ഗ്രാറ്റ്വുവിറ്റി വിതരണം: നിരന്തര തൊഴിലാളി സമരത്തിന്റെ വിജയം-കശുവണ്ടി തൊഴിലാളി സെന്റര്‍

TU-KLM-scaled.jpg
Share

കശുവണ്ടി തൊഴിലാളി സെന്റർ (എഐയുടിയുസി) യുടെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയ 18 വർഷത്തെ നിരന്തര സമരത്തിന്റെ വിജയമാണ്, ഇപ്പോൾ കശുവണ്ടി വികസന കോർപ്പറേഷനെക്കൊണ്ട് ഗ്രാറ്റ്വുവിറ്റി വിതരണം നടത്തിപ്പിക്കാൻ കഴിഞ്ഞതെന്ന് കശുവണ്ടി തൊഴിലാളി സെന്റർ സംസ്ഥാന പ്രസിഡണ്ട് വി.കെ.സദാനന്ദൻ, ജനറൽ സെക്രട്ടറി എസ്.രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു. 2002 ൽ സുപ്രിംകോടതി വിധിയെത്തുടർന്ന് കാഷ്യൂ കോർപ്പറേഷൻ സ്വകാര്യ ഉടമകൾക്ക് തിരികെ കൊടുത്ത മുഖത്തല, എഴുകോൺ, നെടുവത്തൂർ, കല്ലമ്പലം ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഗ്രാറ്റ്വുവിറ്റിയ്ക്കു വേണ്ടി ദീർഘകാല സമരമാണ് നടത്തേണ്ടി വന്നത്. 2005 ഫിബ്രുവരിയിൽ മുഖത്തല ജയശ്രീ കമ്പനി തൊഴിലാളികൾ നടത്തിയ 57 ദിവസം നീണ്ടുനിന്ന സമരം മുതൽ, അനേകം തവണ കാഷ്യൂ കോർപ്പറേഷൻ ഹെഡ് ഓഫീസ്സ് മാർച്ചും, സെക്രട്ടേറിയറ്റ് മാർച്ചും ഇതിനുവേണ്ടി നടത്തുയുണ്ടായി. 2019 മാർച്ച് 14 മുതൽ കാഷ്യൂ കോർപ്പറേഷൻ ഹെഡ് ഓഫീസ്സിനു മുമ്പിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരത്തെതുടർന്ന്, മൂന്നു മാസത്തിനകം മുഴുവൻ തൊഴിലാളികൾക്കും ഗ്രാറ്റ്വുവിറ്റി കൊടുത്തു തീർക്കാമെന്ന് മാനേജ്‌മെന്റ് രേഖാമൂലം ഉറപ്പ് നൽകി. എന്നാൽ, ഗ്രാറ്റ്വുവിറ്റി ലഭിക്കാനുള്ള വൗച്ചറുകളിൽ തൊഴിലാളികൾ ഒപ്പു വെച്ച ശേഷവും, ഫണ്ട് ലഭ്യമാക്കാതെ കാഷ്യൂ കോർപ്പറേഷൻ ഗ്രാറ്റ്വുവിറ്റി വിതരണം നീട്ടിക്കൊണ്ടുപോയി.എന്നാൽ, അടുത്ത തിരുവോണം മുതൽ അനിശ്ചിതകാല പട്ടിണി സമരം ആരംഭിക്കുമെന്ന കശുവണ്ടി തൊഴിലാളി സെന്ററിന്റെ പ്രഖ്യാപനമാണ് ഇപ്പോൾ ഗ്രാറ്റ്വുവിറ്റി വിതരണം നടത്താൻ ഇടയാക്കിയത്. ട്രേഡ് യൂണിയനുകൾ ഭരിക്കുന്ന കശുവണ്ടി വികസന കോർപ്പറേഷൻ പോലുള്ള ഒരു സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ഗ്രാറ്റ്വുവിറ്റി പോലുള്ള അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി നീണ്ട 18 വർഷം പൊരുതേണ്ടി വന്നു എന്നത് തികച്ചും ലജ്ജാകരമാണ്. ഈ പോരാട്ടത്തിനിടയിൽ 30 വർഷത്തോളം പണിയെടുത്ത 1600 ഓളം തൊഴിലാളികൾ ഗ്രാറ്റ്വുവിറ്റി കൈപ്പറ്റാൻ കഴിയാതെ മരണപ്പെടുകയും ചെയ്തു. ഗ്രാറ്റ്വുവിറ്റി നിയമം അനുശ്വാസിക്കുന്ന വിധം കഴിഞ്ഞ 18 വർഷത്തെ 10 ശതമാനം പലിശ ഉടൻ നൽകാൻ കോർപ്പറേഷൻ തയ്യാറാകണം. നിശ്ചയദാർഢ്യത്തോടെ വിജയംവരെ പൊരുതിയ മുഴുവൻ തൊഴിലാളികളെയും യൂണിയൻ നേതാക്കൾ അഭിവാദ്യം ചെയ്തു

Share this post

scroll to top