2020 ഒക്‌ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ നടന്ന തൊഴിലാളികളുടെ ദേശീയ കൺവൻഷന്റെ പ്രഖ്യാപനം

Share

കോവിഡ്-19 പ്രോട്ടോക്കോൾ നിലനിൽക്കുന്നതുമൂലം കൂട്ടംചേരുന്നതിന് നിയന്ത്രണമുള്ള സാഹചര്യത്തിൽ കേന്ദ്ര ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും അസോസിയേഷനുകളും സംയുക്തമായി ഓൺലൈനിൻ തൊഴിലാളികളുടെ ദേശീയ കൺവൻഷൻ ചേര്‍ന്നു. രാജ്യത്തെ തൊഴിലാളികുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും അടിസ്ഥാന ജനാധിപത്യ അവകാശങ്ങൾക്കും ഭരണഘടനാവകാശങ്ങൾക്കുംനേരെ ബിജെപി നയിക്കുന്ന നരേന്ദ്രമോദി സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നടത്തുന്ന കടന്നാക്രമണങ്ങളിൽ ഈ കൺവൻഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഒന്നാം ബിജെപി സർക്കാരിന്റെ കാലത്ത് (2014-2019) ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച ചെയ്തിരുന്ന പതിവ് 2019ൽ രണ്ടാം മോദി സർക്കാർ വന്നതുമുതൽ കാറ്റിൽ പറത്തിയിരിക്കുകയാണ്. ഡിമാന്റ് കുറഞ്ഞതിനെത്തുടർന്ന് സമ്പദ് ഘടനയ്ക്ക് ഗണ്യമായി മാന്ദ്യം സംഭവിച്ചതായാണ് എല്ലാ വികസന സൂചികകളും കാണിക്കുന്നത്. എന്നിട്ടും സുഗമമായി ബിസിനസ്സ് നടത്താനുള്ള അവസരം ഒരുക്കുന്നതിന്റെ പേരിൽ അവരുടെ നയങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയാണ്. അത് രാജ്യമൊട്ടുക്ക് വ്യാപകമായ ദാരിദ്ര്യത്തെ കൂടുതൽ തീവ്രമാക്കുകയും പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയ്ക്ക് ഒപ്പമാണ് കോർപ്പറേറ്റ് നികുതികൾ കുറയ്ക്കുകയും തൊഴിലാളികൾക്ക് ദ്രോഹകരമായ മൂന്ന് കോഡുകൾ പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെ അസാന്നിദ്ധ്യത്തിൽ ജനാധിപത്യവിരുദ്ധമായി പാർലമെന്റിൽ പാസ്സാക്കുകയും ചെയ്തത്. തൊഴിലാളികളെ അടിമ സമാനമായ സാഹചര്യത്തിലേയ്ക്ക് നയിക്കാനും യൂണിയൻ രൂപീകരണം ദുസ്സഹമാക്കാനും ലക്ഷ്യമിടുന്നതാണ് ഈ മൂന്ന് ലേബർ കോഡുകളും.ഈ കോഡുകൾ ആത്യന്തികമായി സമരം ചെയ്യാനുള്ള തൊഴിലാളികളുടെ, പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തെരുവുകച്ചവടക്കാരുടെയും, വീട്ടുജോലിക്കാരുടെയും, വീടുകൾ കേന്ദ്രമായി പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും, മിഡ് ഡേ മീൽ തൊഴിലാളികളുടെയും ബീഡിതൊഴിലാളികളുടെയും നിർമ്മാണത്തൊഴിലാളികളുടെയും റിക്ഷാ തൊഴിലാളികളുടെയും മറ്റ് ദിവസക്കൂലിക്കാരുടെയും അവകാശം ഇല്ലാതാക്കും. ഇതിന് സമാനമായി എല്ലാ പാർലമെന്ററി നടപടിക്രമങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണ് മൂന്ന് കാർഷികബില്ലുകൾ പാസ്സാക്കുകയും അവശ്യവസ്തു നിയമം റദ്ദാക്കുകയും ചെയ്തത്. കാർഷികോൽപ്പന്നങ്ങൾക്ക് നിയമപരമായി കുറഞ്ഞ താങ്ങുവില ഉറപ്പുവരുത്തുന്നത് ഇല്ലാതാക്കാനും കോർപ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കാനും കരാർ കൃഷി പ്രോത്സാഹിപ്പിക്കാനും ആഭ്യന്തരവും വൈദേശികവുമായ വൻകിട ഭക്ഷ്യസംസ്‌കരണ കമ്പനികളെയും ചില്ലറ വില്‍പ്പന മേഖലയിലെ കുത്തകകൾക്ക് കാർഷിക മേഖല തീറെഴുതിക്കൊടുക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടികൾ. ഇതിലും അപ്പുറംപോയ സർക്കാർ പാർലമെന്റിൽപ്പോലും വയ്ക്കാതെ വൈദ്യുതി(ഭേദഗതി)ബിൽ 2020 നടപ്പാക്കി വൈദ്യുതി വിതരണ സംവിധാനത്തെ ആകെ സ്വകാര്യവത്ക്കരിക്കുകയാണ്. പന്ത്രണ്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് നിലവിലുള്ള ജീവനക്കാരുടെ ഭാവി പുതിയ ഫ്രാഞ്ചൈസികൾക്ക് പന്താടാൻ അവസരം കൊടുക്കുന്നത്. കിട്ടാക്കടം പിടിച്ചെടുക്കാൻ ഒരു ശ്രമവും നടത്താതെ, പൊതുമേഖലയിലെ ബാങ്കുകൾ ലയിപ്പിക്കാനാണ് സർക്കാർ നേരത്തെ ശ്രമിച്ചത്. സാധാരണ ജനങ്ങളുടെ അക്കൗണ്ടുകൾ അപകടപ്പെടുമെന്നുപോലും കണക്കിലെടുക്കാതെയാണ് ഈ നീക്കം. ജിഎസ് ടി സംബന്ധിച്ച തെറ്റായ ധന മാനേജ്‌മെന്റും നയങ്ങളും കേന്ദ്രസർക്കാരിന്റെയും സംസ്ഥാനങ്ങളുടെയും ധനസ്ഥിതി സാമ്പത്തിക സ്ഥിതി ദുർബ്ബലമാക്കുകയാണ്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും എൽഐസിയെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെയും കേന്ദ്രസർക്കാർ എടിഎം എന്നപോലെ ഉപയോഗിക്കുന്നത് സാമ്പത്തികസ്ഥിതി കൂടുതൽ ദയനീയമാക്കുകയും അതിന്റെ ഫലമായി പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരണത്തിനായി ലേലത്തിൽ വയ്ക്കുകയുമാണ്. റയിൽവേ റൂട്ടുകൾ, റയിൽവേ സ്റ്റേഷനുകൾ, റയിൽവേ നിർമ്മാണ യൂണിറ്റുകൾ, വിമാനത്താവളങ്ങൾ, പോർട്ടുകൾ, ഡോക്കുകൾ, ലാഭമുണ്ടാക്കുന്ന സർക്കാർ ഡിപ്പാർട്ടുമെന്റുകൾ, കൽക്കരി ഖനികൾ, ബിപിസിഎൽ പോലെയുള്ള ലാഭകരമായ പൊതുമേഖലാസ്ഥാപനങ്ങൾ, 41 ഓർഡനൻസ് ഫാക്ടറികൾ, ബിഎസ്എൻഎൽ(ഇതിലെ 86,000 ജീവനക്കാർക്ക് ദേശദ്രോഹികൾ എന്നാണ് വിശേഷണം), എയർ ഇന്ത്യ, റോഡ് ഗതാഗത മേഖല തുടങ്ങിയവയെല്ലാം നൂറു ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിനായി തുറന്നിട്ടിരി ക്കുകയാണ്. കോവിഡ്-19 മഹാമാരിയുടെ ഭീതി രാജ്യത്ത് പടരുമ്പോഴാണ് ഇത്തരം അപകടകരമായ നടപടികൾ എല്ലാം നടപ്പാക്കുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, അവരവരുടെ പ്രദേശങ്ങളിൽ കോവിഡ് സർവ്വേ അടക്കമുള്ള കാര്യങ്ങൾ നടത്തുന്ന അംഗൻവാടി, ആശാ ജീവനക്കാർ തുടങ്ങി മുന്നണി പോരാളികൾ എന്നുവാഴ്ത്തപ്പെടുന്നവർ എല്ലാം സ്വജീവൻ പണയപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. എന്നാൽ അവരെ തികച്ചും മോശമായ രീതിയിലാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. അവർക്ക് വാഗ്ദാനം ചെയ്ത വേതനമോ ഇൻഷ്വറൻസ് ആനുകൂല്യങ്ങളോ നൽകാതെ അപമാനിക്കുകയാണ്. കോവിഡ് പടരുന്ന ഈ സാഹചര്യത്തിലും ചങ്ങാത്ത മുതലാളിത്ത സംവിധാനത്തിലെ പ്രമുഖരെല്ലാം അവരുടെ വിപണി മൂല്യം ഓരോ ദിവസവും കോടികൾ ഉയർത്തിക്കൊണ്ട് മാധ്യമങ്ങളുടെ പ്രധാന വാത്തകളിൽ ഇടം നേടുകയാണ്. ഒരു ആസൂത്രണവും ഇല്ലാതെ പ്രഖ്യാപിച്ച ലോക് ഡൗൺ കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിൽ വിവരണാതീതമായ ദുരിതമാണ് വിതച്ചത്. നോട്ടു നിരോധനം സൃഷ്ടിച്ച ദുരന്തത്തെക്കാൾ ദയനീയമായിരുന്നു ഇത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇക്കാലം ദുരിതമയമായി. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്വന്തം വീടുകളിൽപോലും അവർക്ക് എതിരെ പീഡനങ്ങൾ വർദ്ധിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടന നിശ്ചലമാകുകയും തൊഴിലില്ലായ്മ പ്രത്യേകിച്ച് സ്ത്രീകളുടേത് ഗണ്യമായി വർദ്ധിക്കുകയും ജിഡി പി മുമ്പെങ്ങുമില്ലാത്തവിധം ചുരുങ്ങുകയും ചെയ്തു.തൊഴിലാളികളെ പിരിച്ചുവിടരുത് എന്നും വേതനം വെട്ടിക്കുറയ്ക്കരുത് എന്നും ലോക്ഡൗണിന്റെ തുടക്കത്തിൽ സർക്കാർ തൊഴിലുടമകളോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ തൊഴിലുടമകൾ ഈ നിർദ്ദേശങ്ങളെ സുപ്രീംകോടതി യിൽ ചോദ്യം ചെയ്തതോടെ വിദഗ്ദ്ധമായി ആ നിർദ്ദേശങ്ങൾ പിൻവലിച്ചു. തികച്ചും അസ്പഷ്ടമായ പിഎം കെയേഴ്‌സ് എന്ന ഫണ്ട് കേന്ദ്രസർക്കാർ തുടങ്ങുകയും കോർപ്പറേറ്റുകൾ അതിലേയ്ക്ക് സംഭാവന നൽകുകയും ചെയ്തു. കേന്ദ്രസർക്കാർ ജീവനക്കാരെ പിഴിഞ്ഞൂറ്റി ശമ്പളം പിടിച്ചു. ഡിഎ മരവിപ്പിച്ചു. ജീവനക്കാർക്ക് സർവ്വീസ് കാലാവധി പൂർത്തിയാകുംമുമ്പ് വിരമിക്കുന്നതിന് സർക്കാരിന് നിർബന്ധപൂർവ്വം നിർദ്ദേശിക്കാമെന്ന് കാണിക്കുന്ന പഴയ ഒരു ഉത്തരവ് മാന്തിയെടുത്തു. അതിനുശേഷം മഹാമാരി കൈകാര്യം ചെയ്യുന്നതിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്രസർക്കാർ സൗകര്യപൂർവ്വം സംസ്ഥാന സർക്കാരുകളുടെ തലയിലിട്ടു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പണമെറിഞ്ഞ് അട്ടിമറിച്ചും രാഷ്ട്രീയ എതിരാളികളെ സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എൻഐ എ, പോലീസ് എന്നിവപോലെയുള്ള അന്വേഷണ ഏജൻസികളെക്കൊണ്ട് വിരട്ടിയും മുതലെടുക്കുകയാണ് കേന്ദ്രസർക്കാർ. ഈ വിഭാഗീയ ഗൂഢതന്ത്രങ്ങൾ രാജ്യത്തിന്റെ മതനിരപേക്ഷതയെ മുറിവേൽപ്പിക്കുകയാണ്. വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപങ്ങൾ സിഐഎ പ്രതിഷേധക്കാരുടെ ഗൂഢാലോചനയാണ് എന്ന തരത്തിൽ കുറ്റം ആരോപിച്ച് കേസ് എടുക്കുമ്പോൾ വർഗ്ഗീയ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻപോലും തയ്യാറായില്ല. ഈ പദ്ധതികൾക്കായി പോലീസിനെ ഉപയോഗിക്കുന്ന സ്ഥിതിയുണ്ടായി. സുപ്രീംകോടതിയെപ്പോലും അട്ടിമറിക്കുന്ന അപകടകരമായ സ്ഥിതി ഉണ്ടായി. ഈ സങ്കീർണ സാഹചര്യത്തിലാണ് പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിക്കു ന്നത്. വിദ്യാഭ്യാസം പൂർണമായും സ്വകാര്യവത്ക്കരിക്കുന്നതിനും അതുവഴി ദരിദ്രജനങ്ങളെ വിവേചനത്തിന് വിധേയമാക്കുകയും ചെയ്യാനാണ് ഈ പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നത്. ചുരുക്കത്തിൽ ഒരു ശിക്ഷാഭയവുമില്ലാതെ ഭരണഘടനയെ അട്ടിമറിക്കുകയാണ്.മോദി സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളിവിരുദ്ധ, കർഷകവിരുദ്ധ, ദേശവിരുദ്ധ നയങ്ങളെ ട്രേഡ് യൂണിയനുകളുടെ ഈ സംയുക്ത ദേശീയ കൺവൻഷൻ ശക്തിയായി അപലപിക്കുന്നു. പൊരുതി നേടിയ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും ജീവനോപാധിക്കും എതിരെ നടക്കുന്ന കടന്നാക്രമണങ്ങൾ പ്രതിരോധിക്കാൻ വിവിധ മേഖലകളിലെ തൊഴിലാളികളും അദ്ധ്വാനിക്കന്ന മനുഷ്യരും സമരത്തിലാണ് എന്ന് ഈ കൺവൻഷൻ മനസ്സിലാക്കുന്നു. കൽക്കരിതൊഴിലാളികളുടെ മൂന്ന് ദിവസത്തെ പണിമുടക്ക്, ഓർഡൻസ് ഫാക്ടറി തൊഴിലാളികളുടെ പണിമുടക്ക്, റയിൽവേ നിർമ്മാണ യൂണിറ്റുകളുടെ പ്രതിഷേധങ്ങൾ, ബിപിസിഎൽ തൊഴിലാളികളുടെ രണ്ടുദിവസത്തെ സമരവും പ്രതിഷേധവും എന്നിവയും റോഡ് ട്രാൻസ്‌പോർട് ജീവനക്കാർ, ഓയിൽവർക്കേഴ്‌സ്, സ്റ്റീൽവർക്കേഴ്‌സ്, പോർട്ട് വർക്കേഴ്‌സ്, സിമന്റ് വർക്കേഴ്‌സ്, സ്‌കീംവർക്കേഴ്‌സ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികളും യുപിയിലെ വൈദ്യുതി മേഖലയിലെ തൊഴിലാളികളും എൻജിനിയർമാരും ഈയിടെ നടത്തിയ സമരങ്ങളും പ്രതിഷേധങ്ങളുമെല്ലാം സ്വകാര്യവത്ക്കരണത്തിന് എതിരായും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ളവയാണ്. രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി 2020 ഒക്‌ടോബർ 12 മുതൽ അനിശ്ചിതകാല സമരം നടത്താനുള്ള ഓർഡനൻസ് ഫാക്ടറികളിലെ ജീവനക്കാരുടെ തീരുമാനത്തെ ഈ കൺവൻഷൻ പിന്തുണയ്ക്കുന്നു. ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2020 ഒക്‌ടോബർ 12ന് എല്ലാ തൊഴിലിടങ്ങളിലും ശക്തമായ പ്രതിഷേധം നടത്താൻ ഈ കൺവൻഷൻ ആഹ്വാനം ചെയ്യുന്നു. സമരം രമ്യമായി പരിഹരിക്കുംവരെ ഓരോ ആഴ്ചയും തൊഴിലിടങ്ങളിൽ സമരം നടത്തണം. പാർലമെന്റിൽ ഏകപക്ഷീയമായി പാസ്സാക്കിയ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ പോരാടുന്ന കർഷകർക്ക് കൺവൻഷൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വോട്ടിംഗ് പോലുമില്ലാതെയാണ് പാർലമെന്റിൽ ഈ ബില്ലുകൾ പാസ്സാക്കിയെടുത്തത്. സംയുക്ത ട്രേഡ് യൂണിയൻ പ്രസ്ഥാനം ദേശീയ തലത്തിലും രാജ്യത്തെവിടെയും നടക്കുന്ന കർഷക പ്രക്ഷോഭങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്നും കർഷകർക്കൊപ്പം ഉറച്ചു നിൽക്കുമെന്നും ഈ കൺവൻഷൻ പ്രഖ്യാപിക്കുന്നു. ലോക്ഡൗൺ കാലത്തെ ബുദ്ധിമുട്ടുകൾക്കിടയിലും ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി ആഹ്വാനം ചെയ്യുന്ന പ്രതിഷേധ പരിപാടികളിൽ വൻ പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. സമരങ്ങൾ കൂടുതൽ തീവ്രമാക്കണം എന്ന അനിവാര്യതയ്ക്കാണ് ഈ കൺവൻഷൻ അടിവരയിടുന്നത്. ഒരു കുറ്റബോധവുമില്ലാതെയാണ് നരേന്ദ്രമോദി സർക്കാർ കോർപ്പറേറ്റുകളുടെ പാദസേവ ചെയ്യാനായി രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും അദ്ധ്വാനിക്കുന്ന മനുഷ്യരുടെയും സാധാരണക്കാരുടെയും താൽപര്യം ബലികഴിക്കുന്നത്. രാജ്യത്തെ തൊഴിലാളി സംഘടന പ്രസ്ഥാനമാകെയും വിഖ്യാതരായ സാമ്പത്തിക ശാസ്ത്രജ്ഞരുമെല്ലാം ആവശ്യപ്പെടുന്നത് ജനങ്ങളുടെ കൈയിൽ പണം എത്തിക്കണം എന്നാണ്. അത് തകർന്ന സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന് അൽപ്പം ആശ്വാസം പകരുമെന്നതിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ തയ്യാറല്ല. നമ്മുടെ ഗോഡൗണുകളിൽ ധാന്യങ്ങൾ നിറഞ്ഞു കവിയുമ്പോഴും ആവശ്യമുള്ളവർക്ക് സൗജന്യ റേഷൻ ൽകാൻ ബിജെപ ിസർക്കാർ തയ്യാറല്ല. ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ തൊഴിലാളികളും അടങ്ങിയ പുതിയ ഉജ്വലമായ സമരം അനിവാര്യമാണെന്നും അത് നിഷേധത്തിന്റെയും നിസ്സഹകരണത്തിന്റെയും രൂപത്തിലുള്ളതാകണമെന്നും ഈ കൺവൻഷൻ ആഹ്വാനം ചെയ്യുന്നു. എല്ലാ തൊഴിലാളികളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ഐക്യദാർഢ്യം ആ സമരത്തിനുണ്ടാകണമെന്ന് കൺവൻഷൻ ആഹ്വാനം ചെയ്യുന്നു.

രാജ്യത്തെ എല്ലാ തൊഴിലാളികളോടും രാജ്യവ്യാപകമായ ഒരു പൊതു പണിമുടക്കിന് സജ്ജമാകാൻ ഈ കൺവൻഷൻ ആഹ്വാനം ചെയ്യുന്നു.

ആവശ്യങ്ങൾ

 ആദായനികുതി ദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുക.

 ആവശ്യക്കാരായ എല്ലാവർക്കും പ്രതിമാസം 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക.

 വർഷം 200 തൊഴിൽദിനം വർദ്ധിപ്പിച്ച വേതനത്തിൽ ലഭ്യമാക്കാനായി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിപുലീകരിക്കുക, നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുക.

പ്രതിരോധ നിർമ്മാണ-റയി ൽവേ-തുറമുഖ-വ്യോമയാന-വൈദ്യുതി-ഖനനധന മേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക.

 കർഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക.

 കേന്ദ്രസർവ്വീസ് പൊതുമേഖല ജീവനക്കാരെ നിർബന്ധപൂർവ്വം പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക.

എല്ലാവർക്കും പെൻഷൻ നൽകുക, പുതിയ പെൻഷൻ പദ്ധതിക്ക് പകരം മുൻസംവിധാനം പുന:സ്ഥാപിക്കുക, എംേപ്ലായീസ് പെൻഷൻ പദ്ധതി-1995 മെച്ചപ്പെടുത്തുക.

സംസ്ഥാന/ജില്ലാ/വ്യവസായ/സെക്ടർതല/സംയുക്തകൺവൻഷനുകൾ കഴിവതും നേരിട്ട് പങ്കെടുത്തുകൊണ്ട് ചേരാൻ ഈ കൺവൻഷൻ ആഹ്വാനം ചെയ്യുന്നു.

അതിന് സാധിക്കാത്തിടത്ത് 2020 ഒക്‌ടോബർ അവസാനത്തിനകം ഓൺലൈനായും ചേരണം. അതിന്റെ ഭാഗമായി ലേബർ കോഡുകൾ എങ്ങനെ തൊഴിലാളികളെ അപകടകരമായി ബാധിക്കുമെന്ന വിഷയത്തിൽ നവംബർ മദ്ധ്യത്തോടെ താഴേത്തട്ടിലടക്കം വിപുലമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കണം. നവംബർ 26ന് ദേശവ്യാപകമായി നടക്കുന്ന പൊതുപണിമുടക്കിന് താഴേത്തട്ടിലുള്ള തൊഴിലാളികളെ സജ്ജമാക്കണം. കൂടുതൽ തീവ്രവും ശക്തവും നിശ്ചയദാർഢ്യത്തോടുകൂടെയുള്ളതുമായ ദീർഘ സമരങ്ങൾക്കുള്ള മുന്നൊരുക്കം കൂടിയാണിത്. യൂണിയനിൽ ഉള്ളവരോ ഇല്ലാത്തവരോ ആകട്ടെ, അഫിലിയേറ്റഡ് സംഘടനകളിലുള്ളവരോ ഇല്ലാത്തവരോ ആകട്ടെ, സംഘടിത മേഖലയിലോ അസംഘടിത മേഖലയിലോ ഉള്ളവരാകട്ടെ, കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങൾക്കെതിരെ നവംബർ 26ന് നടക്കുന്ന രാജ്യവ്യാപക പണിമുടക്ക് വിജയിപ്പിക്കാൻ എല്ലാവരോടും ഈ കൺവൻഷൻ ആഹ്വാനം ചെയ്യുന്നു.

ഐഎൻറ്റിയുസി, എഐറ്റിയുസി, എച്ച്എംഎസ്, സിഐറ്റിയു, എഐയുറ്റിയുസി, റ്റിയുസിസി, എസ്ഇഡബ്ല്യുഎ, എഐസിസിറ്റിയു, എൽപിഎഫ്, യുറ്റിയുസി, ആൾ ഇന്ത്യ ഫെഡറേഷൻസ് ഓഫ് ബാങ്ക്‌സ്, ഇൻഷ്വറൻസ്, ഡിഫൻസ്, റയിൽവേസ്, സെൻട്രൽ/സ്റ്റേറ്റ് ഗവൺമെന്റ്‌സ് എംപ്ലോയ്‌സ് ആന്റ് അദർ സർവ്വീസ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ്.

Share this post

scroll to top