യുപിയിലെ വൈദ്യുതിതൊഴിലാളികളും രാജ്യത്തെ പ്രതിരോധ വ്യവസായത്തൊഴിലാളികളും നേടിയ ഐതിഹാസികമായ സമരവിജയം


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
PTI06-10-2020_000119B_1200x768.jpeg
Share

യുപിയിലെ യോഗി ആദിത്യനാഥ് ഭരണം കേന്ദ്ര വൈദ്യുതി നിയമത്തിന്റെ ചുവടുപിടിച്ച് വൈദ്യുതി വിതരണരംഗത്തെ പൊതുമേഖലാ സംരംഭമായ പൂർവ്വാഞ്ചൽ വിദ്യുത് വിതരൺ നിഗം ലിമിറ്റഡിനെ സ്വകാര്യവൽക്കരിക്കാൻ മാസങ്ങൾക്കു മുമ്പ് തീരുമാനമെടുത്തിരുന്നു. സർക്കാരിന്റെ തീരുമാനം വന്നതിന്റെ തൊട്ടടുത്ത ദിനം തന്നെ തൊഴിലാളികളുടെ സംഘടിതശക്തികൊണ്ട് ഈ വിൽപ്പനയെ ചെറുത്തുപരാജയപ്പെടുത്തുമെന്ന് വിവിധ യൂണിയനുകൾ പ്രഖ്യാപിച്ചു. സ്വകാര്യവൽക്കരണത്തിനെതിരെ പൊരുതാനായി യുപി പവർ കോർപ്പറേഷൻ ലിമിറ്റഡിലെ മുഴുവൻ തൊഴിലാളി യൂണിയനുകളും ചേർന്ന് വിദ്യുത് കർമ്മചാരി സംയുക്ത് സംഘർഷ് സമിതി എന്ന പൊതു സമരവേദിക്കു രൂപം നൽകി. വൈദ്യുതിരംഗം ഒരു കാരണവശാലും സ്വകാര്യമൂലധന ശക്തികൾക്കു വിട്ടുകൊടുക്കില്ലെന്ന് അവർ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. മാസങ്ങളായി നടത്തി വന്ന സൂചനാ സമരങ്ങളുടെയും പ്രചാരണത്തിന്റെയും ഒടുവിൽ കഴിഞ്ഞ ഒക്‌ടോബർ 6 മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം പ്രഖ്യാപിച്ചു. യോഗി ഭരണത്തിന്റെ മുഖമുദ്രയായ ഏകാധിപത്യത്തിന്റെ തനതു മുറയിൽ വൈദ്യുതിത്തൊഴിലാളികളുടെ സമരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് പ്രയാഗ്‌രാജിലും വാരണാസിയിലും തൊഴിലാളിനേതാക്കൾക്കെതിരെ കേസെടുത്തു. ഇതോടൊപ്പം ഗോരഖ്പൂർ, വാരണാസി, പ്രയാഗ്‌രാജ്, ബസ്തി, മിർസാപൂർ, അസംഗർ എന്നീ വൈദ്യുതിസോണുകളിൽ വിൽപ്പനയ്ക്കു മുന്നോടിയായുള്ള, പൂർവ്വാഞ്ചൽ വിദ്യുത് വിതരൺ നിഗം ലിമിറ്റഡിന്റെ ആസ്തികളുടെ കണക്കെടുപ്പും ആരംഭിച്ചു. ഇതാകട്ടെ തൊഴിലാളികൾക്കിടയിൽ വമ്പിച്ച രോഷത്തിനു തിരികൊളുത്തി. തൊഴിലാളികളുടെ ഒറ്റക്കെട്ടായ പണിമുടക്കിലൂടെ സംസ്ഥാനം നിശ്ചലമാകുമെന്നു മാധ്യമങ്ങൾ മുന്നറിയിപ്പു നൽകി. യോഗി സർക്കാരാകട്ടെ ജില്ലാ കളക്ടർമാരെയും ജില്ലാ ഭരണകൂടങ്ങളെയും വൻതോതിൽ പോലീസിനെയും രംഗത്തിറക്കി സമരത്തെ നേരിടാനുള്ള വിപുലമായ സന്നാഹമൊരുക്കി. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് സമരത്തെ നേരിടാമെന്നു വ്യാമോഹിച്ച യോഗി ഭരണം ഒക്‌ടോബർ 6നു തന്നെ തൊഴിലാളികളുടെ സംഘടിത ശക്തിയുടെ കരുത്ത് തിരിച്ചറിയാൻ നിർബന്ധിതമായി. യുപി ഒന്നാകെ ഒറ്റ ദിവസംകൊണ്ടു നിശ്ചലമായി. വളരെ ഉയർന്ന പദവികളിലുള്ള എൻജിനീയർമാർ മുതൽ സാധാരണ തൊഴിലാളികൾ വരെ ഒറ്റക്കെട്ടായി പണിമുടക്കി. ഒരു തൊഴിലാളിപോലും പണിമുടക്കിൽ നിന്നു മാറിനിന്നില്ല. ഒറ്റ ദിവസത്തിനുള്ളിൽ യോഗിയുടെ ഏകാധിപത്യ ഭരണം സംഘടിത തൊഴിലാളിവർഗ്ഗത്തിനു മുമ്പിൽ മുട്ടുമടക്കി.സമരം ചെയ്യുന്ന തൊഴിലാളി യൂണിയൻ നേതാക്കളുമായി ചർച്ച ചെയ്യാൻ ഒക്‌ടോബർ 6നു രാത്രിതന്നെ സർക്കാർ നിർബ്ബന്ധിതമായി. സ്വകാര്യവൽക്കരണം 2021 ജനുവരി വരെ മാറ്റിവയ്ക്കാമെന്നും സമരം ചെയ്ത തൊഴിലാളികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്നും വ്യവസ്ഥയുള്ള കരാറിൽ സർക്കാർ ഒപ്പിട്ടു. രാജ്യമെമ്പാടുമുള്ള പൊരുതുന്ന തൊഴിലാളി വർഗ്ഗത്തിന് ആവേശം പകർന്ന സമരവിജയമായി യുപിയിലെ വൈദ്യുതിത്തൊഴിലാളികളുടെ സമരം മാറി. പരാജയപ്പെടുത്താവാത്തതെന്ന യോഗിഭരണത്തിന്റെ പ്രതിഛായയെ തൊഴിലാളികൾ കീറിയെറിഞ്ഞു.യുപി വിജയത്തിന്റെ തൊട്ടുപിറകെ മറ്റൊരു സമരവിജയത്തിനും രാജ്യം സാക്ഷിയായി. രാജ്യത്തെ ഓർഡനൻസ് ഫാക്ടറി ബോർഡ് സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാരിന്റെ പ്രതിരോധ മന്ത്രാലയം ഏകപക്ഷീയമായി തീരുമാനിച്ചതിനെതിരെ ഈ രംഗത്ത് പ്രവർത്തിക്കുന്ന നാല് യൂണിയനുകളും സംയുക്തമായി ഒക്‌ടോബർ 10 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിക്കു കയുണ്ടായി. ഇതേത്തുടർന്ന് ഒക്‌ടോബർ 9ന് ചീഫ് ലേബർ കമ്മീഷണർ വിളിച്ചുകൂട്ടിയ അനുരഞ്ജന ചർച്ചയിൽ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കണമെന്ന് യൂണിയനുകൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. സുപ്രധാനമായ ഈ മേഖലയിലെ സ്വകാര്യവൽക്കരണം രാജ്യത്തിന്റെ പ്രതിരോധ ശേഷിയെത്തന്നെ ബാധിച്ചേക്കാമെന്ന കാര്യവും യൂണിയനുകൾ ചൂണ്ടിക്കാണിച്ചു. സ്വകാര്യവൽക്കരണം പണിയെടുക്കുന്ന മുഴുവൻ തൊഴിലാളികളുടെയും സേവന-വേതന വ്യവസ്ഥകൾ അട്ടിമറിക്കുമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു. ഒരു വിദഗ്ദ്ധസമിതിക്ക് രൂപം നൽകിക്കൊണ്ട് ആയുധനിർമ്മാണ രംഗത്തെ കാര്യക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച പഠനം നടത്താവുന്നതാണെന്നും യൂണിയനുകൾ അഭിപ്രായപ്പെട്ടു. 100 ശതമാനവും ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ഒരു കോർപ്പറേറ്റ് സ്ഥാപനമാക്കാനാണ്് ഗവണ്മെന്റ് ഉദ്ദേശിക്കുന്നതെന്നും അത് സ്വകാര്യവൽക്കരണമല്ലെന്നും തൊഴിലാളികളുടെ അവകാശങ്ങളെല്ലാം സംരക്ഷിക്കുമെന്നും ചർച്ചയിൽ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വിശദീകരിക്കുകയുണ്ടായി. ഉന്നതതലത്തിൽ വിഷയം ചർച്ചചെയ്യാമെന്നും അനുരഞ്ജന കാലയളവിൽ മാനേജ്‌മെന്റ് ഒരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, യൂണിയനുകളുടെ യോജിച്ചതും ശക്തവുമായ നിലപാടിനുമുന്നിൽ കേന്ദ്രഗവണ്മെന്റിന് മുട്ട് മടക്കേണ്ടിവന്നു. തൽക്കാലം സ്വകാര്യവൽക്കരണ നീക്കത്തിൽനിന്ന് പിന്തിരിയുന്നതായി തൊഴിലാളികൾക്ക് ഉറപ്പ് നൽകാൻ ഗവണ്മെന്റ് നിർബന്ധിതമാകുകയും ചെയ്തു. ഈ രണ്ട് പോരാട്ട വിജയങ്ങളും രാജ്യമെമ്പാടുമുള്ള തൊഴിലാളികൾക്ക് വഴികാട്ടിയാണ്. ആഗോളീകരണ-സ്വകാര്യവൽക്കരണ നടപടികൾ വിധിപോലെ സ്വീകരിക്കുകയല്ല, ചെറുത്ത് പരാജയപ്പെടുത്തുകയാണ് വേണ്ടതെന്ന പാഠം ഇത് തൊഴിലാളികളെ ഓർമ്മപ്പെടുത്തുന്നു. എത്ര ശക്തനായ എതിരാളിയെയും പരാജയപ്പെടുത്താൻ കഴിയുന്നതാണ് തൊഴിലാളികളുടെ സംഘടിതശക്തിയെന്ന് മോദിക്കും യോഗിക്കും മേൽ നേടിയ ഈ വിജയം വിളിച്ചോതുന്നു. ജനങ്ങളുടെ നികുതിപ്പണവും അധ്വാനിക്കുന്നവന്റെ വിയർപ്പുംകൊണ്ട് പടുത്തുയർത്തപ്പെട്ട പൊതുമേഖലാസ്ഥാപനങ്ങൾ നാടിന്റെ സമ്പത്തായി നിലനിർത്താൻ അധ്വാനിക്കുന്നവന്റെ യോജിച്ച പോരാട്ടങ്ങളിലൂടെ സാധ്യമാണെന്ന് ഈ സമരവിജയങ്ങൾ സ്ഥാപിച്ചിരിക്കുന്നു. നവംബർ 26ന്റെ അഖിലേന്ത്യാ പണിമുടക്കിന്റെ വിജയകാഹളമായി മാറുകയാണ് തൊഴിലാളികളുടെ ഈ സമരങ്ങൾ.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top