കെ റെയിൽ സിൽവർലൈൻ പദ്ധതി പിൻവലിച്ച് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പുപറയണം

K-Rail-EKM-Cltrt-March.jpg
Share

കെ റെയിൽ സിൽവർലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക എന്നതാണ് സംസ്ഥാന സർക്കാർ ഉടൻ ചെയ്യേണ്ടത്. പദ്ധതിയുമായി മുന്നോട്ടുപോകുവാൻ ധാർമ്മികമായ യാതൊരു അവകാശവും സർക്കാരിനില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം സിൽവർലൈൻ പദ്ധതിക്കെതിരെകൂടെയുള്ള ജനവിധിയാണ്. സിൽവർലൈൻ ഉൾപ്പെടെയുള്ള വികസനപദ്ധതികളെ മുൻനിർത്തിയാണ് മുഖ്യമന്ത്രിയടക്കം വോട്ടുപിടിച്ചത്. വാട്ടർ മെട്രോ, മെട്രോ റെയിൽ, കെ റെയിൽ തുടങ്ങി തൃക്കാക്കരയ്ക്ക് വരാനിരിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വികസനം മുഖ്യമന്ത്രിയും ഇതര മന്ത്രിമാരും എണ്ണിയെണ്ണിപ്പറഞ്ഞു. സിൽവർലൈൻ സർക്കാരിന്റെ അഭിമാനപ്രശ്നമായിരുന്നു തെരഞ്ഞെടുപ്പിലുടനീളം. എന്നാൽ ജനങ്ങൾ സമ്പൂർണമായും അത് നിരാകരിച്ചു എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. സിൽവർലൈൻ പദ്ധതിയുടെ രാഷ്ട്രീയപരാജയം വ്യക്തമാക്കുന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം.
സിൽവർലൈൻ പദ്ധതിക്കെതിരെ ഹൈക്കോടതിയുടെ മുമ്പാകെയുള്ള വിവിധ കേസുകൾ പരിഗണിക്കവേ, കേന്ദ്രസർക്കാർ നിലപാട് അറിയിക്കണം എന്ന് കേരള ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ സോളിസിറ്റർ ജനറൽ െഹെക്കോടതിയിൽ സമർപ്പിച്ച അഡീഷണൽ സത്യവാങ്മൂലത്തിൽ, സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല എന്ന് വ്യക്തമാക്കുന്നു. സാമൂഹ്യാഘാത പഠനത്തിനോ കല്ലിടുന്നതിനോ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല എന്നുമാത്രമല്ല, സാമ്പത്തിക അനുമതിയും നൽകിയിട്ടില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നു. സാമ്പത്തിക അനുമതി വളരെ പ്രധാനമാണ്. കാരണം 1000 കോടിക്കുമേലുള്ള പദ്ധതിക്ക് റയിൽവേ ബോർഡിന്റെ അനുമതി മാത്രം പോരാ, കേന്ദ്രക്യാബിനറ്റിന്റെ അനുമതിയും വേണം. ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന്റെ സർക്കുലറിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. തത്വത്തിൽ അനുമതി, ഇൻ പ്രിൻസിപ്പിൾ അപ്രൂവൽ അഥവാ ഐപിഎ നൽകിയത് ഡിപിആർ തയ്യാറാക്കാനുള്ള പ്രാരംഭ നടപടികൾക്ക് ആയിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.


പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ഇല്ലെന്നും നിർദ്ദിഷ്ട പദ്ധതി പരിസ്ഥിതിയെ നശിപ്പിക്കുമെന്നും മന്ത്രി പീയൂഷ് ഗോയലും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. മുഖ്യമന്ത്രി നേരിട്ട് നുണപ്രചാരണത്തിന് നേതൃത്വം നൽകിക്കൊണ്ട് ജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുക എന്നതാണ് മാസങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഈ നീക്കങ്ങൾ വളരെ ആസൂത്രിതമായിരുന്നു എന്നുവേണം കരുതാൻ. കാരണം അനുമതി ലഭിച്ചിട്ടില്ല എന്നത് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവർക്കും അറിയാതിരിക്കില്ലല്ലോ.
ഈ ഇൻ പ്രിൻസിപ്പിൾ അപ്രൂവൽ എന്ന ചീട്ട് ഉയർത്തിക്കാണിച്ചാണ് പിണറായി സർക്കാർ മാപ്പർഹിക്കാത്ത അതിക്രമങ്ങൾ മാസങ്ങളോളം ജനങ്ങൾക്കുനേരെ നടത്തിയത്. കല്ലിട്ടതും സാമൂഹ്യ ആഘാത പഠനം നടത്തിയതും അനുമതിയില്ലാതെയാണ്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും രോഗികളെയും ആരെയും പോലീസ് വെറുതെ വിട്ടില്ല. സ്ത്രീകളെ തെരുവിൽ വലിച്ചിഴച്ചു, സ്ത്രീകൾ ഉൾപ്പെടെയുള്ള സമരപ്രവർത്തകരെ ജയിലിലടച്ചു.
ചവിട്ടും തൊഴിയും യഥേഷ്ടം നടന്നു. പോലീസിന് ഊക്കുപോരെന്നു തോന്നിയിടത്ത് പാർട്ടിക്കാരും തല്ലാൻ ഇറങ്ങി. കല്ലുപിഴുതാൽ പല്ലു പറിക്കുമെന്നും നിയമലംഘനം നടത്തിയാൽ അടികിട്ടുമെന്നുമൊക്കെ, സ്വയം ഇടതുപക്ഷമെന്നാണ് അവകാശപ്പെടുന്നത് എന്നത് മറന്ന് നേതാക്കന്മാർ കലിതുള്ളി. കുട്ടികള്‍ സമരരംഗത്തിറങ്ങുന്നത് അപരാധമാണെന്ന് കണ്ടെത്തി. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സമരപ്രവർത്തകർക്കുനേരെ കള്ളക്കേസെടുത്തു. പല കേസുകളും ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കടുത്ത മാനസിക സമ്മർദ്ദങ്ങളിലേയ്ക്ക് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ എടുത്തെറിയപ്പെട്ടു. നിരവധിയാളുകൾ സാരമായ പരുക്കുകളോടെ ആശുപത്രിയിലായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികൾ മാപ്പർഹിക്കുന്നതല്ല. പദ്ധതി പിൻവലിച്ച് സർക്കാർ ജനങ്ങളോട് മാപ്പു പറയുകയും കള്ളക്കേസുകൾ പിൻവലിച്ച് ജനങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുകയുമാണ് വേണ്ടത്.
ഇൻ പ്രിൻസിപ്പിൾ അപ്രൂവലിനെക്കുറിച്ചും ചിലത് പറയാതെ വയ്യ. കേവലം രണ്ടുമാസംകൊണ്ട് തയ്യാറാക്കപ്പെട്ട ഒരു ഫീസിബിലിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐപിഎ നൽകിയിരിക്കുന്നത്. പ്രിലിമിനറി ഫീസിബിലിറ്റി റിപ്പോർട്ട് സമർപ്പിച്ച് കേവലം രണ്ടുമാസംകൊണ്ടാണ് ഫീസിബിലിറ്റി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് അലോക് കുമാർ വർമ ചൂണ്ടിക്കാണിച്ചിരുന്നു. 2019 മാർച്ചിൽ പ്രിലിമിനറി ഫീസിബിലിറ്റി റിപ്പോർട്ടും അതേവർഷം മെയ് മാസത്തിൽ ഫീസിബിലിറ്റി റിപ്പോർട്ടും സമർപ്പിക്കപ്പെട്ടു. കേരളത്തിലങ്ങോളമിങ്ങോളം നീണ്ടുകിടക്കുന്ന ഒരു ബൃഹത് പദ്ധതിയുടെ ഫീസിബിലിറ്റി റിപ്പോർട്ട് രണ്ടുമാസംകൊണ്ട് എങ്ങനെയാണ് തയ്യാറാക്കാൻ സാധിക്കുക. നിരവധി തലങ്ങളിൽ നടക്കേണ്ട ആവശ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല ഡിപിആർ തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്നത് ഇതിനകംതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടുകഴിഞ്ഞ കാര്യമാണ്. പ്രിലിമിനറി ഫീസിബിലിറ്റി റിപ്പോർട്ടിൽ പദ്ധതി എലിവേറ്റഡ് ആണ്, ബ്രോഡ്ഗേജിലാണ്.


തട്ടിക്കൂട്ട് ഫീസിബിലിറ്റി റിപ്പോർട്ടിൽ എലിവേറ്റഡ് മാറി എംബാങ്ക്മെന്റ് ആയി, ബ്രോഡ്ഗേജ് മാറി സ്റ്റാൻഡേർഡ് ഗേജ് ആയി. ഈ ഫീസിബിലിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് തത്വത്തിൽ അനുമതി നൽകിയിരിക്കുന്നത്. ഈ മാറ്റങ്ങൾ കെ റെയിലിന്റെ താൽപര്യപ്രകാരമാണ് എന്ന് സിസ്ട്ര ഫീസിബിലിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സ്റ്റാൻഡേർഡ് ഗേജ് ആയാലേ ജപ്പാന്റെ ധനകാര്യ ഏജന്‍സിയായ ജിക്ക വായ്പ അനുവദിക്കുകയുള്ളൂ എന്ന് കെ റെയിൽ എംഡിയും വ്യക്തമാക്കിയിട്ടുണ്ട്.
2018 സെപ്റ്റംബർ 27ന് സംസ്ഥാന സർക്കാർ കേന്ദ്രറയിൽവേ മന്ത്രി പീയൂഷ് ഗോയലിന് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നതിൻപ്രകാരം പദ്ധതി എലിവേറ്റഡ് സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ ആണ്. ഈ കത്തിന് 2018 ഒക്ടോബർ 15ന് കേന്ദ്ര റയിൽവേ മന്ത്രി പീയുഷ് ഗോയലിന്റെ ഓഫീസിൽനിന്ന് കേരളമുഖ്യമന്ത്രി പിണറായി വിജയന് അയച്ചകത്തിലും നിർദ്ദിഷ്ട പദ്ധതി സ്റ്റാൻഡ് എലോൺ എലിവേറ്റഡ് എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇൻപ്രിൻസിപ്പിൾ അപ്രുവൽ നൽകിക്കൊണ്ട് 2019 ഡിസംബറിൽ കേന്ദ്രറയിൽ മന്ത്രാലയം കെ റെയിലിന് നൽകിയിരിക്കുന്ന കത്തിൽ എലിവേറ്റഡ് എന്നത് അപ്രത്യക്ഷമായിരിക്കുന്നു. സ്റ്റാൻഡ് എലോൺ എലിവേറ്റഡ്(529.45 fully elivated)ന് ആണോ തത്വത്തിൽ അനുമതി ലഭിച്ചിരിക്കുന്നത് അതോ 292.72 കിലോമീറ്റർ എംബാങ്ക്മെന്റും 88.4 കിലോമീറ്റർ വയഡക്ടും 111.52 കിലോമീറ്റർ ടണലും 101.73 കിലോമീറ്റർ കട്ടിംഗും 24.78 കിലോമീറ്റർ കട്ട് ആന്റ് കവറും 12 കിലോമീറ്റർ പാലവുമുള്ള സിൽവർ ലൈൻ പദ്ധതിക്കാണോ തത്വത്തിൽ അനുമതി കിട്ടിയിരിക്കുന്നത് എന്നത് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനും ഉത്തരം നൽകിയിട്ടില്ല എന്നത് പദ്ധതിയുടെ പിന്നിലെ ഒളിച്ചു കളിയുടെ മറ്റൊരു തെളിവാണ്.
ജനങ്ങൾക്കുനേരെ പരസ്യമായി സർക്കാർ പോരിനിറങ്ങിയത് സമ്പൂർണമായൊരു ഡിപിആർ പോലും ഇനിയും തയ്യാറാക്കപ്പെട്ടിട്ടില്ലാത്തതും അടിമുടി ദുരൂഹതകളും അവ്യക്തതകളും നിറഞ്ഞതുമായ ഒരു പദ്ധതിക്കുവേണ്ടിയാണ്. ഡിപിആർ എന്ന പേരിൽ പുറത്തുവന്നിരിക്കുന്ന രേഖയ്ക്കാകട്ടെ ഫീസിബിലിറ്റി റിപ്പോർട്ടിന്റെപോലും നിലവാരം ഇല്ല എന്ന് പദ്ധതിയെ അനുകൂലിക്കുന്നവർപോലും അഭിപ്രായപ്പെട്ടിരിക്കുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ കെ റെയിൽ കുറ്റിനാട്ടലുമായി ബന്ധപ്പെട്ട് നിത്യേന ജനങ്ങൾക്കുനേരെ നടന്നുവന്നിരുന്ന കൈയേറ്റങ്ങൾ പൊടുന്നനവെ നിലച്ചു. തൃക്കാക്കരയിലെന്നല്ല, കേരളത്തിൽ ഒരിടത്തും കല്ലിടുകയോ സർവ്വേയെന്നപേരിൽ നടപടികൾ നീക്കുകയോ ചെയ്തില്ല. പകരം അതിരടയാളം നിശ്ചയിക്കാൻ മഞ്ഞക്കല്ലിടേണ്ടതില്ലെന്നും ജിപിഎസ് സാങ്കേതിക സഹായത്തോടെ ജിയോ ടാഗിങ് നടത്തിയാകും അതിര് നിശ്ചയിക്കുക എന്നും തീരുമാനം വന്നു.

ഇതിന് അനുമതി നൽകിക്കൊണ്ട് റവന്യൂവകുപ്പിന്റെ ഉത്തരവുമിറങ്ങി
കേരളത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ വികസനപദ്ധതിയെന്നും ആരെതിർത്താലും നടപ്പിലാക്കുമെന്നുമൊക്കെ ഊറ്റംകൊള്ളുകയും വായ്ത്താരിയിടുകയുംചെയ്തിരുന്നവരാണ് പൊടുന്നനവെ നിശബ്ദരായത്. കെ റെയിലാണ് വികസനം എന്ന് വീമ്പിളക്കിയിരുന്നവർക്ക് മഞ്ഞക്കുറ്റിനാട്ടി വോട്ടുപിടിക്കാനുള്ള ധൈര്യം അശേഷം ഉണ്ടായില്ല. പദ്ധതിയെക്കുറിച്ച് ഇതിനകം ഉയർത്തപ്പെട്ടിട്ടുള്ള ആശങ്കകൾ ശരിവയ്ക്കുന്നതാണ് ഈ നടപടികൾ. ജനരോഷത്തിന്റെ മൂർച്ച സർക്കാരിന് മനസ്സിലാകുന്നുണ്ട് എന്നതുകൊണ്ടുകൂടിയാണ് ഈ നടപടികൾ.
കല്ലിടാതെ സർവേ നടത്താനാകില്ല എന്നായിരുന്നു കെ റെയിലും സർക്കാരും ഇതുവരെ വാദിച്ചുകൊണ്ടിരുന്നത്. എന്നാൽ എതിർപ്പും സംഘർഷവും മൂലം പദ്ധതി പ്രദേശത്ത് അനായാസം കല്ലിട്ട് മുന്നേറാനാകുന്നില്ല എന്ന പരാതി സർക്കാരിന്റെ മുമ്പാകെ വച്ച കെ റെയിൽ തന്നെയാണ് ജിയോ ടാഗിങ് ബദൽ മാർഗ്ഗമായി നിർദ്ദേശിച്ചതും. സാമൂഹ്യാഘാത പഠനത്തിന് എന്തിനാണ് കല്ലിടുന്നത് എന്ന് കോടതി നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ പ്രതിസ്ഥാനത്തു നിർത്തി ബലപ്രയോഗത്തിലൂടെയും സ്ത്രീകളടക്കമുള്ളവരെ വലിച്ചിഴച്ചും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ സർക്കാർ കല്ലിടലുമായി മുന്നോട്ടുപോയപ്പോൾ സാമൂഹ്യാഘാതപഠനത്തിന് ഈ ബഹളങ്ങളുടെ ആവശ്യമില്ല എന്ന് കോടതി താക്കീത് നൽകിക്കൊണ്ടിരുന്നു.
സിപിഐ(എം) പാർട്ടികോൺഗ്രസ് കണ്ണൂരിൽ നടന്നിരുന്ന സമയത്താണ് ഇതിനുമുമ്പ് കല്ലിടൽ നിർത്തിവച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം കോടിക്കണക്കിന് രൂപ ചെലവഴിച്ച് കൊണ്ടാടിക്കൊണ്ടിരിക്കുന്ന വേളയിൽ നടക്കുന്ന ചർച്ചകളിലോ ഭരണനേട്ടങ്ങൾ ചർച്ചചെയ്യുന്ന ബ്രോഷുറുകളിലോ പത്രപരസ്യങ്ങളിലോ കെ റെയിൽ ഇല്ല. വികസനനേട്ടമെന്ന നിലയിൽ കെ റെയിൽ ചൂണ്ടിക്കാണി ക്കാനുള്ള ധൈര്യംപോരാ സംസ്ഥാന സർക്കാരിന്. പുറംപൂച്ച് വെളിവായിരിക്കുന്ന ഈ സന്ദർഭത്തിൽ എന്നിട്ടും എന്തിനാണ് ഈ പിടിവാശി ? സില്‍വര്‍ ലൈന്‍ പദ്ധതി നിരുപാധികം പിന്‍വലിച്ച് തലയൂരുക മാത്രമേ ഇനി ചെയ്യാനുള്ളു.

Share this post

scroll to top