ഇന്ധനവില വര്‍ദ്ധനവ്: നികുതി ഗണ്യമായി വെട്ടിക്കുറച്ച് വില കുറയ്ക്കുക

Petrol-CHRY.jpeg
Share

ജനജീവിതം ദുർവ്വഹമാക്കുന്ന ഇന്ധനവിലക്കയറ്റത്തിന്റെ പ്രധാന കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന നികുതിക്കൊള്ളയാണ്. ലോകത്ത് ജനങ്ങളുടെമേൽ ഏറ്റവുമധികം നികുതി ചുമത്തപ്പെടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് ഇന്ത്യയിലെ പെട്രോളിയം ഉൽപ്പന്നങ്ങൾ. നീതികരണമില്ലാത്ത ഈ കൊള്ള അവസാനിപ്പിക്കണമെന്ന ആവശ്യം നാനാതുറകളിൽനിന്നും ഉയർന്നുതുടങ്ങിയിട്ടുണ്ട്.


2021 സെപ്തംബർ 29ന് രാജ്യത്തെ ഇന്ധനവില പരിശോധിച്ചാൽ ഡൽഹിയിൽ പെട്രോളിന് 101.37 രൂപയും ഡീസലിന് 89.57 രൂപയുമായിരുന്നു. മുംബൈയിൽ അത് യഥാക്രമം 107.47 ഉം, 97.47 ഉം ആയിരുന്നു. 2021 ഒക്‌ടോബർ 31 ന് ഡൽഹിയിൽ പെട്രോ ളിന് 109.34 ഉം, ഡീസലിന് 98.07 ഉം രൂപയും മുംബൈയിൽ പെട്രോളിന് 115.15 ഉം, ഡീസലിന് 106.23 ഉം രൂപയായി വർദ്ധിച്ചു. കേവലം ഒരു മാസക്കാലയളവിൽ വന്ന ഈ ഭീമമായ വർദ്ധനവിനുശേഷമാണ് കേന്ദ്ര സർക്കാർ പെട്രോൾ നികുതിയിൽ 5 രൂപയും ഡീസൽ നികുതിയിൽ 10 രൂപയും നവംബർ 5 ന് കുറയ്ക്കാൻ തീരുമാനമെടുത്തത്. എന്നിട്ട് വലിയ ആശ്വാസനടപടികൾ സ്വീകരിച്ചിരിക്കുന്നുവെന്ന് ഒരുളുപ്പുമില്ലാതെ പറയുകയാണവര്‍.
ഈ തീരുമാനത്തിനുപിന്നിൽ കഴിഞ്ഞ ഏതാനം മാസങ്ങൾക്കുള്ളിൽ നടന്ന തെരഞ്ഞെടുപ്പുകളിലെ ഫലവും ഇന്ധനവിലവർദ്ധനവിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപിക്ക് നേരെയുയർന്നിരിക്കുന്ന അതിശക്തമായ ജനരോഷവും കോടതികളുടെ ഇടപെടലുകളും ഒക്കെ പങ്കുവഹിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് 18സംസ്ഥാനങ്ങളും ചില കേന്ദ്രഭരണപ്രദേശങ്ങളും സംസ്ഥാന നികുതിയിൽ ചെറിയ ഇളവുകൾ പ്രഖ്യാപിച്ചു. എന്നാൽ കേരളത്തിലെ ഇടതുപക്ഷമെന്ന് സ്വയം അവകാശപ്പെടുന്ന സർക്കാർ യാതൊരു നികുതിയിളവും നൽകില്ലെന്ന നിലപാടും പ്രഖ്യാപിച്ചു. 2014ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. ഇത് 12 തവണയായി യഥാക്രമം 32.90 രൂപയും 31.80 രൂപയുമായി വർദ്ധിപ്പിച്ചു. അതായത് പെട്രോളിന്റെ നികുതിയിൽ 247 ശതമാനവും ഡീസലിന്റെ നികുതിയിൽ 723.5 ശതമാനവുമാണ് വർദ്ധനവുണ്ടായിരിക്കുന്നത് അതിൽനിന്നുമാണ് ഇപ്പോൾ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരിക്കുന്നത്.


നവംബർ 8ന് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ കൊച്ചിയിലെ വില 909 രൂപയായി. 2014ൽ സബ്‌സിഡി നിരക്കിൽ ഒരു സിലിണ്ടറിന്റെ വില 414 രൂപയായിരുന്നു. യുപിഎ സർക്കാർ ബാങ്ക് അക്കൗണ്ടുമായി എൽപിജി കണക്ഷൻ ലിങ്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ സബ്‌സിഡി നിർത്തലാക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞ് അതിനെതിരെ വലിയ കോലാഹലങ്ങൾ നടത്തിയ ബിജെപി അധികാരത്തിലേറിയതോടെ എൽപിജി സബ്‌സിഡി സമ്പൂർണ്ണമായും എടുത്തുകളഞ്ഞിരിക്കുന്നു. ദരിദ്രപിന്നോക്ക വിഭാഗങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നുവെന്ന വൻ പ്രചാരണത്തോടെ കൊണ്ടുവന്ന ഉജ്ജ്വൽ യോജന വെറും വാചക കസർത്തുമാത്രമായിരുന്നു. ഗ്രാമങ്ങളിലെ ദരിദ്രവീട്ടമ്മമാരുടെ കണ്ണീരൊപ്പുന്ന ബോർഡുകൾ രാജ്യം മുഴുവൻ മോദിയുടെ ചിത്രത്തോടൊപ്പം തെരഞ്ഞെടുപ്പ് ലാക്കാക്കി ഇറക്കിയതായിരുന്നു. പിന്നീട് ഗ്യാസിന്റെ വില ഭീകരമായി വർദ്ധിപ്പിച്ചതോടെ ഗ്രാമീണ സ്ത്രീകൾ സിലിണ്ടറും സ്റ്റൗവുമൊക്കെ ആക്രിക്കച്ചവടക്കാർക്ക് വിറ്റ് അരിമേടിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സത്യത്തിൽ അതും ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിച്ച് സർക്കാരിന്റെ നികുതി വർദ്ധനവും കമ്പനികൾക്ക് ഭീമമായ ലാഭവും നേടിയെടുക്കാനുള്ള യോജന മാത്രമായിരുന്നു. 42 ശതമാനം ഉജ്ജ്വൽ ഉപഭോക്താക്കളും പാചകവാതക ഉപയോഗം നിർത്തിയെന്ന് ഒരു എൻജിഒ സംഘടനയുടെ പഠനം വെളിപ്പെടുത്തുന്നു.


മണ്ണെണ്ണയുടെ വില അടുത്തകാലത്തുണ്ടായ 8രൂപ വർദ്ധനവോടെ ലിറ്ററിന് 72രൂപയായി മാറി. സബ്‌സിഡിയുള്ള മണ്ണെണ്ണയുടെ വിതരണമാകട്ടെ ഏറെക്കുറെ നിർത്തിയമട്ടാണ്.
കുത്തക പ്രീണനനയം മൂലം ഇന്ത്യയിലെ പൊതുമേഖലാ എണ്ണപര്യവേഷണ കമ്പനിയായ ഒഎൻജിസിയുടെ പ്രവർത്തനങ്ങൾ മുൻ കേന്ദ്ര സർക്കാരുകൾ മരവിപ്പിച്ചിരുന്നു. അതിനുശേഷം ഇന്ത്യയുടെ എണ്ണഖനികളെല്ലാം കുത്തകമുതലാളിമാർക്ക് പതിച്ചുനൽകി. അവിടെ നിന്നവർ കുഴിച്ചെടുക്കുന്ന പെട്രോളിയംപോലും വിദേശകമ്പനികളുടെപേരിൽ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വിലയീടാക്കി വൻലാഭമടിക്കുകയും തിരിമറി ചെയ്യുകയുമാണെന്നതാണ് വസ്തുത.
പൊതുവെ, ഇന്ത്യയ്ക്കാവശ്യമായ പെട്രോളിയത്തിന്റെ 80 ശതമാനവും വിദേശമാർക്കറ്റിനെ ആശ്രയിച്ചിരിക്കുന്നുവെന്നതുകൊണ്ട് സ്ഥിരമായ വിലവ്യത്യാസം അനിവാര്യമായി വന്നതിനാൽ 1974ൽ എസ്.കെ.ശാന്തിലാൽ ഷാ കമ്മിറ്റിയെ ഈ വിഷയം പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ചു. അന്തർദേശിയ കമ്പോളത്തിൽ എണ്ണവില വർദ്ധിക്കുമ്പോൾ വില എങ്ങനെ പിടിച്ചുനിർത്താനാകും എന്നതായിരുന്നു പഠനദൗത്യം. ഓയിൽപൂൾ അക്കൗണ്ട് എന്ന നിർദ്ദേശം ഷാകമ്മീഷൻ അവതരിപ്പിക്കുകയും 1977ൽ കേന്ദ്ര സർക്കാർ അത് നടപ്പാക്കുകയും ചെയ്തു. അന്തർദേശീയ മാർക്കറ്റിൽ പെട്രോളിന് വിലയേറുമ്പോഴും കുറയുമ്പോഴും ഓയിൽപൂൾ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചോ, നിക്ഷേപിച്ചോ വില സ്ഥിരപ്പെടുത്തി നിർത്താനുള്ള സംവിധാനമായി അത് പ്രവർത്തിച്ചിരുന്നു. ഇന്ധന വില വർദ്ധനവ് ആവശ്യമായി വരുമ്പോൾ പാർലമെന്റിൽ ചർച്ച ചെയ്താണ് തീരുമാനമെടുത്തിരുന്നത്. ആ സംവിധാനത്തെ തകർത്തത് കോൺഗ്രസ് ഭരണമാണ്. ഓയിൽപൂൾ അക്കൗണ്ടിലെ പണം തിരിമറി നടത്തിയും അതിന്മേൽ ബോണ്ട് സംവിധാനമേർപ്പെടുത്തിയും അതിന്റെ പ്രവർത്തനം തകരാറിലാക്കി. 1998-ൽ വാജ്‌പേയി സർക്കാർ ഓയിൽ പൂൾ അക്കൗണ്ട് നിർത്തലാക്കിക്കൊണ്ട് വില നിയന്ത്രണ സംവിധാനത്തെ നാമാവശേഷമാക്കി. വില നിര്‍ണയാവകാശം കമ്പനികളെ ഏൽപ്പിക്കാൻ നീക്കം തുടങ്ങിയത് കോൺഗ്രസ് ആയിരുന്നെങ്കിലും പൂർത്തിയാക്കിയത് ബിജെപിയാണ്.
അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോഴും ഇന്ത്യയിൽ എണ്ണവില കുറയാത്തത് കേന്ദ്ര സർക്കാർ നിരന്തരമായി നികുതി ഉയർത്തുന്നതുകൊണ്ടാണ്. 2004 മുതൽ 2014 വരെ കോൺഗ്രസ്സ് നയിച്ച യുപിഎ സർക്കാർ 6തവണ എക്‌സൈസ് നികുതി വർദ്ധിപ്പിച്ചു. അതായത് 3 ഇരട്ടിയിലധികം വർദ്ധന. 2012ൽ അസംസ്‌കൃത എണ്ണയ്ക്ക് അന്തർദേശീയ വിപണിയിൽ ബാരലിന് 150 ഡോളർവരെ വിലയായി. അന്ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ശരാശരി 73 രൂപയും 70 രൂപയുമായിരുന്നു. എന്നാൽ പിന്നീട് ബാരലിന് 30 ഡോളറിന് താഴെ വിലവന്നിട്ടുംപോലും ആനുപാതികമായ വിലക്കുറവ് ജനങ്ങൾക്ക് നൽകിയില്ല.


പെട്രോളിയം ഉൽപ്പന്നങ്ങളുടെമേൽ ചുമത്തുന്ന നികുതിവരുമാനത്തിന്റെ ഭൂരിഭാഗവും സംസ്ഥാനങ്ങൾക്ക് വീതംവച്ചുനൽകുന്നതാണെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. എന്നാൽ എക്‌സൈസ് ഡ്യൂട്ടിയുടെ 41 ശതമാനം മാത്രമാണ് തരുന്നതെന്നും സ്‌പെഷ്യൽ, അഡീഷണൽ, എക്‌സൈസ് ഡ്യൂട്ടികളിലൂടെ കേന്ദ്രം കരസ്ഥമാക്കുന്ന ഭീമമായ നികുതിയിൽനിന്നും ഒന്നും തങ്ങൾക്ക് നൽകുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാർ വക്താക്കൾ പറയുന്നത്. എങ്ങനെയായാലും ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കഴിഞ്ഞ 5മാസക്കാലത്തെമാത്രം പെട്രോൾ ഡീസൽവില വർദ്ധനവിലൂടെ സംസ്ഥാനത്തിന് 201 കോടി രൂപയുടെ അധികവരുമാനം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഒരു ലിറ്റർ പെട്രോളിന്റെ ലാൻഡിംഗ് പ്രൈസിനുമേൽ 30.08 ശതമാനവും ഡീസലിനുമേൽ 22.76 ശതമാനവും നികുതി ഈടാക്കുന്നു. കൂടാതെ കിഫ്ബി ധനശേഖരണാർത്ഥം ലിറ്ററിന് ഒരു രൂപ അധികവിൽപ്പന നികുതിയും നികുതിയുടെയും അധികവിൽപ്പന നികുതിയുടെയും ഒരു ശതമാനം സാമൂഹിക സുരക്ഷാ നികുതിയും സംസ്ഥാന സർക്കാർ പിരിക്കുന്നു. എന്നാലും മംഗലാപുരത്തെ തലപ്പാടിയിലും തമിഴ്‌നാട്ടിലെ ചാവടിയിലും കേരളത്തെക്കാൾ 8 മുതൽ 10 രൂപവരെ വിലയിൽ കുറവുണ്ടെന്ന വസ്തുത സംസ്ഥാന സർക്കാർ കണ്ടതായി നടിക്കുന്നില്ല.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് കേവലം വാഹന ഉടമകളെ മാത്രം ബാധിക്കുന്നതല്ല. മണ്ണെണ്ണയുടെയും ഡീസലിന്റെയും വിലവർദ്ധനവ് മത്സ്യത്തൊഴിലാളികളെയും ഇടത്തരം- ചെറുകിട-കുടിൽ വ്യവസായ തൊഴിലുകളിലേർപ്പെടുന്നവരെയും ചെറുകിട കച്ചവടക്കാരെയും ബസ്, ടാക്‌സി, ഓട്ടോറിക്ഷ തൊഴിലെടുക്കുന്നവരെയും ഗുരുതരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. ഇരുചക്ര വാഹന യാത്രക്കാരുടെ വരുമാനത്തിൽ വലിയ തുക ഈ ഇനത്തിൽ ചെലവഴിക്കേണ്ടിവരുന്നു. പൊതുയാത്രാ സംവിധാനം വളരെ ചെലവേറിയതായി മാറിയതോടെ സാധാരണക്കാരുടെ കീശ വലിയ തോതിൽ ചോർന്നുതുടങ്ങിയിരിക്കുന്നു. നിസ്സാരമായ പ്രതിഫലത്തിന് തൊഴിലെടുക്കേണ്ടിവരുന്ന അസംഘടിത തൊഴിലാളികൾ, വിദ്യാർത്ഥികൾ വീട്ടമ്മമാർ തുടങ്ങിയവരെല്ലാം ആശ്രയിച്ചിരുന്ന പൊതുയാത്രാവാഹനങ്ങൾ നിരത്തുകളിൽനിന്ന് അപ്രത്യക്ഷമായി തുടങ്ങി. ഇത് പാവപ്പെട്ടവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നു.
കേരളം പോലെയുള്ള ഉപഭോക്തൃസംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം നിത്യോപയോഗ വസ്തുക്കളുടെയുംമറ്റും ചരക്കുനീക്കത്തിൽ വന്ന നിരക്ക് വര്‍ദ്ധന വിലക്കയറ്റം രൂക്ഷമാക്കുകയാണ്. കാർഷികോൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയെന്നത് എളുപ്പമല്ലതന്നെ. വളത്തിന്റെയും മൃഗപരിപാലനത്തിനാവശ്യമായ തീറ്റയുടെയുമെല്ലാം വിലവർദ്ധനവുകൂടിയായപ്പോൾ കാർഷിക വൃത്തിയും അതിന്റെ ഭാഗമായ കാലി-കോഴി വളർത്തലുകളുമെല്ലാം വലിയ പ്രതിസന്ധിയിലാണ്. ഇതെല്ലാം കാണിക്കുന്നത് രാജ്യത്തിന്റെ നട്ടെല്ലായ ഊർജ്ജമേഖലയെ മുതലാളിത്ത നുകത്തിൽനിന്നും മോചിപ്പിക്കേണ്ടതിന്റെ അടിയന്തരാവശ്യകതയാണ്.
അന്തർദ്ദേശീയ വിപണിയിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവും മറ്റ് അന്തർദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിലുള്ള മാറ്റവുമൊന്നുമല്ല ഇന്ത്യയിലെ ഇന്ധനവിലവർദ്ധനവിന് മുഖ്യമായ കാരണമാകുന്നതെന്ന സത്യം ജനങ്ങൾക്കും ബോധ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു. ബിജെപിയെപോലെതന്നെ ഇന്ത്യൻ മുതലാളിവർഗ്ഗത്തിന്റെ വിശ്വസ്ത രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ്സും മറ്റ് സിപിഐ(എം) അടക്കമുള്ള പെറ്റിബൂർഷ്വാ, ബൂർഷാ, പ്രാദേശിക പാർലമെന്ററി പാർട്ടികളും ഈ പകൽകൊള്ളയെ എതിർക്കുന്നില്ലെന്നുമാത്രമല്ല, ഇതിന്റെ ആനുകൂല്യങ്ങൾ പറ്റാനുള്ള മത്സരത്തിൽ ഒരുമിച്ചിരിക്കുകയുമാണ്. സ്വഭാവികമായും പ്രതിപക്ഷപാർട്ടികളുടെ കടമനിർവ്വഹിക്കുന്നതിൽനിന്നും ഇവർ സൂത്രത്തിൽ പിൻമാറിയിരിക്കുന്നു. ബിജെപിയുടെ നിഷ്ഠുരമായ മുതലാളിത്ത അനുകൂല സാമ്പത്തിക നയങ്ങൾ ജനങ്ങളെ കൊള്ളയടിക്കുന്നതും വൻമുതലാളിമാർക്ക് അതിന്റെ ചെലവിൽ ആനുകൂല്യങ്ങളും ചൂഷണത്തിനുള്ള മറയില്ലാത്ത അവസരങ്ങളും നൽകുന്നതുമായിരിക്കെ അതിനെല്ലാം ഒത്താശ ചെയ്യുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്.
പൊതുമേഖലാ എണ്ണകമ്പനികളെയെല്ലാം ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ പരിവർത്തനപ്പെടുത്തി അവയെ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കവും ഇതിനോടുകൂട്ടിവേണം വായിക്കാൻ. തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിരവരുമാനമുള്ള തൊഴിൽസാധ്യതകൂടി ഈ നയംവഴി ഇല്ലാതാകുന്നത് ഗുരുതര പ്രത്യാഘാതമു ണ്ടാക്കും.
ജനങ്ങൾ ആണ് ശരിയായ പ്രതിപക്ഷം. ഭരണത്തിലേറുന്നവരെല്ലാം മുതലാളിത്ത വ്യവസ്ഥയോടും ഭരണവർഗ്ഗത്തോടും ഒട്ടിനിൽക്കാനാണ് ശ്രമിക്കുന്നത്. അനുഷ്ഠാനംപോലെ നടത്തുന്ന ചില്ലറ സമരപരിപാടികൾക്കപ്പുറം കർഷക സമരംപോലെ നീണ്ടുനിൽക്കുന്നതും ലക്ഷ്യംനേടുംവരെ പൊരുതാനുറച്ചതുമായ പ്രക്ഷോഭങ്ങളുെട രാഷ്ട്രീയം ബഹുജനങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. അത്തരമൊരു ജനാധിപത്യ- ബഹുജന സമരത്തിന്റെ മാർഗ്ഗം മാത്രമാണ് ഈ ചൂഷണത്തിൽനിന്നും അതിന്റെ പ്രത്യാഘാത ങ്ങളിൽനിന്നും ജനങ്ങൾക്ക് മോചനം നേടാനുള്ള ഒരേയൊരു വഴിയെന്ന് എന്നാണോ തിരിച്ചറിയുക അന്നുമാത്രമേ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ.

Share this post

scroll to top