പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫിന്റേത് ഇടത് രാഷ്ട്രീയത്തിന്റെ വിജയമല്ല

Voting.jpg
Share

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ഡിസം ബർ 8,10,14 തീയതികളിലായി നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മേല്‍കൈ നേടുകയുണ്ടായി. കോവിഡ് മഹാമാരി സൃഷ്ടിച്ച വിവരണാതീതമായ സാമ്പത്തിക ക്ലേശങ്ങളിൽ ജനങ്ങൾ നിസ്സഹായമായി വലയുമ്പോഴാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇതിനുമുമ്പ് ഒരിക്കലും ദർശിച്ചിട്ടില്ലാത്തവിധം പണം കുത്തിയൊഴുക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. ദുരിതം നിറഞ്ഞ ഈ സാമൂഹ്യസാഹചര്യം ഒരു രാഷ്ട്രീയകക്ഷിക്കും പരിഗണനാവിഷയമായില്ല.

വോട്ടെണ്ണലിനുശേഷവും അദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ സദാചാരത്തിന് തരിമ്പും നിരക്കാത്ത മാർഗ്ഗങ്ങളിലൂടെ എൽഡിഎഫ് നേട്ടം കൊയ്തു. തെരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാനത്തു ഭരണം നടത്തുന്ന ഇടതു മുന്നണിയുടെ നയങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണെന്നും സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടതായും സിപിഐ(എം), സിപിഐ നേതാക്കൾ തലങ്ങും വിലങ്ങും അവകാശപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ തന്റെ സർക്കാർ നടത്തുന്ന കെ-റെയിൽ ഉൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾ തുടരാനുള്ള ജനങ്ങളുടെ അനുമതിയാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഈ അവകാശവാദങ്ങളുടെ യഥാർത്ഥ്യമെന്താണ്? ഈ തെരഞ്ഞെടുപ്പ് ഫലം യാഥാർത്ഥത്തിൽ എന്ത് വ്യക്തമാക്കുന്നു?

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഘടകങ്ങൾക്ക്
പരിമിതമായ സ്വാധീനം മാത്രം
.

സംസ്ഥാനത്ത് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇടതു കക്ഷികൾ നയിക്കുന്ന മുന്നണി ജയിക്കുന്നത് പതിവ് കാഴ്ചയാണ്. 2010ലെ തെരഞ്ഞെടുപ്പിലൊഴികെ ഏതാണ്ട് എല്ലാ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയാണ് ജയിച്ചിട്ടുള്ളത്. 2015ലെ തെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ 7 വീതം ജില്ലാ പഞ്ചായത്തുകൾ ഇരുമുന്നണിയും നേടിയപ്പോൾ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫിന് വ്യക്തമായ മുന്നേറ്റമുണ്ടായി. അന്ന് 549 ഗ്രാമ പഞ്ചായത്തുകളും 90 ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫ് നേടിയത് യഥാക്രമം 365ഉം 61 ഉം മാത്രമായിരുന്നു. ഒരു തവണ മാത്രം നടന്ന ജില്ലാ കൗൺസിൽ പരീക്ഷണത്തിൽ ഏതാണ്ട് എല്ലാ ജില്ലകളും എൽഡിഎഫ് നേടുകയുണ്ടായി. പ്രാദേശിക തലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതു കക്ഷികൾക്ക്, പ്രത്യേകിച്ചും സിപിഐ(എം)ന് പതിവായി ജയിക്കാനിട നൽകുന്ന അനുകൂല ഘടകങ്ങളിൽ ഒന്ന് പ്രാദേശിക സംഘടനാ സംവിധാനമാണ്. പ്രധാന എതിരാളിയായിട്ടുള്ള കോൺഗ്രസ്സിനാകട്ടെ പ്രാദേശിക ഘടകങ്ങൾ പേരിനുപോലും പ്രവർത്തിക്കുന്നില്ല. ഒരു വോട്ടറെ ബൂത്തിലെത്തിക്കാനുള്ള സംഘടനാ ക്രമീകരണം പോലും ഇന്ന് കോൺഗ്രസ്സിനില്ല. ആർഎസ്എസിന്റെ പിൻബലത്തിൽ ബിജെപിയുടെ പ്രാദേശിക സംഘടനാ സംവിധാനം കാര്യക്ഷമമാണെന്നതിനാലാണ് രാഷ്ട്രീയ പിന്തുണ ഇല്ലെങ്കിലും ചില വാർഡുകളിൽ ബിജെപി ജയിക്കുന്നത്. രാഷ്ട്രീയ പിന്തുണയുടെ ബലാബലത്തിനുമപ്പുറം സംഘടനാസംവിധാനത്തിന്റെ ബലമാണ് പരീക്ഷിക്കപ്പെടുന്നത് എന്നതിനാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ പിന്തുണയുടെ അളവുകോലായി കാണാനാവില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വളരെ അനുകൂലമായി പ്രവർത്തിക്കുന്ന മറ്റൊരു പ്രധാന ഘടകം കുടുംബശ്രീ യൂണിറ്റുകളും അയൽക്കൂട്ടസംരഭങ്ങളുമാണ്. പെരുകുന്ന ജീവിത പ്രാരാബ്ധങ്ങൾ നിമിത്തം വായ്പ വാങ്ങിയേ നിലനിൽക്കാനാവൂ എന്ന സാഹചര്യം, അയൽക്കൂട്ടങ്ങളും സ്വയം സഹായ സംഘങ്ങളും താഴേത്തട്ടിലുള്ള ജീവിതങ്ങൾക്ക് ഒഴിവാക്കാനാവാത്ത ഒന്നാക്കി മാറ്റിയിരിക്കുന്നു. പഞ്ചായത്ത് ഭരണത്തിലെ മേധാവിത്വം ഉപയോഗപ്പെടുത്തി ഔദ്യോഗികമായി കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ താഴേത്തട്ടിൽ വലിയ സ്വാധീനം ചെലുത്താൻ സിപിഐ(എം)ന് കഴിയുന്നു. ജനങ്ങളുടെ-പ്രത്യേകിച്ചും നിർദ്ധന കുടുംബങ്ങളുടെ- സാമ്പത്തിക ജീവിതത്തിൽ മുകളിൽ സൂചിപ്പിച്ച കാരണങ്ങളാൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ആയിരക്കണക്കിന് കുടുംബശ്രീ വോളന്റിയർമാരും എഡിഎസ് -സിഡിഎസ് സെക്രട്ടറിമാരും ഭാരവാഹികളും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത്തവണ സ്ഥാനാർത്ഥികളായി. എറണാകുളം ജില്ലയിൽ മാത്രം 1900 കുടുംബശ്രീ പ്രവർത്തകരാണ് ഇത്തവണ മൽസരിച്ചത്. ബഹുഭൂരിപക്ഷവും എൽഡിഎഫ് സ്ഥാനാർ ത്ഥികളായിരുന്ന ഇവരിൽ നിരവധി പേർ വിജയിക്കുകയും ചെയ്തു. ഒരിക്കലും ഭേദിച്ച് പുറത്ത് വരാനാവാത്ത സാമ്പത്തികകുരുക്കുകളിൽ ജനങ്ങളെ അകപ്പെടുത്തിയതിനുശേഷം അവരുടെ നിസ്സഹായതയെ വോട്ടാക്കി മാറ്റുകയാണ് ഇവർ ചെയ്യുന്നത്. നിന്ദ്യവും അപമാനകരവുമായ ഈ മാർഗ്ഗങ്ങളിലൂടെ നേടിയ വിജയത്തെയാണ് തങ്ങളുടെ രാഷ്ട്രീയ നയങ്ങൾക്കുള്ള അംഗീകാരമായി ചിത്രീകരിക്കുന്നത്.
പാർലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പകളുമായി താരതമ്യപ്പെടുത്തിയാൽ തദ്ദേശ തെരഞ്ഞെടുപ്പുകളുടെ ഫലത്തെ നിർണ്ണയിക്കുന്നതിൽ രാഷ്ട്രീയത്തേക്കാൾ മുൻതൂക്കത്തിൽ വരാറുള്ളത് മറ്റനേകം ഘടകങ്ങളാണ്. സ്ഥാനാർത്ഥിയുടെ ജാതിയും മതവും കുടുംബബലവും പശ്ചാത്തലവും പൊതുരംഗത്തെ പ്രകടനവും മുതൽ വ്യക്തി സ്വാധീനംവരെ വാർഡ് തെരഞ്ഞെടുപ്പിന്റെ ഫലത്തെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. അതിനാൽ സംസ്ഥാനഭരണത്തിന്റെ രാഷ്ട്രീയ വിലയിരുത്തലായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തെ കാണാനാവില്ല.
ഒരു പരീക്ഷണമായി നടന്ന 1991ലെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വമ്പിച്ച നേട്ടം കൈവരിച്ചതിനേത്തുടർന്ന് വലിയ വിജയം പ്രതീക്ഷിച്ച്, അധികാരത്തിലുണ്ടായിരുന്ന ഇടതു സർക്കാർ കാലാവധി പൂർത്തിയാകുംമുമ്പേ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തി. എന്നാൽ വെറും 2 മാസത്തെ സമയവ്യത്യാസത്തിൽ നടത്തിയ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻഭൂരിപക്ഷം നേടി അധികാരത്തിൽ വന്നത് നാം കണ്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അനുകൂലമെന്ന് വിലയിരുത്തപ്പെട്ട രാഷ്ട്രീയ ഘടകങ്ങൾ യഥാർത്ഥത്തിൽ വിധിയെഴുത്തിന്റെ മാനദണ്ഡമായിരുന്നില്ല എന്ന് തുടർന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചു. സംസ്ഥാന ഭരണനയങ്ങൾക്ക് വമ്പിച്ച സ്വീകാര്യത ഉണ്ടെങ്കിൽ അത് നിയമസഭാ തെരഞ്ഞെടുപ്പിലാണല്ലോ കൂടുതൽ പ്രകടമാകേണ്ടത്. ഇതേ സാഹചര്യം 2000-ലും ആവർത്തിക്കുകയുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം തൊട്ടുപിറകെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കപ്പെടാതെ പോകുന്നതിൽനിന്ന് വിധിയെഴുത്തിന്റെ മാനദണ്ഡം വ്യത്യസ്തമാണെന്ന് വ്യക്തമാകുന്നു. അതിനാൽ ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാനഭരണത്തിന് നൽകിയ നല്ല സർട്ടിഫിക്കറ്റാണെന്ന അവകാശവാദത്തിൽ ഒരു കഴമ്പുമില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ജയം, തങ്ങളുടെ ശരിയായ രാഷ്ട്രീയ നിലപാടുകളുടെ കരുത്തുകൊണ്ട് നേടി എന്ന മട്ടിലുള്ള അവതരണം ഇടതുമുന്നണിയുടെ ജനദ്രോഹഭരണത്തെ വെള്ളപൂശാനുള്ള വെപ്രാളത്തിൽനിന്ന് ജനിക്കുന്നതാണ്. തമ്മിൽത്തല്ലിയും ഗ്രൂപ്പ് തിരിഞ്ഞ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചും നേതാക്കൾ തന്നെ വിമതരെ രംഗത്തിറക്കിയും മുന്നണിക്കുപുറത്ത് ബാന്ധവങ്ങൾ ഉണ്ടാക്കിയും നേതാക്കൾ അതിനെ തള്ളിപ്പറഞ്ഞും വിമതർക്ക് ഒദ്യോഗിക ചിഹ്നം നൽകിയും ഒരു രാഷ്ട്രീയ പോരാട്ടത്തിന് പേരിനുപോലും ത്രാണി ഇല്ലാതിരുന്ന യുഡിഎഫ് എന്ന ദുർബ്ബല ചേരിക്കുമേൽ മേൽക്കൈ നേടുക ദുഷ്‌കരമായ ദൗത്യമേ ആയിരുന്നില്ല. തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫിന്റെ ദയനീയമായ പരാജയം ഈ വസ്തുകളെയാണ് വെളിവാക്കുന്നത്. മറുവശത്ത് എൽഡിഎഫാകട്ടെ, തെരഞ്ഞെടുപ്പ് ഗോദായിലെ എല്ലാ അടവുകളും പ്രയോഗിക്കുന്നതിൽ ഏവരെയും കടത്തിവെട്ടി. പതിവുപോലെ കണ്ണൂരിൽ നിരവധി വാർഡുകളിൽ ‘എതിരാളികളില്ലാത്തതിനാൽ’ നോമിനേഷൻ സമർപ്പണം കഴിഞ്ഞപ്പോൾ ഇടതുമുന്നണി സ്ഥാനാർത്ഥികൾ വിജയികളായി. രാഷ്ട്രീയ മുഷ്‌കും അക്രമവും കാട്ടി, എതിരാളികളെ നോമിനേഷൻ കൊടുക്കാൻപോലും അനുവദിക്കാതെയാണ് ഈ ഏകപക്ഷീയ വിജയങ്ങൾ ഉറപ്പാക്കിയത്. സീറ്റ് ലഭിക്കാതെപോയ നിരവധി കോൺഗ്രസ്സ് പ്രവർത്തകർ ഒറ്റ രാത്രി ഇരുണ്ട് വെളുത്തപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥികളായി. വാഗ്ദാനങ്ങളും പദവികളും നൽകിയും ചാക്കിട്ടുപിടിച്ചും കുറെ ഭാഗ്യാന്വേഷികളെ കൂടെ നിർത്തി ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തുകളിലും പിന്നീട് ഇടതുമുന്നണി ഭരണം പിടിച്ചെടുത്തു. രാത്രിയിൽ ഉറങ്ങുമ്പോൾ കോൺഗ്രസ്സും പുലർച്ചെ ഇടതുപക്ഷവുമാകുന്ന മറിമായങ്ങളിലൂടെ നിരവധി പഞ്ചായത്തുകൾ എൽഡിഎഫ് പിടിച്ചെടുത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയഗാഥ പൂർണ്ണമാക്കാൻ ഇടതുമുന്നണി സ്വീകരിച്ച മാർഗ്ഗങ്ങളിൽ ഇവയും ഉൾപ്പെടും. ‘നാല് സീറ്റിനുവേണ്ടി എന്തു ചെറ്റത്തരവും കാണിക്കുന്ന പാർട്ടിയല്ല സിപിഐ(എം)’ എന്ന സഖാവ് പിണറായി വിജയന്റെ വാക്കുകൾ അങ്ങനെ അക്ഷരാർത്ഥത്തിൽ നടപ്പാക്കി.

തെരഞ്ഞെടുപ്പ് ഫലം
രാഷ്ട്രീയനയങ്ങളുടെ ശരി-
തെറ്റുകൾ നിർണ്ണയിക്കുന്നില്ല
.

തെരഞ്ഞെടുപ്പ് ഫലം അധികാരത്തിലിരിക്കുന്ന കക്ഷിയുടെ രാഷ്ട്രീയനയങ്ങളുടെ ശരി-തെറ്റുകൾ നിർണ്ണയിക്കുന്നു എന്ന വാദം യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല. നരേന്ദ്ര മോദിയുടെ ആദ്യടേമിലെ ഭരണത്തിൻമേൽ നടന്ന വിധിയെഴുത്തായി ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനെ ഗണിക്കാനാവുമോ? മോദി സർക്കാരിനെ വീണ്ടും അധികാരത്തലേറ്റിയതു വഴി സർവ്വസീമകളും ലംഘിച്ച അഞ്ച് വർഷത്തെ ദുർഭരണം ജനങ്ങളാൽ അംഗീകരിക്കപ്പെട്ടുവെന്ന് അര്‍ത്ഥമില്ല. നോട്ടു നിരോധനവും കർഷകദ്രോഹവും അന്തമില്ലാത്ത സ്വകാര്യവൽക്കരണവും ഇന്ധനവിലവർദ്ധനവുമെല്ലാം ജനങ്ങൾ പൂർണ്ണ സംതൃപ്തിയോടെ സ്വീകരിച്ചുവെന്ന് ഈ വിധിയെഴുത്തിലൂടെ നാം വിലയിരുത്തണമോ? തങ്ങളുടെ ഭരണത്തിന് ലഭിച്ച അംഗീകാരമായി തെരഞ്ഞെടുപ്പ് വിജയത്തെ ബിജെപി നേതൃത്വം വിലയിരുത്തിയപ്പോൾ വിവേകമതിയായ ഒരാളും അതിനെ അങ്ങിനെ കണ്ടില്ല. സിപിഐ, സിപിഐ(എം) ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ ഏവരും ഈ അവകാശവാദത്തെ തള്ളിക്കളയുകയും ചെയ്തതാണല്ലോ.
കർഷക സമരം ആഞ്ഞടിക്കുന്ന വേളയിലാണല്ലോ ബീഹാറിൽ വീണ്ടും എൻഡിഎ അധികാരത്തിലെത്തുന്നത്. കാർഷിക നിയമങ്ങൾ ശരിയാണെന്ന് അതൊട്ടും തെളിയിക്കുന്നില്ല. ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ 19 സീറ്റും കരസ്ഥമാക്കിയത് യുഡിഎഫിന്റെ രാഷ്ട്രീയ മഹത്വംകൊണ്ടാണെന്ന് സുബോധമുള്ള ഒരാളും കരുതുകയില്ലല്ലോ. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിജയം തങ്ങളുടെ നയങ്ങൾക്കുള്ള അംഗീകാരമാണെന്ന ന്യായം അടിസ്ഥാനമാക്കിയാൽ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ദയനീയമായ പരാജയം തങ്ങളുടെ നയങ്ങൾക്കുള്ള തിരിച്ചടിയാണെന്നും അർത്ഥമുണ്ടല്ലോ. ഈ ന്യായം അന്ന് അവതരിപ്പിക്കാതിരുന്ന എൽഡിഎഫ് നേതൃത്വം പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തിന്റെമേൽ ഇപ്പോൾ നടത്തുന്ന മേനി നടിക്കൽ ഒരു രാഷ്ട്രീയ തട്ടിപ്പ് മാത്രമാണ്. തങ്ങൾ പരാജയപ്പെടുമ്പോൾ അത് എതിരാളികളുടെ വർഗ്ഗീയ പ്രീണനവും സംഘപരിവാർ ബാന്ധവവും മൂലവും വിജയിക്കുമ്പോൾ അത്

തങ്ങളുടെ നയങ്ങളുടെ പത്തരമാറ്റ് തിളക്കം മൂലവുമെന്ന സിദ്ധാന്തം ശുദ്ധ കാപട്യമാണ്.
തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമായി മാറുമ്പോഴാണ് സർക്കാർ നയങ്ങളെ സംബന്ധിച്ചുള്ള ജനങ്ങളുടെ വിലയിരുത്തൽ തെരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കുന്നതിൽ ഏറ്റവും പ്രധാന ഘടകമായി പ്രവർത്തിക്കുന്നത്. അങ്ങിനെയൊരു സ്ഥിതി, അതായത് രാഷ്ട്രീയ നയങ്ങളെ ആധാരമാക്കി ഒരു വിധിയെഴുത്ത് ഒരു തെരഞ്ഞെടുപ്പിലും നടക്കുന്നില്ല. അധികാരത്തിലിരിക്കുന്ന കക്ഷികൾ മാത്രമല്ല പ്രതിപക്ഷത്തിരിക്കുന്ന വരും അത്തരമൊരു വിധിയെഴുത്ത് ലക്ഷ്യം വയ്ക്കുന്നില്ല. അപ്രകാരമൊന്ന് നടക്കണമെങ്കിൽ നയങ്ങളെ ആധാരമാക്കിയുള്ള ജനാധിപത്യ ചർച്ചകളും വിശകലനങ്ങളുമായിരിക്കണം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടക്കേണ്ടത്. നയങ്ങളെ സംബന്ധിച്ച് വൻതോതിൽ ജനങ്ങൾ ഒന്നാകെ പങ്കാളികളാകുന്ന വസ്തുനിഷ്ഠമായ പരിശോധനകൾ നടക്കണം. ജനങ്ങൾക്ക് അത്തരമൊരു രാഷ്ട്രീയ പരിശീലനം നൽകാൻ രാഷ്ട്രീയ കക്ഷികൾ ഭയപ്പെടുന്നുവെന്നതാണ് യാഥാർത്ഥ്യം. ഭരണവും നയങ്ങളും സന്ദേഹമില്ലാത്തവിധം ധനികവർഗ്ഗത്തിന്റെ താൽപ്പര്യങ്ങൾക്കിണങ്ങുന്നത് മാത്രമാവുകയും അതുകൊണ്ടുതന്നെ പൂർണ്ണമായും ജനങ്ങൾക്കെതിരാവുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ നയങ്ങളെ സംബന്ധിച്ച ചർച്ചയും പരിശോധനയും തങ്ങൾക്ക് വിനയാകുമെന്ന് എല്ലാ വ്യവസ്ഥാപിത പ്രസ്ഥാനങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ഇക്കാരണങ്ങളാൽ തെരഞ്ഞെടുപ്പിന്റെ ജനാധിപത്യപരമായ അന്തസ്സത്ത പൂർണ്ണമായും ചോർത്തിക്കളയുന്ന ഒന്നായി തെരഞ്ഞെടുപ്പ് പ്രചാരണം മാറിയിരിക്കുന്നു. ജനജീവിതം അഭിമുഖീകരിക്കുന്ന ഗൗരവതരമായ രാഷ്ട്രീയ വിഷയങ്ങൾ ഒന്നും തന്നെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പ്, കഴമ്പുള്ള ഒരു രാഷ്ട്രീയ പോരാട്ടമല്ലാതായി മാറിക്കഴിഞ്ഞു. അതിനാൽ ഒരു തെരഞ്ഞെടുപ്പ് ഫലവും രാഷ്ട്രീയ വിജയ -പരാജയങ്ങളെ അടയാളപ്പെടുത്തുന്നില്ല.
തെരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കുന്നത് രാഷ്ട്രീയമൊഴികെയുള്ള മറ്റു ചില ഘടകങ്ങളാണ്. ജനങ്ങളുടെ വളരെ താഴ്ന്ന രാഷ്ട്രീയ ബോധനിലവാരം ഉപയോഗപ്പെടുത്തി വോട്ടുനേടുക എന്നതാണ് തെരഞ്ഞെടുപ്പ് വിജയ തന്ത്രങ്ങളുടെ ആകമാന ലക്ഷ്യം. മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും പണക്കൊഴുപ്പിലൂടെയും നടത്തുന്ന പ്രചാരണപ്രളയം, ജാതി ഏകീകരണങ്ങൾ, മതത്തെ അടിസ്ഥാനപ്പെടുത്തിയ ധ്രുവീകരണങ്ങൾ, പണവും മദ്യവും ഒഴുക്കിയുള്ള വോട്ട് വാങ്ങൽ, സംഘടിത തെരഞ്ഞെടുപ്പ് കൃത്രിമങ്ങൾ, അധികാരത്തിന്റെ ദുരുപയോഗം, എതിരാളികൾക്കുമേലുള്ള കായിക അതിക്രമങ്ങൾ തുടങ്ങി നിരവധി ഘടകങ്ങളാണ് ഇന്ന് തെരഞ്ഞെടുപ്പ് വിജയം നിർണ്ണയിക്കുന്നത്. ഇപ്പോൾ നടന്ന പഞ്ചയത്ത് തെരഞ്ഞെപ്പിലും ഫലം നിർണ്ണയിച്ചത് മേൽപ്പറഞ്ഞ ഘടകങ്ങൾ തന്നെയായിരുന്നു.

വിജയം നിർണ്ണയിച്ചതിൽ
വർഗ്ഗീയ കരുനീക്കങ്ങൾക്ക് ഗണനീയമായ പങ്ക്

തെരഞ്ഞെടുപ്പുകളിൽ ജാതി -മത-വർഗ്ഗീയ വികാരം ഉപയോഗപ്പെടുത്തുകയെന്നത് ജനാധിപത്യത്തിന് നിരക്കാത്ത ഒരു പാതകമായി ആരും കണക്കാക്കാത്തവിധം അത്രമേൽ അത് സ്വാഭാവികമായ ഒന്നായി മാറിക്കഴിഞ്ഞു. വർഗ്ഗീയതയുടെ വിഷം വമിപ്പിക്കുന്നതിൽ ബിജെപിയെ കടത്തിവെട്ടാൻ ആർക്കുമാവില്ല. തെരഞ്ഞെടുപ്പുകളിൽ അവർ സൃഷ്ടിക്കുന്ന വിജയം വലിയൊരു പങ്കും ജ്വലിപ്പിക്കപ്പെടുന്ന വർഗ്ഗീയവികാരത്തിന്റെ സംഭാവനയാണ്. അവരുടെ അസ്തിത്വംതന്നെ മതാന്ധതയെയും അന്യമതവിദ്വേഷത്തെയും ആധാരമാക്കി പണികഴിക്കപ്പെട്ട ഒന്നാണ്. അതിനാൽ അത് മറയില്ലാത്തതും സാധാരണക്കാർക്ക് വളരെ വേഗം തിരിച്ചറിയാൻ കഴിയുന്നതുമാണ്. കേരളത്തിൽ കോൺഗ്രസ്സ് നയിക്കുന്ന യുഡിഎഫാകട്ടെ ഈശ്വരവിശ്വാസത്തിന്റെ മറയിൽ സമർത്ഥമായി വർഗ്ഗീയ മനോഘടന ഉപയോഗപ്പെടുത്തി കാലങ്ങളായി തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കുന്ന രാഷ്ട്രീയശക്തിതന്നെയാണ്. എന്നാൽ മതേതര-പുരോഗമന ആശയങ്ങൾക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് നിരന്തരം സാക്ഷ്യപ്പെടുത്തുന്ന ഇടത് ലേബലിൽ പ്രവർത്തിക്കുന്നവർ നടത്തുന്ന വർഗ്ഗീയ നീക്കങ്ങൾ വളരെ ആപൽക്കരമായിട്ടുള്ളതാണ്. ജനാധിപത്യ മൂല്യങ്ങളുടെ പ്രതിരോധം ക്രമേണ ക്ഷയിക്കുന്നതുവഴി സൃഷ്ടിക്കപ്പെടുന്ന പ്രതിലോമകരമായ സാമൂഹ്യാന്തരീക്ഷത്തെ സർവ്വ മാർഗ്ഗങ്ങളിലൂടെയും തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി കൗശലപൂർവ്വം പ്രയോജനപ്പെടുത്തുകയാണ് സിപിഐ(എം)ഉം കൂട്ടാളികളും ചെയ്യുന്നത്. ആർഎസ്എസിനും ബിജെപിക്കുമെതിരെ വാചാടോപം നിലനിർത്തി ന്യൂനപക്ഷ സമുദായത്തിന്റെ സംരക്ഷകരുടെ വേഷമണിയേണ്ടിടത്തു അങ്ങിനെയും മുസ്ലീം വിരോധം ജ്വലിപ്പിക്കേണ്ടിടത്തു അപ്രകാരവും ചെയ്തുകൊണ്ട് വർഗ്ഗീയ മനോഘടനയുടെ വേരുറപ്പിക്കുന്നതിൽ അവർക്ക് യാതാരു മനസ്സാക്ഷിക്കുത്തുമില്ല.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത നഷ്ടം നികത്താനുള്ള മാർഗ്ഗമെന്ന നിലയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂടുതൽ ആപൽക്കരമായ വർഗ്ഗീയ കരുനീക്കങ്ങൾ നടത്താൻ ഇടതുമുന്നണി മുതിരുകയാണ് ചെയ്തത്. ബിജെപി ആസൂത്രിതമായി വളർത്തുന്ന മുസ്ലിം വിരോധം സമർത്ഥമായി ഉപയോഗപ്പെടുത്താൻ സിപിഐ(എം) ഈ തെരഞ്ഞെടുപ്പിനുമുമ്പും പിന്നീടും ബോധപൂർവ്വം ശ്രമിച്ചു. സംസ്ഥാനരാഷ്ട്രീയം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രമുഖവും ഗൗരവതരവുമായ വിപത്ത് മുസ്ലിം മതാടിസ്ഥാനത്തിലുള്ള സംഘടിതപ്രസ്ഥാനങ്ങളാണെന്ന പ്രതീതി സൃഷ്ടിക്കാൻ നിരന്തരം സിപിഐ(എം) ശ്രമിച്ചുകൊണ്ടേയേിരുന്നു. തക്കതായ യാതൊരു കാരണവുമില്ലാതെ മുസ്ലീം ലീഗിനെയും ഇതര സംഘടനകളെയും അവസരത്തിലും അനവസരത്തിലും അവർ ആക്രമിച്ചുകൊണ്ടേയിരുന്നു. ഈ രാഷ്ട്രീയ സംഘടനകളുടെ തത്വങ്ങളും വീക്ഷണങ്ങളും പുരോഗമന – ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കാനാവാത്തതാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. എന്നാൽ ഇവരെ ഭീകരവാദികളെന്നും വിഘടനവാദികളെന്നും ബിജെപിയും സംഘശക്തികളും നിരന്തരമായി മുദ്രകുത്തുന്ന അതേ ശൈലിയിലും സ്വരത്തിലും സിപിഐ(എം) ആവർത്തിക്കുന്നത് രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങളോടെയാണ്. ഇതേ സംഘടനകളിൽ ഏതെങ്കിലുമൊക്കെയായി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ(എം) ഉൾപ്പടെയുള്ള കക്ഷികൾക്ക് തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ ഉണ്ടായിരുന്നതാണ്. തങ്ങളുടെകൂടെ നിന്നാൽ പുരോഗമന കക്ഷിയും എതിര്‍ചേരിയിലായാൽ വർഗ്ഗീയ കക്ഷിയുമെന്ന സിദ്ധാന്തം നഗ്നമായ അവസരവാദമല്ലാതെ മറ്റെന്താണ്? മുസ്ലീം വർഗ്ഗീയതക്കെതിരായ പോരാട്ടമെന്ന പുരോഗമനവേഷം കെട്ടിയാടുന്നത് ഭൂരിപക്ഷ വർഗ്ഗീയതയുടെ സഹായം നേടുക എന്ന നീചമായ ലക്ഷ്യത്തോടെ മാത്രമാണ്. ഇക്കാര്യത്തിൽ ബിജെപിയോട് മൽസരിക്കുകയാണ് യഥാർത്ഥത്തിൽ സിപിഐ(എം) ചെയ്യുന്നത്.
ജനാധിപത്യ-പുരോഗമന വിശ്വാസികൾക്ക് ഞെട്ടലുണ്ടാക്കുംവിധം അറുവഷളൻ പ്രതിലോമ നിലപാടുകൾ പരസ്യമായി പ്രഖ്യാപിക്കുന്ന കാന്തപുരം സുന്നി വിഭാഗവുമായി എത്രയോ ദശാബ്ദങ്ങളായി ചങ്ങാത്തത്തിലാണ് സിപിഐ(എം). ഇരുകൂട്ടരും സങ്കുചിത താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു പരസ്പര സഹായ സംഘം രൂപീകരിച്ചിരിക്കുകയാണ്. വടക്കൻ കേരളത്തിൽ ഇടതു മുന്നണിക്ക് ലഭിക്കുന്ന വോട്ടിൽ ഒരു വിഹിതം ഈ സൗഹൃദത്തിന്റെ സംഭാവനയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ മേഖലയിൽ സംവരണം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രഖ്യാപിച്ചത് സവർണ്ണ വിഭാഗങ്ങളുടെ ധ്രുവീകരണം തങ്ങൾക്ക് അനുകൂലമാക്കുന്നതിന് വേണ്ടിയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജയത്തിൽ അതൊരു സ്വാധീന ഘടകമായി പ്രവർത്തിച്ചിട്ടുണ്ട്. ഓർത്തഡോക്‌സ് – യാക്കോബായ സഭാ തർക്കത്തിൽ ഒരു വിഭാഗത്തിന്റെ വക്താവായി നിലകൊണ്ടതും സാമുദായികമായ ചേരിതിരിവ് ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മധ്യകേരളത്തിൽ പരമ്പരാഗത യുഡിഎഫ് വോട്ടിൽ വിള്ളൽ സൃഷ്ടിക്കാനും ഒരു വിഭാഗത്തിന്റെ വോട്ട് ഒന്നാകെ കരസ്ഥമാക്കാനും എൽഡിഎഫിന് ഇതിലൂടെ സാധ്യമായി. ഇപ്രകാരം അധമമായ നിരവധി മാർഗ്ഗങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത വിജയത്തെയാണ് രാഷ്ട്രീയ വിജയമായും ഇടതുവിജയമായും അവതരിപ്പിച്ച് ഊറ്റംകൊള്ളുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം യുഡിഎഫിനെ നയിക്കുന്നത് ലീഗാണെന്ന പിണറായി വിജയന്റെ പ്രസ്താവന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അനുവർത്തിച്ച ഏറ്റവും നിന്ദ്യമായ ലക്ഷ്യങ്ങളോടെയുള്ള വർഗ്ഗീയ തന്ത്രത്തിന്റെ തുടർച്ച മാത്രമാണ്. ഇത്തരമൊരു പ്രസ്താവനയുടെ സാംഗത്യമെന്താണ്? സംസ്ഥാനരാഷ്ട്രീയ രംഗത്തെ ഏതു പ്രശ്‌നത്തെയാണ് ഇതിലൂടെ അദ്ദേഹം അഭിസംബോധനം ചെയ്യാൻ ശ്രമിക്കുന്നത്? ഈ പ്രസ്താവനയ്ക്ക് ഒരു ലക്ഷ്യമേയുള്ളൂ. മുസ്ലീം വിഭാഗമാണ് യുഡിഎഫിനെ നയിക്കുന്നതെന്ന് സ്ഥാപിച്ചാൽ ഈ മുന്നണിയുടെ ശക്തമായ വോട്ടുബാങ്കായി ഇന്നും നിലകൊള്ളുന്ന ചില വിഭാഗങ്ങളിൽ വർത്തമാനകാലത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മുസ്ലീം വിരോധത്തെ ഉപയോഗപ്പെടുത്തി അവരെ യുഡിഎഫിൽ നിന്നും അകറ്റാം. ഏതാനും വോട്ടുകൾക്കുവേണ്ടി ഇക്കൂട്ടർ നടത്തുന്ന നീചമായ ഈ രാഷ്ട്രീയം ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ജനാധിപത്യഘടനയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം അളക്കാനാവാത്തതാണ്. ഇത്തരം കുൽസിത നീക്കങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമൂഹ്യ അന്തരീക്ഷം നാളെ ഫാസിസ്റ്റ് ശക്തികൾ കൂടുതൽ കൗശലപൂർവ്വം ഉപയോഗിക്കുകതന്നെ ചെയ്യും. വില നൽകേണ്ടി വരിക ഈ സംസ്ഥാനത്തിന്റെ ജനാധിപത്യ വ്യവസ്ഥയായിരിക്കും.
വർഗ്ഗീയവിരുദ്ധ പരിശുദ്ധ പുരോഗമന മുന്നണിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന എൽഡിഎഫിൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്, പരേതനായ കെ.എം.മാണിയുടെ പുത്രൻ ജോസ് കെ. മാണി നയിക്കുന്ന കേരളാ കോൺഗ്രസ്സ് ചേരുകയുണ്ടായല്ലോ. അതിനു സിപിഐ(എം) നേതാക്കൾ നൽകിയ വിശദീകരണങ്ങൾ ഏറെ പരിഹാസ്യമായിരുന്നു. കോഴ മാണിയുടെ രാജിയ്ക്കായി സ്വന്തം പ്രവർത്തകരെ ജില്ലാ കേന്ദ്രത്തിലേക്കും സെക്രട്ടേറിയറ്റിലേക്കും ആട്ടിത്തെളിച്ചവർ, അഴിമതി വീരൻ മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് നിയമസഭയിൽ കൊലവിളിച്ചവർ പറഞ്ഞതെല്ലാം വിഴുങ്ങി കെ.എം.മാണിയെ ചുമക്കുന്ന നാണംകെട്ട ദൃശ്യമാണ് കേരളം പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വേളയിൽ കണ്ടത്. രാഷ്ട്രീയ പദവികൾക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി തരംതാണ നിലയിൽ യുഡിഎഎഫിനുള്ളിൽ തമ്മിലടിച്ച് പുറത്തുവന്നവരാണ് കേരളാ കോൺഗ്രസ്സുകാർ. അവരെന്തുതരം ജനാധിപത്യ രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്? എന്തെങ്കിലും ആദർശത്തിന്റെയോ തത്വത്തിന്റെയോ ഒരു വിധ അസ്‌കിതയും അവരെ അലട്ടുന്നില്ല. മധ്യകേരളത്തിലെ ധനിക ക്രൈസ്തവവിഭാഗത്തിന്റെ രാഷ്ട്രീയ അഭിലാഷങ്ങളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുകയും ഭൂമി കൈയേറ്റം മുതലുള്ള വൻഅഴിമതികൾക്ക് നായകത്വം വഹിക്കുകയും ചെയ്യുന്ന കക്ഷിയാണ് കേരളാ കോൺഗ്രസ്സ്. പതിറ്റാണ്ടുകളായി യുഡിഎഫിന്റെ ഭാഗമായിരുന്ന ഇത്തരത്തിലൊരു കക്ഷിയെ ഒരു ഉളുപ്പുമില്ലാതെ കൂടെക്കൂട്ടിയതു വഴി കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേടിയ മുൻതൂക്കമാണ് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ നേടിയ ‘വമ്പിച്ച രാഷ്ട്രീയ വിജയം’. ഇത്തരമൊരു വിജയത്തെ ഇടത് രാഷ്ട്രീയ വിജയമെന്നു വിശേഷിപ്പിക്കുന്ന നേതാക്കളുടെ തൊലിക്കട്ടി അപാരം തന്നെ.

അരാഷ്ട്രീയത അരങ്ങുവാണ തെരഞ്ഞെടുപ്പ് പ്രചാരണം.

സർക്കാർ നൽകുന്ന ആനുകൂല്യങ്ങളുടെയും ധനസഹായങ്ങളുടെയും ഔദാര്യം പറ്റുന്നവരെന്ന നിലയിൽ ഉപകാരസ്മരണയായി വോട്ടു നൽകണമെന്നതായിരുന്നു ഇടതുമുന്നണിയുടെയും ഒരളവുവരെ ബിജെപിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യമായ ഒരു വശം. സർക്കാരിൽനിന്നും ലഭിക്കുന്ന സഹായങ്ങൾ ഔദാര്യമല്ലെന്നും ജനാധിപത്യക്രമത്തിൽ നികുതിദായകന്റെ അവകാശമാണെന്നുമുള്ള രാഷ്ട്രീയബോധത്തിന്റെ സ്ഥാനത്ത് ഔദാര്യം കൈപ്പറ്റുന്നവന്റെ വിധേയമനോഭാവം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാനാണ് അവർ ലക്ഷ്യം വച്ചത്. ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി അവലംബിച്ച പ്രധാന മാർഗ്ഗങ്ങളിലൊന്ന് ആപൽക്കരമായ ഈ അരാഷ്ട്രീയ സമീപനമായിരുന്നു. എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തിൽ മൽസരിച്ച് അനായാസേന വിജയിച്ച ട്വന്റി-ട്വന്റി എന്ന അരാഷ്ട്രീയ കൂട്ടായ്മ ഫലപ്രദമായി ഉപയോഗപ്പെടുത്തിയത് എൽഡിഎഫും കൂട്ടരും സൃഷ്ടിച്ച അതേ വിധേയമനോഘടനയും ഉപകാരസ്മരണയുടെ ജീർണ്ണതയുമാണ്. ട്വന്റി -ട്വന്റിയുടേത് രാഷ്ട്രീയ വിജയമല്ല എന്ന് പ്രസ്താവിച്ച സിപിഐ(എം)ന് അതേ അരാഷ്ട്രീയ നിലപാട് സംസ്ഥാനം മുഴുവൻ ഉപയോഗപ്പെടുത്തി നേടിയ വിജയത്തെ എങ്ങിനെയാണ് രാഷ്ട്രീയ വിജയമെന്ന് അവകാശപ്പെടാൻ കഴിയുന്നത്.
തികഞ്ഞ ജനവിരുദ്ധമായ ഭരണത്തിന് നേതൃത്വം നൽകുന്ന ഒരു കക്ഷി, ജനങ്ങളിൽനിന്ന് കവർന്നെടുക്കുന്ന ലക്ഷക്കണക്കിന് കോടി രൂപയിലെ ഒരു ചെറുശതമാനം ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് എന്തെങ്കിലും ആനുകൂല്യങ്ങളോ പാരതോഷികമോ നൽകി, തങ്ങളുടെ പാപക്കറ മുഴുവൻ കഴുകിക്കളഞ്ഞ് ജനങ്ങളുടെ മുമ്പിൽ വിശുദ്ധവേഷം കെട്ടുന്നത് വഞ്ചനയുടെ രാഷ്ട്രീയമാണ്. ജനാധിപത്യ രാഷ്ട്രീയത്തിന്റെ അപചയത്തെയാണ് അത് വെളിവാക്കുന്നത്. തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന് അത് മാനദണ്ഡമാകുന്നത് അതിലേറെ അപകടകരമാണ്.
പാചകവാതക കണക്ഷൻ സൗജന്യമായി നൽകി എന്നു പ്രചരിപ്പിച്ച് വോട്ട് തട്ടിയെടുക്കുന്ന ബിജെപി, ഇന്ധനവിലവർദ്ധനവിലൂടെ നടത്തുന്ന അതിഭീമമായ കൊള്ളയുടെ പരിധിയിലേക്ക് കണക്ഷൻ നൽകി പരമാവധി ഇരകളെ കൊണ്ടുവരികയാണെന്ന ചതി തിരിച്ചറിയണമെങ്കിൽ ജനങ്ങൾ രാഷ്ട്രീയ വിശകലനശേഷി കൈവരിക്കണം. അതിനിട നൽകുന്നതല്ല ഈ ‘പാരിതോഷിക രാഷ്ട്രീയം’. വളരെ പരിമിതമായ ചില ആനുകൂല്യങ്ങളുടെ കണക്കുപറഞ്ഞ് ഇന്ന് വോട്ട് നേടുമ്പോൾ നാളെ അതിനെ കവച്ചുവയ്ക്കുന്ന പാരിതോഷിക പ്രഖ്യാ പനങ്ങളുമായി വരുന്നവരുടെ പിറകെ ജനങ്ങൾ പോകില്ലേ? ഒരു സർക്കാരിന്റെ നയങ്ങളെ വിശകലനം ചെയ്തുകൊണ്ട് നിലപാട് സ്വീകരിക്കാനും വ്യാമോഹങ്ങളിൽനിന്നും വിധേയത്വത്തിൽനിന്നും മുക്തമായ ജനാധിപത്യ പ്രബുദ്ധതയുടെ അടിസ്ഥാനത്തിൽ സമ്മതിദാനം വിനിയോഗിക്കാനും ജനങ്ങളെ പരിശീലിപ്പിക്കുകയാണ് യഥാർത്ഥ ഇടതുരാഷ്ട്രീയ കടമ. പാരിതോഷികങ്ങളുടെയും ആനുകൂല്യങ്ങളുടെയും തിരികുറ്റിയിൽ കിടന്നു കറങ്ങുന്ന തമിഴ്‌നാട് രാഷ്ട്രീയം, അപചയമല്ലാതെ ഗുണപരമായ എന്തുമാറ്റമാണ് ഇൻഡ്യൻ ജനാധിപത്യത്തിന് നൽകിയിട്ടുള്ളത്. കേരളത്തിലെ ഇടതുമുന്നണി സർക്കാർ സൗജന്യ കിറ്റുവിതരണം തുടരുമെന്ന പ്രഖ്യാപനം ഉപകാരസ്മരണയുടെ ഫലം ആസന്നമായിട്ടുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും ലഭിക്കണമെന്ന രാഷ്ട്രീയ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതിനിധാനം ചെയ്തത് യഥാർത്ഥ ഇടതുപക്ഷ സമര രാഷ്ട്രീയമല്ല.

കേരളത്തിലെ ജനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന നീറുന്ന ജീവൽപ്രശ്‌നങ്ങളൊന്നുംതന്നെ പേരിനുപോലും ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെട്ടില്ല. കോവിഡ് മഹാവ്യാധി രൂക്ഷമാക്കിയ സാധാരണക്കാരന്റെ ജീവിത പ്രതിസന്ധി വിവരിക്കാനാവാത്തതാണ്. പണിയും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങൾ നരകിക്കുന്നു. സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മ ഭയാനകമാണ്. ഭാവിയെ സംബന്ധിച്ച പ്രതീക്ഷകൾ നഷ്ടപ്പെട്ട യുവാക്കൾ ആത്മഹത്യ ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ വൻതോതിൽ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. സ്വകാര്യമൂലധനത്തിന്റെ കടന്നുവരവ് വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും താറുമാറാക്കി. പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള സ്‌കൂളുകളും ചില കലാലയങ്ങളും മാറ്റി നിർത്തിയാൽ കഴിഞ്ഞ 3 പതിറ്റാണ്ടിനിടയിൽ കേരളത്തിൽ പ്രവർത്തനം തുടങ്ങിയ നൂറുകണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷങ്ങളും കോടികളും ഫീസ് പിരിക്കുന്നവ മാത്രമാണ്. പ്രൊഫഷണൽ, തൊഴിലധിഷ്ഠിതമെന്നൊക്കെയുള്ള ആകർഷക പേരുകളിൽ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽവരെ വളരെ ഉയർന്ന ഫീസാണ് പിരിക്കുന്നത്. കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ അന്തമില്ലാതെ തുടരുന്നു. വികസനത്തിന്റെ പേരിലുള്ള ജനദ്രോഹ പദ്ധതികളെല്ലാം, വൻകിട നിർമ്മാണ കമ്പിനികൾക്ക് കരാറുകൾ നൽകി അവരെ കൊഴുപ്പിക്കുക, നിർമ്മാണ സാമഗ്രികൾ വ്യവസായികമായി ഉൽപ്പാദിപ്പിക്കുന്ന വൻകിട മുതലാളിമാർക്ക് വിപണി സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മാത്രമുള്ളതാണ്. ദേശീയപാതയെ ചുങ്കം പിരിക്കാനുള്ള പാതയാക്കുന്നതും കെ-റെയിലും ആപൽക്കരങ്ങളായ പദ്ധതികളാണ്. മുകളിൽ സൂചിപ്പിച്ചവയൊ ന്നും തെരഞ്ഞെടുപ്പില്‍ ചർച്ചാ വിഷയങ്ങളായിരുന്നില്ല. ഈ തെരഞ്ഞടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ല എന്ന് കെപിസിസി പ്രസിഡന്റ് അടക്കമുള്ള യുഡിഎഫ് നേതാക്കൾ വിലപിക്കുകയുണ്ടായി. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളും രാഷ്ട്രീയ വിഷയങ്ങളും യുഡിഎഫ് ചർച്ചയാക്കാതിരുന്നത് അവർ പതിറ്റാണ്ടുകളായി പിന്തുടരുന്ന മുതലാളിത്ത രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധതകൊണ്ട് മാത്രമാണ്. അവരിൽ നിന്ന് അത് പ്രതീക്ഷിക്കേണ്ടതുമില്ല.
ഇടതെന്ന് അവകാശപ്പെടുന്നവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേദിയിൽ ഗൗരവമുള്ള ഒരു രാഷ്ട്രീയ വിഷയവും ചർച്ചചെയ്യാൻ മുതിർന്നില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പാക്കുന്ന തുറന്നടിച്ച മുതലാളിത്ത അനുകൂല നയങ്ങൾക്കെതിരെയുള്ള ജനവികാരത്തെ ഉപയോഗപ്പെടുത്തി ഏതാനും സീറ്റുനേടുക എന്ന സങ്കുചിതമായ ലക്ഷ്യം മാത്രമേ സിപിഐ(എം), സിപിഐ പാർട്ടികൾക്കുള്ളൂ. പ്രസ്തുത ലക്ഷ്യം നേടാൻ എത്രവേണമോ അത്രമാത്രം എതിർപ്പിന്റെ പ്രതീതി പുറമേക്കു സ്വീകരിക്കും. വിട്ടുവീഴ്ചയില്ലാത്തതും നിരന്തരവുമായ സംഘടിത മുന്നേറ്റത്തിലൂടെ ഒരു നയത്തെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം ഇക്കൂട്ടർക്കില്ല. ഏറിയാൽ ഒരു പ്രത്യേക സമരപരിപാടി അനുഷ്ഠാനമെന്നപോലെ സംഘടിപ്പിച്ച് പിൻവാങ്ങും. ജനങ്ങൾക്ക് ജനാധിപത്യ പ്രബുദ്ധതയും പോരാട്ടത്തിന്റെ ആത്മധൈര്യവും ഇച്ഛാശക്തിയും പകർന്നുനൽകുന്ന നീണ്ടുനിൽക്കുന്ന പ്രക്ഷോഭത്തിന്റെ രാഷ്ട്രീയം ഇക്കൂട്ടർ കൈവെടിഞ്ഞുകഴിഞ്ഞു. അത്തരമൊരു രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പരിശീലനം നൽകാൻ അവർ ഭയക്കുന്നു. മുതലാളിത്ത വ്യവസ്ഥയുടെ കാര്യസ്ഥന്മാരെന്ന നിലയിൽ തങ്ങൾ സ്വീകരിക്കുന്ന നയങ്ങളെയും ചോദ്യം ചെയ്യാനുള്ള മനോഭാവമായി നാളെ അത് വളരുമെന്ന് അവർക്കറിയാം. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ വേദിയിൽ ബിജെപിയുടെ നയങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയം അവതരിപ്പിക്കാതെ ബോധപൂർവ്വമായ നിശബ്ദത പാലിച്ചത്. രാജ്യമെമ്പാടും അലയടിക്കുന്ന കർഷക പ്രക്ഷോഭത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒരക്ഷരം ഉരിയാടാൻ സിപിഐ(എം)ഉം കൂട്ടാളികളും മുന്നോട്ടുവന്നില്ല. പ്രകടമായ ഈ മൗനം മാധ്യമങ്ങളും സാമൂഹ്യ പ്രസ്ഥാനങ്ങളും വിമർശനവിധേയമാക്കുന്നു എന്ന നിലവന്നപ്പോഴാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവസാനിക്കുന്ന ദിനത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽ ഐക്യദാർഢ്യ കേന്ദ്രം തുടങ്ങിയത്. അതിശൈത്യത്തെ നേരിട്ട് ദില്ലിയിൽ പൊരുതുന്ന കർഷകരെ പിന്തുണയ്ക്കാനും കേന്ദ്ര സർക്കാരിന്റെ ധിക്കാരത്തിൽ പ്രതിഷേധിക്കാനും ഇടതെന്ന് അവകാശപ്പെടുന്ന ഈ സംഘടനകൾ മുന്നോട്ടു വരാതിരുന്നത് മുതലാളിമാർക്ക് പാദസേവ ചെയ്യുന്ന നയപരമായ കാര്യങ്ങളിലുള്ള തികഞ്ഞ ഐക്യത്തെയാണ് വ്യക്തമാക്കുന്നത്. രാജ്യം മുഴുവൻ ഇളകിമറിയുന്ന ഐതിഹാസിക കർഷക പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ സന്ദേശം പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിൽ പ്രചരിപ്പിക്കാതിരുന്നവർ എന്തു രാഷ്ട്രീയ പേരാട്ടത്തിനാണ് നേതൃത്വം നൽകിയത്?
ഒരു രാഷ്ട്രീയ പോരാട്ടവും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നടന്നില്ല. സർക്കാർ പാരിതോഷികങ്ങളുടെ പേരിൽ നടത്തിയ, രാഷ്ട്രീയ അശ്ലീലമായി മാറിയ സഹായ അഭ്യർത്ഥനയും ജനങ്ങളെ കബളിപ്പിക്കുന്ന വികസനത്തിന്റെ രാഷ്ട്രീയവും തരാതരം പോലെ ജാതി -മത ശക്തികളുടെ ധ്രുവീകരണവും ഭൂരിപക്ഷ വർഗ്ഗീയതയെ പ്രീണിപ്പിക്കലും കേരളാ കോൺഗ്രസ്സ് പോലുള്ള കക്ഷികളെ കൂടെക്കൂട്ടിയുള്ള അവസരവാദവും കണക്കില്ലാതെ ഒഴുക്കിയ പണവും എല്ലാം ചേർന്ന് സൃഷ്ടിച്ചതാണ് തെരഞ്ഞെടുപ്പ് രംഗത്തെ ഈ നേട്ടം. ഇത് ജനപക്ഷ സമര രാഷ്ട്രീയത്തിന്റെ വിജയമല്ല. ഇതിൽ ജനങ്ങൾക്ക് ഒന്നും പ്രതീക്ഷിക്കാനുമില്ല. അതിജീവനത്തിന്റെ പോരാട്ടത്തിൽ ഈ വിജയം ഒരു പാതയും കാട്ടുന്നില്ല. ജനജീവിതത്തിന്റെ എണ്ണമറ്റ ദുരിതങ്ങളുടെ പരിഹാരാർത്ഥമുള്ള, സുസംഘടിതമായ ജനാധിപത്യ പ്രക്ഷോഭത്തിന്റെ മാർഗ്ഗം വിട്ടുവീഴ്ചയുടെ ലാഞ്ചനപോലുമില്ലാതെ സ്വീകരിക്കുകയാണ് ജനങ്ങളുടെ മുമ്പിലുള്ള ഒരേയൊരു പാത. അതാണ് ജനങ്ങളുടെ കടമയും.

Share this post

scroll to top