ഭയാനകമായ ക്ഷാമം ആഫ്രോ-ഏഷ്യൻ രാഷ്ട്രങ്ങളെ ഗ്രസിക്കുന്നു

poverty-in-africa.jpg
Share

സാമ്രാജ്യത്വം സൃഷ്ടിച്ചതും വർഷങ്ങളായി തുടരുന്നതുമായ യുദ്ധങ്ങൾ, ഭയാനകമായ ദാരിദ്ര്യം, കഠിനമായ വരൾച്ച എന്നിവ ആഫ്രിക്കയുടെയും പശ്ചിമേഷ്യയുടെയും വിശാലമായ പ്രദേശത്തെ രണ്ടുകോടിയിലധികം വരുന്ന ജനങ്ങളെ ക്ഷാമത്തിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നു. നൈജീരിയയിലെ 20 ലക്ഷം പേരും സോമാലിയയിലെ 30 ലക്ഷം പേരും സുഡാനിലെ 50 ലക്ഷം പേരും യെമനിലെ 140 ലക്ഷം പേരും പട്ടിണി മരണത്തെ തുറിച്ചുനോക്കുന്നു. 14 ലക്ഷത്തിലേറെ കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് കാരണം ആസന്നമായ മരണത്തെ മുഖാമുഖം കാണുന്നു.

‘ചരിത്രത്തിന്റെ നിർണ്ണായകമായൊരു സന്ധിയിലാണ് നാം നിൽക്കുന്നത്. ഞാൻ കണ്ടതും കേട്ടതും അസ്വസ്ഥമാക്കുന്ന കാര്യങ്ങളാണ്. സ്ത്രീകളും കുട്ടികളും ആഹാരവും വെള്ളവും അന്വേഷിച്ച് ആഴ്ചകളായി നടക്കുന്നു. അവർക്ക് അവരുടെ കന്നുകാലികളെ നഷ്ടപ്പെട്ടു. ജലസ്രോതസ്സുകൾ വറ്റിവരണ്ടു. ജീവിതം നിലനിർത്താനായി ഒന്നും അവശേഷിച്ചില്ല. കൂട്ടായ, സംയോജിതമായ ആഗോള പരിശ്രമമില്ലെങ്കിൽ ഈ ജനങ്ങൾ തീർച്ചയായും പട്ടിണി കിടന്ന് മരിച്ചു പോകും.’ ഐക്യരാഷ്ട്രസഭയുടെ ജീവകാരുണ്യ സംഘടനയുടെ തലവൻ സ്റ്റീഫൻ ഓബ്രിയൻ തന്റെ കൗൺസിൽ അംഗങ്ങളോടാണ് ഇപ്രകാരം പറഞ്ഞത്.

അസ്ഥി മാത്രമായ മനുഷ്യജീവനുകൾ ഭക്ഷണത്തിന് വേണ്ടി നിലവിളിക്കുന്ന കഠോരമായ ചിത്രങ്ങൾ, നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ജെറ്റ്-ഡിജിറ്റൽ യുഗത്തിലാണോ ജീവിക്കുന്നതെന്ന് സംശയം ജനിപ്പിക്കുന്നവയാണ്. മദ്ധ്യകാലത്തെ കിരാതത്വത്തിൽ പോലും ഇവ്വിധത്തിൽ മനുഷ്യൻ പട്ടിണികിടന്ന് മരിച്ചിട്ടുണ്ടാവില്ല. പക്ഷെ, എന്തുകൊണ്ടാണീ മരണഘോഷയാത്ര? പ്രകൃതി വിഭവങ്ങളുടെ കുറവു കൊണ്ടോ പ്രകൃതി ദുരന്തങ്ങളാലോ ആണോ ഇത്? വസ്തുതകൾ നേർ വിപരീതമാണ്. യുഎസ് സാമ്രാജ്യത്വം നേതൃത്വം കൊടുക്കുന്ന അധികാരാർത്തിപൂണ്ട സാമ്രാജ്യത്വ ശക്തികൾ ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ് ഈ മാരകമായ സാഹചര്യം. ഒരോരോ രാജ്യങ്ങളായി നമുക്ക് പരിശോധിക്കാം.

യെമൻ

അറബ് ലോകത്തെ ഏറ്റവും ദരിദ്രമായ യെമനിലെ സാഹചര്യം അതിദാരുണവും അപകടകരവുമായ അവസ്ഥയിലാണ്. അവിടെ നടക്കുന്നതെന്തെന്ന് പുറം ലോകമറിയുന്നില്ല. ലോകത്തിലെ ഏറ്റവും ദാരുണമായ ജീവകാരുണ്യ പ്രതിസന്ധിയാണ് യെമൻ നേരിടുന്നത്. ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗം അഥവാ 190 ലക്ഷം ജനങ്ങൾക്ക് അടിയന്തര സഹായം ആവശ്യമായി വന്നിരിക്കുന്നു. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾ ദീർഘകാലമായി യെമനെ നോട്ടമിട്ടിരിക്കുകയായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ നല്ലൊരു പങ്കും യെമൻ രണ്ടു രാജ്യങ്ങളായാണ് നിലനിന്നത്.

വടക്ക് യെമൻ അറബ് റിപ്പബ്ലിക്കും തെക്ക് പീപ്പിൾസ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഫോർ യമനും. 1967 വരെയും ആദൻ എന്ന് വിളിക്കപ്പെട്ടിരുന്ന ദക്ഷിണ യമൻ ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു എന്നത് അവിശ്വസനീയം തന്നെ. സ്വാതന്ത്ര്യാനന്തരം ഇവിടെ നിലവിൽ വന്ന ഇടതുപക്ഷ ഗവണ്മെന്റ് സ്ത്രീകൾക്ക് വിദ്യാഭ്യാസാവകാശം ഏർപ്പെടുത്തിയതുൾപ്പെടെ പല പരിഷ്‌ക്കാരങ്ങളും നടപ്പിലാക്കി. സോവിയറ്റ് യൂണിയന്റെ പതനത്തെത്തുടർന്ന് ദക്ഷിണ യെമൻ ഉത്തര യെമനോട് കൂടിച്ചേരാൻ നിർബ്ബന്ധിതമായി. സൗദി അറേബ്യയുടെ സ്വാധീനത്തിലുള്ളതും അമേരിക്കൻ പിന്തുണയുള്ള ക്രൂരനായ സ്വേച്ഛാധിപതി അലി അബ്ദുള്ള സാലെയുടെ നേതൃത്വത്തിലുള്ളതുമായ ഒരു വലതുപക്ഷ രാഷ്ട്രമായിരുന്നു അത്. അങ്ങനെ റിപ്പബ്ലിക് ഓഫ് യമൻ നിലവിൽ വന്നു. ലോകത്തെ ഒട്ടുമിക്ക എണ്ണക്കപ്പലുകളും സഞ്ചരിച്ചിരിക്കുന്ന ആദൻ കടലിടുക്കും ചെങ്കടലും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു എന്നതിനാൽ യെമന് വലിയ തന്ത്രപ്രാധാന്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കൻ പിന്തുണയുള്ള സൗദീ ഭരണകൂടം യെമന്റെ മേലുള്ള നിയന്ത്രണം നിലനിർത്താൻ എപ്പോഴും പരിശ്രമിക്കുന്നു.
‘അറബ് വസന്ത’കാലത്ത്, 2011 ൽ സാലെ പുറത്താക്കപ്പെടുകയും ആബെദ് റബ്ബോ മൻസൂർ ഹാദി പ്രസിഡന്റാകുകയും ചെയ്തു. എന്നാൽ ഹാദിയും അമേരിക്കൻ ആജ്ഞാനുസരണം ഭരിക്കുകയും പെന്റഗണിന്റെ സൈനിക സന്നാഹങ്ങൾക്കും അട്ടിമറി പ്രവർത്തനങ്ങൾക്കുമൊക്കെയുള്ള താവളമായി യെമൻ തുടരുകയും ചെയ്തു. ഇതിൽ അസംതൃപ്തരായ യെമൻ ജനത പ്രതിഷേധിക്കാൻ തുടങ്ങി. ഈ അസംതൃപ്തി ഉപയോഗപ്പെടുത്തിയ ഹൗതി റിബലുകൾ സൗദി വിരുദ്ധ നിലപാടെടുക്കുകയും ഹാദിയുടെ മന്ത്രിസഭ രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച് പ്രക്ഷോഭമാരംഭിക്കുകയും ചെയ്തു. ഇവർ അധികാരം പിടിച്ചാൽ ജലപാതയിലൂടെയുള്ള എണ്ണ കടത്തിനെ ബാധിക്കുമെന്ന് ഭയന്ന സൗദി അറേബ്യയുടെയും സഖ്യരാജ്യങ്ങളുടെയും അനുമതിയോടെ, ഹൗതി റിബലുകളെ നിർവ്വീര്യമാക്കാനായി അമേരിക്ക യെമന്റെ മേൽ ബോംബുകൾ വർഷിക്കാനാരംഭിച്ചു. എന്നാൽ ഈ സൈനിക നടപടി പ്രതികൂല സാഹചര്യമാണ് സൃഷ്ടിച്ചത്.

ഭൂരിഭാഗം യെമനികളും ഇതിനെ കടന്നാക്രമണമായി കണ്ട് ഹൗതികളോടൊപ്പം അണിനിരന്നു. പ്രാദേശിക ശക്തികളുടെ ആക്രമണോത്‌സുക നീക്കങ്ങൾക്ക് ഊർജ്ജം പകർന്ന അമേരിക്ക സ്വന്തം രാജ്യത്തെ അതിസമ്പന്നരുടെ സാമ്പത്തികവും തന്ത്രപ്രധാനവുമായ താൽപ്പര്യങ്ങൾ വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആ മേഖലയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തി. ഇപ്പോൾ അമേരിക്ക നേരിട്ട് യെമനുമേൽ ബോംബാക്രമണം നടത്തുന്നു. സായുധ ഇടപെടലിലൂടെ സ്വാധീനമുറപ്പിക്കാൻ സാമ്രാജ്യത്വ വമ്പന്മാരുടെ ഫണ്ടുകൊണ്ട് പ്രവർത്തിക്കുന്നു എന്ന ആരോപണം നേരിടുന്ന ഭീകര സംഘടനയായ അൽ ഖ്വൊയ്ദയും ശ്രമം നടത്തുകയാണ്. അമേരിക്കയും സൗദി അറേബ്യയും പുറമേനിന്നും, സായുധ സംഘങ്ങൾ ആഭ്യന്തര രംഗത്തും നടത്തുന്ന ആക്രമണങ്ങൾകൊണ്ട് യെമൻ തകർന്നിരിക്കുകയാണ്.

ഈ മേഖലയിൽ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക-സൗദി അറേബ്യ-ഇസ്രായേൽ അച്ചുതണ്ട് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോൾ നടത്തുന്ന ഈ ആക്രമണം. ഹൗതി റിബലുകൾക്ക് സഹായം നൽകുന്ന ഇറാനടക്കമുള്ള അമേരിക്കൻ വിരുദ്ധ ശക്തികളെ തകർക്കുകയെന്നതാണ്, സിറിയയ്ക്കുമേൽ അമേരിക്കയും നാറ്റോ ശക്തികളും ചേർന്ന് നടത്തിയ ആക്രമണത്തിന് സമാനമായി ഇപ്പോൾ യെമനുമേൽ നടത്തുന്ന യുദ്ധത്തിന്റെയും ഉന്നം. സൗദി അറേബ്യ നടത്തുന്ന കൂട്ടക്കൊലകൾക്ക് അമേരിക്ക പിന്തുണ നൽകുന്നതിൽ രോഷാകുലരാണ് യെമനികളിൽ ഭൂരിപക്ഷവും. സൗദി അറേബ്യ നടത്തുന്ന ആക്രമണത്തിലൂടെ ദിനം പ്രതി ശരാശരി 13 യമനികൾ മരിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടനയുടെ ഹൈക്കമ്മീഷണർ പറയുകയുണ്ടായി. 28 ലക്ഷം യെമനികൾ ഇതിനകം കിടപ്പാടം പോലും ഉപേക്ഷിച്ച് പലായനം ചെയ്തു കഴിഞ്ഞു. ഏറെക്കാലമായി രൂക്ഷമായ ജലക്ഷാമം നേരിടുന്ന രാജ്യമാണ് യെമൻ. ഇതിന് പരിഹാരം കാണാനോ ഭക്ഷ്യപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കും വിധം വിഭവങ്ങൾ കണ്ടെത്താനോ ഒരു ഗവണ്മെന്റും ശ്രമം നടത്തിയിട്ടില്ല.

രണ്ടുകോടി 40 ലക്ഷം വരുന്ന ജനസംഖ്യയിൽ 82 ശതമാനം പേരും പലതരത്തിലുള്ള സഹായങ്ങൾ ആവശ്യമുള്ളവരാണ്. 60 ശതമാനം പേർ ഭക്ഷ്യക്ഷാമം നേരിടുന്നവരാണ്. 70 ലക്ഷം പേർ പട്ടിണിയിലാണ്. കഴിഞ്ഞ ജനുവരിക്കു ശേഷം ഇക്കാര്യത്തിൽ 30 ലക്ഷത്തിന്റെ വർദ്ധനയാണുണ്ടായിരിക്കുന്നത്. കോളറ പോലുള്ള പകർച്ചവ്യാധികൾ കൂടി പൊട്ടിപ്പുറപ്പെട്ടതോടെ ജനങ്ങൾ പറഞ്ഞറിയിക്കാനാവാത്ത വിധം ദുരിതത്തിലാണ്.

സോമാലിയ

യുറേനിയം, ഇരുമ്പ്, ടിൻ, ജിപ്‌സം, ബോക്‌സൈറ്റ്, ചെമ്പ്, ഉപ്പ്, പ്രകൃതിവാതകം എന്നീ പ്രകൃതിവിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് സോമാലിയ എന്ന കിഴക്കൻ ആഫ്രിക്കൻ രാഷ്ട്രം. ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത രണ്ട് നദികളുണ്ടവിടെ. 80 ലക്ഷം ഹെക്ടർ ഫലഭൂയിഷ്ഠമായ ഭൂമിയുണ്ട്. സമുദ്രോൽപ്പന്നങ്ങൾ കൊണ്ട് സമ്പുഷ്ടമായ, 3000 കിലോമീറ്റർ വരുന്ന, ആഫ്രിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ കടൽത്തീരവും സോമാലിയയുടേതാണ്. സൗദി അറേബ്യ, യെമൻ തുടങ്ങി എണ്ണ കൊണ്ട് സമ്പന്നമായ അറബ് രാജ്യങ്ങളുടെ സമീപത്ത് സ്ഥിതിചെയ്യുന്ന സോമാലിയയ്ക്കും നല്ല എണ്ണ നിക്ഷേപമുണ്ട്. ഗുണനിലവാരം കുറഞ്ഞ വൈരക്കല്ലുകളും ഇവിടെ ലഭ്യമാണ്.
വിപുലമായ വനസമ്പത്തും സോമാലിയയ്ക്കുണ്ട്. സ്വാഭാവികമായും ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ പാശ്ചാത്യശക്തികളുടെ ലക്ഷ്യസ്ഥാനമായി സോമാലിയ മാറി. സൊമാലി ലാന്റ് എന്ന പേരിൽ ബ്രിട്ടണും സൊമാലിയ ഇറ്റാലിയാന എന്ന പേരിൽ ഇറ്റലിയും സൊമാലിയയുടെ പ്രദേശങ്ങൾ കോളനിയാക്കി വച്ചു. സൂയസ് കനാൽ പ്രദേശം സുരക്ഷിതമാക്കാനും വിഭവങ്ങൾ കൊള്ളയടിക്കാനുമായി സൊമാലിയൻ തീരം കൈയടക്കാൻ ബ്രിട്ടൺ ആഗ്രഹിച്ചു. സൊമാലിയൻ തീരത്തിന്റെ കുറേഭാഗം ഫ്രാൻസും കോളനിയാക്കി. 1960 ജൂണിൽ ബ്രിട്ടന്റെയും ജൂലൈയിൽ ഇറ്റലിയുടെയും കോളനി പ്രദേശങ്ങൾ സ്വതന്ത്രമായി. എന്നാൽ ഇത് കടലാസിൽ ഒതുങ്ങി.
രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കൻ സാമ്രാജ്യത്വം കൂടുതൽ കരുത്തരായി ഉയർന്നു വരികയും യൂറോപ്യൻ സാമ്രാജ്യത്വ ശക്തികൾ ദുർബലരാകുകയും പണവും അക്രമവും ഉപയോഗിച്ച് അമേരിക്കൻ സാമ്രാജ്യത്വം കടന്നുകയറ്റം നടത്തുകയും ചെയ്തതോടെ സൊമാലിയ പുത്തൻ കൊളോണിയൽ ചൂഷണത്തിന് തുടർന്നും ഇരയായി തീർന്നു. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേപ്പോലെതന്നെ സൊമാലിയൻ ജനതയും നിർദയമായ ചൂഷണത്തിന് ഇരയായി. അജ്ഞതയിൽ തളച്ചിട്ട് വിദ്യാഭ്യാസവും ചികിത്സയും നിഷേധിച്ച് കൊളോനിയൽ ഭരണാധികാരികളുടെ കാരുണ്യത്തിൽ കഴിഞ്ഞു കൂടുന്ന തരത്തിൽ അവരെ അടിമകളാക്കി മാറ്റിയിരുന്നു. അധികാരത്തിലും സുഖസൗകര്യങ്ങളിലും ഭ്രമിച്ച തദ്ദേശീയരെ കണ്ടെത്തി കൊളോണിയൽ ശക്തികൾ അവരെ ആജ്ഞാനുവർത്തികളായ ഭരണാധികാരികളാക്കി. പുത്തൻ കൊളോണിയൽ ഭരണകാലത്തും സാഹചര്യത്തിൽ മാറ്റമൊന്നുമുണ്ടായില്ല.
2001 മുതൽ അമേരിക്ക ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങളും നടത്തി. അധികാരത്തിനായി പോരാടിയിരുന്ന ജിഹാദി ഗ്രൂപ്പായ അൽ സബാബ് തീവ്രവാദികളെ പിടികൂടാൻ അവർ ബോംബാക്രമണം നടത്തി. കുപ്രസിദ്ധനായ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് ‘പരാജിത രാഷ്ട്രം’ എന്ന വിളിപ്പേര് സോമാലിയയുടെ മേൽ ചാർത്തി. ഭീകരവാദവുമായി ബന്ധമുള്ള രാജ്യങ്ങളുടെ പട്ടികയിൽ സോമാലിയയെ അവർ ഉൾപ്പെടുത്തി. സോമാലിയയുമായി ബന്ധം പുലർത്തുന്നവർക്കുമേൽ ഉപരോധങ്ങൾ അടിച്ചേൽപ്പിച്ചു. സംഘർഷങ്ങളും ഭീകരവാദവും കൊള്ളയും ആഭ്യന്തരയുദ്ധങ്ങളും കൊണ്ട് സോമാലിയ ശിഥിലമായിരുന്നു എന്നത് ശരി തന്നെ. അതുകൊണ്ടുതന്നെ അഭയാർത്ഥിപ്രവാഹങ്ങളും പതിവായിരുന്നു. നിരന്തരം തുടർന്ന വിദേശ ഇടപെടലുകളും സ്വാധീന മേഖലകൾ വകഞ്ഞെടുക്കാനായുള്ള വിഭജനങ്ങളും വിദേശികളുടെ അധീനതയിലുള്ള താവളങ്ങളുടെ വകഞ്ഞെടുക്കലുമൊക്കെയാണ് ഈ ദുസ്ഥിതിക്ക് കാരണം എന്ന് മാത്രം. ഏറ്റവുമൊടുവിൽ അത് നിർവ്വഹിച്ചത് അമേരിക്കൻ സാമ്രാജ്യത്വമാണ്. അമേരിക്കൻ സാമ്രാജ്യത്വം കോടിക്കണക്കിന് ഡോളറാണ് ഓരോ വർഷവും അവർ സ്ഥാപിച്ച സർക്കാരിന് നൽകിക്കൊണ്ടിരിക്കുന്നത്.

റിബൽ ഗ്രൂപ്പുകൾ അധികാരം പിടിച്ചെടുക്കുന്നതിൽ നിന്ന് സംരക്ഷിക്കാനെന്ന പേരിൽ ബാറുണ്ടിയിലേയും ഉഗാണ്ടയിലേയും അമേരിക്കൻ അനുകൂല ഗവണ്മെന്റുകളുടെ 8000 പട്ടാളക്കാരാണ് സോമാലിയയുടെ നിയന്ത്രണം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ആഫ്രിക്കൻ യൂണിയൻ മിഷന്റെ സോമാലിയയിലുള്ള 22000 പട്ടാളക്കാർക്ക് പണവും പരിശീലനവും നൽകുന്നതും അവരെ നിയന്ത്രിക്കുന്നതും പെന്റഗണും സിഐഎയുമാണ്. എത്യോപ്യയുടെ മെലിസ് സെനാവി ഗവണ്മെന്റിന് അമേരിക്ക സൈനിക സഹായം നൽകുന്നുണ്ട്. സോമാലിയയിൽ നിയന്ത്രണം കൈയടക്കാൻ ഇവരെയും ഉപയോഗപ്പെടുത്തി. സോമാലിയ അടക്കിഭരിക്കാൻ അതിന്റെ വമ്പൻ സൈനിക ശക്തി ഉപയോഗിക്കുമ്പോൾ 3 ലക്ഷം കുട്ടികളാണ് വരൾച്ചമൂലം പട്ടിണിയിലായിരിക്കുന്നത്. അവിടെയുള്ള ലക്ഷക്കണക്കിന് ഇടയന്മാരുടെ പ്രധാന വരുമാന മാർഗ്ഗം അടച്ചുകൊണ്ട് വരൾച്ച അനേകം മൃഗങ്ങളുടെ മരണത്തിന് ഇടയായിരിക്കുന്നു. 2011 ൽ പടർന്നു പിടിച്ച പട്ടിണിയെത്തുടർന്ന് 2,60,000 പേർ മരിച്ചു. അതിനേക്കാൾ ഭീകരമായ ഒരു അവസ്ഥയിലേയ്ക്കാണ് യുദ്ധവും വരൾച്ചയും തകർന്ന സമ്പദ്ഘടനയുമെല്ലാം ചേർന്ന് സോമാലിയയെ കൊണ്ടെത്തിച്ചിരിക്കുന്നത്.

താമസിയാതെ തന്നെ അനേകായിരങ്ങൾ ചത്തൊടുങ്ങുമെന്നുള്ളതുകൊണ്ട് ഒരുപാടുപേരെ ഒരുമിച്ച് മറവു ചെയ്യാൻ കഴിയുംവിധമുള്ള വമ്പൻ ശവക്കുഴികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് തദ്ദേശീയരായ ചില ഉദ്യോഗസ്ഥർ പറയുന്നു. നിരന്തരം നടന്ന സംഘർഷങ്ങൾ, അവയിൽ ഒട്ടുമിക്കതും അമേരിക്കൻ സാമ്രാജ്യത്വവും കൂട്ടാളികളും പടച്ചുവിട്ടത്, ഇല്ലായിരുന്നെങ്കിൽ സോമാലിയക്കാർക്ക് ജീവിത നിലവാരമുയർത്താൻ പോന്ന ഭക്ഷണവും മറ്റ് വിഭവങ്ങളും മതിയായ അളവിൽ ലഭിക്കുമായിരുന്നു.

ദക്ഷിണ സുഡാൻ

നിരവധി വംശീയ വിഭാഗങ്ങൾ സൗഹാർദ്ദത്തോടെയും പൊതുവായ സാംസ്‌ക്കാരികവും മതപരവുമായ സവിശേഷതകൾ പങ്കുവച്ചും നൂറ്റാണ്ടുകളായി ജീവിക്കുന്ന രാജ്യമാണ് സുഡാൻ. വിഭവ സമൃദ്ധമായ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെപ്പോലെ സുഡാനും ബ്രിട്ടീഷ് വാഴ്ചയ്ക്ക് കീഴിലായി. ദീർഘകാലത്തെ കൊളോണിയൽ ഭരണം സുഡാനെ അവികസിതവും ദരിദ്രവുമാക്കി തീർത്തു. വിഭവങ്ങളേറെയുണ്ടായിട്ടും ആ രാജ്യം പട്ടിണിയുടെയും വരൾച്ചയുടെയും ഭക്ഷ്യക്ഷാമത്തിന്റെയും പോഷകാംശക്കുറവിന്റെയുമൊക്കെ പിടിയിലമർന്നതോടെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങളിൽ അസംതൃപ്തി വളർന്നു.

ഈ സാഹചര്യത്തെ നേരിടാനായി ബ്രിട്ടീഷ് സാമ്രാജ്യത്വം അവരുടെ പഴയ വിഭജിച്ച് ഭരിക്കൽ തന്ത്രം പ്രയോഗിച്ചു. വിവിധ വംശീയ വിഭാഗങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ട് ജനരോഷം തങ്ങൾക്കെതിരെ തിരിയാതിരിക്കാനും കൊളോണിയൽ ഭരണത്തിന് കോട്ടം തട്ടാതിരിക്കാനും അവർ ശ്രദ്ധിച്ചു. ഹീനമായ സാമ്രാജ്യത്വ കരുനീക്കങ്ങളുടെ വിളനിലമായി മാറിയ ദക്ഷിണ സുഡാനും അവിടത്തെ ഭൂരിപക്ഷം വരുന്ന ആദിവാസി വിഭാഗങ്ങളും ഇതോടെ ശിഥിലമായി. 1956ൽ സ്വാതന്ത്ര്യം നേടിയെങ്കിലും സംഘർഷങ്ങളും ആഭ്യന്തര കലാപങ്ങളും സുഡാനെ പിന്തുടർന്നു. ആദ്യ കലാപം 1972 വരെയും രണ്ടാമത്തേത് 1983 മുതൽ 2005 വരെയും തുടർന്നു. ഇവയൊക്കെ സാമ്രാജ്യത്വ കുത്തിത്തിരുപ്പുകളുടെ ഫലമായിരുന്നു.

എന്നാൽ സൗദി അറേബ്യയേക്കാൾ എണ്ണ നിക്ഷേപമുള്ള രാജ്യമാണ് സുഡാൻ എന്ന് തിരിച്ചറിഞ്ഞതോടെ ഈ രാജ്യം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ലക്ഷ്യസ്ഥാനമായി മാറി. സ്വതന്ത്ര സുഡാന്റെ പ്രസിഡന്റ് ഒമർ ഹസൻ അൽ ബാഷിർ തങ്ങളുടെ ആജ്ഞകൾ അനുസരിക്കുന്നില്ലെന്ന് കണ്ട അമേരിക്കൻ സാമ്രാജ്യത്വം അദ്ദേഹത്തിന്റെ മേൽ മനുഷ്യാവകാശ ലംഘനങ്ങളുടെ കുറ്റം ചാർത്തി. പശ്ചിമ സുഡാനിലെ ദർഭറിൽ കൂട്ടക്കൊല നടത്തിയെന്നാരോപിച്ച് അമേരിക്ക അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. സാമ്രാജ്യത്വ ചേരിയുടെ ദാസ്യത്തിലുള്ള കോടതി അദ്ദേഹത്തിന് മേൽ യുദ്ധക്കുറ്റം ചുമത്തി.

സദ്ദാം ഹുസൈൻ കൂട്ട സംഹാര യുദ്ധങ്ങൾ കൈവശം വച്ചിരിക്കുന്നു എന്നാരോപിച്ചുകൊണ്ട് പരമാധികാര രാജ്യമായ ഇറാഖിന്റെ മേൽ നടത്തിയ ആക്രമണത്തിന്റെ ആവർത്തനമാണ് ഇവിടെ കണ്ടത്. ഒടുവിൽ അമേരിക്കൻ ഉപചാപം വിജയം കാണുകയും ദക്ഷിണ സുഡാൻ, റിപ്പബ്ലിക്ക് ഓഫ് സുഡാനിൽ നിന്ന് 2011 ജൂലൈ 9 ന് വേർപെടുത്തപ്പെടുകയും ചെയ്തു. ഇതോടൊപ്പം പറഞ്ഞറിയിക്കാനാകാത്ത വണ്ണം ദക്ഷിണ സുഡാന്റെ ദുരിതങ്ങൾ പെരുകുകയും ഭക്ഷ്യസുരക്ഷ അപായകരമാംവിധം തകരുകയും ചെയ്തു. മനുഷ്യസൃഷ്ടിയായിരുന്നു ഈ ക്ഷാമം എന്ന് പറയേണ്ടതില്ലല്ലോ. വേൾഡ് ഫുഡ് പ്രോഗ്രാം കൺട്രി ഡയറക്ടർ പോലും ഇത് സമ്മതിക്കുന്നുണ്ട്. ഇവിടെ ഭൂരിപക്ഷം പേരും കൃഷിക്കാരാണ്.

നിരന്തരമായ യുദ്ധങ്ങളും വംശീയ കലാപങ്ങളും കാർഷിക മേഖലയെ തകർത്തു കളഞ്ഞു. കൃഷിക്കാർക്ക് കാർഷികോപകരണങ്ങളും കന്നുകാലികളുമെല്ലാം നഷ്ടപ്പെട്ടു. കണ്ണിൽക്കണ്ട ചെടികളും കയ്യിൽ കിട്ടിയ മത്സ്യവുമൊക്കെ ആഹാരമാക്കി അവർ മാസങ്ങളോളം തള്ളിവിട്ടു. 2016 ജൂണിൽ കോളറ പടർന്നു പിടിച്ചു. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം പത്തുലക്ഷമായി കണക്കാക്കപ്പെട്ടു. ഇതിൽ 2,70,000 പേർ ഏതുനിമിഷവും മരിക്കാവുന്ന അവസ്ഥയിലായിരുന്നു. ഇപ്പോൾ ഈ ഗ്രാമം ക്ഷാമത്തിന്റെ പിടിയിലാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അതായത് പട്ടിണി കൊണ്ട് ആളുകൾ മരിച്ചുവീഴുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു എന്ന് ചുരുക്കം.

വടക്കു കിഴക്കൻ നൈജീരിയ

ലോകത്ത് എണ്ണ കയറ്റുമതിയിൽ ആറാം സ്ഥാനമുള്ള രാജ്യമാണ് നൈജീരിയ. ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ജിഡിപി നിരക്കുള്ള നൈജീരിയ അതിവേഗം ദക്ഷിണാഫ്രിക്കയോട് ഒപ്പമെത്തുകയാണ്. എന്നാൽ എണ്ണ സമ്പന്നമായ രാജ്യങ്ങളിൽ ഏറ്റവും ദരിദ്രവും ഈ രാജ്യം തന്നെ. നൈജർ മേഖലയിലെ യുറേനിയം ഖനികൾ ഫ്രാൻസിന്റെ നിയന്ത്രണത്തിലാണ്. വിക്ടോറിയൻ കാലഘട്ടം മുതൽ ഇന്നോളം ഈ മേഖലയിൽ നടന്നിട്ടുള്ള എണ്ണയുടെ പേരിലുണ്ടായിട്ടുള്ള യുദ്ധങ്ങളിൽ ബ്രിട്ടന്റെ കരങ്ങൾ കണ്ടെത്താനാകും. അമേരിക്കയുടെ വളരെ പ്രധാനപ്പെട്ട സാമ്പത്തിക-രാഷ്ട്രീയ പങ്കാളിയാണ് നൈജീരിയ. 550 കോടി ഡോളർ വരുന്ന അമേരിക്കൻ നിർമ്മിത ഉൽപ്പന്നങ്ങൾ അവർ വർഷം തോറും ഇറക്കുമതിചെയ്യുന്നുണ്ട്.
ബജറ്റിന്റെ 22 ശതമാനം സൈനിക ആവശ്യങ്ങൾക്ക് നീക്കി വയ്ക്കുന്ന നൈജീരിയയ്ക്ക് അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൺ, ഫ്രാൻസ് എന്നിവരുമായൊക്കെ ആയുധ ഇടപാടുകൾ ഉണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലിയ സിനിമാ വ്യവസായവും ഇവിടെ തന്നെ. ഭൂഖണ്ഡത്തിലാകെ സാമൂഹികവും സാംസ്‌കാരികവുമായ സ്വാധീനം ചെലുത്തുന്നതാണ് ഇത് എന്നതുകൊണ്ടുതന്നെ ഹോളിവുഡിലെ വമ്പൻമാരുടെ ഇഷ്ട പങ്കാളികളുമാണ്. പ്രകൃതി വിഭവങ്ങൾ ഏറെയുണ്ടെങ്കിലും ഭൂഖണ്ഡത്തിലെ ഏറ്റവും ദരിദ്രരാണ് ഇവിടത്തെ ജനങ്ങൾ. 70 ശതമാനത്തിന്റെയും ദിവസ വരുമാനം 60 പൈസയിൽ താഴെയാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്. ലോകത്ത് എണ്ണ വില ഉയർന്നതോടെ എണ്ണയെ ആശ്രയിച്ച് നിൽക്കുന്ന നൈജീരിയൻ സമ്പദ്ഘടനയ്ക്ക് സമീപകാലത്ത് വലിയ ഉണർവ്വുണ്ടായെങ്കിലും ഭൂരിപക്ഷം ജനങ്ങൾക്കും ഇതിന്റെ നേട്ടം അനുഭവിക്കാനാകുന്നില്ല. നിലവിൽ നൈജിരിയൻ പെൺകുട്ടികൾ വേശ്യാവൃത്തിക്കായി യൂറോപ്യൻ നഗരങ്ങളിലേയ്ക്ക് കുടിയേറുകയാണ്. നൈജീരിയയിലെ സാധാരണ ജനങ്ങൾ ദരിദ്രരായി ഇരിക്കുന്നതിന് സാമ്രാജ്യത്വ ഇടങ്കോലിടലല്ലാതെ മറ്റൊരു കാരണവും ചൂണ്ടിക്കാണിക്കാനായിട്ടില്ല. എന്നിട്ടും രാജ്യത്തെ മുതലാളി വർഗ്ഗം അധികാരത്തിനും സുഖഭോഗങ്ങൾക്കും വേണ്ടി പുത്തൻ കൊളോണിയൽ ശക്തികളുമായി കൈകോർക്കുകയാണ്.

രാജ്യത്തിന്റെ എണ്ണയിൽ നിന്നുള്ള വരുമാനമൊന്നും അടിസ്ഥാന ഘടന കെട്ടിപ്പടുക്കുന്നതിനോ പൊതുമരാമത്ത് പണികൾക്കോ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്വകാര്യ സംരംഭങ്ങളിലോ ഒന്നും നിക്ഷേപിക്കപ്പെടുന്നില്ല, നേരേമറിച്ച് 13,000 കോടി നൈറ(നൈജീരിയൻ കറൻസി) യുടെ വർദ്ധനയാണ് പ്രതിരോധ ബജറ്റിൽ വരുത്തിയത്. രണ്ടാമത്തെക്കാര്യം, മറ്റ് പല ആഫ്രിക്കൻ രാജ്യങ്ങളിലെയും പോലെ നൈജീരിയയും ആസൂത്രിതമായ ആദിവാസി കലാപങ്ങളുടെയും വംശീയ സംഘർഷങ്ങളുടെയുമൊക്കെ പിടിയിലാണ്. ഇതിന് പുറമെയാണ്, ബോക്കോഹറാം എന്ന തീവ്രവാദി സംഘടന നടത്തുന്ന നിരന്തരമായ കലാപങ്ങൾ. പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകലും കള്ളക്കടത്തും കരിഞ്ചന്തയുമൊക്കെ നടത്തുന്ന ദേശീയ അന്തർദ്ദേശീയ സംഘങ്ങളാണ് ഇവരെ പണം നൽകി ഊട്ടി വളർത്തുന്നത്. അൽഖൈ്വദ പോലുള്ള സംഘടനകളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ ബോക്കോഹറാമിനെ ഒരു തീവ്രവാദ സംഘടനയായി അംഗീകരിക്കാൻ അമേരിക്കൻ സാമ്രാജ്യത്വം ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോൾ ഈ രാജ്യവും ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലമരുകയാണ്.

വടക്ക്-കിഴക്കൻ നൈജീരിയയിലെ 4,50,000 കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. യുണിസെഫ് വക്താവ് മാരിക് സി മെക്കാർഡോയുടെ അഭിപ്രായം, ”മനുഷ്യ സൃഷ്ടിയായ സംഘർഷവുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ ഫലമായാണ് കുട്ടികൾ മരിച്ചു വീഴുന്നത്. ഈ 2017 ൽ ഇതെത്ര അപമാനകരമാണ്” എന്നത്രെ. വടക്ക് കിഴക്കൻ നൈജീരിയയിലെ ബോർണോ, അടമാവ, യോബേ എന്നീ 3 സംസ്ഥാനങ്ങൾ തീരെ ഭക്ഷ്യസുരക്ഷിതത്വമില്ലാത്തവയാണ്. ഇവിടെയുള്ള 85 ലക്ഷം ജനങ്ങൾ സഹായത്തിനായി യാചിക്കുകയാണ്. മതിയായ സാമ്പത്തിക സഹായം ഉണ്ടായില്ലെങ്കിൽ 18 കോടി ജനങ്ങളുള്ള ഒരു രാജ്യത്തുനിന്ന് വൻതോതിൽ ജനങ്ങൾ പലായനം ചെയ്യുന്നത് കാണേണ്ടിവരും. ഇത് പശ്ചിമാഫ്രിക്കയിൽ ഇതപര്യന്തമുണ്ടാകാത്തത്ര ഭയാനകമായ ഒരു അഭയാർത്ഥി പ്രശ്‌നത്തിന് ഇടയാക്കുകയും ചെയ്യും.
കഴിഞ്ഞ 4 വർഷങ്ങളിൽ 2 ലക്ഷം നൈജീരിയക്കാരാണ് അയൽ രാജ്യങ്ങളായ കാമറൂൺ, ഛാദ്, നൈജർ എന്നിവിടങ്ങളിലേയ്ക്ക് പലായനം ചെയ്തത്. പണമില്ലാത്തതുകൊണ്ട് റേഷനിൽ കുറവു വരുത്തിയിരിക്കുന്നതിനാൽ ഇനിയുമേറേ ആളുകൾ നൈജീരിയയിൽ നിന്ന് ഓടിപ്പോകുമെന്ന സ്ഥിതിയാണ്. മനുഷ്യരാശിക്കുമേൽ നടക്കുന്ന ഈ ക്രൂരതകൾക്ക് ആരാണ് ഉത്തരവാദികൾ ? ലോക സാമ്രാജ്യത്വ മുതലാളിത്തമല്ലാതെ മറ്റാരുമല്ല എന്ന് വസ്തുതകൾ വിളിച്ചു പറയുന്നു. ആഗോള മുതലാളിത്ത പ്രതിസന്ധി രൂക്ഷമാകുന്തോറും ഭക്ഷ്യക്ഷാമവും ദാരിദ്രവും സാമ്രാജ്യത്വ സൈനിക നടപടികളും വർദ്ധിക്കുകയും ഇത് ആഫ്രിക്കൻ ഭൂഖണ്ടത്തിലാകെ അസ്വസ്ഥത പടർത്തുകയും ചെയ്യും.

പടിഞ്ഞാറൻ രാജ്യങ്ങളിലേയ്ക്ക് ആഫ്രിക്ക കയറ്റുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളും കാർഷികോല്പന്നങ്ങളുമൊക്കെ വലിയ തോതിൽ വിലസ്ഥിരതയില്ലായ്മ നേരിടുന്നുണ്ട്. പെന്റഗണും നാറ്റോയും മുൻ കോളനി രാജ്യങ്ങളിൽ ഇടങ്കോലിടൽ നടത്തുന്നതും തുടരുന്നു. വൻകിട സാമ്പത്തിക സ്ഥാപനങ്ങളും സൈനിക ശക്തികളുമൊക്കെ ആഫ്രിക്കയെ ശ്വാസം മുട്ടിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം കിഴക്കൻ ആഫ്രിക്കയിൽ കാണാം. ആഫ്രിക്കയുടെ കുറേ മേഖലകളും സമീപസ്ഥമായ ചില രാജ്യങ്ങളും കഴിഞ്ഞ 6 പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വരൾച്ചയെയാണ് നേരിടുന്നത്. സാമ്രാജ്യത്വ ശക്തികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപം അതിവേഗം ഉയർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ആഫ്രിക്ക. 1990 നും 2013 നു മിടയിൽ ഇത് 19 മടങ്ങ് വർദ്ധിച്ചു. അതായത് 300 കോടി ഡോളറിൽ നിന്നും 570 ഡോളറായി ഉയർന്നു. വരുമാനവും സമ്പാദ്യവുമൊക്കെ കുറഞ്ഞ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഇത് ഗുണകരമാകും എന്നാണ് പല ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞരും കരുതുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപം വർദ്ധിക്കുന്നത് സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉപകരിക്കുമെന്നും ഇവർ പറയുന്നു.

എന്നാൽ പണം നിക്ഷേപിക്കുന്ന കോർപ്പറേറ്റുകൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കും മാത്രമേ ഇത് ഗുണം ചെയ്യൂ എന്നാണ് സർവ്വേകൾ വെളിപ്പെടുത്തുന്നത്. ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ പരിരക്ഷയുള്ള മുന്തിയ സാങ്കേതിക വിദ്യ പ്രയോഗിച്ചും വളരെ കുറച്ച് തൊഴിലാളികളെ മാത്രം നിയമിച്ചും ഇവർ വൻ ലാഭമടിക്കുന്നു. ഇവരുടെ ഈ കൊള്ളയ്‌ക്കെതിരെ യാതൊരു ലഹളയുമുണ്ടാകാതിരിക്കാനായി ജനങ്ങളെ ദാരിദ്ര്യത്തിലും പട്ടിണിയിലും വിദ്യാരാഹിത്യത്തിലും പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത അസൗകര്യങ്ങളിലും തളച്ചിടുകയെന്നത് ഇവരുടെ ആദർശ വാക്യമായിത്തീർന്നിരിക്കുന്ന മട്ടാണ്. മതപരവും വംശീയവുമായ സംഘർഷങ്ങൾ സൃഷ്ടിക്കാനും നിലനിർത്താനുമായി ഇവർ പിന്നിൽ നിന്ന് ചരടുവലിക്കുന്നു. റിബലുകളെ ഊട്ടി വളർത്തി ജനങ്ങളെ അക്രമത്തിലും ദാരിദ്ര്യത്തിലും തളച്ചിടുന്നു. വിദേശ ശക്തികളും അവരുടെ പ്രാദേശിക പിണിയാളുകളും ജനങ്ങളെ മൃഗങ്ങളെപ്പോലെയോ ചുരുങ്ങിയ പക്ഷം അടിമകളെപ്പോലെയോ മാത്രം കണക്കാക്കുന്നു. അവർ എറിഞ്ഞു കൊടുക്കുന്ന ഉച്ഛിഷ്ഠം ഭക്ഷിച്ച് ജീവിക്കാൻ വിധിക്കപ്പെട്ടരാക്കി നിലനിർത്തുന്നു. ആഫ്രിക്കൻ ജനതയുടെ രോഗാതുരവും ദൈന്യവും മർദ്ദിതവും പീഡിതവുമായ അവസ്ഥ വരച്ചുകാട്ടി രവീന്ദ്രനാഥ ടാഗൂർ തന്റെ വാർദ്ധക്യകാലത്ത് രചിച്ച ”ആഫ്രിക്ക” എന്ന പ്രസിദ്ധമായ കവിതയിലെ ചില വരികൾ ചുവടെ ചേർക്കുന്നു. ഇന്നത്തെ ആഫ്രിക്കയുടെ ചിത്രം മനസ്സിലാക്കാൻ ഉപകരിക്കുന്നതാണ് ഈ വരികൾ

”അപൂർവ്വ ചാരുതയാർന്ന
ഒരു ലോകത്തുനിന്നും
ആഫ്രിക്ക,
നീ പറിച്ചെടുക്കപ്പെട്ടു.
നിബിഡവനങ്ങളുടെ
നിതാന്ത ജാഗ്രതയിൽ മാത്രമായി
നീ പരിമിതപ്പെടുത്തപ്പെട്ടു
അൽപ്പമാത്രമായ പ്രകാശത്തിന്റെ
സന്നിധിയിൽ….
കറുത്ത മുഖപടത്തിന് പിന്നിലായി
നിന്റെ മാനുഷികതയുടെ നിഴൽചിത്രം
ഉദാസീനതയുടെ ദൂഷിതമായ
കാഴ്ച വലയത്തിനുള്ളിൽ നീ-
നിന്റെ ചെന്നായക്കൂട്ടങ്ങളുടെ
നഖങ്ങളെക്കാൾ മൂർച്ചയുള്ള
ഉരുക്കിന്റെ കൈവിലങ്ങുകളുമായ്
അവർ നിന്നെത്തേടിയെത്തി
വേട്ടക്കാർ-
നിന്റെ ഇരുളാർന്ന
വനാന്തരങ്ങളേക്കാളേറെ
സ്വന്തം ഗർവ്വിനാൽ
അന്ധരാക്കപ്പെട്ടവർ
പരിഷ്‌കൃതർ
പക്ഷേ, വന്യമായവിശപ്പിനാൽ
അവരുടെ പ്രാകൃത ഭാവം
മറനീക്കി കാണിക്കുന്നവർ”

ആഫ്രിക്കയിലെ ദുരന്തം ഒഴിവാക്കാനാവശ്യമായ 560 കോടി ഡോളറിന്റെ 2 ശതമാനം മാത്രമേ ഐക്യരാഷ്ട്ര സഭയുടെ പക്കലുള്ളൂ എന്ന പ്രസ്താവം അപമാനകരമാണ്. അമേരിക്കയുടെ ബജറ്റിൽ വിദേശ സഹായത്തിനുള്ള വിഹിതം 40 ശതമാനം വെട്ടിക്കുറച്ച ട്രംപ് സർക്കാരിന്റെ നടപടി സ്ഥിതി കൂടുതൽ വഷളാക്കിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയ്ക്കുള്ള വിഹിതവും ഇതിൽ ഉൾപ്പെടുന്നു.
ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ജനതകൾക്കുമേൽ നടക്കുന്ന പൈശാചികമായ അതിക്രമങ്ങൾക്കെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളും സാമ്രാജ്യത്വ വിരുദ്ധരുമായ ജനങ്ങൾ പ്രതിഷേധമുയർത്തി മുന്നോട്ട് വരേണ്ട സന്ദർഭമാണിത്. ദുരിത ബാധിത രാജ്യങ്ങൾക്ക് അടിയന്തരമായി സഹായമെത്തിക്കാനും വിശന്ന് പൊരിയുന്ന ആഫ്രിക്കൻ ജനതയെ മരണവക്ത്രത്തിൽ നിന്ന് രക്ഷിക്കാനും ഐക്യരാഷ്ട്ര സഭയടക്കമുള്ള സംവിധാനങ്ങളെ നിർബന്ധിതമാക്കാൻ പര്യാപ്തമായ കരുത്തുള്ളതാകണം ഈ ജനമുന്നേറ്റങ്ങൾ. സാമ്രാജ്യത്വയുദ്ധ സന്നാഹങ്ങൾക്കും കാലഹരണപ്പെട്ട ലോകവ്യവസ്ഥയ്ക്കുമെതിരെ ജനങ്ങൾ അണിനിരക്കുക എന്നതു മാത്രമാണ് ഒരേയൊരു പോംവഴി എന്ന വ്യക്തമായ സന്ദേശം ഉച്ചത്തിൽ മുഴക്കുകയും അത് നാടെമ്പാടും പ്രചരിപ്പിക്കുകയും ചെയ്യേണ്ട സന്ദർഭമാണിത്.

Share this post

scroll to top