ആതുരസേവന രംഗത്തേയ്ക്ക് പ്രവേശിക്കുന്ന മെഡിക്കൽ ബിരുദധാരികൾ തങ്ങൾ വൈദ്യശാസ്ത്രത്തിന്റെ മൂല്യങ്ങളും നൈതികതയും ഉയർത്തിപ്പിടിച്ചുകൊണ്ട് സമർപ്പിതമായി പ്രവർത്തിക്കുമെന്ന പ്രഖ്യാപനമാണ് ഹിപ്പൊക്രറ്റിക് പ്രതിജ്ഞയിലൂടെ ചെയ്യുന്നത്. പ്രാചീന ഗ്രീസിലെ പ്രമുഖ ഭിഷഗ്വരനായിരുന്ന ഹിപ്പോക്രറ്റസിന്റെ പേരിൽ അറിയപ്പെട്ടുന്ന ഈ പ്രതിജ്ഞ രാജ്യങ്ങളുടെ അതിർവരമ്പുകളില്ലാതെ ലോകവ്യാപകമായി മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് കലാകാലങ്ങളായി അനുവര്‍ത്തിച്ച് പോരുന്നതാണ്. ഹിപ്പോക്രറ്റസിനെ ഗ്രീസ് എന്ന രാജ്യത്തിന്റെ പ്രതിനിധിയായല്ല, മറിച്ച് വൈദ്യശാസ്ത്ര രംഗത്ത് അതുല്യമായ സംഭാവനകൾ നൽകിയ മഹാനായ ഭിഷഗ്വരനായാണ് ആധുനിക വൈദ്യശാസ്ത്രം കാണുന്നത്. ഹിപ്പൊക്രറ്റിക് പ്രതിജ്ഞയാകട്ടെ അതിന്റെ പ്രാചീന രൂപത്തിലല്ല ഇപ്പോൾ നിലനിൽക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലെ വികാസത്തെ ഉൾക്കൊണ്ടും സാമൂഹ്യ സാഹചര്യങ്ങളിൽവന്ന മാറ്റങ്ങൾക്കനുസരിച്ചും വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന് 1948 മുതൽ ഏഴ് പ്രാവശ്യം ഹിപ്പൊക്രറ്റിക് പ്രതിജ്ഞ പരിഷ്കരിച്ചിരുന്നു. ജനീവ പ്രഖ്യാപനങ്ങള്‍ എന്ന പേരിൽ അറിയപ്പെടുന്ന ഈ പരിഷ്കരണങ്ങൾ 2017ൽ ആണ് അവസാനമായി നടന്നത്. ഇപ്പോൾ നിലനിൽക്കുന്ന ഹിപ്പൊക്രറ്റിക് പ്രതിജ്ഞ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളുന്നതും മതേതരവും സാർവ്വലൗകിക കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നതുമാണ്. ജാതി, മതം, ലിംഗം, പ്രായം, വംശം, രാഷ്ട്രീയം, സമൂഹത്തിലെ സ്ഥാനം എന്നിവയ്ക്കെല്ലാം അതീതമായി, മനുഷ്യജീവന് അങ്ങേയറ്റം വിലകൽപ്പിച്ചുകൊണ്ട് ഏതൊരു രോഗിക്കും ചികിത്സ നൽകാൻ ഒരു ഡോക്ടർ തയ്യാറാകണമെന്നും അയാൾ തന്റെ ജീവിതം മനുഷ്യരാശിയെ സേവിക്കുന്നതിനായി സമർപ്പിക്കണമെന്നും നിഷ്കർഷിക്കുന്നതാണ് ആധുനിക കാലത്തെ ഹിപ്പൊക്രറ്റിക് പ്രതിജ്ഞ.
എന്നാൽ ഈ ഹിപ്പൊക്രറ്റിക് പ്രതിജ്ഞയ്ക്ക് പകരം പ്രാചീന ഭാരതത്തിലെ ഭിഷഗ്വരനായിരുന്ന ചരക മഹർഷിയുടെ പേരിൽ അറിയപ്പെടുന്ന ‘ചരക ശപഥം’ കൊണ്ടുവരാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ (എന്‍എംസി) ഏകപക്ഷീയമായ നീക്കം നടത്തുകയാണ്. പ്രാചീന ഭാരതത്തിൽ വൈദ്യശാസ്ത്ര രംഗത്ത്, അന്ന് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുണ്ടായിരുന്ന ചികിത്സാരീതികളെ അപേക്ഷിച്ച് വളരെ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നത് തർക്കമറ്റ സംഗതിയാണ്. എന്നാൽ അക്കാലത്തെ വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെയും സാമൂഹ്യ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ രചിക്കപ്പെട്ട വൈദ്യശാസ്ത്ര ഗ്രന്ഥമായ ‘ചരക സംഹിത’യുടെ ഭാഗമായ ‘ചരക ശപഥം’, ആധുനിക കാലഘട്ടത്തിലെ വൈദ്യശാസ്ത്ര വിജ്ഞാനത്തെയും സംസ്കാരത്തെയും ആസ്പദമാക്കി പരിശോധിക്കുകയാണെങ്കിൽ വളരെയധികം പ്രതിലോമ സ്വഭാവം ഉള്ളതാണെന്ന് കാണാം. ഉദാഹരണത്തിന് ‘ചരക ശപഥ’ത്തിൽ, വൈദ്യന്മാർ ഉന്നത ജാതിയിൽ പെടുന്നവരോട് മാന്യമായി പെരുമാറണമെന്നും, രാജാവിന്റെ വിദ്വേഷത്തിന് പാത്രമായവരെ ചികിൽസിക്കരുതെന്നും, ഭർത്താവോ രക്ഷിതാവോ സമീപത്തില്ലെങ്കിൽ സ്ത്രീകളെ ചികിൽസിക്കരുതെന്നും നിഷ്കർഷിക്കുന്നു. അശാസ്ത്രീയവും തികച്ചും പ്രതിലോമകരവുമായ ഇത്തരം ആശയങ്ങൾ ഉൾകൊള്ളുന്ന ‘ചരക ശപഥം’ ഭാരതീയ വിജ്ഞാനത്തിന് പ്രാമുഖ്യം നൽകാനെന്ന പേരിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്.
ശാസ്ത്രവും വിജ്ഞാനവും ഏതെങ്കിലും ഒരു രാജ്യത്തിന്റെതാണ് എന്ന് പറയുന്നത് തികച്ചും തെറ്റായ വാദമാണ്. ഏതൊരു രാജ്യത്തെയും ജനങ്ങൾ സൃഷ്ടിക്കുന്ന വിജ്ഞാനത്തെ സമാഹരിച്ചുകൊണ്ടാണ് മനുഷ്യവിജ്ഞാനം വളർന്നു വികസിക്കുന്നത്. പ്രാചീന വിജ്ഞാനം ആധുനിക വിജ്ഞാനത്തെ അപേക്ഷിച്ച് വളരെയധികം പിന്നിട്ടുനിൽക്കുന്നതാണ്. ആധുനിക വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ഉയർന്ന വിജ്ഞാനം സൃഷ്ടിക്കപ്പെ ടുന്നത്. പൗരാണിക വിജ്ഞാനത്തെ മുറുകെപ്പിടിച്ചുനിന്നുകൊണ്ട് ഒരു രാജ്യത്തിനും മുന്നേറാൻ കഴിയില്ല.
വിവിധ ചികിത്സാ സമ്പ്രദായങ്ങളെ അശാസ്ത്രീയമായി കൂട്ടിക്കലർത്തി ‘സങ്കരവൈദ്യം’ സൃഷ്ടിക്കാനുള്ള ഒരു ശ്രമവും ചരക ശപഥം അടിച്ചേൽപ്പിക്കുന്നതിന്റെ പിന്നിൽ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആയുർവേദം പ്രാചീന കാലത്തെ മനുഷ്യന്റെ അറിവിന്റെ അടിസ്ഥാനത്തിലുള്ള ചികിത്സാ രീതിയാണ്. ആധുനിക വൈദ്യശാസ്ത്രമാകട്ടെ, ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ സൃഷ്ടിക്കപ്പെട്ട ഉയർന്ന വിജ്ഞാനത്തിന്റ അടിസ്ഥാനത്തിൽ തികച്ചും ശാസ്ത്രീയമായ സമീപനരീതി സ്വീകരിച്ച് വളർന്നുവികസിച്ചതാണ്. ഇവ തമ്മിൽ കൂട്ടിച്ചേർക്കാനുള്ള നീക്കം അശാസ്ത്രീയവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതുമാണ്. ഇപ്പോൾ ആഗോളതലത്തിൽതന്നെ വിലമതിക്കപ്പെടുന്ന ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റ നിലവാരത്തകർച്ചയ്ക്കും ഇത് കാരണമാവും.
ദേശീയ വിദ്യാഭ്യാസ നയം-2020ന്റെ ഭാഗമായി ഭാരതീയ വിജ്ഞാന സമ്പ്രദായത്തിന്റെ അ ടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസം നൽകാനെന്നപേരിൽ നടപ്പാക്കുന്ന ഇത്തരം നീക്കങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യം ഭരണവർഗത്തിന്റ സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കാൻ സങ്കുചിത ദേശീയ വാദം വളർത്തുന്നതിന് അനുകൂലമായ മനോഘടന വിദ്യാർഥികളിൽ സൃഷ്ടിക്കുക എന്നതാണ്. ശാസ്ത്രത്തിന്റെ വികാസത്തിനും സാമൂഹ്യ പുരോഗതിക്കും വിഘാതം സൃഷ്ടിക്കുന്ന ഇത്തരം നടപടികളെ ശക്തമായി ചെറുക്കേണ്ടതുണ്ട്.