ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം ജനൈക്യത്തിൽ വിള്ളൽ സൃഷ്ടിക്കും

download.jpg
Share

പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി അതിന്റെ പതിനൊന്നാമത് റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ സെപ്തംബര്‍ 9ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയുണ്ടായി. 2014ല്‍ എന്‍ഡിഎ സഖ്യം അധികാരത്തിലേറിയ നാള്‍മുതല്‍, ഇന്ത്യയുടെ ഔദ്യോഗിക ഭാഷയുടെ കാര്യത്തില്‍ അവര്‍ പുലര്‍ത്തിവന്ന വിഭാഗീയശാഠ്യങ്ങളുടെ ആവര്‍ത്തനം ഈ റിപ്പാര്‍ട്ടിലും ഉണ്ടെന്നത് ആശങ്കാജനകമാണ്.

കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളിലേയ്ക്കുള്ള തൊഴില്‍പരീക്ഷകളില്‍ ചോദ്യങ്ങള്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ആക്കണം, ഹിന്ദി ഭൂരിപക്ഷ പ്രദേശങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കേന്ദ്ര സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഏക അദ്ധ്യയനമാധ്യമമായി ഹിന്ദിയും മറ്റിടങ്ങളില്‍ പ്രാദേശിക ഭാഷയും ഉപയോഗിക്കണം, സംസ്ഥാനങ്ങള്‍ തമ്മിലുളള ആശയവിനിമയം ഹിന്ദിയിലൂടെയാകണം, ഹിന്ദി പ്രചരിപ്പിക്കുക എന്നത് സംസ്ഥാനസര്‍ക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വം ആയിരിക്കണം തുടങ്ങി നിരവധി വിവാദ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. മാസങ്ങള്‍ക്കുമുമ്പ് ഏപ്രില്‍ 7ന് ഈ സമിതിയുടെ 37-ാമതു യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സമിതി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറഞ്ഞ കാര്യങ്ങളും ഇതുതന്നെയാണെന്ന് ഇത്തരുണത്തില്‍ ഓര്‍മ്മിക്കാം. 1963ലെ ഔദ്യോഗികഭാഷ നയത്തിലെ സെക്ഷന്‍ 4 പ്രകാരം നിയമപരമായി രൂപംകൊണ്ടതാണ് ഔദ്യോഗിക ഭാഷാസമിതി. യൂണിയന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വിനിമയങ്ങളില്‍ ഹിന്ദി ഉപയോഗത്തിന്റെ പുരോഗതി വിലയിരുത്തുക എന്നതാണ് സമിതിയുടെ ഉത്തരവാദിത്തം. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുക എന്നത് രാഷ്ട്രപതിയുടെയും ഉത്തരവാദിത്തമാണ് എന്നാണ് നിയമത്തിലുള്ളത്. എന്നാല്‍, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യയനമാദ്ധ്യമം എന്തായിരിക്കണം എന്നത് സമിതിയുടെ പരിഗണനാവിഷയം അല്ലെന്നിരിക്കെ അതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത് സമിതിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിക്ഷിപ്തലക്ഷ്യങ്ങള്‍ വെളിവാക്കുന്നുണ്ട്.


നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യത്തില്‍ പരിഹാരമൊന്നുമില്ലാത്ത നിരവധി പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ ഉഴലുമ്പോള്‍, ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ മാത്രമേ അവയുടെ പരിഹാരത്തിനു വഴിതെളിയൂ എന്ന ബോധം ജനങ്ങളില്‍ ഉണര്‍ന്നു വരുമ്പോള്‍, ഭാഷ പോലെ അതിവൈകാരികമായി ജനങ്ങളെ ഇളക്കിമറിക്കാവുന്ന ഒരു പ്രശ്‌നം, പ്രത്യേകിച്ചു പ്രകോപനമൊന്നും കൂടാതെ ഊതിക്കത്തിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? നമ്മുടെ നാട്ടില്‍ ഭാഷയുടെ പേരിലുള്ള പ്രക്ഷോഭങ്ങള്‍ പലതവണ നടന്നു കഴിഞ്ഞിട്ടുണ്ട്. ജനങ്ങളെ തമ്മിലടിപ്പിച്ചു നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താല്പര്യക്കാര്‍ തക്കംപാര്‍ത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ, വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഒരു തരത്തിലുള്ള വൈരവും സൃഷ്ടിക്കാനിട നല്‍കാതെ ഈ പ്രശ്‌നത്തെ സൂക്ഷ്മമായും ശാസ്ത്രീയമായും പരിശോധിച്ചു അവധാനതയോടെ നിലപാട് എടുക്കേണ്ടതുണ്ട്. 1965ല്‍, ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച്, തമിഴ്‌നാട്ടില്‍ നടന്ന അതിരൂക്ഷമായ പ്രക്ഷോഭണത്തിന്റെ സാഹചര്യത്തില്‍ നമ്മുടെ പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും സമുന്നത മാര്‍ക്‌സിസ്റ്റ് ആചാര്യനുമായ സഖാവ് ശിബ്ദാസ് ഘോഷ് ഈ വിഷയത്തെ സംബന്ധിച്ച് ശാസ്ത്രീയമായ ഒരു വിശകലനം നല്‍കിയിരുന്നു. പ്രസ്തുത വിശകലനത്തിന്റെയും ലഭ്യമായ വസ്തുതകളുടെയും അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നത്തെ പരിശോധിക്കുകയാണിവിടെ.
ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ – മുസ്ലിം, ഉറുദു, പാക്കിസ്ഥാന്‍ എന്ന രീതിയില്‍ അത്യന്തം വിനാശകരമായ വിഭാഗീയമുദ്രാവാക്യങ്ങള്‍ സ്വാതന്ത്ര്യപൂര്‍വ്വകാലത്തുതന്നെ നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവന്നിരുന്നു. 1937ല്‍ സി.രാജഗോപാലാചാരി മദ്രാസ് മുഖ്യമന്ത്രിയായിരിക്കെ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബ്ബന്ധിതമാക്കിയപ്പോഴാണ് ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ ഭാഷാ പ്രക്ഷോഭണമുണ്ടായത്. പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് രാജഗോപാലാചാരി സര്‍ക്കാരിന് രാജി വയ്‌ക്കേണ്ടിവന്നു. ഗവര്‍ണര്‍ ജനറല്‍ ഉത്തരവ് പിന്‍വലിച്ചു. രാജഗോപാലാചാരി തന്നെ പില്ക്കാലത്ത് ‘ഇംഗ്ലീഷ് എല്ലായ്‌പ്പോഴും, ഹിന്ദി ഒരിക്കലുമില്ല’ (English ever Hindi never) എന്ന മുദ്രാവാക്യമുയര്‍ത്തി. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ ഭാഷയെക്കുറിച്ചാണ് ഏറ്റവും തീക്ഷ്ണമായ വാദപ്രതിവാദം നടന്നത് എന്ന് ഡോക്ടര്‍ അംബേദ്കര്‍ തന്നെ അനുസ്മരിക്കുന്നുണ്ട്. ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണം എന്ന, ഒരു വിഭാഗം അംഗങ്ങളുടെ നിര്‍ദ്ദേശത്തിനെതിരെ അതിശക്തമായ വാദമുഖങ്ങള്‍ ഉയര്‍ന്നതിനാല്‍ ഒരു ഏകാഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ, ഒരു അനുരഞ്ജന നീക്കമെന്ന നിലയിലാണ് ഭരണഘടനയില്‍ എട്ടാം ഷെഡ്യൂള്‍ കടന്നുവരുന്നത്. യൂണിയന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയും അതോടൊപ്പം 15 വര്‍ഷക്കാലത്തേക്ക് ഇംഗ്ലീഷും അതേ പദവിയില്‍ നിലകൊള്ളും എന്നുതീരുമാനിക്കപ്പെട്ടു. ഭരണഘടനാപരമായ പദവികളോടെ 14 ഭാഷകളെ ഔദ്യോഗികഭാഷകളായി ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഓരോ ഭാഷാദേശീയതയുടെയും സമൂഹത്തിന്റെയും ഭാഷാ, സാംസ്‌കാരിക അഭിലാഷങ്ങളെ മാന്യമായി അഭിസംബോധന ചെയ്യുന്നില്ലെങ്കിലും, മുറിപ്പെടുത്താതെയെങ്കിലും മുന്നോട്ടുപോകുക എന്ന മിനിമം ധാരണയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന അധിനിവേശ സ്വരത്തിലുള്ള മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപിയും അമിത് ഷായും ഇന്ന് ഹിന്ദി അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതെ ങ്കിലും എട്ടാം ഷെഡ്യൂളിലെ ഭാഷകളുടെ എണ്ണം ഇക്കാലം കൊണ്ട്, 14ല്‍ നിന്ന് 22 ആക്കി ഉയര്‍ത്തേണ്ടിവന്നു എന്നത്, വ്യത്യസ്ത ഭാഷാദേശീയതകളുടെ സാംസ്‌കാരിക അഭിനിവേശങ്ങളെ ഒറ്റക്കുടക്കീഴിലൊതുക്കാന്‍ കഴിയുന്നതല്ല എന്നു തന്നെയാണ് വ്യക്തമാക്കുന്നത്. 38 ഭാഷകളെക്കൂടി വീണ്ടും എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിലനില്ക്കുന്നുമുണ്ട്. ഒറ്റ ഭാഷയിലേയ്ക്കുള്ള കേന്ദ്രീകരണം അടിച്ചേല്പിക്കലിലുടെ നടക്കില്ല എന്നും ഇത് സൂചിപ്പി ക്കുന്നു.


ഭരണഘടന നിലവില്‍വന്ന് 15 വര്‍ഷത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍, 1965 ജനുവരി 26 മുതല്‍ ഹിന്ദി ഇന്ത്യയുടെ ഏക ഔദ്യാഗിക ഭാഷയായി പ്രഖ്യാപിച്ചു. അതേത്തുടര്‍ന്നാണ് സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ഭാഷാപ്രക്ഷാഭണം പൊട്ടിപ്പുറപ്പെട്ടത്. തീവ്രമായ പ്രക്ഷോഭണത്തിന്റെ ഫലമായി സര്‍ക്കാരിന് പിന്തിരിയേണ്ടിവന്നു. ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളംകാലം ഇംഗ്ലീഷ് കൂടി ഔദ്യോഗിക ഭാഷയായി നിലകൊള്ളുമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ഇതിന് നിയമപ്രാബല്യം നല്‍കണമെന്നുള്ള ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിലും കേന്ദ്ര-സംസ്ഥാന വിനിമയങ്ങളിലും സംസ്ഥാനാന്തര വിനിമയങ്ങളിലും വിദ്യാഭ്യാസ പ്രക്രിയയിലും വരെ ദേവനാഗരി ലിപിയിലുള്ള ഹിന്ദിയുടെ ഉപയോഗം നിര്‍ബ്ബന്ധിതമാക്കുന്ന നിലപാടാണ് തുടര്‍ന്നുള്ള സര്‍ക്കാരുകള്‍ സ്വീകരിച്ചത്. എന്‍ഡിഎ അധികാരത്തിലെത്തിയതോടെ ഇതു കൂടുതല്‍ ശക്തമായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒമ്പതു ഗോത്രസമൂഹങ്ങള്‍ അവരുടെ ദേശഭാഷയുടെ ലിപിയായി ദേവനാഗരിയെ അംഗീകരിച്ചുവെന്നും എട്ടു സംസ്ഥാനങ്ങളില്‍ പത്താംക്ലാസ് വരെ ഹിന്ദി നിര്‍ബ്ബന്ധിതമാക്കിയിരിക്കുന്നുവെന്നും സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിനിമയങ്ങള്‍ ഹിന്ദിയിലായിരിക്കണമെന്നും അമിത് ഷാ പ്രഖ്യാപിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
ഔദ്യോഗികഭാഷ, ബന്ധഭാഷ, ദേശീയഭാഷ തുടങ്ങി നിശ്ചിതമായ അര്‍ത്ഥങ്ങളുള്ള പ്രയോഗങ്ങളെ ഒറ്റയര്‍ത്ഥത്തിലാണ് ഹിന്ദി വക്താക്കള്‍ ഉപയോഗിച്ചു കാണുന്നത്. നമ്മുടെ രാജ്യത്തിന് ഒരു ദേശീയഭാഷ എന്നൊന്നില്ല എന്നു നാമോര്‍ക്കണം. യൂണിയന്‍ ഗവണ്മെന്റിന്റെ വ്യവഹാരങ്ങള്‍ നടത്താനുപയോഗിക്കുന്ന ഹിന്ദിയും ഇംഗ്ലീഷും സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷകളാണ്. 8-ാം ഷെഡ്യൂളിലെ 22 ഭാഷകളും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളാണ്. വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഔദ്യോഗിക ഭാഷയായി അവ ഉപയോഗിക്കുന്നു. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലും വിവിധ ഭാഷാജനവിഭാഗങ്ങള്‍ തമ്മിലുമുള്ള ആശയവിനിമയത്തിനും വ്യത്യസ്ത ഭാഷാ വിഭാഗങ്ങള്‍ തമ്മില്‍ വിനിമയത്തിനുമുപയോഗിക്കുന്ന ഭാഷയാണു ബന്ധഭാഷ (lingua franca). ഈ ബന്ധഭാഷയും കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗികഭാഷയും ഹിന്ദിയാക്കണമെന്നും അതുവഴി അതിനെ ദേശീയഭാഷയായി ഉയര്‍ത്തിയെടുക്കണമെന്നുമാണ് ഇപ്പോള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഔദ്യോഗിക ഭാഷാസമിതി നിര്‍ബ്ബന്ധം പിടിക്കുന്നത്. നമുക്ക് ഒന്നോ അതിലധികമോ ബന്ധഭാഷയും ഔദ്യോഗികഭാഷയും ഉണ്ടാകാം. എന്നാല്‍ നമുക്കൊരു ദേശീയഭാഷ വേണമെന്ന ആവശ്യം ജനാധിപത്യ വിരുദ്ധമായ ഒന്നാണ്. കാരണം ഒരു ബഹുഭാഷാ രാജ്യത്ത് ഓരോ ഭാഷയും അതതു ജനവിഭാഗങ്ങളുടെ സാംസ്‌കാരികസത്തയെന്ന നിലയില്‍ ചരിത്രപരമായി ഉരുവം കൊണ്ടതാണ്. വിവിധങ്ങളായ ജീവിതായോധനരംഗങ്ങളില്‍ താരതമ്യേന സ്ഥിരതയുള്ള പരസ്പരബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞ ജനവിഭാഗങ്ങളാണ് ചരിത്രത്തില്‍ വ്യത്യസ്ത ദേശീയതകളായി രൂപംകൊള്ളുന്നത്. അത് അവരുടെ സ്വേച്ഛയാലുള്ള തെരഞ്ഞെടുപ്പല്ല; ചരിത്രപരമാണ്. ആ ദേശീയതയുടെ പരിധിക്കുള്ളിലാണ് അവരുടെ ഭാഷ വികസിച്ചു വന്നത്. അത്തരം വിവിധ ദേശീയതകളുടെയും ഭാഷകളുടെയും സമുച്ചയമാണ് നമ്മുടെ രാജ്യം. ഒരു ജനതയുടെ സാംസ്‌കാരികസ്വത്വമെന്ന നിലയില്‍ അതില്‍ ഒരു ഭാഷയ്ക്ക് മറ്റൊന്നിനേക്കാള്‍ മേന്മയോ കുറവോ ഇല്ല. അതുകൊണ്ടാണ് ഒരു ഭാഷ സംസാരിക്കുന്നവര്‍ മറ്റൊരു ഭാഷയെ ദേശീയ ഭാഷയായി അംഗീകരിക്കണമെന്നു നിര്‍ബന്ധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നു പറയുന്നത്.


ദീര്‍ഘകാലത്തെ ബ്രിട്ടീഷ് ഭരണം സൃഷ്ടിച്ച ഒരു ഏകീകൃതകമ്പോളവും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന സ്വാതന്ത്ര്യസമരവുമാണ് നമ്മുടെ നാട്ടിലെ വിവിധ ദേശീയതകളെ കൂട്ടിയിണക്കി ഒരു ദേശരാഷ്ട്രത്തിനു ജന്മം നല്‍കിയത്. ദേശരാഷ്ട്രം ഉദയം ചെയ്‌തെങ്കിലും അതിനനുബന്ധമായി നടക്കേണ്ട ജനാധിപത്യവിപ്ലവം നടക്കാതിരുന്നതിനാല്‍ ഈ ദേശീയതകള്‍ തമ്മിലുളള സാംസ്‌കാരിക ഉദ്ഗ്രഥനം ഇന്നുവരെയും നടന്നിട്ടില്ല. സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനങ്ങളാണ് ആ കര്‍ത്തവ്യം പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. മുതലാളിത്തത്തിന്റെ ആഗോളപ്രതിസന്ധിയുടെ ഘട്ടത്തില്‍ അധികാരത്തിലേറിയ ഇന്ത്യന്‍ മുതലാളിത്തത്തിന് അതു സാധ്യമാകുമായിരുന്നില്ല. മാര്‍ക്‌സിസം – ലെനിനിസം ഇന്ത്യന്‍മണ്ണില്‍ മൂര്‍ത്തമായി പ്രയോഗിക്കാന്‍ ശേഷിയില്ലാതിരുന്ന ഇടതുപക്ഷമെന്നറിയപ്പെടുന്നവര്‍ക്കും അതു കഴിയുമായിരുന്നില്ല. തത്ഫലമായി തല്‍പ്പരകക്ഷികള്‍ക്ക് ഏതു നിമിഷവും ഊതിക്കത്തിക്കാന്‍ പാകത്തിലുള്ള വൈരത്തിന്റെ കനലുകളായി ഈ ഭിന്നദേശീയതകള്‍ നിലകൊണ്ടു. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും പ്രതിസന്ധി ഘട്ടങ്ങളിലോരോന്നിലും ഹിന്ദി അടിച്ചേല്പിക്കുന്നതിനെക്കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നവര്‍ ഈ കനലുകള്‍ ഊതിക്കത്തിക്കുകതന്നെയാണു ചെയ്യുന്നത്.
ഇനി നമുക്ക് നമ്മുടെ രാജ്യത്തെ ഭാഷാ പ്രശ്‌നത്തിന്റെ അടിസ്ഥാനങ്ങളിലേയ്ക്കുവരാം. സഖാവ് ശിബ്ദാസ് ഘോഷ് വിശദീകരിക്കുന്നു.’ഞങ്ങളുടെ പര്യാലോചനയില്‍, നമ്മുടെ നാട്ടില്‍ ഭാഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇനിപ്പറയുന്നവയാണ്. ഔദ്യോഗിക ഭാഷ എന്തായിരിക്കണം അഥവാ ബന്ധഭാഷ എന്തായിരിക്കണം? അധ്യയന മാദ്ധ്യമം ഏതായിരിക്കണം? സംസ്ഥാനത്തിനകത്തെ വിനിമയങ്ങളില്‍ ഔദ്യോഗിക ഭാഷ എന്തായിരിക്കണം? ഇന്ത്യയെപ്പോലെ ഭിന്നദേശീയതകള്‍ നിലനില്ക്കുന്ന ഒരു രാജ്യത്ത് ദേശീയ ഭാഷയായി ഒരൊറ്റ ഭാഷ ഉയര്‍ന്നു വരുന്നതിന്റെ പ്രക്രിയയെന്താണ്?’ 1
ഒരു ഔദ്യോഗിക ഭാഷയുണ്ടാകുമ്പോഴേ ദേശീേയാേദ്ഗ്രഥനം സാധ്യമാകൂ എന്നും ഇന്ത്യയിലെ 43 ശതമാനം ജനങ്ങള്‍ സംസാരിക്കുന്ന ഹിന്ദിയായിരിക്കണം ആ ഔദ്യോഗിക ഭാഷ എന്നുമാണ് ഹിന്ദി പക്ഷപാതികളുടെ ആദ്യകാലം മുതലേയുള്ള വാദം. 2019ല്‍ ഹിന്ദി ദിവസ് ആചരിക്കുന്ന വേളയില്‍ ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാക്കണമെന്നു പറഞ്ഞ അമിത് ഷായ്‌ക്കെതിരെ രാജ്യത്തെ വിദ്യാഭ്യാസ വിചക്ഷണരും സാഹിത്യ പ്രവര്‍ത്തകരും ശക്തമായി പ്രതികരിച്ചു. ഷാ പിന്നീട് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത് വിവിധ ഭാഷകള്‍ നിലനില്ക്കുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും ഇന്ത്യയെ ലോകരംഗത്തു പ്രതിഷ്ഠിക്കുന്ന ഒരു ഭാഷ ഉണ്ടാകണമെന്നാണ്. ഏതെങ്കിലും ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതു ഹിന്ദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരു രാജ്യത്തിന് ഒരു ഔദ്യോഗിക ഭാഷ മാത്രമേ പാടുള്ളൂ എന്നതു് വാസ്തവവിരുദ്ധമാണ്. കാനഡയില്‍ ഇംഗ്ലീഷും ഫ്രഞ്ചും ഔദ്യോഗിക ഭാഷകളാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നാല് ഔദ്യോഗികഭാഷകളുണ്ട്. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണം മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാറുന്നതും കാണാം. 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് 19,500 ഭാഷകളോ ഭാഷാഭേദങ്ങളോ ഇന്ത്യയില്‍ സംസാരിക്കുന്നുണ്ട്. അതില്‍ 10,000ല്‍ ക്കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ എന്നതു മാനദണ്ഡമാക്കിയാല്‍ 121 ഭാഷകളാണുള്ളത്. 1991ല്‍ ഹിന്ദി സംസാരിക്കുന്നവര്‍ ജനസംഖ്യയുടെ 39.29 ശതമാനമായിരുന്നെങ്കില്‍ 2011ല്‍ അത് 43.63 ശതമാനമായി ഉയര്‍ന്നു. ഇതു പക്ഷേ യുപി, എംപി, ബീഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനസംഖ്യ വര്‍ദ്ധിച്ചതുകൊണ്ടും മുമ്പ് ഭിന്നഭാഷകളായോ വൈവിദ്ധ്യങ്ങളായോ കണക്കാക്കപ്പട്ടിരുന്ന 56 ഭാഷാഭേദങ്ങളെയും ഹിന്ദിയുടെ കൂട്ടത്തില്‍ പെടുത്തിയതുകൊണ്ടുമാണ്.2 എന്തായാലും ശരി, ഭൂരിപക്ഷം വരുന്ന ബാക്കി 56 ശതമാനം ആളുകളും ഔദ്യോഗിക ഭാഷയായി ഹിന്ദി സ്വീകരിക്കണമെന്നത് മുന്‍പു സൂചിപ്പിച്ച കാരണങ്ങള്‍ കൊണ്ടുതന്നെ അസ്വീകാര്യമാണ്.
ഇനി വാദത്തിനു വേണ്ടി ഇന്ത്യയ്ക്ക് ഔദ്യോഗിക ഭാഷയായി ഒരൊറ്റ ഭാഷ തന്നെ വേണമെന്നു വച്ചാല്‍ത്തന്നെ ഹിന്ദിക്കു പകരം എന്തുകൊണ്ടും ഇംഗ്ലിഷായിരിക്കണം ആ സ്ഥാനത്തു വരേണ്ടത്. ഹിന്ദിക്കുവേണ്ടി നിലകൊളളുന്നവരുടെ വാദം ഇംഗ്ലീഷ് വിദേശഭാഷയാണ്, ഔദ്യോഗിക ഭാഷയെന്ന നിലയിലുള്ള അതിന്റെ ഉപയോഗം ദേശീയ സ്വതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും താല്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നുമാണ്. എന്നാല്‍ ഒരു ഭാഷ വിദേശഭാഷയായി പരിഗണിക്കപ്പെടാനുള്ള മാനദണ്ഡം അതിന്റെ ഉത്ഭവം എവിടെയെന്നതല്ല. നേരത്തേ പറഞ്ഞതുപോലെ കാനഡയിലല്ല ഇംഗ്ലീഷും ഫ്രഞ്ചും ഉദയം ചെയ്തത്. എന്നിട്ടും അവ അവിടെ ഔദ്യോഗിക ഭാഷകളാണ്. മിക്ക ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും ഔദ്യോഗിക ഭാഷയായ സ്പാനിഷ് സ്‌പെയിനില്‍ രൂപംകൊണ്ടതാണ്. ജനാധിപത്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആധുനിക സങ്കല്പങ്ങള്‍ ഇന്ത്യക്കാര്‍ മനസ്സിലാക്കിയത് ഇംഗ്ലീഷിലൂടെയാണെന്നും അതാണ് ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനത്തിനു ബീജാവാപം നല്‍കിയതെന്നും ഇന്ന് നമുക്കറിയാം. ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും മേഖലകളിലെ ഉന്നതാശയങ്ങളുടെ വാഹനമായി ഇംഗ്ലീഷ് നിലകൊള്ളുന്നുവെന്നത് സംശയമില്ലാത്ത വസ്തുതയുമാണ്. ഇക്കാരണങ്ങള്‍കൊണ്ട് ഇന്ന് ഇന്ത്യയില്‍ ഇംഗ്ലിഷിനെ ഒരു വിദേശ ഭാഷയായി കരുതാനാകില്ല. ആനുഷംഗികമായി ഒന്നുകൂടി സൂചിപ്പിക്കട്ടെ, ഇംഗ്ലീഷിന്റെ ഉപയോഗം നമ്മുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും അപകടപ്പെടുത്തുമെന്നു വാദിക്കുന്ന ഈ ‘ദേശസ്‌നേഹികള്‍ക്ക്’ പക്ഷെ, വിദേശ ഫിനാന്‍സ് മൂലധനത്തെ ഇന്ത്യയിലേക്കാകര്‍ഷിച്ച് നമ്മുടെ തൊഴില്‍ ശക്തിയെയും പ്രകൃതിവിഭവങ്ങളെയും ചൂഷ ണം ചെയ്യാനനുവദിക്കുന്നതില്‍ യാതൊരു മനഃസാക്ഷിക്കുത്തും അനുഭവപ്പെടാറില്ല. സ്വന്തം മക്കളെ സ്വദേശത്തും വിദേശത്തുമുള്ള ഉന്നത സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതില്‍ അല്പംപോലും ലജ്ജയും ഉണ്ടാകാറില്ല.


വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യയനമാദ്ധ്യമം എന്തായിരിക്കണമെന്ന അടുത്ത പ്രശ്‌നം ഇനി പരിശോധിക്കാം. പ്രാഥമികതലം മുതല്‍ സാദ്ധ്യമാകുന്ന ഉയര്‍ന്ന തലംവരെ വിദ്യാഭ്യാസം മാതൃഭാഷയിലൂടെയാകണമെന്നതാണു ശാസ്ത്രീയം എന്ന് സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ മാദ്ധ്യമമായി കാര്യക്ഷമമായി വര്‍ത്തിക്കണമെങ്കില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മാതൃഭാഷയ്ക്ക് മൂന്നുപാധികള്‍ പൂര്‍ത്തീകരി ക്കേണ്ടതുണ്ട്. ഒന്നാമതായി, കലയിലും സാഹിത്യത്തിലും മാത്രമല്ല തത്വചിന്ത, ശാസ്ത്രം, സാങ്കേതികവിദ്യ, നിയമശാസ്ത്രം, ഇതര വിജ്ഞാനമേഖലകള്‍ ഇവയിലെല്ലാമുള്ള നൂതനവും ഗഹനവുമായ ആശയാവലികളെ ഉള്‍ക്കൊള്ളാനും ആവിഷ്‌കരിക്കാനും കഴിയുന്ന തരത്തില്‍ സമ്പന്നമായിരിക്കണം ആ ഭാഷ. രണ്ടാമതായി, ഏറ്റവുമുയര്‍ന്ന തലംവരെ ഈ വിഷയങ്ങള്‍, ആ ഭാഷയില്‍ത്തന്നെ പഠിപ്പിക്കാന്‍ കഴിയുന്ന അധ്യാപകരുണ്ടാകണം. മൂന്നാമതായി, എല്ലാ വിജ്ഞാനശാഖകളിലും ഉയര്‍ന്ന തലംവരെ നിലവാരമുള്ള പാഠപുസ്തകങ്ങള്‍ ആ ഭാഷയിലുണ്ടാകുകയും ഉയര്‍ന്ന നീതിന്യായ കോടതികളുടെ വിധികള്‍ക്ക് അര്‍ത്ഥശങ്കയില്ലാത്ത വിധം ആ ഭാഷയിലേക്കു പരിഭാഷ ഉണ്ടാകുകയും വേണം. വിവരസാങ്കേതികവിദ്യാവിജ്ഞാനത്തിന്റെ വിസ്‌ഫോടനത്തിന്റെ ഈ കാലത്ത് ഇംഗ്ലീഷല്ലാതെ ഒരു ഇന്ത്യന്‍ ഭാഷയും ഈ നിലവാരത്തിലെക്കെത്തിയിട്ടില്ല എന്ന് എല്ലാ മിഥ്യാഭിമാനവും മാറ്റിവച്ചാല്‍ നാം അംഗീകരിക്കേണ്ടിവരും. എന്നാല്‍ ഇംഗ്ലീഷ് സജീവമായി നമ്മുടെ അക്കാദമിക് രംഗത്ത് നിലകൊള്ളുമ്പോഴേ മറ്റിന്ത്യന്‍ ഭാഷകള്‍ക്ക് ഈ തലത്തിലേക്കു വളര്‍ന്നു വരുവാനുള്ള വസ്തുനിഷ്ഠ സാഹചര്യവും ഒരുങ്ങുകയുള്ളൂ.
ഉന്നതവിദ്യാഭ്യാസ രംഗത്തുനിന്ന് ഇംഗ്ലീഷിനെ പുറന്തള്ളണമെന്ന നിര്‍ദ്ദേശം നടപ്പായാല്‍ നമ്മുടെ ഗവേഷണരംഗത്ത് വമ്പിച്ച തോതിലുള്ള നിലവാരത്തകര്‍ച്ചയായിരിക്കും ഉണ്ടാകുക. ലോകമെമ്പാടും പടര്‍ന്നു കിടക്കുന്ന ഒരു ശൃംഖലയില്‍ ആയിരക്കണക്കിനു ഗവേഷകര്‍ നിശ്ചിത മേഖലകളില്‍ അന്വേഷണം നടത്തുകയും പൊട്ടും പൊടിയും ചേര്‍ത്തെടുത്തുവച്ച് വിജ്ഞാനത്തിന്റെ അതിരുകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന ബൃഹത്തായ സംരംഭമാണിന്നു ഗവേഷണം. മറ്റു ഗവേഷകരുടെ കണ്ടെത്തലുകള്‍ മനസ്സിലാക്കിക്കൊണ്ടേ ആര്‍ക്കും ഈ രംഗത്ത് സംഭാവനകള്‍ നല്‍കാന്‍ കഴിയൂ. ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുന്ന ജേണലുകള്‍ ഇന്ന് ഭൂരിഭാഗവും ഇംഗ്ലീഷിലാണ്. സി.എം.മുരളീധരന്‍ എഡിറ്റു ചെയ്ത ‘മലയാളഭാഷയുടെ വൈജ്ഞാനികപദവി’ എന്ന ഗ്രന്ഥത്തില്‍ ഡോ.ടി.കെ.ഷാജഹാന്‍ എഴുതുന്നു: ‘ലോകമെമ്പാടും ഗവേഷകരുടെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷ് മാറിക്കഴിഞ്ഞിരിക്കുന്നു. പുതിയ ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണലുകളില്‍ 99 ശതമാനവും ഇന്ന് ഇംഗ്ലീഷിലാണ് പുറത്തുവരുന്നത്. ഒരു 50 വര്‍ഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. എന്തിന് ഒരു 30 വര്‍ഷങ്ങള്‍ക്കു മുന്‍പുപോലും 70 ശതമാനം ജേണലുകള്‍ മാത്രമേ ഇംഗ്ലീഷില്‍ ഉണ്ടായിരുന്നുള്ളൂ. 25 ശതമാനത്തോളം ജേണലുകള്‍ അക്കാലത്ത് റഷ്യന്‍ ഭാഷയിലായിരുന്നു. അപ്പോള്‍ ശാസ്ത്രജ്ഞരുടെ വിനിമയ ഭാഷയില്‍ വന്നിരിക്കുന്ന ഈ മാറ്റം കൂടുതല്‍ സൗകര്യപ്രദമായ ഒരു ഭാഷയിലേക്കുള്ള കൂടുമാറ്റം എന്നതിലുപരി ആഗോള ശക്തികളുടെ ബലാബലത്തില്‍ വന്നിരിക്കുന്ന അസന്തുലിതാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്… സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷമുള്ള ഏകധ്രുവ ലോകത്താണ് ലോക ശാസ്ത്രത്തിന്റെ ഒരേയൊരു വിനിമയഭാഷയായി ഇംഗ്ലീഷ് മാറുന്നത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രഗവേഷകര്‍ അവരുടെ മാതൃഭാഷ എന്തായാലും ഏതു ഭാഷയില്‍ ശാസ്ത്രം പഠിച്ചാലും സ്വന്തം രാജ്യത്തിനകത്തും പുറത്തും അംഗീകാരമോ എന്തിനു തൊഴില്‍ തന്നെയോ ലഭിക്കണമെങ്കില്‍ ഇംഗ്ലീഷില്‍ എഴുതിയേ മതിയാകൂ എന്നതാണ് വാസ്തവം.’


പ്രസിദ്ധീകരണത്തിനയക്കുന്ന പ്രബന്ധങ്ങളുടെ ഉള്ളടക്കം നൂതനമാണെങ്കിലും ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് നിലവാരം കുറഞ്ഞതാണ് എന്ന കാരണത്താല്‍ സ്റ്റാന്‍ഡേര്‍ഡ് ജേണലുകള്‍ അവ നിരസിക്കുന്ന അനുഭവം ഇന്ത്യയിലെ ഗവേഷകവിദ്യാര്‍ത്ഥികള്‍ക്കു പുതുമയല്ലതാനും. യാഥാര്‍ത്ഥ്യമിതായിരിക്കെ ഐഐടികളിലും ഐഐഎമ്മുകളിലും ഇംഗ്ലീഷിനുപകരം ഹിന്ദി മാദ്ധ്യമമാകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. മധ്യപ്രദേശില്‍ ഹിന്ദിയില്‍ തയ്യാറാക്കിയ മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ കൊട്ടും കുരവയുമായി കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിയും കൂടി പ്രകാശനം ചെയ്ത ചടങ്ങ് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ മരണമണിയായേക്കാം. എഞ്ചിനീയറിംഗ് കോളേജുകളിലും പ്രാദേശിക ഭാഷകളില്‍ ഈ വര്‍ഷം മുതല്‍ പഠനം തുടങ്ങാന്‍ പോകുന്നു. ഇന്ത്യയിലെ എല്ലാ കേന്ദ്ര വിദ്യാഭ്യാസസ്ഥാപനങ്ങളിലും രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുവെന്നത് ഇവര്‍ പരിഗണിക്കുന്നുപോലുമില്ല എന്നത് എന്തുതരം മനോഭാവമാണ്?
ഒരു സംസ്ഥാനത്തിനകത്തെ വിനിമയങ്ങളെ സംബന്ധിച്ചിടത്തോളം അവിടുത്തെ മാതൃഭാഷയായിരിക്കണം ഔദ്യോഗികഭാഷ എന്നത് തര്‍ക്കവിഷയമേയല്ല.എന്നാല്‍ അവിടെയുള്ള ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശവും തുല്യാവസര സാധ്യതയും ഒരുതരത്തിലും ഹനിക്കപ്പെടാന്‍ പാടില്ല എന്നത് നിര്‍ബ്ബന്ധമായി ഉറപ്പാക്കുകയും വേണം.
ഇനി ബന്ധഭാഷയുടെ കാര്യമെടുക്കാം. ബന്ധഭാഷ ഏതെന്നു നിര്‍ണ്ണയിക്കുമ്പോള്‍ പ്രധാനമായും മൂന്നു കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഒന്ന്, അത് ഏതെങ്കിലും ഭാഷാസമൂഹത്തിനിടയില്‍ അവരുടെ മാതൃഭാഷയുടെ വികാസത്തെക്കുറിച്ച് ഒരു ഭയാശങ്ക ജനിപ്പിക്കുകയോ ജനങ്ങളില്‍ അനൈക്യം സൃഷ്ടിക്കുകയോ ചെയ്യുന്നതാകരുത്. രണ്ട്, അതു സാംസ്‌കാരികമായ പിന്നോട്ടടികള്‍ക്കു കാരണമാകുന്നതാകരുത്. മൂന്ന്, അതു നിലവിലെ ജീവിത സാഹചര്യത്തില്‍ ജനങ്ങളുടെ നിത്യജീവിതവൃത്തികളില്‍ ബുദ്ധിമുട്ടൊന്നും സൃഷ്ടിക്കരുത്. ഈ പരിഗണനകള്‍ വച്ചു നോക്കുമ്പോള്‍ ഹിന്ദിയല്ല മറിച്ച്, ഇംഗ്ലീഷാണ് ആ സ്ഥാനത്തു വരേണ്ടതെന്നു കാണാം. കാരണം ഒന്നാമതായി, 60 ശതമാനത്തോളം വരുന്ന അഹിന്ദി പ്രദേശങ്ങളിലുള്ളവര്‍ക്ക് അവരുടെ മാതൃഭാഷ കൂടാതെ ഹിന്ദിയോ ഇംഗ്ലീഷോ എന്തായാലും ഒരു ഭാഷകൂടെ പഠിക്കേണ്ടി വരും. പുതിയൊരു ഭാഷ പഠിക്കേണ്ടി വരുമ്പോള്‍ അതു തീര്‍ച്ചയായും സാഹിത്യത്തിലെയും തത്വചിന്തയിലെയും ശാസ്ത്രത്തിലെയുമൊക്കെ ഉയര്‍ന്ന ചിന്തകളെ പ്രകടിപ്പിക്കാനു തകുന്ന ഇംഗ്ലീഷ് പോലൊരു ഭാഷയാകുന്നതാണുചിതം. എന്തെന്നാല്‍ ആശയവിനിമയത്തെ സാധ്യമാക്കുന്ന മാദ്ധ്യമവും ഉപകരണവുമാണു ഭാഷ. അതിലുപരി അതു ചിന്തയുടെ വാഹനവുമാണ്. ഭാഷയിലൂടെയല്ലാതെ മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. ഭാഷയുടെ ഉപാധികളുടെയും പദാവലികളുടെയും പ്രയോഗങ്ങളുടെയും അടിസ്ഥാനത്തിലേ ഒരാളുടെ മനസ്സില്‍ ചിന്ത രൂപം കൊള്ളുകയും നിലനില്ക്കുകയും ചെയ്യുകയുള്ളൂ. ചിന്തയുടെ പ്രത്യക്ഷ യാഥാര്‍ത്ഥ്യമാണു ഭാഷ. താരതമ്യേന അവികസിതമായ ഒരു ഭാഷ മാത്രമറിയുന്ന ഒരാള്‍ക്ക് ഉയര്‍ന്ന തലത്തില്‍ ചിന്തിക്കാന്‍ കഴിയുകയില്ലതന്നെ. ചരിത്ര സാഹചര്യങ്ങള്‍ നമ്മളിലേക്കു കൊണ്ടുവന്ന, ഇത്രകാലം ഉയര്‍ന്ന ചിന്തയുടെ മാദ്ധ്യമമായി നമുക്കിടയില്‍ വര്‍ത്തിച്ച, ഹിന്ദിയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വികസിതമായ ഇംഗ്ലീഷ്തന്നെയാണ് അതുകൊണ്ടു ബന്ധഭാഷയായി ഇന്ത്യക്കാര്‍ സ്വീകരിക്കേണ്ടത്. രണ്ടാമതായി, അന്തര്‍ദ്ദേശീയമായ വിനിമയങ്ങളെയും ബന്ധഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ് സഹായിക്കും. മൂന്നാമതായി, രാജ്യത്തിനു പുറത്തുള്ള വിപുലമായ ചിന്താമണ്ഡലത്തിലേയ്ക്കുള്ള വാതായനമായി ഇംഗ്ലീഷ് വര്‍ത്തിക്കും. നാലാമതായി, ഹിന്ദിയാണ് ഈ സ്ഥാനത്തു വരുന്നതെങ്കില്‍ മറ്റു ഭാഷകളെ തരംതാഴ്ത്താനുള്ള ശ്രമങ്ങള്‍ ഔദ്യോഗിക തലത്തില്‍ നിന്നു തന്നെയുണ്ടാകും. ഉദാഹരണത്തിന് ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2009-10ല്‍ 30.95 കോടി രൂപ നീക്കി വച്ചെങ്കില്‍ 2017-18ല്‍ അത് 52.17 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ 2020ല്‍ ശ്രേഷ്ഠഭാഷാപദവിയുള്ള തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഒഡിയ എന്നിവയ്ക്ക് 29 കോടി രൂപ മാത്രമാണു വകയിരുത്തിയത്.4 അഞ്ചാമതായി, ഹിന്ദി ഇന്ത്യയുടെ ദേശിയോദ്ഗ്രഥനത്തെ സഹായിക്കും എന്ന ഹിന്ദീവാദികളുടെ അവകാശവാദങ്ങള്‍ക്കു വിരുദ്ധമായി നാം കാണുന്നത് ഹിന്ദി അടിച്ചേല്പിക്കാനുള്ള ഓരോ ശ്രമവും ജനൈക്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതാണ്. ആറാമതായി, ഇംഗ്ലീഷ് ബന്ധഭാഷയായി സ്വീകരിക്കപ്പെട്ടാല്‍, ഭാഷപഠിക്കുന്ന വിഷയത്തില്‍ അത് എല്ലാ ദേശീയതകളെയും ഒരേ തലത്തില്‍ നിര്‍ത്തും. ഓരോ ദേശീയതയും അവരുടെ മാതൃഭാഷയും ഇംഗ്ലീഷും പഠിക്കും. മറിച്ചു ഹിന്ദി ഈ സ്ഥാനത്തു വരുമ്പോള്‍ അഹിന്ദിപ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നു ഭാഷ പഠിക്കേണ്ടിവരും. എന്തെന്നാല്‍ ഇംഗ്ലീഷിനെ നിലവിലെ സാഹചര്യത്തില്‍ ഒറ്റയടിക്കുപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ ഹിന്ദിസംസ്ഥാനങ്ങളിലുള്ളവര്‍ അവരുടെ മാതൃഭാഷയും ഇംഗ്ലീഷും മാത്രം പഠിക്കും. ഹിന്ദി മാതൃഭാഷയെന്ന നിലയില്‍ അവര്‍ക്കതു മറ്റുള്ളവരേക്കാള്‍ പ്രയോജനകരമാകുകയും അസമത്വം സൃഷ്ടിക്കുകയും ചെയ്യും. ചുരുക്കത്തില്‍ മാതൃഭാഷയും ഇംഗ്ലീഷും പഠിക്കുക എന്ന ദ്വിഭാഷാ പദ്ധതിയാണ് നമുക്കനുയോജ്യം.
ഇതെല്ലാം സൂചിപ്പിക്കുന്നത്, ഭാഷപോലെ അതീവലോലമായ ഒരു വിഷയത്തിന്റെ വൈകാരികത കണക്കിലെടുക്കാതെ ഗൂഢലക്ഷ്യങ്ങളോടെ, നിരുത്തരവാദപരമായി ഹിന്ദി അടിച്ചേല്പിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ശക്തിപ്രാപിച്ചിരിക്കുന്ന കുടില നീക്കങ്ങള്‍ രാജ്യത്തെ ഒരു വൈകാരിക വിഭജനത്തിലേക്കു നയിക്കുകയാണെന്നാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരെ ചിന്തിച്ചുവെന്നും പ്രവര്‍ത്തിച്ചുവെന്നുമൊക്കെ കുറ്റം ചാര്‍ത്തി നാടെമ്പാടും ബുദ്ധിജീവികളെ ഉള്‍പ്പടെ ജയിലിലിടുന്ന കാലമാണിത്. അപ്പോള്‍ ഇവര്‍ക്കുള്ള ശിക്ഷ ആരു വിധിക്കും?

അവലംബം

  1. On Language Problem – Shibdas Ghosh 2. Frontline June 3, 2022,
  2. മലയാളഭാഷയുടെ വൈജ്ഞാനികപദവി – എഡിറ്റര്‍ സി.എം.മുരളീധരന്‍ 4. ട്രൂ കോപ്പി തിങ്ക് വെബ്‌സീന്‍ ഒക്ടോബര്‍ 18, 2022

Share this post

scroll to top