കേരളത്തിലെ സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നതെന്ത്?

Share

രാജ്യമെങ്ങുമെന്നതുപോലെ കേരളത്തിലും സർക്കാർ സർവ്വീസും സർക്കാർ ജീവനക്കാരും മുമ്പെങ്ങുമില്ലാത്തവിധം ഗുരുതരമായ പ്രതിസന്ധികൾ നേരിടുകയാണ്. 1990കളിൽ ആരംഭംകുറിച്ച ആഗോളവൽക്കരണ നടപടികൾ ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. സർക്കാർ വകുപ്പുകളെയെല്ലാം മിഷനുകൾപോലുള്ള ആഗോളവൽക്കരണകാലത്തെ പുതിയ സംവിധാനങ്ങൾ വിഴുങ്ങിക്കഴിഞ്ഞു. ജീവനക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറയ്ക്കാൻ സർക്കാർ മത്സരബുദ്ധി കാണിക്കുകയാണ്. കരാർവൽക്കരണവും വ്യാപകമായിരിക്കുന്നു.

ഒരു ലക്ഷത്തിലധികംപേർ പുതിയ പെൻഷൻകാരായി, അഥവാ പെൻഷൻ ഇല്ലാത്തവരായി മാറ്റപ്പെട്ടുകഴിഞ്ഞു. പിന്നാലെ വരുന്നവർ ക്രമേണ ആ ഗണത്തിലേക്ക് നയിക്കപ്പെടും. സ്ഥിരസ്വഭാവത്തിൽ ശമ്പളം കിട്ടുമെന്ന് കരുതേണ്ടതില്ല എന്ന സന്ദേശം നൽകിക്കഴിഞ്ഞു. സർക്കാർ ജീവനക്കാർക്കെതിരെ ആക്രമണം ആരംഭിക്കുന്നതിനു മുൻപായി ഏതൊരു മന്ത്രിസഭയും ചെയ്യുന്നതുപോലെ ജീവനക്കാരെ നിത്യേന മുഖ്യമന്ത്രിയടക്കം പുലഭ്യം പറയുന്നു. ആസന്നമായിരിക്കുന്ന അപകടത്തിനെതിരെ ജീവനക്കാരെ അണിനിരത്തി വീറുറ്റ പ്രക്ഷോഭണം സംഘടിപ്പിക്കേണ്ട സന്ദർഭത്തിൽ സുസംഘടിതമെന്ന് പേരുകേട്ട കേരളത്തിലെ സർവ്വീസ് സംഘടനകൾ അസുഖകരമായ നിശബ്ദതയിലാണ്.


ഉമ്മൻ ചാണ്ടി സർക്കാർ 2013ൽ നടപ്പിലാക്കിയ പങ്കാളിത്തപെൻഷൻ പദ്ധതി, ഭരണമാറ്റത്തിനുശേഷം എൽഡിഎഫ് HBA (House building advance) നിർത്തലാക്കിയത്, ലീവ് സറണ്ടർ മരവിപ്പിക്കൽ, ക്ഷാമബത്തയുടെ നിഷേധം, ശമ്പളം പിടിച്ചെടുക്കൽ-വെട്ടിക്കുറയ്ക്കൽ, ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ കൈയൊഴിയാന്‍ ലക്ഷ്യമിട്ട MEDISEP, ഒരു ഉപരിവർഗ്ഗ ഉദ്യോഗവൃന്ദത്തെ സർവീസിൽ തിരുകിക്കയറ്റാൻ ലക്ഷ്യമിടുന്ന KAS, ഭരണപരിഷ്കാരത്തിന്റെ മറവിൽ നടക്കുന്ന വ്യാപക കരാർവൽക്കരണം, ഔട്ട്സോഴ്സിങ്, തസ്തിക വെട്ടിക്കുറയ്ക്കൽ, വകുപ്പുകളെ ചെറുതാക്കൽ തുടങ്ങി നിരവധിയായ പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടും അവയെ അഭിസംബോധന ചെയ്യാൻ കെല്പില്ലാത്തവരായി വ്യവസ്ഥാപിത സർവ്വീസ് സംഘടനകൾ മാറിയിരിക്കുന്നു എന്നത് വസ്തുത മാത്രം. ഏതാനും കാറ്റഗറി സംഘടനകളും പങ്കാളിത്തപെൻഷൻകാരും മാത്രമാണ് തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി സമര രംഗത്തുള്ളത്. ഇതു കൂടാതെ, സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിഷ്കാരങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള അവ്യക്തതയും ഒരു യോജിച്ച പ്രക്ഷോഭത്തിനിറങ്ങു ന്നതില്‍നിന്നും ജീവനക്കാരെ തടയുന്നു. വ്യവസ്ഥാപിത സംഘടനകള്‍ സമരരംഗത്തുനിന്നും പിന്‍വാങ്ങുമ്പോള്‍, അതിനൊത്ത് ജീവനക്കാർക്കെതിരെയുള്ള ആക്രമണം ശക്തിപ്പെടുമ്പോൾ, ജീവനക്കാര്‍ ഈ രാഷ്ട്രീയജ്ഞാനം ആർജ്ജിക്കേണ്ടത് അടിയന്തര ആവശ്യകതയാകുന്നു.


ആഗോളവൽക്കരണം സിവിൽ സർവ്വീസിനെ മെലിയിക്കുന്നു; ക്ഷേമ പ്രവർത്തനങ്ങൾ കൈയൊഴിയുന്നു


1997ൽ ഇ.കെ.നായനാർ മന്ത്രിസഭ നിയമിച്ച സംസ്ഥാനത്തെ മൂന്നാം ഭരണപരിഷ്ക്കാര കമ്മീഷന്റെ റിപ്പോർട്ട് അടിമുടി ആഗോളവൽക്കരണ അജണ്ടക്ക് അനുസൃതമായിരുന്നു. കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികക്ഷേമ രംഗങ്ങളിലുണ്ടായ നേട്ടങ്ങൾ സർക്കാരിന് വലിയബാധ്യത ഉണ്ടാക്കുന്നതായും അതിനാൽ അടിയന്തര പരിഷ്ക്കാരങ്ങൾ ആവശ്യമാണ് എന്നും പ്രസ്താവിക്കുന്നു. കൂടാതെ സേവന ദാതാവ് എന്നനിലയിൽനിന്നും, സൗകര്യങ്ങൾ ഒരുക്കുക, നിയന്ത്രിക്കുക തുടങ്ങിയ ചുമതലകളിലേക്ക് മാറണം എന്നും അഭിപ്രായപ്പെടുന്നു. സർക്കാർ സർവ്വീസിന്റെ വലുപ്പം കുറക്കുന്നതിനെപ്പറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആരോഗ്യ ഇൻഷ്വറൻസ് എന്ന ആശയവും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സർക്കാർ ജനക്ഷേമപ്രവർത്തനങ്ങളിൽനിന്നും പിൻമാറി ഉത്തരവാദിത്തം ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്ന അധികാര വികേന്ദ്രീകരണ പദ്ധതികൾ ശക്തിപ്പെടുത്തണം എന്ന കാഴ്ചപ്പാട് മൂന്നാം ഭരണപരിഷ്ക്കാരകമ്മീഷൻ ശക്തമായി ഉന്നയിച്ചു.

തുടർന്നുവന്ന എ.കെ.ആന്റണി ഗവൺമെന്റ് 2002 ജനുവരി 16ന്റെ കറുത്ത ഉത്തരവിലൂടെ മൂന്നാം ഭരണപരിഷ്ക്കാരകമ്മീഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിവച്ചു. അധികജീവനക്കാരെ കണ്ടെത്തുവാൻ കമ്മിറ്റി, ജീവനക്കാരെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കുക, നിയമനങ്ങൾക്ക് നിയന്ത്രണം, ലീവ് സറണ്ടർ-ഭവന വായ്പ-ക്ഷാമബത്ത തുടങ്ങിയ ആനുകൂല്യങ്ങൾ നിഷേധിക്കുക, പങ്കാളിത്ത പെൻഷൻ, സ്കൂളുകൾ ലാഭകരമല്ലെന്ന് ആരോപിച്ച് നിർത്തലാക്കുക തുടങ്ങി ധാരാളം നിർദ്ദേശങ്ങൾ ഈ ഉത്തരവിൽ ഉൾക്കൊള്ളുന്നു. ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്കിൽനിന്നും ഭരണനവീകരണ പരിപാടിക്കും സാമ്പത്തിക പരിഷ്ക്കരണത്തിനും ലോൺ വാങ്ങിയ ആന്റണി ഗവൺമെന്റ് ലോൺ ലഭിക്കുന്നതിനുവേണ്ടി എഡിബി നിർദ്ദേശങ്ങൾ പ്രകാരം സർക്കാർ സർവ്വീസിനെ പുനക്രമീകരിച്ചു. ജീവനക്കാരുടെ ഐതിഹാസികമായ പ്രക്ഷോഭണങ്ങൾ അന്ന് ഉയർന്നെങ്കിലും ക്രമേണ ഈ പരിഷ്ക്കരണങ്ങൾ ഇടതു വലതു ഭേദമെന്യേ തുടർന്നുവന്ന സർക്കാരുകളെല്ലാം ഒന്നൊന്നായി നടപ്പിലാക്കി. ഇന്നത് ഏറ്റവും തീവ്രമായ നിലയിൽ എത്തിയിരിക്കുന്നു.
പുതിയ പല പരിഷ്ക്കരണങ്ങൾവഴിയും കരാർവത്ക്കരണം, ഔട്ട് സോഴ്സിങ്ങ് തുടങ്ങിയവവഴിയും സര്‍ക്കാര്‍ വകുപ്പുകളില്‍ വലിയ തൊഴിൽ നഷ്ടം ഉണ്ടായിരിക്കുന്നു. എല്ലാ വകുപ്പുകളിലും ഡ്രൈവർ, ടൈപ്പിസ്റ്റ്, ഓഫിസ് അറ്റൻഡന്റ് എന്നീ തസ്തികകൾ തിരോധാന ഭീഷണിയിലാണ്. മറുവശത്ത് ഔട്ട് സോഴ്സിങ്ങ് സ്ഥാപനങ്ങളെന്ന നിലയിൽ സ്വകാര്യമേഖലയിൽ അക്ഷയ, കോമൺ സർവ്വീസ് സെന്ററുകൾ തുടങ്ങിയവ വ്യാപകമാകുന്നു. സർക്കാർ ഉദ്ദ്യോഗസ്ഥർ ചെയ്യേണ്ട ജോലികൾ യാതൊരു തൊഴിലവകാശങ്ങളുമില്ലാതെ ആയിരങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ആഗോളവത്ക്കരണ നയങ്ങൾക്കനുസൃതമായി വകുപ്പുകളെ പുന:സംഘടിപ്പിക്കുന്നതി നായി ആഗോള സാമ്പത്തികശക്തികൾ നൽകുന്ന വായ്പകളുടെ വിനിയോഗത്തിന് സമാന്തര സംവിധാനങ്ങൾ എല്ലാ വകുപ്പുകളിലും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഉണ്ടാക്കിയിരിക്കുന്ന നിരവധി മിഷനുകളിലും സൊസൈറ്റികളിലും പൂർണ്ണമായും കരാർ നിയമനങ്ങളാണുള്ളത്. നിലവിലുള്ള ഡിപ്പാർട്ടുമെന്റുകളെ നോക്കുകുത്തികളാക്കി പ്രവർത്തിക്കുന്ന ഈ സമാന്തര സംവിധാനങ്ങൾ ഡിപ്പാർട്ടുമെന്റുകളെ ഇല്ലാതാക്കുന്നതിനൊ ചെറുതാക്കുന്നതിനൊ ഉള്ള ഉപകരണങ്ങളാണ്.


പങ്കാളിത്ത പെൻഷൻ(NPS), പെൻഷന്റെ അന്തകവിത്ത്


കേന്ദ്രസർക്കാർ ആവിഷ്കരിച്ച പങ്കാളിത്ത പെൻഷൻ സ്കീം 2013ഏപ്രിൽ മുതൽ ഉമ്മൻ ചാണ്ടി സർക്കാർ കേരളത്തിലും പ്രാബല്യത്തിൽകൊണ്ടുവന്നു. 2013 ഏപ്രില്‍ 1മുതൽ സർവ്വീസിൽ കയറുന്ന ജീവനക്കാരന് അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി എന്ന് സാമാന്യമായി നിർവ്വചിക്കപ്പെട്ട പെൻഷൻ അഥവാ സ്റ്റാട്ട്യൂട്ടറി പെൻഷൻ നൽകില്ല. മാറ്റി വക്കപ്പെട്ട വേതനം എന്ന പെൻഷൻ നിഷേധിച്ചു കൊണ്ട് ഓഹരിക്കമ്പോളത്തിന്റെ അനിശ്ചിതത്വത്തിലേക്ക് ജീവനക്കാരെ തള്ളിവിട്ടു. ഗ്രാറ്റുവിറ്റി ലഭിക്കില്ല. പെൻഷനെന്നത് ഭരണഘടനാ ദത്തവും ഒരാളുടെ അദ്ധ്വാന കാലദൈർഘ്യത്തെ ആധാരമാക്കിയ കണക്കുകൾ പ്രകാരം നിർണ്ണയിച്ചു നൽകുന്നതുമായ പ്രതിഫലമാണ്. ആ നിർബന്ധങ്ങൾ ഇല്ലാതാവുകയും ചുമതലകളുടെ സ്ഥാനത്ത് ഭരണകൂടത്തിന്റെ മുതലാളിത്ത പരമായ ലാഭ-നഷ്ട താൽപ്പര്യങ്ങൾ, മുൻപന്തിയിലേക്ക് വരികയുംചെയ്ത 80കളുടെ തുടക്കത്തിൽ ഐഎംഎഫ്, ലോകബാങ്കുപോലുള്ള സാമ്രാജ്യത്വ ഏജൻസികൾ പെൻഷൻഫണ്ടുകളിൽ കണ്ണുവച്ചു തുടങ്ങി. തുടരെവന്ന ആഗോള സാമ്പത്തിക മാന്ദ്യങ്ങളാണ് അതിനവരെ പ്രേരിപ്പിച്ചത്. മൂലധനത്തിന്റെ പിടിയിൽപ്പെടാതെ ജനങ്ങളിലെത്തുന്ന പണം അവരുടെ ഭൗതികജീവിത നിലവാരം സംരക്ഷിക്കാൻ ഉതകുമെങ്കിലും മൂലധനശക്തികൾക്ക് ലാഭകരമല്ലാത്തതിനാൽ സൃഷ്ടിപരമല്ലെന്ന ആശയം അവർ പ്രചരിപ്പിച്ചു.
2002ൽ ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്കിന്റെ നേതൃത്വത്തിൽകൊണ്ടുവന്ന ഭരണനവീകരണ പരിപാടിക്കും സാമ്പത്തിക പരിഷ്ക്കരണത്തിനുംവേണ്ടിയുള്ള പദ്ധതിയുടെ(എംജിപി ഫിസ്കൽ റിഫോംസ് പ്രോജക്ട്) നിർദ്ദേശപ്രകാരം പ്രതിവർഷ ബജറ്റിൽ ജീവനക്കാർക്ക് വേണ്ടിയുള്ള ചിലവിന്റെ ഘടകം കുറച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് എൻപിഎസ് നടപ്പിലാക്കാനുള്ള ശ്രമങ്ങൾ കേരളത്തിൽ തുടങ്ങുന്നത്. രാജ്യത്ത് എൻപിഎസ് നടപ്പാക്കുന്ന 2004 ഏപ്രലിനുമുമ്പുതന്നെ പങ്കാളിത്തപെൻഷൻ നടപ്പാക്കാനുള്ള നിർദ്ദേശം അടങ്ങുന്ന ഉത്തരവ് കേരളത്തിൽ ഇറങ്ങിയിരുന്നു. 2002 ജനുവരി 16ലെ ആന്റണി സർക്കാരിന്റെ കുപ്രസിദ്ധമായ കറുത്ത ഉത്തരവായിരുന്നു അത്. ആ ഉത്തരവിലെ 16-ാം നിർദ്ദേശം പങ്കാളിത്ത പെൻഷൻ നടപ്പാക്കണം എന്നതായിരുന്നു. വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ജീവനക്കാർ 32ദിവസത്തെ പണിമുടക്ക് നടത്തിയതിനെത്തുടർന്ന് ആ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് കാലതാമസം വന്നുവെങ്കിലും 2013 ഏപ്രിലിൽ കേരളത്തിലും അതു നടപ്പാക്കി. ജീവനക്കാരുടെ പ്രതിഷേധം തണുപ്പിക്കാൻ 6 ദിവസത്തെ സമരം നടത്തി, പ്രതിപക്ഷ സംഘടനകൾ ഇലക്ഷനിൽ കാണാം എന്നവെല്ലുവിളിയോടെ ബഹിർഗമിച്ചു.
2016ലെ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കു൦ എന്നു വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ 5 വർഷത്തെ ഭരണ൦ കഴിഞ്ഞ് തുടർഭരണം വന്നിട്ടും പുനഃപരിശോധന പൂർത്തിയാക്കി നടപടി എടുത്തിട്ടില്ല. പങ്കാളിത്ത പെൻഷനിൽനിന്ന് പുറത്തുവരുന്നതിന് തടസ്സമില്ല, സർക്കാരിന് നയപരമായ തീരുമാനം സ്വീകരിക്കാ൦, ഡിസിആർജി നൽകുക, സർക്കാർ വിഹിതം 14% ആയി ഉയർത്തുക, 10വർഷത്തിൽതാഴെ സർവ്വീസ് ഉള്ളവർക്ക് എക്സ്-ഗ്രേഷ്യ പെൻഷന്റെ മിനിമം തുക നൽകുക തുടങ്ങിയ പല നിർദ്ദേശങ്ങളും പുനഃപരിശോധനക്കായി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഉള്ളതായി ധനമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഇടതെന്നവകാശപ്പെടുന്ന ഒരു സർക്കാരാണ് ഈ നികൃഷ്ട നീക്കങ്ങൾ നടത്തുന്നത്. രാജസ്ഥാനിലെയും ചത്തീസ്ഗഡിലെയും സർക്കാരുകൾ എൻപിഎസ് പിൻവലിക്കാൻ തീരുമാനമെടുത്തത് പ്രതീക്ഷ നൽകുന്നു. ഈ പദ്ധതിയിൽപെട്ടുപോയ ജീവനക്കാർ നടത്തുന്ന സ്വതന്ത്രമായ സമരപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകേണ്ടതുണ്ട്.


വെട്ടികുറയ്ക്കപ്പെടുന്ന ശമ്പളവും ഇല്ലാതാകുന്ന ആനുകൂല്യങ്ങളും


ശമ്പളവും-പെൻഷനും പൈസക്കണക്കിൽ വർദ്ധിക്കുന്നുണ്ടെങ്കിലും യഥാർത്ഥവേതനവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ശമ്പളപരിഷ്കരണങ്ങളിലൂടെ വെട്ടിക്കുറയ്ക്കപ്പെടുകയാണ്. റവന്യുവരുമാനത്തിന്റെ 90 ശതമാനവും ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്നു എന്ന ശുദ്ധകളവ് ആവർത്തിക്കുകയാണ് മന്ത്രിമാർ. യഥാർത്ഥത്തിൽ വരുമാനത്തിന്റെ മുഖ്യപങ്കും ലക്കും ലഗാനുമില്ലാതെ വാങ്ങിക്കൂട്ടുന്ന വായ്പയുടെ പലിശയ്ക്കാണ് ചെലവഴിക്കുന്നത്. പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമൊക്കെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും കവർന്നെടുക്കാനുള്ള അവസരമാക്കി ഉപയോഗിക്കുന്നു. അതിനു ന്യായികരണം എന്നനിലയിൽ ജനങ്ങളുടെ ഇടയിൽ ജീവനക്കാരെപ്പറ്റി അവമതിപ്പുണ്ടാക്കുന്നു.

ജീവനക്കാർ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു നിശ്ചിത സമയത്തെ വിപണി വിലപ്പെരുപ്പം, പണപ്പെരുപ്പം, നാണയമൂല്യശോഷണം തുടങ്ങിയ സൂചകങ്ങളെ ആധാരമാക്കി ശാസ്ത്രീയമായി നിർണ്ണയിക്കുന്നതാണ് ക്ഷാമബത്ത. അതതുസമയത്ത് ക്ഷാമബത്ത പ്രഖ്യാപിക്കാ തെയും, അഥവാ കേന്ദ്രം പ്രഖ്യാപിച്ചാൽത്തന്നെ സംസ്ഥാനത്ത് അനുവദിക്കാതെയുമിരിക്കുന്നത് പതിവായിരിക്കുന്നു. ക്ഷാമബത്ത മാസങ്ങള്‍ക്കോ വർഷങ്ങൾക്കോശേഷം നൽകുന്നതു വഴി ജീവനക്കാർ സാമ്പത്തികമായി എല്ലായ്പ്പോഴും ക്ഷാമത്തിലായിരിക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ഏറ്റവും വലിയ തട്ടിപ്പു നടക്കുന്നത് ശമ്പളപരിഷ്കരണത്തിലാണ്. 2019ൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 27000രൂപയെങ്കിലും ആകേണ്ടിയിരുന്നത് രണ്ടുകൊല്ലങ്ങൾക്ക് ശേഷംനടന്ന പരിഷ്കരണത്തില്‍ 23000മായി കുറഞ്ഞു. അതിനകം രാജ്യത്തിന്റെ ആഭ്യന്തര പൊതുവിപണിവില സൂചികകൾ എത്രയോതവണ ഉയർന്നത് ശമ്പള പരിഷ്കരണ കമ്മീഷൻ തന്ത്രപൂർവ്വം മറച്ചു വച്ചു. പണത്തിന്റെ കണക്കിൽ വർദ്ധനവുകാണിച്ച് യഥാർത്ഥ വേതനം വെട്ടിക്കുറയ്ക്കുന്ന ഇത്തരം വിദ്യയാണ് ഏതാനും പരിഷ്കരണങ്ങളിലായി ശമ്പളക്കമ്മീഷനുകൾ പയറ്റുന്നത്.
കോവിഡിന്റെ പേരുപറഞ്ഞ് രണ്ടുവർഷമായി ക്ഷാമബത്തയും ലീവ്സറണ്ടറും തടഞ്ഞുവച്ചിരിക്കുകയാണ്. 1960ലെ മെഡിക്കൽ അറ്റന്‍ഡൻസ് റൂൾസ് പ്രകാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും പെൻഷൻകാരുടെയും ആരോഗ്യപരിരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം MEDISEP എന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ തന്ത്രപൂർവ്വം കൈയൊഴിയാൻ ശ്രമിക്കുകയാണ്. ഭാവിയിലുണ്ടാകാനിടയുള്ള രോഗത്തെച്ചൊല്ലി ഭീതിയുണ്ടാക്കി, ആ ദുരവസ്ഥ വിപണിവൽക്കരിച്ചാണ് പൊതു-സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്നത്. സർക്കാരിന്റെ മെഡിക്കൽ റീ-ഇംപേഴ്സ്മെന്റ് കിട്ടാക്കനിയായതുകൊണ്ട് സംസ്ഥാനത്തെ പകുതിയിലേറെ ജീവനക്കാരും മെച്ചപ്പെട്ട ചികിത്സ പ്രതീക്ഷിച്ച് അത്തരം ഏതെങ്കിലുമൊരു കമ്പനിയുടെ പോളിസിക്കാരായിട്ടുണ്ട്.
ചികിത്സാനുകൂല്യങ്ങൾ പരിഷ്കരിച്ച് മെഡിക്കൽ റീ-ഇംപേഴ്സ്മെന്റ് സർവ്വീസ് ഫ്രണ്ട് ലിയാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പകരം സർക്കാർ മേൽവിലാസത്തിലെ ഒരു ആരോഗ്യ പോളിസിയുടെ പേരില്‍ പ്രതിമാസം 500രൂപ ജീവനക്കാരനില്‍നിന്നും പോക്കറ്റടിച്ച് അതിൽനിന്ന് 400രൂപ കമ്പനിക്കും ബാക്കി സ്വന്തം കമ്മീഷനുമാക്കുന്ന സർക്കാരിനെ എന്തു പേരിട്ടു വിളിക്കും? പെൻഷൻപറ്റി പോയവരെപ്പോലും ഈ തട്ടിപ്പിൽ നിന്നൊഴിവാക്കിയിട്ടില്ല. ജീവനക്കാർക്ക് ഹെൽത്ത് പോളിസിയെടുക്കാൻ ഒരു കമ്മീഷൻ ഏജന്റാകുന്ന സർക്കാരല്ല ഇവിടെ വേണ്ടത്.


കുത്തകമുതലാളിമാരുടെ സേവകരെന്ന നിലയിൽ ഭരണസംവിധാനത്തെ മാറ്റിയെടുക്കുന്നു


രാജ്യത്തിന്റെ സമ്പത്തൊന്നാകെ കൊള്ളയടിക്കാൻ കുത്തക മുതലാളിമാർക്ക് അവസരം നൽകുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തങ്ങളുടെ കോർപ്പറേറ്റ് വികസന പദ്ധതികളെ നാടിന്റെ സ്വപ്നപദ്ധതികളായി അവതരിപ്പിക്കുന്നു. ജനാധിപത്യത്തെയും ക്ഷേമരാഷ്ട്രസങ്കൽപ്പത്തെയും മുൻനിർത്തി ജനജീവിതത്തിന്റെ ആവശ്യകതകൾ നിറവേറ്റാൻ സിവിൽ സർവ്വീസ് മേഖലയെ വിനിയോഗിച്ചിരുന്ന ഗവൺമെന്റുകൾ 90കളിൽ തുടങ്ങിയ ആഗോളീകരണനയങ്ങളെ പിൻപറ്റി ആ ഉത്തരവാദിത്തങ്ങളിൽനിന്ന് ബഹുദൂരം പിന്നോട്ടു പോയിരിക്കുന്നു. സർക്കാരിന്റെ പ്രഥമ പരിഗണനയിൽ ജനങ്ങൾക്കുപകരം മൂലധനം സ്ഥാനം നേടിയിരിക്കുന്നു. മൂലധനാഭിമുഖ്യം കൂടുംതോറും ജനങ്ങൾ കൂടുതൽ കൊള്ളയടിക്കപ്പെടുകയാണ്. സിവിൽ സർവ്വീസിനെ ജനദ്രോഹത്തിനായി ഫലപ്രദമായി ഉപയോഗിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നാം കാണുന്നത്. ഒരുവശത്ത് ജനങ്ങൾക്കവകാശപ്പെട്ട സേവനങ്ങൾ ചിലവേറിയതാക്കി മാറ്റുന്നു. മറുവശത്ത് GST, പെട്രോളിയം തീരുവ പോലുള്ള നികുതിക്കൊള്ളകളിലൂടെ സ്വരൂപിക്കുന്ന പണം വികസനമെന്നപേരിൽ നടത്തുന്ന വിനാശ പദ്ധതികൾക്കായി വമ്പൻ മുതലാളിമാരിലേക്ക് ഒഴുക്കുന്നു. കെ റെയിൽ സിൽവർലൈൻ പദ്ധതി, വിഴിഞ്ഞം പദ്ധതി, ചുങ്കപ്പാതകൾ, കിഫ്ബി പദ്ധതികൾ തുടങ്ങിയ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇതു മൂലമുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം ആഭ്യന്തര-വിദേശ മൂലധനശക്തികളിൽനിന്നും കടമെടുത്താണ് മറികടക്കുന്നത്. 90കളുടെ തുടക്കം മുതൽ എഡിബി, ലോകബാങ്ക്, ബ്രിട്ടീഷ് സ്റ്റോക്ക് മാർക്കറ്റ് തുടങ്ങിയവയിൽ നിന്ന് കടമെടുത്ത് നടത്തിയ വികസന പദ്ധതികൾമൂലം സംസ്ഥാനം ഭയാനകമായ കടക്കെണിയിലകപ്പെട്ടിരിക്കുന്നു. തിരിച്ചടവിന്റെ പലിശയുടെ വിഹിതം വര്‍ഷം തോറും വർദ്ധിച്ചു വരുന്നു. കേരള ജനത തങ്ങളുടെ കുഞ്ഞു മക്കളടക്കം പ്രതിശീർഷം ഒരു ലക്ഷം രൂപ കടക്കാരാണിപ്പോൾ. കടമെടുക്കുന്നതിന്റെ ഭവിഷ്യത്തെന്നോണം വിദേശ സാമ്പത്തിക ഏജൻസികൾ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾക്കനുസരിച്ച് ഭരണം നടത്തേണ്ടുന്ന ഗതികേടിലേക്ക് സംസ്ഥാനം നിപതിച്ചിരിക്കുന്നു. ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്കിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ഭരണ നവീകരണ പരിപാടിയും സാമ്പത്തിക പരിഷ്ക്കരണവും (എംജിപി ആന്റ്ഫിസ്കൽ റിഫോംസ് പ്രോജക്ട്) നടപ്പാക്കുന്നതിന്റെ ഭാഗമായി 2002ൽ എ.കെ.ആന്റണി സർക്കാർ ഇറക്കിയ കറുത്ത ഉത്തരവ് ഈ പൊളിച്ചെഴുത്തിന്റെ ഭാഗമായിരുന്നു. താല്ക്കാലികമായി പിന്‍വലിക്കപ്പെട്ട ആ ഉത്തരവിലെ നിർദ്ദേശങ്ങൾ ഓരോന്നായി നടപ്പാക്കുന്ന റോളാണ് ഇന്ന് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സർക്കാർ വഹിക്കുന്നത്.


പുകൾപെറ്റ കേരള മോഡൽ തകർക്കപ്പെടുന്നു


ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹ്യ സുരക്ഷാ-സാമ്പത്തിക ഭദ്രത-ഭക്ഷ്യ വിതരണ സൂചികകളില്‍ കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് തുലോം ഉയർത്തി നിർത്തുന്ന കേരള മോഡലിൽ സർവ്വീസ് മേഖലയ്ക്കുള്ള പങ്ക് നിസ്തുലമാണ്. അതിനെ തകർത്താൽ കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി ചേർത്തു കെട്ടാനാവും. മൂലധനശക്തികളുടെ താൽപ്പര്യം അതാണുതാനും. അതിന് ഒരു ഉടച്ചുവാർക്കൽ ആവശ്യമാണ്. നായനാർ സർക്കാർ കൊണ്ടുവന്ന ജനകീയാസൂത്രണം, എ.കെ.ആന്റണി വക ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്കിന്റെ നേതൃത്വത്തിൽകൊണ്ടുവന്ന ഭരണനവീകരണ പരിപാടിയും സാമ്പത്തിക പരിഷ്ക്കരണവും(എംജിപി ആന്റ്ഫിസ്കൽ റിഫോംസ് പ്രോജക്ട്), സുസ്ഥിര നഗരവികസനം, ഡിപിഇപി, എൻആർഎച്ച്എം (ഇപ്പോൾ ‘ആരോഗ്യ കേരളം’ എന്നറിയപ്പെടുന്ന എൻഎച്ച്എം), മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ, ഒടുവിലായി വന്നിട്ടുള്ള കിഫ്ബി, ലൈഫ് മിഷൻ, റീബിൽഡ് കേരള, കെആർഡിസിഎൽ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗ്ലോബലൈസേഷൻ പരിഷ്കാരങ്ങൾ മുഖേന മൂലധനശക്തികൾക്ക് കേരളത്തിന്റെ സിവിൽ സർവ്വീസ് രംഗത്ത് കടന്നുകയറി അധീശത്വം സ്ഥാപിക്കാൻ കഴിഞ്ഞിരിക്കുന്നു.

പുതിയ പരിഷ്കാരങ്ങളുടെ ഫലമായി വൻതോതിൽ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ സർക്കാർ ആവേശത്തോടെ രംഗത്തിറങ്ങിയിരിക്കുകയാണ്. മൂലധനശക്തികളുടെ വീക്ഷണം പേറുന്ന ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ മത്സരബുദ്ധിയോടെ പ്രവർത്തിക്കുകയാണ്. പ്രധാനമായും താഴ്ന്ന വിഭാഗം തസ്തികകളെയാണ് അവർ ലക്ഷ്യം വെക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ തൊഴിലില്ലായ്മയെ യുവാക്കൾ നേരിടുമ്പോൾ സർക്കാർ ജോലിയും കൂടെ അപ്രാപ്യമാവുകയാണ്. സ്ഥിരജോലികൾ ഇല്ലാതാക്കി നിശ്ചിത കാല കരാർതൊഴിൽ എന്ന ആഗോളവൽക്കരണ അജണ്ട സർക്കാർതന്നെ നടപ്പിലാക്കിക്കൊണ്ട് സ്വകാര്യ മുതലാളിമാർക്ക് മാതൃക കാട്ടുകയാണ്. അധ്വാനശക്തിയെ മുതലാളിമാർക്ക് അടിയറ വക്കുന്ന ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ഈ സർക്കാരിന്റെ മുഖമുദ്രാവാക്യമായി പ്രഖ്യാപിച്ചു കൊണ്ടാണ് ഇടതു ജനാധിപത്യ മുന്നണി ഭരിക്കുന്നത്.


സർവ്വീസ് സംഘടനകളുടെ നിലപാട്


ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രമുഖ സർവ്വീസ് സംഘടനകളെല്ലാം സർവ്വീസ് മേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവത്ക്കരണ നയങ്ങളുടെ വക്താക്കളാണ്. അവർക്കുള്ള നയപരമായ ഐക്യം 2002 ലെ സംയുക്തസമരത്തെ ഒറ്റുകൊടുത്തതിലൂടെ തെളിയിച്ചതാണ്. 2002ലെ കറുത്തഉത്തരവിനെതിരെ ജീവനക്കാരുടെ സ്വാഭാവിക പ്രതികരണമെന്നനിലയിൽ 32 ദിവസം നിണ്ടുനിന്ന സമരത്തെ ഈ സംഘടനകളുടെ വഞ്ചനാപരമായ നിലപാടിലൂടെ പരാജയപ്പെടുത്തിയതിനുശേഷം ജീവനക്കാർ ഐക്യത്തോടെ ഒരു വിഷയത്തിലും സമര രംഗത്തുവരാതിരിക്കാൻ ഈ സർവ്വീസ് സംഘടനകൾ പ്രത്യേകം ശ്രദ്ധവച്ചിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ യജമാനൻമാർക്ക് ഇലക്ഷനുകളിൽ ജീവനക്കാരുടെ വോട്ടുറപ്പാക്കുക എന്നതിനൊപ്പം ജീവനക്കാർക്കും സമൂഹത്തിനും എതിരെ ഗവൺമെന്റ്കൊണ്ടുവരുന്ന നയങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പാക്കാനും വേണ്ടിയാണ് ഈ സംഘടനകൾ പ്രവർത്തിക്കുന്നത്. ഗവൺമെന്റിന്റെ പ്രതിലോമകരമായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ജീവനക്കാരെ സാമൂഹികവിരുദ്ധരെന്ന് മുദ്രകുത്തി വളഞ്ഞിട്ടാക്രമിക്കുന്നതിനു നേതൃത്വം നൽകുന്നത് അതതു കാലത്തെ ഭരണാനുകൂല സംഘടനകളാണ്. സർക്കാർ സർവ്വീസിനെ തകർക്കുന്ന മേൽപ്പറഞ്ഞ നയങ്ങൾ നടപ്പാക്കരുത് എന്ന നിലപാട് ഈ സംഘടനകൾക്കില്ല. നടപ്പാക്കുന്നത് എങ്ങനെ എന്ന വിഷയത്തിൽ മാത്രമെ അവർക്ക് അഭിപ്രായവ്യത്യാസമുള്ളു. ജീവനക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുകയെന്ന പഴയനയം മാറ്റി സ്ഥലംമാറ്റംപോലുള്ള കാര്യങ്ങളിൽ ഇടപെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തുക, വലിയ സംഖ്യകൾ പിരിവെടുക്കുക, വലിയ ആർഭാടത്തോടെ വാർഷിക സമ്മേളനങ്ങൾ നടത്തുക തുടങ്ങിയവ മാത്രമാണ് ഇന്ന് അവരുടെ പ്രവർത്തനം. യഥാർത്ഥത്തിൽ ഇവർ വർഗ്ഗ വഞ്ചകരാണ് എന്നത് ബഹുഭൂരിപക്ഷം ജീവനക്കാരും തിരിച്ചറിഞ്ഞുകഴിഞ്ഞു.
സുവ്യക്തമായ തൊഴിലാളിവർഗ്ഗ കാഴ്ചപ്പാടില്ലാത്ത ഇത്തരം സംഘടനകൾക്കും അതിന്റെ നേതാക്കന്മാർക്കും ആസൂത്രിതവും വികസന മുഖംമൂടിയണിഞ്ഞതുമായ ഫാസിസ്റ്റ്-മുതലാളിത്ത നയങ്ങളെ തിരിച്ചറിഞ്ഞ് ജീവനക്കാരെ പോരാട്ട രംഗത്തിറക്കാനാവില്ല. സമരരംഗം വിട്ടൊഴിയുന്ന വ്യവസ്ഥാപിത സർവീസ് സംഘടനകൾ തങ്ങളുടെ ഭാവി ചവറ്റുകുട്ടയിലായിരിക്കുമെന്ന സത്യം തിരിച്ചറിഞ്ഞ് നിലപാട് തിരുത്തുമെന്ന് കരുതാനുമാവില്ല. അതിനാൽ, എല്ലാം തകർന്നടിയുന്നതുവരെ കാത്തുനിൽക്കാതെ വന്നുകൊണ്ടിരിക്കുന്ന അപകടത്തെ തിരിച്ചറിഞ്ഞ് യഥാസമയം സ്വയരക്ഷാർത്ഥം ചെറുത്തുനിൽപ്പിന് തയ്യാറെടുക്കാനായി കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി ജീവനക്കാർ യോജിച്ചണിനിരക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കേരളത്തിലെ സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് കെഎസ്‌ആർടിസി ജീവനക്കാരുടെ ഇന്നത്തെ അവസ്ഥയാണ്.

Share this post

scroll to top