കാര്‍ഷികരംഗം കുത്തകകള്‍ക്ക് അടിയറവയ്ക്കുന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക കര്‍ഷകരെ തകര്‍ക്കുന്ന, ജനങ്ങളെ പട്ടിണിയിലേ യ്ക്ക് തള്ളിവിടുന്ന നിയമനിര്‍മാണത്തിനെതിരെ ഗ്രാമീണ ഹര്‍ത്താല്‍ വിജയിപ്പിക്കുക

Share

എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രോവാഷ് ഘോഷിന്റെ പ്രസ്താവന

അവശ്യസാധന നിയമഭേദഗതി ബിൽ 2020, കർഷക ഉല്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവു (പ്രോത്സാഹനവും സൗകര്യമൊരുക്കലും)മായി ബന്ധപ്പെട്ട ബിൽ, വില ഉറപ്പിക്കൽ സംബന്ധിച്ചും സേവനങ്ങളെ സംബന്ധിച്ചുമുള്ള കർഷകരുടെ കരാറുമായി (ശാക്തീകരണവും സംരക്ഷണവും) ബന്ധപ്പെട്ട ബിൽ 2020, എന്നിവ പാസാക്കിയതിനെ ശക്തമായി അപലപിച്ചുകൊണ്ട് എസ്.യു.സി.ഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രോവാഷ് ഘോഷ് താഴെ പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു. എല്ലാത്തരം ധാന്യങ്ങളും പയറുവർഗങ്ങളും, എണ്ണക്കുരുക്കൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയും അവശ്യ വസ്തുക്കളുടെ പരിധിയിൽ നിന്നും നീക്കം ചെയ്തുകൊണ്ട്, ദേശ- വിദേശ കോർപ്പറേറ്റ് കഴുകന്മാർക്ക് ശക്തി പകരാനുദ്ദേശിച്ചുകൊണ്ടുള്ള ഈ നടപടി, നമ്മുടെ നാട്ടിലെ കർഷകർക്ക് നേരെയുള്ള ഹീനമായ അക്രമണമാണ്. മാത്രമല്ല, ഇതിലൂടെ മുഴുവൻ അടിസ്ഥാനസൗകര്യങ്ങളും ഭക്ഷ്യശൃംഖലയപ്പാടെയും കോർപ്പറേറ്റുകൾക്ക് കൈമാറ്റപ്പെടും. ബിജെപി ഗവണ്മെന്റിന്റെ ഈ നടപടി, കർഷകർക്കൊപ്പം മുഴുവൻ ജനവിഭാഗങ്ങളുടെയും താല്പര്യങ്ങളെ അപകടപ്പെടുത്തും. കർഷകരുടെ, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം കർഷകരുടെ സമ്പൂർണമായ നാശത്തിന് ആത്യന്തികമായി ഇടയാക്കുന്നതരത്തിൽ, ബഹുരാഷ്ട്രകുത്തകകളുമായി കരാർ കൃഷിയിലേർപ്പെടാൻ ഈ മൂന്ന് കിരാത ബില്ലുകളിലൂടെ കൃഷിക്കാർക്കുമേൽ സമ്മർദ്ദവും നിർബന്ധവും ചെലുത്തുകയാണ് ബിജെപി സർക്കാർ. ഇതിനോടകം തന്നെ നമ്മുടെ നാട്ടിൽ നാല് ലക്ഷത്തിലേറെ കർഷകരും കർഷകതൊഴിലാളികളും ആത്മഹത്യ ചെയ്തുകഴിഞ്ഞു. ലോകമെങ്ങുമുള്ള ധനികകർഷകരെയും ബഹുരാഷ്ട്ര കോർപറേഷനുകളെയും കൂടുതൽ സമ്പന്നരാക്കുന്ന ഈ നടപടി കർഷകരെ ആത്മനാശത്തിലേക്കും ആത്മാഹുതിയിലേക്കും നയിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഈ സാഹചര്യത്തിൽ കർഷകരുടെ ചെറുത്തുനിൽപ്പ് സമരം കെട്ടിപ്പടുക്കാനുദ്ദേശിച്ചു കൊണ്ട് എഐകെകെഎംഎസ്(എസ്.യു.സി.ഐ(സി)യുടെ കർഷക തൊഴിലാളി സംഘടന) ഒരു പ്രധാന ഘടക കക്ഷിയായി പ്രവർത്തിക്കുന്ന അഖിലേന്ത്യാ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റി (എഐകെഎസ് സിസി) 2020 സെപ്റ്റംബർ 25 നു ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ ഭാരത ബന്ദിന് പൂർണ പിന്തുണ നൽകുന്നതോടൊപ്പം ഈ ജനവിരുദ്ധ കർഷക വിരുദ്ധ ബില്ലുകൾ ഉടൻ പിൻവലിക്കാൻ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താൻ അണിനിരക്കണമെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

Share this post

scroll to top