ആൽക്കഹോൾ വിത്‌ഡ്രോവൽ ലക്ഷണങ്ങൾ കാണിക്കുന്ന മദ്യപൻമാർക്ക് ഡോക്ടർമാർ മദ്യം നിർദ്ദേശിക്കണമെന്ന സർക്കാർ തീരുമാനം പിൻവലിക്കുക:എസ്‌യുസിഐ കമ്മ്യൂണിസ്റ്റ്

Share

എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി ഏപ്രിൽ 1 ന് പുറപ്പെടുവിച്ച പ്രസ്താവന.

അൽക്കഹോൾ വിത്‌ഡ്രോവൽ ലക്ഷണങ്ങൾ കാണിക്കുന്ന മദ്യപൻമാർക്ക് ഡോക്ടർമാർ മദ്യം നിർദ്ദേശിക്കണമെന്ന സർക്കാർ തീരുമാനം അപലപനീയവും പ്രതിഷേധാർഹവും മാത്രമല്ല കുറ്റകരവുമാണ് എന്ന് എസ്‌യുസിഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടറി ഡോ.വി.വേണുഗോപാൽ പ്രസ്താവിച്ചു.
കൊറോണയുടെ സാമൂഹ്യവ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് മദ്യശാലകൾ അടച്ചിട്ടത്. പൊടുന്നനവെ മദ്യം ലഭ്യമല്ലാതായ സാഹചര്യത്തിൽ 4 പേർ ഇതിനകം ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു. അമിത മദ്യാസക്തി ഒരു രോഗമായി മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. മദ്യപൻമാർക്ക് പെട്ടെന്ന് മദ്യം ലഭിക്കാതായാൽ അസ്വസ്ഥത പ്രകടിപ്പിക്കുക സ്വാഭാവികമാണ്. ഈ അസ്വസ്ഥതകൾ രോഗലക്ഷണമാണ്. അവരെ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം തേടുകയാണ് വേണ്ടത്. മദ്യാസക്തിയിൽ നിന്ന് അവരെ മോചിപ്പിക്കാനുളള ശാസ്ത്രീയവും വിദഗ്ദ്ധവുമായ ചികിത്സ എന്തായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് ഡോക്ടർമാരാണ്. പിൻവാങ്ങൽ ലക്ഷണം കാണിക്കുന്നവർക്ക് മദ്യം കുറിപ്പടിയായി എഴുതണം എന്ന് നിർദ്ദേശിക്കുന്നത് അശാസ്ത്രീയമാണ്, മെഡിക്കൽ എത്തിക്‌സിന് നിരക്കുന്നതുമല്ല. അത്തരമൊരു ഉത്തരവ് ഡോക്ടർമാർക്ക് നൽകാൻ രാഷ്ട്രീയനേതൃത്വം തുനിയുന്നുവെന്നത് ശുദ്ധ അസംബന്ധവും ദുരുദ്ദേശപരവുമാണ്.


സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ ഭാഗമായി വിദ്യാലയങ്ങളും സർക്കാർ ആഫീസുകളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും അടച്ചിടാൻ നിർദ്ദേശിച്ച സർക്കാർ ഏറ്റവുമൊടുവിൽ മദ്യശാലകൾ അടച്ചിടാൻ തീരുമാനിക്കുന്നത് ശക്തമായ ജനകീയ സമ്മർദ്ദത്തെത്തുടർന്നാണ്. മദ്യശാലകൾ അടച്ചിട്ടാൽ മദ്യപൻമാർ നേരിടാൻ പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഉത്ക്കണ്ഠ മന്ത്രിമാർ മുൻകൂട്ടിതന്നെ മാധ്യമങ്ങളിലൂടെ പങ്കുവച്ചു തുടങ്ങിയി രുന്നു. മദ്യം ലഭിക്കാതെയായാൽ മദ്യപൻമാർക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളെക്കാൾ മദ്യശാലകൾ അടച്ചിടുന്ന കാലയളവുകൊണ്ട് മദ്യപാനശീലത്തിൽനിന്ന് അവർ മുക്തരായിപ്പോകുമെന്ന ഭയമാണോ ഈ ആശങ്കകൾക്കുപിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പണിയില്ലാതെ ജനങ്ങൾ വീട്ടിലിരിക്കുന്ന ലോക്ഡൗൺ കാലത്ത് നിത്യനിദാനചെലവുകൾതന്നെ ബുദ്ധിമുട്ടി ലായിരിക്കു കയാണ്. ഈ സാഹചര്യത്തിൽ മദ്യത്തിന് പണം കണ്ടെത്താൻ നടത്തുന്ന നീക്കങ്ങൾ കുടുംബഛിദ്രങ്ങളടക്കം നിരവധി പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. മദ്യവർജ്ജനമാണ് സർക്കാർ നയം എന്ന് ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കു കയും വിമുക്തിക്കുവേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുകയും ചെയ്യുന്ന സർക്കാർ, മദ്യലഭ്യത ഉറപ്പാക്കാനും മദ്യപന്മാരെ അങ്ങനെതന്നെ നിലനിർത്താനും നടത്തുന്ന നീക്കങ്ങൾ വഞ്ചനാപരമാണ്. മദ്യവർജ്ജനം സർക്കാരിന്റെ നയമായിരിക്കുന്നു എന്നതും വളരെ വിചിത്രമാണ്.
ഏതാനും ആളുകളുടെ ആത്മഹത്യയെ ഉയർത്തിക്കാട്ടുന്ന മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരുമോ നിത്യേന മദ്യപൻമാരുടെ കൈകൾകൊണ്ട് കൊല്ലപ്പെടുന്നവരെക്കുറിച്ചും മദ്യം സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്തുകളെക്കുറിച്ചും ഇതുവരെയും പ്രതികരിച്ചുകണ്ടിട്ടി ല്ല. മക്കളും മാതാപിതാക്കളും സഹോദരങ്ങളും സുഹുത്തുക്കളും ഭാര്യയുമുൾപ്പെടെ മദ്യപരാൽ കൊല്ലപ്പെടുന്നു എന്നത് കേരളത്തെ സംബന്ധിച്ച് നിത്യവാർത്തകളിലൊന്നാണ് എന്നത് ഭരണാധികാരികളെ തെല്ലും അലോസരപ്പെടുത്തുന്നില്ല. കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും കുടുംബ ഛിദ്രങ്ങളും വാഹനാപകടങ്ങളും അനിയന്ത്രിതമായി വർദ്ധിച്ചുവരുന്നു എന്നതിലും അധികാരികൾക്ക് പ്രയാസമില്ല. ഏതാനും ആഴ്ചകൾ മദ്യശാലകൾ അടച്ചിട്ടാലുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചുമാത്രമാണ് മുഖ്യമന്ത്രിയും കൂട്ടാളികളും വേവലാതിപ്പെടുന്നത്. ആറുലക്ഷത്തോളമാണ് കേരളത്തിൽ അമിതമദ്യപാനികളുടെ എണ്ണം എന്ന കണക്കുകൾ അഭിമാനാർഹമല്ല.
കെജിഎംഒഎ, ഇന്ത്യൻ സൈക്ക്യാട്രിക് സൊസൈറ്റി തുടങ്ങി ഡോക്ടർമാരുടെ സംഘടനകൾ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. അഡിക്ഷന് കാരണമാകുന്ന ഒരു വസ്തു ഡോക്ടർമാർ നിർദ്ദേശിക്കുന്നത് അധാർമ്മികവും നിയമവിരുദ്ധവുമാണെന്നും ഡെലീരിയത്തിന് മദ്യം നൽകുക എന്നത് അശാസ്ത്രീയമാണെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട് മദ്യശാലകൾ അടച്ചിടേണ്ടിവന്ന ഈ അവസരം ഫലപ്രദമായി വിനിയോഗിച്ച് നമ്മുടെ നാട്ടിൽ മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാനും മദ്യാസക്തിക്കടിപ്പെട്ടുപോയവരെ ക്രമേണമുക്തമാക്കാനുമുളള സത്വര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.

Share this post

scroll to top