മോദിയുടെ പാതയിൽ പിണറായി സർക്കാരും വിപൽക്കരമായ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നു

Share

പൊതുവിദ്യാഭ്യാസത്തിന്റെ അടിസ്ഥാനങ്ങളെ പിഴുതെറിയുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം 2020 (എൻഇപി 2020). സർവ്വകലാശാല വിദ്യാഭ്യാസത്തെയും അത് അടിമുടി പൊളിച്ചെഴുതുന്നു. സ്ഥിരം അധ്യാപകരെ മിക്കവാറും ഇല്ലായ്മ ചെയ്യുന്ന നയം എഴുത്തും വായനയും ഉൾപ്പടെയുള്ള പ്രാഥമികവിദ്യാഭ്യാസം അട്ടിമറിക്കാനുള്ള നീക്കത്തിലാണ്. ബിരുദ-ബിരുദാനന്തര വിദ്യാഭ്യാസത്തിന്റെ അക്കാദമിക അന്തസത്തയിൽ മാറ്റം വരുത്തി അവയെ തൊഴിൽ പഠനമാക്കി മാറ്റുന്നു. കല്പിത-സ്വകാര്യ-സ്വാശ്രയ സർവ്വകലാശാലകൾ ആരംഭിച്ച് രാജ്യത്തെ സർവകലാശാലകളെ വാണിജ്യരംഗത്തേക്ക് തിരിച്ചുവിടുന്നു.

അക്ഷര പഠനത്തെ നിരാകരിച്ച ഡിപിഇപി മോഡൽ ബോധനരീതികൾ സ്ഥാപിച്ച് അവ വ്യാപിപ്പിക്കാനുള്ള പരിഷ്കാരങ്ങള്‍ രാജ്യമെമ്പാടും തകൃതിയിൽ നടന്നുകൊണ്ടിരിക്കുമ്പോൾ സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്റെ നിലപാട് എന്താണ്? ഔദ്യോഗികമായി, വളരെ തന്ത്രപൂർവ്വം എൻഇപിക്കെതിരാണ് സർക്കാർ എന്ന തോന്നൽ ജനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.എന്നാൽ, എൻഇപി മുന്നോട്ടു വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നയങ്ങൾ ഓരോന്നായി സംസ്ഥാനത്ത് നടപ്പാക്കാനുള്ള നീക്കങ്ങളിലാണ് എൽഡിഎഫ് സർക്കാർ. സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ മാത്രമേ നപുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയുള്ളൂ എന്നാണ് സ്കൂൾ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി പറയുന്നത്. ഈ അധ്യയന വർഷം നടപ്പാക്കാൻ പ്രയാസമായതിനാൽ അടുത്ത അധ്യയന വർഷം മുതൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വ്യക്തമാക്കുന്നത്.
ഉന്നത വിദ്യാഭ്യാസ കൗൺസിലാകട്ടെ, രണ്ട് ദിവസത്തെ യോഗം ചേർന്ന് പുതിയ നയം കേരളത്തിൽ നടപ്പാക്കുന്നതിനെ സംബന്ധിച്ച് വിശദമായി പ്ലാൻ തയ്യാറാക്കിക്കഴിഞ്ഞു. സ്കൂൾ കരിക്കുലത്തിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ചും ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാനും മൂന്ന് കമ്മിറ്റികളാണ് സംസ്ഥാന സർക്കാർ ഇതിനകം രൂപം നൽകിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ പരീക്ഷാപരിഷ്കാരങ്ങൾക്ക് മറ്റൊരു സമിതിയെയും നിയോഗിച്ചിട്ടുണ്ട്. നാക് ഉൾപ്പടെയുള്ള സംവിധാനങ്ങളിൽ മികച്ച പോയിന്റുകൾ നേടാൻ സർവകലാശാലകൾക്കും കോളേജുകൾക്കും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള സമീപനം സ്വീകരിക്കേണ്ടതുണ്ടത്രെ.
ലോക ബാങ്കിന്റെ റൂസ(RUSA) ഉൾപ്പെടെയുള്ള ഫണ്ടിംഗ് നാക് സ്കോറുമായി ബന്ധപ്പെട്ടാണ് നൽകുന്നത്. അതിനാൽ, സർവകലാശാലകൾക്കോ കോളേജുകൾക്കോ പുതിയ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി തള്ളിക്കളയുക എന്ന സമീപനം സ്വീകരിക്കാൻ കഴിയില്ലെന്നാണ് ഡിപിഇപി മുതലുള്ള പാഠ്യപദ്ധതി പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഒ.എം.ശങ്കരൻ പറയുന്നത്. ഡോ.രാജൻ ഗുരുക്കൾ വൈസ് ചെയർമാനായ ഉന്നത വിദ്യാഭ്യാസ കൗൺസിലാകട്ടെ, പുതിയ ദേശീയ വിദ്യാഭ്യാസനയ പ്രകാരമുള്ള ഇരട്ട ബിരുദം ഉൾപ്പെടെയുള്ള കാര്യങ്ങളെ പിന്തുണയ്ക്കുകയും നാലുവർഷ ഡിഗ്രികോഴ്സ് നടപ്പാക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. ഫലത്തിൽ, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ഘടനയിലും സമൂലമായ പൊളിച്ചെഴുത്തുകൾ നിർദ്ദേശിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് സർക്കാർ.


ഘടനാപരമായ പരിഷ്ക്കാരം


10+2+3 എന്ന പതിറ്റാണ്ടുകളായി നില നിൽക്കുന്ന വിദ്യാഭ്യാസ ഘടനയിൽ സമൂലമായ മാറ്റം നിർദ്ദേശിക്കുന്ന പദ്ധതിയാണ് എൻഇപി 2020. 5+3+3+4 എന്ന ഘടനയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നത്. ആദ്യത്തെ അഞ്ച് വർഷം പ്രീപ്രൈമറി. മൂന്ന് മുതൽ അഞ്ച് വരെ പ്രിപറേറ്ററി സ്റ്റേജ്, ആറു മുതൽ എട്ടു വരെ മിഡിൽ സ്റ്റേജ്. അതിനുശേഷം പന്ത്രണ്ടാം ക്ലാസ് വരെ സെക്കൻഡറി സ്റ്റേജ്. അതുവഴി ഹയർസെക്കൻഡറിയേയും ഇല്ലാതാക്കുന്നു. അതിനുശേഷം, നാല് വർഷത്തെ ഡിഗ്രി കോഴ്സും ഇൻറഗ്രേറ്റ്ഡ് ബിഎഡ് കോഴ്സും മറ്റുമൊക്കെയാണ് പരിഷ്കാരങ്ങൾ.
അവയിൽ, എൻഇപി നിർദ്ദേശിക്കുന്ന ഘടനയ്ക്ക് അനുസൃതമായാണ് ഹയർ സെക്കൻഡറിയെയും സെക്കൻഡറിയെയും ലയിപ്പിക്കുന്ന ഖാദർ കമ്മിറ്റി ശുപാർശകൾ കേരളത്തിൽ എൻഇപിക്കും മുന്നേവന്നത്. 9 മുതൽ 12 വരെ ഒരൊറ്റ ഘട്ടമാക്കി ഹയർസെക്കൻഡറി വിദ്യാഭ്യാസത്തെ അവസാനിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ നേരത്തെ തന്നെ നടപ്പാക്കി തുടങ്ങിയിരുന്നു.
എട്ടാം ക്ലാസിൽ പ്രാഥമികവിദ്യാഭ്യാസം അവസാനിപ്പിക്കാനുള്ള ലോകബാങ്കിന്റെ സർവ്വശിക്ഷഅഭിയാൻ പദ്ധതി പ്രകാരമുള്ള ഘടനാ പരിഷ്ക്കാരങ്ങൾ ഇന്ത്യയിൽ ആദ്യം നടപ്പാക്കികഴിഞ്ഞ സംസ്ഥാനമാണ് കേരളം. വികേന്ദ്രീകൃതമായ ഉള്ളടക്കമുള്ള, തൊഴിലുമായി വിദ്യാഭ്യാസത്തെ പ്രാഥമിക ക്ലാസ്സുകളിൽതന്നെ ബന്ധിപ്പിക്കുന്ന നയമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020. അക്ഷരാർത്ഥത്തിൽ കേരളത്തിൽ വികേന്ദ്രീകൃതമായ പാഠ്യപദ്ധതി നടപ്പാക്കിക്കഴിഞ്ഞു. പഞ്ചായത്തുതലത്തിൽ ദിവസക്കൂലിക്ക് ക്ലാസെടുക്കാൻ അധ്യാപകരെ(അധ്യാപക വിദ്യാഭ്യാസ പരിശീലനം ഇല്ലാത്തവരെ) നിയോഗിക്കണമെന്ന കാഴ്ചപ്പാടാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉള്ളത്. കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും കരാർ അധ്യാപകരോ ഗസ്റ്റ് അധ്യാപകരോ ദിവസക്കൂലിക്കാരോ ആണ് ഇപ്പോൾ അധ്യാപന രംഗത്ത് ഉള്ളത്. ദൈനം ദിന കാര്യങ്ങൾ പഞ്ചായത്ത് തലത്തിൽ നടത്തുകയും റവന്യൂ തല അസിസ്റ്റന്റ് സ്കൂൾ എജുക്കേഷൻ ഓഫീസർമാർ വഴി കാര്യങ്ങൾ മാനേജ് ചെയ്യുകയുംചെയ്യുന്ന സ്ഥിതിയാണ് നിലവിൽ.
ഘടനാപരമായ പരിഷ്കാരങ്ങൾ ലക്ഷ്യം വെക്കുന്നത് പൊതുവേ ചുമതലകൾ, ഉത്തരവാദിത്വങ്ങൾ എന്നിവ പഞ്ചായത്തുകളുടെ തലയിൽ കൊണ്ടു വരാനാണ്. ഘടനാ പരിഷ്കാരത്തിൽ, ആദ്യത്തെ അഞ്ച് വർഷക്കാലം പ്രീപ്രൈമറിയുടെ ഭാഗമാകണമെന്ന നിർദ്ദേശം കേരളത്തിൽ ഉടനെ നടപ്പാക്കാനാവില്ല. പക്ഷേ, ഉള്ളടക്കത്തിൽ അക്ഷരപഠനം നിരോധിച്ചിട്ടുള്ളതിനാൽ, അക്ഷരമാല പഠിപ്പിക്കുന്നില്ലയെന്നതിനാൽ, പുതിയ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന കാര്യങ്ങൾ ഏറെക്കുറെ പ്രവൃത്തിപഥത്തിൽ കൊണ്ടെത്തിച്ചിരിക്കുകയാണ് പിണറായി സർക്കാർ.


അക്ഷരമാല പഠിപ്പിക്കുന്നില്ല


പുതിയ ദേശീയ വിദ്യാഭ്യാസ നയം കളി മോഡിലുള്ള വിദ്യാഭ്യാസമാണ് പ്രാഥമിക ക്ലാസ്സുകളിൽ അവതരിപ്പിക്കുന്നത്. പാഠപുസ്തകങ്ങൾ പഠിപ്പിക്കാതെ, ഔപചാരിക അധ്യാപനം ഒഴിവാക്കി വിഷയ ബന്ധിത പഠനത്തെ കഴിയുന്നത്ര അകറ്റിയുമുള്ള അവിദ്യയാണ് പുതിയ മോഡൽ. ഇതിൽ, ഡിപിഇപി ബോധന സമ്പ്രദായങ്ങൾ തന്നെയാണ് എൻഇപി പുതിയ ഭാഷയിൽ അവതരിപ്പിക്കുന്നത്.
അക്ഷരാധിഷ്ഠിത ബോധനത്തെ പുതിയ നയം പ്രോത്സാഹിപ്പിക്കുന്നില്ല. ഔപചാരികമായി ക്ലാസ് റൂമിൽ പഠിപ്പിക്കുന്നതിനെ തടയാനാണ് പുതിയ ഘടനയും ബോധനവും കൊണ്ടുവന്നത് എന്ന് വ്യക്തമാണ്. അക്കാര്യത്തിൽ കേരളം പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് വഴികാട്ടുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി കേരളത്തിലെ സ്കൂളുകളിൽ അക്ഷരാധിഷ്ഠിത ബോധനം നടക്കുന്നില്ല. അക്ഷരം പഠിപ്പിക്കാതെ ആശയങ്ങൾ പകർന്നുകൊടുക്കുന്ന പഠന സമ്പ്രദായം ആണ് നിലവിലുള്ളത്. അവയിൽ നിന്ന് കുട്ടികൾ സ്വയം ആശയം കണ്ടെത്തട്ടെ എന്നതാണ് സിദ്ധാന്തം.
2012 മുതൽ അക്ഷരമാല ഒന്നാം പാഠപുസ്തകത്തിൽ പോലും അച്ചടിക്കുന്നില്ല. നമ്മുടെ പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉണ്ടായിരുന്ന സമയത്തു തന്നെ -1996 മുതലുള്ള കാലങ്ങളിൽ- അക്ഷര പഠനത്തിൽ സർക്കാർ മാറ്റം വരുത്തി. തൽഫലമായി,സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നതവിദ്യാഭ്യാസത്തിന് പോകുന്ന നല്ലൊരു ശതമാനത്തിനും അക്ഷരജ്ഞാനം ഇല്ലാതായി എന്നതാണ് യാഥാർത്ഥ്യം.എന്നാൽ പുതിയ ദേശീയ വിദ്യാഭ്യാസ നയവും അതു തന്നെ നടപ്പാക്കാൻ പറയുന്നു. “കുട്ടികൾ സ്വയം പഠിക്കാൻ പഠിക്കട്ടെ, ഓർമ്മയെ അടിസ്ഥാനപ്പെടുത്തിയ പഠനം ഒഴിവാക്കണം. കളിയിലൂടെ പഠനവും അനുഭവാധിഷ്ഠിത പഠനവും വളർത്തണം”(പേജ് 11, എന്‍ഇപി 2020). ചുരുക്കത്തിൽ, കേരളത്തിൽ നടപ്പാക്കിയ ഡിപിഇപി പാഠ്യപദ്ധതിപോലെതന്നെ, അക്ഷരാഭ്യാസം നൽകേണ്ടതില്ല എന്നാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയവും അടിവരയിടുന്നത്.


വികലമായ ബഹുവിഷയ പഠനം


പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ വികലമായ ബഹു വിഷയപഠന സമീപനം കേരളത്തിലെ സ്കൂൾ കോളജ് വിദ്യാഭ്യാസ സിലബസുകളിൽ വന്നുകൊണ്ടിരിക്കുന്നു. മൾട്ടി ഡിസിപ്ലിനറി എന്നപേരിൽ പരസ്പരബന്ധമില്ലാത്ത വ്യത്യസ്ത വിഷയങ്ങളെ കൂട്ടിക്കുഴച്ച് പഠിപ്പിക്കുന്ന സമ്പ്രദായമാണ് വന്നുകൊണ്ടിരിക്കുന്നത്. ഡിപിഇപി പാഠ്യപദ്ധതി വന്ന സമയം മുതൽ ഗണിതവും ഭാഷയും ശാസ്ത്രവും പരിസര പഠനവും എല്ലാം കൂട്ടിക്കുഴച്ച് പഠിപ്പിക്കുന്ന ഉദ്ഗ്രഥിത സമീപനം ഉണ്ടായിരുന്നു. അതായത്, കുട്ടി ഒരു വിഷയവും ആഴത്തിൽ പഠിക്കാതെ പോകുന്നുവെന്ന് ഉറപ്പാക്കുന്ന വികല നയം ആയിരുന്നു അത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ നാലുവർഷ ബിരുദ കോഴ്സും ഇരട്ട ബിരുദവും യഥാർത്ഥത്തിൽ ഈ സമീപനം അടങ്ങിയതാണ്.
ഇരട്ട ബിരുദം എന്തിന്?
ദേശീയ വിദ്യാഭ്യാസ നയപ്രകാരം സംസ്ഥാനത്ത് നടപ്പാക്കാൻ ധ്രുതഗതിയിൽ നീക്കം നടത്തുന്ന മറ്റൊരുകാര്യം ഇരട്ട ബിരുദമാണ്. ദേശീയ വിദ്യാഭ്യാസ നയരേഖ പ്രകാരംതന്നെയാണ് അതും. വാസ്തവത്തിൽ 2016ലെ യുജിസി റെഗുലേഷനിൽതന്നെ ഒരേസമയം സംയുക്ത ബിരുദം,ട്വിന്നിംഗ് പ്രോഗ്രാം എന്നിവയെക്കുറിച്ച് പറഞ്ഞിരുന്നു. അന്തർദേശീയമായ കൊളാബറേഷനിലൂടെ,ലോകത്തെ വ്യത്യസ്ത സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കാം, അതേപോലെ, ഇന്ത്യയിലെ സർവകലാശാലകൾക്ക് വിദേശത്തും.
യുജിസിയുടെ 2022ലെ പുതിയ നോട്ടിഫിക്കേഷൻ പ്രകാരം അക്കാദമിക നിലവാരം പുലർത്തുന്ന സർവകലാശാലകൾക്ക് യുജിസിയുടെ മുൻകൂർ അനുമതി ഇല്ലാതെയും വിദേശ സ്ഥാപനവുമായി കൊളാബറേഷൻ ആകാം. എന്നാൽ, പുതിയ റെഗുലേഷൻവഴി വരുന്ന മാറ്റത്തെ സംബന്ധിച്ച് ഇന്ത്യയിലെ അക്കാദമിക ലോകം മിക്കവാറും അജ്ഞതയിലായിരുന്നു എന്നതാണ് സത്യം.
എന്തായാലും, ഇന്ത്യയിലെ ചില ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് വിദേശ വിദ്യാലയങ്ങളുമായി ചേർന്ന് ട്വിന്നിംഗ് പ്രോഗ്രാംസ്, ഇരട്ട ബിരുദ കോഴ്സുകൾ എന്നിവ ആരംഭിക്കാൻ സമ്മതപത്രം(MOU) ഒപ്പുവെക്കാൻ അനുമതി നൽകിയിരിക്കുന്നു. അങ്ങനെ, വിദേശ സ്ഥാപനങ്ങളുമായി സംയോജിച്ച് ഇരട്ട ബിരുദ കോഴ്സുകൾ ആരംഭിക്കുന്ന ഇന്ത്യയിലെ ചില സ്ഥാപനങ്ങൾ അവരുടെ വിദ്യാർഥികൾക്ക് ഒരേസമയം രണ്ട് കോഴ്സുകൾ ചെയ്യാൻ അവസരമൊരുക്കും. ഒരെണ്ണം വിദേശ സ്ഥാപനത്തിൽ ആണെങ്കിൽ മറ്റൊരെണ്ണം ഇന്ത്യയിലെ സ്ഥാപനത്തിലും ആകാമത്രെ. ഇന്ത്യയിലെ ഒരു സർവകലാശാലയിൽ ബിഎ ബിരുദം പഠിക്കുന്ന വിദ്യാർത്ഥിയ്ക്ക് അതിന്റെ ഒരു ഭാഗം വിദേശ സർവകലാശാലയിൽ ചെയ്യാം. ഒരേസമയം വ്യത്യസ്ത കോഴ്സുകൾ ചെയ്യുന്ന മൾട്ടി ഡിസിപ്ലിനറി സമീപനത്തിന്റെ അടിസ്ഥാനത്തിലാണിത്.
പുതിയ ഇനം നാലുവർഷത്തെ ഡിഗ്രി കോഴ്സും വിദേശരാജ്യങ്ങളിലെ സർവകലാശാലകളുമായി രൂപപ്പെടുത്താൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസക്കച്ചവടത്തിന്റെ കൊളാബറേഷന് മുന്നോടിയായാണ് കൊണ്ടുവന്നിട്ടുള്ളത്. ഒരേ സമയം ഒന്നിലേറെ കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കുന്നതിലൂടെ തൊഴിൽ കമ്പോളത്തിൽ വമ്പിച്ച സാധ്യതകൾ വിദ്യാർഥികൾക്കായി തുറന്നിടുകയാണത്രേ. തൊഴിലില്ലായ്മ റെക്കോർഡ് നിരക്കിൽ നിൽക്കുന്ന രാജ്യമാണ് നമ്മുടേത്. വിദ്യാർഥികൾക്ക് തൊഴിൽ പരിജ്ഞാനം ഇല്ലാത്തതുകൊണ്ടാണോ അതിരൂക്ഷമായ തൊഴിലില്ലായ്മ? ഒരിക്കലുമല്ല. ഇതിനകം ലക്ഷക്കണക്കിന് യുജി/പിജി/പിഎച്ച്ഡി ബിരുദധാരികൾ ക്ലറിക്കൽ ജോലിക്കോ അതിനേക്കാൾ താഴ്ന്ന ജോലിക്കോവേണ്ടി ക്യൂ നിൽക്കുന്ന കാഴ്ചയാണുള്ളത്.
ഒരു പഠനമേഖലയ്ക്ക് അനുകൂലമായ വിധത്തിലുള്ള സബ്ജക്ട് കോമ്പിനേഷനുകൾ ഇന്റർ ഡിസിപ്ലിനറി മേഖലയിൽ പഠിക്കുന്നത് ശാസ്ത്രീയമാണ്. എന്നാൽ, അതേസമയം പരസ്പരബന്ധമില്ലാത്ത ബഹുവിഷയപഠന സമീപനമാണ് മൾട്ടി ഡിസിപ്ലിനറി പഠനം എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്നത്. ഇരട്ട ബിരുദം പുതിയ ദേശീയ നയത്തിന്റെ അശാസ്ത്രീയമായ മൾട്ടി ഡിസിപ്ലിനറി സമ്പ്രദായത്തന്റെ ഭാഗമായാണ് വന്നിട്ടുള്ളത്. ആഴത്തിലുള്ള പഠന സാധ്യതകളെ അടച്ചു കളയുന്നതാണ് മൾട്ടി ഡിസിപ്ലിനറിയും ഡബിൾ/ട്രിപ്പിൾ മെയിൻ പഠനവും പുതിയ ബിരുദസങ്കൽപ്പവും മറ്റുമൊക്കെ. ഒരു പഠന മേഖലയ്ക്ക് പകരം ഒന്നിലേറെ പഠനത്തിനായി ക്രെഡിറ്റുകൾ നേടാൻ തീർച്ചയായും ഇരട്ടി സമയവും അധ്വാനവും വിദ്യാർത്ഥികൾ ചെലവഴിക്കണം. പക്ഷേ, ഫലം എന്ത്?
രണ്ടും പഠിച്ചെടുക്കാൻ വേണ്ടിവരുന്ന അധിക പണച്ചെലവ് കൂടി പരിഗണിക്കുക. എന്നാൽ തൊഴിൽ കമ്പോളത്തിലെ ജോലി സാധ്യത എത്ര കോഴ്സുകൾ പഠിച്ചാലും വളരെ വിരളമാണ് എന്നതാണ് വസ്തുത. കാരണം തൊഴിലാധിക്യ വ്യവസായങ്ങൾ നമ്മുടെ രാജ്യത്ത് ഇല്ല. കേവലം ദിവസക്കൂലി അടിസ്ഥാനത്തിലുള്ള പുറം പണിക്ക് മാത്രമാണ് വിദൂര സാധ്യതയെങ്കിലും ഉള്ളത്.അപ്പോൾ, അക്കാദമിക വിദ്യാഭ്യാസത്തെ തടയാൻ തൊഴിൽ പരിശീലനം നൽകുന്ന ഫോർ ഇയർ കോഴ്സ് കൊണ്ടുവരുന്നതിന് പിന്നിലെ അജണ്ട വ്യക്തമാകുന്നു.
ഇരട്ട ബിരുദം ഏത് വിഷയ മേഖലയിൽ മുന്നേറണം എന്ന ചിന്താക്കുഴപ്പം ജനിപ്പിക്കും എന്ന് പദ്ധതിയുടെ വക്താക്കൾ തന്നെ ആശങ്കപ്പെടുന്നു. എന്നാൽ, അതേ സമയം, നേർവിപരീതമായി അത് കരിയർ സാധ്യതകൾ കൂട്ടുമെന്നും പറയുന്നു. അപ്പോൾ യഥാർത്ഥത്തിൽ, ആരാണ് ഈ യുജിസി റെഗുലേഷന്റെ ഗുണഭോക്താക്കൾ?
സാമ്രാജ്യത്വ രാജ്യങ്ങൾ വിദ്യാഭ്യാസത്തെ ഒരു വാണിജ്യ വസ്തുവാക്കി മാറ്റാനുള്ള നീക്കങ്ങൾ ലോകവ്യാപാരസംഘടന കരാറിലൂടെയും പിന്നീട് സർവീസ് രംഗത്തെ കരാറിലൂടെയും ശ്രമിക്കുകയുണ്ടായി. ആഗോളീകരണം എന്ന മിഥ്യ അപ്രത്യക്ഷമായതോടെ സാമ്രാജ്യത്വ മുതലാളിത്ത ശക്തികൾ പുതിയ കൗശലങ്ങളിലൂടെ കമ്പോള പ്രതിസന്ധിയെ തടഞ്ഞുനിർത്താൻ ശ്രമിക്കുക യാണ്. സാമ്രാജ്യത്വ രാജ്യങ്ങളുടെ അതേ പാതയിൽ തന്നെയാണ് ഇന്ത്യൻ സർക്കാരും. 2015ൽ ഡബ്ല്യുടിഒ- ഗാട്സ് സബ്സെക്ടറിന് കീഴിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടി കൊണ്ടുവന്നു. അതിനെ തുടർന്ന്, 2016ൽ സംയുക്ത ബിരുദ-ട്വിന്നിംഗ് പ്രോഗ്രാമും വന്നു. മോദി സർക്കാർ ആകട്ടെ പ്രത്യക്ഷ വിദേശ നിക്ഷേപ നിയമങ്ങളിൽ ഇളവുകൾ വരുത്തി ആഗോള കുത്തകകൾക്ക് എല്ലാ രംഗത്തുമെന്നപോലെ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തേക്കും കടന്നുവരാൻ കൂടുതൽ വഴിയൊരുക്കി കൊടുക്കുന്നതാണ് കണ്ടത്. ഇരട്ട ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിലൂടെ ഇന്ത്യയിലെയും വിദേശത്തെയും കോർപ്പറേറ്റുകൾക്ക് വിദ്യാഭ്യാസമേഖലയെ തീറെഴുതി കൊടുക്കുന്നതിന് വഴിയൊരുക്കും എന്ന് ഉറപ്പാണ്. നിക്ഷേപകരുടെ താൽപര്യാർത്ഥം,വിദ്യാഭ്യാസത്തിനു പകരം തൊഴിലധിഷ്ഠിതവും സാങ്കേതികവുമായ ശേഷീപരിശീലനം മാത്രമാക്കി പഠനത്തെ അധഃപതിപ്പിക്കുകയും ചെയ്യും.
കേവല സാങ്കേതികശേഷി ആഗോള മാർക്കറ്റിലെ വില്പനച്ചരക്കാണ്. തൊഴിൽ നൈപുണി പരിശീലനം ചെലവേറിയ മറ്റൊരു കച്ചവടം. യഥാർത്ഥ വിദ്യാഭ്യാസത്തെ അവർ തട്ടി മാറ്റുന്നു. അതിന് കനത്ത വില നൽകണം ഇന്ത്യയിൽ നിലവിലുള്ള വിദ്യാഭ്യാസ ക്രമം.


കേരള സർക്കാർ ഇരട്ട ബിരുദത്തെയും നാല് വർഷ ബിരുദ കോഴ്സിനെയും സ്വാഗതം ചെയ്യുന്നു


കേന്ദ്രസർക്കാർ നിലവിലുള്ള ബിരുദ കോഴ്സുകളെ സമ്പൂർണമായി പൊളിച്ചെഴുതാൻ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ അതിവേഗത്തിൽ നീങ്ങുമ്പോൾ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻഗുരുക്കൾ ആ പരിഷ്കാരങ്ങളെയെല്ലാം പരസ്യമായി ന്യായീകരിക്കുകയാണ്. അദ്ദേഹം പറയുന്നു, “ഇരട്ട ഡിഗ്രിയൊന്നും അത്ര വലിയ പരിഷ്കരണമല്ല. ഒരു പ്രോഗ്രാമിൽ ഉള്ള പഠനം ഇടയ്ക്കുവെച്ച് നിർത്താനും മറ്റൊന്ന് തുടങ്ങാനും അതിൽ നേടിയ ക്രെഡിറ്റുമായി പഴയ പ്രോഗ്രാമിൽ തുടർന്ന് പഠിക്കാനും ബിരുദം എടുക്കാനും സ്വാതന്ത്ര്യവും സൗകര്യവും ഒരുങ്ങുകയാണ്. അക്കാദമിക ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (എബിസി) നിലവിൽ വന്നിരിക്കുന്നു”(മാതൃഭൂമി ആഴ്ചപ്പതിപ്പ് മെയ് 22 2022).
യുജിസിയുടെ ഇരട്ട ബിരുദ പരിഷ്കാരങ്ങൾ സംസ്ഥാനത്തു നടപ്പാക്കുമെന്ന വ്യക്തമായ സൂചനയാണ് ഇതിൽ കാണാനാവുന്നത്. ഇനി നേരത്തെ ചർച്ചചെയ്ത ഡിപിഇപി മോഡിലുള്ള ബോധന രീതികൾ പിന്തുടരുന്ന എൻഇപിയോടുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിലപാട് എന്താണ്? ഡോ.രാജൻഗുരുക്കൾ പറയുന്നു “പഠിക്കുകയെന്നതിനെക്കാൾ പഠിപ്പിക്കലാണ് പ്രധാനമെന്ന തെറ്റായ ധാരണയാണ് കേന്ദ്ര സ്ഥാനത്തുള്ളത്. ലോകത്ത് ഒരിടത്തും അങ്ങനെയല്ല. പിന്നെ, ക്ലാസ്സിൽനിന്ന് കാര്യമായൊന്നും മനസ്സിലാക്കാതെ പരീക്ഷയ്കു വേണ്ടി മാത്രം ചില കാര്യങ്ങൾ ഓർത്തുവയ്ക്കുന്ന വിദ്യാർഥികൾ ഒരുവശത്തും വിദ്യാർത്ഥികൾക്ക് ഒന്നും മനസ്സിലാവില്ല എന്ന് മുൻവിധിയോടെ കോഴ്സുകൾ തയ്യാറാക്കുകയും എല്ലാ തലങ്ങളിലും അടിസ്ഥാനപാഠങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന അധ്യാപകർ മറുവശത്തും” (മാതൃഭൂമിആഴ്ചപ്പതിപ്പ്, പേജ് 3 ). ബോധനത്തിന്റെ പ്രാധാന്യത്തെ യാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. പഠനം ഓർമശക്തി പരീക്ഷിക്കൽ മാത്രമാണെന്ന ഡിപി ഇപി സിദ്ധാന്തക്കാരുടെ വാദത്തെയും അദ്ദേഹം ന്യായീകരിക്കുന്നു. എൻഇപി 2020ലെ ഏറ്റവും പ്രധാനപ്പെട്ട ബോധനാശയമാണ് ഡിപിഇപി മുന്നോട്ടുവെച്ച സ്വയം പഠനം അഥവാ പഠിപ്പിക്കൽ ഒഴിവാക്കണം എന്നത്. കേരളത്തിൽ ഇതിനകം ആ ബോധ നാശയങ്ങൾ നടപ്പാക്കിക്കഴിഞ്ഞു. അക്ഷരമാല പോലും പഠിക്കാതെ നിരക്ഷരരായ ‘അഭ്യസ്തവിദ്യരെ’ ഉത്പാദിപ്പിക്കുന്ന വിനാശകരമായ പരിഷ്കാരങ്ങൾ തുടരുകയാണ്. പൊതുവിദ്യാഭ്യാസത്തെ പരിപൂർണമായി തകർക്കുന്ന എൻഇ പിക്ക് കേരളം പശ്ചാത്തലമൊരുക്കി കഴിഞ്ഞു.


ദേശീയ നയത്തിന് പിന്നാലെ കേരള സർക്കാർ


ഓപ്പൺ സർവകലാശാല, ഡിജിറ്റൽ സർവ്വകലാശാല, കല്പിത സർവകലാശാല, ബിവോക് കോഴ്സുകൾ, ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്സുകൾ, കരാർ അധ്യാപക നിയമനങ്ങൾ, മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ, ഓട്ടോണമസ് കോളേജുകൾ, ക്ലസ്റ്റർ സ്കൂളുകൾ തുടങ്ങിയവയൊക്കെ പുതിയ ദേശീയ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന ശുപാർശകളാണ്. ആ രംഗത്തെല്ലാം കേരളം ചുവട് വെച്ചുകഴിഞ്ഞു. ഓൺലൈൻ മോഡിലേക്ക്, ഡിജിറ്റൽ സമ്പ്രദായത്തിലേക്കു ഉന്നതവിദ്യാഭ്യാസത്തെ ക്രമേണ വഴിതിരിച്ചു വിടണമെന്ന നിർദേശം വിദ്യാഭ്യാസത്തെ അനൗപചാരികമാക്കണമെന്ന വലിയ ഗൂഢാലോചനയുടെ ഭാഗമാണ്.
ഇന്ത്യയിൽ ആദ്യമായി ഒരു ഡിജിറ്റൽ സർവകലാശാല ആരംഭിച്ചത് പിണറായി വിജയൻ സർക്കാരാണ്. സർവകലാശാല സങ്കൽപ്പത്തെ അവഹേളിക്കലാണത്. സാങ്കേതിക- റോബോട്ടിക് പരിശീലനം മാത്രമാണ് ലക്ഷ്യം. ശാസ്ത്ര അക്കാദമിക പഠനത്തെ നിരുത്സാഹപ്പെടുത്തുക. സാങ്കേതിക നൈപുണി വളർത്തുക തുടങ്ങിയ ദേശീയനയ നിർദേശങ്ങൾ നടപ്പാക്കി തുടങ്ങിയ ആദ്യ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു.
കല്പിത സർവകലാശാലകൾക്ക് അനുമതി നൽകാൻ സംസ്ഥാന സർക്കാർ നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. നിലവിൽ അമൃത മെഡിക്കൽ കോളജിന് മാത്രമാണ് കൽപ്പിത പദവി നൽകിയിട്ടുള്ളത്. മൂന്ന് സ്ഥാപനങ്ങൾക്കുകൂടി കല്പിത പദവി നൽകുമെന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റിക്ക് നൽകിയ വിവരാവകാശ രേഖയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. സർവകലാശാലകളെ പരിപൂർണമായി സ്വകാര്യ സ്വാശ്രയ രംഗത്തേക്ക് തള്ളി വിടുന്നതാണ് ഡീംഡ് യൂണിവേഴ്സിറ്റി. അതിന് യഥാർത്ഥ, സ്വതന്ത്രമായ സർവകലാശാല സങ്കൽപ്പങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇതിനകം സംസ്ഥാനത്ത് 19 കോളേജുകൾക്ക് ഓട്ടോണമസ് പദവി നൽകിക്കഴിഞ്ഞു. കോളേജുകൾക്ക് സർവകലാശാലകളുമായുള്ള അഫിലിയേഷൻ പൂർണമായി ഒഴിവാക്കണമെന്നും എല്ലാ കലാലയങ്ങളെയും സ്വതന്ത്ര കച്ചവടസ്ഥാപനങ്ങളാക്കി മാറ്റണമെന്നുമുള്ള ദേശീയ വിദ്യാഭ്യാസ നയരേഖ നടപ്പാക്കുകയാണ് സംസ്ഥാന എൽഡിഎഫ് സർക്കാർ.


അദ്ധ്യാപകരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നും കരാറടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന്റെ ട്രാക്കിലേക്ക് ക്രമേണ മാറണമെന്നുമുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രേഖയെ പിൻപറ്റികൊണ്ടാണ് 2020 ഏപ്രിൽ ഒന്നിന് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയത്. കോളേജ് അധ്യാപകരുടെ ക്ലാസ് സമയം 16 മണിക്കൂറാക്കി നിജപ്പെടുത്തികൊണ്ട് തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള സുപ്രധാന ചുവടുവെപ്പായിരുന്നു ആ ഉത്തരവ്. വിദ്യാഭ്യാസത്തെ കേവലം തൊഴിൽപരിശീലനമാക്കാനുള്ള പരിശ്രമങ്ങൾ, കളിയിലൂടെ പഠനം എന്ന പേരിൽ പഠനത്തെ കളിയാക്കുന്ന ഏർപ്പാട്, ബിവോക് കോഴ്സുകൾ അഥവാ തൊഴിൽ പരിശീലന കോഴ്സുകൾ കോളജുകളിൽ ആരംഭിച്ചത്, കോളേജുകളിലെ പഠനസമയം ഉച്ചവരെ ആക്കിയത്, ഉച്ചയ്ക്കുശേഷം പാർടൈം തൊഴിൽ ചെയ്യാൻ അവസരം നൽകി കലാശാല സങ്കൽപത്തെ വർക്ക്ഷോപ്പ് ആക്കുന്ന പരിഷ്കാരങ്ങൾ, ക്ലസ്റ്റർ സ്കൂളുകളിലൂടെ സ്കൂളുകൾ ഏകോപിപ്പിക്കൽ അഥവാ അടച്ചുപൂട്ടൽ തുടങ്ങിയ നടപടികളൊക്കെ കേരളത്തിൽ പുരോഗമിക്കുകയാണ്.
ചുരുക്കത്തിൽ, വിപൽക്കരമായ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉള്ളടങ്ങിയിട്ടുള്ള മിക്കവാറും എല്ലാ ആശയങ്ങളും സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പാക്കുകയോ അതിനായി ആലോചനകൾ നടത്തുകയോ ചെയ്തുകൊണ്ടിരിക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

Share this post

scroll to top