സാലറി ചലഞ്ച്: ജീവനക്കാരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കരുത്

Share

സാലറി ചാലഞ്ച് സംബന്ധിച്ച് ജെപിഎ (ജോയിന്റ് പ്ലാറ്റ്ഫോം ഓഫ് ആക്ഷന്‍ ഓഫ്
ഗവണ്‍മെന്റ് ആന്റ് അസ്സോസിയേറ്റ് സര്‍വീസ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍)
കേരളാ ചാപ്റ്റർ പുറപ്പെടുവിക്കുന്ന പ്രസ്താവന

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാർ ഒരു മാസത്തെ ശമ്പളത്തിൽ കുറയാത്ത തുക സാലറി ചലഞ്ചായി ഏറ്റെടുക്കണമെന്ന സർക്കാർ അഭ്യർത്ഥന ജീവനക്കാർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഞങ്ങൾ കരുതുന്നു. സംസ്ഥാനത്തെ ഒരു ശരാശരി സർക്കാർ ജീവനക്കാരന്റെ വരുമാനം, ജീവിതച്ചെലവുകൾ, അഭിവൃദ്ധി എന്നിവ സംബന്ധിച്ച് സർക്കാരിനുള്ള കാഴ്ചപ്പാട് യാഥാർത്ഥ്യത്തോട് ചേരുന്നതാണോ എന്ന ആശങ്ക ഉയരുന്ന നിലയാണിന്നുള്ളത്. അക്കാരണത്താൽ ജീവനക്കാരുടെ പക്ഷത്തുനിന്നുകൊണ്ട് വ്യത്യസ്ത വകുപ്പു സംവിധാനങ്ങളെപ്പറ്റിയും സാലറി ചലഞ്ചിൽ അന്തർഭവിച്ചിരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും ചില അഭിപ്രായങ്ങൾ മുന്നോട്ടുവയ്ക്കാതിരിക്കാൻ കഴിയാത്ത സാഹചര്യമാണിതെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ മാതൃകാപരമാണ്. പ്രതിരോധത്തിന്റെ മുന്നണി യില്‍ വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ലാതെ ജീവന്‍പോലും അപകടത്തിലാക്കി പ്രവര്‍ത്തിക്കുന്ന, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ പൊതുസമൂഹത്തിന് പകരുന്ന സുരക്ഷാബോധം വിലമതിക്കാനാവാത്തതാണ്. കാലങ്ങളായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന സംഘടിത പ്രചാരവേലകള്‍ക്ക് ഒരു മറുപടിയാണ് സർക്കാരുദ്യോഗസ്ഥരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്ത നം. ഇതിലും അപകടം പിടിച്ച സാഹചര്യങ്ങളിലും പൊതുസമൂഹത്തിന്റെ സുരക്ഷയെക്കരുതി മുന്നണിയിലി റങ്ങി പ്രവർത്തിക്കുന്നതിന് ആരോഗ്യ- ആഭ്യന്തര വകുപ്പുകള്‍ മാത്രമല്ല എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ബാധ്യസ്ഥരാണ്. കേരളത്തിന്റെ സുരക്ഷാ കവചമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ അതീവ ജാഗ്രതയിലാണ്. പിഎച്ച്സി മുതൽ ജില്ലാ ആശുപത്രികൾ വരെ ആരോഗ്യ വകുപ്പിന്റെ സംസ്ഥാനം മുഴുവനുള്ള ശൃംഖല അതിന്റെ ശേഷിക്കപ്പുറം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. 24,500 ഓളംവരുന്ന ആശാവർക്കർമാരും ഫീല്‍ഡില്‍ കർമ്മനിരതരാണ്. എന്നാല്‍ കോവിഡ് വരുന്നതിന് മുമ്പും ഈ സംവിധാനം നിരവധി ദൗത്യങ്ങൾ ഏറ്റെടുത്തുകൊണ്ട് സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു. നിപയും കോവിഡും പോലുള്ള മഹാമാരികളെ കൈകാര്യം ചെയ്യാൻ പ്രതിരോധ സംവിധാനങ്ങളുള്ള ഒരു പൊതുജനാരോഗ്യ സംവിധാനം സർക്കാർ മേഖലയിൽ നിലനിൽക്കുന്നു എന്ന യാഥാർത്ഥ്യം മുന്‍പന്തിയിലേക്ക് വന്നിരിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ തന്നെ ഈ മഹാമാരിയെ ചെറുക്കാൻ കഴിയുന്നു എന്ന സത്യം സർക്കാർ മറച്ചുവയ്ക്കുന്നതെന്തിനാണ്? സര്‍ക്കാര്‍ സംവിധാനങ്ങൾ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ, കേരളത്തില്‍ പൊതുവെ ജനാനുകൂലമായാണ് പ്രവർത്തിക്കുന്ന ത്. ഇവിടത്തെ ജനാധിപത്യ അന്തരീക്ഷം, ഉയര്‍ന്ന സാക്ഷരത, നവോത്ഥാന പാരമ്പര്യം ഇവയൊക്കെ ഇതിന് നിദാനമാണ്.


പൊതുജന ക്ഷേമ സംവിധാനങ്ങള്‍ കാര്യക്ഷമമായ രീതിയില്‍ നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം പ്രതിസന്ധിഘട്ടങ്ങ ള്‍ ചൂണ്ടുന്നത്. എന്നാല്‍ ഭരണപരമായ സ്വജനപക്ഷപാതം, ആഗോളീകരണ നയങ്ങളുടെ നടപ്പിലാക്കൽ, കെടുകാര്യസ്ഥത, ദീര്‍ഘ വീക്ഷണമില്ലായ്മ തുടങ്ങിയവ സര്‍ക്കാര്‍ വകുപ്പുകളെ തകർച്ചയിലേക്ക് നയിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. ആരോഗ്യവകുപ്പുപോലും ആവശ്യത്തിന് ജീവനക്കാരോ മറ്റ് ഭൗതിക സൗകര്യങ്ങളോ ഇല്ലാതെയാണ് ഈ പ്രതിസന്ധികാലത്തും പ്രവര്‍ത്തിക്കു ന്നത്. കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതിനുശേഷമാണ് ഡോക്ടര്‍മാരുടെ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ നികത്തണമെന്ന ബോധംപോലും ഭരണാധികാരികള്‍ക്കുണ്ടായതെന്ന വസ്തുത സര്‍ക്കാരിന്റെ പൊതുവെയുള്ള ഉദാസീനതയ്ക്ക് ഉദാഹരണമാണ്. ലാഭമില്ല എന്ന് പറഞ്ഞ് പെന്‍ഷനും ശമ്പളവും നിഷേധിക്കപ്പെടുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ സഹായം കൊറോണക്കാലത്ത് വിമാനത്താവളങ്ങളിൽനിന്ന് ഐസൊലേഷനിലേക്ക് യാത്രികരെ കൊണ്ടുപോകാന്‍ വേണ്ടിവന്നു എന്നത് കാവ്യ നീതിയാണ്.
കൊറോണ മാത്രമല്ല നാമിന്ന് നേരിടുന്ന വെല്ലുവിളികള്‍. ദുഷ്കരമായ സാമ്പത്തിക പ്രതിസന്ധി ലോകമെമ്പാടും പടരുകയാണ്. കേരളത്തെ ഈ പ്രതിസന്ധി നേരത്തേ തന്നെ ബാധിച്ചിരുന്നു. കേന്ദ്ര സർക്കാർ ഒരു സുപ്രഭാതത്തിൽ GST അടിച്ചേൽപ്പിച്ചു. കുതിച്ചു ചാടുന്ന നികുതി സ്ലാബിന്റെ നിലയോർത്ത് കണ്ണു മഞ്ഞളിച്ച ബഹു: കേരള ധനകാര്യ മന്ത്രി, ലഭിക്കാൻ പോകുന്ന നികുതി വിഹിതത്തിന്റെ വലുപ്പം സ്വപ്നംകണ്ട് ആദ്യമേ തന്നെ GST യെ പിന്തുണച്ചു. കള്ളപ്പണം, തീവ്രവാദം പോലുള്ള പൊയ്ക്കാഴ്ച്ചകൾ കാട്ടി കേന്ദ്രം നോട്ടു പിൻവലിച്ചപ്പോഴും ഫലത്തിൽ അതിനെ പിന്തുണച്ചു. അവസാനം ഫെഡറലിസവും സമ്പദ് രംഗവും തകർന്ന് ഒരു തരം അരാജകത്വം അടിമുടി വ്യാപിച്ചു കഴിഞ്ഞപ്പോൾ കിട്ടാനുള്ള GST വിഹിതത്തിനു വേണ്ടി വിലപിച്ചു നടക്കുകയാണ് സർക്കാരും ധനമന്ത്രിയുമൊക്കെ. സമ്മതി തന്ന ജനങ്ങളിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് ഇത്തരം ദേശവിരുദ്ധ നടപടികൾക്കെതിരെ പോരിനിറങ്ങിയിരുന്നുവെങ്കിൽ ജനങ്ങളും ജീവനക്കാരും കേരള സർക്കാരിന്റെ കൂടെ നിൽക്കുമായിരുന്നു. നിരവധി മാസങ്ങളായി നിത്യനിദാന ചെലവുകൾ നടത്താനാവാതെ ട്രഷറി കടുത്ത സമ്മർദ്ദത്തിനു വിധേയമായിരിക്കുന്നു. ഈ ദുരവസ്ഥയ്ക്ക് ജീവനക്കാർ ഉത്തരവാദികളാണോ എന്ന് ഗൗരവത്തോടെ ചിന്തിക്കണം. യാതൊരു തത്വദീക്ഷയുമില്ലാതെ ലോകബാങ്ക് ഉൾപ്പെടെയുള്ള സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പകൾ വാങ്ങിക്കൂട്ടുന്നതിന്റെ തിരിച്ചടവും പലിശയും നാട്ടുകാരുടെ തലയില്‍ വച്ച് പുറന്തിരിഞ്ഞ് നില്‍ക്കുന്ന കുറ്റകരമായ സമീപനം സർക്കാർ വെടിയണം.
400 കോടി മുടക്കുന്നതിന് ജീവനക്കാരിൽ നിന്ന് 3200 കോടി പിരിക്കുന്നതെന്തിനെന്ന പ്രതിപക്ഷ എം.എൽ.എയുടെ ചോദ്യത്തിന് തന്റെ ഫേസ്ബുക്ക് പേജിൽ ബഹുമാനപ്പെട്ട ധനമന്ത്രി നൽകിയ മറുപടിയിൽ ചില സത്യങ്ങൾ വെളിച്ചത്തു വരുന്നുണ്ട്. ആരോഗ്യ വകുപ്പിനുള്ള മരുന്നു സപ്ലൈയുടെ സർക്കാർ സംവിധാനമായിരുന്ന ജില്ലാ മെഡിക്കൽ സ്റ്റോറുകൾ മൊത്തം അടച്ചു പൂട്ടിയിട്ട് ഇടതു സർക്കാരുണ്ടാക്കിയ മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്‍, ഇന്ന് വമ്പൻ മരുന്നു കമ്പനികളുടെ താവളമാണ്. നികുതിപ്പണം കൊള്ളയടിക്കാൻ സംവിധാനമുണ്ടാക്കിയിട്ട് അതിന്റെ ചെലവു പറഞ്ഞ് ജനങ്ങളെ പറ്റിക്കരുത്.


മറ്റൊന്ന് 4200 കോടി ക്ഷേമപെൻഷൻ അനുവദിച്ചു എന്ന വാദമാണ്. ഒരു മഹാമാരി വന്ന് മരിക്കാൻ മാത്രം ഗതികെട്ടാലേ പെൻഷൻ നല്‍കൂ എന്നാണോ സർക്കാരുദ്ദേശിക്കുന്നത്? 4200 കോടിയോളം കുടിശ്ശികയാകുന്ന തുവരെ പാവങ്ങൾക്ക് പെൻഷൻ കൊടുക്കാതിരുന്നിട്ട്, ഒടുവില്‍ ആ ബാധ്യതയും ജീവനക്കാരുടെ തലയിലാക്കാൻ ആലോചിക്കുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും സര്‍ക്കാരിന്റെ ആഡംബരത്തിനും ദുഷ്ചെലവുകള്‍ക്കും യാതൊരു കുറവുമില്ല എന്നതാണ് സങ്കടകരം. ദീര്‍ഘവീക്ഷണം പോയിട്ട് സാമാന്യബുദ്ധിപോലും തീണ്ടാത്ത നടപടികളിലൂടെ ഈ പ്രതിസന്ധിയിലേക്ക് നയിച്ചതിനുത്തരവാദിത്തം നമ്മുടെ ഭരണാധികാരികള്‍ക്ക് തന്നെയാണ്. കണക്കില്ലാതെ കടം വാങ്ങിക്കൂട്ടി പലിശപെരുകുന്നത് ഒരുവശത്ത്, മന്ത്രിമാര്‍ക്കും ഉന്നതഉദ്യോഗസ്ഥര്‍ക്കും വേണ്ടി വരുന്ന ശമ്പളേതര ചെലവ് മറുവശത്ത്. സര്‍ക്കാരിന് സമാന്തരമായി വേണ്ടത്ര ഓഡിറ്റിങ്ങോ സുതാര്യതയോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കിഫ്ബി വരുത്തി വയ്ക്കുന്ന സാമ്പത്തിക ബാധ്യതകളും മറ്റും ഇനിയും പൂർണ്ണമായും വെളിച്ചത്ത് വന്നിട്ടില്ല‍. ഈ വിഷമസന്ധിയില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗ്ഗം കാണുന്നതിന് പകരം ഈ ചെലവെല്ലാം സര്‍ക്കാരുദ്യോഗസ്ഥന് ശമ്പളവും പെന്‍ഷനും നല്കുന്നതാണ് എന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ ജീവനക്കാരൊഴികെയുള്ള മുഴുവന്‍ ജനങ്ങളെയും ഈ സംവിധാനത്തിന് എതിരാക്കുന്നതിനാണ് ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന സാമ്പത്തിക വിശാരദന്മാര്‍ ശ്രമിക്കുന്നത്. ആ പരിശ്രമത്തില്‍ അവര്‍ ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്.
കൊറോണ ലോക്ക്ഡൗണിന്‌ ശേഷം കേരള സമൂഹം കൂടുതല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. ഒരു മാസത്തോളം തൊഴില്‍ നഷ്ടപ്പെട്ട ദിവസകൂലിക്കാരും കൃഷി നഷ്ടം വന്ന കര്‍ഷകനും സമൂഹത്തിലെ സാമ്പത്തിക ക്രയവിക്രയ ത്തില്‍ നിന്നും പിന്തള്ളപ്പെടുന്ന അവസ്ഥയുണ്ടാകും. ഇത് കമ്പോളത്തില്‍ പണത്തിന് ദൗര്‍ലഭ്യമുണ്ടാക്കുകയും ഒരു ശൃംഖലാ പ്രവര്‍ത്തനം പോലെ സമൂഹത്തിന്റെ എല്ലാത്തട്ടുകളെയും ബാധിക്കുകയും ചെയ്യും. അസംഘടിത മേഖലയിൽപ്പെട്ടവര്‍ക്ക് ലോക്ക്ഡൗ ൺകാലം കണക്കാക്കി നഷ്ടപ്പെട്ട പ്രതിഫലം പണമായി നല്കുന്നതാണ് ഇതിന് ഒരു പരിഹാരം. എന്നാല്‍ നമ്മുടെ ഭരണാധികാരികള്‍ അത്തരം ജനക്ഷേമകരമായ നടപടികള്‍ക്ക് പകരം കമ്പോളത്തിലേക്ക് ആകെ പ്രവഹിക്കാന്‍ സാധ്യതയുള്ള സ്രോതസ്സായ ജീവനക്കാരുടെ ശമ്പളത്തിലും കത്തിവയ്ക്കുകയാണ്. താരതമ്യേന തൊഴില്‍ സുരക്ഷിതത്വം ഉള്ള സര്‍ക്കാരുദ്യോഗസ്ഥന്റെ ശമ്പളപ്പണമാണ് മാര്‍ക്കറ്റില്‍ പാല്, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി ഓട്ടോക്കൂലി വരെയായി ചെലവാകുന്നത്. ശമ്പളമായി നൽകുന്നതു കൂടാതെ ഭാവിവരുമാനം പണയപ്പെടുത്തിയെടുക്കുന്ന വായ്പകളുംകൂടെ സർക്കാരുദ്യോഗസ്ഥൻ കമ്പോളത്തിൽ ചെലവഴിക്കുകയാണ്. സര്‍ക്കാരുദ്യോഗസ്ഥന്‍ ചെലവ് ചുരുക്കുന്നത് കമ്പോളത്തെ ഏതളവുവരെ ബാധിക്കുമെന്ന് 2002 ലെ സമരകാലത്ത് നാം കണ്ടതാണ്.


ലോട്ടറിയുടെയും മദ്യത്തിന്റെയും വരുമാനം നിലച്ചു, നികുതി വരുമാനം നിന്നു, ജീവനക്കാർ ഒരു മാസ ശമ്പളം സംഭാവന ചെയ്താലേ കാര്യങ്ങൾ നടക്കൂ എന്നാണ് ധനമന്ത്രിയുടെ വാദം.ലോട്ടറിയും മദ്യവും സർക്കാർ നേതൃത്വം നൽകുന്ന സാമൂഹ്യവിരുദ്ധ പ്രവൃത്തികളാണ്. വരുമാനം കുറയാതിരി ക്കാന്‍ മദ്യം വീട്ടില്‍ കൊണ്ടുചെന്ന് നല്‍കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ സാംസ്കാരിക കേരളത്തിന് അപമാനമാണ്. ലോട്ടറിയും മദ്യവും വിറ്റ് കാര്യങ്ങൾ നടത്തണമെന്നാണോ സർക്കാർ ഉദ്ദേശിക്കുന്നത്? നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ ഒരു ചെറു സംഭാവന പോലും നല്കാതിരുന്ന ധനമന്ത്രി അദ്ദേഹത്തിന്റെ ഭാഗം തൃപ്തികരമാണെന്ന ഭാവത്തിലാണിരിക്കുന്നത്. ലോക്ക്ഡൗൺ ആരംഭിച്ചതെന്നുമുതലാണ്? അതിന് മുമ്പ് വരെയുള്ള നികുതി വരുമാനത്തിന്റെ അവസ്ഥയെന്താണ്? ധനമന്ത്രി മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. ജി.എസ്.ടി കേരളത്തിന് ഗുണകരമായിരിക്കുമെ ന്ന് ആദ്യം മുതലേ വാദിച്ചിരുന്ന അദ്ദേഹത്തിന് ഈ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാന്‍ കഴിയില്ല.
ഒരു തൊഴില്‍ ദാതാവെന്ന നിലയില്‍ ഭരണകൂടം പൊതുസമൂഹത്തിന് മാതൃകയാകേണ്ട ഒന്നാണ്. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അവസ്ഥയെന്താണ്? അര്‍ഹമായ 12% ഡിഎ ഇപ്പോള്‍ കുടിശ്ശികയാണ്. അതായത് ഒരു മാസം ലഭിക്കേണ്ട ശമ്പളത്തിൽ 10 ശതമാനം കുറച്ചാണ് ജീവനക്കാർ ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുന്നത്. പുതിയ പെൻഷൻകാർക്ക് കുറവ് 20 ശതമാനം ആണ്. 2019 ജൂലൈയിൽ നിലവിൽ വരേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. എന്‍പിഎസ് പുനഃപരിശോധിക്കാനുണ്ടാക്കിയ സമിതി കാലങ്ങളടയിരുന്നിറക്കിയ ചോദ്യാവലി തന്നെ അതിന്റെ ദുരുദ്ദേശ്ശം വെളിവാക്കുന്നു.
മറ്റു തൊഴിലാളികളെപ്പോലെ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് സര്‍ക്കാര്‍ ജീവനക്കാരും കടന്നു പോകുന്നത്. ഉയർന്ന സ്കെയിലുകളിൽ ഉള്ള ഒരു ന്യൂനപക്ഷം ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയാൽ ഭൂരിപക്ഷം പേർക്കും സാലറി ചലഞ്ച് പോയിട്ട് ജീവിതത്തിലുണ്ടാകുന്ന ചലഞ്ചുകള്‍ പോലും ഏറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലെന്നതാണ് വസ്തുത. ഈ വസ്തുത അംഗീകരിക്കണം. കോവിഡ് കാലത്ത് സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ശമ്പളം വെട്ടി കുറയ്ക്കരുത് എന്ന് ഉത്തരവിടുന്ന സർക്കാർ, സ്വന്തം തൊഴിലാളികളുടെ ശമ്പളം പിടിച്ചെടുത്ത് മാതൃകയാവുകയാണ്. സര്‍ക്കാരിന്റെ ചുവട് പിടിച്ച് സ്വകാര്യമുതലാളിമാരും തൊഴിലാളികളുടെ ശ മ്പളത്തില്‍ കൈവച്ചാലുള്ള അവസ്ഥയെന്താകും. ഇപ്പോള്‍ തന്നെ നിരവധി സ്വകാര്യ ആശുപത്രികള്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.
ഇങ്ങനെ നിര്‍ബന്ധിച്ച് വാങ്ങിയെടുക്കുന്ന ഫണ്ട് ചെലവഴിക്കുന്നതിലെ അപാകതകളിലേക്ക് അധികം കടക്കുന്നില്ല. സുതാര്യം ആണെന്ന് പലതവണ സർക്കാർ ആണയിടുന്നുണ്ടെങ്കിലും കഴിഞ്ഞ പ്രളയദുരന്ത ഫണ്ട് തുടക്കം മുതല്‍ക്കേ വകമാറ്റി ചെലവഴിക്കുകയായിരുന്നു. ഭരണകക്ഷി അംഗങ്ങള്‍ ഉള്‍പ്പടെ പലരും തട്ടിച്ച് കൊണ്ടുപോകുന്നത് വേറെ. ധനമന്ത്രി പറയുന്നത് പ്രകാരം ആ ഫണ്ടിലെ 6000 കോടിയോളം രൂപ (5979.O2 കോടി) ഇതുവരെ ചെലവഴിച്ചിട്ടില്ല. അതായത് തുകകള്‍ അര്‍ഹരായവരിലേക്ക് എത്തിയിട്ടില്ല.
രാജ്യത്തെ മറ്റൊരു സംസ്ഥാന സർക്കാരും ജീവനക്കാരോട് ഇത്രയും മോശമായി പെരുമാറുന്നില്ല. സംസ്ഥാനത്തെ നിസ്സഹായരായ ജനങ്ങളോടുള്ള ദീനാനുകമ്പയെ മുതലെടുത്ത് ജീവനക്കാരെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ സർക്കാർ മുതിരുന്നത് ലജ്ജാകരമാണ്. കോവിഡ് പ്രതിരോധം താങ്ങാനാവാത്ത സാമ്പത്തികഭാരം അടിച്ചേൽപ്പിട്ടുണ്ടെന്ന ഭാവേന സർക്കാർ കൈക്കൊള്ളുന്ന സംഭാവന പിരിവ് ന്യായീകരിക്കാവുന്ന ഒന്നല്ല. നിർബന്ധപൂർവ്വം വാങ്ങിച്ച് എടുക്കാൻ പഴുതടച്ച ശ്രമം നടത്തുകയും സംഭാവന മാത്രമേ വാങ്ങുന്നുള്ളൂ എന്ന് നാടകമാടുകയും ചെയ്യുന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനല്ല സർക്കാർ ഈ ചലഞ്ച് മുന്നോട്ട് വയ്ക്കുന്നത്. മുന്നണിയില്‍ പോരാടിക്കൊണ്ടിരിക്കുന്ന ഇരുപത്തയ്യായിരത്തോളം ആശാവർക്കർമാരുടെ പ്രതിമാസ വേതനം ഈയിടെ നാമമാത്രമായി കൂട്ടിയിട്ടുണ്ടെങ്കിലും ഇപ്പോഴും തുച്ഛമായ നിലയിൽ തുടരുകയാണ്. കോവിഡ് പ്രതിരോധത്തിന്റെ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിലേയോ മറ്റ് വകുപ്പുകളിലേയോ ജീവനക്കാര്‍ക്ക് ഇന്‍സന്‍റീവുകള്‍ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. സൗജന്യറേഷന്‍ തുടങ്ങിയവയ്ക്ക് ചെലവാകുന്ന തുക സര്‍ക്കാരിന്റെ അടിയന്തിര ഫണ്ടില്‍ നിന്ന് കണ്ടെത്താവുന്നതേയുള്ളൂ.
കോവിഡിനെതിരെ എടുത്തിരിക്കുന്ന നടപടികളെ ആദരവോടെ കാണുമ്പോഴും മന്ത്രിമാരുടെയും മറ്റും പ്രതികരണങ്ങളും സമീപനങ്ങളും ജീവനക്കാരെ സംബന്ധിച്ച മുൻവിധികളും തെറ്റിദ്ധാരണകളും പടർത്തുന്നവയാണെന്ന് പറയാതിരിക്കാനാവില്ല. “ജീവനക്കാർ ആയാസരഹിതമായ ചുമതലകൾ ചെയ്ത് ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരവരുമാനത്തെ സമ്പത്താക്കി മാറ്റി സുഖമായി ജീവിക്കുന്നു, ഈ ജീവിതം അന്യമാക്കപ്പെട്ട ഇനങ്ങൾക്കു വേണ്ടി അതിൽ നിന്ന് ഒരല്പം എടുത്തു കൊടുത്താലും ചേതമില്ല” എന്ന തെറ്റിദ്ധാരണ സർക്കാർ ഉപേക്ഷിക്കണം. താൻ കൊടുക്കുന്ന കൂലിയിൽ നിന്ന് തൊഴിലാളിയുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള അഭിവൃദ്ധി ഉണ്ടാകുന്നുണ്ടോ എന്ന് ചുഴിഞ്ഞ് നോക്കുന്നത് ചൂഷകനായ മുതലാളിയുടെ മനോഭാവമാണ്. അതു കൊണ്ടു തന്നെ ജനാധിപത്യവിരുദ്ധവും.
ആയതിനാൽ സ്വയംകൃതാനര്‍ത്ഥം വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി ജീവനക്കാരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമത്തില്‍നി ന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കോവിഡിനെ പ്രതിരോധിക്കാന്‍ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സാമ്പത്തികാനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
കൊറോണകാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത യശസ്സ് മറ്റൊരു സംസ്ഥാനങ്ങളിലുമില്ലാത്ത കുത്തികവര്‍ച്ചയ്ക്കൊരുങ്ങി നഷ്ടപ്പെടുത്തരുതെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

Share this post

scroll to top