അമേരിക്കയുടെ വീഥികളിൽ പ്രതിഷേധാഗ്നി ആളിക്കത്തുന്നു

us-potest.jpg
Share

അമേരിക്കയുടെ വീഥികൾ തിളച്ചുമറിയുകയാണ്. രാജ്യമാസകലം പ്രതിഷേധാഗ്നി ആളിക്കത്തുന്നു. പോയ നൂറ്റാണ്ടിൽ അറുപതുകൾക്കിപ്പുറം ഇവ്വിധമൊന്ന് അമേരിക്കയിൽ സംഭവിച്ചിട്ടില്ല. അറുപതുകളിൽ അമേരിക്കയിൽ പൗരാവകാശ പ്രക്ഷോഭണങ്ങൾ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. അതേസമയംതന്നെയാണ് വിയറ്റ്‌നാമിൽ അമേരിക്ക നടത്തിക്കൊണ്ടിരുന്ന യുദ്ധത്തിനെതിരെയുള്ള പ്രക്ഷോഭണവും പൊട്ടിപ്പുറപ്പെട്ടത്. 2011ൽ നടന്ന ‘വാൾ സ്ട്രീറ്റ് പിടിച്ചെടുക്കൽ’ പ്രക്ഷോഭം, റോഡ്‌നി കിംഗ് എന്ന ആഫ്രോ അമേരിക്കൻ വംശജനെ ക്രൂരമായി മർദ്ദിച്ച വെള്ളക്കാരായ നാലുപോലീസുകാരെ വെറുതെവിട്ടതിനെത്തുടർന്നുണ്ടായ പ്രതിഷേധവുമെല്ലാം ഇക്കാലയളവിനിടയിൽ നടന്നതും ശ്രദ്ധേയവുമായ ചില പ്രക്ഷോഭങ്ങളാണ്. റോഡ്‌നി കിംഗ് സംഭവത്തെത്തുടർന്നുണ്ടായ പ്രക്ഷോഭം ഏതാനും ദിവസങ്ങൾകൊണ്ട് കെട്ടടങ്ങി. വാൾ സ്ട്രീറ്റ് പ്രക്ഷോഭമാകട്ടെ ചുരുക്കംചില പ്രധാനനഗരങ്ങളെ കേന്ദ്രീകരിച്ച് മാത്രമാണ് നടന്നത്.

ഡോ.എം.സുബ്രമണി
റിട്ട.പ്രൊഫസർ, വൻഡർബിൽട് യൂണിവേഴ്‌സിറ്റി, യുഎസ്എ, മുൻ തിരുവനന്തപുരം ജില്ലാസെക്രട്ടറി, എസ്‌യുസിഐ(സി)


ജോർജ്ജ് ഫ്‌ളോയ്ഡ് എന്ന നാൽപ്പത്തിയാറുവയസ്സുകാരനായ ഒരു ആഫ്രോ-അമേരിക്കൻ വംശജനെ, വെള്ളക്കാരായ മൂന്ന് പോലീസുകാരും ഹമംഗ് വംശജനായ മറ്റൊരു പോലീസുകാരനും ചേർന്ന് മെയ് 25ന് പൈശാചികമായി കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്നാണ് ഇന്ന് കാണുംവിധമുള്ള ഒരു പ്രതിഷേധം അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ടത്. മിനസോട്ട സംസ്ഥാനത്തിൽ മിനിയപോളീസ് എന്ന സ്ഥലത്ത്, കടയിൽനിന്ന് സാധനംവാങ്ങി കള്ളനോട്ട് നൽകാൻ ശ്രമിച്ചു എന്നതാണ് ജോർജ്ജ് ഫ്‌ളോയ്ഡിനുനേരെ ആരോപിക്കപ്പെട്ട കുറ്റം. സംഭവത്തെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങളിൽ, തറയിൽ കമിഴ്ന്നു കിടക്കുന്ന ജോർജ്ജ് ഫ്‌ളോയ്ഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തിനിൽക്കുന്ന പോലീസുദ്യോഗസ്ഥനെയും സമീപത്ത് മറ്റ് രണ്ടുപോലീസ് ഉദ്യോഗസ്ഥരെയും കാവൽനിൽക്കുന്ന നാലാമനെയും വ്യക്തമായി കാണാം. ഏതാണ്ട് പത്തുമിനിട്ടോളം ഈ ക്രൂരകൃത്യം തുടരുന്നു എന്നതും വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ‘എനിക്കു ശ്വാസം മുട്ടുന്നു’, ‘നിങ്ങൾ എന്നെ കൊല്ലാൻ പോകുകയാണ്’, ‘അമ്മേ, അമ്മേ’ എന്നിങ്ങനെ ജോർജ്ജ് ഫ്‌ളോയ്ഡ് നിലവിളിക്കുന്നതും ക്രമേണ നിശബ്ദനും നിശ്ചലനുമാകുന്നതും വീഡിയോ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഫ്‌ളോയ്ഡിന് പൾസ് നിലച്ചുപോയിരിക്കുന്നു എന്ന് ഒരു മെഡിക്കൽ ടെക്‌നീഷ്യൻ അഭിപ്രായപ്പെടുന്നതും പോലീസ് ഉദ്യോഗസ്ഥർ ആ അഭിപ്രായം തള്ളിക്കളയുന്നതും വീഡിയോയിൽ കാണാം. പൈശാചികവും കഠോരവുമായ ഈ കൃത്യത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനെത്തുടർന്ന് മിനിയപോളീസിലും സെന്റ് പോളിലും ജനങ്ങൾ തെരുവിലേയ്ക്ക് ഒഴുകിയെത്തി. ഒട്ടുംവൈകിയില്ല അമേരിക്കയിലെ നൂറുകണക്കിന് നഗരങ്ങളിൽ ജോർജ്ജ് ഫ്‌ളോയ്ഡിന് നീതി ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ ആയിരങ്ങളായി തെരുവിലിറങ്ങി.
ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവർ സ്ത്രീപുരുഷ ഭേദമെന്യേ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരിൽ കറുത്ത വർഗ്ഗക്കാരും വെള്ളക്കാരും ഏഷ്യൻ, സ്പാനിഷ് വംശജരും ഉണ്ടായിരുന്നു. ആയിരങ്ങളായി, പതിനായിരങ്ങളായി അവർ ഒത്തുചേർന്നു. അവർ, കുപിതരും വികാരവിക്ഷുബ്ധരുമായിരുന്നു. വെള്ളക്കാരായ പോലീസുകാരിൽനിന്ന് ജോർജ്ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവർഗ്ഗക്കാരനായ ചെറുപ്പക്കാരന് നേരിടേണ്ടിവന്ന അനീതിക്കെതിരായ പ്രതിഷേധമാണ് അവരെ ഒരുമിപ്പിച്ച ഘടകം. ജനകീയ പ്രതിഷേധത്തിനുമുന്നിൽ വീര്യം നഷ്ടപ്പെട്ട ഭരണകൂടത്തിന് വാഷിംഗ്ടൺ ഡിസിയിലടക്കം ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളിലും നാഷണൽ ഗാർഡിന്റെ സഹായം തേടേണ്ടിവന്നു.
സമാധാനപരമായി നടന്ന പ്രതിഷേധങ്ങളെ റബ്ബർ ബുള്ളറ്റും ടിയർ ഗ്യാസും കൂട്ട അറസ്റ്റുംകൊണ്ടാണ് അധികാരികൾ നേരിട്ടത്. നഗരങ്ങളിൽ വൻതോതിൽ പോലീസും നാഷണൽ ഗാർഡും വിന്യസിക്കപ്പെട്ടു. പലവൻനഗരങ്ങളിലും രാത്രികാലകർഫ്യൂ ഏർപ്പെടുത്തി. പ്രതിഷേധം ഇത്രമേൽ ശക്തമായിരുന്നിട്ടും നാലുദിവസങ്ങൾക്കുശേഷമാണ് കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും. ബാക്കിയുള്ള മൂന്നുപേർക്കെതിരെ കേസെടുത്തതാകട്ടെ സംഭവം നടന്ന് ഒമ്പതുദിവസങ്ങൾക്കുശേഷവും.
പ്രകടനങ്ങൾ, ധർണകൾ, യോഗങ്ങൾ, കർഫ്യൂലംഘനങ്ങൾ, അറസ്റ്റുവരിക്കൽ അങ്ങനെയുള്ള സമാധാനപരമായ പ്രതിഷേധ പരിപാടികൾക്കൊപ്പം അക്രമവും വിധ്വംസകപ്രവർത്തനങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. മിനിയപോളീസ് സിറ്റി പോലീസ് സ്റ്റേഷനു പ്രക്ഷോഭകാരികൾ തീവച്ചു. കടകൾ കൊള്ളയടിച്ച സംഭവങ്ങളും ന്യൂയോർക്ക്, ചിക്കാഗോ, ലോസ് ഏഞ്ചലസ് തുടങ്ങിയ നഗരങ്ങളിലും മറ്റ് പല നഗരങ്ങളിലും ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

നഗരങ്ങളെ വംശീയ വേർതിരിവിൽനിന്ന് മോചിപ്പിക്കാൻ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു അറുപതുകളിലെ പൗരാവകാശ പ്രക്ഷോഭമെങ്കിലും വർദ്ധിച്ചുകൊണ്ടേയിരിക്കുന്ന സാമ്പത്തിക അസമത്വം ജനങ്ങൾക്കിടയിലെ വിടവ് രൂക്ഷമാക്കുകയാണ് ഉണ്ടായത്. അവഗണനയും തന്മൂലമുണ്ടാകുന്ന മുരടിപ്പും തുടങ്ങി എല്ലാത്തരം ജീർണ്ണതകളും നഗരങ്ങളിൽ പലയിടങ്ങളിലും വ്യാപകമാകുമ്പോഴും അതേ നഗരങ്ങളിൽത്തന്നെ ആഡംബര ഹോട്ടലുകളും റെസ്റ്റോറന്റുകളും വൻകിടഷോപ്പിംഗ് കോംപ്‌ളക്‌സുകളും ഉണ്ട്. അസമത്വം ഏറ്റവും പ്രകടമായ ഒരു സമൂഹമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ കാണാനാകുക.
ലോകമൊന്നാകെ കൊറോണ വൈറസിന്റെയും കോവിഡ്-19ന്റെയും പിടിയിലമർന്നിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയിൽ ഈ പ്രക്ഷോഭം പടർന്നു പിടിച്ചിരിക്കുന്നത്. ഇതിനകം ലോകത്താകെ എഴുപതു ലക്ഷം ആളുകൾ അസുഖബാധിതരായിരിക്കുന്നു. 4ലക്ഷത്തിലേറെയാളുകൾ മരണപ്പെടുകയുംചെയ്തിരിക്കുന്നു. ഒരുലക്ഷത്തി പതിനായിരത്തിലേറെ മരണവും 20ലക്ഷം രോഗബാധിതരുമായി അമേരിക്കതന്നെയാണ് മുന്നിൽ. രോഗവ്യാപനത്തെ പ്രതിരോധിക്കുവാൻ ശാരീരിക അകലംപാലിക്കുവാനുള്ള നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോഴും, പല സംസ്ഥാനങ്ങളും മാർച്ച,് ഏപ്രിൽ മാസങ്ങളിലായി തുടർന്നുവരുന്ന നിയന്ത്രണങ്ങൾ ക്രമേണ ഇളവുചെയ്തുകൊണ്ടുവരികയാണ്. നിയന്ത്രണങ്ങളെത്തുടർന്ന് വ്യവസായ ശാലകൾ അടച്ചിടപ്പെട്ടതുമൂലം 4 കോടയിലേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു. തൊഴിലില്ലായ്മ 3.5 ശതമാനത്തിൽനിന്നും 15 ശതമാനത്തിലേയ്ക്ക് ഉയർന്നു.


അടിമത്തവും നിരോധനവും


1776ലാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് രൂപംകൊള്ളുന്നത്. അതിനുമുമ്പ് 1600കൾമുതൽതന്നെ വടക്കേ അമേരിക്കയിലേയ്ക്ക് ആഫ്രിക്കയിൽനിന്നും കറുത്തവർഗ്ഗക്കാരായ അടിമകളെയുംകൊണ്ട് കപ്പലുകൾ വന്നിരുന്നു. 1610ലാണ് ആദ്യകപ്പൽ ‘ഹാഫ് മൂൺ’ ബ്രിട്ടീഷ് കോളനിയുടെ തീരത്ത് അടുക്കുന്നത്, രണ്ടാമത്തേത് 1619ലും. ഡച്ചുകാരാണ് വടക്കേ അമേരിക്കയിലെ അടിമക്കച്ചവടത്തിന് ആരംഭം കുറിച്ചതെങ്കിലും പിന്നീട് 1700കളിൽ ബ്രിട്ടൺ കച്ചവടം ത്വരിതപ്പെടുത്തി. സ്ത്രീകളും പുരുഷൻമാരും കുട്ടികളും ഇപ്രകാരം കച്ചവടം ചെയ്യപ്പെട്ടിരുന്നു. അടിമകൾക്കു പിറക്കുന്ന കുട്ടികൾ സ്വാഭാവികമായും അടിമകളായി ഗണിപ്പെട്ടുപോന്നു. അതിന് ഉപോത്ബലകമായ കോടതിവിധി 1600കളിൽത്തന്നെയുണ്ടായിരുന്നു.
അമേരിക്ക സ്വതന്ത്രമാകുന്നതിന് ഒരു വർഷംമുമ്പ് 1775ലാണ് ആദ്യമായി അടിമത്തവിരുദ്ധ സൊസൈറ്റി രൂപംകൊള്ളുന്നത്. ‘പെൻസിൽവാനിയ സൊസൈറ്റി ഫോർ പ്രോമോട്ടിംഗ് ദി അബോളിഷൻ ഓഫ് സ്ലേവറി'(പിഎഎസ്) എന്നായിരുന്നു സംഘടനയുടെ പേര്. 1700കളുടെ പകുതിയോടെ ചില വടക്കൻ സംസ്ഥാനങ്ങൾ അടിമത്തം നിരോധിക്കുകയും അടിമകളെ സ്വതന്ത്രരാക്കുകയും ചെയ്തു. സെന്റ് ഡോമിങ് ദ്വീപിൽ ഉണ്ടായ അടിമകലാപം ഫ്രഞ്ചുകാരുടെ പരാജയത്തിനും ഹയ്തി എന്ന സ്വതന്ത്രരാജ്യത്തിന്റെ ഉദയത്തിനും ഇടയാക്കി. 1804ൽ ഹയ്തി കറുത്തവർഗ്ഗക്കാരുടെ സ്വതന്ത്രരാജ്യം എന്ന നിലയിൽ ഉദയംകൊണ്ടു. ഇത് അമേരിക്കയിലെ കറുത്തവർഗ്ഗക്കാർക്ക് പ്രചോദനമായി. ഹയ്തിയുടെ സ്വാതന്ത്ര്യം അമേരിക്കയിലെ സ്വതന്ത്രരായ കറുത്ത വംശജർ ആഘോഷമാക്കി. സ്വതന്ത്രരായ കറുത്തവർഗ്ഗക്കാർ അമേരിക്കയിൽനിന്ന് ആഫ്രിക്കയിലേയ്ക്ക് മടങ്ങിപ്പോകുവാൻ തുടങ്ങി. 1824ൽ അമേരിക്കയിൽനിന്ന് സ്വതന്ത്രരായി ആഫ്രിക്കയിലേയ്ക്ക് മടങ്ങിയ കറുത്ത വംശജർ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് ലൈബീരിയ എന്ന സ്വതന്ത്രരാജ്യം സ്ഥാപിച്ചു.
1860ൽ എബ്രഹാം ലിങ്കൺ അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തെക്കൻ സംസ്ഥാനങ്ങൾ അമേരിക്കൻ കോൺഫെഡെറേറ്റ് സ്റ്റേറ്റ്‌സ് രൂപീകരിക്കുന്നതിൽനിന്നും വിട്ടുനിന്നു. അടിമത്തം നിരോധിക്കപ്പെട്ട വടക്കൻ സംസ്ഥാനങ്ങളും അടിമത്തം നിലനിൽക്കുന്ന തെക്കൻ സംസ്ഥാനങ്ങളും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിന് ഇത് ഇടയൊരുക്കി.

1863ൽ ഏബ്രഹാം ലിങ്കൺ കോൺഫെഡറേറ്റ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിൽ അടിമത്തം നിരോധിച്ചതായി വിളംബരം പുറപ്പെടുവിച്ചു. ആഭ്യന്തരയുദ്ധം അതിന്റെ യുക്തിപരമായ പരിസമാപ്തിയിലെത്തി. വടക്കൻ സംസ്ഥാനങ്ങൾക്ക് 1865ൽ സൈനികവിജയവും നേടാനായി. യുഎസ് ഭരണഘടനയിലെ പതിമൂന്നാമത്തെ ഭേദഗതി, അടിമത്തം നിരോധിച്ചുകൊണ്ടുള്ള ഭേദഗതിയും ആ വർഷംതന്നെ പാസ്സായി. 1867ൽ വാഷിംഗ്ടൺ ഡിസിയിൽ കറുത്ത വർഗ്ഗക്കാർക്ക് വോട്ടവകാശവും അനുവദിക്കപ്പെട്ടു. തുടർന്ന് 1868ൽ രാജ്യംമുഴുവൻ കറുത്തവംശജർക്ക് പൗരത്വം അനുവദിക്കപ്പെടുകയും 1870 ആയപ്പോഴേയ്ക്കും എല്ലാവർക്കും വോട്ടവകാശം ലഭ്യമാകുകയും ചെയ്തു.

പൗരാവകാശങ്ങൾക്കുവേണ്ടിയുള്ള പ്രക്ഷോഭണം.


1875ൽ യുഎസ് കോൺഗ്രസ്, ‘സിവിൽ റൈറ്റ്‌സ് ആക്ട്’ പാസ്സാക്കി. ഇതിൻപ്രകാരം എല്ലാ അമേരിക്കക്കാർക്കും വംശ-വർണ ഭേദമെന്യേ, റെസ്റ്റോറന്റുകൾ, തീയേറ്ററുകൾ, ട്രയിൻ, ബസ്, ജുഡീഷ്യറിയിൽ പ്രവർത്തിക്കാനുള്ള അവകാശം തുടങ്ങിയവ അനുവദിക്കപ്പെട്ടു. ദൗർഭാഗ്യവശാൽ ഇത് നടപ്പിലാക്കപ്പെട്ടില്ല. 1883ൽ സുപ്രീംകോടതി ഈ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന് പ്രഖ്യാപിച്ചു. ഇതേ കോടതി തന്നെ പ്രഖ്യാപിച്ച ‘സെപറേറ്റ് ബട്ട് ഈക്വൽ’ തത്വം തുടർന്ന് അമേരിക്കയിലുനീളം വൻതോതിലുള്ള വംശീയ വേർതിരിവിന് (ജിം ക്രോ പ്രാക്ടീസസ്)ഇടയൊരുക്കി. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തോടുകൂടി ഏതാണ്ട് എല്ലാസംസ്ഥാനങ്ങളും ജിം ക്രോ പ്രാക്ടീസസ് സംസ്ഥാന നിയമനിർമ്മാണ സഭകളിലൂടെ നിയമമാക്കിയെടുത്തു. തെക്കൻ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിലും കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും എന്തിന് പൊതുഗതാഗത സംവിധാനങ്ങളിൽവരെ ഈ ചേരിതിരിവ് പ്രകടമായി.
പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമുടനീളം വെള്ളക്കാർ സംഘമായിചേർന്ന് നിരവധി നഗരങ്ങളിൽ ആയിരക്കണക്കിന് കറുത്ത വംശജരെ കൊലചെയ്യുകയും അവരുടെ വീടുകൾ നശിപ്പിക്കുകയും വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്തു. കറുത്ത വർഗ്ഗക്കാരെ ഭയപ്പെടുത്തി വരുതിക്ക് കൊണ്ടുവരുവാനും തങ്ങളുടെ മേധാവിത്വം അംഗീകരിപ്പിച്ചെടുക്കാനും വെള്ളക്കാർ ആസൂത്രിതമായി നടത്തിയ കലാപങ്ങളായിരുന്നു അവ. ഏതാണ്ട് 5000ത്തോളം കറുത്തവംശജരാണ് ഇപ്രകാരം കൊലചെയ്യപ്പെട്ടത്. 1880കളിലും 1960കളിലുമൊക്കെ അരങ്ങേറിയ ഈ കലാപങ്ങൾക്കും കൂട്ടക്കൊലകൾക്കും ഒളിഞ്ഞും തെളിഞ്ഞും നിയമത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. ഈ കൂട്ടക്കൊലകൾപലതും സമയവും സ്ഥലവും പത്രങ്ങളിലൂടെയോ നോട്ടീസുകളിലൂടെയോ മുൻകൂട്ടി പരസ്യപ്പെടുത്തി പ്രദർശനങ്ങളായിത്തന്നെ നടത്തുന്നവയായിരുന്നു. ഈ കൂട്ടക്കൊലകൾ അരങ്ങേറുന്ന പൊതുസ്ഥലങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കാഴ്ചക്കാരുടെ സംഘം ഹൃദ്യമായതെന്തോ കാണുന്ന ഭാവത്തിൽ കൂട്ടമായി എത്തിയിരുന്നു.
ആതിഷ് തസീർ എന്ന പത്രപ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നതുപോലെ ആൾക്കൂട്ടക്കൊലയ്ക്ക് കാഴ്ചക്കാരുടെ സദസ്സ് നിർബന്ധമാണ്. ഇതിലൂടെ നിലവിലുള്ള നിയമങ്ങൾക്ക് സ്വന്തം പൗരന്മാരെ സംരക്ഷിക്കാനാകില്ല എന്നത് ഭൂരിപക്ഷം അഥവാ വെളുത്തവർഗ്ഗക്കാർ, അപമാനിതരും വ്രണിതഹൃദയരുമായ ന്യൂനപക്ഷക്കാരെ ഓർമ്മപ്പെടുത്തുന്നു. ഈ കൂട്ടക്കശാപ്പുകളിലൂടെ ന്യൂനപക്ഷത്തെ വരച്ചവരയിൽ നിർത്താനും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനും ഭൂരിപക്ഷം ശ്രമിക്കുന്നു.

1954ൽ സുപ്രീംകോടതി ‘ബ്രൗൺ വേഴ്‌സസ് ബോർഡ് ഓഫ് എഡ്യൂക്കേഷൻ’ എന്ന കേസിലെ നിർണായകമായ വിധിപ്രസ്താവത്തിലൂടെ പബ്ലിക് സ്‌കൂളുകളിലെ വർണ്ണ വിവേചനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. അമ്പതുകളും അറുപതുകളും കണ്ടത് പൗരവാകാശപ്രക്ഷോഭങ്ങളും കറുത്തവർഗ്ഗക്കാരുടെ ഉശിരൻ സമരങ്ങളും ശക്തമായി അലയടിച്ചുയരുന്നതാണ്. മാർട്ടിൻ ലൂഥർകിംഗ് ജൂണിയർ, മാൽകം എക്‌സ് തുടങ്ങിയ നേതാക്കൻമാർ ഈ പ്രക്ഷോഭത്തിലൂടെ ഉയർന്നുവന്നു. ഈ പ്രക്ഷോഭങ്ങളെത്തുടർന്ന് അമേരിക്കൻ കോൺഗ്രസ് കറുത്തവർഗ്ഗക്കാർക്കും വോട്ടവകാശം അനുവദിച്ചുകൊണ്ടും വിദ്യാഭ്യാസരംഗം, പൊതുഗതാഗതം ഉൾപ്പെടെ എല്ലാ പൊതുരംഗങ്ങളിലും വിവേചനം അവസാനിപ്പിച്ചുകൊണ്ടും പൗരാവകാശ നിയമം പാസ്സാക്കി. 1967ൽ സുപ്രീംകോടതി കറുത്തവർഗ്ഗക്കാരും വെളുത്തവർഗ്ഗക്കാരുംതമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിന് അമേരിക്കയിലെ പലസംസ്ഥാനങ്ങളിലുമുണ്ടായിരുന്ന നിരോധനം എടുത്തുകളഞ്ഞു. അമ്പതുകളിലും അറുപതുകളിലുമായി എമ്മെറ്റ് ടിൽ, ജോൺ റീസ്, വയോള ലിയുസോ തുടങ്ങി നിരവധി പൗരാവകാശ പ്രവർത്തകരും മെഡ്ഗാർ ഇവേഴ്‌സ്, വാർലെസ്റ്റ് ജാക്‌സൺ തുടങ്ങിയ നിരവധി നേതാക്കന്മാരും ക്ലൂ, ക്ലസ്, ക്ലാൻ എന്ന വർണവെറിയൻമാരുടെ സംഘടനയാൽ കൊല ചെയ്യപ്പെട്ടു. 1965ൽ ‘നാഷൻ ഓഫ് ഇസ്ലാം’ എന്ന സംഘടനയുടെ മാൽകം എക്‌സിനെ കൊലപ്പെടുത്തി. മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ 1968ൽ ജയിംസ് റേ എന്ന വർണവെറിയനാൽ കൊലചെയ്യപ്പെട്ടു.

വെള്ളക്കാരും കറുത്തവർഗ്ഗക്കാരും തമ്മിലുള്ള അന്തരം

330 മില്യൺ വരുന്ന അമേരിക്കൻ ജനസംഖ്യയിൽ 76 ശതമാനം വെള്ളക്കാരും 13.4ശതമാനം കറുത്തവംശജരും ആഫ്രോ അമേരിക്കൻ വംശജരുമാണ്. ഇപ്പോൾ അമേരിക്കയിൽ 45 മില്യൺ കറുത്തവർഗ്ഗക്കാരാണ് ഉള്ളത്. വെള്ളക്കാന്റെ വരുമാനത്തിന്റെ പത്തിലൊന്നുപോലും കറുത്തവർഗ്ഗക്കാരനില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഈ വിടവ് അധികരിച്ചിട്ടുമുണ്ട്. 2017ലെ കണക്കനുസരിച്ച് കറുത്തവർഗ്ഗക്കാരിൽ 80ശതമാനവും വർണവിവേചനം സമൂഹത്തിലെ ഏറ്റവും ഗുരുതരമായ പ്രശ്‌നമായി കാണുമ്പോൾ വെളുത്തവർഗ്ഗക്കാരിൽ പകുതിയാളുകൾപോലും അപ്രകാരം കണക്കാക്കുന്നില്ല. കറുത്തവർഗ്ഗക്കാർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, തുടങ്ങി ജീവിതത്തിന്റെ എല്ലാമേഖലകളിലും തങ്ങൾ തിരസ്‌കരിക്കപ്പെടുന്നു എന്ന ശക്തമായ ബോധ്യം കറുത്തവർഗ്ഗക്കാർക്ക് ഉണ്ടുതാനും. കറുത്തവർഗ്ഗക്കാർക്കില്ലാത്ത പല സവിശേഷ അവകാശങ്ങളും വെള്ളക്കാർ അനുഭവിക്കുന്നു എന്നുകരുതുന്നവരാണ് തൊണ്ണൂറുശതമാനത്തോളം കറുത്തവംശജരും. ഈ ആനുകൂല്യങ്ങളുടെ ഉറവിടം വെള്ളക്കാരുടെ വിശേഷാവകാശം തന്നെയാണ്. ഇതാകട്ടെ, ഉയർന്ന സാമൂഹ്യ സാമ്പത്തിക പദവി, രാഷ്ട്രീയാധികാരം, മറ്റ് ഉന്നതബന്ധങ്ങൾ എന്നിവയുടെ സംയോഗത്തിലൂടെ ഉണ്ടാകുന്നതുമാണ്.
കറുത്ത വംശജരിൽ 14 ശതമാനവും അനാരോഗ്യംമൂലമുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്. എന്നാൽ ഇത് വെള്ളക്കാരിൽ 8 ശതമാനം മാത്രമാണ്. മരണനിരക്ക് വെള്ളക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ 17 ശതമാനം കൂടുതലാണ്. കോവിഡ്-19ന്റെ കാര്യത്തിലും ഇത് പ്രകടമാണ്. ജനസംഖ്യയിൽ 13 ശതമാനം മാത്രമുള്ള ആഫ്രിക്കൻ അമേരിക്കൻ വംശജരാണ് കോവിഡ് മൂലം മരണപ്പെടുന്നതിൽ നാലിലൊന്നും. മിനസോട്ടയിൽ കറുത്തവംശജർ 6 ശതമാനംമാത്രമാണുള്ളത്. എന്നാൽ കൊറോണ പോസിറ്റീവ് കേസിൽ 30 ശതമാനവും കറുത്തവംശജരാണ്. തടവിലാക്കപ്പെടുന്ന കറുത്തവംശജരുടെ എണ്ണം അവിശ്വസനീയമാംവിധം ഉയർന്നതാണ്. 1000 കറുത്തവർഗ്ഗക്കാരിൽ 15പേർ തടവിലാണ്. എന്നാൽ വെള്ളക്കാരാകട്ടെ 1000ത്തിന് 2.6 എന്നതാണ് കണക്ക്.
കറുത്തവർഗ്ഗക്കാരനായ ഒരുവൻ പോലീസിന്റെ കൈകളാൽ കൊലചെയ്യപ്പെടാനുള്ള സാധ്യത വെളുത്തവർഗ്ഗക്കാരുമായി താരതമ്യപ്പെടുത്തിയാൽ മൂന്നിരട്ടിയാണ്. 45 മില്യൺ വരുന്ന ആഫ്രിക്കൻ അമേരിക്കൻ വംശജരിൽ പകുതിവരുന്ന പുരുഷൻമാരിൽ 22,500 പേർ പോലീസിന്റെ കൈകളാൽ കൊല്ലപ്പെടാനുള്ളവരാണ് എന്നാണ് ഈ കണക്കു പറയുന്നത്! പ്രതിവർഷം ശരാശരി 1000പേർ പോലീസിന്റെ കൈകളാൽ കൊല്ലപ്പെടുന്നു. 2019ൽ അത് 1100 ആയി ഉയർന്നു. അതിൽ 24 ശതമാനവും കറുത്തവർഗ്ഗക്കാരാണ്. ജനസംഖ്യയുടെ 13 ശതമാനം മാത്രം വരുന്ന വിഭാഗമാണ് അമേരിക്കയിലെ കറുത്തവർഗ്ഗക്കാർ എന്നോർക്കുക. 2013-19 കാലഘട്ടത്തിൽ നടന്ന പോലീസ് അതിക്രമങ്ങളിൽ 99 ശതമാനം കേസുകളിലും പോലീസിനെതിരെ കേസ് എടുത്തിട്ടില്ല.

ബ്ലാക് ലൈവ്‌സ് മാറ്റർ
(ബിഎൽഎം) മൂവ്‌മെന്റ്

ബിഎൽഎം പ്രക്ഷോഭം ആരംഭിച്ചത് 2013ലാണ്. ട്രേവൻ മാർട്ടിൻ എന്ന കറുത്തവംശജനായ സ്‌കൂൾവിദ്യാർത്ഥിയെ കൊലപ്പെടുത്തിയ ജോർജ്ജ് സിമ്മർമാനെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന പ്രസ്ഥാനമാണ് ബിഎൽഎം. വെള്ളക്കാരുടെ ആധിപത്യം അവസാനിപ്പിക്കുക, കറുത്തവംശജർക്ക് ആത്മബലംപകരുക തുടങ്ങിയവയാണ് ബിഎൽഎം ലക്ഷ്യം വയ്ക്കുന്നത്. ബിഎൽഎം വർണവിവേചനത്തിനെതിരെ നിലകൊള്ളുന്നു. ഭരണകൂടത്തിന്റെ €ഭാഗത്തുനിന്നോ വർണ്ണവിവേചനത്തെ പിന്തുണയ്ക്കുന്ന മറ്റ് സംഘടനകളുടെ ഭാഗത്തുനിന്നോ കറുത്തവർഗ്ഗക്കാർക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ ബിഎൽഎം ആവശ്യമായ ഇടപെടലുകൾ നടത്തുകയും പോരാട്ടങ്ങളിൽ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അലിഷ്യാ ഗാർഷ്യ, പട്രീസ് കുള്ളേഴ്‌സ്, ഒപ്പാൽ തിമോത്തി എന്നീ മൂന്നുപേരാണ് സംഘടനയുടെ സ്ഥാപകർ. സെന്റ് ലൂയിസിന് സമീപം ഫെർഗൂസനിൽ മൈക്കിൾ ബ്രൗൺ കൊലചെയ്യപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിലുടെയും എറിക് ഗാർനർ എന്ന കറുത്തവർഗ്ഗക്കാരനെ ന്യൂയോർക്ക് സിറ്റിയിൽ പോലീസ് കഴുത്തുഞെരിച്ചുകൊന്നതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിലൂടെയും ബിഎൽഎം കറുത്തവർഗ്ഗക്കാരുടെ വിശ്വാസമേറ്റുവാങ്ങിയ പ്രസ്ഥാനമായി. ‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന് മരിക്കുന്നതിന് മുമ്പ് എറിക് ഗാർനറും പറയുകയുണ്ടായി.
ജോർജ്ജ് ഫ്‌ളോയ്ഡിന്റെ മരണത്തെത്തുടർന്ന് ‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന മുദ്രാവാക്യം അമേരിക്കയുടെ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുകയാണ്. ‘നോ ജസ്റ്റിസ്, നോ പീസ്’, ‘നിലനിൽപ്പിനെ ആദരിക്കുക അല്ലെങ്കിൽ പ്രതിരോധം പ്രതീക്ഷിക്കുക'(Respect Exi-stence or Expect Resistance), ‘അടുത്തത് എന്റെ മകനോ?'(Is my son next?) ‘വെള്ളക്കാരുടെ നിശ്ശബ്ദതതന്നെ അക്രമമാണ്'(White silence is violence). ‘ബ്ലാക് ലൈവ്‌സ് മാറ്റർ’ തുടങ്ങിയ മുദ്രാവാക്യങ്ങളും ജനങ്ങൾ നെഞ്ചേറ്റുവാങ്ങിയിരിക്കുന്നു. തമീർ റൈസ്, ലക്വൻ മക്‌ഡൊണാൾഡ്, കോറിൻ ഗയിൻസ്, ആൽഫ്രഡ് ഒലങ്കോ, ജോക്വസ് ക്ലെമൻസ് ആൽട്ടൺ സ്റ്റെൽലിങ്, ഫിലാൻഡോ കാസിൽ, ബ്രെയോണ ടെയ്‌ലർ, അഹമ്മദ് ആർബറി തുടങ്ങി കറുത്തവർഗ്ഗക്കാർ പോലീസിന്റെയോ മറ്റ് വർണവെറിയൻ സംഘടനകളുടെയോ കൈകളാൽ കൊലചെയ്യപ്പെട്ട നിരവധി സംഭവങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ ബിഎൽഎം ഇടപെട്ടുകൊണ്ടാണിരിക്കുന്നത്.
ജോർജ്ജ് ഫ്‌ളോയ്ഡിന്റെ മരണത്തിന് ഇടയാക്കിയ പോലീസ് ക്രൂരതയുടെ വീഡിയോ കാണുവാനിടയായവരിൽ ഉളവായ വേദനയുടെയും അമർഷത്തിന്റെയും സ്വാഭാവിക പൊട്ടിത്തെറിയെന്നവണ്ണമാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഇരട്ട നഗരങ്ങളെന്നറിയപ്പെടുന്ന മിനിയപോളീസിലും സെന്റ് പോളിലും ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ അതിവേഗതയിൽ നൂറുകണക്കിന് മറ്റ് നഗരങ്ങളിലേയ്ക്കും പ്രതിഷേധം പടർന്നുപിടിച്ചു. പൊതുവേ സമാധാനപരമായിരുന്ന പ്രതിഷേധങ്ങളിൽ ചില്ലറ അതിക്രമങ്ങളും അരങ്ങേറി. കൊള്ളയും കൊള്ളിവയ്പും നടന്നു. വംശവെറിയെ പ്രോത്സാഹിപ്പിക്കുന്ന ഏതാനും വെള്ളക്കാർ പ്രകടനങ്ങളിൽ നുഴഞ്ഞുകയറിയതായും അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയതായും പറയപ്പെടുന്നു.
ട്രംപിന്റെ നേതൃത്വത്തിലുള്ള അധികാരകേന്ദ്രങ്ങളാകട്ടെ അതിക്രമങ്ങളെ വലുതാക്കിക്കാണിക്കാനും ഊതിപ്പെരുപ്പിക്കാനുമാണ് ശ്രമിച്ചത്. പ്രക്ഷോഭകാരികളെ ട്രംപ് കൊള്ളക്കാരെന്നും തീവ്രവാദികളെന്നും വിളിച്ചു. മാത്രമല്ല, സംസ്ഥാന ഗവർണർമാരോട് നാഷണൽ ഗാർഡിന്റെ സഹായം തേടിക്കൊള്ളാൻ അനുമതിയും നൽകി. നാഷണൽ ഗാർഡിന്റെ ഒരുസംഘത്തെ വാഷിംഗ്ടൺ ഡിസിയിൽ വിന്യസിക്കുകയും ചെയ്തു. അക്രമാസക്തനായ പ്രസിഡന്റ, വൈറ്റ് ഹൗസിനുസമീപം ലാഫയറ്റ് പാർക്കിന് സമീപം കൈകളിൽ ബാനറുകളും പ്‌ളക്കാർഡുമായി നിലയുറപ്പിച്ചിരുന്നപ്രക്ഷോഭകാരികളെ റബർ ബുള്ളറ്റുകളും കുരുമുളക്‌സ്‌പ്രേയും കുതിരപ്പടയെയുമൊക്കെ ഉപയോഗിച്ചാണ് തുരത്തിയത്.
പ്രതിഷേധക്കാരെ തുരത്തിയോടിച്ചതിനുശേഷം ട്രംപും അനുചരന്മാരും സായുധരായ പോലീസ് സംഘത്തിന്റെ അകമ്പടിയോടെ പാർക്കിനുസമീപം സ്ഥിതിചെയ്യുന്ന സെന്റ് ജോൺസ് എപിസ്‌കോപ്പൽ പള്ളിസന്ദർശിച്ചു. തദവസരത്തിൽ ആർമിയുടെ ഏറ്റവും ഉന്നതനായ ജനറലും ട്രംപിനൊപ്പമുണ്ടായിരുന്നു. ബൈബിളും കൈയിൽ പിടിച്ച് ഒറ്റയ്ക്കും അനുചരന്മാരായ വെള്ളക്കാരോടൊപ്പം സംഘമായും ഫോട്ടോയ്ക്ക് പോസ് ചെയ്ത് കൃത്യമായും ഈ സന്ദർഭത്തിൽ ട്രംപ് സന്ദേശം വ്യക്തമാക്കി. ഇത് ഒരു തിങ്കളാഴ്ച വൈകുന്നേരമായിരുന്നു. ആഴ്ചയൊന്ന് തികയുന്നതിനുമുമ്പ് പ്രതിഷേധജ്വാലകൾ കൂടുതൽ ശക്തിയാർജ്ജിക്കുന്നുവെന്നു കണ്ട ട്രംപും കുടുംബാംഗങ്ങളും ബങ്കറിനുള്ളിൽ ഒളിച്ചു. പട്ടാളംവന്ന് വൈറ്റ് ഹൗസിന്റെ സംരക്ഷണം ഏറ്റെടുത്തുവെന്ന് ഉറപ്പാക്കിയതിനുശേഷമാണ് ട്രംപ് വെളിയിൽ വന്നത്. മാത്രവുമല്ല, വൈറ്റ്ഹൗസിനുചുറ്റും കമ്പിവേലിയും കോൺക്രീറ്റ് കോട്ടയും പണിതുയർത്തിയിട്ടേ ട്രംപിന് സമാധാനം കിട്ടിയുള്ളൂ. ബാഗ്ദാദിലെ യുഎസ് എംബസിപോലെ കോട്ടകെട്ടിമറച്ചിരിക്കുകയാണ് വൈററ് ഹൗസ് ഇപ്പോൾ.
സമൂഹത്തെ മാറ്റിമറിക്കാനുദ്ദേശിച്ചുള്ള ജനകീയ പ്രക്ഷോഭങ്ങൾ കേവലം ഏതെങ്കിലുമൊരു സമരരൂപം മാത്രം സ്വീകരിച്ചാൽ മതിയാകില്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. നിലനിൽക്കുന്ന സാമൂഹ്യസാഹചര്യത്തെ മുൻനിർത്തി ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിച്ചുകൊണ്ടേ ലക്ഷ്യപ്രാപ്തിയിലെത്താനാകൂ. മാർടിൻ ലൂഥർകിംഗ് ജൂണിയർ നടത്തിയ പൗരാവകാശ പ്രക്ഷോഭണം, വർണവിവേചനത്തിനെതിരെ നെൽസെൺ മണ്ടേല നടത്തിയ സമരം ബ്രിട്ടീഷുകാർക്കെതിരെ ഗാന്ധിജി നടത്തിയ സമരം തുടങ്ങിയ സമരങ്ങളൊക്കെ യക്ഷിക്കഥകൾക്കുസമാനമായും മധുരത്തിൽ പൊതിഞ്ഞുമൊക്കെ അവതരിപ്പിക്കപ്പെടാറുണ്ട്. ഈ സമരങ്ങൾക്കെല്ലാംതന്നെ സുദീർഘമായ പോരാട്ടങ്ങളുടെ ചരിത്രമുണ്ട് എന്ന് ഗൗരവതരമായി ചരിത്രത്തെ സമീപിക്കുന്ന ഏവർക്കറിയാം. ചിലപ്പോൾ സമാധാനപരം ചിലപ്പോൾ രണോത്സുകം, ചിലപ്പോൾ ഒളിവിൽ മറ്റുചിലപ്പോൾ പ്രത്യക്ഷത്തിൽ, ശത്രുവിന്റെ ദൗർബല്യവും ശക്തിയും തിരിച്ചറിഞ്ഞ,് നിരവധി ഘട്ടങ്ങൾ പിന്നിട്ട് ഒടുവിൽ വിജയത്തിലെത്തിയ പോരാട്ടങ്ങളാണവ. വമ്പിച്ച ജനകീയ പിന്തുണയുള്ള പ്രസ്ഥാനങ്ങൾ, ഉചിതമായ മാർഗ്ഗങ്ങൾ കണ്ടെത്തി സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ ശത്രുവിന്റെ കരങ്ങളാൽ അരിഞ്ഞുതള്ളപ്പെടുമെന്ന് 1965-66 കാലഘട്ടത്തിൽ ഇന്തോനേഷ്യയിലും 1973ൽ ചിലിയിലും കമ്മ്യൂണിസ്റ്റുകളുടെ മുൻകൈയിൽ നടന്ന പ്രക്ഷോഭങ്ങളിലൂടെ ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഇന്ന് നടക്കുന്ന പ്രക്ഷോഭം യഥാർത്ഥത്തിൽ അമേരിക്കയിലെ ക്രിമിനിൽ നിയമസംവിധാനത്തിനും സമൂഹത്തിലെ അസമത്വത്തിനും എതിരെയുള്ളതാണ്. സമൂഹത്തിന്റെ ജനാധിപത്യവത്ക്കരണം ഇങ്ങനെയല്ലാതെ സാധ്യമാകില്ല. കൃത്യമായ ഒരു സംഘടനാ സംവിധാനമോ നേതൃത്വമോ സമരത്തിനില്ല. ആയിരങ്ങളായി തെരുവിലിറങ്ങുമ്പോൾ ബിഎൽഎംപോലുള്ള പ്രസ്ഥാനങ്ങൾ സമരത്തിന് മാർഗ്ഗനിർദ്ദേശം നൽകാൻ ശ്രമിക്കുന്നു.

വംശീയത, ജാതിയത, വർഗ്ഗീയത

അമേരിക്കയിലെ വംശീയവിദ്വേഷത്തിന്റെ സ്ഥിതി ഇതാണെങ്കിൽ നമ്മുടെ രാജ്യത്തും വർഗ്ഗീയത ഇപ്രകാരംതന്നെയാണ് പ്രതിഫലിപ്പിക്കപ്പെടുന്നത്, അൽപം കൂടുതലാെണെങ്കിലേ ഉള്ളൂ. പിന്നാക്ക ജാതി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾ സർവ്വകലാശാലകളിലെ പഠനഗവേഷണമേഖലകളിൽപ്പോലും നേരിടുന്ന ജാതീയമായ ഒറ്റപ്പെടുത്തലും സമ്മർദ്ദങ്ങളും എത്രമാത്രം വലുതാണെന്ന് വെളിവാക്കുന്നതായിരുന്നു ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ. ജാതി അസമത്വം നമ്മുടെ സമൂഹത്തിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഒരു പ്രശ്‌നമാണ്. എന്നാൽ ദേശീയ സ്വാതന്ത്ര്യസമരമോ സ്വാതന്ത്ര്യാനന്തരം കേന്ദ്രത്തിൽ അധികാരത്തിൽവന്ന സർക്കാരോ വിവിധ സംസ്ഥാനങ്ങളിൽ അധികാരത്തിൽവന്ന സർക്കാരുകളോ ജാതീയതയുടെയും വർഗ്ഗീയതയുടെയും ദുസ്വാധീനത്തിൽനിന്നും സമൂഹത്തെ മുക്തമാക്കാനുള്ള നടപടികളൊന്നുംതന്നെ സ്വീകരിച്ചില്ല.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ നിന്നുവരുന്ന റിപ്പോർട്ടുകൾതന്നെ ഭയാനകമാണ്. ഗുജറാത്തിൽ പിന്നാക്ക ജനവിഭാഗങ്ങൾ കേവലം രണ്ടുശതമാനം മാത്രമാണ് എന്നിരിക്കിലും അവർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ എണ്ണത്തിൽ കൂടുതലാണ്. പിന്നാക്ക ജനവിഭാഗത്തിൽപെട്ടവർ കൊലചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ അതിക്രമികളായ സവർണർ സ്വതന്ത്രനായി വിഹരിക്കുന്നതും പതിവുകാഴ്ചയാണ്. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് കേവലം നാലുശതമാനത്തിൽ താഴെമാത്രമാണ്.
പിന്നാക്കക്കാരെ ഒറ്റപ്പെടുത്തുക, അവർക്ക് ഭ്രഷ്ട് കൽപ്പിക്കുക ഇതൊക്കെ ഗുജറാത്തിൽ വ്യാപകമാണ്. എന്നാൽ ഈ ഗുജറാത്താണ് ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനം എന്ന് കൊട്ടിഘോഷിക്കപ്പെടുന്നത്. ഇന്നും ഗുജറാത്തിൽ തൊണ്ണൂറുശതമാനത്തോളം ക്ഷേത്രങ്ങളിൽ ദളിതന് പ്രവേശനമില്ല. സർക്കാർ സ്‌കൂളുകളിൽ സവർണനോടൊപ്പം അവർണ വിദ്യാർത്ഥികളെ ഇരുത്താറില്ല. ടോയ്‌ലറ്റ് വൃത്തിയാക്കലുൾപ്പെടെയുള്ള പണികളാകട്ടെ അവർണവിദ്യാർത്ഥികൾക്കായിരിക്കുകയും ചെയ്യും.
2014ൽ മോദി അധികാരത്തിൽ വന്നതിനുശേഷം ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്ന സംഭവങ്ങൾ വിശേഷിച്ചും മുസ്ലീം കൂട്ടക്കൊല വർദ്ധിക്കുകയാണ്. ട്രംപിന്റെ സന്ദർശനത്തെത്തുടർന്ന് ഡൽഹിയിൽ ഉണ്ടായ വർഗ്ഗീയ കലാപത്തിൽ നൂറിലേറെപ്പേരാണ് കൊലചെയ്യപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടുജനാധിപത്യ രാജ്യങ്ങൾ മറ്റെല്ലാരംഗങ്ങളിലുമെന്നപോലെ സ്വന്തം ജനങ്ങളെ ഭിന്നിപ്പിക്കുന്നതിലും അവരോട് വിവേചനം കാണിക്കുന്നതിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മത്സരത്തിൽ തന്നെയാണ് എന്നാണ് ഇതെല്ലാം കാണിക്കുന്നത്.
ദാരിദ്ര്യം, വർദ്ധിച്ചുകൊണ്ടേയിരിക്കുന്ന അസമത്വം, വിദ്യാഭ്യാസത്തിനുള്ള അവസരമില്ലായ്മ, മെച്ചപ്പെട്ട ആരോഗ്യപരിപാലന സംവിധാനങ്ങളെ ആശ്രയിക്കാൻ സാധിക്കാതെ വരിക തുടങ്ങിയ കാരണങ്ങളാൽ വലിയൊരു വിഭാഗം ജനങ്ങളും മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തപ്പെടുന്നു. ഇപ്രകാരം പാർശ്വവത്ക്കരിക്കപ്പെടുന്നതിൽ കറുത്തവർഗ്ഗക്കാരും മറ്റ് ദുർബ്ബല ജനവിഭാഗങ്ങളുമാണ് ഏറിയപങ്കും. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും സ്വാധീനവും പാർപ്പിടപ്രശ്‌നവുമെല്ലാം ഈ അസമത്വം വർദ്ധിക്കുവാൻ കാരണമാകുന്നു.
ബലപ്രയോഗത്തിലൂടെ ഈ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുക എന്നത് ഒരു ജനാധിപത്യ സമൂഹത്തിന് സ്വീകരിക്കാവുന്ന നയമല്ല. പ്രക്ഷോഭകാരികളെ ഇല്ലായ്മ ചെയ്യുകയോ നിസ്സാരകുറ്റങ്ങളുടെ പേരിലോ കള്ളക്കേസുകളിൽ കുടുക്കിയോ ജയിലിലടയ്ക്കുകയും സാധ്യമല്ല. മൂന്ന് നൂറ്റാണ്ടിലേറെ നീണ്ടുനിന്ന അടിമത്തത്തിന്റെ തുടർച്ചതന്നെയാണ് വംശീയതയും. വംശീയമായ ബഹിഷ്‌ക്കരണം, വിവേചനം, ചൂഷണം തുടങ്ങി പലരൂപങ്ങളിലും സമൂഹത്തിന്റെ ഏതാണ്ട് എല്ലാ തുറകളിലും അടിമത്തം തുടർന്നുപോരുകയാണ്. ജാതിമനോഭാവവും വർഗ്ഗീയതയും ഇതിനുതുല്യംതന്നെയാണ്. ജാതി വിഭജനങ്ങൾ, ജാതി ശ്രേണികൾ, ജാതിമേധാവിത്വം, വിവേചനങ്ങൾ ഇവയൊക്കെ ജന്മിത്തവ്യവസ്ഥിതിയുടെ സമ്പ്രദായങ്ങളാണ്. ജാതി, വംശം എന്നിവയെ അടിസ്ഥാനമാക്കി ഇരുണ്ടനാളുകളിൽ നടമാടിയിരുന്ന കൂട്ടക്കൊലകൾ ഇരുപത്തിയൊന്നാം നൂററാണ്ടിലും മറ്റൊരു രൂപത്തിൽ തുടരുന്നു എന്നത് ദൗർഭാഗ്യകരംതന്നെ.

അമേരിക്കയിലെ പ്രക്ഷോഭത്തിന് അറബ് വസന്തം
നൽകുന്ന പാഠങ്ങൾ

ലൈസൻസില്ലാതെ പച്ചക്കറിക്കട നടത്തി എന്ന പേരിൽ അറസ്റ്റിലായ മുഹമ്മദ് ബസൂസി എന്ന ടുണീഷ്യക്കാരൻ പ്രാദേശിക സർക്കാർ ഓഫീസിനുമുന്നിൽ ആത്മാഹൂതി ചെയ്ത സംഭവമാണ് ‘അറബ് വസന്തം’ എന്ന ജനകീയ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. ഞൊടിനേരംകൊണ്ട് പ്രക്ഷോഭം ടുണീഷ്യമുഴുവൻ പടർന്നു. ടുണീഷ്യൻ പ്രസിഡന്റിന് നാട് വിടേണ്ടിവന്നു. ഈജിപ്ത്, സിറിയ, ലിബിയ, മോറോക്കോ, യമൻ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും പ്രക്ഷോഭം പടർന്നു പിടിച്ചു. ഈജിപ്ഷ്യൻ ഭരണാധികാരി ഹോസ്‌നി മുബാരക്, ലിബിയൻ ഭരണാധികാരി മുഹമ്മദ് ഗദ്ദാഫി, സിറിയൻ ഭരണാധികാരി ബാസർ അസാദ്, യമനിൽ അബ്ദുള്ളാ സലേ തുടങ്ങി ഈ രാജ്യങ്ങളിൽ സ്വേഛാഭരണം നടത്തിയിരുന്ന ഭരണാധികാരികളെ സ്ഥാനഭ്രഷ്ടരാക്കുക എന്നതായിരുന്നു പ്രക്ഷോഭങ്ങളുടെ അടിയന്തര താൽപര്യം. ഇവർ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടില്ല, യഥാർത്ഥമാറ്റം സംഭവിച്ചതുമില്ല. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയുണർത്തിയ അറബ് വസന്തം ശൈത്യമാകാൻ ഏറെ വൈകിയില്ല.
ട്രംപിനെ സ്ഥാനഭ്രഷ്ടനാക്കുക എന്നതോ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തുക എന്നതോ അല്ല അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭത്തിന്റെ ലക്ഷ്യം. വെള്ളക്കാരായ പോലീസുകാരുടെ കൈകളാൽ കൊലചെയ്യപ്പെട്ട ജോർജ്ജ് ഫ്‌ളോയ്ഡിന് നീതിയാണവർ ആവശ്യപ്പെടുന്നത്. പ്രക്ഷോഭം ക്രമാനുഗതമായി മുന്നേറുന്ന മുറയ്ക്ക് ജോർജ്ജ് ഫ്‌ളോയ്ഡിന് നീതി എന്ന ഡിമാന്റിനൊപ്പംതന്നെ, വർണവിവേചനം, വംശീയത, പോലീസ് അതിക്രമങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾക്കും വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പാർപ്പിടം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കും കാരണമായ സാമൂഹ്യഘടനയും സമ്പ്രദായങ്ങളുംവരെ മാറ്റത്തിന് വിധേയമാക്കപ്പെട്ടേക്കാവുന്നത്ര പ്രാധാന്യം ഈ പ്രക്ഷോഭത്തിനുണ്ട്.
ജനങ്ങൾ തെരുവിലുയർത്തുന്ന ആവശ്യം വളരെ ലളിതമാണ്, അതേ സമയംതന്നെ ഗഹനവുമാണ്. ‘ഞങ്ങളുടെ കഴുത്തിൽനിന്ന് നിങ്ങളുടെ കാൽമുട്ട് മാറ്റുക, ഞങ്ങൾ ശ്വാസം വിടട്ടെ’, ‘ഞങ്ങളുടെ നെഞ്ചിൽനിന്ന് നിങ്ങളുടെ ബൂട്ട്‌സ് മാറ്റുക, ഞങ്ങൾ ജീവിക്കട്ടെ’, ചെറുപ്പക്കാരും പ്രായമായവരും വിദ്യാർത്ഥികളും തൊഴിലാളികളും സ്ത്രീകളും പുരുഷന്മാരും കറുത്തവനും വെള്ളക്കാരനും ബ്രൗൺനിറമുള്ളവനും ജീവിച്ചിരിക്കുന്നവരും മരിച്ചവർപോലും ഒരുപോലെ ഉയർത്തുന്ന മുദ്രാവാക്യമിതാണ്. ജീവിച്ചിരിക്കുന്നവർ മരിച്ചവർക്ക് നീതി ആവശ്യപ്പെടുന്നു. മരിച്ചവരോ ജീവിച്ചിരിക്കുന്നവർക്ക് നീതി ആവശ്യപ്പെടുന്നു. നഗരങ്ങളും പട്ടണങ്ങളും ചത്വരങ്ങളും കവലകളും പാടങ്ങളും ഫാക്ടറികളും സ്‌കൂളുകളും കോളജുകളും വീടുകളും ഓഫീസുകളും ഉയർത്തുന്നത് ഇതേ ആഹ്വാനമാണ്. ജനങ്ങൾക്ക് മാറ്റം വേണം, അതിപ്പോൾതന്നെ വേണംതാനും. ചൂഷണത്തിന്റെ നുകം പൊക്കിമാറ്റാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. ലോകം ഇത് സസൂക്ഷ്മം വീക്ഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ചൂഷിതർ ഒന്നാകെ ഒത്തുചേർന്ന് നീതിക്കായുള്ള ഈ പോരാട്ടത്തിന് അഭിവാദ്യമർപ്പിക്കുന്നു, പിന്തുണയ്ക്കുന്നു.
‘ഞങ്ങളുടെ കൈവിലങ്ങുകൾ അഴിച്ചുമാറ്റുക, ഞങ്ങൾക്ക് ജോലി ചെയ്യണം’, ‘ഞങ്ങളുടെ നെഞ്ചിൽനിന്ന് നിങ്ങളുടെ ബൂട്ടുകൾ നീക്കുക, ഞങ്ങൾക്ക് ജീവിക്കണം’, ‘ഞങ്ങളുടെ കഴുത്തിൽനിന്ന് നിങ്ങളുടെ കാൽമുട്ട് മാറ്റുക, ഞങ്ങൾക്ക് ശ്വസിക്കണം’, ‘നിങ്ങളുടെ തോക്ക് ഞങ്ങളുടെ ശിരസ്സിനെ ഉന്നം വയ്‌ക്കേണ്ട, ഞങ്ങൾക്ക് സ്വപ്‌നം കാണണം’, ‘പോലീസിനെ തീറ്റിപ്പോറ്റുന്നത് അവസാനപ്പിക്കുക, ഞങ്ങൾ സമാധാനത്തോടെ ജീവിക്കട്ടെ’. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു, അന്തരീക്ഷത്തിൽ മാറ്റത്തിന്റെ സൂചനകൾ ഉണ്ട്, ചക്രവാളത്തിൽ മാറ്റത്തിന്റെ ലക്ഷണങ്ങൾ വായിച്ചെടുക്കാൻ ജനങ്ങൾക്കാകുന്നുണ്ട്. പ്രക്ഷോഭകാരികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്നു. അവർ ദൃഢചിത്തരാണ്.

Share this post

scroll to top