കോവിഡ് മഹാവ്യാധിയെ പ്രതിരോധിക്കുന്നതിൽ കേരളം പ്രാരംഭമാസങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ അഭിമാനിക്കത്തക്കതാണ്. രോഗബാധിതരുടെ എണ്ണവും മരണനിരക്കും വലിയൊരളവിൽ പിടിച്ചുനിർത്തുന്നതിൽ സംസ്ഥാനം വിജയിക്കുകതന്നെ ചെയ്തു. മേയ് അവസാനവാരവും ഇപ്പോൾ ജൂണിലും ദൃശ്യമാകുന്ന വർദ്ധനവ് രോഗവാഹകരായ അനവധി ആളുകൾ സംസ്ഥാനത്തിനു വെളിയിൽ നിന്നുവന്നതിനാലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യാദൃശ്ചികമായി പരിശോധിക്കാൻ നിർബ്ബന്ധിതമായ സെക്കന്ററി കോണ്ടാക്റ്റുപോലുമല്ലാത്ത ചില കേസുകൾ പോസിറ്റീവായത് രോഗബാധയുടെ അറിയാനാവാത്ത ഉറവിടങ്ങൾ ഉണ്ടെന്നും കേരളം സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേക്കു പ്രവേശിച്ചുവെന്നും വ്യക്തമാക്കുന്നു. പുറത്തുനിന്നു വരുന്നവരിലും കോണ്ടാക്റ്റുകളിലും മാത്രമായി പരിശോധന പരിമിതപ്പെടുത്തുന്നതിനാൽ രോഗവ്യാപനത്തിന്റെ യഥാർത്ഥ സ്ഥിതി അറിയാൻ കഴിയുന്നില്ല എന്നതും ഒരു വസ്തുതയാണ്. എങ്കിലും രാജ്യത്തെ രോഗവ്യാപനത്തിന്റെയും ചികിൽസയുടെയും പ്രതിരോധത്തിന്റെയും നിലവിലെ അവസ്ഥയുമായി താരതമ്യപ്പെടുത്തിയാൽ നിശ്ചയമായും സംസ്ഥാനം ഒരു മുന്നേറ്റം ഈ രംഗത്തു കൈവരിച്ചിട്ടുണ്ടെന്നുതന്നെ പറയാം.
കേരളം ഈ നേട്ടം കൈവരിച്ചത് എങ്ങനെയാണ്? സംസ്ഥാന സർക്കാരിന്റെയും അതിനെ നയിക്കുന്ന സിപിഐ(എം)ന്റെയും പ്രചാരവേല, നിലവിൽ അധികാരത്തിലിരിക്കുന്ന സർക്കാരിന്റേതുമാത്രമായ കാര്യക്ഷമത കൊണ്ട് നേടിയതാണെന്ന നിലയിലാണ്. ഇടതുസർക്കാർ സിപിഐ(എം) പ്രവർത്തകർവഴി വീടുവീടാന്തരം ലക്ഷക്കണക്കിനായി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ലഘുലേഖ വിശദീകരിക്കുന്നത് പിണറായി സർക്കാർ നടപ്പാക്കിയ ആർദ്രം പോലുള്ള പദ്ധതികളുടെ നേട്ടമാണ് കോവിഡ് പ്രതിരോധ വിജയമെന്നാണ്. ‘കോവിഡിനെ ചെറുത്തത് ആർദ്രം പകർന്ന കരുത്ത്’ എന്നാണ് ലഘുലേഖയുടെ ഒരു തലവാചകം തന്നെ. ഇതു തരംതാണ രാഷ്ട്രീയ പ്രചാരവേല മാത്രമാണ്. യാഥാർത്ഥ്യത്തിന് നിരക്കുന്നതുമല്ല. സംസ്ഥാനത്തു നിലനിൽക്കുന്ന ശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സൃഷ്ടിയാണ് കോവിഡ് പ്രതിരോധ രംഗത്തു കേരളം കൈവരിച്ച നേട്ടം. ഈ പൊതുജനാരോഗ്യ സംവിധാനമാകട്ടെ കഴിഞ്ഞ നാലു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന്റെ സൃഷ്ടിയല്ലതാനും.
രോഗബാധിതരുടെ എണ്ണം പറയാനും ലോക്ക് ഡൗണിനെ സംബന്ധിച്ച് ക്ലാസ്സ് എടുക്കാനും മുഖ്യമന്ത്രിയുടെ പ്രതിദിന പത്രസമ്മേളനത്തിന്റെ ആവശ്യമില്ലല്ലോ. സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വം അത്യന്തം ഗൗരവപൂർവ്വം നിർവ്വഹിക്കേണ്ടിയിരുന്നതും എന്നാൽ നിറവേറ്റപ്പെടാതെ പോയതുമായ കടമകൾ ഈ പ്രതിസന്ധിയുടെ വേളയിലുണ്ടായിരുന്നു. കേരള സർക്കാരിനെ നയിക്കുന്നവർ പ്രതിനിധാനം ചെയ്യുന്നത് ഇടതുരാഷ്ട്രീയത്തെയായിരുന്നെങ്കിൽ കോവിഡ് വിജയത്തിന്റെ പ്രചാരവേലയെ ക്ഷേമരാഷ്ട്ര സമീപനം കൈവെടിയുന്ന നയങ്ങൾക്കെതിരെയുള്ള പോരാട്ടമാക്കി മാറ്റുമായിരുന്നു. സ്വകാര്യവൽക്കരണത്തിനു വേണ്ടിയുള്ള മുതലാളിത്ത പ്രചാരവേലയ്ക്കു ചുട്ടമറുപടി നൽകിക്കൊണ്ട് സുശക്തമായ ഒരു പൊതുജനാരോഗ്യ സംവിധാനത്തിന്റെ ആവശ്യകത, കേരളത്തെ ഉദാഹരണമായി കാട്ടിക്കൊണ്ടു ലോകത്തെ ബോധ്യപ്പെടുത്തുമായിരുന്നു. ലോകമെമ്പാടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അനാവരണം ചെയ്യുന്ന ഗൗരവതരമായ രാഷ്ട്രീയ വിഷയങ്ങളും പാഠങ്ങളും ജനങ്ങൾക്കു പകർന്നുനൽകാൻ ലഭിച്ച ഏറ്റവും നല്ല അവസരമായിരുന്നു ഈ വേള. ലാഭതാൽപ്പര്യം കണികപോലുമില്ലാതെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയ മഹത്തായ സോഷ്യലിസ്റ്റ് വ്യവസ്ഥയുമായി താരതമ്യപ്പെടുത്തി ലാഭത്തിനായി എന്തും ചെയ്യുന്ന മുതലാളിത്തവ്യവസ്ഥയുടെ നിർദ്ദയത്വവും ക്രൂരതയും ജനങ്ങളെ ബോധ്യപ്പെടുത്താൻ ലഭിച്ച അവസരമായിരുന്നു അത്. എത്രയോ വമ്പിച്ച പ്രാധാന്യമുള്ള രാഷ്ട്രീയ ദൗത്യങ്ങളായിരുന്നു അവ. എന്നാൽ അത് നിർവ്വഹിക്കുവാൻ സിപിഐ(എം) നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതിനു നേർവിപരീതമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സങ്കുചിതത്വത്തിനുള്ളിൽ നിന്നുകൊണ്ട് ഇതെല്ലാം തന്റെ സർക്കാരിന്റെ വിജയമെന്നു സ്ഥാപിക്കാൻ മുഖ്യമന്ത്രിയും അനുചരന്മാരും രാപകൽ ശ്രമിക്കുന്നതാണ് നാം കണ്ടത്. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതും. നേട്ടങ്ങളെ തന്റെ ക്രെഡിറ്റിന്റെ കണക്കിൽ ചേർത്ത് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടുപിടിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ മുഖ്യമന്ത്രിയുടെ പ്രചാരണത്തിനുള്ളൂ. പാർലമെന്ററി രാഷ്ട്രീയത്തിന്റെ അല്പത്തരത്തിൽ അഭയം പ്രാപിച്ചുകൊണ്ടു നടത്തുന്ന ഈ അഭ്യാസങ്ങൾക്ക് ഇടതുരാഷ്ട്രീയവുമായി എന്തു ബന്ധമെന്ന് ഇവർക്കു കുഴലൂതി നടക്കുന്നവർ ചിന്തിക്കണം. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ അത്യാപൽക്കരമായ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും കോവിഡ് പ്രതിരോധത്തിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകൾക്കും കുടിയേറ്റത്തൊഴിലാളികളെ തെരുവാധാരമാക്കിയ നിലപാടിനുമെതിരെ ശക്തവും ശ്രദ്ധേയവുമായ രാഷ്ട്രീയമുന്നേറ്റം വളർത്താൻ ഈ സാഹചര്യത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തണമായിരുന്നു. ഇക്കാര്യത്തിൽ ഒരു ചെറുവിരലനക്കാൻ പോലും ഇടതെന്നു മേനി നടിക്കുന്ന ഇവർക്കായില്ല.
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ചരിത്രം
ഓരോ ഗ്രാമത്തിലുമുള്ള ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രവും അതിന്റെയും താഴെയുള്ള സബ് സെന്ററുകളും ഫാമിലി വെൽഫെയർ സെന്ററുകളും തുടർന്നു മുകളിലേക്ക് കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും താലൂക്ക് – ജില്ലാ – ജനറൽ ആശുപത്രികളും മെഡിക്കൽ കോളേജുകളും ചേരുന്നതാണ് കേരളത്തിന്റെ ആരോഗ്യ സംവിധാനം. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കും (1000 ന് 12) മാതൃമരണ നിരക്കും(ഒരു ലക്ഷത്തിന് 66 പേർ) ഉള്ളത് കേരളത്തിലാണ്. കേന്ദ്ര സർക്കാരിന്റെ റൂറൽ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് (2014 -2015) പ്രകാരം ആരോഗ്യരംഗത്തെ എല്ലാ സൂചകങ്ങളിലും കേരളം മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുമ്പിലാണ്. സംസ്ഥാനത്ത് ഒരു വില്ലേജിന് ഒരു പി.എച്ച്.സി ഉള്ളപ്പോൾ മധ്യപ്രദേശിൽ 47 വില്ലേജിനാണ് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളത്. കമ്യൂണിറ്റി ഹെൽത്ത് സെന്ററാകട്ടെ കേരളത്തിൽ 5 വില്ലേജിനു ഒരെണ്ണമുള്ളപ്പോൾ മധ്യപ്രദേശിൽ അത് 164 വില്ലേജിനാണ് ഒരെണ്ണമുള്ളത്. ബീഹാറിന്റെ കാര്യം രാജ്യത്തിനുതന്നെ നാണക്കേടാണ്. ഈ കണക്കുകൾ ഇനി നീട്ടേണ്ടതില്ല. വളരെ ഉയർന്ന സാക്ഷരതയും തജ്ജന്യമായ ആരോഗ്യ അവബോധവും ശുദ്ധജല ലഭ്യതയും എല്ലാം കേരളത്തെ ആരോഗ്യപരിപാലന രംഗത്ത് ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നു.
മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത ഈ പൊതുജനാരോഗ്യ സംവിധാനം കേരളത്തിൽ വികസിച്ചുവന്നതെങ്ങിനെയാണ്? നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിനു സുദീർഘമായ ഒരു ചരിത്രമുണ്ട്. ശക്തമായ ~ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെട്ടുവന്ന പ്രക്രിയയാൽ സ്വാധീനിക്കപ്പെട്ടും സഹായിക്കപ്പെട്ടുമാണ് ആരോഗ്യപരിപാലന സമ്പ്രദായം സംസ്ഥാനത്ത് ഉയർന്നുവന്നത്. ഈ രംഗത്തെ ആദ്യപ്രവർത്തനങ്ങൾ നടത്തിയത് ക്രിസ്ത്യൻ മിഷണറിമാരായിരുന്നു. ചർച്ച് മിഷൻ സൊസൈറ്റിയും ലണ്ടൻ മിഷൻ സൊസൈറ്റിയും ആധുനികവൈദ്യത്തിന്റെ വക്താക്കളും പ്രചാരകരുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലാണ് മെഡിക്കൽ മിഷനുകൾ ഇൻഡ്യയിലേക്കു വരുന്നത്. 1838ൽ ഡോ.ആർച്ചിബാൾഡ് റാംസെയുടെ മുൻകൈയിൽ എൽ.എം.എസ് മിഷൻ തെക്കൻ തിരുവിതാംകൂറിലെ നെയ്യൂരിൽ ആദ്യത്തെ മിഷൻ ആശുപത്രി സ്ഥാപിച്ചു. ജാതി-മത ഭേദമെന്യേ ഏവർക്കും സൗജന്യ ചികിൽസ നൽകുന്ന ആതുരാലയമായിരുന്നു അത്. 1861ൽ നെയ്യൂർ ആശുപത്രിയോടു ചേർന്ന് 8 വിദ്യാർത്ഥികളുമായി ആരംഭിച്ച മെഡിക്കൽ സ്കൂൾ, മൂന്നര വർഷം ദൈർഘ്യമുള്ള കോഴ്സിലൂടെ 1926 ആകുമ്പോൾ ആരോഗ്യപരിചരണം നൽകാൻ പരിശീലനം സിദ്ധിച്ച നൂറുകണക്കിനു വ്യക്തികളെ വാർത്തെടുത്തു. ഇതേ സ്ഥാപനത്തിൽ നഴ്സുമാർ, ചികിൽസാസഹായികൾ, കമ്പൗണ്ടർമാർ എന്നിവർക്കുള്ള പരിശീലനവും പിന്നീട് തുടങ്ങി. അവരുടെ സേവനം തിരുവിതാംകൂർ നാട്ടുരാജ്യമെമ്പാടും ലഭ്യമായി. 1861ൽ നെയ്യൂർ ആശുപത്രിക്ക് ആറ്റൂർ, അഗസ്തീശ്വരം, ശാന്തപുരം എന്നിവിടങ്ങളിൽ ശാഖകൾ സ്ഥാപിച്ചു. 1902 ആകുമ്പോൾ കോട്ടയം മുതൽ കന്യാകുമാരി വരെ നെയ്യൂർ മിഷന്റെ (പിന്നീട് സൗത്ത് ട്രാവൻകൂർ മെഡിക്കൽ മിഷൻ എന്ന പേരു സ്വീകരിച്ചു) ആശുപത്രികളുടെ എണ്ണം പതിനേഴായി ഉയർന്നു. ഇവയെല്ലാം സൗജന്യ ചികിസാകേന്ദ്രങ്ങളായിരുന്നു. തെക്കേ ഇൻഡ്യയിലെ രണ്ടാമത്തെ എക്സ് റേ മെഷീൻ ഇവിടെയാണ് സ്ഥാപിച്ചത്(1923). പുകയില ഉപയോഗം വഴി തിരുവിതാംകൂറിൽ വ്യാപകമായിരുന്ന വായ് കാൻസറിനു ചികിൽസ നൽകുന്നതിനു 1930ൽ ഇൻഡ്യയിലാദ്യമായി റേഡിയം ചികിൽസ ആരംഭിച്ചതും നെയ്യൂർ ആശുപത്രിയിലാണ്. ഈ പ്രവർത്തനങ്ങൾ എൽ.എം.എസ് മിഷന്റെ മാത്രമാണ്. സമാന്തരമായി മധ്യകേരളത്തിൽ സിഎംഎസ് മിഷണറിമാരും ആതുരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. സിഎംഎസ് മിഷണറി റവ. നോർട്ടന്റെ നേതൃത്വത്തിൽ 1931ൽ ആലപ്പുഴയിൽ മിഷൻ ആശുപത്രി സ്ഥാപിച്ചു. വള്ളത്തിൽ പ്രവർത്തിക്കുന്ന ഒരു മൊബൈൽ ഡിസ്പൻസറിയും അവർ സ്ഥാപിച്ചു. ബ്രിട്ടീഷ് അധികാരത്തിൻ കീഴിലായിരുന്ന മലബാറിൽ കാര്യമായ പ്രവർത്തനങ്ങൾ നടന്നതായി രേഖകളില്ല.
ശുചിത്വബോധവും ആരോഗ്യകരമായ ജീവിതത്തിന്റെ ശീലങ്ങളും സ്വായത്തമാക്കാൻ ജനങ്ങളെ പഠിപ്പിച്ചതിൽ കേരളത്തിന്റെ നവോത്ഥാനമുന്നേറ്റം വലിയ പങ്കുവഹിച്ചിട്ടുണ്ട്. സമൂഹത്തിന്റെ താഴേത്തലങ്ങളെ വരെ സ്പർശിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമായി അതു വളരുകയുണ്ടായി. വലിയൊരളവുവരെ അന്ധമായ വിശ്വാസങ്ങളെയും ചികിൽസാ രീതികളെയും തള്ളിക്കളഞ്ഞ്, പിന്നീടുവന്ന വാക്സിനേഷനുൾപ്പടെയുള്ള ആധുനിക വൈദ്യത്തിന്റെ ആരോഗ്യ പ്രവർത്തനങ്ങളെ ഒരു വൈമുഖ്യവും കൂടാതെ സ്വീകരിക്കാൻ നവോത്ഥാന മുന്നേറ്റം നൽകിയ മനോഘടന ഇടയാക്കി. ആധുനിക വിദ്യാഭ്യാസത്തിന്റെ സ്വാധീനം ഈ മനോഘടനയെ കൂടുതൽ ദൃഢമാക്കി. ഈ അടിത്തറയിൻമേലാണ് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം പണിതുയർത്തിയത്.
തിരുവിതാംകൂർ, കൊച്ചി നാട്ടുരാജാക്കന്മാർ ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയും, അവയുടെ മാതൃക സ്വീകരിച്ചും, ആരോഗ്യപരിപാലനത്തിന്റെ പാശ്ചാത്യ സമ്പ്രദായം ഇവിടെ നടപ്പാക്കാൻ മുൻകൈയെടുത്തു. കൊച്ചി രാജ ഭരണം 1845ലാണ് എറണാകുളം ജനറൽ ആശുപത്രി സ്ഥാപിക്കുന്നത്. തിരുവിതാംകൂറിലെ ആദ്യത്തെ സർക്കാർ ആശുപത്രിയായ തിരുവനന്തപുരം ജനറൽ ആശുപത്രി, ആയില്യം തിരുനാൾ രാമവർമ്മ സ്ഥാപിക്കുന്നത് 1865ൽ ആണെന്ന് ബ്രിട്ടീഷ് ലൈബ്രറിയിലെ രേഖകൾ വ്യക്തമാക്കുന്നു. ഇതേ വർഷം തന്നെയാണ് ഇദ്ദേഹം വാക്സിനേഷൻ പ്രവർത്തനങ്ങൾക്കായി ഒരു സർക്കാർ വകുപ്പ് ആരംഭിക്കുന്നതും. 1875ൽ നെയ്യൂർ ആശുപത്രിക്കും മെഡിക്കൽ സ്കൂളിനും വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ പൂർണ്ണ ചുമതല ഏറ്റെടുത്ത് നടപ്പാക്കിയതും ഇദ്ദേഹം തന്നെയായിരുന്നു. 1879-ൽ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും തടവുകാർക്കും വാക്സിനേഷൻ നിർബ്ബന്ധമാക്കി. കേരളത്തിലെ ആദ്യത്തെ സിസേറിയൻ നടന്ന തിരുവനന്തപുരം തൈക്കാട് അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രി പ്രവർത്തനം തുടങ്ങിയത് 1914ൽ ആണ്. ഈ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി നിയമനം ലഭിച്ച(1916) ഡോ.മേരി പുന്നൻ ലൂക്കോസിനെയാണ് 1938ൽ തിരുവിതാംകൂർ രാജഭരണം ട്രാവൻകൂർ സർജൻ ജനറലായി പിന്നീട് നിയമിക്കുന്നത്. ഇൻഡ്യയിലെ ആദ്യത്തെ വനിതാ സർജൻ ജനറലായിരുന്ന അവർ, ചുമതലയേൽക്കുമ്പോൾ തിരുവിതാംകൂറിൽ 32 സർക്കാർ ആശുപത്രികളും 40 സർക്കാർ ഡിസ്പെൻസറികളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രി പ്രവർത്തനം തുടങ്ങുന്നത് ഐക്യകേരളത്തിനും മുമ്പാണ്. 1947 ആയപ്പോൾ 32 സർക്കാർ ആശുപത്രികൾക്കു പുറമെ 108 സർക്കാർ ഡിസ്പൻസറികളും സർക്കാർ സഹായം സ്വീകരിക്കുന്ന 20 സ്വകാര്യ ആശുപത്രികളും തിരുവിതാംകൂറിലുണ്ടായിരുന്നു.
ധർമ്മാശുപത്രികളെന്നറിയപ്പെട്ടിരുന്ന അന്നത്തെ സർക്കാർ ആശുപത്രികളുടെ എണ്ണം ഇൻഡ്യയിലെ പല നാട്ടുരാജ്യങ്ങളെക്കാളും വളരെ മുമ്പിലായിരുന്നു. 1956 ൽ ഐക്യകേരളം രുപപ്പെടുമ്പോൾ മുഴുവൻ പൗരന്മാർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാകത്തക്കവിധം സംവിധാനം സൃഷ്ടിക്കുന്നതിനുള്ള ഒരടിത്തറ നിലവിൽ വന്നുകഴിഞ്ഞിരുന്നു. രാജ്യത്തെ ഒരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത ഒരു സാഹചര്യമായിരുന്നു അത്.
സോഷ്യലിസ്റ്റ്
വ്യവസ്ഥയുടെ സ്വാധീനം
ക്ഷേമരാഷ്ട്ര സമീപനം സ്വീകരിക്കാൻ
സർക്കാരുകളെ പ്രേരിപ്പിച്ചു
ജനേച്ഛയെ പ്രതിനിധാനം ചെയ്തുകൊണ്ട് കേരളപ്പിറവിക്കുശേഷം അധികാരത്തിൽ വന്ന സർക്കാരുകൾ ഈ അടിത്തറയിൻമേൽ ശക്തമായ പൊതുജനാരോഗ്യ സംവിധാനം പടുത്തുയർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു. മഹത്തായ സോഷ്യലിസ്റ്റ് വ്യവസ്ഥ മുന്നോട്ടുവച്ച ക്ഷേമരാഷ്ട്ര സമീപനം അന്ന് ലോകമെമ്പാടുമുള്ള ഭരണവ്യവസ്ഥകളുടെ നയരൂപീകരണത്തിലെ ഒരു സ്വാധീനഘടകമായിരുന്നു. സോഷ്യലിസ്റ്റ് നയസമീപനങ്ങളാൽ ആകൃഷ്ടരാകുന്ന ജനങ്ങൾ സ്വന്തം രാജ്യങ്ങളിലെ ഭരണവ്യവസ്ഥകൾക്കെതിരെ കലാപത്തിനിറങ്ങുമെന്ന് അറിയാവുന്ന മുതലാളിത്ത രാജ്യങ്ങളിലെ വലതുപക്ഷ സർക്കാരുകൾപോലും ക്ഷേമരാഷ്ട്രം എന്ന സങ്കൽപ്പത്തെ കൈയൊഴിയാതെ വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യസുരക്ഷാ മേഖലകളിൽ പണം ചെലവഴിക്കാൻ നിർബ്ബന്ധിതരായി. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ആരോഗ്യ കമ്മീഷനായിരുന്ന ഭോർ കമ്മിറ്റിയിലെ ശുപാർശകളിൽ സോഷ്യലിസ്റ്റ് അനുഭവങ്ങളുടെ വൻതോതിലുള്ള സ്വാധീനം നമുക്ക് കാണാം. അന്നത്തെ ദേശീയസർക്കാരിന്റെ നയങ്ങളിലും ഇതിന്റെ പ്രതിഫലനം കാണാം. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വിഭിന്നമായി മുകളിൽ സൂചിപ്പിച്ച നിരവധി ചരിത്രഘടകങ്ങൾ ഒത്തുചേർന്ന് പ്രവർത്തിച്ചതു വഴി കേരളത്തിൽ രൂപപ്പെട്ട സാമൂഹ്യമനോഭാവവും ജനാഭിലാഷവും ഒരു ഭൗതികയാഥാർത്ഥ്യമായിരുന്നതിനാൽ അതിനെ കണക്കിലെടുത്തും പ്രതിനിധാനം ചെയ്തും മാത്രമേ വലതുപക്ഷ സർക്കാരുകൾക്കുൾപ്പെടെ പ്രവർത്തിക്കാനാകുമായിരുന്നുള്ളൂ. കർഷകത്തൊഴിലാളികളുടെയും സാധാരണജനങ്ങളുടെയും പ്രക്ഷോഭങ്ങളുടെ അടിത്തറയെ ആധാരമാക്കി ഉയർന്നുവന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളാകട്ടെ, ഇന്നത്തേതിൽനിന്നും വ്യത്യസ്തമായി ഇടതുസമീപനവും ജനതാൽപ്പര്യവും അന്ന് പ്രദർശിപ്പിച്ചിരുന്നു. ഈ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകിയ സർക്കാരുകളെല്ലാംതന്നെ വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യസുരക്ഷാ രംഗങ്ങളിലെ ഗണനീയമായ മുതൽമുടക്കിന് തയ്യാറായി. സംസ്ഥാനത്തിന്റെ ആകെ റവന്യു ചെലവിന്റെ 14 മുതൽ 8 ശതമാനം വരെയുള്ള തുക ആരോഗ്യമേഖലയ്ക്കായി വ്യത്യസ്ത സമയങ്ങളിൽ നീക്കിവച്ചു. ഏതാണ്ട് 70കൾ വരെ ഈ സ്ഥിതി തുടരുകയും ചെയ്തു. അങ്ങിനെ 1956നും 1980നുമിടയിൽ വലിയ മുന്നേറ്റങ്ങൾ നേടിക്കൊണ്ട് എല്ലാ ആരോഗ്യ സൂചകങ്ങളിലും കേരളം ഒന്നാം സ്ഥാനത്ത് എത്തി. ഐക്യകേരളത്തിനും നൂറിലധികം വർഷംമുമ്പു തുടക്കംകുറിക്കുകയും 1980വരെ തുടരുകയും ചെയ്ത ഒരു ദീർഘപ്രക്രിയയിലൂടെ രൂപംകൊണ്ട പൊതുജനാരോഗ്യ സംവിധാനം ഒന്നു മാത്രമാണ് ഈ പ്രതിസന്ധിയുടെ വേളയിൽ നമുക്ക് തുണയായത്.
സുഘടിതവും അതിബൃഹത്തുമായ ആരോഗ്യപരിപാലന സംവിധാനം കോവിഡ് പ്രതിരോധത്തിന് കേരളത്തെ
പ്രാപ്തമാക്കി
കേരളത്തിൽ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തെ, പിഴവുകളോടെയും പരാധീനതകളോടെയും ആണങ്കിലും ഏകോപിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് കോവിഡ് പ്രതിരോധത്തിന്റെ രംഗത്ത് സർക്കാരിന്റെ നേട്ടം. ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ ചലിക്കാൻ സന്നദ്ധമായ സുഘടിതവും അതിബൃഹത്തുമായ ആരോഗ്യപരിപാലന സംവിധാനം നിലനിൽക്കുന്നതിനാലാണ് ഈ ഏകോപനം സാധ്യമായത്. പകർച്ച വ്യാധിയെ നേരിടുന്നതിൽ വൈദഗ്ദ്ധ്യമുള്ള സമർപ്പിതരായ ഒരു വലിയ നിര പ്രൊഫഷണലുകൽ നമുക്കുണ്ട്. പ്രൈമറി, സെക്കന്ററി, ടെർഷ്യറി തലങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള പൊതുജനാരോഗ്യ സംവിധാനത്തിലൂടെ വാർഡുതലംതൊട്ടുള്ള ആരോഗ്യ പരിചരണം മുതൽ ഉയർന്നതല ആസൂത്രണംവരെ സാധ്യമാകുന്നു. ആയിരക്കണക്കിനു ഡോക്ടർമാരും നേഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഇതര ജീവനക്കാരും ഹെൽത്ത് ഇൻസ്പെക്ടർമാരും ആശാവർക്കർമാരും ശുചീകരണത്തൊഴിലാളികളും ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കോവിഡിനെ നേരിടുന്നതിൽ സംസ്ഥാനം കൈവരിച്ച നേട്ടം പ്രധാനമായും ഇവർ സൃഷ്ടിച്ചതാണ്. എന്നാൽ കൂടുതൽ ആത്മവിശ്വാസത്തോടെയും സമർപ്പിതമായും പ്രവർത്തിക്കാൻ മുഴുവൻ ആരോഗ്യപ്രവർത്തരെയും സജ്ജമാക്കുന്നതിലും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും സർക്കാർ ഗൗരവതരമായ വീഴ്ചകൾ വരുത്തുകയുണ്ടായി. അവരുടെ ശമ്പളം വെട്ടിക്കുറച്ചു. എങ്കിലും സേവനസന്നദ്ധതയോടെ രാപകൽ പണിയെടുക്കാൻ ആരോഗ്യപ്രവർത്തകർ ഒരു വൈമുഖ്യവും കാട്ടിയില്ല.
ഉദാരവൽക്കരണ നയങ്ങൾ പൊതുജനാരോഗ്യ മേഖലയെ ദുർബ്ബലപ്പെടുത്തി
കഴിഞ്ഞ 3 പതിറ്റാണ്ടായി നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യരംഗത്തേക്കുള്ള മുതൽ മുടക്ക് ഗണ്യമായി കുറഞ്ഞുവരികയാണ്. സംസ്ഥാനത്ത് അധികാരത്തിൽ വന്നിട്ടുള്ള വലതു-ഇടതു മുന്നണികൾ ഇക്കാര്യത്തിൽ ഒരേ സമീപനം തന്നെയാണ് തുടർന്നിട്ടുള്ളത്. 1995ൽ ആരോഗ്യരംഗത്തിനുള്ള പ്ലാൻ ചെലവ് 13.8 ശതമാനമായിരുന്നത് എങ്ങിനെയാണ് 2001ൽ 7.2 ശതമാനമായി കുത്തനെ ഇടിഞ്ഞത്? 1986നു മുമ്പ് കേരളത്തിൽ സർക്കാർ ആശുപത്രികളിൽ ഏതൊരാൾക്കും സൗജന്യമായി ചികിൽസ ലഭിക്കുമായിരുന്നതിന്റെ സ്ഥാനത്ത് ഇപ്പോൾ എ.പി.എൽ വിഭാഗത്തിനു അതു നിഷേധിക്കുന്ന സ്ഥിതി ഇല്ലേ? പരിശോധനകൾക്കും ചികിൽസയ്ക്കും എന്തിനും ഏതിനും ആശുപത്രി വികസന സമിതിയുടെ പേരിൽ ഫീസ് പിരിക്കുന്ന ഏർപ്പാട് പുതിയ പൊളിച്ചെഴുത്തുകളുടെ ഭാഗമായി വന്നതല്ലേ? കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച എൻ.ആർ.എച്ച്.എം ഉം നഗര ആരോഗ്യപദ്ധതിയും ആരോഗ്യ മേഖലയിൽ നിന്നും ക്രമേണ സർക്കാർ പിൻവാങ്ങുന്നതിനായി നടപ്പാക്കിയ ആഗോളവൽക്കരണ പദ്ധതികളായിരുന്നു. അടിമുടിയുള്ള കരാർവൽക്കരണവും ഇൻഷ്വറൻസ്വൽക്കരണവുമാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്. ഇതിന്റെ കേരള പതിപ്പിന്റെ പേരാണ് ആരോഗ്യകേരളം. ആരോഗ്യകേരളം പദ്ധതി കേരളത്തിൽ നടപ്പിലാക്കിയത് വി.എസ്.അച്ച്യുതാനന്ദന്റെ സർക്കാരാണ്. രോഗിക്കും ചികിൽസകനുമിടയിൽ എന്തിനാണ് ഒരു ഇൻഷ്വറൻസ് കമ്പനിയെന്നു കോവിഡിനു മുമ്പിൽ പരാജയപ്പെട്ട രാജ്യങ്ങളിൽ നിന്നെല്ലാം ചോദ്യമുയരുകയാണ്. ലോകജനതയുടെ ആരോഗ്യത്തിനു മുമ്പിലെ ഗൗരവതരമായ പ്രശ്നമായി ഇൻഷ്വറൻസ്വൽക്കരണം മാറുമ്പോൾ ഇൻഷ്വറൻസിനുവേണ്ടിയുള്ള പ്രചാരവേലയാണ് ആരോഗ്യകേരളം നടത്തുന്നത്. ആരോഗ്യമേഖലയ്ക്കു നീക്കിവയ്ക്കുന്ന വിഹിതം വർഷംതോറും വെട്ടിക്കുറയ്ക്കുന്ന, കേന്ദ്രസർക്കാർ നടപ്പാക്കുന്ന എൻ.ആർഎച്ച്.എം ഉം നഗര ആരോഗ്യ പദ്ധതിയും എങ്ങിനെയാണ് പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന പദ്ധതികളാകുന്നത്? ഇതു പൊതുജനാരോഗ്യ സംവിധാനത്തെ ദുർബ്ബലപ്പെടുത്താനുള്ള പദ്ധതികളാണെന്ന തിരിച്ചറിവുപോലും ഇടതെന്ന് അഭിമാനിക്കുന്നവർക്കില്ലാതെ പോകുന്നത് ഖേദകരംതന്നെ. ഈ ആരോഗ്യകേരളം പദ്ധതിയെയാണ് കോവിഡ് വിജയത്തിന്റെ കാരണമായ ഒറ്റമൂലിയായി അവതരിപ്പിക്കുന്നത്. എൻആർഎച്ച്എം ഉൾപ്പെടെയുള്ളആഗോളവത്ക്കരണ നയങ്ങളിലൂടെ ആരോഗ്യമേഖലയെ തകർക്കാൻ ശ്രമങ്ങളുണ്ടായപ്പോഴെല്ലാം അതിനെ ചെറുത്തുകൊണ്ട് കാവലായി നിന്ന ജനജാഗ്രതയാണ് സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തെ ഇപ്രകാരമെങ്കിലും നിലനിർത്താൻ ഇടയാക്കിയിട്ടുള്ളത്.
കേന്ദ്രത്തിന്റെ 20 ലക്ഷം കോടിയും സംസ്ഥാനത്തിന്റെ
ഇരുപതിനായിരം കോടിയും: പാക്കേജുകളുടെ
അത്ഭുതകരമായ സാദൃശ്യം
കേന്ദ്രസർക്കാരിന്റെ 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങൾ മറ്റൊരു ലേഖനത്തിൽ നൽകിയിട്ടുള്ളതിനാൽ അതിന്റെ ഉള്ളടക്കത്തിലേക്കു കടക്കുന്നില്ല. എങ്കിലും താരതമ്യത്തിനായി ചില കാര്യങ്ങളിലേക്കു കടക്കാതിരിക്കാനാവില്ല. ആദ്യം പ്രഖ്യാപിച്ചത് സംസ്ഥാനത്തിന്റെ പാക്കേജായിരുന്നതിനാൽ അതിന്റെ സ്വാധീനമാണോ കേന്ദ്രത്തിന്റെപാക്കേജിൽ കാണുന്നതെന്ന് ന്യായമായും സന്ദേഹമുണ്ട്. കേന്ദ്ര സർക്കാരിന്റെ പാക്കേജിലെ പ്രഖ്യാപനങ്ങളിൽ ഒരു ഭാഗം ബജറ്റ് പ്രഖ്യാപനങ്ങളോ നേരത്തെ പ്രഖ്യാപിച്ച പദ്ധതികളോ ആണ്. കേരളത്തിന്റെ പാക്കേജിലെ 14,000 കോടിരൂപ സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ പ്രവൃത്തികൾ നടത്തി, ബില്ല് സമർപ്പിച്ച കരാറുകാരുടെ കുടിശ്ശിക തീർക്കാനാണ് നീക്കിവച്ചിട്ടുള്ളത്. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മാസത്തിൽ ഈ തുക നൽകാമെന്ന് ധനമന്ത്രി നിയമസഭയിലടക്കം പ്രഖ്യാപിച്ചതാണ്. ഇതിന് കൊറോണയുമായി എന്തു ബന്ധം? തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള 1000 കോടിയും ഈ വർഷം സ്വഭാവികമായും നൽകേണ്ട തുകയാണ്. അതും കോവിഡിന്റെ കണക്കിൽപ്പെടുത്തി. ആറുമാസത്തെ പെൻഷൻ കുടിശ്ശിക നൽകാനുള്ളപ്പോൾ 2 മാസത്തെ ഒരുമിച്ചു നൽകുന്നുവെന്നുമാത്രം. കോവിഡ് മഹാമാരി ഇല്ലെങ്കിലും ഈ തുക എപ്പോഴെങ്കിലും നൽകാനുള്ളതുതന്നെയല്ലേ. കേന്ദ്രത്തിന്റെ പാക്കേജിലും ഈ തട്ടിപ്പ് നമുക്ക് കാണാം. കിസാൻ യോജന പ്രകാരം മേയ് മാസത്തിൽ ഓരോ കർഷകനും നൽകേണ്ട 2000രൂപ ഏപ്രിൽ മാസത്തിൽ നൽകും. കേന്ദ്രത്തിന്റെ പ്രഖ്യാപനം ഒരു വായ്പാ മേളയായിരുന്നല്ലോ. കുടുംബശ്രീ വഴി 2000 കോടി രൂപ വായ്പ നൽകുമെന്ന സമാനമായ പ്രഖ്യാപനം കേരള പാക്കേജിലുമുണ്ട്. പക്ഷേ പലിശ ഇളവ് നൽകാൻ ഒരു രൂപപോലും നീക്കിവച്ചിട്ടില്ല. നിർമ്മാണത്തൊഴിലാളികൾക്ക് നൽകുമെന്നു പ്രഖ്യാപിച്ചിട്ടുള്ള 1000 രൂപ, വായ്പ മാത്രമാണ്. തൊഴിലാളികളുടെ വിഹിതത്തിൽ നിന്നും അത് പിന്നീട് തിരിച്ചുപിടിക്കും. ഇതിനു പുറമെ പ്രഖ്യാപിച്ചിട്ടുള്ളത് ഒരു ക്ഷേമപെൻഷനും ലഭിക്കാത്തവർക്ക് 1000 രൂപ നൽകുമെന്നതാണ്. ഇതുവരെ അതിനുവേണ്ടി ചെലവായിട്ടുള്ളത് 140 കോടി രൂപ മാത്രമാണ്. 20,000 കോടി രൂപയുടെ പാക്കേജിൽ ജനങ്ങൾക്കു നേരിട്ടു ലഭിക്കുന്നത് മൂന്നു മാസത്തെ സൗജന്യറേഷനും 1000 രൂപ വിലയുള്ള പലവ്യഞ്ജന കിറ്റും 14 ലക്ഷം പേർക്ക് 1000 രൂപയും മാത്രമാണ്. സന്നദ്ധ സംഘടനകളും സാമൂഹ്യ സംഘടനകളും പണം നൽകി പ്രവർത്തിപ്പിച്ച സാമൂഹ്യ അടുക്കളകളും സർക്കാരിന്റെ കണക്കിൽപ്പെടുത്തി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. തൊഴിലും വരുമാനവും തകർന്ന തൊഴിലാളികളുടെ കൈവശം പണമെത്തിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത പാക്കേജുകൾ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ഇരു സർക്കാരുകളും ചെയ്യുന്നത്.
ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള ഓർഡിനൻസ്: ഇടതുരാഷ്ട്രീയത്തിനേറ്റ കനത്ത ആഘാതം
തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള സമർത്ഥമായ രാഷ്ട്രീയ പ്രചാരവേലയാണ് കോവിഡിന്റെ പേരിൽ കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നിലനിൽക്കുന്ന പൊതുജനാരോഗ്യ സംവിധാനത്തെ പ്രവർത്തിപ്പിക്കാനുള്ള ഭരണപരമായ നടപടികളും അതിന്റെ പ്രചാരവേലയും മാറ്റി നിർത്തിയാൽ സർക്കാരിന്റെ ഭരണനയങ്ങളിലും നടപടികളിലും പ്രതിഫലിക്കുന്നത് തികഞ്ഞ വലതുപക്ഷ രാഷ്ട്രീയമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിച്ചെടുക്കാൻ സർക്കാർ അനുവർത്തിച്ച തൊഴിലാളി വിരുദ്ധതയും ധാർഷ്ട്യവുമാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിനും തൊഴിലാളിവർഗ്ഗത്തിന്റെ അവകാശപ്പോരാട്ടത്തിനും ഈ നടപടികൾ സൃഷ്ടിച്ച ആഘാതം കോവിഡ് വിജയത്തിന്റെ പി.ആർ പ്രവർത്തനംകൊണ്ട് മറയ്ക്കാനാവില്ല. ദീനാനുകമ്പയുടെയോ മനുഷ്യകാരുണ്യത്തിന്റെയോ ഒരു വിഷയമായി ശമ്പളം പിടിച്ചെടുക്കുന്നതിനെ അവതരിപ്പിച്ചുകൊണ്ട് പ്രചാരവേല നടത്തിയ എൻജിഒ യൂണിയനും ഇടതു സുഹൃത്തുക്കളും രാഷ്ട്രീയബോധനിലവാരത്തിന്റെ ദയനീയ പതനത്തെയാണ് വ്യക്തമാക്കിയത്. കുടുക്കയിൽ സൂക്ഷിച്ചുവച്ച ചില്ലറകൾ സംഭാവന ചെയ്യുന്ന കുട്ടികളുടെ ചിത്രവും ആടിനെ വിറ്റു ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന വീട്ടമ്മയുടെ ചിത്രവും ദിനംപ്രതി അച്ചടിച്ച് ദേശാഭിമാനിയാകട്ടെ ഫലത്തിൽ രാഷ്ട്രീയ അശ്ലീല പ്രചാരണത്തിലേക്കു തരംതാഴ്ന്നു. ശമ്പളം വിട്ടുനൽകാൻ തയ്യാറാകാത്തവരും ഉത്തരവ് കത്തിച്ചവരും കൊടുംക്രൂരന്മാരും സാമൂഹ്യദ്രോഹികളും ഇതൊന്നും ചെയ്യാത്ത തങ്ങൾ തികഞ്ഞ മനുഷ്യസ്നേഹികളും കോവിഡ് ദുരിതത്തിൽ വേദനിക്കുന്നവരുമാണത്രേ! കോൺഗ്രസ്സ് സംഘടനയെ ആക്ഷേപിച്ചാൽ ഈ വിഷയത്തിൽ ഉയർത്തിയ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായെന്ന നിലയിൽ സായൂജ്യമടയുകയല്ല ഇടതുസുഹൃത്തുക്കൾ ചെയ്യേണ്ടത്. എതിരാളികളുടെ വാദമുഖങ്ങളിൽ ദുർബ്ബലമായത് സൗകര്യപൂർവ്വം സ്വീകരിക്കുകയല്ല, വാദമുഖങ്ങളിൽ കൃത്യവും ശക്തവുമായതിനെ ധീരമായി തെരഞ്ഞെടുത്ത് മറുപടി പറയണം. അതാണ് താർക്കികമര്യാദയുടെ ആരോഗ്യകരമായ സമീപനം. അതോടൊപ്പം അടിയുറച്ച ഇടതുരാഷ്ട്രീയകാഴ്ചപ്പാടിൽ ഉയർത്തപ്പെടുന്ന ചോദ്യങ്ങൾക്കും മറുപടി പറയണം. ശമ്പളം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ സിപിഐ(എം)ന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ തൊഴിലാളിവിരുദ്ധ പ്രചാരവേല ദർശിച്ചതുകൊണ്ടുമാത്രമാണ് ഇതു സൂചിപ്പിക്കുന്നത്. ഇത്തരമൊരു പ്രചാരണം ആത്യന്തികമായി തൊഴിലാളി രാഷ്ട്രീയത്തിനു എത്രമേൽ വിനാശകരമാണെന്ന് തിരിച്ചറിയണമെന്ന് ഈ പ്രസ്ഥാനങ്ങളിലെ സത്യസന്ധരായ അണികളോട് അഭ്യർത്ഥിക്കുന്നു.
ശരിയായ തൊഴിലാളിവർഗ്ഗ വീക്ഷണമുള്ള പ്രസ്ഥാനങ്ങൾ ശമ്പളം പിടിച്ചെടുത്തതിനെതിരെ നിലപാടെടുത്തത് തൊഴിൽദാതാവിന് ഏകപക്ഷീയമായി ശമ്പളം നിശ്ചയിക്കാനോ വെട്ടിക്കുറയ്ക്കാനോ അവകാശമില്ല എന്നതിനാലാണ്. എന്തുകാരണത്തിന്റെ പേരിലായാലും അത്തരമൊരു നടപടി അനുവദിക്കാനാവില്ല. അത്തരമൊരു കീഴ്വഴക്കം സൃഷ്ടിക്കപ്പെട്ടാൽ ഭാവിയിൽ അത് ഗുരുതരമായ വെല്ലുവിളികൾ തൊഴിലാളികൾക്കുനേരെ ഉയർത്തും. ശമ്പളം വെട്ടിക്കുറയ്ക്കാൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങളുടെ ന്യായയുക്തത തൊഴിലുടമ നിർണ്ണയിക്കുകയും നാളെ എന്തു കാരണം ചൂണ്ടിക്കാട്ടിയും ഇതു ചെയ്യാമെന്നും വരില്ലേ? അങ്ങിനെ ശമ്പളവും പെൻഷനും തൊഴിലുടമയുടെ ദയാദാക്ഷണ്യത്തിൽ അമരാൻ സാഹചര്യമൊരുക്കുന്നുവെന്നതാണ് സർക്കാരിന്റെ ശമ്പളം പിടിച്ചെടുക്കലിന്റെ അതീവ ഗുരുതരമായ പ്രത്യാഘാതം. മാതൃകാതൊഴിൽ ദാതാവും തൊഴിൽനിയമങ്ങളുടെ സംരക്ഷകനും നടത്തിപ്പുകാരനുമായ സർക്കാർ ഇപ്രകാരം ചെയ്താൽ സ്വകാര്യ മുതലാളിമാർ നാളെ തൊഴിലാളികളോട് ഇതിലും കൊടിയദ്രോഹം പ്രവർത്തിക്കുമെന്നുറപ്പാണ്. ഇപ്പോൾതന്നെ തൊഴിൽ നിയമങ്ങൾക്കു പുല്ലുവിലപോലും കൽപ്പിക്കാതെ അവ യഥേഷ്ടം ലംഘിക്കുന്ന മുതലാളിമാർക്ക് ഈ നടപടി നൽകുന്ന സന്തോഷം വളരെ വലുതാണ്. കോവിഡ് കാലത്ത് സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറയ്ക്കുകയുണ്ടായി. അപൂർവ്വം ചില സ്വകാര്യ ആശുപത്രികളൊഴികെ എല്ലാ സ്ഥാപനങ്ങളും നേഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം മൂന്നിലൊന്നായിവരെ വെട്ടിക്കുറച്ചു. കേരളത്തിലെ ഇടതു സർക്കാരും അവരെ ചുമക്കുന്ന ട്രേഡ് യൂണിയനുകളും വെറും കാഴ്ചക്കാരായി നോക്കിനിന്നു. കോടതിയുടെ ഉത്തരവിനെ മറികടക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച് ഏകപക്ഷീയമായി ശമ്പളം പിടിച്ചെടുക്കുന്ന സർക്കാരിനു കാഴ്ചക്കാരാവുകയല്ലാതെ മറ്റെന്ത് ചെയ്യാൻ കഴിയും?
കോവിഡിന്റെ പേരിൽ കേന്ദ്ര ബിജെപി സർക്കാർ കേന്ദ്ര ജീവനക്കാരുടെ 2021 വരെയുള്ള 4 ഡി.എ പൂർവ്വകാലപ്രാബല്യത്തോടെ റദ്ദാക്കി. ജീവനക്കാരുടെ തികച്ചും ന്യായമായ പ്രതിഷേധത്തെ പ്രതിനിധീകരിച്ചുകൊണ്ട് സിഐടിയു, എഐയുറ്റിയുസി തുടങ്ങിയ കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രസ്താവന പുറപ്പെടുവിച്ചു. ശമ്പളം ഏകപക്ഷീയമായി പിടിച്ചെടുക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച കേരള സർക്കാരിനെ നയിക്കുന്ന സിപിഐ(എം), സിപിഐ പാർട്ടികളുടെ ദേശീയ നേതൃത്വവും ഈ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. കേന്ദ്രസർക്കാർ കൈക്കൊണ്ട തൊഴിലാളി വിരുദ്ധ നടപടിയുടെ അതേ മാതൃക തന്നെയല്ലേ കേരള സർക്കാരിന്റെ നടപടിയും. കേന്ദ്രത്തിന്റേത് തൊഴിലാളി ദ്രോഹവും കേരളത്തിന്റേത് ദീനാനുകമ്പയുമാകുന്നത് എന്തുകൊണ്ടാണെന്ന് സംസ്ഥാനസർക്കാരിനുവേണ്ടി ചന്ദ്രഹാസമിളക്കിയ എൻജിഒ യൂണിയൻ’തൊഴിലാളി നേതാക്കൾക്ക് വിശദീകരിക്കാനാവുമോ. ഇരുണ്ടു വെളുക്കുന്ന നേരത്തിനുള്ളിൽ സർവ്വതൊഴിൽ നിയമങ്ങളും കുഴിച്ചുമൂടിയ, 4ഗഡു ഡി.എ മരവിപ്പിച്ച ബിജെപിയുടെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തെ തളർത്തുകയും തകർക്കുകയുമാണ് സംസ്ഥാനത്തെ ശമ്പളം വെട്ടിക്കുറയ്ക്കൽ നടപടി. ഭരണ മുതലാളി വർഗ്ഗത്തോടുള്ള കൂറും ബാധ്യതയും ആവർത്തിച്ചു പ്രഖ്യാപിക്കൽ മാത്രമാണ് പിണറായി സർക്കാരിന്റെ ഈ നടപടി.
രോഗികളുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കാൻ സ്വകാര്യകമ്പനിയായ സ്പ്രിംഗ്ലർക്ക് നൽകിയ
അനുമതി
വ്യക്തിസ്വാതന്ത്ര്യം പോലെ തന്നെ പരമപ്രധാനമാണ് വ്യക്തികളുടെ സ്വകാര്യതയും സ്വകാര്യവിവരങ്ങളുടെ സംരക്ഷണവും. പരിഷ്കൃത ജനാധിപത്യസമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് പൗരന്റെ മൗലികാവകാശങ്ങളും സംരക്ഷിക്കപ്പട്ടേ മതിയാകൂ. എന്നാൽ, കോവിഡ്-19 വ്യാപനത്തെ തടയാനെന്ന പേരിൽ കേന്ദ്രസർക്കാർ ആരംഭിച്ച ആരോഗ്യസേതു ആപ്പിലൂടെ ഇന്ത്യാക്കാരുടെ മൊബൈൽ ഫോണിലെ ജി.പി.എസ് ലൊക്കേഷൻ ഉപയോഗിച്ച്, ആപ്പ് ഡൗൺ ലോഡ് ചെയ്തവരുടെ ഏത് നീക്കത്തെയും നിരീക്ഷിക്കുന്നതിന് കഴിയുന്നുവെന്ന ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നു. കേന്ദ്രഭരണകൂടത്തിന് പൗരന്മാരെ പിന്തുടരാം എന്നത് മാത്രമല്ല, ലോകത്തെ ഏത് സൈബർ കമ്പനിക്കും ഹാക്കർമാർക്കും അതേ വിവരങ്ങൾ വളരെയെളുപ്പം ചോർത്താൻ കഴിയും. സമാനമായ നടപടിയാണ് കേരളത്തിലെ രോഗികളുടെ വ്യക്തിപരമായ വിവരങ്ങളും ആരോഗ്യവിവരങ്ങളും ശേഖരിക്കാൻ സ്വകാര്യകമ്പനിയായ സ്പ്രിംഗ്ലർക്ക് അനുമതി നൽകിയതിലൂടെ സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും ചെയ്തിരിക്കുന്നത്. കോവിഡ് ബാധിതരായിട്ടുള്ളവരുടെയും ക്വാറന്റൈനിൽ കഴിയുന്ന ആളുകളുടെയും സകലമാനവിവരങ്ങളും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂടി ഉപയോഗിച്ച് പ്രോസസ്സ് ചെയ്യാനാണ് സ്പ്രിംഗ്ലർ കമ്പനിക്ക് സംസ്ഥാന ഐ.ടി വകുപ്പ് അനുമതി നൽകിയത്. കേരളത്തിൽ രോഗവ്യാപനം ആരംഭിക്കുന്നതിന് മുമ്പ,് മാർച്ച് 15-ാം തീയതിയാണ് സംസ്ഥാന ഗവൺമെന്റ് ഇതുസംബന്ധമായ തീരുമാനം എടുക്കുന്നത്. ഉടനെതന്നെ, മാർച്ച് 26 മുതൽ രോഗികളുടെ വിവരങ്ങൾ കമ്പനിക്ക് ശേഖരിക്കാൻ അനുമതി നൽകുകയും ചെയ്തു. എന്നാൽ, കമ്പനിയുമായി സർക്കാർ ഒരു കരാറിൽ ഏർപ്പെടുന്നതാകട്ടെ വിവാദങ്ങൾക്കിടയിൽ ഏപ്രിൽ മാസവും. കരാർപ്രകാരം, റേഷൻകാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗസാധ്യതയുള്ളവരുടെ മാപ്പിംഗ് പൂർത്തീകരിക്കാനുള്ള ചുമതലയും സ്പ്രിംഗ്ലർ കമ്പനിക്ക് കൈമാറി. 80.92 ലക്ഷം റേഷൻ കാർഡുടമകളാണ് കേരളത്തിലാകെയുള്ളത്. അവരിൽ എത്ര ലക്ഷം ആളുകളുടെ വിവരങ്ങൾ ഇതിനകം കൈമാറ്റം ചെയ്യപ്പെട്ടുകഴിഞ്ഞുവെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.
ഇത്തരമൊരു അതിപ്രധാനമായ കാര്യം കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുപ്രസിദ്ധമായ സ്വകാര്യകമ്പനിയെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡമെന്തായിരുന്നു, പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ടെൻഡറിൽപ്പോലും പങ്കെടുപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? മന്ത്രിസഭയിൽപോലും ചർച്ച ചെയ്യാതെ രഹസ്യമായി സ്പ്രിംഗ്ലറുമായി കരാറൊപ്പിടുകയും വ്യവസ്ഥകൾ മറച്ചുവയ്ക്കുകയും ചെയ്തത് എന്തുകൊണ്ടാണ് സ്പ്രിംഗ്ളർ കമ്പനിയെ സംബന്ധിച്ച് ഇതിനകം പുറത്ത് വന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസ്യത തീരെയില്ലെന്ന് ഐടി രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടും പരിഗണിക്കാൻ തയ്യാറാകാതെ കരാറുമായി മുന്നോട്ടുപോകാൻ ഏകപക്ഷീയമായി സർക്കാർ തീരുമാനിച്ചത് എന്തുകൊണ്ട്? തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും തൃപ്തികരമായ വിശദീകരണങ്ങൾ സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. എന്നാൽ, ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് സർക്കാരിന് നടപടിയിൽനിന്നും പിൻവാങ്ങേണ്ടിവന്നു.
മദ്യം കുത്തിയൊഴുക്കി കോവിഡ് പ്രതിരോധ
നിർദ്ദേശങ്ങളെ കാറ്റിൽപ്പറത്തി
കേരളത്തിൽ കോവിഡ് മഹാവ്യാധിയുടെ പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായി ജനങ്ങൾ ഒത്തുചേരുന്ന എല്ലാ പരിപാടികളും (ാമ ൈഴമവേലൃശിഴ)െ നിരോധിച്ചുകൊണ്ട് മാർച്ച് 10 സർക്കാർ ഉത്തരവിറക്കി. ഏഴാം ക്ലാസ്സുവരെയുള്ള സ്കൂളുകളും അടച്ചുപൂട്ടി. സർക്കാർ ‘ബ്രേക്ക് ദ് ചെയിൻ’ പ്രചാരണം തുടങ്ങുന്നത് മാർച്ച് 15നാണ്. മാർച്ച് 16ന് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാളുകൾ, തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ ഇവയൊക്കെ അടച്ചുപൂട്ടി. മാർച്ച് 20ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ സംസ്ഥാനചരിത്രത്തിൽ ആദ്യമായി റദ്ദാക്കി. അങ്ങിനെ ഒന്നിനു പിറകെ മറ്റൊന്നായി ലോക്ക് ഡൗണിനു 15 ദിവസം മുമ്പുതന്നെ കേരളത്തിൽ ആളുകൾ കൂട്ടം കുടുന്ന എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ചിട്ടും ഒരു വിഘ്നവുമില്ലാതെ സംസ്ഥാനമെമ്പാടും പ്രവർത്തിച്ച സ്ഥാപനങ്ങൾ മദ്യശാലകളായിരുന്നു. അവിടെ ശാരീരിക അകലം പാലിക്കുക എന്നത് തീർത്തും അസാദ്ധ്യമായിരുന്നു. വിവേകവും തിരിച്ചറിവും ഉത്തരവാദിത്തബോധവും ഉള്ള ഒരു വ്യക്തിക്കു മാത്രമല്ലേ പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ കഴിയൂ. മദ്യപിച്ച് ലക്കുകെടുന്ന ഒരു വ്യക്തിക്ക് എങ്ങിനെയാണ് ഈവക കാര്യങ്ങൾ കാര്യബോധത്തോടെ നിറവേറ്റാൻ കഴിയുക. അതായത് സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളെ ലംഘിക്കാൻ സർക്കാർ തന്നെ മദ്യവിതരണത്തിലൂടെ വഴിയൊരുക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തത്. പകർച്ചവ്യാധിയുടെ വേളയിൽ ജനങ്ങൾ കൂടുതൽ ആരോഗ്യവാന്മാരായി നിലനിൽക്കാൻ മദ്യപാനം വെടിയണമെന്ന് വിദഗ്ദ്ധർ ഒറ്റക്കെട്ടായി അഭിപ്രായപ്പെടുന്നു. ഹൃദയം, കരൾ, വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങൾക്ക് രോഗമുള്ളവർ വളരെ വേഗം കോവിഡിനു ഇരകളാകുമെന്നതിനാൽ അവരുടെ ആരോഗ്യം നിലനിർത്താൻ മദ്യത്തിന്റെ ലഭ്യത താൽക്കാലികമായെങ്കിലും തടയാൻ സർക്കാരിനു ബാധ്യതയുണ്ട്.
സുമനസ്സുകൾ ദീർഘകാലമായി ഉയർത്തുന്ന മദ്യവിരുദ്ധതയുടെ മുദ്രാവാക്യങ്ങൾ നിങ്ങൾ വിസ്മരിച്ചേക്കുക. എന്നാൽ മഹാവ്യാധിയുടെ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാനെങ്കിലും മദ്യശാലകൾ അടച്ചുപൂട്ടണമായിരുന്നു. ഐ.എം.എ പോലുള്ള സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ല. ഒടുവിൽ വലിയ ജനകീയ സമ്മർദ്ദത്തിനൊടുവിൽ മാർച്ച് 25നു മദ്യശാലകൾ പൂട്ടി. പക്ഷേ കൃത്യം നാലു ദിവസം പിന്നിട്ടപ്പോൾ സർക്കാർ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു മദ്യം നൽകണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള വിചിത്രമായ ഉത്തരവ് എക്സൈസ് വകുപ്പ് പുറപ്പെടുവിച്ചു. ഡോക്ടർമാരുടെ സംഘടനയുടെ പ്രതിഷേധത്തെത്തുടർന്ന് അതും പിൻവലിക്കേണ്ടി വന്നു. നാട്ടുകാർക്കു മദ്യം ലഭ്യമാക്കാൻ കഴിയാത്തതിലുള്ള ഹൃദയവേദന മന്ത്രിമാരുടെ പ്രസ്താവനകളിലൂടെ സർക്കാർ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. മദ്യാസക്തിക്ക് അടിപ്പെട്ടവരുടെ കൂട്ടമരണം ഉണ്ടാകുമെന്നായിരുന്നു പ്രവചനം; പിന്നെ വ്യാജമദ്യം ഒഴുകുമെന്നും. ഇപ്പറഞ്ഞതൊന്നുമുണ്ടായില്ല. 5ൽ താഴെപ്പേരുടെ മരണം മാത്രമാണുണ്ടായത്. ഡിഅഡിക്ഷൻ സെന്ററുകളിൽ മൂന്നാഴ്ച കഴിഞ്ഞപ്പോൾ മദ്യപാനരോഗികൾ ആരും വരാതായി. മദ്യപാന രോഗത്തിന് അടിപ്പെട്ടവർപോലും വളരെ വേഗം സാധാരണനിലയിലെത്തുകയും ഇനി മദ്യപാനമില്ലാതെ ജീവിക്കാനാണ് ആഗ്രഹമെന്നു താൽപ്പര്യപ്പെടുകയും ചെയ്തു. ലഭ്യതയില്ലാതായാൽ മദ്യപാനശീലം വെടിയുമെന്നു പ്രഖ്യാപിച്ചവരുമുണ്ടായിരുന്നു. എന്നാൽ ഇവരെയെല്ലാവരെയും കുടിപ്പിച്ചേ അടങ്ങൂ എന്നു നിർബ്ബന്ധമുള്ള സർക്കാർ മെയ് അവസാനത്തോടെ ബാറുകളിലൂടെ മദ്യം വിതരണം ചെയ്യാൻ തീരുമാനിച്ചു. അങ്ങിനെ ഓൺലൈൻ ബുക്കിംഗ്, വെർച്വൽ ക്യൂ, ബെവ് ക്യൂ ആപ്പ് തുടങ്ങി ഇപ്പോൾ കാണുന്ന പുകിലുകളെല്ലാം എവ്വിധവും മദ്യം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശുഷ്കാന്തിയുടെ പേരുകളാണ്. ഇതു നിർദ്ദോഷമായ ഒരു ശുഷ്കാന്തിയായി കാണരുത്. കോടികളുടെ ഇടപാടുകൾ കൂടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് പകൽ പോലെ വ്യക്തം. ലോക്ക് ഡൗണിന്റെ മറയിൽ എത്ര പുതിയ ബാറുകൾക്ക് ലൈസൻസ് ലഭിച്ചുവെന്ന കണക്ക് വരാനിരിക്കുന്നതേയുള്ളൂ. കോവിഡ് പ്രതിരോധ വിജയത്തിന്റെ വീമ്പുപറച്ചിൽ പുറമേക്കു നടത്തിക്കൊണ്ട് അകമേ ചെയ്തു കൂട്ടിയ പാതകങ്ങളിൽ ഒന്ന് മദ്യം കുത്തിയൊഴുക്കുന്നതിനു സ്വീകരിച്ച നടപടികളായിരുന്നു.
ഉന്നതവിദ്യാഭ്യാസരംഗത്തെ പൊളിച്ചടുക്കുന്ന
ഏപ്രിൽ ഒന്നിന്റെ ഉത്തരവ്
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ അസാധാരണമായ പ്രതിസന്ധിയിലേക്ക് എടുത്തെറിഞ്ഞ സർക്കാർ ഉത്തരവ് ഇറങ്ങിയത് കോവിഡ് വിജയ ഗാഥയുടെ ബഹളത്തിന്നിടയിൽ ഏപ്രിൽ ഒന്നിനാണ്. സ്ഥിരാധ്യാപക തസ്തികകൾ പരിമിതപ്പെടുത്തുകയും കരാർ അധ്യാപനത്തെ ശക്തമായി ഉറപ്പിക്കുകയുമാണ് ഈ ഉത്തരവിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സ്ഥിരാധ്യാപക നിയമനത്തിന്റെ മാനദണ്ഡമായിരുന്നത് ആഴ്ചയിൽ 16 മണിക്കൂർ അധ്യാപനമെന്നതായിരുന്നു. നിലനിന്നിരുന്ന സമ്പ്രദായപ്രകാരം, അധികമായി വരുന്ന ഒൻപത് മണിക്കൂർ അധ്യാപനത്തിനു മറ്റൊരു നിയമനവും നടത്താൻ കഴിയുമായിരുന്നു. ഏപ്രിൽ ഒന്നിന്റെ ഉത്തരവിൽ ഈ മാനദണ്ഡം മാറ്റി മറ്റൊരു 16 മണിക്കൂറിന്റെ അധ്യാപനം ഉണ്ടെങ്കിൽ മാത്രമേ രണ്ടാമത്തെ നിയമനം നടത്താനാവൂ എന്ന രീതി ആവിഷ്കരിച്ചു. ഇതിനും പുറമെ വന്നിട്ടുള്ള കൂടുതൽ അപകടകരമായ മറ്റൊരു മാറ്റം പോസ്റ്റ് ഗ്രാജുവേഷൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യുമ്പോൾ ലഭിച്ചിരുന്ന വെയ്റ്റേജ് പിൻവലിച്ചു എന്നതാണ്. 10 മണിക്കൂർ പി.ജി.വിദ്യാർത്ഥികളെ പഠിപ്പിച്ചാൽ അതു 15 മണിക്കൂർ അധ്യാപനമായി പരിഗണിക്കുന്നതായിരുന്നു നിലവിലുള്ള രീതി. പി.ജി. വിദ്യാർത്ഥികൾക്ക് ഗവേഷണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നതിനും ഗഹനമായ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനും കൂടുതൽ അധ്വാനം ആവശ്യമായിരുന്നതിനാലാണ് ഈ വെയ്റ്റേജ് നൽകിയിരുന്നത്. ഏപ്രിൽ ഒന്നിന്റെ ഉത്തരവ് പ്രകാരം പി.ജി. വെയ്റ്റേജ് സമ്പ്രദായം എടുത്തുകളഞ്ഞതോടെ യു.ജി-പി.ജി വ്യത്യാസമില്ലാതെ 16 മണിക്കൂർ അധ്യാപനം നടത്തിയാൽ മാത്രമേ ഒരു തസ്തിക സൃഷ്ടിക്കപ്പെടുകയുള്ളൂ. ചുരുക്കത്തിൽ ഈ ഉത്തരവ് പ്രയോഗത്തിൽ വരുന്നതോടെ ഉന്നതവിദ്യാഭ്യാസരംഗത്തു ഏതാണ്ട് പത്തു വർഷത്തേക്ക് നിയമന നിരോധനം നടപ്പാകും. അധ്യാപനരംഗത്തേക്കുള്ള ആയിരക്കണക്കിനു ഉദ്യോഗാർത്ഥികളുടെ ഭാവി ഇതോടെ ഇരുൾ നിറയുകയാണ്. ദേശീയ വിദ്യാഭ്യാസനയവും യുജിസി നിർദ്ദേശങ്ങളും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശകളും എല്ലാം ലക്ഷ്യമിടുന്നത് അടിമുടിയുള്ള കരാർ നിയമനമാണ്. സ്ഥിരാദ്ധ്യാപകർ ഇല്ലാതാവുന്നതോടെ ഗവേഷണ രംഗത്ത് ഗൈഡുകൾ ഇല്ലാതാവുകയും ഫലത്തിൽ ഗവേഷണ പ്രവർത്തനങ്ങൾ അസ്തമിക്കുകയും ചെയ്യും. പഠനത്തോടൊപ്പം ജോലിയും എന്ന പദ്ധതി വലിയ ഒരു ചതിയായി മാറുകയാണ്. കോർപ്പറേറ്റുകൾക്കു കുറഞ്ഞ കൂലിക്ക് മനുഷ്യാധ്വാനം ഉറപ്പാക്കുന്നതോടൊപ്പം മനുഷ്യനെ വാർത്തെടുക്കുക എന്ന വിദ്യാഭ്യാസത്തിന്റെ ഉന്നതമായ ലക്ഷ്യം, തൊഴിൽ നൈപുണിയുള്ള മനുഷ്യവിഭവത്തെ സൃഷ്ടിക്കുക എന്നതിലേക്കും മാറുകയും ചെയ്യും. വൈജ്ഞാനിക-സാമൂഹ്യ രംഗങ്ങളിൽ ഇതു ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കും.
കോവിഡ് മഹാമാരിയുടെ മറവിൽ കോളജുകളിൽ ഏകപക്ഷീയവും ചട്ടവിരുദ്ധവുമായി സമയമാറ്റവും കൊണ്ടുവന്നിരിക്കുന്നു. രാവിലെ 8.30 മുതൽ 1.30വരെയാണ് പുതിയ സമയക്രമം. കോളജുകളുടെയും സർവകലാശാലകളുടെയും വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ഉച്ചയ്ക്കുശേഷം കച്ചവടകോഴ്സുകൾക്കായി തുറന്നുകൊടുക്കാമെന്നതാണ് ഒരു താൽപര്യം.
പഠനത്തോടൊപ്പം ശമ്പളമെന്ന മോഹനവാഗ്ദാനം പ്രചരിപ്പിച്ചുകൊണ്ട് തുച്ഛമായ ശമ്പളത്തിൽ തൊഴിലവകാശങ്ങളൊന്നുമില്ലാത്ത ഒരു വലിയ തൊഴിൽശക്തിയായി വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്താൻ സാധിക്കും. സ്ഥിരം തൊഴിലെന്ന സങ്കൽപംതന്നെയില്ലാതെയാക്കുവാനും വിദ്യാർത്ഥികൾക്കുനൽകേണ്ട സ്കോളർഷിപ്പും സ്റ്റൈപ്പന്റും ഫെലോഷിപ്പുമൊക്കെ ക്രമേണ എടുത്തുകളയാനുമുള്ള സാഹചര്യവും ഇത് സൃഷ്ടിക്കും.
ഔപചാരിക വിദ്യാഭ്യാസത്തിനു ബദലായി
ഓൺലൈൻ വിദ്യാഭ്യാസത്തെ സ്ഥാപിക്കാനുള്ള
നീക്കങ്ങൾ
സ്കൂൾതലം മുതൽ ഉന്നതതലംവരെ നിലവിലുള്ള ഔപചാരിക വിദ്യാഭ്യാസത്തെ ഓൺലൈൻ വിദ്യാഭ്യാസംകൊണ്ട് മാറ്റി പ്രതിഷ്ഠിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്. ജൂൺ ഒന്നിന് ആരംഭിച്ച ഓൺലൈൻ ക്ലാസ്സിനെ സ്കുളുകളിൽ നടക്കേണ്ടിയിരുന്ന യഥാർത്ഥ അധ്യാപനത്തിനു പകരമാണെന്ന വമ്പിച്ച പ്രചാരണം നൽകാൻ സർക്കാർ മുതിർന്നത് കോവിഡാനന്തരം ഓൺലൈൻ വിദ്യാഭ്യാസത്തെ ബദലാക്കി മാറ്റാനുള്ള ലക്ഷ്യം വച്ചുകൊണ്ടാണ്. ദേവിക എന്ന വിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചത് സർക്കാരിന്റെ ഈ പ്രചാരണമാണ്.
ഓൺലൈൻ വിദ്യാഭ്യാസമെന്ന സങ്കൽപം കോവിഡ് കാലത്ത് രംഗപ്രവേശം ചെയ്ത ഒന്നല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ സമ്പൂർണമായ കച്ചവടവത്ക്കരണം ലക്ഷ്യംവച്ചുകൊണ്ട് നടപ്പിലാക്കിയ ലോകബാങ്കിന്റെ റൂസ പദ്ധതി ഓൺലൈൻ വിദ്യാഭ്യാസക്രമത്തിന്റെ വമ്പിച്ച വിപണി സാധ്യതകൾകൂടെ ഉൾക്കൊള്ളുന്ന ഒന്നായിരുന്നു. MOOC (massive open online courses) വർച്വൽ യൂണിവേഴ്സിറ്റി, സ്വയം എന്നീ സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി നിലവിൽവന്നിരുന്നു. കുറഞ്ഞ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് കൃത്യമായ മോനിറ്ററിംഗ് ഉള്ള വിപുലമായ വിദ്യാഭ്യാസവ്യാപാരമാണ് ഓൺലൈൻ വിദ്യാഭ്യാസക്രമം. കോവിഡ് സാഹചര്യം ഈ സംവിധാനത്തിന് വേഗത്തിൽ വേരുറപ്പിക്കാനുള്ള അവസരമായി എന്നുമാത്രം. കോവിഡ് അനന്തര വിദ്യാഭ്യാസത്തെ വിഭാവനം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ രേഖയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് മൂന്നിലൊന്ന് അധ്യാപകതസ്തികകൾ ഒഴിവാക്കാം എന്ന് പറയുന്നുണ്ട്. യുജിസി ആകട്ടെ ഇരുപത്തിയഞ്ചുശതമാനം ക്ലാസ്സുകൾ ഓൺലൈൻ ആക്കണം എന്ന നിർദ്ദേശവും രാജ്യത്തെ സർവ്വകലാശാലകൾക്ക് നൽകി. അതായത് ജനാധിപത്യ വിദ്യാഭ്യാസത്തെ തകർത്തുകൊണ്ട് പൂർണമായ വാണിജ്യ വിദ്യാഭ്യാസക്രമത്തിലേയ്ക്കുള്ള ചുവടുമാറ്റമാണ് ഓൺലൈൻ വിദ്യാഭ്യാസം വ്യവസ്ഥാപിതമാകുന്നതിലൂടെ സംഭവിക്കുന്നത്. സ്കൂൾതലത്തിലെ ഓൺലൈൻ ക്ലാസ്സുകൾക്ക് നൽകുന്ന വമ്പിച്ച പ്രചാരണങ്ങളുടെ മറവിൽ ഉന്നതവിദ്യാഭ്യാസമേഖലയിലെ ഈ മാറ്റങ്ങൾ ചർച്ചയാകാതെ പോകുന്നു. മനുഷ്യനെ വാർത്തെടുക്കുന്ന പ്രക്രിയയുടെ എല്ലാ ഘടകങ്ങളോടെയും വികസിച്ചുവന്ന, കാലം തെളിയിച്ച ആധുനിക വിദ്യാഭ്യാസത്തിനു വേണ്ടി നിലകൊള്ളാൻ ഇടതുശക്തികൾ തയ്യാറാകണം.
ഇടതു -ജനാധിപത്യ
ശക്തികൾ അടിയന്തരമായി ഒരുമിക്കുക
രാഷ്ട്രീയ നയവും നിലപാടും ഗൗരവതരമായ വിഷയങ്ങളായിവന്ന എല്ലാ കാര്യത്തിലും കേരളത്തിലെ പിണറായി വിജയൻ സർക്കാർ കൈക്കൊണ്ടത് ഇടതുരാഷ്ട്രീയത്തിന് കടകവിരുദ്ധമായ സമീപനങ്ങളായിരുന്നുവെന്ന് പറയാതിരിക്കാനാവില്ല. പകർച്ചവ്യാധിയുടെ പ്രതിരോധ പ്രവർത്തനത്തിനുവേണ്ടുന്ന ഭരണനടപടികൾ സ്വീകരിക്കുന്നത് ഒരു മന്ത്രവിദ്യയോ അത്ഭുതമോ അല്ല. പ്രത്യേകിച്ചും സർവ്വസജ്ജമായ ഒരു സംവിധാനം നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത്. എന്നാൽ ഒരു ഇടതുപക്ഷ സർക്കാർ ഈ ഭരണനടപടികളും ഏകോപനവും ഫലപ്രദമായി ചെയ്യുന്നതിനോടൊപ്പം നിർവ്വഹിക്കേണ്ടുന്ന ഗൗരവതരമായ രാഷ്ട്രീയ ദൗത്യങ്ങൾ ഉണ്ട്. അത് ഇടതുസർക്കാരിനു മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. അവ നിറവേറ്റുന്നതിൽ കേരളത്തിലെ എൽ.ഡി.എഫ് ഭരണവും അതിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വവും പരാജയപ്പെട്ടത് എവിടെയെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.
കോവിഡിന്റെ മറയിൽ ദേശീയ തലത്തിൽ ജനങ്ങൾക്കെതിരെ വന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ എല്ലാ സീമകളും ലംഘിക്കുകയാണ്. ഈ പ്രതിസന്ധിയിൽ ഏറ്റവും വില നൽകേണ്ടി വന്നവർ തൊഴിലാളികളും സാധാരണക്കാരുമാണ്. കേന്ദ്രസർക്കാരിന്റെ ആക്രമണങ്ങൾ ഒന്നാകെ ഇതേ തൊഴിലാളികൾക്കും പട്ടിണിപ്പാവങ്ങൾക്കുമെതിരെയാണ്; പൗരാവകാശപ്രവർത്തകർക്കു നേരെയാണ്. ജനാധിപത്യഘടനയ്ക്കു നേരെയാണ്.
ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ നിലനിർത്താൻ മനുഷ്യോചിതമായ ജീവിതാവകാശങ്ങൾ സംരക്ഷിക്കാൻ ഇടതു-ജനാധിപത്യ ശക്തികൾ അടിയന്തരമായി ഒരുമിച്ചേ പറ്റൂ. കോവിഡ് മഹാവ്യാധി നൽകുന്ന പരമപ്രധാനമായ രാഷ്ട്രീയ പാഠം ഇതാണ്. യോജിപ്പിക്കാവുന്ന മുഴുവൻ ശക്തികളെയും അണിനിരത്തിക്കൊണ്ടുള്ള രാജ്യവ്യാപകമായ ജനാധിപത്യ പ്രക്ഷോഭം ഒരു നിമിഷനേരത്തേക്കുപോലും വൈകാനാവില്ല. എന്നാൽ ഈ പ്രക്ഷോഭം ജനങ്ങളുടെ വലിയ പിന്തുണനേടി മുന്നോട്ടുപോകണമെങ്കിൽ അതിന്റെ രാഷ്ട്രീയ ധാർമ്മികതയും സത്യസന്ധതയും ജനങ്ങൾക്ക് ബോധ്യപ്പെടണം. പുറമേയ്ക്കു ഉയർത്തപ്പെടുന്ന മുദ്രാവാക്യങ്ങളോട് പ്രയോഗത്തിൽ നീതിപുലർത്തുന്ന സമീപനമാണ് ഈ രാഷ്ട്രീയ ധാർമ്മികത. പ്രത്യേകിച്ചും ഇടതുപ്രസ്ഥാനങ്ങൾ അധികാരത്തിൽ വരുന്ന സന്ദർഭങ്ങളിൽ ഭരണനയങ്ങൾ അതിനിണങ്ങുന്നതാകണം.ഈ പ്രക്ഷോഭത്തിന്റെ അകക്കാമ്പായി വരേണ്ടുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. എന്നാൽ മുഖ്യധാരാ ഇടതു പ്രസ്ഥാനങ്ങൾക്ക്, ഇന്ന് ഈ രാഷ്ട്രീയ സത്യസന്ധതയും ധാർമ്മികതയും വൻതോതിൽ ചോർന്നുപോയിരിക്കുന്നു. അതു വീണ്ടെടുത്തുകൊണ്ടു മാത്രമേ മുന്നോട്ടു പോകാനാവൂ. കോവിഡ് കാലത്തും ഈ പ്രസ്ഥാനങ്ങൾ അനുവർത്തിച്ച ഇടതു രാഷ്ട്രീയത്തിനു വിരുദ്ധമായ നിലപാടുകൾ തിരുത്തേണ്ടത് അടിയന്തര ആവശ്യകതയാണ്. രാജ്യം ഒരു ദശാസന്ധിയെ നേരിടുകയാണ്. മാനവരാശി ഒരു വെല്ലുവിളിയെയും. ഈ കടമകൾ ഏറ്റെടുക്കാൻ ഇടതു-ജനാധിപത്യശക്തികളോട് ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.