പൊരുതി ജയിക്കാന്‍ നിശ്ചയിച്ചുറച്ച് കര്‍ഷകസമരം രണ്ടാം വര്‍ഷത്തിലേക്ക്‌

എവ്വിധവും കർഷകസമരത്തെതകർത്ത് കാർഷികമേഖല മുതലാളിമാർക്ക് ഇഷ്ടദാനം നൽകാൻ തക്കം പാർത്തിരിക്കുന്ന കേന്ദ്രസർക്കാരിനെതിരെ പൊരുതി ജയിക്കാന്‍ നിശ്ചയിച്ചുറച്ച് കര്‍ഷകസമരം രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നു. സമരത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് ആഗോള തലത്തില്‍തന്നെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നവംബര്‍ 26ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ഉജ്ജ്വല പ്രക്ഷോഭം, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിച്ച് വിജയമുറപ്പിച്ചേ പിൻമാറു. വാര്‍ഷികാചരണവുമായി ബന്ധപ്പെട്ട് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്.
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കുംവേണ്ടി കർഷകർ നേതൃത്വം കൊടുക്കുന്ന ഈ സമരത്തിൽ അണിചേരേണ്ടതും പിന്തുണയ്‌ക്കേണ്ടതും എല്ലാ വിഭാഗം ജനങ്ങളുടെയും ഉത്തരവാദിത്തമാണ്. ഇപ്പോൾതന്നെ ലോക പട്ടിണി സൂചികയിൽ 101-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുന്ന ഇന്ത്യ കൂട്ടമരണങ്ങളുടെ നാട് എന്നറിയപ്പെടാതിരിക്കാൻ ഈ സമരം വിജയിച്ചേ മതിയാകൂ.
നവംബർ 26ന് ദില്ലി അതിര്‍ത്തികളില്‍ വൻതോതിൽ സംഘടിച്ച് നവംബർ 29 മുതൽ നടക്കുന്ന പാർലമെന്റ്‌ സമ്മേളന ദിവസങ്ങളിൽ തുടർച്ചയായി പാർലമെന്റ് മാർച്ചിന് തയ്യാറെടുക്കുകയാണ് കര്‍ഷകര്‍. അന്നേ ദിവസം വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും പ്രതിഷേധ പരിപാടികള്‍ക്കും സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.
കേരളത്തിൽ വ്യാപകമായി പ്രചാരണ പ്രവർത്തനങ്ങളും കർഷകസമരത്തിന്റെ ചരിത്രവും പ്രാധാന്യവും അവതരിപ്പിക്കുന്ന എക്‌സിബിഷനുകളും എഐകെകെഎംഎസ് നേതൃത്വത്തിൽ സംഘടിപ്പിക്കും. സമര വാർഷികത്തോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധ മാർച്ചുകളും നടക്കും.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp