ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് അന്യായമായി സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തെ സംഘടിതമായി ചെറുക്കുമെന്നും അന്യായമായ കുടിയൊഴിപ്പിക്കൽ അനുവദിക്കില്ലെന്നും എൻ.എച്ച് 17 ആക്ഷൻ കൗൺസിൽ കണ്ണൂരിൽ സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ ഏകകണ്ഠമായി പ്രഖ്യാപിച്ചു. 30 മീറ്ററിനുള്ളിൽ 6 വരിയായി റോഡ് നിർമ്മിക്കാമെന്നിരിക്കെ അന്യായമായി 45 മീറ്റർ വീതിയിൽ ഭൂമിയേറ്റെടുത്ത് 4 വരിപ്പാത നിർമ്മിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് മുൻകൂർ പുനഃരധിവാസവും മാർക്കറ്റ് വിലയും നഷ്ടപരിഹാരമായി നൽകുവാനും സർക്കാർ തയ്യാറല്ല. മാർക്കറ്റ് വില നൽകുമെന്നുള്ള കുപ്രചരണം നടത്തി, ബലം പ്രയോഗിച്ച് ഭൂമിയേറ്റെടുക്കാൻ ശ്രമിക്കുകയാണ് സർക്കാർ. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങളുടെയിടയിൽ രൂപപ്പെട്ടു വരുന്നത്.
ദേശീയപാത വികസനത്തിന്റെ പേരിൽ അന്യായമായി ഭൂമിയേറ്റെടുക്കുന്നതു വഴി ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. 30 മീറ്ററിനുള്ളിൽ 4 വരിയായോ 6 വരിയായോ പാത നിർമ്മിച്ചാൽ കുടിയൊഴിപ്പിക്കൽ ഗണ്യമായി കുറയ്ക്കാനാകും. പൊതു ആവശ്യത്തിന് വേണ്ടി ഭൂമിയും കെട്ടിടങ്ങളും വിട്ടുകൊടുക്കുന്നവർക്ക് നിലവിലുണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട നിലയിലുള്ള പുനഃരധിവാസവും മാർക്കറ്റ് വിലയും നൽകണം; ഇത് പൊതു ആവശ്യത്തിന് വേണ്ടി ഭൂമിയും കെട്ടിടങ്ങളും വിട്ടുകൊടുക്കാൻ ജനങ്ങളെ സ്വമേധയാ പ്രേരിപ്പിക്കുകയും ചെയ്യും. ഈ ആധുനിക വികസന സങ്കൽപം നമ്മുടെ ഭരണാധികാരികൾ അംഗീകരിക്കാൻ തയ്യാറല്ല. ജനങ്ങളെ തെരുവിലേക്ക് വലിച്ചെറിഞ്ഞുള്ള ഈ വികസന ഭ്രാന്തിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഇതിനെതിരെ ശക്തമായി നിലകൊള്ളാനാണ് ജില്ലാ കൺവൻഷൻ തീരുമാനിച്ചിരിക്കുന്നത്. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരുടെയൊപ്പം മുഴുവൻ ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും കൺവൻഷൻ ആഹ്വാനം ചെയ്തു.
എൻ.എച്ച് 17 ആക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ ടി.കെ. സുധീർകുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ചേന്ദാമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ ഡോ. ഡി.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പോൾ.ടി.സാമുവൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. ഉത്തമൻ, ജില്ലാ ജോയിന്റ് കൺവീനർ അനൂപ് ജോൺ ഏരിമറ്റം, ടി. പവിത്രൻ (കാസർഗോഡ് ജില്ലാ ആക്ഷൻ കൗൺസിൽ, ജില്ലാ വൈസ് പ്രസിഡണ്ട്), രാജു മാത്യു, ടി.സി. മനോജ്, കെ. ശ്രീമതി എന്നിവർ പ്രസംഗിച്ചു.