കേരളത്തെ സർവ നാശത്തിലേക്ക് തളളിവിടുന്ന കെ റയിൽ അർദ്ധ അതിവേഗ പാതയ്‌ക്കെതിരെ ആയിരങ്ങൾ അണിനിരന്ന സെക്രട്ടേറിയറ്റ് മാർച്ച്‌

K-Rail-Sec-March.jpg
Share

കേരളത്തെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായി തകർക്കുന്ന കെ റയിൽ സിൽവർലൈൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആയിരങ്ങൾ അണിനിരന്ന സെക്രട്ടേറിയറ്റ് മാർച്ച് നടന്നു. കെ റയിൽ – സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിലാണ് കാസർഗോഡുമുതൽ തിരുവനന്തപുരംവരെ ഈ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടാൻ പോകുന്ന ഇരകൾ അണിനിരന്ന സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത്. ഒരു വർഷത്തിലധികമായി കെ റയിൽ പദ്ധതിയ്ക്കെതിരായി സംസ്ഥാനമെമ്പാടും നിരവധി പ്രതിഷേധങ്ങൾ നടക്കുന്നെങ്കിലും ഇവയൊന്നും തീരെ വകവെയ്ക്കാതെ സർക്കാർ ഏകപക്ഷീയമായി മുന്നോട്ട് പോകുകയാണ്.


ഡിപിആർപോലും പ്രസിദ്ധീകരിക്കാതെ, അങ്ങേയറ്റം രഹസ്യാത്മകമായാണ് കെ റയിലുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ മുന്നോട്ട് കൊണ്ടുപോകുന്നത്. സാമൂഹ്യാഘാത പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ നടത്തിയിട്ടില്ല. എന്നിരിക്കിലും പദ്ധതിയുടെ ഭാഗമായി ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
ഏകദേശം ഒരുലക്ഷത്തോളം ജനങ്ങളെ അവരുടെ കിടപ്പാടങ്ങളിൽനിന്നും ജീവനോപാധികളിൽനിന്നും കുടിയൊഴിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതുണ്ടാക്കുന്ന സാമൂഹികമായ പ്രത്യാഘാതങ്ങൾ വളരെ രൂക്ഷമായിരിക്കും. കുടിയൊഴിപ്പിക്കപ്പെ ടുന്നവർക്ക് മതിയായ നഷ്ടപരിഹാരമോ പുനരധിവാസമോ ലഭിക്കുമെന്നത് ദിവാസ്വപ്നം മാത്രമാണ്. വികസന പദ്ധതികളുടെ പേരിൽ ഇത:പര്യന്തം കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അനുഭവങ്ങൾ അത് സാക്ഷ്യപ്പെടുത്തുന്നു.
മാത്രമല്ല, ഈ പദ്ധതി കേരളത്തിന്റെ പരിസ്ഥിതിയെ പൂർണമായും തകർക്കുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യും. 25 മീറ്റർ വീതിയിൽ 4 മീറ്റർ ഉയരത്തിൽ, അതിനും മുകളിൽ വലിയ പ്രൊട്ടക്ഷൻ വാൾ ഉൾപ്പടെ പണിതുകൊണ്ടാണ് കെ റയിൽ വരുന്നത്. ഫലത്തിൽ കേരളം രണ്ടായി വിഭജിക്കപ്പെടും. സ്വാഭാവിക നീരൊഴുക്കുകൾ തടസ്സപ്പെടും. പശ്ചിമഘട്ടം ഏകദേശം പൂർണ്ണമായും തകർക്കപ്പെടും. ഇതോടെ പ്രളയവും വരൾച്ചയും പാരിസ്ഥിതിക ദുരന്തങ്ങളും തുടർക്കഥയാകും. വരുന്ന തലമുറകൾക്കു കൂടി അവകാശപ്പെട്ട കേരളത്തിന്റെ പരിസ്ഥിതി, വാസയോഗ്യമല്ലാത്ത അവസ്ഥയിലേക്കെത്തും.
കേരളത്തിന് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയാണ് ഈ പദ്ധതി സൃഷ്ടിക്കുവാൻ പോകുന്നത്. സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് 64,000 കോടിയാണ് മതിപ്പ് ചെലവ്. എന്നാൽ നീതി ആയോഗ് പറയുന്നത് 2,10,000 കോടിയോളം രൂപ ഈ പദ്ധതിയ്ക്ക് ആവശ്യമായി വരുമെന്നാണ്. സംസ്ഥാനത്തെ കാത്തിരിക്കുന്നത് ഭീകരമായ കടക്കെണിയാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ക്ഷേമപദ്ധതികൾ എല്ലാം നിർത്തലാകും.
ഈ വസ്തുതകൾ ചൂണ്ടിക്കാട്ടി ക്കൊണ്ട് കെ റയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് പാരിസ്ഥിതിക വിദഗ്ദ്ധരും കുടിയൊഴിപ്പിക്കപ്പെടുന്നവരും പ്രതിപക്ഷ പാർട്ടികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കെ റയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാട് ധാർഷ്ട്യത്തോടെ ആവർത്തിക്കുക മാത്രമാണ് സർക്കാർ ചെയ്തത്.
ഈ സാഹചര്യത്തിലാണ് കേരളമെമ്പാടും രൂപം കൊണ്ടിരിക്കുന്ന കെ റയിൽ വിരുദ്ധ ജനകീയ സമിതി പ്രവർത്തകർ സെക്രട്ടേറിയറ്റ് നടയിലെത്തിയത്. തിരുവനന്തപുരം മുതൽ കാസർഗോഡുവരെയുള്ള ജില്ലാ സമിതികളുടെ ബാനറുകൾക്ക് പിന്നിൽ കക്ഷിരാഷ്ട്രീയ-ജാതി-മത ഭേദമന്യേ അണിനിരന്നുകൊണ്ട്, ‘കേരളത്തിന് കെ റയിൽ വേണ്ട’ എന്ന് പ്രഖ്യാപിച്ചു.


കെ റയിൽ – സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ സ്വാഗതം ആശംസിച്ചുകൊണ്ട് ആമുഖപ്രഭാഷണം നടത്തി. കേരളത്തെ സ്നേഹിക്കുന്ന, വിഷയവിദഗ്ദ്ധര്‍ ഒന്നടങ്കം കെ റയിൽ കേരളത്തെ ദുരന്തഭൂമിയാക്കും എന്നു പറയുമ്പോഴും പദ്ധതിയ്ക്ക് വേണ്ടി സർവേ കല്ലിടുന്നത് സങ്കുചിത താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഈ പദ്ധതി പിൻവലിക്കുവാൻ ജീവൻ കൊടുത്തും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. സമിതി സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ് അധ്യക്ഷത വഹിച്ചു.
നിരവധി ജനകീയ സമരങ്ങളിലെ സജീവ സാന്നിദ്ധ്യമായ ഡോ.ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്ത സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. കെ റയിൽ സിൽവർലൈൻ, കേരളത്തെ കൊള്ളയടിക്കുകയും കൊലയ്ക്ക് കൊടുക്കുകയും ചെയ്യുന്ന പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയങ്ങളിലൂടെ പ്രകൃതി മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് കൊള്ളമുതലിന്റെ താല്പര്യം മാത്രം മുൻനിർത്തിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപ എങ്കിലും പദ്ധതിക്കുവേണ്ടി ചെലവാകുമെന്നും, കേരളം മുഴുവൻ വിറ്റാലും ഈ കടം വീട്ടാൻ കഴിയില്ലെന്നും മാർച്ചിൽ പങ്കെടുത്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. സംസ്ഥാന കെ റയിൽ-സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി കെ.ശൈവപ്രസാദ് സിൽവർലൈൻ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആയിരക്കണക്കിന് ജനങ്ങൾ ഈ പ്രതിജ്ഞ ഏറ്റുചൊല്ലിക്കൊണ്ട് ഈ പദ്ധതി കേരളത്തിൽ അനുവദിക്കില്ലായെന്ന തീരുമാനം പ്രഖ്യാപിച്ചു. എസ്‍യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം മിനി കെ.ഫിലിപ്പ് മാർച്ചിൽ പങ്കെടുത്ത് കൊണ്ട് സമരത്തിന് പാർട്ടിയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം പി, കെ.സുരേന്ദ്രൻ(ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ), സാദിഖലി ശിഹാബ് തങ്ങൾ (മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം), എംഎല്‍എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.കെ.മുനീർ, കെ. കെ.രമ, കെ.പി.എ. മജീദ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, എൻ.എ.നെല്ലിക്കുന്ന്, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം എന്നിവരും അഡ്വ.എ.എൻ.രാജൻബാബു(മുൻ എംഎൽഎ), കുട്ടി അഹമ്മദ് കുട്ടി (മുൻമന്ത്രി), സി. ആർ.നീലകണ്ഠൻ, ജോസഫ് എം. പുതുശ്ശേരി (മുൻഎംഎൽഎ), അഡ്വ. തമ്പാൻ തോമസ്, പ്രൊഫ. കുസുമം ജോസഫ്(എൻഎപിഎം), മിർസാദ് റഹ്മാൻ (വെൽഫെയർ പാർട്ടി) എം.കെ.ദാസൻ (സിപിഐ എം എൽ (റെഡ് സ്റ്റാർ)), ജോൺ പെരുവന്താനം, ഡോ.ആസാദ്, ജി.ദേവരാജൻ(ഫോർവേഡ് ബ്ലോക്ക്), ബാലകൃഷ്ണപിള്ള (ആർഎംപിഐ), ഗ്ലേവിയസ് അലക്സാണ്ടർ(സംസ്ഥാന പ്രസിഡന്റ്, സ്വരാജ് ഇന്ത്യ പാർട്ടി), എം. ഷാജർഖാൻ(ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി), ടി.ടി.ഇസ്മയിൽ (വൈസ് ചെയർമാൻ, സംസ്ഥാന സമിതി, കോഴിക്കോട് ജില്ലാ ചെയര്‍മാന്‍), ചാക്കോച്ചൻ മണലേൽ (വൈസ് ചെയർമാൻ, സംസ്ഥാന സമിതി), ഹനീഫ നെല്ലിക്കുന്ന് (കാസർഗോഡ് ജില്ലാ ചെയർമാൻ), ബദറുദ്ദീൻ മാടായി(കണ്ണൂർ ജില്ലാ ചെയർമാൻ), അഡ്വ. അബൂബക്കർ ചേങ്ങാട്(മലപ്പുറം ജില്ലാ ചെയർമാൻ), ശിവദാസ് മഠത്തിൽ(തൃശ്ശൂർ ജില്ലാ ചെയർമാൻ), വിനു കുര്യാക്കോസ്(എറണാകുളം ജില്ലാ ചെയർമാൻ), സന്തോഷ് പടനിലം(ആലപ്പുഴ ജില്ലാ ചെയര്‍മാന്‍), ബാബു കുട്ടൻചിറ (കോട്ടയം ജില്ലാ ചെയർമാൻ), മുരുകേഷ് നടയ്ക്കൽ (പത്തനംതിട്ട ജില്ലാ കൺവീനർ), എ.ജയിംസ് (കൊല്ലം ജില്ലാ ചെയർമാൻ), രാമചന്ദ്രൻ കരവാരം(തിരുവനന്തപുരം ജില്ലാ ചെയർമാൻ) തുടങ്ങിയ രാഷ്ട്രീയ സമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സെക്രട്ടേറിയറ്റ്മാര്‍ച്ചിന് നേതൃത്വം നല്‍കി. -രാവിലെ ആശാൻ സ്ക്വയറിൽനിന്നും മാർച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി എഐഡിഎസ്ഒ സ്ട്രീറ്റ് ബാന്റ് സമരഗാനങ്ങൾ ആലപിച്ചുകൊണ്ട് കെ റയിൽ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Share this post

scroll to top