ജാലിയൻവാലാ ബാഗ് മതേതര സൗഹാർദ്ദം വിളംബരം ചെയ്ത മഹനീയ പോരാട്ടം

Jaliyanwala-bagh-Monu-Slug.jpg
Share

അമൃതസറിലെ ജാലിയൻവാലാ ബാഗിൽനടന്ന, ആയിരക്കണക്കിന് ദേശസ്‌നേഹികളുടെ മഹത്തായ രക്തസാക്ഷിത്വത്തിന് 100 വയസ്സായിരിക്കുന്നു. 1919 ഏപ്രിൽ 13നാണ് ലോകത്തെ നടുക്കിയ ആ കൂട്ടക്കൊല നടന്നത്. 2019 ഏപ്രിൽ 13 മുതൽ 2020 ഏപ്രൽ 13 വരെയുള്ള ഒരു വർഷം രാജ്യമെമ്പാടുമുള്ള സ്വാതന്ത്ര്യപ്രേമികൾ ആദരപൂർവ്വം ഈ ശതാബ്ദി ആചരിക്കുകയാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ കാലുറപ്പിക്കാൻ ശ്രമിച്ച നാൾമുതൽ 1947 ആഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നതുവരെയുള്ള സുദീർഘമായ കാലയളവിൽ ഉടനീളം രക്തപ്പുഴകൾ സൃഷ്ടിച്ച ധാരാളം ആക്രമണങ്ങളും പ്രതിരോധങ്ങളും ഈ മണ്ണിൽ ഉണ്ടായിട്ടുണ്ട്. ഈ പോരാട്ടങ്ങളിലെല്ലാം ഭാരത ജനത അനുപമമായ സമരവീര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വളരെ ആവേശദായകമാണ് ആ ചരിത്രങ്ങളെല്ലാംതന്നെ.

എന്നിരിക്കിലും, 1919ലെ റൗലറ്റ് ആക്ടിനെതിരെയുള്ള പ്രതിഷേധങ്ങളിൽതുടങ്ങി 1940 മാർച്ച് 13ന് ലണ്ടനിൽ മൈക്കിൾ ഫ്രാൻസിസ് ഒ’ഡയർ എന്ന മുൻ പഞ്ചാബ് ലഫ്റ്റനന്റ് ഗവർണ്ണർ വെടിയേറ്റ് വീഴുന്നതുവരെയുള്ള ജാലിയൻവാലാ ബാഗിന്റെ സമരഗാഥ സവിശേഷമാണ്. ഇന്ന് 100 വർഷങ്ങൾ പിന്നിടുമ്പോഴും ആ സമരത്തിന്റെ സന്ദേശം നമുക്ക് പ്രചോദനം നൽകുന്നു.
പഞ്ചാബിലും രാജ്യത്ത് പൊതുവിലും ദേശീയ സ്വാതന്ത്ര്യ സമരം വിപുലമായ ജനകീയ സ്വഭാവം കൈവരിച്ച് തുടങ്ങുന്നത് അക്കാലത്താണ്. ബ്രിട്ടീഷുകാരെ ഭയപ്പെടുത്തുംവിധം പഞ്ചാബിൽ ഹിന്ദു-മുസ്ലീം-സിഖ് സാഹോദര്യം ശക്തമായി വളർന്നുവരാൻ ഇടയാക്കി എന്നത് ആ സമരത്തിന് തിളക്കം വർധിപ്പിക്കുന്നു. രാജ്യത്താകെ പ്രക്ഷോഭത്തിന്റെ തിരമാലകൾ സൃഷ്ടിച്ച സംഭവങ്ങളായിരുന്നു പഞ്ചാബിൽ ആ നാളുകളിൽ അരങ്ങേറിയത്. ഗാന്ധിയുഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലത്തിന്റെ തുടക്കമായിരുന്നു അതെങ്കിലും പഞ്ചാബിൽ അന്ന് നടന്നത് ഗാന്ധീയൻ രീതിയിലുള്ള അഹിംസാത്മകമായ പ്രക്ഷോഭമായിരുന്നില്ല എന്നതും പ്രധാനമാണ്.

1914-18 കാലയളവിൽ നടന്ന ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യയുടെ ദേശീയനേതാക്കൾ ബ്രിട്ടണ് പൂർണ്ണ പിന്തുണ നൽകുകയുണ്ടായി. യുദ്ധത്തിൽ പിന്തുണച്ചാൽ യുദ്ധാനന്തരം ജനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാം എന്ന വാഗ്ദാനം അന്ന് ഇന്ത്യക്കാർക്ക് ബ്രിട്ടൺ നൽകിയിരുന്നു. ബ്രിട്ടണ്‌വേണ്ടി യുദ്ധത്തിൽ പങ്കെടുക്കാൻ ധാരാളം ഇന്ത്യക്കാർ സൈന്യത്തിൽ ചേർന്നു. ഏറ്റവുമധികം ആളുകൾ ചേർന്നത് പഞ്ചാബിൽനിന്നായിരുന്നു. യുദ്ധാനന്തരം ഇന്ത്യക്കാർക്ക് അനുകൂലമായ നിലപാടുകൾ പ്രതീക്ഷിച്ചവരെയാകെ നിരാശപ്പെടുത്തുന്ന സമീപനമായിരുന്നു ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇന്ത്യക്കെതിരെ, വിശേഷിച്ച് ദേശീയ പ്രസ്ഥാനത്തിനെതിരെ കടുത്ത നടപടികളുമായാണ് യുദ്ധം ജയിച്ച ബ്രിട്ടൺ നീങ്ങിയത്. ഇന്ത്യയിലും ലോകരാഷ്ട്രീയ സാഹചര്യത്തിലും വന്ന മാറ്റങ്ങൾ അതിന് അവരെ പ്രേരിപ്പിച്ചു.

ഇന്ത്യക്കാർക്കിടയിൽ വളർന്നുവന്നുകൊണ്ടിരുന്ന ദേശീയബോധവും രാഷ്ട്രീയ പ്രബുദ്ധതയും ബ്രിട്ടീഷ് ഭരണകൂടത്തെ ആശങ്കപ്പെടുത്തി. 1904-05 കാലഘട്ടത്തിലെ ബംഗാൾ വിഭജന വിരുദ്ധ പ്രക്ഷോഭം, 1908ലെ ഖുദിറാം ബോസിന്റെ രക്തസാക്ഷിത്വം, 1909ൽ പഞ്ചാബുകാരനായ മദൻലാൽ ധിംഗ്രയുടെ രക്തസാക്ഷിത്വം, 1911ൽ വൈസ്രോയി ലോർഡ് ഹാർഡിംഗിനെതിരെ നടന്ന വധശ്രമം, ഗദ്ദർ പ്രസ്ഥാനം, 1914ൽ റാഷ്ബിഹാരി ബോസിന്റെ നേതൃത്വത്തിൽ നടന്ന പട്ടാള കലാപ ശ്രമം, തുടർന്ന് പഞ്ചാബിൽ നടന്ന ആയിരക്കണക്കിനാളുകളുടെ അറസ്റ്റ്, കർത്താർ സിംഗ് ഉൾപ്പെടെയുള്ളവരുടെ വധശിക്ഷ നടപ്പാക്കൽ തുടങ്ങിയ സംഭവ പരമ്പരകൾ രാജ്യത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ക്രമാനുഗതം വികസിച്ചുവരുന്ന ഈ ദേശീയ സാഹചര്യത്തിനുപുറമേ 1917ൽ റഷ്യയിൽനടന്ന സോഷ്യലിസ്റ്റ് വിപ്ലവം മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ലോകമെമ്പാടും സോഷ്യലിസത്തിനും തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിനും ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വീകാര്യതയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വളർന്നുവരാനിടയുള്ള ബഹുജന മുന്നേറ്റങ്ങളെ മുൻകൂർ കണ്ടുകൊണ്ട് മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട് എന്ന ചിന്ത ബ്രിട്ടീഷ് അധികാരികളിൽ പ്രബലമായി.
ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ വിപ്ലവകാരികളുടെ ‘ഗൂഢാലോചനകളും കുറ്റകൃത്യങ്ങളും’ തടയാനുള്ള നിർദ്ദേശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് എസ്.എ.ടി.റൗലറ്റിന്റെ അദ്ധ്യക്ഷതയിൽ 1917 ഡിസംബറിൽ ഗവൺമെന്റ് ഒരു കമ്മിറ്റിയെ നിയോഗിച്ചത്. വിപ്ലവകാരികളെയാകെ കവർച്ചക്കാരും കൊള്ളക്കാരുമായി ചിത്രീകരിച്ചുകൊണ്ട്, നിയമവാഴ്ച ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് ഏറെ അധികാരങ്ങൾ നൽകണമെന്ന നിർദ്ദേശങ്ങളുമായി 1918 ജൂലൈ മാസത്തിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നിയമനിർമ്മാണം നടത്തുവാൻ സർക്കാർ തീരുമാനിച്ചു. 1919 മാർച്ച് 21ന് സെൻട്രൽ ലെജിസ്ലേറ്റീവ് കൗൺസിൽ, ‘അനാർക്കിക്കൽ ആൻഡ് റെവല്യൂഷണറി ക്രൈംസ് ആക്ട് 1919’ അംഗീകരിച്ച് നിയമമാക്കി. സംശയത്തിന്റെ പേരിൽ വാറണ്ടോ വിചാരണയോ കൂടാതെ ഏതൊരാളെയും അറസ്റ്റ് ചെയ്ത് തടവിൽ വയ്ക്കാൻ ഈ നിയമം അനുശാസിക്കുന്നു. ഒരു കോടതിയിലും ഇത് ചോദ്യം ചെയ്യാൻ പറ്റില്ല. റൗലറ്റ് ആക്ട് എന്ന പേരിൽ കുപ്രസിദ്ധമായ, പൗരാവകാശങ്ങളും സ്വാതന്ത്ര്യവും തകർക്കുന്ന ഈ കരിനിയമത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് വളർന്നുവന്നു.

”ഭരണസംവിധാനത്തെ ഗ്രസിച്ചിട്ടുള്ള ആഴമേറിയ രോഗത്തിന്റെ വ്യക്തമായ ലക്ഷണം, അതിഭീമമായ മണ്ടത്തരം” എന്നാണ് ഗാന്ധിജി ഈ നിയമത്തെ വിശേഷിപ്പിച്ചത്. ഗാന്ധിജി അദ്ദേഹത്തിന്റെ ആശ്രമത്തിൽ സത്യാഗ്രഹ സഭയുടെ ഒരു യോഗം വിളിച്ചുചേർത്തു. 1919 മാർച്ച് 30ന് രാജ്യവ്യാപകമായ ഹർത്താലിന് ആഹ്വാനം ചെയ്തു. എന്നാൽ, പിന്നീട് ചില കാരണങ്ങളാൽ ഏപ്രിൽ 6ലേക്ക് ഹർത്താൽ മാറ്റി നിശ്ചയിച്ചു. എന്നാൽ ഈ മാറ്റത്തിന്റെ അറിയിപ്പ് സമയത്ത് ലഭിക്കാത്തതിനാൽ രാജ്യത്തിന്റെ പലഭാഗത്തും മാർച്ച് 30ന് ഹർത്താൽ ആചരിക്കപ്പെട്ടു. മുമ്പൊരിക്കലും ഉണ്ടാകാത്തവിധമുള്ള ജനപിന്തുണ ആ ഹർത്താലിന് ലഭിച്ചു. അതിൽ ബ്രിട്ടീഷ് അധികാരികൾ വളരെ രോഷാകുലരായി. പലയിടങ്ങളിലും ലാത്തിച്ചാർജ്ജുകളും വെടിവയ്പ്പുമുണ്ടായി. പോലീസ് ഭീകരവാഴ്ചയുടെ തുടക്കമായിരുന്നു അത്. തുടർന്ന് ഏപ്രിൽ 6ന് രാജ്യവ്യാപകമായി നടന്ന ഹർത്താൽ അഭൂതപൂർവ്വമായ നിലയിലാണ് വിജയിച്ചത്. സമാധാനപരമായ പ്രകടനങ്ങളും യോഗങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. തെക്കേ ഇന്ത്യയിലെ പര്യടനത്തിനുശേഷം ഡൽഹിയിലേയ്ക്ക് യാത്രചെയ്ത ഗാന്ധിജിയെ ഏപ്രിൽ 4ന് ഡൽഹിയിൽ പ്രവേശിക്കുന്നതിനെ പോലീസ് വിലക്കി. അത് അവഗണിച്ച് യാത്രതുടർന്ന അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബോംബെയിലേയ്ക്ക് കൊണ്ടുപോയി. ഇത് പ്രതിഷേധത്തിന്റെ ശക്തി വർദ്ധിപ്പിച്ചു.

ഏപ്രിൽ 6ലെ ഹർത്താൽ അമൃതസറിലെ ജനങ്ങൾ വൻവിജയമാക്കി. ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും മതഭേദം വെടിഞ്ഞ് ഏകമനസ്സോടെ ഹർത്താൽ വിജയിപ്പിക്കാൻ ഒത്തുചേർന്നു. യാതൊരുവിധ അക്രമസംഭവങ്ങളുമില്ലാതെ സമാധാനപരമായാണ് അത് നടന്നത്. ഏപ്രിൽ 9ന് രാമനവമി ആയിരുന്നു. ഹിന്ദുക്കളുടെ വിശേഷപ്പെട്ട ദിനമായ രാമനവമി അമൃതസറിൽ മുസ്ലീങ്ങളുടെ വലിയ മുൻകയ്യിലാണ് ആഘോഷിക്കപ്പെട്ടത്. ഡോ.സൈഫുദ്ദീൻ കിച്‌ലു, ഡോ.സത്യപാൽ എന്നിവർ പഞ്ചാബിലെ ആദരണീയരായ നേതാക്കളായിരുന്നു. ഡോ.സത്യപാൽ, അക്കാലത്ത് അമൃതസർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ടിക്കറ്റിനെതിരെ സമരംനടത്തി വിജയിപ്പിച്ച് ജനപ്രീതി നേടിയിരുന്നു. ഇരുവരും റൗലറ്റ് പ്രക്ഷോഭത്തോടെ കൂടുതൽ ജനസ്വാധീനമുള്ളവരായി മാറി. ഡോ.സത്യപാൽ പൊതുവേദികളിൽ പ്രസംഗിക്കുന്നതും അമൃതസറിന് പുറത്തുപോകുന്നതും വിലക്കിക്കൊണ്ട് മാർച്ച് 29ന് തന്നെ സർക്കാർ ഉത്തരവിറക്കി. മുപ്പത്തയ്യായിരത്തോളം ആളുകൾ മാർച്ച് 30ലെ ഹർത്താലിനെത്തുടർന്ന് നടന്ന സമ്മേളനത്തിൽ ഒത്തുകൂടിയിരുന്നു. വിലക്കുമൂലം ഡോ.സത്യപാലിന് യോഗത്തിൽ പ്രസംഗിക്കാനായില്ല. സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഡോ.കിച്‌ലു പറഞ്ഞു, ”വ്യക്തിതാല്പര്യത്തിനുപരി രാജ്യതാല്പര്യത്തിനായി ത്യാഗങ്ങളനുഷ്ഠിക്കാൻ നാം തയ്യാറാവണം. എല്ലാ ജനങ്ങളും ഈ പ്രതിഷേധത്തിൽ പങ്കെടുക്കണം. ഈ വിശുദ്ധ നഗരത്തെ രക്തത്തിൽ മുക്കുക എന്നല്ല ഇതിനർത്ഥം, പ്രതിഷേധം സഹനത്തിൽ അധിഷ്ഠിതമായിരിക്കണം. ജയിലിലോ വീട്ടുതടങ്കലിലോ അടക്കപ്പെട്ടേക്കാം. എന്നാലും മനസ്സാക്ഷിക്കനുസരിച്ച് പ്രവർത്തിക്കാൻ നാം തയ്യാറാവണം… ആർക്കും വേദനയോ ബുദ്ധിമുട്ടോ നാം ഉണ്ടാക്കരുത്. സമാധാനപരമായി ഭവനങ്ങളിലേയ്ക്ക് പോകുക. ഈ ഉദ്യാനത്തിലൂടെ ശാന്തമായി നടക്കുക. പോലീസുകാരോടോ വഞ്ചകരോടോ കടുത്തവാക്കുകൾ ഉപയോഗിക്കരുത്. അത് സമാധാന ലംഘനത്തിനോ കലാപത്തിനോ കാരണമായേക്കാം.”

ഈ യോഗാനന്തരം ലഫ്റ്റനന്റ് ഗവർണ്ണർ സർ മൈക്കിൾ ഒ’ഡയർ ഡോ.സൈഫുദ്ദീൻ കിച്‌ലുവിനെതിരെയും ഉത്തരവിറക്കി. ഏപ്രിൽ 3നായിരുന്നു ആ ഉത്തരവ്. അത് പ്രകാരം ഡോ.കിച്‌ലു മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ അമൃതസർ നഗരത്തിന് പുറത്തുപോകാൻ പാടില്ല. നേരിട്ടോ അല്ലാതെയോ മാദ്ധ്യമങ്ങളോട് ആശയവിനിമയം നടത്താൻ പാടില്ല. പൊതുയോഗങ്ങൾ വിളിച്ചുകൂട്ടുകയോ പ്രസംഗിക്കുകയോ ചെയ്യാൻ പാടില്ല.
ഏപ്രിൽ 6ന് ഹർത്താലിനോട് അനുബന്ധിച്ച്, മാർച്ച് 30ന് നടന്നതിനേക്കാൾ വലിയ സമ്മേളനം നടന്നു. 50,000 പേരുടെ പങ്കാളിത്തമുണ്ടായിരുന്നു. ബാരിസ്റ്റർ ബദ്രൂൾ ഇസ്ലാം ഖാനാണ് ആ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്. ആ യോഗത്തിൽ നേതാക്കൾക്കെതിരായ ഉത്തരവുകൾ പിൻവലിക്കണമെന്ന പ്രമേയവും അംഗീകരിക്കപ്പെട്ടു.
ഏപ്രിൽ 8ന് റിവാരി എന്ന സ്ഥലത്ത് ഹിന്ദു-മുസ്ലീം ഐക്യസമ്മേളനം നടന്നു. ഇതായിരുന്നു ബ്രിട്ടീഷുകാർ ഏറ്റവും അശുഭസൂചകമായി കണ്ട സംഭവം. മൂന്ന് പ്രബല സമുദായങ്ങളുടെ യോജിച്ച നീക്കമാണ് റൗലറ്റ് പ്രക്ഷോഭത്തെ ‘ബ്രിട്ടീഷ് ഭരണത്തിനെതിരായ ആസൂത്രിതവും സംഘടിതവും ഗൂഢാലോചനാപരവുമായ കലാപമായി’ കാണാൻ ഗവൺമെന്റിനെ പ്രേരിപ്പിച്ചത്. മുസ്ലീങ്ങൾ, മതാഘോഷങ്ങളിൽപോലും ഹിന്ദുക്കളോടൊപ്പം പങ്കെടുക്കുന്നതുകണ്ട് ഗവൺമെന്റ് അസ്വസ്ഥമായി. ഏപ്രിൽ 9ലെ രാമനവമിഘോഷയാത്രയിൽ വൻതോതിൽ മുസ്ലീങ്ങൾ പങ്കെടുത്തു. ഡോ.കിച്‌ലു, ഡോ.സത്യപാൽ എന്നിവർ വിവിധ സ്ഥലങ്ങളിൽനിന്ന് ഘോഷയാത്രയെ വീക്ഷിച്ചു. എങ്ങും ഒരു അനിഷ്ടസംഭവവും ഉണ്ടായില്ല.
സംഭവങ്ങളുടെ ഈ നിലയിലുള്ള പുരോഗതി ഒട്ടും അഭികാമ്യമല്ല എന്ന് മനസ്സിലാക്കിയ ലഫ്റ്റനന്റ് ഗവർണ്ണർ മൈക്കിൾ ഒ’ഡയർ ഡോ.കിച്‌ലുവിനെയും ഡോ.സത്യപാലിനെയും നാടുകടത്താൻ ഉത്തരവിറക്കി. ഏപ്രിൽ 9ന് രാത്രിയാണ് ഉത്തരവിറങ്ങിയത്. ഇരുവരെയും ഡെപ്യൂട്ടി കമ്മീഷണർ പത്താം തീയതി അറസ്റ്റ് ചെയ്ത് ധർമ്മശാല ജയിലിലടച്ചു. ഉടൻതന്നെ അമൃതസറിലെ കടകളെല്ലാം അടയ്ക്കപ്പെട്ടു. വലിയൊരു ജനക്കൂട്ടത്താൽ അമൃതസർ നിറഞ്ഞു. അതൊരു വിലാപയാത്രയായി. ജനങ്ങൾ ശിരസ്സിലെ തൊപ്പികൾ ഊരിമാറ്റി, കാലിലെ ചെരുപ്പുകൾ ഉപേക്ഷിച്ചു, ഊന്നുവടികൾ ഉപേക്ഷിച്ചു. ഡെപ്യൂട്ടി കമ്മീഷണറുടെ ബംഗ്ലാവിലേയ്ക്ക് ആ യാത്ര നീങ്ങി. തങ്ങളുടെ നേതാക്കളെ തിരികെ നൽകണമെന്ന് അവർ കേണുപറഞ്ഞു. പട്ടാളം ജനക്കൂട്ടത്തെ തടഞ്ഞു. ജനങ്ങൾ പോലീസ് പിക്കറ്റ് തകർത്തു. അവരിൽ ചിലർ അക്രമാസക്തരായി സമീപത്തെ കെട്ടിടങ്ങൾ തകർത്തു. ഗവൺമെന്റ് കൂടുതൽ പട്ടാളത്തെ വരുത്തി. പട്ടാളം വെടിവയ്പ് ആരംഭിച്ചു. പത്തുപേർ തൽക്ഷണം മരിച്ചു. ജനക്കൂട്ടം കൂടുതൽ പ്രകോപിതരായി. മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് അവർ പ്രകടനം നടത്തി. അവർ കൈയിൽകിട്ടിയതെന്തും ആയുധമാക്കി പട്ടാളത്തോട് ഏറ്റുമുട്ടി. നേതാക്കൾ ജനങ്ങളെ ശാന്തരാക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. വീണ്ടും വെടിവയ്പ്പുണ്ടായി 20 പേർ മരിച്ചു. ധാരാളംപേർക്ക് പരിക്കേറ്റു. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പല ഉദ്യോഗസ്ഥന്മാരും കൊല്ലപ്പെട്ടു. ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടു. സർക്കാർ സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. സൈക്കിളിൽ യാത്രചെയ്ത മിസ്.ഷെർവുഡ്ഡ് എന്ന ഇംഗ്ലീഷ് വനിത ആക്രമിക്കപ്പെട്ടു. ഇന്ത്യക്കാരായ ചിലർ പരുക്കേറ്റ അവരെ രക്ഷിച്ചു. അന്ന് സായാഹ്നത്തോടെയാണ് നഗരം ശാന്തമായത്. പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ സിവിൽ ഹോസ്പിറ്റൽ അധികൃതർ തയ്യാറായില്ല. ചികിത്സയ്ക്ക് സ്വന്തം ഏർപ്പാടുകളുണ്ടാക്കാൻ പറഞ്ഞ് മുറിവേറ്റവരുമായിവന്ന നേതാക്കളെ അധികൃതർ ആക്ഷേപിച്ചു.

ഏപ്രിൽ 10ന് നടന്ന ഈ സംഭവവികാസങ്ങളാണ്, നിരായുധരായ ആയിരങ്ങളെ ഏപ്രിൽ 13ന് തികഞ്ഞ പകയോടെ വെടിവച്ചുകൊല്ലാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. അമൃതസർ നഗരമൊന്നാകെ ബോംബിട്ട് തകർക്കുന്നതിനെക്കുറിച്ചുപോലും അധികാരികൾ ആലോചിച്ചതായാണ് പിന്നീടുപുറത്തുവന്ന വാർത്ത. ഏപ്രിൽ 10ന് അത്രയും ക്രൂരമായ വെടിവയ്പിന് പട്ടാളം മുതിരാതിരുന്നെങ്കിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ തങ്ങൾക്കാകുമായിരുന്നുവെന്നാണ് വിലാപയാത്ര നയിച്ച നേതാക്കൾ പിന്നീട് പറഞ്ഞത്.
അമൃതസറിലെ ജനങ്ങളെ ഒരു പാഠം പഠിപ്പിക്കണമെന്ന്, ഗവർണ്ണർ മൈക്കിൾ ഒ’ഡയറിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഗവർണ്ണറുടെ വസതിയിൽ അനൗപചാരികമായി യോഗംചേർന്ന് തീരുമാനമെടുത്തു. അതിനുള്ള അവസരത്തിനായി അവർ തയ്യാറെടുത്തു. നഗരത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. കുടിവെള്ള വിതരണവും നിർത്തി. നാലുപേരിൽകൂടുതൽ ഒത്തുചേരുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.
ഏപ്രിൽ 13 വൈശാഖ പൗർണ്ണമി ആയിരുന്നു. പഞ്ചാബിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും വളരെ വിശേഷപ്പെട്ട ദിവസമാണിത്. കേരളത്തിലെ വിഷു ആഘോഷത്തിന് സമാനമാനം. സിഖ് മതം സ്ഥാപിക്കപ്പെട്ടത് ഈ ദിനത്തിലാണ്. പഞ്ചാബിന്റെ ദേശീയോത്സവം എന്നപോലെ കൊണ്ടാടുന്ന ആ ദിനത്തിൽ അമൃതസറിലെ ജാലിയൻവാലാ ബാഗ് എന്ന വിശാലമായ മൈതാനത്ത് ഒരു പ്രാർത്ഥനാ സമ്മേളനം നടത്തുവാൻ നേതാക്കൾ തീരുമാനിച്ചു. നഗരം ശാന്തമായിരുന്നു. യോഗത്തിനുള്ള ഒരുക്കങ്ങളൊന്നും അധികാരികൾ തടഞ്ഞില്ല. വൈകിട്ട് 4.30ന് യോഗത്തിനായി എത്തിക്കൊണ്ടിരുന്ന ജനങ്ങളെയും പട്ടാളം തടഞ്ഞില്ല. ഇരുപതിനായിരത്തോളംപേർ മൈതാനത്ത് ഒത്തുചേർന്നു. 20 വയസ്സ് പ്രായമുള്ള ഉദ്ദം സിംഗ് എന്ന യുവാവ് ആ മൈതാനത്ത് ജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജോലി നിർവ്വഹിച്ചുകൊണ്ടിരുന്നു.

യോഗം ആരംഭിക്കുന്നതിന് ഏതാനും മിനിറ്റുകൾക്കുമുമ്പ്, നഗരത്തിന്റെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന സൈനിക ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ ഡയർ റെജിനാർഡ് എഡ്വേർഡ് ഹാരിയുടെ നേതൃത്വത്തിൽ ഒരുസംഘം പട്ടാളക്കാർ മൈതാനത്തേയ്ക്ക് കടന്നുവന്നു. നാലുവശവും ഉയർന്ന ചുവരുകൾകൊണ്ട് മറയ്ക്കപ്പെട്ടിരുന്ന ആ മൈതാനത്തിന് ഒരു വാഹനത്തിന് കടന്നുപോകാൻ കഴിയുന്ന ഒരേയൊരു ഇടുങ്ങിയ പ്രവേശനകവാടം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ മൈതാനത്ത് സാധാരണ നടക്കാറുള്ള സൈനികപരേഡിനായി എത്തിയവരാണ് പട്ടാളക്കാർ എന്നാണ് ജനങ്ങൾ കരുതിയത്. യോഗം ആരംഭിച്ചപ്പോഴേക്കും പട്ടാളക്കാർ സായുധരായി അണിനിരന്നുകഴിഞ്ഞു. അപ്രതീക്ഷിതമായി, യാതൊരു മുന്നറിയിപ്പുമില്ലാതെ ശാന്തമായ ജനക്കൂട്ടത്തിനുനേരെ പട്ടാളം നിറയൊഴിക്കാനാരംഭിച്ചു. അപ്പോൾ മാത്രമാണ് തങ്ങൾ കെണിയിലടയ്ക്കപ്പെട്ടിരിക്കുകയാണെന്ന വസ്തുത പ്രാണരക്ഷാർത്ഥം പരക്കംപാഞ്ഞ ജനങ്ങൾ തിരിച്ചറിയുന്നത്. 1650 റൗണ്ട് നിറയൊഴിച്ചു. ചിതറിയോടിയ ജനങ്ങൾ വെടിയേറ്റുവീണ് പിടഞ്ഞുകൊണ്ടിരുന്നു. താഴെവീണവർ പിന്നാലെവന്നവരുടെ ചവിട്ടേറ്റ് മരിച്ചു. ഉയരമുള്ള മതിലിൽ അള്ളിപ്പിടിച്ചുകയറാനുള്ള ശ്രമങ്ങളൊന്നും ഫലിച്ചില്ല. പ്രവേശന കവാടത്തിനുള്ളിൽ ഇടതുവശത്ത് ചുറ്റുമതിലില്ലാത്ത ഒരു വലിയ കിണറുണ്ട്. ധാരാളമാളുകൾ കിണറ്റിൽ വീണുമരിച്ചു.
പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനോ, ജീവൻ രക്ഷിക്കാനോ ഉള്ള ശ്രമങ്ങളൊന്നും അനുവദിക്കാതെ പട്ടാളം മണിക്കൂറുകളോളം അവിടെ കാവൽനിന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നീക്കംചെയ്യാൻ പിറ്റേന്നുമാത്രമാണ് അനുവദിച്ചത്. ശവസംസ്‌കാരങ്ങൾക്ക് വിലാപയാത്ര പാടില്ലെന്ന വിലക്കുമുണ്ടായിരുന്നു. ഏപ്രിൽ 13ന് പട്ടാളനിയമം പ്രഖ്യാപിച്ചു. അമൃതസറിലെ തെരുവുകളിൽ ഇന്ത്യക്കാരെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. ചില തെരുവുകളിൽ ഇന്ത്യക്കാർ നിവർന്ന് നടന്നാൽ വെടിവെയ്ക്കുവാൻ നിർദ്ദേശമുണ്ടായിരുന്നു. ഈ തെരുവുകളിലൂടെ സഞ്ചരിക്കണമെന്നുള്ളവർ വയറ് നിലത്ത് ഉരസത്തക്കവിധം ഇഴഞ്ഞുനീങ്ങണം, അല്ലാത്തപക്ഷം വെടിവയ്ക്കും എന്നായിരുന്നു ഉത്തരവ്. അങ്ങനെ നടക്കാൻ നിർബന്ധിതരായവരെപ്പോലും ചവിട്ടുകയും തോക്കിന്റെ മുനകൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. യൂറോപ്യൻമാരായ ആളുകളെ കണ്ടാൽ ഇന്ത്യക്കാർ സല്യൂട്ട് നൽകണം. തെരുവുകളിൽ ഇംഗ്ലീഷുകാരുടെ തൊപ്പികൾ കെട്ടിത്തൂക്കിയിരുന്നു. അതുവഴി പോകുന്നവർ അത്‌നോക്കി സല്യൂട്ട് നൽകിക്കൊണ്ടുവേണം നീങ്ങേണ്ടത്.

ഈ സാഹചര്യത്തിൽപോലും ജനങ്ങൾ അടങ്ങിയിരുന്നില്ല. അവർ ബ്രിട്ടീഷുകാരെ എവിടെകണ്ടാലും ആക്രമിക്കുന്ന സ്ഥിതി ഉണ്ടായി. സർക്കാർ, തെരുവുകളുടെ ഓരങ്ങളിൽ തൂക്കുമരങ്ങൾ സ്ഥാപിച്ചു. മരക്കൊമ്പുകളെല്ലാം തൂക്കുമരങ്ങളായി മാറി. തെരുവോരങ്ങളിൽ കോടതികൾ സ്ഥാപിച്ചു. കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നവരെ തെരുവുകളിൽതന്നെ വിചാരണചെയ്ത് തൂക്കിലേറ്റി. ജയിലറകളിൽ സ്ഥലമില്ലാത്തതിനാൽ പാതയോരങ്ങളിൽ പട്ടിക്കൂടുകൾപോലെയുള്ള ഉയരംകുറഞ്ഞ മരക്കൂടുകൾ നിർമ്മിച്ച് തടവുകാരെ നിവർന്നുനിൽക്കാനാവാത്തവിധം അതിൽ ബന്ധിച്ചു. നൂറുകണക്കിന് ആളുകളെ തെരുവിൽ തൂക്കിക്കൊന്നതായി പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. മുക്കാലികളിൽകെട്ടി തെരുവിൽ പരസ്യമായി ചാട്ടവാറിന് അടിക്കുന്നത് സർവ്വസാധാരണമായിരുന്നു. സമാനതകളില്ലാത്ത ക്രൂരതകളാണ് അന്ന് അമൃതസറിൽ അരങ്ങേറിയത്. 75 ലക്ഷം രൂപയുടെ സമ്പത്ത് നശിപ്പിക്കപ്പെട്ടതായും 108 പേർ തൂക്കിലേറ്റപ്പെട്ടതായും 258പേർ ചാട്ടവാറടിക്ക് ശിക്ഷിക്കപ്പെട്ടതായും സർക്കാർ പറയുന്നു.

അമൃതസർ കൂട്ടക്കൊലയ്‌ക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയർന്നു. മഹാകവി രവീന്ദ്രനാഥ് ടാഗോർ ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തിന് നൽകിയ എല്ലാ ബഹുമതികളും ഉപേക്ഷിച്ചു. സുഭാഷ് ചന്ദ്രബോസിനെ ഐസിഎസ് ബിരുദം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത് ഈ സംഭവമാണ്. ഇന്ത്യയൊന്നാകെ തിളച്ചുമറിയുന്ന നിസ്സഹകരണ പ്രക്ഷോഭത്തിലേയ്ക്ക് അവാഹിക്കപ്പെട്ടത് ജാലിയൻവാലാബാഗ് സംഭവത്തിലൂടെയാണ്. സർവ്വാർത്ഥത്തിലും ഗവൺമെന്റിനെ ബഹിഷ്‌കരിക്കുവാൻ ഇന്ത്യക്കാരെ പ്രേരിപ്പിക്കാൻ പര്യാപ്തമായിരുന്നു ആ കൂട്ടക്കൊല. അന്ന് 12 വയസ്സുമാത്രം പ്രായമുള്ള ഭഗത് സിംഗ് എന്ന കുട്ടിയെ ഇന്ത്യൻവിപ്ലവത്തിലേയ്ക്ക് എടുത്തുചാടാൻ പ്രേരിപ്പിച്ചതും ഈ സംഭവമാണ്.
1919 ഒക്ടോബർ 14ന്, സ്‌കോട്ടിഷ് ജഡ്ജി ആയ ലോർഡ് ഹണ്ടർ ചെയർമാനായ ഒരു കമ്മിറ്റിയെ ‘സമീപകാല ക്രമസമാധാന പ്രശ്‌നങ്ങളുടെ കാരണങ്ങൾ അന്വേഷിക്കാൻ’ ഗവൺമെന്റ് ചുമതലപ്പെടുത്തി. ഹണ്ടർ കമ്മിറ്റി മുമ്പാകെ ജനറൽ ഡയർ നൽകിയ മൊഴി ആ സംഭവത്തിൽ അയാൾക്ക് യാതൊരു കുറ്റബോധവുമില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു. വിചാരണയുടെ ചില ഭാഗങ്ങൾ താഴെ കൊടുക്കുന്നു.

ചോദ്യം: നിങ്ങൾ ജാലിയൻവാലാ ബാഗിലേയ്ക്ക് പ്രവേശിച്ചപ്പോൾ എന്താണ് ചെയ്തത് ?
ഉത്തരം: ഞാൻ വെടിയുതിർത്തു.
ചോദ്യം: തൽക്ഷണം ?
ഉത്തരം: അതെ, 30 സെക്കന്റിനുള്ളിൽ ഞാൻ കർത്തവ്യബോധമാർജ്ജിച്ചു.
ചോദ്യം: അപ്പോൾ ജനക്കൂട്ടം എന്തുചെയ്യുകയായിരുന്നു ?
ഉത്തരം: അവർ ഒരു യോഗം ചേരുകയായിരുന്നു. ആസ്ഥലത്തിന്റെ മദ്ധ്യഭാഗത്ത് അല്പ്ം ഉയർന്ന സ്ഥലത്ത് ഒരു മനുഷ്യൻ നിൽപ്പുണ്ടായിരുന്നു. അയാളുടെ കരങ്ങൾ ചലിച്ചുകൊണ്ടിരുന്നു. നിശ്ചയമായും അയാൾ പ്രസംഗിക്കുകയായിരുന്നു. എന്റെ നിഗമനമനുസരിച്ച്, സൈന്യം അണിനിരന്നിടത്തുനിന്ന് ഏകദേശം 50-60 യാർഡ് അകലെ ആ ചത്വരത്തിന്റെ കൃത്യം നടുഭാഗത്തായിരുന്നു അയാൾ നിന്നിരുന്നത്.
അവിടെ കൂടിയിരുന്നവരിൽ നല്ലൊരുപങ്ക് ആളുകൾക്കും പിരിഞ്ഞുപോകുവാനുള്ള വിളംബരം കേൾക്കുവാൻ കഴിഞ്ഞിട്ടുണ്ടാവില്ല എന്ന് ജനറൽ സമ്മതിച്ചു.
ചോദ്യം: ആൾക്കൂട്ടത്തിലുള്ളവർ എല്ലാവരും വിളംബരം കേട്ടിട്ടുണ്ടാവില്ല എന്ന നിഗമനത്തിൽ, വെടിവയ്ക്കുന്നതിനുമുമ്പ് ജനക്കൂട്ടത്തോട് പിരിഞ്ഞുപോകുവാൻ പറയുക എന്ന ശരിയായ നടപടിയെടുക്കുവാൻ നിങ്ങൾക്ക് തോന്നിയില്ലേ ?
ഉത്തരം: ഇല്ല, ആ സമയത്ത് അങ്ങനെ ചെയ്തില്ല. എന്റെ ഉത്തരവ് അനുസരിച്ചില്ലെന്നും പട്ടാളനിയമം ലംഘിച്ചെന്നുമുള്ള കാര്യംമാത്രമേ ഞാൻ ചിന്തിച്ചുള്ളു. ആയതിനാൽ അടിയന്തരമായി വെടിയുതിർക്കുക എന്നത് എന്റെ ഉത്തരവാദിത്തമായി ഞാൻ കരുതി.
ചോദ്യം: ജനക്കൂട്ടത്തെ നിങ്ങൾ പിരിച്ചുവിടുന്നതിനുമുൻപ് അവർ എന്തെങ്കിലും പ്രവർത്തിക്കുകയുണ്ടായോ ?
ഉത്തരം: ഇല്ല സാർ, അവർ ഓടിപ്പോയി, ഏതാനുംപേർ…
ചോദ്യം: അവർ ഓടിപ്പോകാൻ തുടങ്ങിയോ ?
ഉത്തരം: അതെ, ഞാൻ വെടിവയ്ക്കാൻ തുടങ്ങിയപ്പോൾ നടുഭാഗത്തുണ്ടായിരുന്ന വൻ ജനക്കൂട്ടം വലതുഭാഗത്തേയ്‌ക്കോടി.
ചോദ്യം: പട്ടാളനിയമം പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല, അതുകൊണ്ടുതന്നെ ഗുരുതരമായ ഇത്തരമൊരു നടപടി കൈക്കൊള്ളുന്നതിനുമുമ്പ് സിറ്റിയിലെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള സിവിൽ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി കമ്മീഷ്ണറോട് അഭിപ്രായമാരായണമെന്ന് നിങ്ങൾക്ക് തോന്നിയില്ലേ?
ഉത്തരം: ആ സമയത്ത് ആലോചിക്കാൻ ഡെപ്യൂട്ടി കമ്മീഷ്ണർ ഉണ്ടായിരുന്നില്ല. വേറെ ആരോടെങ്കിലും അഭിപ്രായമാരായുന്നത് ബുദ്ധിയാണെന്ന് എനിക്ക് തോന്നിയില്ല. എനിക്ക് അടുത്ത നടപടിക്കായി ഉടൻതന്നെ മനസ്സിനെ സജ്ജമാക്കേണ്ടിയിരുന്നു. പട്ടാളത്തിന്റെ കാഴ്ചപ്പാടിൽ ചിന്തിച്ചപ്പോൾ ഉടൻ വെടിവയ്ക്കണമെന്നാണ് എനിക്ക് തോന്നിയത്. അല്ലാത്തപക്ഷം എന്റെ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിൽ പരാജയപ്പെടുമെന്ന് എനിക്ക് തോന്നി.
ചോദ്യം: വെടിവയ്ക്കുമ്പോൾ ജനക്കൂട്ടത്തെ പിരിച്ചുവിടുക എന്നതായിരുന്നോ നിങ്ങളുടെ ഉദ്ദേശം ?
ഉത്തരം: അല്ല, അവർ പിരിഞ്ഞുപോകുന്നതുവരെ വെടിവയ്ക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
ചോദ്യം: നിങ്ങൾ വെടിവയ്പ്പ് തുടങ്ങിയ ഉടനെ ജനങ്ങൾ പിരിഞ്ഞുപോകാൻ തുടങ്ങിയോ?
ഉത്തരം: തൽക്ഷണം.
ചോദ്യം: നിങ്ങൾ വെടിവയ്പ്പ് തുടർന്നോ?
ഉത്തരം: അതെ.
ചോദ്യം: ജനങ്ങൾ പിരിഞ്ഞുപോകാൻ തുടങ്ങുന്നുവെന്ന സൂചന നൽകിയിട്ടും നിങ്ങൾ എന്തുകൊണ്ട് നിർത്തിയില്ല ?
ഉത്തരം: അവർ പൂർണ്ണമായും പിരിഞ്ഞുപോകുന്നതുവരെ വെടിവയ്പ്പ് തുടരുക എന്നതാണ് എന്റെ കടമയെന്ന് ഞാൻ കരുതി. കുറച്ച് വെടിയുതിർത്തിട്ട് നിർത്തിയാൽ വെടിവെച്ചതുതന്നെ തെറ്റായി പോകുമായിരുന്നു.

ജാലിയൻവാലാ ബാഗ് സംഭവം ഇവിടെയും പൂർണ്ണമായില്ല. അതിന്റെ അവസാന അദ്ധ്യായത്തിനായി ഇന്ത്യ 20 വർഷംകൂടെ കാത്തിരുന്നു. 1940 മാർച്ച് 13 വൈകിട്ട് 3 മണി. ലണ്ടനിലെ ക്യാക്സ്റ്റൺ ഹാളിൽ നാന്നൂറിലേറെപ്പേർ പങ്കെടുക്കുന്ന ഒരു സമ്മേളനം ശ്രവിച്ചുകൊണ്ട് മുൻനിര സീറ്റുകളിലൊന്നിൽ മുൻ പഞ്ചാബ് ഗവർണ്ണർ മൈക്കിൾ ഫ്രാൻസിസ് ഒ’ഡയർ മറ്റനേകം പ്രമുഖരോടൊപ്പം ഇരിക്കുന്നു. അദ്ദേഹം വേദിയിൽ ഒരു പ്രസംഗം നടത്തി. യോഗാനന്തരം തന്റെ സുഹൃത്തുക്കളോടൊപ്പം സാവധാനം വേദിക്കരികിലേയ്ക്ക് നടന്നുനീങ്ങിയ അയാളുടെ മുന്നിലേയ്ക്ക് അവിടെ ചുവരിൽ ചാരിനിന്നിരുന്ന, നന്നായി വസ്ത്രം ധരിച്ച, ഒരു ഇന്ത്യൻ യുവാവ് സാവധാനം നടന്നുവന്നു. കോട്ടിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്ന റിവോൾവർ വളരെപ്പെട്ടന്ന് കയ്യിലെടുത്ത് ഒ’ഡയറിന്റെ നെഞ്ചിലേയ്ക്ക് വെടിയുതിർത്തു. ഹൃദയംതകർത്ത് കടന്നുപോയ വെടിയുണ്ടകളേറ്റ് സ്‌റ്റേജിനും പ്രസ്സ് ടേബിളിനുമിടയിൽ രക്തത്തിൽകുളിച്ച് അയാൾ വിണുമരിച്ചു. അയാളോടൊപ്പമുണ്ടായിരുന്ന രണ്ട് ബ്രിട്ടീഷുകാരും വെടിയേറ്റുവീണു, പക്ഷെ അവർ മരിച്ചില്ല. ഉദ്ദം സിംഗായിരുന്നു ആ യുവാവ്. പോലീസിന് കീഴടങ്ങിയ അദ്ദേഹം അവരോട് തന്റെ പേര് ‘റാം മുഹമ്മദ് സിംഗ് ആസാദ്’എന്നാണ് പറഞ്ഞത്. ആ പേര് സൂചിപ്പിക്കുന്നതുപോലെ ഹിന്ദു-മുസ്ലീം-സിഖ് സമൂഹങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യവാഞ്ഛയും പ്രതികാരവുമായിരുന്നു അവിടെ നിർവ്വഹിക്കപ്പെട്ടത്.
കോടതിയിൽവെച്ച് വധശിക്ഷ വിധിച്ചുകൊണ്ടുള്ള ജഡ്ജിയുടെ വാക്കുകൾ കേട്ട ഉദ്ദംസിംഗ് ഇങ്ക്വിലാബ് സിന്ദാബാദ്, ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ എന്നീ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴക്കി. ബ്രിട്ടീഷ് ഭീകരവാഴ്ചയ്‌ക്കെതിരായ തന്റെ ജനതയുടെ പോരാട്ടത്തിന്റെ ചരിത്രത്തിന് ജീവിതംകൊണ്ട് നിറംപകർന്ന ആ ദേശസ്‌നേഹി, 1940 ജൂലൈ 31ന് അഭിമാനത്തോടെ തൂക്കുകയർ ഏറ്റുവാങ്ങി രക്തസാക്ഷിയായി.

സ്വാതന്ത്ര്യാനന്തര ഭാരതത്തെ സംബന്ധിച്ച് വ്യത്യസ്ത സങ്കൽപ്പങ്ങളുള്ള, വിരുദ്ധ താല്പര്യങ്ങളുടെ സമരഭൂമിയായിരുന്നു നമ്മുടെ ദേശീയപ്രസ്ഥാനം. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ ശാസ്ത്രീയമായി വിശകലനം ചെയ്ത സമുന്നത മാർക്‌സിസ്റ്റ് ദാർശനികനായ സഖാവ് ശിബ്ദാസ് ഘോഷ് രണ്ട് സമരധാരകളെക്കുറിച്ച് വ്യക്തമായൊരു ചിത്രം നൽകിയിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിലെ സന്ധിരഹിതവും സായുധവുമായ സമരത്തിന്റെ മാർഗ്ഗം സ്വീകരിച്ച അനനുരഞ്ജന ധാര ഈ രാജ്യത്തെ ജനങ്ങളുടെ താല്പര്യങ്ങളും വികാരങ്ങളുമാണ് പ്രതിഫലിപ്പിച്ചിരുന്നത്. സമ്പന്നവർഗ്ഗവും അദ്ധ്വാനിക്കുന്ന ജനങ്ങളും ഒരുപോലെ സ്വാതന്ത്ര്യത്തിനായി അഭിലഷിക്കുമ്പോഴും മഹത്തായ ത്യാഗങ്ങൾ അനുഷ്ഠിക്കുവാൻ തൊഴിലാളികളും കർഷകരും ഇടത്തരക്കാരുമാണ് മുന്നോട്ടുവന്നത്. സ്വാതന്ത്ര്യമെന്നത് പൊതുലക്ഷ്യമായി കരുതപ്പെടുമ്പോഴും, വൻകിട മുതലാളിവർഗ്ഗം ഇന്ത്യയെന്ന കമ്പോളം കയ്യടക്കുകയെന്ന സങ്കുചിത താൽപര്യവുമായാണ് നിലകൊണ്ടത്.

വൻകിട ബൂർഷ്വാസിയുടെ താല്പര്യങ്ങൾ പേറിയിരുന്ന ദേശീയപ്രസ്ഥാനത്തിലെ വലതുപക്ഷ വിഭാഗമായ ഗാന്ധിയൻപക്ഷം ബ്രിട്ടീഷുകാരുമായി നിരന്തരം സന്ധിയിലേർപ്പെട്ടു. 1922ൽ, സമരംചെയ്തിരുന്ന മുഴുവൻ ജനങ്ങളെയും നിരാശയിലാഴ്ത്തിക്കൊണ്ട്, ബ്രിട്ടീഷുകാർക്ക് ആശ്വാസം പകർന്നുകൊണ്ട് ഗാന്ധിജി, നിസ്സഹകരണപ്രസ്ഥാനം ഏകപക്ഷീയമായി നിർത്തിവച്ചത് ഉൾപ്പെടെ നിരവധി ചരിത്രഘട്ടങ്ങളിൽ ജനകീയ താല്പര്യം പിന്തള്ളപ്പെട്ടു. സമൂഹത്തിന്റെ ജനാധിപത്യവല്കരണത്തെ ഭയത്തോടെ വീക്ഷിച്ച മുതലാളിവർഗ്ഗം ഗാന്ധിയൻ സമ്പ്രദായത്തിലുള്ള സമരങ്ങളെ ആശ്വാസമായാണ് കണ്ടത്. അതിനാൽ അവർ ഗാന്ധിയൻ സമരധാരയ്ക്ക് വലിയ പ്രചാരവും പ്രാധാന്യവും നൽകി. ജനങ്ങൾ തെരുവിലിറങ്ങി, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൽ ഏർപ്പെട്ട് ഉയർന്ന രാഷ്ട്രീയബോധം കൈവരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തി. അഹിംസയും സഹനവും വ്യക്തിപരമായ ആദർശങ്ങളെന്ന നിലയിൽ ഉദാത്തമാണെങ്കിലും, ആധുനികകാലത്തെ വർഗ്ഗ ഭരണകൂടങ്ങളോടുള്ള ഒരു സമര സമ്പ്രദായമെന്ന നിലയിൽ അപര്യാപ്തവും അശാസ്ത്രീയവുമാണ്. ജനങ്ങളുടെ സ്വാഭാവികമായ വ്യഗ്രതയും അനനുരഞ്ജനപരമാണ്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന സായുധ ചെറുത്തുനിൽപ്പുകളുടെ ചരിത്രം നമുക്കുണ്ടെങ്കിലും കേവലം മൂന്ന് പതിറ്റാണ്ട് ദേശീയപ്രസ്ഥാനത്തെ ഭാഗികമായിമാത്രം സ്വാധീനിച്ച ഗാന്ധിയൻ സമരരീതിയെ മഹത്വവത്കരിക്കുന്ന ചരിത്രരചനയാണ് ഔദ്യാഗികതലത്തിൽ അംഗീകരിക്കപ്പെട്ടതായി നാം കാണുന്നത്. ഈ ഔദ്യോഗിക ചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെപോയ നമ്മുടെ നാടിന്റെ വിലപ്പെട്ട സമരേതിഹാസങ്ങളിലൊന്നാണ്, ഉദ്ദം സിംഗിന്റെയും ഡോ.സൈഫുദ്ദീൻ കിച്‌ലുവിന്റെയും ഡോ.സത്യപാലിന്റെയും മറ്റനേകം വിപ്ലവകാരികളുടെയും ചരിത്രം.
ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ട് ചൂഷകവർഗ്ഗത്തിന്റെ താല്പര്യങ്ങൾ വിദഗ്ദ്ധമായി സംരക്ഷിക്കപ്പെടുന്ന ഇക്കാലത്ത് ചില പരിമിതികളുണ്ടെങ്കിലും മതേതര സൗഹാർദ്ദത്തിന്റെ പരിമളം പരത്തുന്ന ഈ പോരാട്ടത്തിന്റെ സുവർണ്ണ ചരിത്രം ഇന്നും വളരെ പ്രസക്തമാണ്.

Share this post

scroll to top