മ്യാൻമറിൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു

Myanmar-1.jpg
Share

മ്യാൻമർ വീണ്ടും പ്രക്ഷുബ്ധമായിരിക്കുന്നു. സ്റ്റേറ്റ് കൗൺസലർ ആങ് സാൻ സൂക്കിയുടെ നേതൃത്വത്തിലുള്ള, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിനെ ഒരു പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിക്കൊണ്ട് മ്യാൻമറിലെ സൈനിക ശക്തിയായ തത്മദോവ് ഒരിക്കൽക്കൂടി അധികാരം പിടിച്ചെടുത്തിരിക്കുന്നു. സൂക്കിയും മറ്റ് നാഷണൽ ലീഗ് ഫോർ ഡെമോക്രസി(എൻഎൽഡി) നേതാക്കളും ഗവണ്മെന്റ് ഉദ്യോഗസ്ഥരും അറസ്റ്റുചെയ്യപ്പെട്ടു. എന്നാൽ ഈ അട്ടിമറി മ്യാൻമറിലെ ജനാധിപത്യ സ്‌നേഹികളായ ജനങ്ങൾ അംഗീകരിച്ചിട്ടില്ല. പട്ടാളത്തിന്റെ ഭീഷണിയും അടിച്ചമർത്തലുമൊക്കെ അവഗണിച്ചുകൊണ്ട് രാജ്യത്തുടനീളം ജനകീയ പ്രതിഷേധം അലയടിക്കുകയാണ്.

വിദ്യാർത്ഥികൾ, അദ്ധ്യാപകർ, യുവാക്കൾ, വനിതകൾ, തൊഴിലാളികൾ, കർഷകർ തുടങ്ങി എല്ലാ ജനവിഭാഗങ്ങളും ആയിരങ്ങളായി ദിവസേന തെരുവിലിറങ്ങിക്കൊണ്ടിരിക്കുന്നു. നേതാക്കളെ വിട്ടയയ്ക്കണമെന്നും സൈനിക സ്വേച്ഛാധിപത്യം അവസാനിപ്പിക്കണമെന്നും ജനാധിപത്യം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2020 ഫെബ്രുവരി 7ന് യാംഗങ്ങിൽ പതിനായിരങ്ങൾ പ്രകടനംനടത്തി. നേരായി ചിന്തിക്കുന്ന അന്തർദ്ദേശീയ സമൂഹവും സൈനിക അട്ടിമറിയെ ശക്തമായി അപലപിക്കുകയും ജനങ്ങളുടെ ന്യായമായ പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലം.

2020 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ സൈനിക പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആന്റ് ഡവലപ്പ്‌മെന്റ് പാർട്ടി(യുഎസ്ഡിപി)ക്കെതിരെ സൂക്കി നയിച്ച എൻഎൽഡി വൻ വിജയം നേടുകയുണ്ടായി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും പരാതിപ്പെട്ടിട്ട് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നുമായിരുന്നു അട്ടിമറിക്ക് ന്യായീകരണമായി പട്ടാളം പറഞ്ഞത്. എന്നാൽ, കൃത്രിമം നടന്നതിന് തെളിവൊന്നുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ദേശീയ, അന്തർദ്ദേശീയ മാദ്ധ്യമങ്ങളും സ്ഥിരീകരിച്ചിരുന്നു. 2008ലെ ഭരണഘടനയാകട്ടെ ദേശീയ രാഷ്ട്രീയത്തിൽ സൈന്യത്തിന് മുൻതൂക്കം നൽകുന്നതാണ്. 644 അംഗ പാർലമെന്റിൽ 166 സീറ്റ്, അതായത് 25 ശതമാനം, സൈന്യത്തിനായി നീക്കിവച്ചിരുന്നു. ബാക്കി 476 സീറ്റുകളിലേയ്ക്ക് മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആഭ്യന്തരം, പ്രതിരോധം, അതിർത്തി കാര്യങ്ങൾ എന്നീ സുപ്രധാന വകുപ്പുകളും സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഭരണഘടനാ ഭേദഗതികളിൽ സൈന്യത്തിന് വീറ്റോ അധികാരവും നൽകിയിട്ടുണ്ട്. പിൻവാതിലിലൂടെ അധികാരം പിടിച്ചടക്കാൻ സൈന്യത്തിന് പഴുത് നൽകുന്ന ഈ ഭരണഘടനാ വ്യവസ്ഥകളുടെ ചുവടുപിടിച്ചാണ് പട്ടാളം, തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിനെ അട്ടിമറിച്ച് രാജ്യത്തിന്റെ അധികാരം കൈക്കലാക്കിയത്. അടിയന്തര സാഹചര്യം പരിഗണിച്ച് ഒരു വർഷത്തേയ്ക്ക് അധികാരം ഏറ്റെടുക്കുന്നുവെന്നും ഒരു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ മാർഗത്തിൽ അധികാരത്തിലെത്തുന്ന ഗവണ്മെന്റിന് അധികാരം കൈമാറുമെന്നുമുള്ള സൈന്യത്തിന്റെ ഭാഷ്യം, മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, വിശ്വസിക്കുവാൻ ജനങ്ങൾ തയ്യാറല്ല.

പാതിവെന്ത ദേശീയ പ്രസ്ഥാനം.

ബർമ എന്നറിയപ്പെട്ടിരുന്ന മ്യാൻമർ 1948 ജനുവരി 4ന് ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയിൽനിന്ന് രാഷ്ട്രീയ സ്വാതന്ത്ര്യം നേടുന്നത് സാമ്രാജ്യത്വ വിരുദ്ധ സ്വാതന്ത്ര്യ സമരത്തിലൂടെയാണ്. അതിന് നേതൃത്വം നൽകിയ ദേശീയ നേതാക്കളിൽ പ്രമുഖനായിരുന്നു ജനറൽ ആംഗ് സാൻ. സ്വാതന്ത്ര്യം നേടി ഒരു പരമാധികാര ബൂർഷ്വാ രാഷ്ട്രമായിത്തീരുന്നതിനുമുമ്പ് വിവിധ വംശീയ വിഭാഗങ്ങളും ജനറൽ ആംഗ് സാനെപ്പോലുള്ള സൈനിക ഓഫീസർമാരുമൊക്കെ സായുധ പോരാട്ടം നയിച്ചിരുന്നു. എന്നാൽ പിന്നീട്, ആംഗ് സാൻ, സിവിലിയൻ പ്രസ്ഥാനമായ ആന്റി ഫാസിസ്റ്റ് പീപ്പിൾസ് ഫ്രീഡം ലീഗിൽ (എഎഫ്‌പിഎഫ്എൽ) ചേരുകയുണ്ടായി. പ്രക്ഷോഭകാരികളുടെ വിവിധ വംശീയ ഗ്രൂപ്പുകളെയും വിഘടനവാദികളായ രാഷ്ട്രീയ ശക്തികളെയും ഒരു വിശാല വേദിയിൽ അണിനിരത്താൻ ആ പ്രസ്ഥാനം ശ്രമിച്ചിരുന്നു. പരസ്പരം കലഹിച്ചിരുന്ന ഈ വംശീയ ഗ്രൂപ്പുകളെയെല്ലാം പീപ്പിൾസ് വോളന്റിയർ ഓർഗനൈസേഷൻ (പിവിഒ) എന്ന ഒരു അർദ്ധസൈനിക സംഘടനയിൽ ഒന്നിപ്പിക്കാനും അവർ ശ്രമിച്ചു. പരസ്പര വിരുദ്ധമായ ഈ വിഭാഗങ്ങളെയെല്ലാം ഒന്നിച്ചണിനിരത്താനുള്ള ഈ ശ്രമത്തിനിടയിൽ എഎഫ്‌പിഎഫ്എൽ നേതൃത്വം പല വിട്ടുവീഴ്ചകൾക്കും തയ്യാറാകുകയും അത് സമരത്തെ ദുർബലപ്പെടുത്തുകയും ചെയ്തു. 1947 ജൂലൈ മാസത്തിൽ ആംഗ് സാൻ കൊല്ലപ്പെടുകയും ചെയ്തു.
മ്യാൻമറിൽ സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ചരിത്രപരമായി ലോകം സാമ്രാജ്യത്വത്തിന്റെയും തൊഴിലാളവർഗ വിപ്ലവത്തിന്റെയും യുഗത്തിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു എന്നതുകൊണ്ടുതന്നെ ലോക മുതലാളിത്തം പുരോഗമന സ്വഭാവം നഷ്ടപ്പെട്ട് ഒരു പിന്തിരിപ്പൻ ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. അതിനാൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലെയും കോളനി വാഴ്ചയ്‌ക്കെതിരായ സമരത്തിൽ ഏർപ്പെട്ടിരുന്ന മുതലാളി വർഗത്തിന് വീര്യം നഷ്ടപ്പെടുകയും മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തെക്കുറിച്ചുള്ള ഭീതിയാൽ സാമ്രാജ്യത്വവും ജന്മിത്തവുമായി സന്ധിചെയ്തുകൊണ്ട് അധികാരം നേടിയെടുക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തിരുന്നു. അതിനാൽ നമ്മുടേതടക്കം ഈ രാജ്യങ്ങളിലെയെല്ലാം ബൂർഷ്വാ ജനാധിപത്യ വിപ്ലവ മുന്നേറ്റങ്ങളും രാഷ്ട്ര നിർമാണ പ്രക്രിയയും പാതിവെന്ത നിലയിൽ പര്യവസാനിക്കുകയാണുണ്ടായത്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിലെപ്പോലെതന്നെ മ്യാൻമറിലെയും സന്ധിമനോഭാവം പേറുന്ന മുതലാളിവർഗത്തിന് അധികാരം കൈമാറുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ഒരു പരമാധികാര മുതലാളിത്ത രാഷ്ട്രമായി മാറിയിട്ടും മ്യാൻമറിന്റെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം അസ്ഥിരതയുടേതായി തുടർന്നത്.

തത്മദോവ്രം ഗത്തുവന്നതെങ്ങനെ.

തത്മദോവ് എന്നറിയപ്പെടുന്ന ബർമ്മയിലെ സായുധ സേനയ്ക്ക് ഉയർന്നുവരുന്ന മുതലാളി വർഗ്ഗത്തിന്റെ പിന്തുണയുണ്ടായിരുന്നു. അവർ ബർമയുടെ സ്വാതന്ത്ര്യസമരത്തിൽ സുപ്രധാനമായ പങ്ക് വഹിക്കുകയും ചെയ്തു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ സംവിധാനത്തിന്റെയും സംരക്ഷകരെന്ന നിലയിലാണ് അവരെ ജനങ്ങൾ വീക്ഷിച്ചത്. 1958ൽ എഎഫ്‌പിഎഫ്എൽ പിളർന്നതോടെ ഒരു പട്ടാള അട്ടിമറിയുടെ ഭീഷണി ഉയർന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിനായി സൈന്യത്തെ വിളിച്ച് ഒരു താത്ക്കാലിക ഗവണ്മെന്റുണ്ടാക്കാൻ അന്ന് നിലവിലിരുന്ന ഗവണ്മെന്റ് നിർബ്ബന്ധിതമായി. 1958 ഒക്‌ടോബർ 27ന് അവർ അധികാരമേറ്റു. അന്നുമുതലാണ് ഭരണഘടനാനുസൃതമെന്ന് തോന്നുംവിധമുള്ള സൈനിക വാഴ്ചയുടെ പാരമ്പര്യം മ്യാൻമറിൽ തുടങ്ങുന്നത്. താത്കാലിക ഗവണ്മെന്റ് തുടക്കത്തിൽ മുൻഗാമികളുടെ പാതയാണ് സ്വീകരിച്ചത്. അഴിമതി തടയാനും ഭരണ കാര്യക്ഷമത വർദ്ധിപ്പിക്കാനും പ്രാദേശിക വിഘടനവാദ സേനകളെ അമർച്ച ചെയ്യാനുമൊക്കെ ശ്രമമുണ്ടായി. ഈ കാലയളവിൽ വോട്ടുചെയ്യാനും തെരഞ്ഞെടുക്കപ്പെടുവാനുമൊക്കെയുള്ള അവകാശം പൗരന്മാർക്ക് നൽകുന്നതുപോലുള്ള ജനാധിപത്യ പരിഷ്‌കരണങ്ങളൊക്കെ നടന്നു. 1960 ലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് ഒരു സിവിലിയൻ ഗവണ്മെന്റ് രൂപീകരിക്കുകയും ചെയ്തു. എന്നാൽ അതുകൊണ്ടൊന്നും സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെന്നുമാത്രമല്ല ദേശീയോദ്ഗ്രഥന പ്രക്രിയ അപകടത്തിലാകുകയും ചെയ്തു. 1962 മാർച്ച് 2ന് ഒരു പട്ടാള അട്ടിമറി നടത്താൻ ഇത് സൈന്യത്തിന് അവസരം നൽകി. ഇതോടെ ജനാധിപത്യ ഗവണ്മെന്റ് ഇല്ലാതാകുകയും നേരിട്ടുള്ള സൈനിക ഭരണം ആരംഭിക്കുകയും ചെയ്തു. 1988 വരെഅത് തുടർന്നു. സ്ഥിരവും ശക്തവുമായ ഒരു ഗവണ്മെന്റിനുകീഴിൽ കഴിയുന്നത്ര സുഗമമായി മുതലാളിത്ത ദൃഢീകരണം നടത്താൻ സൈനിക വാഴ്ച സഹായകമാണെന്ന് മ്യാൻമറിലെ മുതലാളിവർഗം തിരിച്ചറിഞ്ഞു. അവരുടെ ഈ വർഗ താല്പര്യമാണ് സൈന്യത്തെ അധികാരത്തിലെത്തിച്ചതും നിലനിർത്തിയതുമൊക്കെ.

യഥാർത്ഥ നേതൃത്വമായി സൂക്കിയുടെ ഉദയം.

ഇതിനിടയിലാണ്, സ്വാതന്ത്ര്യസമര നായകനായ ആംഗ് സാന്റെ പുത്രിയായ ആംഗ് സാൻ സൂക്കി വലിയ പ്രശസ്തി നേടുകയും രാജ്യത്ത് ജനാധിപത്യ വാഴ്ച പുനസ്ഥാപിക്കുന്നതിനുവേണ്ടിയുള്ള സമർപ്പിത പോരാട്ടത്തിലൂടെ യഥാർത്ഥ ജനനേതാവായി ഉയർന്നുവരികയും ചെയ്തത്. സൂക്കിക്ക് ജനങ്ങളുടെയിടയിൽ അംഗീകാരം വർദ്ധിച്ചുവരുന്നുവെന്ന് മനസ്സിലാക്കിയ സൈനിക ഭരണകൂടം 1989 വരെ നീണ്ട പതിനഞ്ചുവർഷക്കാലം അവരെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. എന്നാൽ ജനകീയ സമ്മർദ്ദത്തെത്തുടർന്ന് 2010ൽ അവരെ മോചിപ്പിക്കാൻ സൈന്യം നിർബന്ധിതമായി. വീട്ടുതടങ്കലിൽ കഴിയവെ 1991 ൽ നോബൽ സമ്മാനിതയായ സൂക്കി ”ശക്തിഹീനരുടെ കരുത്തിന്റെ പ്രതീക” മെന്ന് വിശേഷിപ്പിക്കപ്പെട്ടു.


കാലം ചെല്ലുംതോറും സൈനിക ഭരണത്തിന്റെ ഏകാധിപത്യമുഖം കൂടുതൽകൂടുതൽ വെളിപ്പെടുകയും ജനകീയ മുന്നേറ്റത്തിലൂടെ പട്ടാള ഭരണത്തിന് അന്ത്യം കുറിക്കപ്പെടുകയും ചെയ്തു. 2010ൽ പൊതുതെരഞ്ഞെടുപ്പ് നടക്കുകയും 2011ൽ പട്ടാളഭരണം ഔദ്യോഗികമായിത്തന്നെ അവസാനിപ്പിച്ചുകൊണ്ട് പേരിന് ഒരു സിവിലിയൻ ഗവണ്മെന്റ് നിലവിൽ വരികയും ചെയ്തു. തുടർന്ന് നിരവധി ജനാധിപത്യ പരിഷ്‌കരണങ്ങൾ കൈക്കൊള്ളുകയുണ്ടായി. ”അച്ചടക്കം പൂത്തുലയുന്ന ജനാധിപത്യം” എന്നാണ് സൈന്യം ഇതിനെ വിശേഷിപ്പിച്ചത്. മ്യാൻമർ ജനതയുടെയും ലോകപൊതുജനാഭിപ്രായത്തിന്റെയും സമ്മർദ്ദംമൂലം ഒരു പ്രത്യേക തരത്തിൽ ജനാധിപത്യത്തെ അംഗീകരിക്കാൻ സൈന്യം തയ്യാറായി. 2015ലെ പൊതുതെരഞ്ഞെടുപ്പിൽ സൂക്കിയുടെ നേതൃത്വത്തിലുള്ള എൻഎൽഡി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. സൈന്യമാകട്ടെ എതിർപ്പൊന്നും പ്രകടിപ്പിച്ചുമില്ല. സൂക്കിയും സൈന്യവും തമ്മിൽ ധാരണയിലാണെന്ന അഭ്യൂഹംപോലും ഉയർന്നു. എന്നാൽ സൂക്കിയുടെ മക്കൾ വിദേശപൗരത്വമുള്ളവരായതിനാൽ മ്യാൻമറിലെ ഭരണഘടനയനുസരിച്ച് അവർക്ക് പ്രസിഡന്റുപദം നിഷേധിക്കപ്പെട്ടു. എന്നാൽ യഥാർത്ഥ നേതാവെന്ന നിലയിൽ അവർ വലിയ അംഗീകാരം നേടുകയും സ്റ്റേറ്റ് കൗൺസലർ എന്ന ഔദ്യോഗിക പദവിയിൽ അവരോധിക്കപ്പെടുകയും ചെയ്തു.

റോഹിംഗ്യന്‍ പ്രശ്നത്തില്‍ സൂക്കി വിമർശനം നേരിട്ടു.

പ്രധാനമായും മുസ്ലീം വംശീയ ന്യൂനപക്ഷത്തിൽപ്പെട്ട റോഹിംഗ്യകൾ നിരന്തരമായ പീഡനങ്ങൾക്കും അടിച്ചമർത്തലിനും വിധേയരായിട്ടുള്ളവരാണ്. സൈനിക സുരക്ഷാസേന ഇവർക്കുമേൽ നടത്തിയ ക്രൂരമായ അടിച്ചമർത്തലിനോട് അനുരഞ്ജകനിലപാട് സ്വീകരിച്ചതിന്റെ പേരിൽ സൂക്കി അന്തർദ്ദേശീയ തലത്തിൽത്തന്നെ വലിയ വിമർശനങ്ങൾക്ക് വിധേയയായിരുന്നു. 2017ൽ രാഖൈൻ സ്റ്റേറ്റിൽ പോലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് സൈന്യം നടത്തിയ അടിച്ചമല്‍ത്തലില്‍ ആയിരക്കണക്കിന് റോഹിംഗ്യകൾ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തു. ഇതിനെ ന്യായീകരിച്ചതിന്റെ പേരിൽ സൂക്കിക്ക് അന്തർദ്ദേശീയ പിന്തുണയും മനുഷ്യാവകാശ സംരക്ഷക എന്ന ഖ്യാതിയും നഷ്ടമായി. സൈന്യം വംശഹത്യ ലക്ഷ്യംവച്ച് അക്രമവും കൊള്ളിവയ്പും കൊലയും ബലാൽസംഗവുമൊക്കെ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ സൈന്യം വംശഹത്യയ്ക്ക് മുതിർന്നു എന്ന ആരോപണം സൂക്കി നിഷേധിച്ചു. 10 റോഹിംഗ്യകളെ രഹസ്യമായി കൊന്ന സംഭവത്തെക്കുറിച്ച് അന്വേഷിച്ച രണ്ട് പത്രപ്രവർത്തകരെ സൈന്യം അറസ്റ്റുചെയ്തപ്പോൾ സൂക്കി അതിനെ എതിർത്തില്ല എന്നുമാത്രമല്ല അവർ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന്, വിധി വരുന്നതിനുമുമ്പുതന്നെ ആരോപിക്കുകയും ചെയ്തു.

ജനാധിപത്യാഭിലാഷവുമായി ജനങ്ങള്‍ തെരുവില്‍.

സൈനിക ഭരണത്തിനെതിരെയും ജനാധിപത്യഭരണം ഉറപ്പിച്ചെടുക്കുന്നതിനുവേണ്ടിയും ജനങ്ങൾ സൂക്കിയുടെ പിന്നിൽ അണിനിരന്നു. കാരണം, അമ്പതുവർഷത്തെ സൈനിക ഭരണം മ്യാൻമർ ജനതയെ ദുരിതത്തിലാഴ്‌ത്തി. ഴിലില്ലായ്‌മയും ദാരിദ്ര്യവും പട്ടിണിയും പെരുകി. മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകമാത്രമല്ല തീർത്തും ലംഘിക്കപ്പെട്ടു. സാധാരണ പൗരന്റെ അടിസ്ഥാന ജനാധിപത്യാവകാശങ്ങൾപോലും മുതലാളിത്ത ഭരണം പാടെ കൈയൊഴിഞ്ഞു. അഞ്ചു പതിറ്റാണ്ടുകാലം ഈ ഭീകരവാഴ്ചക്കെതിരെ ജനങ്ങൾ പൊരുതിയത് ഭീകരമായ അടിച്ചമർത്തലുകളെ നേരിട്ടുകൊണ്ടായിരുന്നു. ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരും ഇന്നും ഇരുമ്പഴിക്കുള്ളിലാണ്. പൗരാവകാശങ്ങളോ ജനാധിപത്യാവകാശങ്ങളോ സ്വാതന്ത്ര്യമോ ഇല്ലാത്ത ശ്വാസംമുട്ടിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനിന്നത്. എന്നാൽ ജനാധിപത്യത്തിനായുള്ള പ്രക്ഷോഭത്തെ തടയാൻ ഇതൊന്നും പര്യാപ്തമായിരുന്നില്ല. സമരങ്ങൾ അടിക്കടി ഉയർന്നുവന്നു. സൈനികേതര വാഴ്ചക്കാലത്തും മുതലാളിത്ത ചൂഷണത്തിന് ഒരു കുറവുമുണ്ടായില്ല.

മുതലാളിത്തത്തെ
വിപ്ലവത്തിലൂടെ കടപുഴക്കാതെ മോചനമുണ്ടാവില്ല.

മരണാസന്ന മുതലാളിത്ത ഘട്ടത്തിൽ ഭരണസംവിധാനത്തിന്റെ രൂപം എന്തുതന്നെയായാലും ഏതൊരു രാജ്യത്തും ഫാസിസ്റ്റ് സ്വേച്ഛാധിപത്യം ഒരു പൊതുസ്വഭാവമായി മാറിയിരിക്കുന്നു എന്ന വസ്തുത മ്യാൻമർ ജനത തിരിച്ചറിയേണ്ടതുണ്ട്. എത്ര സത്യന്ധനായ ഭരണാധികാരി ഗവണ്മെന്റിനെ നയിച്ചാലും മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിലാകുമ്പോൾ ആ വ്യവസ്ഥയുടെ ജീർണതയിൽനിന്ന് ഗവണ്മെന്റിന് മുക്തമായിരിക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യവും മനസ്സിലാക്കണം. ഭരണരൂപത്തിൽ മാറ്റംവരാം. പക്ഷേ മുതലാളിവർഗ ഭരണത്തിനും ചൂഷണ മുതലാളിത്ത ഭരണകൂടത്തിനും മാറ്റമുണ്ടാകുന്നില്ല. കാരണം മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ ഗവണ്മെന്റിന്റെ ധർമം മുതലാളിവർഗത്തിന്റെ താല്പര്യം സംരക്ഷിക്കുക എന്നതാണ്. അതിന്റെ എല്ലാ ക്രൂരമായ ചെയ്തികളെയും ഭരണാധികാരിക്ക് ന്യായീകരിക്കേണ്ടിവരും. മ്യാൻമറിൽ റോഹിംഗ്യകൾക്കുനേരെയുണ്ടായ ക്രൂരമായ അടിച്ചമർത്തലിനെ സൂക്കിക്ക് ന്യായീകരിക്കേണ്ടിവന്നതും അതുകൊണ്ടുതന്നെ.
മുതലാളിത്ത വ്യവസ്ഥയ്ക്ക് അന്ത്യംകുറിക്കാതെ ഒരു മുതലാളിത്ത രാജ്യത്ത് അദ്ധ്വാനിച്ചു ജീവിക്കുന്ന ജനങ്ങൾ അനുഭവിക്കുന്ന ചൂഷണത്തിനും അടിച്ചമർത്തലിനും അന്ത്യം കുറിക്കാനാവില്ല.അതിനെ നയിക്കാനാകട്ടെ ഒരു ശരിയായ വിപ്ലവശക്തിക്ക് രൂപം നൽകുകയും വേണം. ജനാധിപത്യ പുനസ്ഥാപന ശ്രമങ്ങള്‍ മുതലാളിത്തവിരുദ്ധ വിപ്ലവ പ്രസ്ഥാനത്തിന് അനുപൂരകമായിരിക്കണം. ജനാധിപത്യ പുനസ്ഥാപനമെന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കാൻ സന്നദ്ധരായി മുന്നോട്ടുവരുന്ന മുഴുവൻ ശക്തികളെയും ഒരു പൊതുവേദിയിൽ അണിനിരത്തണം. ലക്ഷ്യം നേടുംവരെ രാജ്യവ്യാപകമായ സമരം ശരിയായ ദിശയിൽ മുന്നോട്ടു കൊണ്ടുപോകാൻ അത് നേതൃത്വം നൽകണം. അതോടൊപ്പം, ജനങ്ങളുടെ വിമോചന പോരാട്ടങ്ങളെ അതിന്റെ യുക്തിപരമായ പരിണതിയിലെത്തിക്കുവാൻ പര്യാപ്തമായ യഥാർത്ഥ വിപ്ലവ നേതൃത്വം വികസിപ്പിച്ചെടുക്കുന്നതിനുള്ള സമരവും തികഞ്ഞ ആർജ്ജവത്തോടെ മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ട്.

Share this post

scroll to top