പകര്‍ച്ചവ്യാധികളും മഹാമാരികളും: സോവിയറ്റ് യൂണിയന്‍ നല്‍കുന്ന ചരിത്ര പാഠങ്ങള്‍

ussr-pandemic.jpg
Share

ജനുവരി 21 മഹാനായ തൊഴിലാളിവര്‍ഗ്ഗ ആചാര്യന്‍ സഖാവ് ലെനിന്റെ 97-ാം ചരമവാര്‍ഷിക ദിനമാണ്. ലോകമെമ്പാടും അദ്ദേഹത്തെ അനുസ്മരിക്കുന്ന ഈ വേളയില്‍, കോവിഡ് മഹാമാരി ലോകത്ത് നാശം വിതയ്ക്കുന്ന പശ്ചാത്തലത്തില്‍, ഇത്തരം മഹാമാരികളെ, സോവിയറ്റ് യൂണിയന്‍ ഫലപ്രദമായി നേരിട്ടതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ലേഖനം പ്രസിദ്ധീകരിക്കുകയാണ്.

2020 ഡിസംബർ 25ലെ കണക്കനുസരിച്ച്, ലോകത്ത് 7,97,43,029 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 17,49,606-ൽ അധികം മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടു. യുഎസ്എ, ഇന്ത്യ, ബ്രസീൽ, റഷ്യ, യുകെ, ഫ്രാൻസ്, ഇറ്റലി, ടർക്കി, സ്‌പെയിൻ എന്നീ രാജ്യങ്ങളെയാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. മരണസംഖ്യയുടെ കാര്യത്തിൽ, 3,14,577 പേരുമായി യുഎസ് ആണ് ഒന്നാമത്. 1,44,487 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യയാണ് രണ്ടാമത്. ഇപ്പോൾ, വൈറസിന്റെ അതിവേഗം പടരുന്ന ഒരു പുതിയ വകഭേദം, യുകെ, സൗത്ത് ആഫ്രിക്ക, മറ്റു ചില യൂറോപ്പ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കണ്ടെത്തിയിരിക്കുന്നു. തന്മൂലം, കർക്കശമായ അടച്ചുപൂട്ടൽ നടപടികൾ പുനഃസ്ഥാപിക്കാൻ ഈ രാജ്യങ്ങള്‍ നിർബന്ധിതമാവുകയും, യുകെയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനസർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയുമാണ്.
ഇങ്ങനെയൊരു മഹാമാരി പൊട്ടിപ്പുറപ്പെടാനുള്ള കാരണമെന്താണ്, എന്തുകൊണ്ടാണ് സാഹചര്യം ഇപ്പോഴും നിയന്ത്രണവിധേയമാകാത്തത് എന്നൊക്കെ ഈ ഭയാനകമായ ചുറ്റുപാടിൽ ആർക്കും സംശയം തോന്നാം. ഇത്തരത്തിലൊരു മഹാമാരി മുമ്പുണ്ടായിട്ടി ല്ലാത്തതു കൊണ്ടാണോ, അധികാരത്തിലിരിക്കുന്നവരുടെ ഹൃദയശൂന്യത കൊണ്ടാണോ, സാർവത്രികമായ ആരോഗ്യ പരിരക്ഷ സംവിധാനത്തിന്റെയും പകർച്ചവ്യാധികളെ തടയാനുള്ള മതിയായ പശ്ചാത്തലസൗകര്യങ്ങളുടെയും അഭാവം കൊണ്ടാണോ ഇത് ഇങ്ങനെയായത്? ചൈനയിലെ വമ്പൻ വ്യവസായ-വാണിജ്യ കേന്ദ്രമായ വുഹാൻ നഗരത്തിൽ ഉത്ഭവിക്കുകയും, അവിടെ നിന്നും ചൈനയുമായി വൻതോതിൽ വാണിജ്യ ഇടപാടുകളുള്ള മിക്കവാറും എല്ലാ രാജ്യങ്ങളിലേക്കും പടരുകയും ചെയ്തു എന്നതാണോ സത്യം? പ്രതിവിപ്ലവത്തിനുശേഷം സാമ്രാജ്യത്വരാജ്യമായി തീർന്ന ചൈന, ഈ ഭീകര വൈറസിനെ സംബന്ധിച്ച് ലോകത്തെ സമയത്ത് അറിയിച്ചില്ല എന്നത് ഗുരുതരമായ അപരാധം തന്നെയാണ്. പകരം, തങ്ങൾക്കിത് നിയന്ത്രിച്ച് നിർത്താൻകഴിയും എന്നുകരുതി, ചൈനീസ് ഭരണാധികാരികൾ ഈ വിവരം മൂടിവെക്കുകയാണ് ചെയ്തത്. പക്ഷേ മഹാമാരി തീവ്രമായി പടരാൻ തുടങ്ങിയപ്പോൾ, പിന്നീടത് രൂക്ഷമായി ബാധിച്ച എല്ലാ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളിലേയും ഭരണകൂടങ്ങൾ, ഒന്നും സംഭവിക്കില്ല എന്ന മട്ടിൽ ആ ഭീഷണിയോട് മുഖം തിരിക്കുകയാണുണ്ടായത്. അമേരിക്കൻ പ്രസിഡന്റാകട്ടെ, മാസ്‌ക്ധരിക്കുന്നതുപോലെയുള്ള ഏറ്റവും ചുരുങ്ങിയ പ്രതിരോധ നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങൾപോലും പുച്ഛിച്ചുതള്ളുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ നിരുത്തരവാദ സമീപനത്തെ വിമർശിച്ച അനവധി പ്രശസ്ത ആരോഗ്യവിദഗ്ദ്ധരെയും ആരോഗ്യപ്രവർത്തകരെയും അദ്ദേഹം പുറത്താക്കുകയുംചെയ്തു.
യുകെ പ്രധാനമന്ത്രിയാകട്ടെ, തന്റെ രാജ്യത്തിൽ വൈറസിനെതിരേ സമൂഹ ആർജ്ജിതപ്രതിരോധ ശേഷി ഉണ്ടാക്കുന്നതിനെ കുറിച്ചാണ് സംസാരിച്ചത്. തങ്ങളുടെ ഭരണകർത്താക്കളുടെ ഈ കുറ്റകരമായ ഹൃദയശൂന്യതയ്ക്ക് അതത് രാജ്യങ്ങളിലെ ജനങ്ങൾ വലിയ വില കൊടുക്കേണ്ടി വന്നു. ഇന്ത്യയിലെ സർക്കാരാകട്ടെ, രാജ്യത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് രണ്ടു മാസത്തോളം യാതൊരു പ്രതിരോധനടപടിയും കൈക്കൊണ്ടിരുന്നില്ല. നിലവിൽ, നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ പ്രതിരോധ വാക്‌സിൻ കണ്ടെത്തി എന്ന അവകാശവാദവുമായി വരുമ്പോൾ, അതിന്റെ വിലയുടെയും, ബൗദ്ധിക സ്വത്തവകാശത്തിന്റെയും പേരിലുള്ള വ്യക്തമായ വാണിജ്യതാത്പര്യങ്ങൾകൂടി മറനീക്കി പുറത്തുവരുന്നു. ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാണിക്കു ന്നതെന്താണ്?
സാർവത്രിക ആരോഗ്യപരിരക്ഷയുടെയും ഒരു മഹാമാരിയെ നേരിടുന്നതിന്റെയും വിഷയം, നിലനിൽക്കുന്ന സാമൂഹിക രാഷ്ട്രീയ സംവിധാനത്തിന്റെ സ്വഭാവവുമായി ഇഴചേർന്നിരിക്കുന്നു. ഇന്നത്തെ മുതലാളിത്ത-സാമ്രാ ജ്യത്വത്തെപോലെ, മനുഷ്യൻ മനുഷ്യനു മേൽ നടത്തുന്ന ചൂഷണത്തിലധിഷ്ഠിതമായ, ഉത്പാദന ഉപാധികളുടെ ഉടമസ്ഥരായ ഭരണവർഗ്ഗത്തിന്റെ ലാഭാർത്തിയാൽ മാത്രം മുന്നോട്ടു നയിക്കപ്പെടുന്ന ഒന്നാണ് സാമൂഹിക-രാഷ്ട്രീയ സംവിധാനമെങ്കിൽ, ഇത്തരമൊരു ബുദ്ധിമുട്ടിൽനിന്നും മനുഷ്യരാശിയെ രക്ഷിക്കുക എന്നത് ഒരിക്കലും അധികാരികളുടെ മുഖ്യ ഉദ്ദേശ്യമാകില്ല. മറിച്ച്, അത് വർധിക്കുന്ന ദുരിതത്തിന്റെയും തിരിച്ചടികളുടെയും ദുരന്തങ്ങളുടെയും തുടർക്കഥയായി രിക്കും. ഈ അനുഭവം, സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയനിലെ ആരോഗ്യസംവിധാനങ്ങളെയും, അവിടെ എങ്ങനെയായിരുന്നു പകർച്ചവ്യാധികളെയും മറ്റ് മഹാരോഗങ്ങളെയും കൈകാര്യം ചെയ്തതെന്നതും പരിശോധിക്കുവാൻ ഞങ്ങളെ പ്രേരിപ്പിക്കുകയാണ്. തുടർന്ന്, ഇന്നത്തെ സാമ്രാജ്യത്വ-മുതലാളിത്ത ലോകത്തിലെ സർക്കാരുകൾ, ഈ കൊലയാളി വൈറസിന്റെ പിടിയിൽനിന്നും മനുഷ്യരാശിയെ രക്ഷിക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിക്കുന്നതിനു പകരം, ഈ സാഹചര്യത്തെ അവസരമാക്കി മാറ്റിക്കൊണ്ട് അധ്വാനിച്ചു ജീവിക്കുന്ന സാധാരണക്കാരന്റെ ചെലവിൽ, തങ്ങളുടെ ആഭ്യന്തര കുത്തകകൾക്കും ഭീമൻ മരുന്നു കമ്പനികളടക്കമുള്ള ബഹുരാഷ്ട്ര കുത്തകൾക്കും പരമാവധി സാമ്പത്തികാനുകൂല്യങ്ങൾ തിരക്കിട്ടു നൽകാൻ ശ്രമിക്കുന്ന നിലവിലെ സാഹചര്യവുമായി അതിനെ താരതമ്യം ചെയ്യുകയും വേണം.

നവസോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ പ്രഖ്യാപനം.

ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള വിപ്ലവ തൊഴിലാളിവർഗ്ഗം, നിലവിലുള്ള മുതലാളിത്ത ക്രമത്തിന് അന്തിമ പ്രഹരമേൽപ്പിക്കുന്ന പ്രക്രിയ 1917 നവംബർ 7 ന് ആരംഭിച്ചു, നവംബർ വിപ്ലവത്തിന്റെ ശിൽപിയായ മഹാനായ ലെനിൻ, പുതിയ തൊഴിലാളിവര്‍ഗ്ഗസർക്കാരിനോടായി സമാധാനത്തിനുള്ള ബോൾഷെവിക് ഉത്തരവിൽ ഇങ്ങനെ പ്രഖ്യാപിച്ചു: ‘നീതിപൂർവകമായ, ജനാധിപത്യപരമായ സമാധാനത്തിനായി ഉടനടി ചർച്ചകൾ ആരംഭിക്കാൻ ”തൊഴിലാളികളുടെയും കർഷകരുടെയും ഗവൺമെന്റ്…’’ യുദ്ധം ചെയ്യുന്ന എല്ലാ ജനങ്ങളോടും അവരുടെ സർക്കാരുകളോടും ആവശ്യപ്പെടുന്നു. നീതിപൂർവകമായ അല്ലെങ്കിൽ ജനാധിപത്യപരമായ സമാധാനമെന്നാൽ (ഞങ്ങൾ അർത്ഥമാക്കുന്നത്), യുദ്ധത്തിൽ തളർന്നുപോയ, പീഡിപ്പിക്കപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവർഗത്തിന്റെയും, തൊഴിലെടുക്കുന്ന മറ്റ് ഭൂരിപക്ഷം പേരും കൊതിക്കുന്നതുപോലെ, പിടിച്ചടക്കലുകളില്ലാതെ ഒരു അടിയന്തര സമാധാനം – അതായത്, വിദേശ ഭൂമി പിടിച്ചെടുക്കാതെ, നിർബന്ധിതമായി വിദേശരാജ്യങ്ങളെ കൈയടക്കാതെ, നഷ്ടപരിഹാര ഉടമ്പടികളില്ലാതെയുള്ളത്’. കശാപ്പ് അവസാനിപ്പിക്കാനും അന്താരാഷ്ട്ര ഐക്യദാർഢ്യം സ്വീകരിക്കാനുമുള്ള ലെനിന്റെ നിർദ്ദേശം പക്ഷേ യുദ്ധക്കൊതി പൂണ്ട ബധിരകർണ്ണങ്ങളിലാണ് പതിച്ചത്. ബോൾഷെവിക്കുകളുടെ ഈ സമാധാന നിർദ്ദേശം അംഗീകരിച്ചിരുന്നെങ്കിൽ, ലോകമെമ്പാടും മരണം വിതച്ച 1918 ലെ ഇൻഫ്‌ലുവൻസ മഹാമാരി കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാമായിരുന്നു.
കമ്മിസ്സാർ കൗൺസിലിന്റെ അധ്യക്ഷൻ എന്ന നിലയിൽ നവസോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ നേതാവായ ലെനിൻ കൈക്കൊണ്ട ആദ്യനടപടികളിലൊന്ന് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടതായിരുന്നു. സിപിഎസ്‌യു (ബോൾഷെവിക്) വിജ്ഞാപനം ചെയ്തത്: ‘ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന മേഖലയിലെ തങ്ങളുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനമെന്ന നിലയിൽ, റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (ബോൾഷെവിക്), രോഗം വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ വിപുലമായ ആരോഗ്യ നിർമ്മാണവും ശുചിത്വ നടപടികളും നടപ്പാക്കുന്നത് പ്രാഥമികമായി പരിഗണിക്കുന്നു.
‘ പൊതുജനാരോഗ്യത്തിനായുള്ള പീപ്പിൾസ് കമ്മിസ്സാറിയറ്റ് 1918 ജൂലൈയിൽ സ്ഥാപിക്കു കയുണ്ടായി. പകർച്ചവ്യാധികളുടെ നിയന്ത്രണമായിരുന്നു അതിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. 1920-ൽ ലെനിൻ എഴുതി: ‘നമ്മുടെ എല്ലാ നിശ്ചയദാർഢ്യവും, ആഭ്യന്തരയുദ്ധത്തിലെ നമ്മുടെ എല്ലാ അനുഭവവും, പകർച്ചവ്യാധികളെ നേരിടുന്നതിനായി നമ്മൾ പ്രയോഗിക്കണം. ‘സ്പാനിഷ് ഫ്‌ളൂവിനെക്കുറിച്ചും, എങ്ങനെയാണ് അത് ആരോഗ്യകാര്യങ്ങളെക്കുറിച്ച് ലോകത്തെ കൊണ്ട് ചിന്തിപ്പിച്ചതെന്നും എഴുതിയ ഒരു ഗ്രന്ഥകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘1920ൽ, കേന്ദ്രീകൃതമായ പൂർണ്ണപൊതുജനാരോഗ്യ സംവിധാനം ആദ്യമായി നടപ്പിലാക്കിയത് റഷ്യയാണ്. ഇത് സാർവത്രികമല്ല, കാരണം ഇത് ഗ്രാമീണ ജനതയിലേക്ക് അപ്പോൾ എത്തിയിരുന്നില്ല … എന്നിരുന്നാലും ഇത് ഒരു വലിയ നേട്ടമാണ്. അതിനുപിന്നിലെ പ്രേരകശക്തി വ്ളാഡിമിർ ലെനിൻ ആയിരുന്നു… മറ്റ് കാര്യങ്ങൾക്കുപുറമേ, ‘അസുഖത്തിന് കാരണമാകുന്ന തൊഴിൽപരവും സാമൂഹികവുമായ അവസ്ഥകളെക്കുറിച്ച് പഠിക്കാനുള്ള കഴിവും, രോഗം ഭേദമാക്കാൻ മാത്രമല്ല, അത് തടയാനുള്ള വഴികൾ നിർദ്ദേശിക്കാനും’ സാധിക്കുന്ന ഡോക്ടർമാരെ വാർത്തെടുക്കാൻ മെഡിക്കൽ സ്‌കൂളുകളോട് സർക്കാർ ആവശ്യപ്പെട്ടപ്പോൾ, ഭാവിയിലെ വൈദ്യനെ സംബന്ധിച്ച ഔദ്യോഗിക കാഴ്ചപ്പാട് 1924-ൽ തന്നെ വ്യക്തമായിരുന്നു. വൈദ്യശാസ്ത്രം എന്നത് ജൈവശാസ്ത്രപരവും പരീക്ഷണാത്മകവും മാത്രമല്ല, സാമൂഹ്യശാസ്ത്രപരവുമായിരിക്കണം എന്ന് ലെനിൻ മനസ്സിലാക്കി. എപ്പിഡെമിയോളജി- പൊതുജനാരോഗ്യത്തിന്റെ മൂലക്കല്ലായ രോഗങ്ങളുടെ പാറ്റേണുകൾ, കാരണങ്ങൾ, ഫലങ്ങൾ എന്നിവയുടെ ശാസ്ത്രം – ഒരു ശാസ്ത്രമെന്ന നിലയിൽ പൂർണ്ണ അംഗീകാരം നേടിയതും അതേ സമയത്താണ്.’ സർക്കാരിന്റെ തന്നെ കീഴിലുള്ള ഇൻഷുറൻസ് പദ്ധതിയിലൂടെ ഫണ്ട് ചെയ്യുന്ന ഒരു കേന്ദ്രീകൃത പൊതുജനാരോഗ്യസംവിധാനം നടപ്പിൽ വരുത്തിയ ആദ്യരാജ്യം സോവിയറ്റ് റഷ്യയായിരുന്നു.

സോവിയറ്റ് യൂണിയനിലെ
പൊതുജനാരോഗ്യ, പകർച്ചവ്യാധി പ്രതിരോധ സംവിധാനം.

റഷ്യൻ, സോവിയറ്റ് കാലഘട്ടങ്ങളിലെ പൊതുജനാരോഗ്യ ചരിത്രം പരിശോധിച്ചാൽ പൊതുജനാരോഗ്യ നടപടികളുടെയും രാഷ്ട്രീയ സാഹചര്യങ്ങളുടെയും ബന്ധത്തെക്കുറിച്ചുള്ള കൗതുകകരമായ ഒരു ചിത്രം അത് നൽകുന്നു. പഴയ സോവിയറ്റ് യൂണിയനിൽ പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നത് സങ്കീർണ്ണമായ ഒരു ജോലിയായിരുന്നു. ഉഷ്ണമേഖല മുതൽ ധ്രുവപ്രദേശം വരെയുള്ള എല്ലാ കാലാവസ്ഥാ മേഖലകളും ഉൾപ്പെടുന്ന വിശാലമായ ഭൂമിശാസ്ത്രപരമായ പ്രദേശമായിരുന്നു സോവിയറ്റ് യൂണിയന്‍. ജനസംഖ്യയാകട്ടെ ബഹുവിധമായ വംശീയതയും വിവിധ പാരമ്പര്യങ്ങളും ആചാരങ്ങളും ജീവിതശൈലികളുമുള്ള വിവിധ ദേശീയതകളി

പെട്ടവരായിരുന്നു. യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ പകർച്ചവ്യാധികൾ മൂലമുള്ള മരണനിരക്കിൽ ഒന്നാം സ്ഥാനം സാറിസ്റ്റ് റഷ്യക്കായിരുന്നു. ഈ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, ഇതിൽ പല പകർച്ചവ്യാധികളെയും ഉന്മൂലനം ചെയ്യുവാനും മറ്റുള്ളവയെ നിയന്ത്രിക്കുവാനും ഉള്ള ദൗത്യം സോവിയറ്റ് ഭരണകൂടം വിജയകരമായി നിർവഹിച്ചു. വിപ്ലവത്തിനുശേഷം റഷ്യയിൽ സ്ഥാപിതമായ പകർച്ചവ്യാധി നിയന്ത്രണ സംവിധാനത്തോട് ഈ വിജയം വളരെയധികം കടപ്പെട്ടിരിക്കുന്നു.
അസുഖം വന്നു ചികിത്സിക്കുന്നതിനേക്കാൾ, പ്രതിരോധത്തിന് ഊന്നൽ കൊടുക്കുക എന്നതായിരുന്നു സോവിയറ്റ് യൂണിയനിലെ രോഗപ്രതിരോധത്തിന്റെ പ്രധാനസവിശേഷത. 1917 ന് ശേഷം സ്ഥാപിതമായ സമഗ്ര നിയന്ത്രണ സംവിധാനം, 20 വർഷത്തിനുള്ളിൽ ചോദ്യം ചെയ്യപ്പെടാനാകാത്ത ഫലമുണ്ടാക്കി. വിപ്ലവത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന ചുരുങ്ങിയ സൗകര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് തികച്ചും വ്യത്യസ്തമാണ്. സാറിസ്റ്റ് റഷ്യയിൽ ഒരു കേന്ദ്ര ഏജൻസിയും ഉണ്ടായിരുന്നില്ല എന്നത് അർത്ഥമാക്കുന്നത്, രോഗനിയന്ത്രണം മനുഷ്യസ്‌നേഹികളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെ, പ്രാദേശിക അധികാരികളായ സെംസ്റ്റ്വോ (കൗണ്ടി), സിറ്റി കൗൺസിലുകൾ എന്നിവരുടെ കൈകളിലായിരുന്നു. തൊട്ടുമുന്നിലുള്ള പകർച്ചവ്യാധി പ്രതിസന്ധികളെ നേരിടുക എന്നതിനു മാത്രമായിരുന്നു മുൻഗണന. എന്തെങ്കിലും ദീർഘകാല പ്രതിരോധ തന്ത്രമോ, അടിസ്ഥാന ശുചിത്വത്തെക്കുറിച്ചും സുരക്ഷാ നടപടികളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള സംരഭമോ ഉണ്ടായിരുന്നില്ല.
മഹത്തായ നവംബർ വിപ്ലവത്തിന്റെ വിജയത്തിനുശേഷം, ചുരുങ്ങിയ സമയത്തിനിടയിൽ വളരെയധികം മാറ്റങ്ങളാണ് കൊണ്ടുവന്നത്. ‘ഒന്നുകിൽ പേനുകൾ സോഷ്യലിസത്തെ പരാജയപ്പെടുത്തും, ഇല്ലെങ്കിൽ സോഷ്യലിസം പേനുകളെ പരാജയപ്പെടുത്തും’ -എന്നാണ് മഹാനായ ലെനിന്‍ 1919 ഡിസംബറിലെ 7-ാം സോവിയറ്റ് കോൺഗ്രസിൽ പറഞ്ഞത്. 1918 മുതൽ 1922 വരെയുള്ള ആഭ്യന്തര യുദ്ധസാഹചര്യത്തിന്റെ ബുദ്ധിമുട്ടുകളിൽപോലും സൗജന്യ വൈദ്യസഹായം ഏർപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിന്റെ നാശത്തിൽനിന്ന് രാജ്യം കരകയറിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്. അതു പോലെ തന്നെ പതിന്നാല് സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളുടെ സഹായവും പിന്തുണയോടും കൂടി പ്രവർത്തിച്ച വിവിധ പ്രതിവിപ്ലവ ശക്തികൾ, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ കുപ്രസിദ്ധമായി പ്രഖ്യാപിച്ചതുപോലെ, ”ശിശുവായ ബോൾഷെവിസ്റ്റ് ഭരണകൂടത്തെ അതിന്റെ തൊട്ടിലിലിട്ട് കഴുത്തു ഞെരിച്ച് കൊല്ലാനുള്ള”, ഗൂഢാലോചനകൾ നടത്തുകയായിരുന്നു.
പുതിയ രാഷ്ട്രക്രമത്തിന്റെ പ്രധാന ഭീഷണിയായി ബോൾഷെവിക് സർക്കാർ പകർച്ചവ്യാധികളെ കണക്കാക്കി. ‘പകർച്ചവ്യാധികൾക്കെതിരായുള്ള നടപടികളെക്കുറിച്ച്’ 1918 ൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 1918 ൽ മോസ്‌കോയിൽ വാക്‌സിൻ-സെറം കമ്മീഷനുകൾ സൃഷ്ടിച്ചു. പുതിയ രോഗ നിയന്ത്രണ സംവിധാനത്തിന് ഒരു പ്രധാന നേട്ടം ഉണ്ടായിരുന്നു: മാർക്‌സിസം-ലെനിനിസമെന്ന ഉത്തമ പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന പ്രാദേശിക ബോൾഷെവിക് പാർട്ടി നേതൃത്വങ്ങൾ നടപടികളെ പിന്തുണയ്ക്കാൻ തയ്യാറായതിനാൽ, പൊതുജനാരോഗ്യ അധികാരികളും നേരിട്ട് പാർട്ടി ഉപകരണങ്ങളും ഇതിനെ പിന്തുണക്കുകയും നിയന്ത്രിക്കുകയും ചെയ്തു. നവംബർ വിപ്ലവത്തിന് മുമ്പും, ആഭ്യന്തരയുദ്ധകാലത്തും, പല പകർച്ചവ്യാധികളും (ടൈഫസ്, ടൈഫോയ്ഡ് പനി, കോളറ, മലേറിയ മുതലായവ) റഷ്യയുടെ പ്രദേശത്ത് ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ചു. ജനസംഖ്യയുടെ നാലിലൊന്ന് പകർച്ചവ്യാധികൾമൂലം മരിച്ചു. മൊത്തം മരണനിരക്ക് കണക്കിലെടുത്താൽ 1000 ജനങ്ങളിൽ 291 എന്ന കണക്കിൽ, ലോകത്തിലെ ആദ്യസ്ഥാനങ്ങളിൽ ഒന്നായിരുന്നു വിപ്ലവത്തിനുമുമ്പുള്ള റഷ്യ. ശരാശരി ആയുർദൈർഘ്യം 32 വയസ്സായിരുന്നു. വിപ്ലവത്തിനുശേഷം, ലെനിൻ 1918 ൽ ‘നിർബന്ധിത വസൂരി വാക്‌സിനേഷൻ’ എന്ന പേരിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. നിർബന്ധിത വാക്‌സിനേഷന്റെയും പകർച്ചവ്യാധി രോഗികളുടെ ചികിത്സയുടെയും തുടക്കമായിരുന്നു ഇത്.
ഈ ലക്ഷ്യം നിറവേറ്റുന്നതിനായി, ജില്ലാതലം മുതൽ റിപ്പബ്ലിക് ഒട്ടാകെ സാനിറ്ററി സ്റ്റേഷനുകളുടെ ഒരു ശൃംഖല സ്ഥാപിക്കുകയും, താമസിയാതെ രാജ്യം മുഴുവൻ അത് വ്യാപിപ്പിക്കുകയും ചെയ്തു. മൂന്ന് തരത്തിലുള്ള സ്റ്റേഷനുകൾ ഉണ്ടായിരുന്നു: (1) പൊതു ആവശ്യത്തിനുള്ള സാനിറ്ററി സ്റ്റേഷനുകൾ, (2) കോളറ, വസൂരി, തുലാരീമിയ, ആന്ത്രാക്‌സ്, ബ്രൂസെല്ലോസിസ്, തുടങ്ങിയവ കൂടി കൈകാര്യം ചെയ്യുന്ന പ്ലേഗിനെതിരായ സ്റ്റേഷനുകൾ, (3) മലേറിയക്കെതിരായ സ്റ്റേഷനുകൾ. തൊഴിലിന്റെയും ജീവിതത്തിന്റെയും സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഭക്ഷണത്തിന്റെയും മറ്റ് സൗകര്യങ്ങളുടെയും നിർമ്മാണത്തിലും പ്രവർത്തനത്തിലും വേണ്ട പ്രതിരോധപരവും ശുചിത്വപരവുമായ മേൽനോട്ടം വഹിക്കുന്നതിനുമുള്ള എല്ലാ നടപടികളുടെയും സംഘാടകരായിരുന്നു ഗ്രാമത്തിലെ സാനിറ്ററി പാരാമെഡിക്കുകൾ. നിരവധി അണുബാധകൾക്ക് എതിരേ സോവിയറ്റ് യൂണിയൻ കാര്യമായ വിജയങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് പിൽക്കാല ചരിത്രം കാണിച്ചുതരുന്നു.
തുടക്കം തൊട്ടുതന്നെ, സോവിയറ്റ് സർക്കാരിന്റെ ആഭിമുഖ്യത്തിനും നിയന്ത്രണത്തിനും കീഴിൽ, പകർച്ചവ്യാധികൾക്കെതിരെയുള്ള പോരാട്ടം സോവിയറ്റ് യൂണിയനിൽ മുൻഗണന നേടി. സോവിയറ്റ് അധികാരത്തിന്റെ ആദ്യനാളിൽത്തന്നെ, പെട്രോഗ്രാഡ് മിലിട്ടറി റവല്യൂഷണറി കമ്മിറ്റിയുടെ കീഴിൽ, ഒരു ബോൾഷെവിക് ഡോക്ടറുടെ നേതൃത്വത്തിൽ, ഒരു ആരോഗ്യ-ശുചിത്വ വകുപ്പ് സംഘടിപ്പിക്കുകയുണ്ടായി. രാജ്യത്തെ മുഴുവൻ ആരോഗ്യസംവിധാനത്തെയും പുനഃസംഘടിപ്പിക്കു ന്നതിന് ഈ വകുപ്പിനെ ചുമതലപ്പെടുത്തി. പകർച്ചവ്യാധികൾക്കെതിരേയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടു പോകുവാനും, രാജ്യത്ത് നാളിതുവരെ നിലനിന്ന ശുചിത്വരഹിത സാഹചര്യങ്ങൾ ഇല്ലാതാക്കുവാനും, എപ്പിഡെമിയോളജി ഉപവകുപ്പോടു കൂടി ഒരു ശുചിത്വ- പകർച്ചവ്യാധിപ്രതിരോധ വകുപ്പ് സൃഷ്ടിച്ചു. പകർച്ചവ്യാധികൾക്കെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നിർവ്വഹിക്കാനുള്ള കേന്ദ്രസ്ഥാപനമായി ഈ വകുപ്പ് മാറി. സമാനമായ ഉപവിഭാഗങ്ങൾ പ്രാദേശികമായി സംഘടിപ്പിക്കുകയും പകർച്ചവ്യാധികൾക്കും എല്ലാത്തരം ശുചിത്വഹീനതയ്ക്കും എതിരായ പോരാട്ടത്തിൽ ഉടൻ പങ്കാളികളാവുകയും ചെയ്തു. സാനിറ്ററി, എപ്പിഡെമോളജിക്കൽ വിഭാഗത്തിന് നേതൃത്വം നൽകിയത് ഒരു പ്രമുഖ ശുചിത്വ വിദഗ്ദ്ധനാണ്. ഈ വകുപ്പിനു കീഴിലെ ഉപദേശകസമിതികളായി, പകർച്ചവ്യാധികൾക്കെതിരായ പോരാട്ടത്തിനായുള്ള കേന്ദ്ര കമ്മീഷൻ, സെറം വാക്‌സിൻ കമ്മീഷൻ, ടൈഫസിനെയും സ്പാനിഷ് ഡിസീസിനെയും കുറിച്ച് പഠിക്കാനുള്ള കമ്മീഷൻ, എന്നിങ്ങനെയുള്ള കമ്മീഷനുകൾ പകർച്ചവ്യാധികളെ നേരിടുന്നതിനായി സംഘടിപ്പിച്ചു. 1918 ജൂലൈ 23ന് കേന്ദ്ര കമ്മീഷൻ സ്ഥാപിക്കപ്പെട്ടു. വിവിധ പകർച്ചവ്യാധികളെ നേരിടാനുള്ള നടപടികൾ വികസിപ്പിക്കുക എന്നത് അതിന്റെ ചുമതലയിൽ ഉൾപെട്ടിരുന്നു. 1919 മുതൽ 1921 വരെ, ബോൾഷെവിക് പാർട്ടിയും സോഷ്യലിസ്റ്റ് സർക്കാരും പകർച്ചവ്യാധികൾക്കെതിരേയുള്ള പോരാട്ടത്തിൽ 18 ഉത്തരവുകളാണ് പുറത്തിറക്കിയത്. 1927 ഫെബ്രുവരി 19ന് റഷ്യൻ സോവിയറ്റ് ഫെഡറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ പീപ്പിൾസ് കമ്മിസാർസ് കൗൺസിൽ പുറപ്പെടുവിച്ച, ‘റിപ്പബ്ലിക്കിലെ ശുചിത്വ സ്ഥാപനങ്ങളെക്കുറിച്ച്’ എന്ന കൽപ്പനയിൽ, രാജ്യത്തെ ജനങ്ങളെ സേവിക്കേണ്ട ശുചിത്വസ്ഥാപനങ്ങളുടെ മാനദണ്ഡങ്ങൾ അംഗീകരിച്ചു. 1927 ഒക്‌ടോബർ 8 ന്റെ ഒരു കമ്മിസ്സാർ കൗൺസിൽ പ്രമേയത്തിൽ ശുചിത്വ അധികാരികളുടെ പ്രവർത്തനത്തിൽ ഒരു പ്രത്യേകസ്ഥാനം പകർച്ചവ്യാധി പ്രതിരോധത്തിനും പകർച്ചവ്യാധികൾക്കെതിരേയുള്ള നടപടികൾ സംഘടിപ്പിക്കുന്നതിനും നൽകി.
ആദ്യം കേന്ദ്രഗവേഷണ സ്ഥാപനങ്ങളായും തുടര്‍ന്ന് യൂണിയൻ റിപ്പബ്ലിക്കുകളിലും പ്രാദേശികമായും 1920 കളിലും 1930 കളിലും പ്രത്യേക ഹെൽമിന്തോളജിക്കൽ (പരാന്നഭോജികളായ പുഴുക്കളെ ക്കുറിച്ചുള്ള പഠനങ്ങൾ) സ്ഥാപനങ്ങൾ ആരംഭിച്ചു. പകർച്ചവ്യാധികൾക്കെതിരായ പോരാട്ടം സംഘടിപ്പിക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട രേഖകൾ മഹാനായ ലെനിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലും, തുടർന്ന് അദ്ദേഹത്തിന്റെ ഉത്തമ ശിഷ്യനും പിന്തുടർച്ചക്കാരനുമായ മഹാനായ സ്റ്റാലിന്റെ സാന്നിധ്യത്തിലും ചർച്ച ചെയ്യപ്പെട്ടു. ഉചിതവും ആവശ്യവുമായ നടപടികളും കണിശമായി കൈക്കൊണ്ടു. ആരോഗ്യ സംരക്ഷണത്തിനുള്ള വിഹിതം പ്രതിവർഷം 128.5 ദശലക്ഷത്തിൽ നിന്ന് 660.8 ദശലക്ഷം റൂബിളായും, ആശുപത്രി കിടക്കകളുടെ എണ്ണം 175,000 ൽ നിന്ന് 225,000 ആയും ഉയർന്നു. മുപ്പതുകളുടെ മധ്യത്തോടെപ്പോലും, സോവിയറ്റ് യൂണിയനിൽ ലഭ്യമായിരുന്ന ആരോഗ്യ പരിരക്ഷ, പാശ്ചാത്യ ലോകത്തെ ആരോഗ്യ സംരക്ഷണത്തെക്കാൾ എത്രയോ മുന്നിലായിരുന്നു. സോവിയറ്റ് യൂണിയനിൽ സോഷ്യലിസത്തിന്റെ നിർമ്മാണ വേളയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി 28,000-ത്തിലധികം സംസ്ഥാന ആശുപത്രികൾ നിർമ്മിക്കുകയും, അതീവ ശ്രദ്ധയോടെയും പ്രാധാന്യത്തോടെയും അവ നടത്തുകയും ചെയ്തു. എല്ലാവർക്കും സൗജന്യവും സാർവത്രികവുമായ ആരോഗ്യ സംരക്ഷണം നൽകുന്നതിന് സോവിയറ്റ് യൂണിയന്റെ വാർഷിക ബജറ്റിന്റെ 17% ചെലവഴിച്ചിരുന്നു. ഏറ്റവും പ്രധാനമായി, സോവിയറ്റ് ഭരണഘടനയുടെ 42-ാം വകുപ്പു പ്രകാരം, എല്ലാ പൗരന്മാർക്കും ആരോഗ്യസംരക്ഷണത്തിനും, സോവിയറ്റ് യൂണിയനിലെ ഏത് ആരോഗ്യകേന്ദ്രത്തിന്റെ സേവനവും സൗജന്യമായി ലഭിക്കാനുമുള്ള അവകാശം നൽകപ്പെട്ടു. തിരുത്തൽവാദികളായ ക്രൂഷ്‌ചേവ് നേതൃത്വം പ്രതിവിപ്ലവ പ്രക്രിയ പൂർണമായി രൂപപ്പെടുത്തുന്നതുവരെ സോവിയറ്റ് യൂണിയനിൽ ഇത് ആദരിക്കപ്പെട്ടു.

പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിൽ ആശുപത്രികൾ, ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരുടെ പങ്ക്.

2020 ജൂലൈ 1 ലക്കം പ്രോലിറ്റേറിയൻ ഇറയിലെ ലേഖനത്തിൽ ഞങ്ങൾ സൂചിപ്പിച്ചതുപോലെ, ലോകത്ത് ഏറ്റവുമധികം ഡോക്ടർമാരും ആശുപത്രികളും അന്നുണ്ടായിരുന്നത് യുഎസ്എസ്ആറിലാണ്. മഹാനായ സ്റ്റാലിന്റെ മേൽനോട്ടത്തിലുള്ള ആദ്യത്തെ പഞ്ചവത്സര പദ്ധതിയുടെ അവസാനത്തിൽ, ഡോക്ടർമാരുടെ എണ്ണം 63,000ൽ നിന്ന് 76,000 ആയി ഉയർന്നു. ആശുപത്രി കിടക്കകളുടെ എണ്ണം പകുതിയിലധികം വർദ്ധിക്കുകയും നഴ്‌സറി സ്ഥലങ്ങളുടെ എണ്ണം 2,56,000 ൽ നിന്ന് 57,50,000 ആയി വർദ്ധിക്കുകയും ചെയ്തു. സോവിയറ്റ് ശാസ്ത്രജ്ഞരാണ് എപ്പിഡെമിയോളജി സിദ്ധാന്തത്തിന്റെയും നിരവധി അണുബാധകൾ തടയുന്നതിന്റെയും അവയുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഘട്ടങ്ങളുടെയും സമന്വയ സംവിധാനം വികസിപ്പിച്ചെടുത്തത്. സോവിയറ്റ് യൂണിയന്റെ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ പ്രമുഖ ശാസ്ത്രജ്ഞർ എഴുതിയ പാഠപുസ്തകങ്ങളും പുസ്തകങ്ങളും ഓരോ എപ്പിഡെമിയോളജിസ്റ്റിന്റെയും ഡെസ്‌ക് മാനുവലുകളായി. ഈ പാഠപുസ്തകങ്ങൾ അനുസരിച്ച് വിദ്യാർത്ഥികളും ഡോക്ടർമാരും പഠിച്ചു. എപ്പിഡെമിയോളജിയെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പാഠപുസ്തകം നിരവധി രാജ്യങ്ങളിൽ വീണ്ടും പ്രസിദ്ധീകരിച്ചു. പല മെഡിക്കൽ സർവകലാശാലകളിലും ഇത് ഇന്നും ഉപയോഗിക്കുന്നു.
ഡോക്ടർമാരെ മാത്രമല്ല, നഴ്‌സുമാരെയും എപ്പിഡെമിയോളജിയെ കുറിച്ചുള്ള പാഠപുസ്തകം അനുസരിച്ച് പരിശീലിപ്പിച്ചു. ജില്ലാ ആശുപത്രികളിലെയും പ്രസവചികിത്സാ സെന്ററുകളിലേയും മെഡിക്കൽ സ്റ്റാഫ്, ഫെൽഷർ (അടിയന്തിര ചികിത്സയ്ക്കും ആംബുലൻസ് പരിശീലനത്തിനും മാത്രമായി വിവിധ മെഡിക്കൽ സേവനങ്ങൾ നൽകുന്ന ആരോഗ്യ പരിപാലന വിദഗ്ദ്ധൻ) എന്നിവർ ഡയറി ഫാമുകളുടെ പരിപാലനം, ഭക്ഷ്യ ഉൽപന്നങ്ങളുടെ കടത്ത്, സംഭരണം എന്നിവയ്ക്കുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും, മൃഗങ്ങളെ അറുക്കുന്നതിനുള്ള നിയമങ്ങൾ മുതലായവ പാലിക്കുന്നുണ്ടോ എന്നിവ ഇടയ്ക്കിടെ നിരീക്ഷിക്കുന്നു. പ്രത്യേക അംഗീകാരമുള്ള ആരോഗ്യ സംരക്ഷണ പ്രവർത്തകർ രോഗികളുമായി സമ്പർക്കം പുലർത്തുകയും അണുബാധയുടെ കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. അതുപോലെ, അണുബാധ തടയുന്നതിനുള്ള നടപടികൾ പാലിക്കുന്നതിനെ കുറിച്ച് ജനങ്ങളുമായി പതിവായി സംഭാഷണം നടത്തി. ഒരു പകർച്ചവ്യാധി ഉണ്ടായാൽ പനി ബാധിച്ച രോഗികൾ അല്ലെങ്കിൽ പകർച്ചവ്യാധിയുടെ മറ്റ് ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി, അണുനാശക നടപടികൾ പോലെയുള്ളവ സ്വീകരിച്ചു. ടൈഫോയ്ഡ്, ഛർദ്ദി, വൈറൽ ഹെപ്പറ്റൈറ്റിസ്, എന്നിവ ബാധിച്ചിരുന്നവരുടെ ഡിസ്‌പെൻസറി നിരീക്ഷണത്തിലും അവർ പങ്കെടുത്തു. പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തുന്നതിലും, കുട്ടികൾക്കുള്ള സ്ഥാപനങ്ങൾ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, പോളിക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രതിരോധ, പകർച്ചവ്യാധി വിരുദ്ധ നടപടികൾ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിലും പാരാമെഡിക്കൽ പ്രവർത്തകർ നിർവ്വഹിച്ചിരുന്ന പങ്ക് പ്രശംസനീയമാണ്. കമ്മ്യൂണിറ്റി മെഡിസിൻ, ശരിയായ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ, മെഡിക്കൽ സയൻസിന്റെ ശരിയായ പ്രയോഗം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് എങ്ങനെ പകർച്ചവ്യാധികളെ വിജയകരമായി നേരിടാമെന്ന് സോവിയറ്റ് യൂണിയനാണ് ആദ്യമായി ലോകത്തിന് കാണിച്ചു കൊടുത്തത്. സോവിയറ്റ് യൂണിയന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെ നിരവധി വിദേശ വിദഗ്ദ്ധരും വളരെ ബഹുമാനത്തോടെ നോക്കിക്കണ്ടിരുന്നു.

ജനങ്ങൾക്ക് വേണ്ടിയുള്ള ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ.

സോഷ്യലിസ്റ്റ് സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിന്‍ കീഴിലുള്ള, ജനങ്ങൾക്കുവേണ്ടിയുള്ള ഇത്തരം നടപടികളുടെ ഫലം അതിവേഗം തന്നെ ദൃശ്യമായിരുന്നു. ലെനിൻ ഒപ്പിട്ട ഉത്തരവിൻ പ്രകാരം 1919-ൽ സംഘടിപ്പിച്ച, വസൂരിക്കെതിരേയുള്ള വ്യാപക കുത്തിവെപ്പ്, 1930 കളോടെ ഈ അസുഖത്തിന്റെ ഉന്മൂലനത്തിലേക്ക് നയിച്ചു. 1930 ഓടെ കോളറ ഇല്ലാതാക്കി. മലേറിയയാകട്ടെ, ചില മേഖലകളിലെ ഒറ്റപ്പെട്ട കേസുകളായി ചുരുങ്ങി. അതുപോലെ തന്നെ ഡിഫ്ത്തീരിയയും. പല പ്രദേശങ്ങളിലും എലികൾ, അണ്ണാൻ മുതലായവക്കിടയിലൂടെ ഈ രോഗത്തിന്റെ സ്വാഭാവിക കേന്ദ്രീകരണമുണ്ടായിരുന്നുവെങ്കിലും, പ്രതിരോധ നടപടികളുടെ കൃത്യവും സംഘടിതവുമായ നടപ്പാക്കലിലൂടെ പ്ലേഗ് രോഗത്തെ തടഞ്ഞു. സോവിയറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ പ്രയോഗത്തിലൂടെയും മറ്റ് പ്രതിരോധ നടപടികൾകൊണ്ടും തുലാരീമിയ (എലി, പ്രത്യേകിച്ച് മുയലുകൾ, അണ്ണാൻ എന്നിവയുടെ ഒരു പകർച്ചവ്യാധി, ചിലപ്പോൾ ടിക്കുകൾ, ഈച്ചകൾ അല്ലെങ്കിൽ രോഗബാധയുള്ള മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിലൂടെ മനുഷ്യരിലേക്ക് പകരുന്നത്) ബാധിക്കുന്നത് ഏറെക്കുറെ ഇല്ലാതായി. 1950 കളിൽ, പോളിയോ വളരെ സാധാരണമായ ഒരു രോഗമായിരുന്നു. ചില സ്ഥലങ്ങളിൽ മരണനിരക്ക് 11% വരെ ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. സുഖം പ്രാപിച്ചവരിൽ 20% പേർക്ക് ഗുരുതരമായ സങ്കീർണതകളുണ്ടാകാറുണ്ട്. 1.5 മുതൽ 4.7% വരെ അംഗവൈകല്യമുള്ളവരായി മാറി. സോവിയറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു വാക്‌സിൻ ഉപയോഗിച്ച് ഈ അണുബാധയ്ക്കെതിരെ വ്യാപകമായ രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്തിയശേഷം, വളരെ ഒറ്റപ്പെട്ട കേസുകളിൽ മാത്രമേ പോളിയോമൈലിറ്റിസ് ഉണ്ടായുള്ളു. കുട്ടികളിലെ വില്ലൻ ചുമയുടെ കേസുകൾ, വ്യാപകരോഗപ്രതിരോധ കുത്തിവയ്പ്പുകളിലൂടെ പത്തു മടങ്ങ് കുറച്ചുകൊണ്ടുവന്നു. കുഞ്ഞുങ്ങളിലെ അഞ്ചാംപനി എന്ന അസുഖം സോവിയറ്റ് യൂണിയനിലെ ആരോഗ്യവകുപ്പ് അംഗീകരിച്ച വ്യാപക പ്രതിരോധ കുത്തിവയ്പ്പിലൂടെ വളരെയധികം കുറച്ചു. ആസൂത്രിതമായ പ്രതിരോധ പ്രവർത്തനവും, സമയത്തുള്ള പ്രതിരോധ കുത്തിവെപ്പും നടത്തിയതിലൂടെ ടെറ്റനസ്, പേവിഷബാധ, ആന്ത്രാക്‌സ് എന്നീ അസുഖങ്ങൾ ഏറെക്കുറെ ഇല്ലാതാക്കി. കുടലിലെ അണുബാധയുടെ കേസുകൾ കാര്യമായി കുറഞ്ഞു. ഏറ്റവും ചുരുങ്ങിയ സമയംകൊണ്ടുതന്നെ രാജ്യത്തിന്റെ എല്ലാഭാഗത്തും എല്ലാവർക്കും ശുദ്ധജലം ഉറപ്പാക്കിയതിലൂടെ സോവിയറ്റ് യൂണിയന്റെ പല പ്രദേശങ്ങളിലും ടൈഫോയ്ഡ് ഏറെക്കുറെ അപ്രത്യക്ഷമായി. അതിനാൽ, പകർച്ചവ്യാധികളിൽനിന്നുള്ള മരണനിരക്ക് ഗണ്യമായി കുറഞ്ഞു – സ്‌കാർലറ്റ് പനിയിൽ 1,300 മടങ്ങിൽ കൂടുതൽ, ഡിഫ്തീരിയ, വില്ലൻ ചുമ എന്നിവയുടെ കാര്യത്തിൽ 300 മടങ്ങിൽ കൂടുതൽ. ടൈഫോയ്ഡ് മരണങ്ങൾ തീർത്തും ഇല്ലാതായി. പൊതുവിൽ പറഞ്ഞാൽ, സോവിയറ്റ് അധികാരത്തിന്റെ വർഷങ്ങളിൽ കോടിക്കണക്കിന് സോവിയറ്റ് പൗരന്മാരുടെ ആയുസ്സും ആരോഗ്യവുമാണ് സംരക്ഷിക്കപ്പെട്ടത്.

രണ്ടാം ലോകമഹായുദ്ധം ആരോഗ്യരക്ഷ പരിപാടികളിൽ ഉണ്ടാക്കിയ തടസ്സങ്ങൾ
വിജയകരമായി മറികടന്നു.

രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതും (കമ്പോളം പിടിച്ചെടുക്കുന്നതിൽ കേന്ദ്രീകരിച്ച് സാമ്രാജ്യത്വ ശക്തികളുടെ രണ്ട് ചേരികൾ തമ്മിൽ ആരംഭിച്ചത്) സോഷ്യലിസത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ഫാസിസ്റ്റ് ജർമ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചതും, സോഷ്യലിസ്റ്റ് ആരോഗ്യ പരിരക്ഷാ പരിപാടികളുടെ തുടർച്ചയ്ക്കും മെച്ചപ്പെടുത്തലിനും ഗുരുതരമായ വെല്ലുവിളി ഉയർത്തി. മഹാനായ സ്റ്റാലിനു കീഴിൽ മുഴുവൻ ജനങ്ങൾക്കും സൈന്യത്തിനും സോഷ്യലിസ്റ്റ് സർക്കാരിനും ഫാസിസ്റ്റ് ആക്രമണത്തിൽനിന്ന് പുതിയ സോഷ്യലിസ്റ്റ് ഭരണകൂടത്തെ രക്ഷിക്കുന്നതിൽ സ്വയം ഇടപെടേണ്ടിവന്നു. ആയിരക്കണക്കിന് ഫാക്ടറികൾ ഒഴിപ്പിക്കേണ്ടി വന്നു. പല പ്രദേശങ്ങളും ഒറ്റരാത്രികൊണ്ട് ഒഴിപ്പിക്കേണ്ടിവന്നു. രോഗം ബാധിച്ച ജനങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കുടിയേറുന്നത് വർധിച്ചു. യുദ്ധസാഹചര്യമാകട്ടെ, പല പകർച്ചവ്യാധികളും വീണ്ടും വരുന്നതിനുള്ള സാഹചര്യമുണ്ടാക്കി. യുദ്ധകാലത്ത് സൈനികവ്യൂഹങ്ങൾക്കിടയിൽ പകർച്ചവ്യാധികളുടെ ഒറ്റപ്പെട്ട കേസുകൾ ഒഴിവാക്കാനാകില്ല. 1941 നവംബർ മുതൽ 1942 മാർച്ച് വരെ ദക്ഷിണ മുന്നണിയിലെ ചിലരിൽ തുലാരീമിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആക്രമണകാരികളായ നാസി സൈന്യം സാധാരണ സോവിയറ്റ് ജനതയ്ക്കും റെഡ് ആർമിക്കും ഇടയിൽ അണുബാധ പകര്‍ത്താൻ മനഃപൂർവ്വം ശ്രമിച്ചിട്ടും അവ ഒരിക്കലും പകർച്ചവ്യാധികളായി മാറിയില്ല.
എന്നാൽ, സാമ്രാജ്യത്വ ശക്തികളുടെ ആക്രമണത്തെ ചെറുക്കുന്നതിനും സോഷ്യലിസ്റ്റ് വ്യവസ്ഥയെ സുരക്ഷിതമാക്കുന്നതിനുമായുള്ള സോവിയറ്റ് യൂണിയന്റെ മഹത്തായ ദേശസ്‌നേഹയുദ്ധത്തിന്റെ തുടക്കം മുതൽ തന്നെ, റെഡ് ആർമിയുടെ മിലിട്ടറി സാനിറ്ററി ഡയറക്ടറേറ്റ്, മുമ്പത്തെ യുദ്ധങ്ങളിൽ കൈക്കൊണ്ട പകർച്ചവ്യാധി വിരുദ്ധ, പ്രതിരോധ നടപടികളുടെ ഗുണപരവും പ്രതികൂലവുമായ എല്ലാ വശങ്ങളും കണക്കിലെടുത്തു. അതിനനുസരിച്ച്, ആവശ്യമായ സംഘടനാപരവും ശാസ്ത്ര-ചരിത്രപരവുമായ നിഗമനങ്ങളിൽ എത്തിച്ചേർന്നു. അതിനോടകം, യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽത്തന്നെ, സൈനികരുടെ ശുചിത്വ- പകർച്ചവ്യാധി സംരക്ഷണ ഏകീകൃത സിദ്ധാന്തം വികസിപ്പിച്ചെടുത്തു. ‘രാജ്യത്തും റെഡ് ആർമിയിലും പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികളെക്കുറിച്ച്’ സ്റ്റേറ്റ് പ്രതിരോധ സമിതിയുടെ കരട് പ്രമേയം 1942 ഫെബ്രുവരി 2 ന് സുപ്രധാന കൂട്ടിച്ചേർക്കലുകളുമായി അംഗീകരിച്ചു. പ്രസക്തമായ നടപടികൾ നടപ്പിലാക്കുന്നതിന് സോവിയറ്റ് യൂണിയന്റെ പീപ്പിൾസ് കമ്മിസ്സാറിയറ്റ് ഓഫ് ഹെൽത്ത് മാത്രമല്ല, പ്രാദേശിക സോവിയറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റികൾ, റെയിൽവേ, കടല്‍-നദി കപ്പൽവ്യൂഹങ്ങൾ എന്നിവയുടെ ജനകീയ കമ്മിസ്സാറിയറ്റുകൾ എന്നിവയെയും ചുമതലപ്പെടുത്തി. പ്രാദേശിക കൗൺസിലുകളുടെ ചെയർമാൻമാർ, റെഡ് ആർമി പ്രതിനിധികൾ, പാർട്ടി ബോഡികൾ എന്നിവരെ ഉൾപ്പെടുത്തി, പ്രാദേശിക തലത്തിൽ അടിയന്തരസ്വഭാവത്തിൽ പൂർണ്ണമായ അധികാരത്തോടു കൂടി പകർച്ചവ്യാധി പ്രതിരോധ കമ്മീഷനുകൾ സൃഷ്ടിക്കുന്നതിന് പ്രമേയം വ്യവസ്ഥ ചെയ്യുന്നു. റോഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും സാനിറ്ററി കൺട്രോൾ പോയിന്റുകൾ സൃഷ്ടിച്ചു. ഐസൊലേഷൻ ചെക്ക്പോസ്റ്റുകളും കുളിമുറികളും, അലക്കും അണുവിമുക്തമാക്കാനുള്ള സൗകര്യങ്ങളും പ്രവർത്തിക്കുന്നു. റെഡ് ആർമിയിൽ, ശുചിത്വത്തിനും പകർച്ചവ്യാധി പ്രതിരോധത്തിനു മുള്ള വിഭാഗങ്ങൾ, തുണി അലക്കുന്നതിനും, അണുനാശനത്തിനുമുള്ള വിഭാഗങ്ങൾ, പകർച്ചവ്യാധികൾക്കുള്ള മൊബൈൽ ആശുപത്രികൾ എന്നിവ സംഘടിപ്പിച്ചു. പകർച്ചവ്യാധികളെ തിരിച്ചറിയുന്നതിന്, യൂണിറ്റുകളിലും ജനങ്ങൾക്കിടയിലും വീടുതോറുമുള്ള പരിശോധനകൾ നടത്തി. പട്ടാളക്യാമ്പുകളിൽ, അലക്കുന്നതിനും അണുവിമുക്തമാക്കലിനും ടീമുകൾ സൃഷ്ടിച്ചു. സാനിറ്ററി-എപ്പിഡെമോളജിക്കൽ ലബോറട്ടറികൾ യുദ്ധമുന്നണികളിൽ വിന്യസിച്ചു. ഈ ഉപവിഭാഗങ്ങളുടെ എണ്ണം വർഷംതോറും വർദ്ധിച്ചു. അത്തരം ലക്ഷ്യബോധമുള്ള നടപടികൾ, ഫാസിസ്റ്റ് സൈന്യത്തിന്റെ ആക്രമണത്തിനിരയായപ്പോൾ പോലും മുകളിൽനിന്ന് താഴേത്തട്ടിലേക്ക് സ്വീകരിച്ചതുമൂലം, യുദ്ധചരിത്രത്തിൽ ആദ്യമായി, ഒരു സജീവ സൈന്യം ഏതെങ്കിലും പകർച്ചവ്യാധിയുടെ വ്യാപനത്തിന് സംഭാവന നൽകിയിട്ടില്ലെന്ന് കണ്ടു.
സാധാരണക്കാരുടെ ജീവിതനിലവാരം ഗണ്യമായി ഉയരുന്നത്, മെഡിക്കൽ സയൻസ് ഉൾപ്പെടെയുള്ള ശാസ്ത്രത്തിലെ അത്ഭുതകരമായ നേട്ടങ്ങൾ, നന്നായി രൂപകൽപ്പനചെയ്ത സൗജന്യ പൊതുജനാരോഗ്യ സംവിധാനം വേഗത്തിൽ നടപ്പിലാക്കുക – സോഷ്യലിസത്തിന്റെ വെറും മൂന്ന് ദശകക്കാലംകൊണ്ടാണ് ഈ ശ്രദ്ധേയമായ നേട്ടം സാധ്യമായത്.

എങ്ങനെയാണ് സോവിയറ്റ് യൂണിയൻ ഈ നേട്ടം
കൈവരിച്ചത്?

സോവിയറ്റ് യൂണിയന് ഇത്രയും വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിന് കാരണം, സോഷ്യലിസത്തിന്റെ വിജയത്തിനുശേഷം ആരോഗ്യസംരക്ഷണ സംവിധാനം മുഴുവനും പുനഃസംഘടിപ്പിക്കുകയും, ആരോഗ്യസംരക്ഷണ പ്രശ്‌നങ്ങൾ പ്രാദേശികമായി ജനകീയ കൗൺസിലുകളുടെ മേൽനോട്ടത്തിലാക്കുകയും ചെയ്തു. അതേസമയം എല്ലാ ആരോഗ്യ സംരക്ഷണ വിഭവങ്ങളും സമാഹരിക്കുകയും കേന്ദ്രീകൃതമാക്കുകയും ചെയ്തുകൊണ്ട്, സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിന് കീഴിൽ കാര്യക്ഷമമായി പ്രവർത്തിപ്പി ക്കുകയും ചെയ്തു. ഒരു ജനവിഭാഗത്തിന് യഥാർത്ഥത്തിൽ അനുകൂലമായ നടപ്പാക്കൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന മതിയായ ആരോഗ്യസംവിധാനം, സ്റ്റേറ്റ് ധനസഹായത്തോടെയുള്ള അക്കാദമിക് ശൃംഖലയുമായി സംയോജിപ്പിച്ചകൊണ്ട് മെഡിക്കൽ ഗവേഷണ വികസനത്തിന് പൂർണ്ണ പ്രോത്സാഹനവും സ്റ്റേറ്റ് സഹായവും നൽകുക- ഇതൊക്കെയായിരുന്നു സോഷ്യലിസ്റ്റ് സമ്പ്രദായത്തിലെ ആരോഗ്യസംരക്ഷണത്തിന്റെ മുഖമുദ്രകൾ.
ഇപ്പോഴത്തെ റഷ്യൻ സാമ്രാജ്യത്വ ഭരണകൂടം കോവിഡ് ഭീഷണി കൈകാര്യം ചെയ്യുന്ന രീതി കണ്ട് മനംമടുത്ത ഒരു വ്യാഖ്യാതാവ് ചൂണ്ടിക്കാട്ടി: ‘സോഷ്യലിസത്തിന് കീഴിൽ ഇത്തരം എപ്പിഡെമോളജിക്കൽ പ്രശ്‌നങ്ങൾ ഗൗരവമായി എടുക്കുകയും അവ ഉടനടി പരിഹരിക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന പകർച്ചവ്യാധിയെക്കുറിച്ച് മുതലാളിത്ത രാജ്യങ്ങൾക്ക് നന്നായി അറിയാമായിരുന്നു. (2019 നവംബറിന്റെ തുടക്കത്തിൽ തന്നെ) എന്നാൽ വിപണി പ്രവർത്തനങ്ങളൊന്നും തടയാതിരിക്കാൻ അതിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അത് ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനും ദശലക്ഷക്കണക്കിന് ആളുകൾക്ക് അപകടത്തിനും കാരണമായി. മാത്രമല്ല, ഒരു സ്വകാര്യവത്കൃത ആരോഗ്യസംരക്ഷണ സംവിധാനം ഇൻഷ്വറൻസ് ഇല്ലാത്തവരില്‍നിന്ന്ചികിത്സയ്ക്കായി 2,00,000 റൂബിൾസ് (3,000 യുഎസ് ഡോളർ) ഈടാക്കും. രോഗികൾക്കുവേണ്ട ചികിത്സ നൽകാനുള്ള ആശുപത്രികളുടെ കഴിവില്ലായ്മയെക്കുറിച്ച് പറഞ്ഞിട്ട് കാര്യവുമില്ല. മറുവശത്ത്, സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയന്റെ കീഴിൽ ചികിത്സയും പ്രതിരോധ നടപടികളും പൊതുജനാരോഗ്യവുമായിരുന്നു മുൻഗണന. സാറിസ്റ്റ് റഷ്യയിൽ പകർച്ചവ്യാധികളിൽ നിന്നുള്ള മരണനിരക്ക് 1000 പേരിൽ 291 ആയിരുന്നു. എന്നാൽ സോഷ്യലിസത്തിൽ ചില രോഗങ്ങൾ പൂർണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു. പ്രതിരോധ നടപടികളുടെ വ്യക്തമായ സംഘാടനവും നടപ്പാക്കലും വഴി, 1930 കളിലെ പ്ലേഗ് ഉൾപ്പെടെയുള്ള ഗുരുതരമായ പല രോഗങ്ങളും തടഞ്ഞു. അങ്ങനെ ജനങ്ങൾക്കുമേലെ ലാഭത്തെ പ്രതിഷ്ഠിക്കാത്ത ഒരു സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുകൂലമായുള്ള ശാസ്ത്രീയവും ചരിത്രപരവുമായ നിഗമനങ്ങളിൽ നമുക്ക് എത്തിച്ചേരാനാകും.’ ഒരുപക്ഷേ, ഈ അഭിപ്രായം സ്വയം വിശദീകരിക്കുന്നതാണ്. ചൂഷണപൂർണ്ണമായ മുതലാളിത്ത -സാമ്രാജ്യത്വ വ്യവസ്ഥയെ ചൂഷണരഹിത സോഷ്യലിസ്റ്റ് സംവിധാനവുമായി ഇത് വളരെ വാചാലമായി താരതമ്യം ചെയ്യുന്നു.

Share this post

scroll to top