കേരളത്തിലെ മത്സ്യ ബന്ധന മേഖലയിൽ മത്സ്യലേലവും വിപണനവും നിയന്ത്രിക്കാനായി കൊണ്ടുവന്നിട്ടുള്ള ഓർഡിനൻസ് പിൻവലിക്കുക

Share

കോവിഡ് മഹാമാരിയുെട മറവില്‍ കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ മത്സ്യലേലവും വിപണനവും നിയന്ത്രിക്കാനായി കൊണ്ടുവന്നിട്ടുള്ള 2020 സെപ്റ്റംബര്‍ 24ന്റെ ഓര്‍ഡിനന്‍സ് മത്സ്യത്തൊഴിലാളി സമൂഹത്തിന് വിനാശകരമാണെന്ന് കേരള മത്സ്യബന്ധന തൊഴിലാളി യൂണിയന്‍ അഭിപ്രായപ്പെട്ടു. മത്സ്യലേലവും വിപണനവും നിയന്ത്രിക്കാനായി രൂപീകരിക്കുന്ന ഹാര്‍ബര്‍ മാനേജ്മെന്റ്, ലാന്റിംഗ് സെന്റര്‍ മാനേജ്മെന്റ് കമ്മിറ്റികളിലൂടെയും ഫിഷ് മാര്‍ക്കറ്റ് മാനേജ്മെന്റ് കമ്മിറ്റികളിലൂടെയും മത്സ്യലേലത്തിന്റെ 5 ശതമാനം കമ്മീഷനും ഒപ്പം യൂസര്‍ഫീസും ഏര്‍പ്പെടുത്തി ഈ മേഖലയെ ഒരു കറവപ്പശു ആക്കാനുള്ള ഗൂഢ ശ്രമമാണ് ഈ ഓര്‍ഡിനന്‍സ്.കേരളത്തിലെ മത്സ്യ ബന്ധന മേഖലയില്‍ പ്രതിദിനം കോടിക്കണക്കിന് രൂപയുെട മത്സ്യമാണ് പിടിക്കുന്നത്. മത്സ്യഫെഡും സ്വകാര്യ കമ്മീഷന്‍ ഏജന്റുമാരുമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന യാനങ്ങള്‍ നിര്‍മ്മിക്കാന്‍ പണം നല്‍കിയിരിക്കുന്നത്. ഇവര്‍ 5 ശതമാനം മുതല്‍ 10ശതമാനംവരെ കമ്മീഷന്‍ ഈടാക്കുന്നുണ്ട്. മത്സ്യഫെഡ് നല്‍കിയിരിക്കുന്നത് വായ്പയാണ്. ഇത് പലിശയടക്കം തിരിച്ചടയ്ക്കണം. ഇന്ധനചെലവും കമ്മീഷനും നല്‍കിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിത്യവൃത്തിക്കുപോലും വരുമാനമുണ്ടാകുന്നില്ല. മത്സ്യഫെഡിന്റെയും കമ്മീഷന്‍ ഏജന്റരുമാരുെടയും കടക്കെണിയിലാണ് മത്സ്യത്തൊഴിലാളികള്‍. ഈ കടക്കെണിയില്‍നിന്നും അവരെ മോചിപ്പിക്കാതെ അവരുടെ വരുമാനത്തിന്റെ 5 ശതമാനം സര്‍ക്കാരുംകൂടെ കവരുന്ന നടപടിയാണ് ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികള്‍. നിലവില്‍ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന് പണിയെടുക്കുന്ന പൊതുവള്ളങ്ങളിലെ ചെറിയ നീട്ടുവല ഉപയോഗിച്ച് പിടിക്കുന്ന മത്സ്യം തൊഴിലാളികള്‍ത്തന്നെ തൊട്ടടുത്ത തെരുവുകളിലെത്തിച്ച് വലയില്‍നിന്നും അഴിച്ചെടുത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന രീതി ആലപ്പുഴ ജില്ലയില്‍ നടക്കുന്നുണ്ട്. ഇടത്തട്ടുകാര്‍ ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് മത്സ്യം കുറഞ്ഞ വിലയ്ക്ക് ലഭിക്കും. മത്സ്യത്തൊഴിലളികള്‍ക്ക് ഏറെ മെച്ചവുമുണ്ടാകും. നിലവിലെ ഓര്‍ഡിനന്‍സ് ഇറങ്ങുന്നതിനുമുമ്പുതന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വഴിയോരങ്ങളില്‍ മത്സ്യക്കച്ചവടം വിലക്കി ഉത്തരവിറക്കി. ഓര്‍ഡിനന്‍സിലാകട്ടെ ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും ഫിഷ് മാര്‍ക്കറ്റുകളിലുമല്ലാതെ മത്സ്യലേലവും വിപണനവും നടത്തുന്നത് രണ്ടുമാസംമുതല്‍ ഒരുവര്‍ഷംവരെ തടവും ഒരു ലക്ഷംരൂപ മുതല്‍ 5ലക്ഷംരൂപവരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഹാര്‍ബര്‍-ലാന്റിംഗ് സെന്റര്‍‍‍ -ഫിഷ് മാര്‍ക്കറ്റ് മാനേജ്മെന്റ് ഭരണസമിതികളില്‍ പ്രതിനിധികളായി സര്‍ക്കാര്‍ നിശ്ചയിക്കുന്ന ആളുകളെ വയ്ക്കാമെന്നത് രാഷ്ട്രീയക്കാര്‍ക്ക് അഴിമതിക്കുള്ള മറ്റൊരു ഇടംകൂടി ഒരുക്കുകയാണ്. മത്സ്യത്തൊഴിലാളികളെ കടക്കെണിയില്‍നിന്നും മോചിപ്പിക്കാതെ കോവിഡിന്റെ മറവില്‍ തൊഴിലാളികളുമായോ ജനപ്രതിനിധികളുമായോ യാതൊരു ചര്‍ച്ചയും ആലോചനയുംകൂടാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലൂടെ മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുകയും കുറ്റവാളികളാക്കുകയു മാണ്. മത്സ്യത്തൊഴിലാളിവിരുദ്ധമായ ഈ ഓര്‍ഡിനന്‍സിനെതിരെ മത്സ്യത്തൊഴിലാളിസമൂഹം ഒന്നടങ്കം അണിനിരക്കണം എന്ന് കേരള മത്സ്യബന്ധനത്തൊഴിലാളിയൂണിയന്‍ അഭ്യര്‍ത്ഥിക്കുന്നു.

Share this post

scroll to top