ഷഹീൻബാഗ് ഇന്നൊരു സ്ഥലനാമമല്ല, ദേശമെമ്പാടും വളർന്നുകൊണ്ടിരിക്കുന്ന ജനകീയപ്രക്ഷോഭത്തിന്റെ തിളങ്ങുന്ന പ്രതീകമാണത്. രാജ്യത്തെ വിഭജിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ, ദേശീയ പൗരത്വരജിസ്റ്ററിെതിരെ അനുദിനം രാജ്യമെമ്പാടും പടർന്നുകൊണ്ടിരിക്കുന്ന പോർമുഖങ്ങളെ പ്രതിനിധാനം ചെയ്യുന്ന സമരസാക്ഷ്യമായി മാറിയിരിക്കുന്നു ഷഹീൻബാഗുകൾ. രാത്രിയെന്നോ, പകലെന്നോ വേർതിരിവില്ലാതെ, സ്ത്രീ-പുരുഷ ഭേദമന്യേ, ജാതി-മത ഭേദമില്ലാതെ ഭാരതീയർ ഒത്തുകൂടുന്നു. കൊടുംവെയിലിലും കടുത്ത മഞ്ഞിലും തളരാതെ അവർ മുദ്രാവാക്യം വിളിക്കുന്നു.
ഫാസിസത്തിന്റെ കരിമ്പടം രാജ്യത്തെ ആവരണം ചെയ്യുമ്പോഴും വർഗ്ഗീയകലാപങ്ങൾ ആസൂത്രിതമായി അരങ്ങേറുമ്പോഴും വിട്ടുകൊടുക്കാതെ, ഐക്യത്തോടെ പൊരുതിമുന്നേറുന്ന അമ്മമാരെയും വിദ്യാർത്ഥികളെയും കൊണ്ടുനിറയുകയാണ് ഡൽഹി മുതൽ തിരുവനന്തപുരം വരെയുള്ള ഷഹീൻബാഗ് സമരകേന്ദ്രങ്ങൾ.
2019 ഡിസംബർ 15 നാണ് ന്യൂഡൽഹിയിൽ ഒരുകൂട്ടം അമ്മമാർ ഒത്തുകൂടി അനിശ്ചിതകാല സമരമാരംഭിക്കുന്നത്. ജാമിയ മിലിയ സർവ്വകലാശാലയിൽ പോലീസ് നടത്തിയ നരവേട്ടയ്ക്കെതിരായ പ്രതിഷേധമെന്ന നിലയിലാണ് 90 വയസ്സുകഴിഞ്ഞ അസ്മാ ഖാത്തൂൻ ഉൾപ്പെടെയുള്ള വന്ദ്യവയോധികരായ സ്ത്രീകൾ രണ്ടും കൽപ്പിച്ച് തെരുവിൽ ഇറങ്ങുന്നത്. ക്രമേണ, എണ്ണം കൂടി വന്നു. വൈകാതെ സമരമുഖത്ത് നൂറല്ല, ആയിരം പേർ എത്തുന്ന സ്ഥിതി വന്നു. ആയിരങ്ങൾ പതിനായിരങ്ങളായി മാറുന്നതിന് പിന്നെ അധികനാൾ വേണ്ടിവന്നില്ല. ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തിൽ, ലക്ഷക്കണക്കിന് ജനങ്ങൾ ഷഹീൻബാഗിൽ ഒത്തുചേർന്ന് ദേശീയപതാക ഉയർത്തുന്നതിന് രാജ്യം സാഭിമാനം സാക്ഷ്യം വഹിച്ചു. രോഹിത് വെമുലയുടെ അമ്മയും ജൂനൈദിന്റെ ഉമ്മയും ചേർന്നാണ് ദേശീയ പതാക ഉയർത്തിയത്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി വഴിപാടായി നടത്തുന്ന പതാകയുയർത്തൽ ചടങ്ങിന്റെ സമയത്ത്, പൗരത്വപ്രക്ഷോഭത്തിന്റെ ദേശീയ കേന്ദ്രത്തിലെ ദേശീയ പതാകയുയർത്തൽ സമരം സ്വാതന്ത്ര്യസമര ദിനങ്ങളെയാണ് അനുസ്മരിപ്പിച്ചത്.
പിന്നിട് അങ്ങോട്ട്, രാജ്യമെമ്പാടും ഷഹീൻബാഗുകൾ ഉയരുന്നതാണ് നാം കാണുന്നത്. ന്യൂഡൽഹിയിലെ തന്നെ സീലാലംപൂരിൽ, കൊൽക്കത്തയിലെ പാർക്ക് സർക്കിളിൽ, ലക്നൗവിൽ, മുബൈയിൽ, പാട്നയിൽ, ചെന്നൈയിൽ, മധുരയിൽ, തിരുവനന്തപുരത്ത് എന്നിങ്ങനെ തലസ്ഥാനനഗരികളിലും പീന്നിട് വിവിധ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഷഹീൻബാഗുകൾ ഉയർന്നുകൊണ്ടിരിക്കുന്നു. കേരളത്തിൽ കോഴിക്കോട്, വടകര, മലപ്പുറം, കൊല്ലം അയത്തിൽ, കണ്ണൂരിൽ തുടങ്ങി നിരവധി സ്ഥലങ്ങളിൽ സ്ത്രീകളുടെയും രാഷ്ട്രീയ സംഘടനകളുടെയും പൊതുവേദികളുടെയും നേതൃത്വത്തിൽ ഷഹീൻബാഗ് സമരകേന്ദ്രങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.
അക്ഷരാർത്ഥത്തിൽ, ഒരുകൂട്ടം വിദ്യാർത്ഥികളും അമ്മമാരുമാണ് തിരുവനന്തപുരത്ത് ഫെബ്രുവരി 3 ന് സെക്രട്ടേറിയറ്റിനുമുന്നിൽ ഷഹീൻബാഗ് മോഡൽ സമരത്തിന് മുന്നിട്ടിറങ്ങിയത്. ‘എവേക്’ എന്ന വാട്സ്അപ്പ് കൂട്ടായ്മയാണ് അതിന് മുൻകൈയെടുത്തത്. ജനുവരി 13 ന്, ഗാന്ധിപാർക്കിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച പൗരസംഗമത്തിനും മേധാ പട്കർ നയിച്ച ബഹുജനറാലിക്കും ശേഷമാണ് ഒരു പൊതുമതേതര സമരവേദിയുടെ ആഭിമുഖ്യത്തിൽ വേണം പൗരത്വ സംരക്ഷണ സമരങ്ങൾ വളർന്നുവരേണ്ടത് എന്ന ആശയത്തിന് പ്രാമുഖ്യം ലഭിക്കുന്നത്.
എന്തായാലും, വിദ്യാർത്ഥികളുടെ മുൻകൈയിൽ പ്രത്യേകിച്ച് ഒരു ബാനറിന് കീഴിലല്ലാതെ ആരംഭം കുറിച്ച സെക്രട്ടേറിയറ്റിനുമുന്നിലെ ഷഹീൻബാഗ് സമരപ്പന്തൽ കുറഞ്ഞ സമയം കൊണ്ടുതന്നെ വമ്പിച്ച ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. കക്ഷിരാഷ്ട്രീയ ഭേദമന്യേ വിവിധ വിഭാഗം ജനങ്ങൾ രാപകൽ സമരത്തിന്റെ ഭാഗമാകാൻ വന്നുകൊണ്ടിരിക്കുന്നു. പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കൾ മിക്കവരും ഒരു തവണയെങ്കിലും പന്തൽ സന്ദർശിക്കുകയുണ്ടായി. ഉമ്മൻചാണ്ടി, കാനം രാജേന്ദ്രൻ, രമേശ് ചെന്നിത്തല, വി.എം.സുധീരൻ, എൻ.കെ.പ്രേമചന്ദ്രൻ, സെബാസ്റ്റ്യൻ പോൾ, വി.ശിവൻകുട്ടി, പി.സി.വിഷ്ണുനാഥ്, സി.പി.ജോൺ, ഡീൻ കുര്യാക്കോസ്,എം.പി,ഭാസുരേന്ദ്രബാബു, പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം.ഹസ്സൻ എന്നിവരും കൂടാതെ വിവിധ യുവജന-വിദ്യാർത്ഥി-മഹിളാ വിഭാഗം നേതാക്കളും ഐക്യദാർഢ്യം അർപ്പിക്കാനെത്തിയവരിൽ ഉൾപ്പെടുന്നു. ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ, ഡോ.രാജൻ ഗുരുക്കൾ, ജസ്റ്റിസ് കമാൽ പാഷ, ബി. രാജീവൻ, സക്കറിയ, റോസ്മേരി, ജെ.ദേവിക,എൻ.മാധവൻകുട്ടി, ബി.ആർ.പി.ഭാസ്ക്കർ, സി.ആർ.നീലകണ്ഠൻ, ജോസഫ് സി.മാത്യൂ, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, കെ.എം.ഷാജഹാൻ, ഡോ.ആസാദ്, സാവിത്രി രാജീവൻ, കാട്ടൂർ നാരായണപിള്ള, ഡോ.എം.ആർ.തമ്പാൻ, ഡോ.ഡി.സുരേന്ദ്രനാഥ്, ആർ.പാർത്ഥസാരഥി വർമ്മ, ജാമിയ മിലിയയിലെ പ്രൊഫ.അരവിന്ദർ എ.അൻസാരി, സ്വാമി സന്ദീപാനന്ദഗിരി , ഷൈല കെ.ജോൺ തുടങ്ങി നൂറുകണക്കിന് സാംസ്കാരിക-മത-ജനകീയ-സാമുദായിക-സംഘടനാ നേതാക്കൾ അഭിവാദ്യം അർപ്പിക്കാൻ ദിനംപ്രതി വന്നുചേരുന്നുണ്ട്.
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി, കോൺഗ്രസ്സ്(ഐ), സി.പി.ഐ., എസ്.യു.സി.ഐ.(കമ്മ്യൂണിസ്റ്റ്), ആർ.എം.പി.ഐ., സി.പി.ഐ.(എം.എൽ), മുസ്ലീം ലീഗ്, എസ്.ഡി.പി.ഐ., വെൽഫെയർ പാർട്ടി, ജനതാദൾ(സെക്യൂലർ), സി.എം.പി, കെ.പി.എം.എസ്, ബി.എസ്.പി, മുസ്ലീം ജമാഅത്ത് കൗൺസിൽ, വിവിധ മഹല്ലുകൾ, വ്യാപാരി വ്യവസായി എകോപന സമിതി, പി.ഡി.പി., കെ.ഡി.എഫ.്, കെ.ഡി.പി., ജമാഅത്ത് ഇസ്ലാമി, മഹിളാ കോൺഗ്രസ്സ്, വലിയതുറ ചെറു രശ്മി, എസ്.ഐ.ഒ., ജി.ഐ.ഒ., സി.ഐ.റ്റി.യു. പ്രവർത്തകർ, എ.ഐ.ഡി.വൈ.ഒ., കെ.എസ്.യു. നേതാക്കൾ, എ.ഐ.ഡി.എസ്.ഒ., ദക്ഷിണ കേരള ജംഇയത്തുൽ, എ.ഐ.യു.ടി.യു.സി., അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന, മനുഷ്യാവകാശ കൂട്ടായ്മകൾ, ആൾ ഇന്ത്യാ വ്യാപാരി വ്യവസായി കോൺഗ്രസ്സ്, വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥി നേതാക്കൾ, സാംസ്കാരിക സമിതികൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിങ്ങനെ നൂറുകണക്കിന് സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കളും വ്യക്തികളും കുടുംബങ്ങളും ഒഴുകിയെത്തുന്ന സ്ഥലമായി തിരുവനന്തപുരം ഷഹീൻബാഗ് ഉയർന്നുകഴിഞ്ഞു. സമരപ്പന്തലിനെ ഒരു തീർത്ഥാടനകേന്ദ്രത്തെ പോലെ സമീപിക്കുന്ന ആയിരകണക്കിന് ജനങ്ങൾ സന്ദർശകരായി വരുന്നുവെന്നത് സമീപകാല ജനകീയ പ്രക്ഷോഭ വേദികളിലെ വേറിട്ട കാഴ്ച തന്നെയാണ്. പ്രത്യേകിച്ചും, മുസ്ലീം സ്ത്രീകളും കുടുംബങ്ങളും പ്രക്ഷോഭ വേദിയെ അവരുടെ സ്വന്തം അതിജീവന സമരവേദിയായി കാണുന്നുവെന്നതും സമരസംഘാടകരായ വിദ്യാർത്ഥികൾക്കും അമ്മമാർക്കും ആവേശം പകരുന്നു.
വംശീയ ഉന്മൂലനത്തിന്റെ രാക്ഷസകരങ്ങൾ മുസ്ലീം ജനവിഭാഗത്തെ വേട്ടയാടുമ്പോൾ അക്ഷരാർത്ഥത്തിൽ അരക്ഷിതരായി പലായനം ചെയ്യുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആകുലതകൾ അവരെ പ്രക്ഷോഭ വേദിയിൽ ഒന്നിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. തെരുവിൽ എത്ര വലിയ യാതനകളെയും നേരിടാൻ, വീട്ടകങ്ങളിൽ മാത്രം കഴിഞ്ഞിരുന്ന മുസ്സീം അമ്മമാരും സ്ത്രീകളും വ്യാപകമായി തയ്യാറാകുന്നത് സ്വതന്ത്രഭാരത ചരിത്രത്തിലിതാദ്യമാണ്. രാജ്യമെമ്പാടുമുള്ള പ്രക്ഷോഭ വേദികളിൽ നായികമാരായും സമരസംഘാടകരായും സ്ത്രീകൾ രംഗത്തുവരുന്ന അപൂർവ്വമായ മുന്നേറ്റമാണ് പൗരത്വസംരക്ഷണ പ്രക്ഷോഭങ്ങളിൽ തെളിഞ്ഞുകാണുന്നത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പാഠങ്ങൾ ഈ സമരവേദിയിൽനിന്ന് സ്ത്രീലക്ഷങ്ങൾ ആർജ്ജിച്ചെടുക്കുന്നുണ്ട്.
മാനവമൈത്രി വാക്കുകളിലല്ല, യഥാർത്ഥജീവിതത്തിൽ അനുഭവവേദ്യമാകുന്ന മുഹൂർത്തങ്ങളാണ് ഷഹീൻബാഗ് എന്ന പ്രതിരോധ സമരത്തിന്റെ മാതൃകാപാഠശാലകൾ ഓരോ ആളിനും പകർന്നുനൽകുന്നത്. മതമൈത്രി കൂടുതൽ കരുത്തുറ്റ തലങ്ങളിലേയ്ക്ക് ദൃഢീകരിയ്ക്കപ്പെടാൻ ഈ സമരവേദികൾ അവസരമൊരുക്കുന്നു. ഡൽഹി ഷഹീൻബാഗിൽ ഭക്ഷണം വിളമ്പുന്നത് സിഖ് സമുദായംഗങ്ങൾ നടത്തുന്ന ലങ്കറുകളിൽ നിന്നാണ്. തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം സമരക്കാർക്ക് ഭക്ഷണവും പുതപ്പും വാങ്ങാനായി ചെലവഴിക്കുന്നവരെ ഡൽഹി ഷഹീൻബാഗിൽ കാണാം, സമരം ചെയ്യുന്ന കുഞ്ഞുങ്ങൾക്ക് പന്തലിൽ വിദ്യാഭ്യാസം കൊടുക്കുന്ന സർവ്വകലാശാല വിദ്യാർത്ഥികളെയും കാണാം. വിവാഹം സമരപ്പന്തലിൽ നടത്തിയ ചെന്നൈയിലെ അനുഭവം വിലമതിക്കാനാകാത്തതാണ്. തിരുവനന്തപുരം ഷഹീൻബാഗ് സംഘാടക സമിതി കൺവീനർ മേധാ സുരേന്ദ്രനാഥിന്റെ പിറന്നാൾ ദിനത്തിൽ പന്തലിൽ ഒരാൾ വിതരണം ചെയ്ത കേക്കിലെഴുതിയ വാക്കുകൾ മറക്കാനാവുമോ? ‘നമുക്ക് ഒന്നിച്ച് പൊരുതാം’ എന്നതായിരുന്നു അത്. അങ്ങനെ എത്രയെത്ര വികാരനിർഭരങ്ങളായ അനുഭവങ്ങളാണ് ഷഹീൻബാഗുകൾ ഓരോ ദിനവും നമുക്കായി സമ്മാനിക്കുന്നത്.
അനിതരസാധാരണമായ മനുഷ്യസൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും സുന്ദരമൂഹൂർത്തങ്ങളിലൂടെ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധ പ്രസ്ഥാനം രാജ്യമെമ്പാടും വളരുന്നുവെന്നതിന്റെ തുടിക്കുന്ന ഉദാഹരണമായി ഷഹീൻബാഗ് സമരങ്ങളെ കാണാനാകും. എന്നാൽ, ഔദ്യോഗിക പ്രതിപക്ഷം ചിത്രത്തിലേയില്ല. ഡൽഹിയിൽ സംഘപരിവാർ ക്രിമിനലുകൾ വംശഹത്യയ്ക്കായി സായുധരായി അഴിഞ്ഞാടിയപ്പോൾ നിസ്സഹായരായി നിലവിളിച്ചുകൊണ്ട് പ്രാണനും കൊണ്ടോടിയവരെ സഹായിക്കാൻ പ്രതിപക്ഷമുണ്ടായിരുന്നില്ല. അപ്പോൾ, ന്യൂഡൽഹി ഭരിക്കുന്ന എ.എ.പി.യുടെ കെജ്രിവാൾ ഹനുമാൻ സേവ നടത്തുകയായിരുന്നു. രാജ്ഘട്ടിൽ കലാപം ശാന്തമാക്കാൻ പ്രാർത്ഥിയ്ക്കാൻ പോയതൊഴിച്ചാൽ ചെറുവിരൽ അനക്കാൻ സന്നദ്ധനാകാതെ, ഒരിക്കൽപ്പോലും ഷഹീൻബാഗ് സമരത്തെ അഭിവാദ്യം ചെയ്യാതെ, ഫലത്തിൽ സംഘപരിവാറിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന കാര്യം തീർത്തും ഞെട്ടിപ്പിക്കുന്നു.
വേട്ടയാടപ്പെടുന്ന സാധാരണ ജനങ്ങൾക്ക് ആരുമില്ല. ഭരണ-പ്രതിപക്ഷങ്ങളില്ല, പോലീസ് നഗ്നമായി ക്രിമിനലുകളോടൊപ്പം നിൽക്കുന്നു. ജൂഡീഷ്യറിയും ഭരണകൂടത്തിന്റെ താളത്തിനൊത്ത് തുള്ളുന്ന അതിഭയാനക കാലത്തിലേയ്ക്ക് രാജ്യം വന്നുവീണിരിക്കുന്നു. എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്ന കാലത്ത് ജനങ്ങൾ പ്രതിരോധത്തിനായി സ്വന്തം സമരകൂട്ടായ്മകൾ പടുത്തുയർത്തിയേ മതിയാകൂ. ഷഹീൻബാഗ് സമരം ആ ചരിത്രാവശ്യകതയിൽ നിന്നാണ് ഉയർന്നുവന്നത്. ജനങ്ങൾ ആ പ്രക്ഷോഭ വേദിയിൽ സകുടുംബം പങ്കെടുക്കുന്നത് അതുകൊണ്ടാണ്. പ്രത്യാശ നൽകുന്നത് പ്രക്ഷോഭങ്ങൾ മാത്രം; ജനൈക്യത്തിന് മാത്രമേ ഇനി ഇന്ത്യയെ രക്ഷിയ്ക്കാനാവൂ. പ്രത്യാശാനിർഭരമായ ആ പ്രക്ഷോഭത്തിന്റെ ദേശീയ പ്രതീകമായ ഷഹീൻബാഗ് സമരത്തെ നെഞ്ചോട് ചേർക്കുക, നാടെമ്പാടും ഉയരട്ടെ ഷഹീൻബാഗുകൾ.
തിരുവനന്തപുരം ഷഹീൻബാഗ് സമരം ഒരു മാസം പിന്നിടുന്നു
അസാധാരണമായ സവിശേഷതകളോടെ തിരുവനന്തപുരത്ത് ഫെബ്രുവരി 3 ന് തികച്ചും സ്വതന്ത്രമായി ആരംഭിക്കപ്പെട്ട ഷഹീൻബാഗ് മോഡൽ സമരം മാർച്ച് 3-ാം തീയതി വിജയകരമായി ഒരു മാസം പൂർത്തിയാക്കി. ജനപങ്കാളിത്തം മാത്രമല്ല, മതേതര സ്വഭാവം കൂടുതൽ കരുത്തോടെ പ്രകാശിപ്പിക്കാൻ കഴിയുന്ന സമരപ്പന്തലിൽ നാനാജാതി- മതസ്ഥർ സഹോദര്യത്തോടെ ഒത്തൊരുമിച്ചാണ് സമരത്തിൽ പങ്കെടുക്കുന്നത്. രാത്രി ഭക്ഷണം മിക്കവാറും ഏല്ലാവരും ഒരുമിച്ചാണ് കഴിക്കാറുള്ളത്. സമരത്തെ സഹായിക്കാനായി നൂറുകണക്കിനാളുകൾ മുന്നോട്ടുവരുന്നതും സന്നദ്ധപ്രവർത്തനങ്ങൾ സജീവമായി മുന്നേറുന്നതും ജനൈക്യത്തിന്റെ തിളങ്ങുന്ന ഉദാഹരണങ്ങളിൽ ഒന്നാണ്.
സമരം ഒരു മാസം പിന്നിട്ട മാർച്ച് 3 ന്, ഡൽഹി ഷഹീൻബാഗിലെ സമരസംഘാടകരിലൊരാളായ റിതു കൗശിക്കിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിക്കപ്പെട്ടു. ‘സല്യൂട്ട് ഷഹീൻബാഗ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത റിതു കൗശിക്കിനെ ചുവന്ന റോസാപ്പൂക്കൾ നൽകി സമരവോളണ്ടിയർമാർ വേദിയിലേയ്ക്ക് സ്വാഗതം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രമുഖ കവി ക്വാസി നസ്രൂൽ ഇസ്ലാമിന്റെ ‘ഞങ്ങൾ ശക്തി, ഞങ്ങൾ ബലം, ഞങ്ങൾ വിദ്യാർത്ഥികൾ’ എന്ന് തുടങ്ങുന്ന ഗാനാലാപനത്തോടെയാണ് സല്യൂട്ട് ഷഹീൻബാഗ് പരിപാടി തുടങ്ങിയത്. തുടർന്ന്, തിരുവനന്തപുരം ഷഹീൻബാഗ് സമരസംഘാടക സമിതി ജനറൽ കൺവീനർ മേധാ സുരേന്ദ്രനാഥ് സമരത്തിന്റെ ഒരുമാസക്കാലത്തെ നാൾവഴികൾ ചുരുക്കത്തിൽ വിവരിച്ചു.
ഉദ്ഘാടകനായ കവി കുരീപ്പുഴ ശ്രീകുമാർ, പൗരത്വഭേദഗതി നിയമം മനുഷ്യനെ വിഭജിക്കുന്ന കരിനിയമമാണെന്ന് ചരിത്രാനുഭവങ്ങൾ വിവരിച്ചുകൊണ്ട് സമർത്ഥിക്കുകയുണ്ടായി. ഈ സമരം സ്നേഹവും സാഹോദര്യവും വളർത്തുവാനായി നടത്തുന്ന സമരമാണെന്നും ഇത് വിജയിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന്, സാഹോദര്യത്തിന്റെ സന്ദേശവുമായയെത്തിയ ഡൽഹി ഷഹീൻബാഗിലെ മുൻനിര പോരാളികളിലൊരാളായ ഋതു കൗശിക്ക് വിശദമായി സംസാരിച്ചു. മനസ്സുകളിൽ വർഗ്ഗീയ വിഷബാധയേറ്റ സംഘപരിവാർ പ്രവർത്തകർ മുസ്ലീങ്ങൾക്കെതിരെ ഏകപക്ഷീയമായി നടത്തിയ കൂട്ടക്കൊലകളാണ് ഡൽഹിയിൽ അരങ്ങേറിയതെന്ന് ഋതു കൗശിക് പറഞ്ഞു. വർഗ്ഗീയ സംഘങ്ങളുടെ സായുധമായ അഴിഞ്ഞാട്ടത്തെ ചെറുക്കാൻ ഡൽഹിയിലെ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖ് മതസ്ഥരും ഒന്നിച്ചണിനിരന്നുവെന്നത്, ഇന്ത്യയെ തോൽപ്പിക്കാൻ ഫാസിസ്റ്റ് ഭരണാധികാരികൾക്ക് കഴിയില്ലായെന്നതിന്റെ തെളിവാണ്. 22 ഹിന്ദുക്കളും 60-ഓളം മുസ്ലീങ്ങളും അക്രമണത്തിൽ കൊല്ലപ്പെട്ടു. ഇരുകൂട്ടരും കൊലപ്പെട്ടത് സംഘപരിവാർ കൊലയാളികളാൽ തന്നെ.
എന്നാൽ, ഷഹീൻബാഗ് സമരം അതിശക്തമായി വളരുകയാണ്. നാനാമതസ്ഥരുടെ പങ്കാളിത്തത്തോടെ ഷഹീൻബാഗ് ഒരു മിനി ഇന്ത്യയായി മാറിക്കൊണ്ടിരിക്കുന്നതായി അവർ ചൂണ്ടിക്കാണിച്ചു. ഡൽഹിയിൽ മോദി സർക്കാരിന്റെ ആശീർവാദത്തോടെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തപ്പോൾ സംസ്ഥാനത്തെ കെജ്രിവാൾ സർക്കാർ കൈയും കെട്ടി നോക്കിനിന്നു. ഫലത്തിൽ ഗൂഢാലോചനയിൽ കെജ്രിവാളും പങ്കാളിയായി. ഫെബ്രുവരി 8ന് ഡൽഹി തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കെജ്രിവാൾ ഒരക്ഷരം മിണ്ടിയില്ല. പിന്നീട്, മുഖ്യമന്ത്രിയായ ശേഷം ബി.ജെ.പി.യോടൊപ്പം ചേർന്നതുപോലെയാണ് കെജ്രിവാളിന്റെ പെരുമാറ്റമെന്നും അവർ പറഞ്ഞു.
തിരുവനന്തപുരം ഷഹീൻബാഗിലും സമരങ്ങൾ നിലയ്ക്കുന്നില്ല. വ്യത്യസ്ഥങ്ങളായ നിരവധി സമരങ്ങൾ സംഘടിപ്പിച്ചുകൊണ്ടും മഹത്തായ ഐക്യസന്ദേശം വിളംബരം ചെയ്തുകൊണ്ടും എല്ലാ മനുഷ്യരുടെയും ഹൃദയം കവരുന്ന വിധത്തിൽ അതുല്യമായ ഷഹീൻബാഗ് സമരം പുതിയ പടവുകളിലേയ്ക്ക് പ്രവേശിക്കുകയാണ്.