വർദ്ധിച്ചുവരുന്ന വർഗീയ സംഘർഷങ്ങൾക്ക് പിന്നിൽ ആർഎസ്എസ് – ബിജെപി കുതന്ത്രങ്ങൾ

Communal-riot.jpg
Share

വർഗീയ സംഘർഷങ്ങൾ വർദ്ധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം ആർഎസ്എസ്-ബിജെപി തെരഞ്ഞെടുപ്പ് കരുനീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്ന്. മനഃപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുക, മത ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണത്തിന് ആക്കം വർദ്ധിപ്പിക്കുക, ഹിന്ദുത്വ വികാരം ജ്വലിപ്പിക്കുക, ന്യൂനപക്ഷ വിഭാഗങ്ങൾ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന് ചിത്രീകരിക്കാൻ പുതിയ സാദ്ധ്യതകൾ കണ്ടെത്തുക തുടങ്ങിയ മാർഗങ്ങളൊക്കെ ഇതിനായി അവർ അവലംബിക്കുന്നു.

നൂറ്റാണ്ടുകളായി സൗഹാർദ്ദത്തോടെ കഴിയുന്ന ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമി ടയിൽ ഭിന്നിപ്പും അവിശ്വാസവും തെറ്റിദ്ധാരണകളും വളർത്തുന്നത് വോട്ടുനേടുന്നതിനാണ്. ഹിന്ദുത്വം എന്ന പേരിൽ ഹിന്ദു വർഗീയ ഭ്രാന്താണ് ഇവർ പടർത്തുന്നത്. ജനങ്ങൾ ദുരിതങ്ങൾക്കുനടുവിലാണ്. തെരഞ്ഞെടുപ്പിൽ ഈ നീറുന്ന പ്രശ്നങ്ങൾ ഒഴിവാക്കി കൃത്രിമ പ്രശ്നങ്ങൾ ചർച്ചയ്ക്കെടുക്കണം. മതപരമായ സ്പർദ്ധ വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കണം. അതോടൊപ്പം മാദ്ധ്യമങ്ങളെ വരുതിയിലാക്കുകയും ഭരണസംവിധാനത്തെ പക്ഷപാതപരമായി പ്രവർത്തിപ്പിക്കുകയും വാടക ഗുണ്ടകളെ അണിനിരത്തുകയും വേണം. അച്ഛേദിൻ അഥവാ നല്ല നാളുകൾ പോലുള്ള കപടമുദ്രാവാക്യങ്ങളുടെ മറപറ്റി ഹിന്ദുത്വ വായ്ത്താരികൾ അരങ്ങുകൊഴുപ്പിക്കും. മുസ്ലീങ്ങൾക്കെതിരായ വെറുപ്പും വിദ്വേഷവും ഭീതിയും ഹിന്ദുക്കളിൽ വളർത്തിയെടുത്ത് ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന വിനാശ പാതയിലൂടെ മുന്നേറുക എന്ന ലക്ഷ്യംവച്ചുള്ളതാണ് ഈ ശബ്ദകോലാഹലങ്ങളെല്ലാം.


വർഗീയമായി ഭിന്നിപ്പിക്കാനുള്ള പദ്ധതി


വർഗീയ സംഘർഷങ്ങൾ ഒരു ഗൂഢാലോചനയുടെ സൃഷ്ടിയാണ്. പ്രാദേശികമായുണ്ടാകുന്ന പ്രശ്നങ്ങളെപ്പോലും ഊതിപ്പെരുപ്പിച്ച് മുസ്ലീങ്ങളെക്കുറിച്ച്, ചിലപ്പോൾ ക്രിസ്ത്യാനികളെക്കുറിച്ചും, സംശയവും രോഷവും ആളിക്കത്തിക്കുന്നു. ആർഎസ്എസും ബിജെപിയും ചെറുതും വലുതുമായ ഒരുപറ്റം സംഘപരിവാർ സംഘടനകളും ഈ ഹീനപദ്ധതിയിൽ പങ്കാളികളാണ്. ഇതിനായി ചില സ്ഥിരം സമ്പ്രദായങ്ങൾതന്നെയുണ്ട്. ആരാധനാലയങ്ങളുടെയോ ശ്മശാനങ്ങളുടെയോ ഭൂമി സംബന്ധിച്ച തർക്കം, പള്ളിയിലെ ഉച്ചഭാഷിണിയെച്ചൊല്ലിയുള്ള വഴക്ക്, മതപരമായ ഘോഷയാത്രയുടെയുംമറ്റും നേരെയുണ്ടാകുന്ന കല്ലേറ്, ലൗ ജിഹാദ് ആരോപണം, നിർബന്ധിത മതപരിവർത്തനമെന്ന പരാതി, പശുവിനെച്ചൊല്ലിയുള്ള അക്രമങ്ങൾ തുടങ്ങിയവയൊക്കെ സ്ഥിരമായി ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വർഗീയ സ്പർദ്ധ വളർത്താനായി ഏതുവിഷയത്തെയും ഉപയോഗപ്പെടുത്തുകയാണ് സംഘപരിവാർ. ഊഹാപോഹങ്ങളും കെട്ടുകഥകളും ഊതിപ്പെരുപ്പിച്ച നിസ്സാര കാര്യങ്ങളുമൊക്കെ ഹീനമാംവിധം ഉപയോഗപ്പെടുത്തുന്നു. സംഘപരിവാറിന്റെ ഐടി വിദഗ്ദ്ധരും അവരോട് വിധേയത്വം പുലർത്തുന്ന മാദ്ധ്യമങ്ങളും ഈ ഹീനപദ്ധതിയിൽ കണ്ണികളാണ്. സോഷ്യൽ മീഡിയ ഇവരുടെ കള്ളക്കഥകൾ രാജ്യമെമ്പാടും എത്തിക്കുന്നു. കുടുംബ സദസ്സുകളിലേക്കും കിടപ്പറകളിലേക്കുംവരെ നിറംപിടിപ്പിച്ച കഥകളെത്തുന്നു. ഹിന്ദുത്വ മുദ്രാവാക്യവും ഹിന്ദുരാഷ്ട്ര വാദവുമൊക്കെ ഏറ്റുവിളിക്കാൻ ചെറുപ്പക്കാർപോലും മുന്നോട്ടുവരുന്നു. മുസ്ലീങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്ന തരത്തിലുള്ള വളരെ വികലമായ ഒരു ചിന്താഗതി അതിവേഗം വളരുകയാണ്. ബ്രെയിൻവാഷ് ചെയ്യപ്പെട്ട ഈ ചെറുപ്പക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ മുസ്ലീം സ്ത്രീകൾക്കെതിരായ വിദ്വേഷപ്രചാരണം കൊണ്ടുപിടിച്ച് നടത്തുന്നു. ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ‘ജയ് ശ്രീറാം’ വിളിക്കണമെന്ന് അവർ ആജ്ഞാപിക്കുന്നു. കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും കെട്ടുകഥകളുമൊക്കെ നിരന്തരം കേട്ടുകേട്ട് സാധാരണ ജനങ്ങളാകെ അതെല്ലാം വിശ്വസിക്കാൻ തുടങ്ങുകയും അയഥാർത്ഥമായ ഒരു ലോകത്തേക്ക് നയിക്കപ്പെടുകയും ഇല്ലാത്ത ശത്രുവിനോട് പടവെട്ടുന്ന ഒരു മനോഭാവത്തിന് ഇരയാകുകയും ചെയ്യുന്നു.

ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലടിച്ചുകൊണ്ടിരിക്കണമെന്നും അവരാരും സർക്കാരിനെ ചോദ്യം ചെയ്യരുതെന്നുമാണ് കുത്തകകളുടെ ദാസ്യവൃത്തി ചെയ്യുന്ന ബിജെപിയും ആർഎസ്എസും സംഘപരിവാറുമെല്ലാം ആഗ്രഹിക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞ 15 ലക്ഷം രൂപ എവിടെ, വിലകൾ കുതിച്ചുയരുന്നത് എന്തുകൊണ്ട്, വർഷംതോറും രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞതെവിടെ, ദരിദ്രകോടികളും അതിസമ്പന്നരും തമ്മിലുള്ള അകലം വർദ്ധിക്കുന്നതെന്തുകൊണ്ട്, കുറ്റകൃത്യങ്ങൾ പെരുകുന്നതും അഴിമതി പടരുന്നതുമെന്തുകൊണ്ട് എന്നൊന്നും ആരും മോദിജിയോട് ചോദിക്കരുത്. ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഹിമാചൽപ്രദേശ്, കർണാടക, രാജസ്ഥാൻ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതുമൂലം ഈ സംസ്ഥാനങ്ങളിൽ വർഗീയ വികാരം ആളിക്കത്തിക്കാനും വർഗീയ കലാപങ്ങൾ സംഘടിപ്പിക്കാനുമൊക്കെയുള്ള കരുനീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. എല്ലായിടത്തും ഒരേരീതിയിലുള്ള സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലടിച്ചുകൊണ്ടിരുന്നാൽ മേല്പറഞ്ഞ സുപ്രധാന വിഷയങ്ങളെക്കുറിച്ചൊന്നും ആരും ചിന്തിക്കില്ലല്ലോ.


തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനങ്ങളിലെ ചില
സമീപകാല സംഭവങ്ങൾ


മേല്പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കുന്ന ചില സംഭവങ്ങളാണ് തെരഞ്ഞെടുപ്പ് ആസന്നമായ ഈ സംസ്ഥാനങ്ങളിൽ സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജസ്ഥാനിൽ ഏപ്രിൽ രണ്ടിന് കരോളിയിൽ നവവത്സര ശോഭയാത്ര നടന്നു. ഹിന്ദുക്കളുടെ പുതുവത്സരാഘോഷമായിരുന്നു അന്ന്. ശോഭയാത്രയുടെ ഭാഗമായുള്ള ബൈക്ക് റാലി മണിഹരൺ മുസ്ലീംപള്ളിക്ക് സമീപം എത്തിയപ്പോഴും അത്വാര എന്ന മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് എത്തിയപ്പോഴും ഉച്ചഭാഷിണിയിലൂടെ അത്യുച്ചത്തിൽ പാട്ടുപാടാൻ തുടങ്ങി. ശോഭയാത്രക്കുനേരെ കല്ലേറുണ്ടായി എന്ന് പറയപ്പെടുന്നത് ഇവിടെവച്ചാണ്. കെട്ടിടങ്ങളിൽനിന്ന് കല്ലേറുണ്ടായെന്നും ബൈക്ക് റാലിയിൽ പങ്കെടുത്തവർക്കും അനുഗമിച്ച പോലീസുകാർക്കും പരുക്കുപറ്റിയെന്നുമാണ് പോലീസ് ഭാഷ്യം. കല്ലെറിയാനായി ഗൂഢാലോചന നടന്നെന്നും എഫ്ഐആർ പറയുന്നു. തുടർന്ന് കടകൾക്ക് തീയിടുകയും രണ്ട് ഡസനോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പോലീസിന് അക്രമം തടയാനായില്ല. ‘തൊപ്പിയിട്ടവരെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കും’ തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തവർ വിളിച്ചിരുന്നു എന്നാണ് സ്ഥലവാസികൾ പറയുന്നത്. ‘ഹിന്ദു ഉണർന്നാൽ തൊപ്പിയിട്ടവർ കുമ്പിട്ടുനിന്ന് ശ്രീരാമനെ വാഴ്ത്തേണ്ടി വരു’മെന്നും മറ്റുമുള്ള, വിദ്വേഷം ജനിപ്പിക്കുന്ന പാട്ടുകളാണ് ശോഭയാത്രക്കാർ പാടിയിരുന്നത്.

വർഗീയ അക്രമം നടന്ന് മൂന്ന് ദിവസങ്ങൾക്കുശേഷവും തീപിടിച്ച കടകളിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. പാതി കത്തിയതും അല്ലാത്തതുമായ സാധനങ്ങൾ ചിതറിക്കിടന്നു. ചില കെട്ടിടങ്ങൾ പാടെ തകർന്നിരുന്നു. കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റും എസ്എംഎസ് സേവനങ്ങളുമൊക്കെ നിയന്ത്രിക്കപ്പെട്ടിരുന്നു. ഇത്തരം പ്രകടനങ്ങളും ബൈക്ക് റാലികളും കാവിക്കൊടികളും മാത്രമല്ല യൂട്യൂബ് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളി ലൂടെ മുസ്ലീങ്ങളെ വകവരുത്തുന്നതിന്റെയും അപമാനിക്കുന്നതിന്റെയും പ്രചാരണവും നടക്കുന്നുണ്ട്. ഈദുൽഫിത്തറിന് മണിക്കൂറുകൾക്കുമുമ്പ് മെയ് മൂന്നിന് ജോധ്പൂർ വർഗീയ പിരിമുറുക്കത്തിന് വേദിയാകുകയും പത്ത് പോലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബാൽ മുകുന്ദ് ബിസ്സയുടെ പ്രതിമയ്ക്ക് ചുറ്റും ഈദിന്റെ തോരണം കെട്ടിയതിന്റെ പേരിലും സംഘർഷമുണ്ടായി. പരശുരാമ ജയന്തിയുമായി ബന്ധപ്പെട്ട് കാവിക്കൊടി കെട്ടിയിരുന്നത് കാണാനില്ലെന്നായിരുന്നു മറുപക്ഷത്തിന്റെ ആരോപണം. തുടർന്ന് കല്ലേറും സംഘർഷവും ഉണ്ടായി. വർഷങ്ങളായി ചെയ്തുവരുന്നതാണെങ്കിലും ഈദ് തോരണങ്ങൾ പ്രതിമയ്ക്ക് ചുറ്റും കെട്ടാൻ പാടില്ലെന്ന് ജോധ്പൂരിലെ ബിജെപി എംഎൽഎ ആയ സൂര്യകാന്ത വ്യാസ് നിലപാടെടുത്തു. ആരാണ് പ്രകോപനമുണ്ടാക്കിയതെന്നും എന്തിനെന്നും ഇവിടെ വ്യക്തമാണ്. രാമനവമി ഘോഷയാത്രകൾ ന്യൂനപക്ഷ മേഖലകളിൽകൂടി കടന്നുപോകുമ്പോൾ സംഘർഷം പതിവാണ്. ന്യൂനപക്ഷങ്ങളെ പരോക്ഷമായി ഉന്നംവെച്ചുകൊണ്ട് പരസ്യമായി വാളുകളും ചുഴറ്റിയായിരുന്നു ഇക്കുറി ഘോഷയാത്ര. മധ്യപ്രദേശിലെ കാർഗോൺ സിറ്റിയിൽ വലിയ തോതിലുള്ള അക്രമങ്ങൾ നടന്നതിനെ തുടർന്ന് മെയ് ഒന്നുമുതൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.


വർഗീയകലാപത്തിൽ വലിയതോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായതിനെതുടർന്ന് സഞ്ജയ് നഗർ ഏരിയയിൽ നിരവധി വീടുകൾക്ക് മുന്നിൽ വീട് വില്പനയ്ക്ക് എന്ന ബോർഡ് തൂക്കിയിട്ടുണ്ട്. കാർഗോൺ സിറ്റിയിലും സംസ്ഥാനത്തെ മറ്റുപല സ്ഥലങ്ങളിലും കലാപത്തിനുശേഷം മുസ്ലീങ്ങളെ ഉന്നംവെച്ചുള്ള നീക്കങ്ങൾ നടക്കുന്നതായി മുസ്ലീം പുരോഹിതന്മാർ മധ്യപ്രദേശിലെ ബിജെപിക്കാരനായ ആഭ്യന്തരമന്ത്രിയെ കണ്ട് പരാതിപ്പെടുകയുണ്ടായി. ഗവൺമെന്റ് ന്യൂനപക്ഷങ്ങൾക്കെതിരെ ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്ന പരാതി അവർക്കിടയിലുണ്ട്. കടകൾക്ക് തീവെച്ചവരുംമറ്റും സ്വതന്ത്രരായി വിഹരിക്കുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരെ തെരഞ്ഞുപിടിച്ച് ജയിലിലടച്ചതിലും അമർഷമുണ്ട്. ബർവാനി ജില്ലയിലെ സെന്ത്‌വ ടൗണിലും രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് കല്ലേറ് നടന്നിരുന്നു.
ഗുജറാത്ത് ശ്രദ്ധ പിടിച്ചുപറ്റിയത് എന്തെങ്കിലും പ്രയോജനപ്രദമായ കാര്യത്തിന്റെ പേരിലല്ല, 2002ൽ നടന്ന ആസൂത്രിതമായ ന്യൂനപക്ഷവിരുദ്ധ കൂട്ടക്കൊലയുടെ പേരിലാണ്. അന്ന് നൂറുകണക്കിന് നിരപരാധികൾ കൊല്ലപ്പെട്ടു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ സ്വത്തുവകകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചു. രാമനവമി ആഘോഷങ്ങള്‍ അക്രമാസക്തമാവുകയും മൂന്ന് ജില്ലകളിൽ വർഗീയ സംഘർഷങ്ങൾ നടക്കുകയുമുണ്ടായി. ഇതിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സബർഖണ്ഡിലെ ഹിമ്മത്ത് നഗറിൽ രാമനവമിയോടനുബന്ധിച്ച് ഒരു രഥയാത്ര നടന്നു. അന്നും പതിവുപോലെ കല്ലേറുണ്ടായെന്നും ഒരു രഥത്തിന് തീവെച്ചെന്നും ആരോപണമുണ്ടായി. ഇതിനു പ്രതികാരമെന്നോണം നിരവധി വാഹനങ്ങൾക്ക് തീയിടുകയും കടകൾ കത്തിക്കുകയും ചെയ്തു. ഇതേതുടർന്ന് തീവെപ്പ് നടന്ന ചപ്പാരിയ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. സംഘർഷമുണ്ടായ സ്ഥലങ്ങളിൽ മുൻകരുതലെന്നോണം സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു. ഈ അക്രമങ്ങളെല്ലാം നടന്നിട്ടും അതേ സ്ഥലത്ത് വിശ്വഹിന്ദുപരിഷത്ത് വീണ്ടും പ്രകടനം നടത്തി. അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ന്യൂനപക്ഷ ഏകോപന സമിതി ഡിജിപിയെ കണ്ട് കൂടുതൽ സുരക്ഷ വേണമെന്നും സമാധാനം തകർക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഗുജറാത്തിൽ സമാധാനം തകർക്കുന്നതിനായി മതപരമായ ചടങ്ങുകളുടെ മറയിൽ സാമൂഹ്യവിരുദ്ധർ നടത്തുന്ന അക്രമങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും നിയമവിരുദ്ധമായി ആയുധങ്ങളുമായെത്തിയവരെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്ത് കേസ് ചാർജ് ചെയ്യണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്.
രാമനവമി ഘോഷയാത്ര നടന്ന ആനന്ദ് ജില്ലയിലെ കമ്പത്തിലും ലഹളയുണ്ടായി. കല്ലേറുണ്ടായതായി ഇവിടെയും അരോപണമുയര്‍ന്നു. അക്രമത്തിൽ ഒരു 65കാരൻ കൊല്ലപ്പെട്ടു. ടൗണിൽ നിരോധനാജ്ഞ നിലവിലുണ്ടായിരുന്നു. പിന്നീട് മുസ്ലീങ്ങളായ 600 മത്സ്യത്തൊഴിലാളികൾ ഗുജറാത്ത് ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിക്കൊണ്ട് ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മഹാത്മ ഗാന്ധിയുടെ ജന്മസ്ഥലമായ പോർബന്ദറിൽനിന്നുള്ള ഇവർ പറഞ്ഞത് തങ്ങൾ നിരന്തരമായി പീഡനത്തിനും അവഹേളനത്തിനും ഇരയാകുന്നുവെന്നും മീൻ പിടിക്കാനുള്ള ലൈസൻസ് ഉണ്ടായിട്ടും അതിന് അനുവദിക്കുന്നില്ലെന്നും ഹിന്ദു മത്സ്യത്തൊഴിലാളികൾക്കാകട്ടെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുവെന്നുമാണ്.


കർണാടകയിൽ ഇപ്പോഴത്തെ ബിജെപി ഭരണകാലത്ത് വർഗീയ പിരിമുറുക്കം സൃഷ്ടിച്ച ഇരുപത് സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടായി. ഒരു ബസ്സിൽ ഒരു മുസ്ലീം യുവാവ് ഒരു ഹിന്ദു പെൺകുട്ടിയുമൊത്ത് യാത്ര ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ ഹിന്ദുത്വ ആക്ടിവിസ്റ്റ് ഗ്രൂപ്പായ ഹിന്ദു ജാഗരണ വേദിയുടെ പ്രവർത്തകർ ആ ബസിനെ പിന്തുടർന്നു. രണ്ടുപേരെയും ബസ്സിൽനിന്ന് ഇറക്കി അധിക്ഷേപിച്ചു. ലൗ ജിഹാദ് ആരോപിച്ചായിരുന്നു ഈ അതിക്രമം. മാംഗ്ലൂരിൽ എജെ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മൂന്ന് ആൺകുട്ടികളും മൂന്നു പെൺകുട്ടികളുംകൂടി മാംഗ്ലൂർ-ബാംഗ്ലൂർ ദേശീയപാതയ്ക്ക് അടുത്തുള്ള കരിഞ്ച മലമുകളിലേക്ക് പോയപ്പോൾ കാവിപ്പടയിൽപ്പെട്ട അഞ്ചുപേർ അവരെ തടഞ്ഞു. ഹിന്ദു പെൺകുട്ടികളുമായി എന്തിനാണ് അന്യമതസ്ഥർ പോകുന്നതെന്ന് ചോദിച്ച് അവരെ അധിക്ഷേപിച്ചു. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഹിന്ദു ജാഗരൺ വേദിക്കാർ ഒരു ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് കയറി. കലബുർഗി ജില്ലയിലെ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടകയില്‍ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേറ്റ സംഭവവുമുണ്ടായി.
ശാന്തമായ ഹിമാലയൻ സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. 95 ശതമാനം ഹിന്ദുക്കളും 2.18 ശതമാനം മുസ്ലിങ്ങളുമുണ്ട്. മുസ്ലീങ്ങള്‍ പ്രധാനമായും ആദിവാസി വിഭാഗമായ ഗുജ്ജറുകളാണ്. തീരെ ദുര്‍ബലരും ദരിദ്രരുമായ ഇവരെപ്പോലും ഹിന്ദുവർഗീയവാദികൾ വെറുതെ വിടുന്നില്ല. കഴിഞ്ഞ ഡിസംബറിൽ ഇൻഡോറ പ്രദേശത്ത് ഇവരുടെ വീടുകളിലൊന്നില്‍ ബിജെപി സർക്കാരിന്റെ വൈദ്യുതി വകുപ്പുകാർ വന്ന് വൈദ്യുതി മീറ്റർ എടുത്തുകൊണ്ടുപോയി. മുസ്ലിം ആദിവാസി വിഭാഗത്തിൽ പെട്ട 42 വീട്ടുകാർ അനധികൃതമായാണ് താമസിക്കുന്നതെന്നും ഇവർക്ക് കുടിയൊഴിയാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നുമാണ് അവർ പറഞ്ഞ ന്യായം. കർഷകരും ആട്ടിടയന്മാരുമായ ഇവർ തീരെ ദരിദ്രരാണ്. പട്ടയം കാണിച്ചിട്ടും ഉദ്യോഗസ്ഥർ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല. അവരുടെ ഭൂമിയിൽ കൃഷി പാടില്ലെന്നും കുടിയൊഴിഞ്ഞു പോകണമെന്നും അത് സർക്കാർഭൂമി ആണെന്നുമുള്ള നിലപാടിലാണ് റവന്യൂ ഡിപ്പാർട്ട്മെന്റ്. ഇതിനു തൊട്ടുമുമ്പ് രണ്ടുദിവസം ഗുജ്ജറുകളെ വിശ്വഹിന്ദുപരിഷത്തുകാർ ആക്രമിച്ചിരുന്നു.
കുടിയൊഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തതിനുശേഷവും കാലിത്തീറ്റയും മറ്റും സൂക്ഷിച്ചിരുന്ന ഷെഡ്ഡുകള്‍ വിഎച്ച്പി കത്തിച്ചു. പോലീസിൽ പരാതി നൽകിയപ്പോൾ അന്വേഷിക്കുന്നു എന്ന മറുപടി മാത്രമാണ് ലഭിച്ചത്. കാലിവളർത്തൽ കേന്ദ്രങ്ങളും മറ്റും ആക്രമിക്കുമ്പോൾ വിഎച്ച്പി “ലാൻഡ് ജിഹാദ്” ആരോപണം ഉന്നയിക്കുന്നു. ഇൻഡോറയിൽ ഒരു പശുവിന്റെ മൃതശരീരം കണ്ടെത്തിയതിനെത്തുടർന്നാണ് ഗുജ്ജറുകൾക്കെതിരെ ആക്രമണം തുടങ്ങുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം പശുവിന് മുറിവേറ്റിരുന്നു. അത് കശാപ്പ് ചെയ്യാൻവേണ്ടി നടത്തിയതല്ല. ഏതെങ്കിലും വന്യജീവി ആക്രമിച്ചതാകാം. എന്നിട്ടും തൃപ്തരാകാത്ത വിഎച്ച്പി പ്രവര്‍ത്തകർ ഗുജ്ജാറുകളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പശുവിന്റേത് സ്വാഭാവികമരണം ആണെങ്കിലും ദേഹത്തുകണ്ട മുറിവുകൾ മുസ്ലീങ്ങൾ വരുത്തിയതാണെന്നായിരുന്നു വിഎച്ച് നേതാക്കളുടെ വാദം. മുസ്ലീങ്ങൾ പ്രദേശത്തെ സമാധാനം തകർക്കുന്നു, അവരെ പുറത്താക്കണം എന്നതായിരുന്നു ഡിമാൻഡ് . 2019 മുതൽ ഇവിടെ പള്ളികളും മറ്റും പല തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അവസാന സംഭവം 2022 ജനുവരിയിലായിരുന്നു. അന്ന് സിർമോർ ജില്ലയിലെ നഹാൻ ടൗണിൽ പള്ളി ആക്രമിക്കപ്പെട്ടു. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം പശുവിന് പുല്ലുമേയാന്‍ ഉള്ളതാണെന്ന് ഹിന്ദു ജാഗരൺ മഞ്ചുകാർ പ്രഖ്യാപിച്ചു. ഗുജ്ജാറുകളെ അവിടെനിന്ന് ഒഴിപ്പിച്ചുകഴിഞ്ഞ് കുന്നിൻമുകളിൽ ഗോശാല പണിയാനുള്ള പദ്ധതിയാണ് അവതരിപ്പിച്ചത്. ബിജെപിയുടെ സംസ്ഥാന സർക്കാർ ഈ അക്രമങ്ങൾക്കെല്ലാം ഒത്താശ ചെയ്യുകയാണ്.


ഇതിനൊക്കെപ്പുറമേ മുസ്ലിം ന്യൂനപക്ഷത്തിനുനേരെ പരസ്യമായ കൊലവിളി നടത്തുന്ന മത സമ്മേളനങ്ങളും രാജ്യത്തിന്റെ പലഭാഗത്തും സംഘപരിവാർ നടത്താറുണ്ട്. അടുത്തിടെയാണ് ഡൽഹിയിലെ ജഹാംഗീർ പുരയിലും ഷഹീന്‍ ബാഗിലും അനധികൃത നിർമ്മാണങ്ങൾ എന്ന് ആരോപിച്ച് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ കടകളും ഭവനങ്ങളുംമറ്റും ബിജെപി ഭരിക്കുന്ന മുൻസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. തുഗ്ലക്കാബാദിലും സംഗമിലും ന്യൂ ഫ്രണ്ട്സ് കോളനിയിലുമൊക്കെ സമാനമായ ബുൾഡോസർ ഓപ്പറേഷൻ നടത്തുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. പള്ളിയിൽനിന്നുള്ള ബാങ്ക് വിളിക്ക് ബദലായി ഹനുമാൻ സൂക്തങ്ങൾ ഉച്ചഭാഷിണിയിലൂടെ മുഴക്കുമെന്ന ഭീഷണിയും ഉയർന്നിട്ടുണ്ട്. മുസ്ലീങ്ങൾ ക്കെതിരായ നീക്കങ്ങളുടെ ഭാഗമായി ആയുധമേന്തിയ പ്രകടനങ്ങളും ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്തൊന്നും മുസ്ലിം കടകൾ അനുവദിക്കില്ല. ക്ഷേത്രങ്ങൾക്കുള്ളിൽ മാട്ടിറച്ചിക്കഷണങ്ങൾ രഹസ്യമായി കൊണ്ടിട്ട് പ്രതികാര നടപടികൾ കൈക്കൊള്ളുക എന്ന ഹീനതന്ത്രമാണ് ആർഎസ്എസ് പയറ്റുന്നത്.
പ്രമുഖ പള്ളികള്‍, ക്ഷേത്രങ്ങൾ തകർത്താണോ പണിതിട്ടുള്ളത് എന്ന് പരിശോധിക്കുന്ന ഏർപ്പാടും ആരംഭിച്ചിട്ടുണ്ട്. സ്കൂൾ സിലബസിൽ മുഗൾ കാലഘട്ടം ഒഴിവാക്കി. മുസ്ലിം പേരുള്ള റോഡുകളും കെട്ടിടങ്ങളുമൊക്കെ ഹിന്ദു പേരുകൾകൊണ്ട് പുനർനാമകരണം ചെയ്യുകയാണ്. താജ്മഹലിന്റെ പേരുപോലും മാറ്റാൻ സമ്മർദ്ദമുണ്ട്. എൻആർസി, അനധികൃത കുടിയേറ്റം, വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പേര് നീക്കൽ തുടങ്ങിയവയും ഈ അജണ്ടയുടെ ഭാഗം തന്നെ. സമൂഹത്തിൽ വർഗീയമായ വലിയ ചേരിതിരിവ് സൃഷ്ടിക്കുന്ന നടപടികളാണിതെല്ലാം.


ആർഎസ്എസ്-ബിജെപി ആസൂത്രിതമായി വളർത്തിയെടുക്കുന്ന വർഗീയത


നിസ്സാര കാര്യങ്ങളെ ചൊല്ലിയുള്ള ഹൃദയഭേദകമായ കൊലപാതകങ്ങള്‍, ന്യൂനപക്ഷങ്ങൾക്കു മേലുള്ള അക്രമങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ എല്ലാം ആർഎസ്എസ്-ബിജെപി സംഘപരിവാർ ആസൂത്രണം ചെയ്യുന്ന ഹീനപദ്ധതിയുടെ ഭാഗം തന്നെ. സാഹചര്യം വഷളാക്കി, വികാരം ജ്വലിപ്പിച്ച്, രംഗം ഒരുക്കുന്നതോടെ ന്യൂനപക്ഷങ്ങൾക്കുനേരെ ക്രിമിനൽ സംഘങ്ങളെ അഴിച്ചുവിടുകയായി. രാമനവമി യാത്രയിൽ പങ്കെടുക്കുന്നവർതന്നെ പിൻവലിഞ്ഞ് ജാഥക്ക് നേരെ കല്ലെറിയുന്നതും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. എന്നാൽ പൊലീസ് ഒരു നടപടിയുമെടുക്കില്ല. എന്നിട്ട് ന്യൂനപക്ഷങ്ങൾ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് വിളിച്ചുകൂവിക്കൊണ്ടിരിക്കും. തയ്യാറാക്കപ്പെട്ട പദ്ധതിക്കനുസരിച്ച് വർഗീയ കലാപങ്ങൾ നിർബാധം നടക്കും. ആസൂത്രിതവും ദുരുദ്ദേശ്യപരവുമായ പ്രചാരണം ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നതോടെ തെരഞ്ഞെടുപ്പ് നേട്ടം ലാക്കാക്കിയുള്ള വർഗീയധ്രുവീകരണം ഫലം കാണുകയായി.


ജനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെടുന്ന ഭിന്നതയെക്കുറിച്ച് പ്രധാനമന്ത്രിയും പ്രമുഖ മന്ത്രിമാരും ഉന്നത നേതാക്കളുമൊക്കെ മൗനം പാലിക്കുന്നതുമൂലം വിഷം വമിക്കുന്ന പ്രചാരണത്തിന് ഒത്താശ ലഭിക്കുന്നു. മുഗൾ രാജാക്കന്മാരെ അക്രമികളും ഹിന്ദുവിരുദ്ധരും ആയി ചിത്രീകരിക്കുകയും അവരുടെ പുണ്യസ്ഥലങ്ങളെ അപമാനിക്കുകയും ചെയ്യുന്ന പ്രസംഗങ്ങൾ പരമോന്നത നേതാവുപോലും നടത്തുന്നു. വസ്ത്രംകൊണ്ട് ആളെ തിരിച്ചറിയാം എന്നും മറ്റുമുള്ള പരാമർശങ്ങൾ നടത്തുകയും മുസ്ലീങ്ങളെ മന്ത്രിമാർപോലും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്യുന്നു. മതത്തിന്റെ പേരിലുള്ള ഒത്തുചേരലുകളെല്ലാം മുസ്ലീങ്ങൾക്കുനേരെ അധിക്ഷേപം ചൊരിയാനുള്ള വേദികളായി മാറുന്നു. മുസ്ലിംവിരുദ്ധ വികാരം അങ്ങനെ നിർബാധം പലരൂപത്തിൽ വളർത്തിയെടുക്കപ്പെടുന്നു. അധികാര രാഷ്ട്രീയത്തിന്റെ ഒത്താശയോടെ ആർഎസ്എസ്-ബിജെപി ശക്തികൾ അതിവിദഗ്ധമായും ആസൂത്രിതമായും നടപ്പിലാക്കുന്ന ഹീന പദ്ധതിയാണിത്. വർഗീയത പടര്‍ത്തി രക്തം ചിന്തി വോട്ടുബാങ്കുകൾ സൃഷ്ടിക്കപ്പെടുകയാണ്. എല്ലാ ബൂർഷ്വാ പാർലമെന്ററി പാർട്ടികളും ഇതിൽ തങ്ങളുടേതായ സംഭാവനകൾ നൽകുന്നു. വർഗീയ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതിൽ സംഘപരിവാർ മുഖ്യ പങ്കുവഹിക്കുന്നു. ബിജെപി അധികാരം കയ്യാളുകയും വർഗീയ കോമരങ്ങൾ സുപ്രധാന സ്ഥാനങ്ങളിൽ അവരോധിതരാകുകയും ചെയ്യുന്നതുവഴി രാജ്യം ഒരു വലിയ വിപത്തിലേക്ക് നീങ്ങുകയാണ്.


ആർഎസ്എസ് എന്നും ഹിന്ദു രാഷ്ട്രത്തിനായി
നിലകൊള്ളുന്നു


ഹിന്ദു രാഷ്ട്രത്തിനായി നിലകൊള്ളുന്ന ആർഎസ്എസ് മറ്റു മതങ്ങളും വംശങ്ങളുമൊക്കെ ഹിന്ദുമതത്തെ ആദരവോടെ കാണണമെന്നും ഹിന്ദുവംശത്തെയും സംസ്കാരത്തെയും മഹത്വവൽക്കരിക്കാത്ത ഒരു ആശയവും ആരും പിന്തുടരരുതെന്നും ഹിന്ദു മതത്തിൽ ലയിക്കാനായി അവരുടെ പ്രത്യേകമായ നിലനിൽപ്പ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. ഹിന്ദു രാഷ്ട്രത്തിന് സമ്പൂർണ്ണമായും വിധേയമായിട്ടായിരിക്കണം അവർ ഇവിടെ ജീവിക്കേണ്ടത്. ഒരു അവകാശവാദവും ഉന്നയിക്കാതെ, ഒരു വിശേഷാവകാശത്തിനും അർഹതയില്ലാതെ, ഒരു തരത്തിലുള്ള പ്രത്യേക പരിഗണനയും ആഗ്രഹിക്കാതെ, എന്തിന് പൗരാവകാശംപോലും അനുഭവിക്കാതെ കഴിഞ്ഞുകൊള്ളണം. ഈ ഹിന്ദുത്വ വർഗീയ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ മുസ്ലീം പീഡനം ഒരു മുഖ്യ പരിപാടിയായി നടപ്പിലാക്കുന്നു. ഈ വിഷമയമായ ആശയത്തിന്റെ ഏറ്റവും വൃത്തികെട്ട രൂപമാണ് ആർഎസ്എസിന്റെ രാഷ്ട്രീയമുഖമായ ബിജെപി അധികാരത്തിലിരിക്കുമ്പോൾ നാം കാണുന്നത്. ഈ ആശയം ചരിത്ര വിരുദ്ധവും യുക്തി ഹീനവും മതഭ്രാന്തിലും കെട്ടിച്ചമച്ച ചിന്താഗതികളിലും അധിഷ്ഠിതവുമാണ്. ഇത് യഥാർത്ഥത്തിൽ ഒരു ഫാസിസ്റ്റ് ആശയഗതിയാണ്. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളോ ഹിന്ദുമതാചാര്യന്മാരോ ഇത്തരം വിഷലിപ്തമായ ആശയങ്ങളോ അന്യമത വിദ്വേഷമോ വെച്ചുപുലർത്തിയിരുന്നില്ല. ആർഎസ്എസ്-ബിജെപി മുന്നോട്ടുവയ്ക്കുന്ന ഈ ഹിന്ദുത്വ ആശയം നിതാന്തമായ ഭിന്നതയിലും അവിശ്വാസത്തിലും, അധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ അനൈക്യത്തിലും ഊന്നിയുള്ളതും വികല മനസ്കരായ കപടസിദ്ധാന്തക്കാരുടെ സൃഷ്ടിയുമാണ്. ജനങ്ങൾക്കിടയിൽ അനൈക്യം സൃഷ്ടിക്കാനുള്ള ഏത് അവസരവും ഉപയോഗപ്പെടുത്തി സ്വന്തം മർദ്ദക ഭരണം തുടരാനും ജീർണവും മരണാസന്നവുമായ മുതലാളിത്ത വ്യവസ്ഥയെ നിലനിർത്താനും ശ്രമിക്കുന്ന മുതലാളി വർഗത്തിന് മാത്രമേ ഇത് ആഹ്ലാദം പകരുന്നുള്ളു. ജനങ്ങൾ തമ്മിലടിച്ചു കൊണ്ടിരുന്നാൽ, ബൂർഷ്വാസിയുടെ ദുർഭരണത്തി നെതിരെ യോജിച്ച ചെറുത്തുനിൽപ്പ് ഉയർന്നു വരില്ലെന്നുറപ്പാക്കാം. മുതലാളി വർഗത്തിന്റെ നിർദ്ദയമായ അടിച്ചമർത്തൽ ഭരണത്തിനായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഫാസിസ്റ്റ് പദ്ധതിയുമായി ഹിന്ദുത്വ ആശയങ്ങളും ഹിന്ദുരാഷ്ട്ര വാദവുമൊക്കെ ഒത്തുപോകുന്നതിങ്ങനെയാണ്. അതുകൊണ്ടാണ്, ഭരണ മുതലാളിവർഗ്ഗം ആർഎസ്എസ്-ബിജെപി നടത്തുന്ന മതമൗലികവാദപരവും വർഗീയവുമായ പ്രചാരണങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നത്.


അക്രമവും വർഗീയ വിദ്വേഷവും സ്വയമേവ വളരുന്നു


ആരുടെയെങ്കിലും ആസൂത്രണമോ നിർദ്ദേശമോ ഇല്ലാതെതന്നെ വർഗീയസ്പർദ്ധയും സംഘർഷങ്ങളുമൊക്കെ ഉടലെടുക്കുന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു നമ്മുടെ രാജ്യം. അതിന് സഹായകമാംവിധം സാമൂഹ്യഅന്തരീക്ഷം പരുവപ്പെടുത്തിയെടുത്തിരിക്കുകയാണ് ഹിന്ദുത്വശക്തികൾ . ഇതിന്റെ അഗ്നി കെട്ടടങ്ങുകയില്ല. ബുൾഡോസറുകൾ ആവേശത്തോടെ രംഗത്തെത്തിക്കൊണ്ടിരിക്കും. മതപരമായ ആഘോഷങ്ങളൊക്കെ ശക്തി പ്രകടനത്തിനും വിദ്വേഷ പ്രചാരണത്തിനുമുള്ള വേദികളായി മാറുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 9 സംസ്ഥാനങ്ങളിലാണ് വർഗീയ സംഘർഷങ്ങളുണ്ടായത്. ഇനി എല്ലാ ഉത്സവ കാലത്തും വർഗീയകലാപങ്ങൾ പ്രതീക്ഷിക്കാം. വർഗീയ ജ്വാലകൾ എല്ലാ ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലുംവരെ ഉയരുകയാണ്. വിഘടിതവും വിലക്ഷണവുമായ രാഷ്ട്രീയ ഭൂതകാലത്തേയ്ക്ക് നമ്മൾ എത്തുകയാണ്. രണ്ട് മതവിഭാഗങ്ങളെ എന്നെന്നേക്കുമായി അകറ്റിനിർത്താൻപോന്നവിധം അവിശ്വാസവും ആശങ്കയും കുത്തിനിറയ്ക്കുകയാണ്. ഭരിക്കുന്ന ബിജെപിയിലോ പ്രതിപക്ഷ നിരയിലോ ഒരു നേതാവ് പോലുമില്ല ഇതിൽ വേദനയുള്ളതായി . നേരെമറിച്ച് നിർലജ്ജം ഈ സാഹചര്യം ഉപയോഗപ്പെടുത്തി നേട്ടം കൊയ്യാനും അധികാരത്തിൽ കടിച്ചുതൂങ്ങാനുമുള്ള തത്രപ്പാടിലാണെല്ലാവരും.


ഒരു പരിഷ്കൃത സമൂഹത്തിൽ വർഗീയതയ്ക്ക് സ്ഥാനമില്ല


ഒരു പരിഷ്കൃത സമൂഹത്തിൽ വർഗീയത ഒരു ശല്യമാണ്. ബൂർഷ്വ പാർട്ടികൾ തെരഞ്ഞെടുപ്പ് താത്പര്യംമൂലം ജനങ്ങളെ ജാതി, മതം, വംശം തുടങ്ങിയവയുടെ യൊക്കെ പേരിൽ ഭിന്നിപ്പിച്ച് നിർത്താൻ ആഗ്രഹിക്കുന്നു. പരസ്പരവിദ്വേഷവും അവിശ്വാസവും ബലപ്പെടുത്താനായി അവർ വർഗീയവും ജാതീയവും വംശീയവുമായ സംഘർഷങ്ങൾ കുത്തിപ്പൊക്കുന്നു. എന്നാൽ, അദ്ധ്വാനിച്ച് ജീവിക്കുന്ന സാധാരണ ജനങ്ങളിൽ ബഹുഭൂരിപക്ഷവും, അവർ ഏതി ജാതിയിലും മതത്തിലും വംശത്തിലും പെടുന്നവരാണെങ്കിലും, ഇത്തരത്തിലുള്ള അവിശ്വാസവും അസഹിഷ്ണുതയുമൊന്നും പേറുന്നവരല്ല. അവർക്ക് ശത്രുതയോ തമ്മിലടിക്കാൻ താല്പര്യമോ ഇല്ല. തങ്ങൾക്കിടയിൽ നിലനിൽക്കുന്ന സ്നേഹവും സൗഹൃദവും തകരണമെന്ന് ആഗ്രഹിക്കുന്നുമില്ല. അതിനൊന്നും ഒരു കോട്ടവും തട്ടരുതെന്നാണവർ ആഗ്രഹിക്കുന്നത് എന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. വർഗീയത കയ്യാളുന്നവരുടെ ഹീനതന്ത്രങ്ങൾക്ക് ഏറ്റവുമധികം ഇരയാകുന്നതും ദരിദ്രരും നിസ്സഹായരുമായ സാധാരണക്കാർതന്നെ. ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്നതും അവരെ തമ്മിലടിപ്പിക്കുന്നതും വർഗീയത പടർത്തുന്ന ശക്തികൾ തന്നെയാണ്. അതിനാൽ, രാജ്യത്തിന്റെ ഐക്യത്തിനുതന്നെ ഭീഷണിയാവുകയും വൈകാരികത ആളിക്കത്തിച്ച് മാനുഷിക ഭാവങ്ങളെയും നാഗരികതയെതന്നെയും തകർക്കുകയും ചെയ്യുന്ന ആർഎസ്എസ്-ബിജെപി ദുഷ്ട ശക്തികൾക്കെതിരെ യോജിച്ചുനിന്ന് ശബ്ദമുയർത്താൻ ജനങ്ങൾ തയ്യാറാകണം. ഹിന്ദുത്വ മേലാളന്മാരെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തണം. വർഗീയവിരുദ്ധവും ജനാധിപത്യ സ്വഭാവമുള്ളതുമായ എല്ലാ ശക്തികളെയും, വിനാശകരമായ ആർഎസ്എസ്-ബിജെപി ഫാസിസ്റ്റ് ശക്തികളുടെ ഹീനപദ്ധതിക്കെതിരെ അണിനിരത്തുകയും രാജ്യവ്യാപകമായൊരു വർഗീയതാവിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുകയും വേണം. അതോടൊപ്പംതന്നെ ഹിന്ദുത്വം, ഹിന്ദുരാഷ്ട്രം, മുസ്ലീം വിരോധം തുടങ്ങിയ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കുമെതിരെ തീവ്രമായൊരു പ്രത്യയശാസ്ത്ര സമരം കെട്ടഴിച്ചുവിട്ടുകൊണ്ട് അവയെ നിലംപരിശാക്കുകയും ചെയ്യേണ്ടതുണ്ട്.


ഹീനമായ ഈ ഗൂഢ പദ്ധതിയെ തകർക്കുക


ദുഷ്ട ബുദ്ധികളായ ഈ വോട്ടുപിടുത്തക്കാരുടെ ആക്രോശങ്ങൾ സഹിച്ച് അവരുടെ താളത്തിന് തുള്ളാൻമാത്രം നിസ്സഹായരാണോ നമ്മൾ? പാർലമെന്ററി രാഷ്ട്രീയത്തിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാനായി ഈ വർഗീയ, ഫാസിസ്റ്റ് ശക്തികൾ ജനങ്ങളെ പണയം വയ്ക്കുകയും ഒരുകൂട്ടരെ മറ്റൊരു കൂട്ടർക്കെതിരെ ഇളക്കിവിടുകയും ചില പ്രത്യേക വിഭാഗങ്ങളെ ഉന്നംവച്ച് ആക്രമണങ്ങൾ നടത്തുകയും രാജ്യമെമ്പാടും നിരപരാധികളുടെ ചോരയൊഴുക്കുകയും ചെയ്യുന്നത് തുടരാൻ നാം അനുവദിക്കണോ? ഇതിനാണോ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ചോര ചൊരിഞ്ഞതും ജീവൻനൽകിയതും ? നേരായി ചിന്തിക്കുന്ന, സുബോധമുള്ള ആരും ഇത് അംഗീകരിക്കില്ല. നമുക്ക് പ്രതിരോധത്തിന്റെ നെടുങ്കോട്ട തീർക്കണം. പൈശാചികതയ്ക്ക് മുന്നിൽ നമ്മൾ മുട്ടുമടക്കില്ല. മാനവരാശിയുടെ കൊടിയശത്രുവായ ഫാസിസത്തിനും ജാതി-വർഗീയ തിന്മകൾക്കുമെതിരെ നമുക്ക് സായുധരാകാം. ഇനി നമുക്ക് വെറുതേ കളയാൻ സമയമില്ല. ജനങ്ങളുടെ നീറുന്ന ജീവിത പ്രശ്നങ്ങൾ മുൻനിർത്തിയുള്ളതും എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തുന്നതും എല്ലാ വിഭാഗീയതകൾക്കും അതീതവും ഉന്നതമായ നൈതികതയും സംസ്കാരവും പേറുന്നതും ശരിയായ വിപ്ലവ നേതൃത്വത്തിൻ കീഴിലും വളർത്തിയെടുക്കപ്പെടുന്ന സുദീർഘവും യോജിച്ചതും സംഘടിതവുമായ ജനകീയ പ്രക്ഷോഭമെന്ന അജയ്യമായ ആയുധമേന്തി ഈ തിന്മയുടെ ശക്തികളോട് നമുക്ക് നേർക്കുനേർ ഏറ്റുമുട്ടാം.ജനങ്ങളുടെ പ്രത്യാക്രമണം ദ്വിമുഖമായിക്കണം. ഒരുവശത്ത് ഉരുക്കുപോലെ ഉറച്ച ഐക്യവും കെട്ടുറപ്പും കൈവരിച്ചുകൊണ്ട് ശരിയായ നേതൃത്വത്തിൻകീഴിൽ ബഹുജനങ്ങളുടെ സമര വേലിയേറ്റം സൃഷ്ടിച്ചെടുക്കുന്നതിലൂടെ വർഗീയ-ജാതീയ-ഫാസിസ്റ്റ് ശക്തികൾ പിന്നോട്ടടിക്കപ്പെടും. ഇത് അടിയന്തര പ്രാധാന്യത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയും നിർവഹിക്കണം. താഴെത്തലംമുതൽ എല്ലാ വിഭാഗം ജനങ്ങളെയും പ്രമുഖ വ്യക്തികളെയും ബൗദ്ധികവ്യക്തിത്വങ്ങളെയും ഉൾപ്പെടുത്തി എണ്ണമറ്റ ജനകീയ സമര കമ്മിറ്റികൾ കെട്ടിപ്പടുക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. വോളണ്ടിയർമാരുടെ ഒരു ദളവും വികസിപ്പിച്ചെടുക്കണം. ബൂർഷ്വാ പാർട്ടികളുടെയും ഇടതുപക്ഷക്കാർ എന്ന് മേനി നടിക്കുന്നവരുടെയും കപട മുഖം നിർദ്ദാക്ഷിണ്യം തുറന്നുകാട്ടി അവരെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തണം.നഗരമെന്നോ ഗ്രാമമെന്നോ ഭേദമില്ലാതെ രാജ്യമെമ്പാടും വർഗീയതാവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കണം. അതോടൊപ്പംതന്നെ വർഗീയതയുടെയും ജാതീയതയുടെയും ഫാസിസത്തിന്റെയുമൊക്കെ വിഷലിപ്തമായ ആശയങ്ങൾക്കെതിരെ തീഷ്ണമായ പ്രത്യയശാസ്ത്രസമരം താഴെത്തലംമുതൽ കെട്ടഴിച്ചുവിട്ടുകൊണ്ട് ജനങ്ങളുടെ ഈ പ്രഖ്യാപിത ശത്രുക്കളുടെ മരണമണി മുഴക്കാൻ കഴിയണം. ഇതിലൂടെ മാത്രമേ നാം ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണവും വിനാശകരവുമായ സാഹചര്യത്തെ മറികടക്കാനാകൂ.

Share this post

scroll to top