അതിഥി തൊഴിലാളികളുടെ ജീവിത സൗകര്യങ്ങൾ ഉറപ്പാക്കണം; കേസുകൾ പിൻവലിക്കണം

Share

എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി മാർച്ച് 18ന് പുറപ്പെടുവിച്ച പ്രസ്താവന

അതിഥി തൊഴിലാളികളുടെ മിനിമം ജീവിതാവശ്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ വന്ന വീഴ്ചയാണ് കോട്ടയം ജില്ലയില്‍ പായിപ്പാട് നടന്ന സംഭവങ്ങൾ വെളിവാക്കുന്നതെന്ന് എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഗണ്യമായ പങ്കാളിത്തം വഹിക്കുന്ന, സ്വന്തം നാട്ടിൽ നിന്നകന്നു കഴിയുന്ന അതിഥിതൊഴിലാളികളെ കൊറോണ ബാധയുടെ ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും പ്രതിഷേധവുമായി രംഗത്തുവന്ന തൊഴിലാളികൾക്കെതിരെ കേസെടുത്തത് മനുഷ്യത്വവിരുദ്ധമായ നടപടിയാണ്. തങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അവതരിപ്പിക്കാനായി തൊഴിലാളികള്‍ തെരുവിലിറങ്ങിയതിനെ സഹാനുഭൂതിയോടെ കാണണം. ലോകമെങ്ങും ഇതേ വിധമുള്ള സാഹചര്യത്തിൽ കഴിഞ്ഞുപോരുന്ന ലക്ഷക്കണക്കായ പ്രവാസി മലയാളികൾക്ക് നാം പ്രതീക്ഷിക്കുന്ന സൗകര്യങ്ങൾ, മാതൃകാപരമായി, കേരളത്തിലെ അതിഥി തൊഴിലാളികൾക്കും നൽകണം. അവർക്ക് ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കാനുള്ള ഉത്തരവാദിത്തം വാടക വീടിന്റെ ഉടമസ്ഥരെയും കരാറുകാരെയും ഏൽപ്പിക്കാതെ സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ നിറവേറ്റണം. ഡൽഹിയിലും മറ്റും നടക്കുന്നതുപോലുള്ള കൂട്ടപ്പലായനത്തിന്റെ സാഹചര്യം യാതൊരു കാരണവശാലും സൃഷ്ടിക്കാൻ പാടുള്ളതല്ല. നാട്ടിലേക്ക് മടങ്ങി പോകാൻ സൗകര്യമൊരുക്കണമെന്ന അവരുടെ ആവശ്യം ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അപ്രായോഗികമാണ്. സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികൾക്കും താമസം, ഭക്ഷണം, ചികിത്സ, ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം എന്നിവ സർക്കാർ തലത്തിൽ ഉറപ്പാക്കണമെന്നും എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) ആവശ്യപ്പെട്ടു.

Share this post

scroll to top