ലഭിക്കാൻ ഒരു ദരിദ്ര കർഷകന് ഒരു ഹെക്ടർവരെ കൃഷിഭൂമിയും ചെറുകിട കർഷകന് 1 മുതൽ 2 ഹെക്ടർവരെ കൃഷിഭൂമിയും ഉണ്ടായിരിക്കണം. നിരവധി കടമ്പകൾ കടന്ന് വായ്പ തരപ്പെടുമ്പോൾ കയ്യിൽ കിട്ടുന്ന തുക 72,000 രൂപയാണ്. വൻകിട വ്യവസായികൾക്കും അഗ്രോ-ബിസിനസ്സുകാർക്കും 8 ശതമാനം പലിശ നിരക്കിൽ വായ്പ കിട്ടുമ്പോൾ കർഷകർക്ക് അത് 12 മുതൽ 15 ശതമാനം വരെയാണ്. പലപ്പോഴും ദരിദ്രരും ചെറുകിടക്കാരുമായ കർഷകരും കൈവേലക്കാരുമൊക്കെ ബാങ്ക് വായ്പ ലഭിക്കാതെ പണം പലിശയ്ക്ക് കൊടുക്കുന്നവരെ സമീപിക്കാൻ നിർബ്ബന്ധിതരാകുന്നു. ഇവരാകട്ടെ മാസം 24 ശതമാനംവരെ കൊള്ളപ്പലിശ ഈടാക്കുന്നു. ഇത്തരത്തിൽ അനൗദ്യോഗിക വായ്പ വാങ്ങുന്ന ദരിദ്ര-ചെറുകിട കർഷകരുടെ എണ്ണം 8 കോടി വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മറ്റൊരു 2.21 കോടി ആളുകൾ ബാങ്കുകളിലേയ്‌ക്കൊന്നും പോകാതെ പൂർണമായും വ്യക്തികളിൽനിന്നുള്ള വായ്പയെയാണ് ആശ്രയിക്കുന്നത്. ഇങ്ങനെയാണ് ദരിദ്രകർഷകർ കടക്കെണിയിലകപ്പെടുന്നത്.

എന്തുകൊണ്ടാണ് കർഷകർ
വായ്പാകുടിശ്ശിക വരുത്തുന്നത്?

എന്തുകൊണ്ടാണ് കർഷകർക്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ പോകുന്നത്? മനഃപൂർവ്വം അങ്ങനെ ചെയ്യുന്നതാണോ? അതോ അതിന് നിർബ്ബന്ധിതമാക്കുന്ന ഘടകങ്ങൾ എന്തെങ്കിലുമുണ്ടോ? വസ്തുതകളിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാൽ കാര്യം മനസ്സിലാകും. കൃഷി ചെയ്യണമെങ്കിൽ വിത്ത്, വളം, കീടനാശിനി, ഡീസൽ, ജലസേചനസൗകര്യം തുടങ്ങിയവയൊക്കെ വേണം. ഇതിന്റെയെല്ലാം വില കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച,് ആഗോളീകരണത്തിന്റെ ഭാഗമായി വൻകിട കുത്തകകൾക്ക് ഈ രംഗത്ത് പ്രവേശനം നൽകിയതിനുശേഷം. 2004-05 മുതൽ 2014-15 വരെയുള്ള കാലയളവിൽ മദ്ധ്യപ്രദേശിലെ ഗോതമ്പ് കർഷകർ ഒരു ഹെക്ടർ സ്ഥലത്ത് വിത്തിനും വളത്തിനും വേണ്ടി ചെലവഴിക്കുന്ന തുക ഇരട്ടിയായിട്ടുണ്ട്. വലിയ വിലകൊടുത്ത് പൊതുകമ്പോളത്തിൽനിന്ന് ഇതെല്ലാം വാങ്ങിക്കാൻ അവർ നിർബ്ബന്ധിതരായിത്തീരുന്നു. ഡീസലിന്റെയും വൈദ്യുതിയുടെയും വിലയും ഉയർന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിയുയർത്തിയ വൻകിട ഡാമുകളൊന്നും മതിയായ അളവിൽ വെള്ളം സംഭരിച്ചുവച്ച് ജലദൗർലഭ്യമുള്ള സ്ഥലങ്ങളിലേയ്‌ക്കെത്തിക്കാനോ വേനൽക്കാലത്ത് ഉപയോഗിക്കാനോ കഴിയാത്തതായിരിക്കുന്നു എന്നത് അമ്പരപ്പുളവാക്കുന്ന കാര്യമാണ്. പകരം മഴക്കാലത്ത് ഡാം തുറന്നുവിട്ട് വെള്ളപ്പൊക്കമുണ്ടാക്കി വിളനശിപ്പിച്ച് കർഷകരെ വലയ്ക്കുന്ന ഏർപ്പാടാണ് നടക്കുന്നത്. ഇതിനുപുറമെ വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കാലംതെറ്റിയുള്ള മഴ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾമൂലം വിളകൾ ഭാഗികമായും ചിലപ്പോൾ പൂർണമായും നശിക്കുന്ന സ്ഥിതിയുണ്ടാകും. ഉപഗ്രഹങ്ങളും മിസൈലുകളുമൊക്കെ വിക്ഷേപിച്ച് ഭരണാധികാരികൾ സാങ്കേതിക വികാസത്തെക്കുറിച്ച് വീമ്പിളക്കുമ്പോൾ കർഷകർ പ്രകൃതിക്ഷോഭങ്ങൾക്കുമുന്നിൽ നിസ്സഹായരായി നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. വന്യജീവിശല്യം, പകർച്ചവ്യാധികൾ, വികലമായ വിത്തുകൾ ഉപയോഗിക്കേണ്ടിവരുന്നതുവഴിയുള്ള വിളനാശം തുടങ്ങിയ വ്യാധികൾ വേറെയും.
സ്വാഭാവികമായും കർഷകർക്ക് സർക്കാരിൽനിന്ന് ആശ്വാസനടപടികൾ, നഷ്ടപരിഹാരം, ഇൻഷുറൻസ് തുടങ്ങി പല സഹായങ്ങളും ആവശ്യമായി വരും. ദീർഘകാലമായുള്ള ഈ ആവശ്യം സഫലമാക്കുന്നു എന്ന് കൊട്ടിഘോഷിച്ചുകൊണ്ടാണ് ബിജെപി ഗവണ്മെന്റ് ‘പ്രധാനമന്ത്രി ഫസൽ ബീമാ യോജന’ എന്ന പേരിൽ പുതിയൊരു പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കിയ ഒരു തട്ടിപ്പായിരുന്നു ഇതെന്ന് വളരെ പെട്ടെന്നുതന്നെ വ്യക്തമായി. വികലമായ പ്രവർത്തനങ്ങളും സങ്കീർണ്ണമായ നടപടിക്രമങ്ങളും വ്യാപകമായ അഴിമതിയും മൂലം, ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലാതായി. കർഷകർക്ക് ആശ്വാസമെത്തിക്കുന്നതിനുപകരം ആയിരക്കണക്കിന് കോടിരൂപ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ പണപ്പെട്ടിയിലെത്തിക്കാനുള്ള ഒരു മാർഗ്ഗമായി ഇത് പരിണമിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉല്പന്നങ്ങൾ സംഭരിക്കാൻ താങ്ങുവില പ്രഖ്യാപിക്കുന്ന പതിവുണ്ട്. ഇതിലും കൗശലങ്ങൾ ഏറെയാണ്. ഉദാഹരണത്തിന്, 23 ഇനങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്ന് കേന്ദ്രഗവണ്മെന്റ് പറഞ്ഞിട്ട് അരിക്കും ഗോതമ്പിനും മാത്രമാണ്, ഔദ്യോഗിക പ്രഖ്യാപനം വന്നത്. അതും ഏതാനും സംസ്ഥാനങ്ങളിൽ മാത്രം. 90 ശതമാനം കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല എന്നതാണ് സത്യം. കർഷകരുടെ രോഷം ശമിപ്പിക്കാനായി താങ്ങുവില ഉയർത്തിക്കൊണ്ട് കേന്ദ്രസർക്കാർ പ്രഖ്യാപനം വന്നു. 2017-18 വിളവെടുപ്പ് വർഷത്തിൽ ഭക്ഷ്യധാന്യങ്ങൾ, എണ്ണക്കുരുക്കൾ, പരുത്തി എന്നിവയുടെ കാര്യത്തിലായിരുന്നു വർദ്ധന. സംസ്ഥാനങ്ങളോട് ഈ ഉല്പന്നങ്ങൾ പരമാവധി സംഭരിച്ചുകൊണ്ട് കർഷകർ ഇവ കുറഞ്ഞവിലയ്ക്ക് പുറത്ത് വില്‌ക്കേണ്ട സ്ഥിതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പ്രഖ്യാപനം മാത്രംകൊണ്ട് കാര്യമില്ലെന്നും സംഭരണപ്രക്രിയ അടക്കിഭരിക്കുകയും കർഷകരുടെമേൽ അധീശത്വം പുലർത്തുകയും ചെയ്യുന്ന ഗൂഢസംഘത്തെ ഇല്ലായ്മ ചെയ്യാതെ യാതൊരു പ്രയോജനവും ഉണ്ടാകുകയില്ലെന്നും കർഷകർക്ക് നന്നായറിയാം. അങ്ങേയറ്റം അഴിമതിക്കാരായ പ്രാദേശിക ദല്ലാളന്മാർ, പഞ്ചായത്ത് ഉദ്യോഗസ്ഥന്മാർ, പൂഴ്ത്തിവയ്പുകാർ, ഇടനിലക്കാർ, ഭരണകക്ഷി പ്രമാണിമാർ, കാർഷിക മുതലാളിമാർ, ബഹുരാഷ്ട്ര കമ്പനികൾ എന്നിവരൊക്കെ ചേർന്നാണ് ഈ മേഖലയെ നിയന്ത്രിക്കുന്നത്. സർക്കാർ സംവിധാനത്തിന്റെ അറിവോടെയാണ് ഇവർ കാര്യങ്ങൾ ചെയ്യുന്നത്. കർഷകരിൽനിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് ഇവർ ഉല്പന്നങ്ങൾ ശേഖരിച്ച് പൂഴ്ത്തിവയ്ക്കുന്നു. എന്നിട്ട് മൊത്തക്കച്ചവടക്കാർക്ക് കൂടിയ വിലയ്ക്ക് വില്ക്കുന്നു. ഇങ്ങനെ ഇടനിലക്കാരുടെയെല്ലാം വീതമെടുപ്പ് കഴിഞ്ഞ് ഉല്പന്നം ഉപഭോക്താവിലെത്തുമ്പോൾ അയാൾ കൊടുക്കേണ്ടിവരുന്ന വിലയും കർഷകർക്ക് ഉല്പന്നങ്ങൾക്ക് ലഭിക്കുന്ന വിലയും തമ്മിൽ വലിയ അന്തരമുണ്ടായിരിക്കും. വിളവെടുപ്പ് മെച്ചപ്പെടുന്ന സന്ദർഭത്തിൽ ഈ ഗൂഢസംഘത്തിന്റെ ഇടപെടൽമൂലം വില ഇടിയുകയും കർഷകരുടെ വരുമാനം ഗണ്യമായി കുറയുകയും ചെയ്യും. ബൂർഷ്വ-പെറ്റിബൂർഷ്വാ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നവരാണ് ഈ സംഘത്തിൽപ്പെട്ടവരെന്നതുകൊണ്ടുതന്നെ ഒരു ഗവണ്മെന്റും ഈ സ്ഥിതിക്ക് ഒരു മാറ്റവുമുണ്ടാക്കാൻ ശ്രമിക്കുന്നില്ല. അങ്ങനെ പാവം കർഷകർ ഇവരുടെ വമ്പൻ ചൂഷണത്തിനിരയായി ഒടുങ്ങുന്നു.

അവശ്യസാധനങ്ങളുടെ ഭീകരമായ വിലക്കയറ്റവും റേഷൻ സംവിധാനത്തിന്റെ തകർച്ചയും കൂടിയാകുമ്പോൾ സ്ഥിതി ഗുരുതരമാകുന്നു. മുതലാളിത്ത ചൂഷണം വിലക്കയറ്റത്തിൽ മാത്രം ഒതുങ്ങുന്നില്ല. അത് എല്ലാ രംഗത്തും വ്യാപിച്ചുകിടക്കുന്നു. തന്മൂലം പാവങ്ങളും ദരിദ്രരും പാപ്പരാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അവരുടെ ക്രയശേഷി നെല്ലിപ്പലകയിലെത്തുന്നു. ജീവിച്ചുപോകാൻ വേണ്ടിയുള്ള ദരിദ്രന്റെ വിലാപങ്ങൾ എങ്ങും മാറ്റൊലിക്കൊള്ളുകയാണ്. രക്തവും മാംസവും നഷ്ടപ്പെട്ട് സമൂഹം എല്ലുംതോലുമായിരിക്കുന്നു. ഇത്തരമൊരു ഗതികെട്ട അവസ്ഥയിലാണ് കർഷകർ വായ്പാകുടിശ്ശിക വരുത്തുന്നത്. ജീവിതത്തിനും മരണത്തിനുമിടയിൽ അനാഥ പ്രേതങ്ങളായി അലയുന്ന കർഷകർ മനഃപൂർവ്വം വായ്പ തിരിച്ചടയ്ക്കാത്തതാണെന്ന് പറഞ്ഞ് സത്യം മറച്ചുപിടിക്കാൻ, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ക്രൂരന്മാർക്കും വക്രബുദ്ധികൾക്കും ചാരുകസേര പണ്ഡിതന്മാർക്കും മാത്രമേ കഴിയൂ.

പെരുകുന്ന കർഷക ആത്മഹത്യയും
മനുഷ്യത്വരഹിതമായ മുതലാളിത്ത രാഷ്ട്രീയവും

ദീർഘകാലത്തെ പട്ടിണിയും വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിലെ അപമാന ഭാരവും മാനസിക സംഘർഷവുമൊക്കെ താങ്ങാനാകാതെ ഒരുപാട് കർഷകർ ആത്മഹത്യ ചെയ്യുന്നു എന്നതാണ് ഏറ്റവും ഹൃദയഭേദകമായ കാര്യം. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനുള്ളിൽ 3.5 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇത് 26 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 2017 ജൂൺ മാസത്തെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മദ്ധ്യപ്രദേശിൽ 5 പേർ ആത്മഹത്യ ചെയ്തു. ഈ കാലയളവിൽ ഉത്തർപ്രദേശിലും 5 കർഷകർ ജീവനൊടുക്കി. ഉത്തരാഖണ്ഡിലും 50 വയസ്സുള്ള ഒരു കൃഷിക്കാരൻ ആത്മഹത്യ ചെയ്തു. കുടുംബാംഗങ്ങൾ പട്ടിണികിടക്കുന്നതുകണ്ട് സഹിക്കാനാവാതെയാണ് ഒരാൾ അത്മഹത്യയെ അഭയം പ്രാപിക്കുന്നത്. പിടിച്ചുനിൽക്കാൻ ഒരുപായവും കാണാതെ വരുമ്പോഴാണ് കടുത്ത മനോവ്യഥയോടെ ഇത്തരമൊരു കടുത്ത തീരുമാനം ഒരാൾ എടുക്കുക.
എന്നാൽ, ആത്മവഞ്ചകരും കുബുദ്ധികളും നികൃഷ്ടരും അപരാധികളുമായ ബൂർഷ്വാ രാഷ്ട്രീയക്കാർക്കും അവരുടെ ചെരുപ്പ് നക്കികൾക്കും, ഇത്തരത്തിലൊരു ദുരന്തത്തെ, മദ്യപാനം, കുടുംബപ്രശ്‌നങ്ങൾ, രോഗം, സ്ത്രീധനം, മയക്കുമരുന്ന്, പ്രേമം, വന്ധ്യത എന്നിവയൊക്കെ മൂലമെന്ന് വ്യാഖ്യാനിക്കാൻ യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. പൈശാചികമായ മുതലാളിത്ത ചൂഷണവാഴ്ചയെ സംരക്ഷിക്കാനായി സത്യം മൂടിവയ്ക്കാൻ ഇവർ എത്രത്തോളം അധഃപതിക്കുന്നു എന്നാണിത് കാണിക്കുന്നത്.

വായ്പ എഴുതിത്തള്ളണമെന്ന
ന്യായമായ ഡിമാന്റ്

ജീവിത ദുരിതങ്ങളാണ് വായ്പ തിരിച്ചടവ് മുടക്കാൻ കർഷകരെ നിർബ്ബന്ധിതരാക്കുന്നതെന്ന് മേല്പറഞ്ഞ കാര്യങ്ങളിൽനിന്ന് വ്യക്തമാണല്ലോ. അപ്പോൾ, വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം അന്യായമാണോ? ഇവിടെ, പഴഞ്ചൻ ബൂർഷ്വാ സാമ്പത്തിക ശാസ്ത്ര പണ്ഡിത ശിരോമണികളോട് എളിമയോടെ ഞങ്ങളൊരു കാര്യം ചോദിക്കട്ടെ: കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വൻകിട വ്യവസായികളുടെയും ബിസിനസ്സുകാരുടെയും കുത്തകകളുടെയുമൊക്കെ ലക്ഷക്കണക്കിന് കോടിവരുന്ന ബാങ്ക് വായ്പകൾ കിട്ടാക്കടമെന്നുപറഞ്ഞ് എഴുതിത്തള്ളുകയും അവർക്ക് 50 ലക്ഷം കോടിയുടെ നികുതിയിളവുകൾ കൊടുക്കുകയുമൊക്കെ ചെയ്തതുവഴി സമ്പദ്ഘടനയ്ക്ക് എന്ത് നേട്ടമാണുണ്ടായത്? സുപ്രീംകോടതി പറഞ്ഞിട്ടുപോലും ഈ കിട്ടാക്കടക്കാരുടെ പേര് വെളിപ്പെടുത്താൻ, ‘സമ്പദ്ഘടനയുടെ താല്പര്യം’ സംരക്ഷിക്കാനെന്നുപറഞ്ഞ് റിസർവ് ബാങ്ക് തയ്യാറാകാതിരിക്കുന്നതെന്തുകൊണ്ട്? വൻകിട ടെലികോം കമ്പനികൾ സ്‌പെക്ട്രം വാങ്ങിയതുവഴി കേന്ദ്രഗവണ്മെന്റിന് നൽകാനുള്ള 3 ലക്ഷം കോടി രൂപ എന്തുകൊണ്ടാണ് വാങ്ങിച്ചെടുക്കാത്തത്? ”രാജ്യത്തിന്റെ സാമ്പത്തിക താല്പര്യം” എന്നുപറഞ്ഞാൽ ഒരുപിടി വരുന്ന വമ്പന്മാർ പൊതുമുതൽ കൊള്ളയടിക്കുകയും പൊതുഖജനാവിൽനിന്ന് പണം അപഹരിക്കുകയും ചെയ്യുന്നതാണ് എന്നല്ലേ ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്? എന്നാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്ന കാര്യം വരുമ്പോൾ മാത്രം അത് സമ്പദ്ഘടനയ്ക്ക് ആഘാതമേല്പിക്കുന്ന നടപടിയാകും. ഭയങ്കരംതന്നെ! ഔദാര്യംമൂലം കടങ്ങൾ എഴുതിത്തള്ളുമെന്ന സ്ഥിതി മുതലെടുക്കുകയാണ് കർഷകർ എന്നുപറയുന്നവർ ഒന്നുകിൽ ഒട്ടുംതന്നെ യാഥാർത്ഥ്യബോധമില്ലാത്തവരാണ് അല്ലെങ്കിൽ പാണ്ഡിത്യ പ്രകടനത്തിന്റെ മറയിൽ ആ അസംബന്ധം എഴുന്നള്ളിക്കാൻ നിയോഗിക്കപ്പെട്ടവരാണ്. വായ്പ എഴുതിത്തള്ളണമെന്ന കർഷകരുടെ ആവശ്യം നിലനിൽപ്പിനുവേണ്ടിയുള്ള മുറവിളിയാണ്. മുതലാളിത്ത ഇന്ത്യയിൽ അതിസമ്പന്നർക്കും കോർപ്പറേറ്റുകൾക്കുമൊക്കെ കിട്ടുന്ന പ്രത്യേക പരിഗണനയോ ഔദാര്യമോ ഒന്നും വേണമെന്ന് കർഷകർ ആഗ്രഹിക്കുന്നില്ല. മുതലാളിവർഗ്ഗത്തെയും അവരുടെ പിണിയാളുകളെയുംപോലെ മറ്റുള്ളവരെ വഞ്ചിക്കാൻ തന്ത്രം മെനയുന്നവരും മറ്റുള്ളവരുടെ ദുരിതങ്ങളിൽ നിന്ന് മുതലെടുക്കുന്നവരും നുണയും വഞ്ചനയും കാട്ടി സത്യം മറച്ചുവയ്ക്കുന്നവരുമൊന്നുമല്ല കർഷകർ.
വായ്പ എഴുതിത്തള്ളുന്നത് പരിമിതമായ തോതിലും ഉപാധികളോടെയും
സമരത്തിന്റെ സമ്മർദ്ദംമൂലം ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ തീരുമാനിച്ചിട്ടുണ്ട്. ”കർഷക സൗഹൃദ”ക്കാരും ‘ഉദാരമതികളു’മൊക്കെ ആണെന്ന് ഭാവിച്ച് വായ്പ എഴുതിത്തള്ളുന്നതിൽ മത്സരിക്കുകയാണ് പല ഗവണ്മെന്റുകളും. എന്നാൽ കൊട്ടിഘോഷിക്കുന്ന ഈ എഴുതിത്തള്ളലിൽ പതിയിരിക്കുന്ന ചതിക്കുഴികൾ അല്പമൊന്ന് ശ്രദ്ധിച്ചാൽ കണ്ടെത്താൻ കഴിയും. ഇന്ത്യയിലെ ദരിദ്ര-ചെറുകിട കർഷകരിൽ മൂന്നിലൊന്നിനാണ് വായ്പ എഴുതിത്തള്ളലിന്റെ ആനുകൂല്യം ലഭിക്കുക. അതായത് എട്ട് സംസ്ഥാനങ്ങളിലായി വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം ഉന്നയിക്കുന്ന 3കോടി 28ലക്ഷം കർഷകരിൽ ഒരു കോടി 6 ലക്ഷത്തിനുമാത്രമാണ് ഈ ആനുകൂല്യത്തിന് യോഗ്യതയുണ്ടാവുക. ഈ എഴുതിത്തള്ളലാകട്ടെ ഉപാധികളോടെയാണുതാനും. എല്ലാ വിഭാഗം വായ്പകൾക്കും ഇളവുകിട്ടില്ല. അതുപോലെ തുകയ്ക്കും പരിധിയുണ്ടാകും. അഴിമതിക്കാരായ ബാങ്ക് ഉദ്യോഗസ്ഥരും ഇടനിലക്കാരുംകൂടി ചേർന്ന് ജപ്തി ഒഴിവാക്കി, വായ്പ പുതുക്കി കമ്മീഷൻ കൈപ്പറ്റുന്ന സ്ഥിതിയുമുണ്ട്. ഇങ്ങനെ പുതുക്കിയ നല്ലൊരു പങ്ക് വായ്പകൾക്കും എഴുതിത്തള്ളലിന്റെ ആനുകൂല്യം ലഭിക്കില്ല. അപേക്ഷകരുടെ എണ്ണവും നൂലാമാലകളുമെല്ലാം പരിഗണിക്കുമ്പോൾ വെറും 10 ശതമാനത്തിന് മാത്രമേ പ്രയോജനം ലഭിക്കാനിടയുള്ളൂ. എഴുതിത്തള്ളൽ നീട്ടിക്കൊണ്ടുപോകുന്ന അടവും പയറ്റുന്നുണ്ട്. വിതയ്ക്കാനുള്ള സമയം അടുത്തുവരുമ്പോഴും വായ്പ എഴുതിത്തള്ളുമോ, എങ്കിൽ എന്ന് തുടങ്ങിയ കാര്യങ്ങളിലൊക്കെയുള്ള അനിശ്ചിതത്വം നിലനിൽക്കുകയാണ്. അടുത്ത കൃഷിയിറക്കാനുള്ള പണത്തിന്റെ കാര്യത്തിലും അവർ ആശങ്കയിലാണ്. ചുരുക്കത്തിൽ, ഈ ആനുകൂല്യത്തിന്റെ പ്രയോജനം പരമാവധി വെട്ടിച്ചുരുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നത്.

പ്രതിസന്ധിഗ്രസ്തമായ
മുതലാളിത്തവ്യവസ്ഥ കർഷകരെ
കടബാദ്ധ്യതക്കാരാക്കുന്നു

കടം എഴുതിത്തള്ളുന്നതുകൊണ്ടല്ല മുതലാളിത്ത വ്യവസ്ഥ പ്രതിസന്ധിയിലാകുന്നത്. അത് ആ വ്യവസ്ഥയുടെ സഹജസ്വഭാവമാണ്. രൂക്ഷമായിക്കൊണ്ടിരിക്കുന്നതും അപരിഹാര്യവുമായ ഈ പ്രതിസന്ധിമൂലം മുതലാളിത്തം അതിന്റെതന്നെ ശവക്കുഴിതോണ്ടുന്നു. വേദനസംഹാരികൾ കൊണ്ടോ ചെപ്പടിവിദ്യകൾ കൊണ്ടോ ഒന്നും പരിഹരിക്കാൻ കഴിയുന്നതല്ല ഈ പ്രതിസന്ധി. പെരുകുന്ന തൊഴിലില്ലായ്മ, തൊഴിൽനഷ്ടം, രൂക്ഷമായ വിലക്കയറ്റം, കടുത്ത ദാരിദ്ര്യം, പട്ടിണി, സർവ്വവ്യാപിയായ അഴിമതി, ജീർണ്ണിച്ച സംസ്‌കാരം, മനുഷ്യത്വമില്ലായ്മ, അരക്ഷിതത്വം തുടങ്ങിയവയൊക്കെയാണ് പ്രതിസന്ധിഗ്രസ്തവും മരണാസന്നവുമായ മുതലാളിത്ത വ്യവസ്ഥ സമ്മാനിക്കുന്നത്. അദ്ധ്വാനിച്ച് ജീവിക്കുന്ന മറ്റു ജനവിഭാഗങ്ങളെപ്പോലെതന്നെ കർഷകരും മുതലാളിത്തവ്യവസ്ഥയുടെ ചൂഷണത്തിനും മർദ്ദനത്തിനും ഇരയായിക്കൊണ്ടിരിക്കുകയാണ്. ഒരുപിടി മുതലാളിമാരുടെ കൊള്ളമുതൽ പെരുക്കുന്ന ഈ വ്യവസ്ഥ സാധാരണ ജനങ്ങളുടെയാകെ ദുരിതങ്ങൾ പെരുക്കിക്കൊണ്ടിരിക്കുന്നു.
ഈ വ്യവസ്ഥ തന്നെയാണ് കർഷകരെ കടബാദ്ധ്യതക്കാരാക്കുന്നതും, വിപ്ലവത്തിലൂടെ ഈ വ്യവസ്ഥയെ തൂത്തെറിയുന്നതുവരെ കർഷകർക്ക് ഒരാശ്വാസവും ലഭിക്കില്ല. അത് നേടിയെടുക്കുന്നതുവരെ കടം എഴുതിത്തള്ളണമെന്ന കർഷകരുടെ ആവശ്യവും അതിനുവേണ്ടിയുള്ള സമരങ്ങളും തികച്ചും ന്യായമാണ്. ചൂഷിത ജനത എന്തിനാണ് മുതലാളിത്തവ്യവസ്ഥയുടെ പ്രതിസന്ധിയുടെ ഭാരം പേറുന്നത്? അതുകൊണ്ടുതന്നെ ഭരണ മുതലാളിവർഗ്ഗവും അവർക്ക് വിടുപണി ചെയ്യുന്ന ഗവണ്മെന്റുകളും കൈക്കൊള്ളുന്ന വിനാശകരമായ നടപടികൾക്കെതിരായ കർഷകരുടെ പ്രക്ഷോഭങ്ങൾ തീർത്തും ന്യായമാണ്.

കർഷകരുടെ കടമ

കടം എഴുതിത്തള്ളണമെന്നും താങ്ങുവില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർത്തിയ പ്രതിഷേധം, ശക്തവും സംഘടിതവുമായ ഒരു കർഷക പ്രക്ഷോഭം വളർത്തിയെടുക്കാൻ ഉതകുന്ന ഒരു പുതിയ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. നിരാശയുടെയും വിധിവാദത്തിന്റെയുമൊക്കെ ബന്ധനങ്ങളിൽനിന്നും പുറത്തുകടക്കാൻ അവരെ സഹായിക്കുകയും ആത്മഹത്യപോലുള്ള അതിരുകടന്ന നടപടികൾ സ്വീകരിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയും ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി പോരാട്ടത്തിന്റെ പാത സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. പുരോഗമന കർഷക സംഘടനകളെല്ലാം ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഒന്നിച്ചുനിൽക്കുകയും സമരം ശക്തിപ്പെടുത്തുകയും ഇനിയൊരു കർഷകനും കടബാദ്ധ്യതയുടെ പേരിൽ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാക്കുകയും വേണം. ഇനിയും ലഭിക്കാത്ത കാര്യങ്ങൾ മാത്രം ഉന്നയിച്ചാൽ പോര, അനുവദിച്ചുകിട്ടിയ കാര്യങ്ങൾ പര്യാപ്തമായ അളവിൽ, സമയബന്ധിതമായി നടപ്പിലാക്കുന്നു എന്നുറപ്പാക്കുകയും വേണം. കർഷകസമരത്തോട് അനുഭാവം പുലർത്തുന്ന ഹൃദയാലുക്കളായ ഏതൊരാളും അവരവർക്ക് കഴിയുംവിധം ഈ പ്രക്ഷോഭത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കണം. സമരത്തിനുനേരെയുണ്ടാകുന്ന ഏതൊരാക്രമണത്തെയും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവും സമരംചെയ്യുന്ന കർഷകർ നേടിയെടുക്കേണ്ടതുണ്ട്. ഏതൊരു പ്രതികൂല സാഹചര്യത്തിലും താൽക്കാലികമായ തിരിച്ചടികളിലും പതറാതെ, ദീർഘവും അചഞ്ചലവുമായ സമരത്തിനുള്ള മാനസികാവസ്ഥയും വികസിപ്പിച്ചെടുക്കണം. സമരം ശരിയായ പാതയിലൂടെയാണ് മുന്നേറുന്നതെന്നുറപ്പാക്കണമെങ്കിൽ സമരത്തിന്റെ നേതൃത്വം ബൂർഷ്വാ-പെറ്റിബൂർഷ്വാ പാർട്ടികളുടെ കൈകളിലെത്താതെ നോക്കേണ്ട ഉത്തരവാദിത്വവും കർഷകർക്കുണ്ട്. നേതൃത്വം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇടുങ്ങിയ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി സന്ധിയിലേർപ്പെടുകയോ സമരത്തെ പിന്നിൽനിന്ന് കുത്തുകയോ ചെയ്യാത്ത, സമരം പാതിവഴിക്ക് ഉപേക്ഷിക്കാത്ത, അധികാരത്തിനോ സമ്പത്തിനോ വേണ്ടിയുള്ള സ്ഥാപിത താൽപര്യങ്ങൾക്കുമുന്നിൽ സ്വയം അടിയറ വയ്ക്കാത്ത, യഥാർത്ഥ വിപ്ലവനേതൃത്വത്തെ കണ്ടെത്താനും സമരംചെയ്യുന്ന കർഷകർക്ക് കഴിയണം. കർഷകരുടെ ന്യായമായ ഈ സമരത്തോടൊപ്പം ഉറച്ചുനിൽക്കാനും ഐക്യം ഊട്ടിയുറപ്പിച്ചും രാഷ്ട്രീയ ധാരണയുയർത്തിയും സമരത്തെ ശക്തിപ്പെടുത്താനും ലക്ഷ്യം നേടിയെടുക്കുന്നതുവരെ മുന്നോട്ടുകൊണ്ടുപോകാനും എസ്‌യൂസിഐ(സി)യും അതിന്റെ കർഷകസംഘടനയായ എഐകെകെഎംഎസും പ്രതിജ്ഞാബദ്ധമാണ്.

Share this post

scroll to top