തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം: സിൽവർലൈൻ ഉൾപ്പടെയുള്ള ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവികാരത്തിന്റെ പ്രതിഫലനം

images.jpg
Share

പ്രതിപക്ഷഎംഎൽഎയായിരുന്ന പി.ടി.തോമസിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന നിയമസഭാ സീറ്റിലേയ്ക്ക് തൃക്കാക്കര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭരണത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. എന്നാൽ ഭരണമുന്നണിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നയങ്ങളും പദ്ധതികളും പൂർവ്വാധികം വീറോടെ തുടരാൻ അവയ്ക്ക് വലിയ ജനസമ്മിതി ഉണ്ടെന്ന് സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. അതിനായി എന്തുമാർഗ്ഗമവലംബിച്ചും വിജയം നേടുക എന്നത് അവരുടെ ഒരു രാഷ്ട്രീയ ആവശ്യകതയായിരുന്നു. ഇടതുമുന്നണി അവരുടെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ഉയർന്നുവന്നിട്ടുള്ള ശക്തമായ പ്രക്ഷോഭത്തെ മറികടക്കാനുള്ള ഒരു മാർഗ്ഗമായും തൃക്കാക്കര വിജയത്തെ ലക്ഷ്യം വച്ചു. അങ്ങിനെ തൃക്കാക്കര മൽസരത്തെ ഒരു ഉപതെരഞ്ഞെടുപ്പിന്റെ അപ്പുറത്തേക്കുള്ള മാനത്തിലേക്ക് എൽഡിഎഫ് മാറ്റി. ദേശീയ രാഷ്ട്രീയത്തിലടക്കം ദയനീയമായ തിരിച്ചടികൾ നേരിടുന്ന കോൺഗ്രസ്സിനും തെരഞ്ഞെടുപ്പ് വിജയം പ്രാണവായുപോലെ അനിവാര്യമായിമാറിയതോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഒരു ഹൈ വോൾട്ടേജ് മൽസരമായി പരിണമിച്ചു.

സർവ്വസംവിധാനങ്ങളോടെയും ഒരു തെരഞ്ഞെടുപ്പ് മെഷീനറി സജ്ജീകരിച്ചുകൊണ്ട് എൽഡിഎഫ് നടത്തിയ പ്രവർത്തനം മുകളിൽ സൂചിപ്പിച്ച രാഷ്ട്രീയലക്ഷ്യം നേടുന്നതിനുവേണ്ടിയായിരുന്നു. കേരള മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഉൾപ്പെടുന്ന സർക്കാർ സംവിധാനമാകെ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തു. ഭരണപക്ഷത്തെ ഏതാണ്ട് 60 എംഎൽഎമാരും പ്രമുഖനേതാക്കളും മറ്റ് ജില്ലകളിൽനിന്നുള്ള കേഡർമാരും തൃക്കാക്കരയിൽ ആഴ്ചകളോളം ഓരോ വീടും അരിച്ചുപെറുക്കി അവരുടെ ‘വികസനരാഷ്ട്രീയത്തിന്റെ മഹത്വം’ ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രയത്‌നിച്ചു. തൃക്കാക്കരയിലെ മത്സരം സംസ്ഥാനഭരണവും ജനങ്ങളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി മാറി. ഒരു തെരഞ്ഞെടുപ്പ് വിജയം പാകപ്പെടുത്താൻ വേണ്ടുന്ന എല്ലാ മാർഗ്ഗങ്ങളും ഇടതുമുന്നണി ആവിഷ്‌കരിച്ചു. അവസരവാദരാഷ്ട്രീയ ചുവടുവയ്പുകളും വർഗ്ഗീയ-സാമുദായിക പ്രലോഭനങ്ങളും കളംനിറഞ്ഞാടി. പണക്കൊഴുപ്പിലൂന്നിയ ഹൈടെക് പ്രചാരണവേലയിൽ ഇടതുമുന്നണി ഏവരുടെയും മുന്നിലായിരുന്നു. പരമ്പരാഗത പ്രചാരണ രീതികളോടൊപ്പം, ഒരു കണക്കുമില്ലാതെ പണം ചെലവഴിക്കാൻ കഴിയുന്ന സോഷ്യൽ മീഡിയ പ്രചാരണം അളന്നെടുക്കാൻ കഴിയാത്തവിധമായിരുന്നു. അവിശ്വസനീയവും അസാധാരണവുമായ ഈ പ്രചാരണപ്രളയത്തിനുശേഷവും എൽഡിഎഫ് പരാജയപ്പെട്ടു. പണം കുത്തിയൊഴുക്കുന്നതിലും വർഗ്ഗീയ – സാമുദായിക വികാരം മുതലെടുക്കുന്നതിലും മുന്നണികൾ എല്ലാം പരസ്പരം മൽസരിച്ചെങ്കിലും ഇക്കര്യത്തിൽ ഇടതുമുന്നണി മറ്റുള്ളവരെ നിഷ്പ്രഭമാക്കുകയാണ് ഉണ്ടായത്. കോൺഗ്രസ്സിന് മുൻതൂക്കമുള്ള മണ്ഡലമെന്നതും പി.ടി.തോമസ് എന്ന ഘടകവും മാറ്റിനിർത്തിയാൽ, ഒരു തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ട ഘടകങ്ങൾ പലതും ഇടതുമുന്നണിക്ക് അനുകൂലമായിരുന്നു. എന്നിട്ടും എൽഡിഎഫ് ദയനീയമായി പരാജയപ്പെട്ടു. എന്തുകൊണ്ട്?


ഇടതുപക്ഷരാഷട്രീയം ബലികഴിക്കുന്ന എൽഡിഎഫ്


എൽഡിഎഫിന്റെ അടിമുടി ജനവിരുദ്ധമായ ഭരണത്തിനെതിരെയും ഉപതെരഞ്ഞെടുപ്പിൽ ജയമുറപ്പാക്കുന്നതിനായി ഇടതുരാഷ്ട്രീയത്തിന്റെ സകലമാനമൂല്യങ്ങളും ബലികഴിച്ചുകൊണ്ട് നടത്തിയ മനംപിരട്ടലുളവാക്കുന്ന വലതുരാഷ്ട്രീയ നടപടികൾക്കെതിരെയും സാധാരണ ജനങ്ങളിലും സത്യസന്ധരായ ഇടതുവിശ്വാസികളിലുമുൾപ്പടെ സൃഷ്ടിക്കപ്പെട്ട ശക്തമായ പ്രതിഷേധത്തിന്റെ വികാരം തെരഞ്ഞെടുപ്പ് ഫലം നിർണ്ണയിച്ചതിലെ ഏറ്റവും പ്രധാനഘടകമാണ്.

അതിരൂക്ഷമായ വിലക്കയറ്റത്തിലകപ്പെട്ട് ജനങ്ങൾ അക്ഷരാർത്ഥത്തിൽ ഞെരിയുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ദിനംപ്രതി ഉയരുന്ന വിലയിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാനത്തിന്റെ ഇന്ധനനികുതി കുറയ്ക്കണമെന്ന ആവശ്യത്തെ പുഛത്തോടെ തള്ളിക്കളഞ്ഞു. ബസ് ചാർജ്ജ് വർദ്ധിപ്പിച്ചു. എല്ലാത്തരം നികുതികളും സർക്കാർ സേവനങ്ങൾക്കുള്ള ചാർജ്ജുകളും 30 ശതമാനം മുതൽ 300 ശതമാനംവരെ വർദ്ധിപ്പിച്ചു. ദേശീയപാതകളെല്ലാം ചുങ്കപ്പാതക ളായി. . കെഎസ്ആർറ്റിസി സമ്പൂർണ്ണ തകർക്കലിനെ അഭിമുഖീകരിക്കുകയാണ്. നിരന്തരമായി തൊഴിലാളികൾക്ക് ശമ്പളവും പെൻഷനും മുടങ്ങുന്നു. തൊഴിലാളികൾക്ക് ശമ്പളം നൽകുക സർക്കാരിന്റെ ഉത്തരവാദിത്തമല്ല എന്ന പ്രഖ്യാപനം നടത്തി ഗതാഗതമന്ത്രി ‘ഇടതു’സർക്കാരിന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. മൂവായിരത്തിലേറെ ബസ്സുകൾ ഗ്യാരേജുകളിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുമ്പോൾ രണ്ടായിരത്തിഅഞ്ഞൂറിലേറെ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. ജനങ്ങളുടെ യാത്രാദുരിതങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. കെഎസ്ആർറ്റിസി ലാഭകരമായി നടത്തിയിരുന്ന ദീർഘദൂര സർവ്വീസുകളെല്ലാം കെസ്വിഫ്റ്റ് എന്ന കമ്പനി രൂപീകരിച്ച് അതിനുകീഴിലേക്ക് മാറ്റിയിരിക്കുന്നു. ഒരൊറ്റ സ്ഥിരനിയമനംപോലും നടത്താതെ അടിമുടി കരാർ തൊഴിലാളികളെ നിയോഗിച്ചുകൊണ്ട് മോദിയുടെ ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ് ആദ്യമായി നടപ്പാക്കുന്ന സ്ഥാപനമായി കെ സ്വിഫ്റ്റ് മാറിയിരിക്കുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന ഒന്നാം പിണറായി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം രണ്ടാം സർക്കാരിന്റെ കാലത്തുപോലും നടപ്പാക്കിയിട്ടില്ല. മദ്യം കുത്തിയൊഴുക്കുന്നു. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടൈയും ഭയപ്പെടുത്തുന്ന വ്യാപനം സ്‌കൂൾ കുട്ടികളെവരെ തുലയ്ക്കുന്നു. സ്ത്രീകൾക്കും സാധാരണ പൗരന്മാർക്കും നേരെയുള്ള പോലീസ് അതിക്രമങ്ങൾ ഒരു വശത്ത് പെരുകുമ്പോൾ മറുവശത്ത് ഗുണ്ടകളും ക്രിമിനലുകളും പകൽവെളിച്ചത്തിലും സ്വൈരവിഹാരം നടത്തുന്നു. കൊലപ്പെടുത്തിയ പ്രതിയോഗിയുടെ മൃതദേഹം ചുമന്ന് പോലീസ് സ്റ്റേഷനിലെത്തിക്കുന്ന ഗുണ്ടാനേതാവിന്റെ കൊലവിളി സംസ്ഥാനത്തെ ജനങ്ങളെ ഭയചകിതരാക്കുന്നു.

ഭരണരംഗം മുതൽ സഹകരണമേഖല വരെ നടമാടുന്ന ഞെട്ടിപ്പിക്കുന്ന അഴിമതികൾ ഒരു വാർത്തയല്ലാതായി മാറിക്കഴിഞ്ഞു. കിഫ്ബി നിർമ്മിച്ച റോഡുകളും പാലങ്ങളും സ്‌കൂൾ കെട്ടിടങ്ങളും പണിതീരുമ്പോൾതന്നെ തകരുന്നത് അതിനുപിന്നിലുള്ള അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. പ്രളയഫണ്ടിൽ വരെ വെട്ടിപ്പുകൾ നടന്നു. ഇപ്രകാരം അടിമുടി ജനദ്രോഹകരമായി മാറിയിരിക്കുന്ന പിണറായി സർക്കാരിനെതിരെയുള്ള ജനവികാരം ഈ തെരഞ്ഞെടുപ്പ് ഫലം സൃഷ്ടിച്ചതിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
സംസ്ഥാനം കടക്കെണിയിലേയ്ക്ക് വീണുകഴിഞ്ഞു. ഓരോമാസവും നിരന്തരം കടമെടുത്താണ് സർക്കാരിന്റെ നിത്യനിദാനചെചലവുകൾ നടത്തുന്നത്. ആകെ പൊതുകടമായ 3.2 ലക്ഷം കോടി രൂപ സംസ്ഥാനത്തിന്റെ ജിഡിപിയുടെ 37.18 ശതമാനമാണ്. ഇൻഡ്യയിൽ ഏറ്റവും അധികം കടബാധ്യതയുള്ള 4 സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിക്കഴിഞ്ഞു. ഇപ്പോൾ സർക്കാർ അവതരിപ്പിക്കുന്ന കടബാധ്യതയുടെ കണക്കുകൾ അടിമുടി പൊരുത്തക്കേടുകളും വ്യാജപ്രസ്താവനകളും നിറഞ്ഞതാണ്. കിഫ്ബി വഴി എടുത്തുകൊണ്ടിരിക്കുന്ന വൻതുകയുടെ കടം ബജറ്റിനുപുറത്താണ്. എന്നാൽ അതിന്റെ ഭാരമാകട്ടെ സംസ്ഥാനഖജനാവിന്റെ മേലും. കിഎഫ്ബിയുടെ ബാധ്യത കൂടി ഉൾപ്പെടുത്തിയാൽ പൊതുകടത്തിന്റെ ചിത്രം ഞെട്ടിപ്പിക്കുന്നതാകും. കേരളത്തിന്റെ തകരുന്ന സാമ്പത്തികരംഗത്തിന്റെ ഭാരം മുഴുവൻ നികുതികളുടെയും ഫീസുകളുടെയും ചാർജ്ജുകളുടെയും രൂപത്തിൽ ജനങ്ങളുടെ തലയിൽ പതിക്കുകയാണ്. സർക്കാർ നേട്ടങ്ങളുടെ പ്രചാരണഘോഷങ്ങൾ ഉപതെരഞ്ഞെടുപ്പിൽ പൊടിപൊടിക്കുമ്പോൾ തന്നെയാണ് ആ മാസത്തെ ശമ്പളവും പെൻഷനും മുടങ്ങുമെന്ന സ്ഥതിതിയിൽ ഖജനാവ് എത്തിച്ചേർന്നത്. കിഫ്ബി വഴി കിട്ടുന്ന പണം വിനിയോഗിക്കുന്നത് ഒട്ടും ഉൽപാദനക്ഷമമായ രംഗങ്ങളിലല്ലെന്നത് കേരളത്തിന്റെ ഭാവി എന്തായിരിക്കുമെന്നു വ്യക്തമാക്കുന്നുണ്ട്. ഇന്ന് കേരളത്തിന്റെ ആളോഹരി കടം 90,000 രൂപ കടന്നിരിക്കുന്നു. സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയാൽ ഈ ആളോഹരി ബാധ്യത രണ്ടോ മൂന്നോ ലക്ഷം രൂപയായി വർദ്ധിക്കുമെന്നതാണ് യാഥാർത്ഥ്യം. ഈ നടപടികളാണ് തുടരുന്നതെങ്കിൽ ശ്രീലങ്കയുടെ അവസ്ഥയാവും കേരളത്തിന്റേതുമെന്ന് ചിന്തിക്കുന്ന ഏവരും മുന്നറിയിപ്പുനൽകി കഴിഞ്ഞു.


വർഗ്ഗീയ-സാമുദായിക നീക്കങ്ങൾ നിറഞ്ഞാടിയ തെരഞ്ഞെടുപ്പ് രംഗം


ഇടതുമുന്നണി അവതരിപ്പിച്ച സ്ഥാനാർത്ഥിതന്നെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വോട്ട് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്ന് പകൽ പോലെ വ്യക്തമായിരുന്നു. ജില്ലാ നേതൃത്വം ആദ്യം നിശ്ചയിച്ച സ്ഥാനാർത്ഥിയെ വെട്ടി മാറ്റി, ഒരു വൈദികന്റെ സാന്നിദ്ധ്യത്തിൽ, പള്ളിസ്ഥാപനത്തിന്റെ അങ്കണത്തിൽ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് സാമുദായികമായ ധ്രുവീകരണത്തിന്റെ ചില കണക്കുകൂട്ടലോടെയായിരുന്നുവെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? മുത്തുപോലത്തെ സ്ഥാനാർത്ഥി എന്നു ഇ.പി.ജയരാജൻ വിശേഷിപ്പിച്ച ഈ സ്ഥാനാർത്ഥിയുടെ യോഗ്യതയെന്താണ്? ഇടതുരാഷ്ട്രീയത്തിന്റെ കർമ്മമണ്ഡലത്തിലോ, ജനകീയ പ്രക്ഷോഭ വേദികളിലോ, മതേതരമൂല്യങ്ങൾക്കായുള്ള പ്രവർത്തനരംഗത്തോ ഈ സ്ഥാനാർത്ഥിയെ ആരും കണ്ടിട്ടില്ല. ഓരോ മതവിഭാഗത്തിനും മുൻതൂക്കമുള്ള മേഖലകളിൽ അതത് മതവിഭാഗത്തിൽനിന്നുള്ള നേതാക്കളെ പ്രചാരണത്തിനായി നിയോഗിച്ചുകൊണ്ട് നടത്തിയ ആപൽക്കരമായ തെരഞ്ഞെടുപ്പ് തന്ത്രം ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ മതേതരഘടനയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. തിരശീലയ്ക്കു പിറകിലെ നെറികെട്ട രാഷ്ട്രീയകൂട്ടുകെട്ടുകളും കള്ളവോട്ടുൾപ്പെടെയുള്ള നീചമാർഗ്ഗങ്ങളും ഇടതുമുന്നണി അവലംബിച്ചു. കോൺഗ്രസ്സിനെ തള്ളിപ്പറഞ്ഞ് സിപിഐ(എം) വേദിയിലെത്തിയ കെ.വി.തോമസ്സ് എന്ന നേതാവിനെ, പതിറ്റാണ്ടുകളായി ഛർദ്ദിച്ചതെല്ലാം വിഴുങ്ങി, നാണംകെട്ട നിലയിൽ എതിരേറ്റ്, വലിയ നേതാവായി എഴുന്നള്ളിച്ച സിപിഐ(എം) നടപടി ആത്മാഭിമാനമുള്ള ഇടതുപക്ഷ വിശ്വാസികള്‍ക്ക് എങ്ങിനെയാണ് ഉൾക്കൊള്ളാൻ കഴിയുക. ഉദരപൂരണത്തിന്റെ അറപ്പുളവാക്കുന്ന പ്രതീകമായ കെ.വി.തോമസ്സ് എന്ത് ഇടതുമൂല്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ലാറ്റിൻ കത്തോലിക്കരുടെ വോട്ട് ലക്ഷ്യമിട്ടുകൊണ്ടുള്ള നാലാംകിട രാഷ്ട്രീയം മാത്രമായിരുന്നു അത്. വർഗ്ഗീയതയ്ക്കെതിരായ ചന്ദ്രഹാസമിളക്കലും മതേതരപുരോഗമന വീമ്പിളക്കലുമെല്ലാം പച്ചയായ ഇരട്ടത്താപ്പാണെന്ന് തിരിച്ചറിയുന്ന ഇടതുപക്ഷ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം അവരുടെ ആത്മാഭിമാനത്തെ പരിഹസിക്കുന്ന നടപടികളായാണ് അനുഭവപ്പെട്ടത്.

അതുകൊണ്ടുതന്നെ സിപിഐ(എം) സ്ഥാനാർത്ഥിയുടെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പരാജയം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തോൽവിയായി കണക്കാക്കാനാകില്ല. മറിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ലേബലിൽ കെട്ടിയെഴുന്നള്ളിക്കുന്ന മനംപിരട്ടലുളവാക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിനേറ്റ പ്രഹരമാണ് എൽഡിഎഫിന്റെ പരാജയം. ഇടതുപ്രസ്ഥാനത്തിന്റെ സത്യസന്ധരായ അഭ്യുദയകാംക്ഷികളും ഇടതു-പുരോഗമനചിന്താഗതിക്കാരുമായ വലിയൊരുവിഭാഗം ഈ തെരഞ്ഞെടുപ്പിൽ വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയ്തത്. വോട്ട് ചെയ്തവരിൽ സാരമായ ഒരു വിഭാഗമാകട്ടെ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സ്ഥാനാർത്ഥിയെയും കൈയൊഴിയുകയും ചെയ്തു. പക്ഷേ, ഈ വസ്തുത അംഗീകരിക്കാൻ മുന്നണിയും അതിനു നേതൃത്വം നൽകുന്ന സിപിഐ(എം) നേതാക്കളും ഇപ്പോഴും തയ്യാറായിട്ടില്ല. സഹതാപതരംഗമാണ് വൻ ഭൂരിപക്ഷത്തിലുള്ള യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനുപിന്നിലെന്നും യുഡിഎഫിന് അനുകൂലമായി ബിജെപി വോട്ടുമറിച്ചെന്നുമൊക്കെയുള്ള പതിവ് വിശകലന വിശദീകരണങ്ങളിൽ സിപിഐ(എം) നേതാക്കൾ വീണുരുണ്ടപ്പോൾ അണികളിൽതന്നെ വലിയൊരുപങ്ക് അത് വിശ്വസിക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ തവണത്തേക്കാൾ 2500 വോട്ട് അധികം നേടി എന്ന കണക്കിൽ തല പൂഴ്ത്താനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ എൽഡിഎഫിന്റെ ഭരണനയങ്ങൾക്കെതിരെ മൽസരിച്ച മുന്നണി കഴിഞ്ഞ തവണത്തേക്കാൾ 12,931 വോട്ട് അധികം നേടി എന്നത് തൃക്കാക്കര ഫലം അവർക്കെതിരെയുള്ള വിധിയെഴുത്താണെന്ന് വ്യക്തമാക്കുന്നു.


ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ കൊടിയ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശക്തമായ വികാരവും ഈ തെരഞ്ഞെടുപ്പിൽ ദൃശ്യമായിട്ടുണ്ട്. വർഗ്ഗീയതയുടെ ആറാട്ടും കേന്ദ്രഭരണത്തിന്റെ പദവിയും ഒരു കണക്കുമില്ലാതെ ഒഴുക്കപ്പെടുന്ന പണവും പുറമെനിന്ന് വന്ന ആർഎസ്എസ് കേഡർമാരും ആസൂത്രിതമായ സോഷ്യൽ മീഡിയ കാമ്പെയ്‌നും ഒക്കെചേർന്ന് തൃക്കാക്കര മണ്ഡലത്തിൽ നടത്തിയ പ്രചരണപ്രളയത്തിനുശേഷവും ബിജെപിക്ക് കഴിഞ്ഞതവണത്തേക്കാൾ വോട്ട് കുറയുകയാണ് ചെയ്തത്. ബിജെപി അവതരിപ്പിക്കുന്ന വെറുപ്പിന്റെയും ഭ്രാതൃഹത്യയുടെയും രാഷ്ട്രീയം പൊതുവിൽ കേരളത്തിന്റെ മതേതരമനസ്സാക്ഷി അംഗീകരിക്കില്ല എന്നത് ഒരിക്കൽകൂടി വ്യക്തമാവുകയാണ്. രാഷ്ട്രീയ സദാചാര രാഹിത്യത്തിന്റെ ആൾരൂപമായ പി.സി.ജോർജ്ജിനെ കെട്ടിയെഴുന്നള്ളിക്കുകകൂടി ചെയ്തതോടെ ബിജെപി നേരിട്ട തിരിച്ചടിയുടെ ആക്കംകൂടി. ഇപ്രകാരമുള്ള രാഷ്ട്രീയമായ കാരണങ്ങളാൽ ജനങ്ങളുടെ വെറുപ്പിനു പാത്രമാകുന്ന ബിജെപിക്ക് വോട്ടുകുറയുക സ്വഭാവികം മാത്രം. എന്നാൽ അത് അംഗീകരിക്കാൻ സിപിഐ(എം) തയ്യാറല്ല. ബിജെപിയുടെ വോട്ട് സ്ഥിരമാണെന്നും മറിച്ചുകൊടുക്കുന്നതുകൊണ്ടുമാത്രമാണ് അവർക്ക് വോട്ടു കുറയുന്നത് എന്നുമുള്ള സിദ്ധാന്തം അവതരിപ്പിച്ച് ബിജെപിയെ രാഷ്ട്രീയമായി കുറ്റവിമുക്തമാക്കി രക്ഷപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്.
വിദ്വേഷത്തിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുകയും ജനങ്ങളുടെ തലയിൽ എണ്ണിയാലൊടുങ്ങാത്ത സാമ്പത്തികഭാരങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ബിജെപിക്കെതിരെയുള്ള ജനങ്ങളുടെ വികാരം ഈ ഫലത്തിൽ പ്രതിഫലിക്കുന്നു എന്നല്ലേ വ്യക്തമാക്കേണ്ടത്. വ്യത്യസ്ത മുന്നണികൾക്ക് മാറിമാറി വോട്ടുചെയ്യുന്ന ഗണ്യമായ ഒരു വിഭാഗമുണ്ടെന്ന വസ്തുത മറച്ചുവച്ചുകൊണ്ടാണ് അധികം നേടിയതിന്റെയും വോട്ടുമറിച്ചുകൊടുക്കലിന്റെയും കഥകൾ മെനയുന്നത്. സ്വന്തം പരാജയത്തിന്റെ കാരണങ്ങൾ മറച്ചുവയ്ക്കാനും യുഡിഎഫിന്റെ വിജയത്തിന്റെ കാരണങ്ങൾ മെനഞ്ഞെടുക്കാനുമുള്ള തത്രപ്പാടിൽ ദയനീയമായ രാഷ്ട്രീയ പാപ്പരത്തമാണ് സിപിഐ(എം) പ്രദർശിപ്പിക്കുന്നത്.


സിൽവർലൈൻ പദ്ധതിക്കെതിരായ ജനകീയസമരം


ജനാധിപത്യ സമരരാഷ്ട്രീയത്തെ ശകതിപ്പെടുത്തുകയും ന്യായമായ ജനകീയ സമരങ്ങളിൽ നിന്ന് പോലീസിനെ മാറ്റിനിർത്തുകയും ചെയ്യുക എന്നതാണ് ഒരിടതു ഭരണത്തിന്റെ ഏറ്റവും പ്രാഥമികമായ കടമയും അതിന്റെ വ്യതിരിക്തതയും. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഈ അടിസ്ഥാനതത്വം പരിപൂർണ്ണമായും കുഴിച്ചുമൂടുകയാണ് പിണറായി വിജയൻ നയിക്കുന്ന സംസ്ഥാനത്തെ എൽഡിഎഫ് ഭരണം. ജനാധിപത്യം അനുവദിക്കുന്ന ഒരുതരത്തിലുമുള്ള സംഘടിതപ്രവർത്തനവും അനുവദിക്കില്ല എന്ന് നിശ്ചയിച്ച് ഉറപ്പിച്ച ഒരു സംഘമായി പിണറായി സർക്കാരിന്റെ പോലീസ് മാറി. കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്ഥാനമെമ്പാടും സമരം ചെയ്ത സ്ത്രീകളെയും വീട്ടമ്മമാരെയും വൃദ്ധരെയും കുഞ്ഞുങ്ങളെയും തെരുവുകളിലൂടെ വലിച്ചിഴച്ചു. കേരളത്തിൽ ഏതാണ്ട് ഇരുനൂറിലധികം പ്രദേശങ്ങളിൽ സമാധാനപരമായി സമരം ചെയ്ത കെ റെയിൽ വിരുദ്ധ പ്രക്ഷോഭകാരികളെ പോലീസ് നീചമായാണ് നേരിട്ടത്. ഇടതുപക്ഷവിശ്വാസികളിൽ പോലും കടുത്ത അമർഷവും രോഷവും പോലീസ് അതിക്രമങ്ങൾക്കെതിരെ ഉയരുകയുണ്ടായി.

കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ ഒന്നൊരവർഷമായി സാക്ഷ്യം വഹിക്കുന്ന, സമാനതകളില്ലാത്ത ജനകീയ പ്രക്ഷോഭം സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉയർന്നുവന്ന ഒന്നായിരുന്നില്ല. ആദ്യഘട്ടത്തിൽ സിൽവർലൈൻ കടന്നുപോകുന്ന മേഖലകളിലെ ജനങ്ങൾ സ്വന്തം മുൻകൈയിൽ രൂപപ്പെടുത്തിയ ഏതാനും ജനകീയ സമരസമിതികളെ സംസ്ഥാനതലത്തിൽ ഏകോപിപ്പിച്ചുകൊണ്ടാണ് കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമതി എന്ന സംസ്ഥാനതല സമരസംഘടന പിറന്നത്. തുടർന്ന് ഈ സമരസംഘടനയുടെ നേതൃത്വത്തിൽ നടന്ന സുഘടിതവും ചിട്ടയായതുമായ പ്രവർത്തനത്തിലൂടെ സംസ്ഥാനമെമ്പാടുമായി മുന്നൂറോളം പ്രാദേശിക യൂണിറ്റുകൾക്ക് ജന്മം നൽകി. പതിനായിരക്കണക്കിന് സാധാരണജനങ്ങൾ ഒരൊറ്റ സമരസംഘടനയുടെ കീഴിൽ ഒരു മനുഷ്യനെപ്പോലെ അണിനിരന്നു. പദ്ധതി സൃഷ്ടിക്കുന്ന വിനാശത്തെ സംബന്ധിച്ചും സമരസംഘാടനത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും രാഷ്ട്രീയ വിദ്യാഭ്യാസം നേടി ജനങ്ങൾ അസാധാരണമായ ഒരു സമരശക്തിയായി ഉയർന്നു. യാതൊരു ഔദ്യോഗിക അറിയിപ്പും നൽകാതെ, രാപകൽ ഭേദമില്ലാതെ അടുക്കളയിലും മുറ്റത്തും പറമ്പിലും മഞ്ഞക്കുറ്റിയുമായി സാമൂഹ്യാഘാത പഠനത്തിനെന്ന പേരിൽ വൻ പോലീസ് അകമ്പടിയോടെ ധിക്കാരപൂർവ്വം കയറിചെന്ന കെ റെയിൽ സംഘത്തെ ചെറുത്തുപരാജയപ്പെടുത്തിയത് അസാധാരണമായ ഈ സമരശക്തിയാണ്. സ്വന്തം വീട്ടുമുറ്റത്ത് പ്രതിഷേധിച്ച സാധാരണ സ്ത്രീകളോടും കുട്ടികളോടും വൃദ്ധരോടും സാമൂഹ്യപ്രവർത്തകരോടും പോലീസ് നടത്തിയ പൊറുക്കാനാവാത്ത അതിക്രമങ്ങൾക്ക് ജനങ്ങൾ സാക്ഷികളായി. ആരെതിർത്താലും, എന്തു പ്രതിഷേധമുണ്ടായാലും എന്തിന് സാമൂഹ്യാഘാത പഠന റിപ്പോർട്ട് എതിരായാലും പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരം നിറഞ്ഞ നിലപാട് കേരളത്തിന്റെ ജനാധിപത്യമനസ്സാക്ഷിക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. നാവ് ഏതുരീതിയിൽ വളച്ചും പച്ച നുണകൾ അവതരിപ്പിക്കുന്ന സിപിഐഎം നേതാക്കളുടെ ജൽപ്പനങ്ങൾ സംസ്ഥാനത്തിന്റെ പ്രബുദ്ധതയെ ചോദ്യം ചെയ്യുന്ന നിലയിലായിരുന്നു. കുടിയൊഴിപ്പിക്ക ലിനു ഇരകളാകുന്ന സാധാരണജനങ്ങൾ മാത്രമല്ല, സംസ്ഥാനത്തെ ഏതാണ്ട് മുഴുവൻ ജനങ്ങളും ഏറ്റവും ന്യായമായ ഈ സമരത്തോടൊപ്പം അചഞ്ചലമായി നിലകൊണ്ടു.


രാജ്യസുരക്ഷാപ്രശ്‌നത്തിന്റെ പേരുപറഞ്ഞ് ഡിപിആർ ഉൾപ്പടെ പദ്ധതിയുമായി ബന്ധപ്പെട്ട സകലവിഷയങ്ങളും സർക്കാർ ജനങ്ങളിൽ നിന്നു മറച്ചുവച്ചു. സമരനേതൃത്വം വിവരാവകാശപ്രകാരം മനസ്സിലാക്കിയ പദ്ധതിയെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ജനങ്ങളിൽ പദ്ധതിക്കെതിരെ ഉറച്ച ബോദ്ധ്യം സൃഷ്ടിച്ചു. ജനവികാരത്തിന്് യാതൊരുവിലയും സർക്കാർ കൽപ്പിക്കുന്നില്ലെന്നുള്ള സമീപനംകൂടിയായപ്പോൾ കേരളത്തിലെ ജനാധിപത്യ മനസാക്ഷി സർക്കാരിനെതിരെ ശക്തമായി ഉണർന്നു. ഡിപിആർ പുറത്തുവന്നതോടെ പദ്ധതി, നാടിനെ തകർക്കുന്ന വിനാശപദ്ധതിയാണെന്ന വസ്തുത വ്യക്തമായി. പാരിസ്ഥിതികമായും സാമൂഹ്യമായും സാമ്പത്തികമായും ജനങ്ങളുടെ നിലനിൽപ്പിനെയും സുരക്ഷയെയും ബാധിക്കുമെന്ന തിരിച്ചറിവ് സമരത്തെ കൂടുതൽ ശക്തമാക്കി. പരിസ്ഥിതി-സാമൂഹ്യ-സാമ്പത്തിക വിദഗ്ധരുടെ ശക്തമായ എതിർപ്പ്, ബഹു കേരള ഹൈക്കോടതിയുടെ പദ്ധതിക്കെതിരായ ചോദ്യങ്ങൾക്കുമുമ്പിൽ ഉത്തരമില്ലാതെ വിയർക്കേണ്ടി വന്ന കെ റെയിൽ കമ്പനി, സാമൂഹ്യാഘാതപഠനത്തിന്റെ പേരിലുള്ള സർക്കാർ നടപടികൾ, ശാസ്ത്രീയമായ ഒരടിത്തറയുമില്ലാത്ത, തട്ടിക്കൂട്ട് രേഖയായ ഡിപിആർ, രേഖകളിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്നുള്ള വസ്തുത ഇവയെല്ലാം സർക്കാരിനെ തുറന്നുകാട്ടി. മേൽ പറഞ്ഞ കാര്യങ്ങളെല്ലാം കേരള സമുഹത്തിൽ സൃഷ്ടിച്ച ചോദ്യങ്ങളും പ്രതിഷേധവും നിലനിൽക്കേയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കടന്നുവന്നത്. കെ റെയിൽ ഇരകൾ മാത്രമല്ല, തൃക്കാക്കര മണ്ഡലത്തിലെ ഏതാണ്ട് മുഴുവൻ വോട്ടർമാരും സിൽവർലൈൻ പദ്ധതിക്കെതിരെയും പദ്ധതിയുടെ പേരിലുള്ള ധാർഷ്ട്യത്തിനെതിരെയും സർക്കാരിനോട് കണക്കുതീർക്കണമെന്ന് ചിന്തിച്ചു. നീതിയോടൊപ്പമുള്ള ജനങ്ങളുടെ ഈ നിലപാടാണ് ഇടതു സ്ഥാനാർത്ഥിയെ പരാജയത്തിന്റെ പിറകിൽ പ്രവർത്തിച്ച സുപ്രധാനമായ രാഷ്ട്രീയ ഘടകം.


ഇടതുപക്ഷം സമ്മാനിച്ച കോൺഗ്രസ്സ് വിജയം


സിപിഐ(എം) നയിക്കുന്ന ഇടതുമുന്നണി നടത്തിയ നിർലജ്ജമായ വലതുരാഷ്ട്രീയ പ്രചാരണം കോൺഗ്രസ്സിന്റെ അനായസമായ വിജയത്തിന് വഴിയൊരുക്കുകയാണ് ചെയ്തത്. കോൺഗ്രസ്സ് അനുവർത്തിച്ചിട്ടുള്ള സാമ്പത്തിക – രാഷ്ട്രീയ നയങ്ങളെ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട്, പ്രസ്തുത നയങ്ങൾ സൃഷ്ടിച്ച പതനത്തിലാണ്ട സാമൂഹ്യസാഹചര്യത്തെ അധികരിച്ച് സജീവമായ ചർച്ചകളും അവയ്‌ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ സന്ദേശവും ഉയർത്തുകയായിരുന്നു യഥാർത്ഥ ഇടതുപക്ഷ ധർമ്മം. അതു ചെയ്തില്ലെന്നു മാത്രമല്ല, ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം തെരഞ്ഞെടുപ്പിൽ നിന്ന് ചോർത്തിക്കളഞ്ഞുകൊണ്ട് സിപിഐ(എം), വികസനത്തെ തെരഞ്ഞെടുപ്പിന്റെ കേന്ദ്രവിഷയമാക്കിയപ്പോൾ കോൺഗ്രസ്സ് അത് സമർത്ഥമായി പ്രയോജനപ്പെടുത്തി. സിൽവർലൈൻ വിരുദ്ധ ജനകീയപ്രക്ഷോഭത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട്, യുഡിഎഫ് സമരപക്ഷത്തിന്റെ പ്രതിനിധികളായി മാറി. വ്യവസ്ഥാപിത ഇടതുപക്ഷം കൈയൊഴിഞ്ഞ സമരപതാക കോൺഗ്രസ്സിന്റെ കൈവശമെത്തുന്ന വൈപരീത്യം കേരളത്തിന് കാണേണ്ടിവന്നു. ഒരു കോർപ്പറേറ്റ് പദ്ധതിയുടെ അടിയുറച്ച നടത്തിപ്പുകാരും, അത് നടപ്പാക്കാൻ ജനങ്ങളെ അടിച്ചൊതുക്കുകയും ചെയ്യുന്ന ഒന്നായി സിപിഐ(എം) മാറിയപ്പോൾ, സ്വഭാവികമായും അതിനെ എതിർക്കുന്നവരെ ജനകീയസമരത്തിന്റെ വക്താക്കളായി കാണാൻ ജനങ്ങൾ പ്രേരിതരായി. പ്രതിപക്ഷ സ്ഥാനത്തിന്റെ സൗകര്യം ഫലപ്രദമായി കോൺഗ്രസ്സ് പ്രയോജനപ്പെടുത്തുകയും ചെയ്തു. പരിപൂർണ്ണമായും ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതിന്റെ ഉത്തരവാദികൾ സിപിഐ(എം)ഉം ഇടതുമുന്നണിയുമാണ്. ഇത് കോൺഗ്രസ്സ് രാഷ്ട്രീയത്തിനുള്ള അംഗീകാരം എന്നതിനുമുപ്പറം ഇടതുഭരണത്തിനെതിരായ വിധിയെഴുത്താണ്.


ജനാധിപത്യസമരമാണ് ഇടത് രാഷ്ട്രീയത്തിന്റെ പ്രാണൻ


ആഴമേറിയ പതനത്തെയാണ് ദേശീയരാഷ്ട്രീയരംഗം ഇന്ന് അഭിമുഖീകരിക്കുന്നത്. ഏതാനും കോർപ്പറേറ്റ് കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഭരണം ജനങ്ങളെ നിസ്സഹായതയുടെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തിയിരിക്കുന്നു. ജീവിത ദുരിതങ്ങൾ അതിന്റെ പാരമ്യതയിലാണെന്ന് തിരിച്ചറിയുന്ന ഭരണനേതൃത്വം, ജനങ്ങളുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത വൈകാരിക വിഷങ്ങൾ ഉയർത്തി അവരെ തമ്മിലടിപ്പിക്കാൻ ചെന്നായബുദ്ധിയോടെ പ്രവർത്തിക്കു കയാണ്. ജനാധിപത്യസമരത്തിന്റെ നെടുങ്കോട്ട കെട്ടി ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങളെ ചെറുക്കുക എന്ന അതീവപ്രധാനമായ രാഷ്ട്രീയ കടമ ഒരു നിമിഷത്തേക്കുപോലും വൈകാൻ പാടില്ല. എത്രശ്രമകരമെങ്കിലും അത് നിർവ്വഹിക്കപ്പെടേണ്ട ചരിത്രഘട്ടത്തിൽ എവിടെയാണ് വ്യവസ്ഥാപിത ഇടതുപക്ഷം? സിപിഐ, സിപിഐ(എം) പ്രസ്ഥാനങ്ങൾ പരിപൂർണ്ണമായും ജനാധിപത്യ സമരത്തിന്റെ രാഷ്ട്രീയം കൈവെടിഞ്ഞിരിക്കുന്നു. ദേശീയതലത്തിൽ പ്രക്ഷോഭത്തിന്റെ ഒരു ചെറുതരിയെങ്കിലും കൊളുത്താൻ ഒരു പരിശ്രമവും ഈ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അധികാരത്തിലിരുന്നുകൊണ്ട് കേരളത്തിൽ പിന്തുടരുന്ന നയങ്ങളാകട്ടെ ജനാധിപത്യസമരങ്ങളെ തീർത്തും ദുർബ്ബലപ്പെടുത്തുന്നു.


ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ കൊടിയുമേന്തിയുള്ള, സങ്കുചിതമായ പാർലിമെന്ററി താൽപ്പര്യം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒന്നല്ല ജനാധിപത്യസമരം. എല്ലാത്തരം ഭേദങ്ങൾക്കും അതീതമായി രാജ്യം മുഴുവൻ ജനങ്ങളെ സ്വന്തം സമരസമിതികളിൽ അണിനിരത്തിക്കൊണ്ടുള്ള ഒരു പ്രക്ഷോഭമാണ് ഇവിടെ ഉയിർകൊള്ളേണ്ടത്. പ്രാരംഭദശയിൽ അത് ദുർബ്ബലമായിരിക്കാം. എന്നാൽ പ്രക്ഷോഭം ഉയർത്തുന്ന ശരിയായ മുദ്രാവാക്യങ്ങളുടെ കരുത്തും അത് പ്രദർശിപ്പിക്കുന്ന ഉത്തുംഗമമായ ജനാധിപത്യമൂല്യങ്ങളുടെ സ്വാധീനവും പ്രക്ഷോഭത്തിന്റെ സത്യസന്ധതയും സമർപ്പണവും ക്രമേണ ജനങ്ങളെ ആകൃഷ്ടരാക്കും. അധികാരത്തിന്റെ ഇടുങ്ങിയ താൽപ്പര്യങ്ങളെ പുഛത്തോടെ തള്ളിക്കളുയുന്ന, ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ പ്രാണനെപ്പോലെ കരുതുന്ന ആ സമരത്തിൽ നാൾക്കു നാൾ ജനങ്ങൾ വന്നണയുകതന്നെ ചെയ്യും. അന്തിമവിജയം ജനങ്ങൾക്കുതന്നെയായിരിക്കും.
അധികാരത്തിന്റെ ഏത് മുഷ്‌കിനെയും പരാജയപ്പെടുത്താനാകുമെന്ന് ഐതിഹാസികമായ കർഷകസമരം തെളിയിച്ചു. ഇന്ന് ആത്മാഭിമാനപൂർവ്വം കേരളത്തിന്റെ മണ്ണിൽ ജനങ്ങൾ രചിക്കുന്ന സിൽവർലൈൻ വിരുദ്ധ സമരം ഇടതുപക്ഷരാഷ്ട്രീയത്തിന്റെ മഹത്തായ ഉള്ളടക്കം പേറുന്ന ഒന്നാണ്. ജനാധിപത്യസമരത്തിന്റെ പാത ഇതുതന്നെയാണെന്ന് തിരിച്ചറിയാനും ശക്തിപ്പെടുത്താനും ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇടതുപ്രസ്ഥാനങ്ങളുടെ അപചയം ദർശിച്ച്, മനം മടുത്ത് സമരരാഷ്ട്രീയത്തിന്റെ പാത കൈവെടിയരുതെന്ന് സത്യസന്ധരായ ഇടതുപക്ഷവിശ്വാസികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കോർപ്പറേറ്റ് നയങ്ങൾക്കെതിരായ ജനസമരത്തിന്റെ പാതയിലുറച്ചു നിൽക്കണമെന്ന ആവശ്യം സിപിഐ, സിപിഐ(എം) നേതൃത്വങ്ങളുടെ മുന്നിൽ ശക്തമായി മുന്നോട്ട്‌വയ്ക്കണമെന്ന് ഇടതുപക്ഷരാഷ്ട്രീയത്തെ സ്‌നേഹിക്കുന്ന ഏവരോടും അഭ്യർത്ഥിക്കുന്നു. മനുഷ്യോചിതമായ ജീവിതം സാധ്യമാക്കാൻ വിട്ടുവീഴ്ചയില്ലാത്ത ജനാധിപത്യപ്രക്ഷോഭത്തിന്റെ പതാകവാഹകരാകാൻ എല്ലാ മനുഷ്യസ്‌നേഹികളും മുന്നോട്ടുവരണം.

Share this post

scroll to top