വിലക്കയറ്റം നിയന്ത്രിക്കാൻ യുദ്ധകാല നടപടികൾ സ്വീകരിക്കുക

KLM-Vilakkayattam-1.jpg
Share

അരി ഉൾപ്പെടെ അവശ്യനിത്യോപയോഗ സാധനങ്ങൾക്ക് തീവില. അരിക്കുമാത്രമല്ല, പലവ്യഞ്ജനം, പച്ചക്കറികൾ, സോപ്പ്, ബിസ്കറ്റ്, കറിപൗഡറുകൾ എന്നുവേണ്ട വിലകയറാത്തതായി യാതൊന്നുമില്ല. ചുരുങ്ങിയ സമയംകൊണ്ട് അറുപത് ശതമാനംമുതൽ നൂറ് ശതമാനംവരെ പലസാധനങ്ങൾക്കും വില വർദ്ധിച്ചിരിക്കുന്നു. നിശ്ചിത വരുമാനക്കാരും സ്ഥിരവരുമാനക്കാരുംപോലും മാനംമുട്ടുന്ന വിലക്കയറ്റത്തിനുമുന്നിൽ പതറുകയാണ്. പിന്നെ സാധാരണക്കാരന്റെയും അസംഘടിത തൊഴിലാളികളുടെയും കഥ പറയേണ്ടതില്ലല്ലോ. തൊഴിലിലെ അനിശ്ചിതത്വവും തൊഴിലില്ലായ്മയും ജനങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കി യിരിക്കുന്ന സാഹചര്യത്തിലാണ് പൊറുതിമുട്ടിക്കുന്ന വിലക്കയറ്റം.
പണപ്പെരുപ്പം, ഉൽപ്പാദനത്തിൽ വന്നിരിക്കുന്ന കുറവ്, യുക്രൈൻ യുദ്ധം തുടങ്ങി പല കാരണങ്ങളും തൊട്ടും തൊടാതെയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത് വിലക്കയറ്റത്തിന്റെ രൂക്ഷതയും തീവ്രതയും വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട് എങ്കിലും അടിസ്ഥാന കാരണങ്ങൾ ഇവയായി ചുരുക്കാനാകില്ല. രൂപയുടെ വില ഇടിഞ്ഞുതാഴുന്നതിനാല്‍ ഇറക്കുമതി ചെയ്യപ്പെടുന്ന അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെയും അസംസ്കൃതവസ്തുക്കളുടെയും വില കുത്തനെ ഉയരുകയാണ്. പൊടുന്നനവെയുള്ള വിലവര്‍ദ്ധനവിന്റെ കാരണമിതാണ്. ഈ വിലവർദ്ധനവ് തിരിച്ച് പണപ്പെരുപ്പം രൂക്ഷമാക്കുന്നു എന്ന ഒരു സങ്കീര്‍ണസാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഇതേ പണപ്പെരുപ്പം രൂപയുടെ മൂല്യം വീണ്ടുമിടിയാന്‍ ഇടവരുത്തുന്നു എന്ന ഊരാക്കുടുക്കിലാണ് വര്‍ത്തമാന ഇന്ത്യന്‍ സാമ്പത്തികരംഗം. യുക്രൈൻ യുദ്ധം തുടർന്നാൽ 2023ൽ പ്രതിസന്ധി ഇതിനെക്കാള്‍ രൂക്ഷമായേക്കും എന്ന് യുഎൻ ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ മുന്നറിയിപ്പുമുണ്ട്. ആഭ്യന്തര ഉൽപ്പാദനത്തിൽ ആറുശതമാനത്തിന്റെ കുറവാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയവും പ്രതീക്ഷിക്കു ന്നത്.
സംസ്ഥാന സർക്കാരാകട്ടെ, ‘വരേണ്യർ’ ഉപയോഗിക്കുന്ന അരിക്കുമാത്രമാണ് വിലവർദ്ധിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.(ബാക്കിയുള്ളവർക്ക് റേഷൻ അരി നൽകുന്നുണ്ടുപോലും.) ആന്ധ്രയിൽനിന്നുള്ള അരിവരവ് കുറഞ്ഞത് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്ന കൃഷിമന്ത്രി, കേരളത്തിന് കുറഞ്ഞവിലയ്ക്ക് നൽകാൻ ആന്ധ്രയിൽ ‘ജയ’ നെൽകൃഷി പുനഃരാരംഭിക്കു മെന്ന് ആന്ധ്രയിൽനിന്ന് അറിയിച്ചിട്ടുണ്ട് എന്ന വിവരവും പങ്കുവച്ചിട്ടുണ്ട്. കേരളത്തിൽ കർഷകരിൽനിന്ന് നെല്ല് സംഭരിച്ച് അരിയാക്കി വിതരണം നടത്തുന്നതിനെക്കുറിച്ച് ചോദിച്ചാൽ ഇവിടെനിന്ന് നെല്ലു സംഭരിച്ച് അരിയാക്കുമ്പോൾ കിലോയ്ക്ക് 53രൂപയാകും എന്നാണ് വിശദീകരണം. കൊയ്ത്ത് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കുട്ടനാട്ടിൽ നെല്ല് സംഭരിക്കാതെ കിടക്കുന്നുണ്ട്. കർഷകർക്ക് നെല്ലിന്റെ പണം നൽകിയിട്ടില്ലാത്ത സംഭവങ്ങളും യഥേഷ്ടമുണ്ട്. മാർക്കറ്റുകളിൽ മിന്നൽ പരിശോധന നടത്താനും കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പുമാണോ വിലക്കയറ്റത്തിന് കാരണം എന്ന് പരിശോധിക്കാനും വേണ്ടിവന്നാൽ വിപണിയിൽ ഇടപെടാനും മാത്രമേ സംസ്ഥാന സർക്കാരിന് സാധിക്കുകയുള്ളത്രേ. പൊതുവിപണിയിൽ ഇടപെടാൻ സർക്കാരിന് പരിമിതി ഉണ്ടെന്നും കൃഷിമന്ത്രി പറഞ്ഞു. എന്താണ് ഈ പരിമിതി എന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. വിലക്കയറ്റത്തിന്റെ കാരണങ്ങളെ സംബന്ധിച്ച് ഉത്തരവാദിത്വത്തോടെയുള്ള ഒരു വിശദീകരണം കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗികമായി ഇനിയും ഉണ്ടായിട്ടില്ല.


വിലക്കയറ്റം എന്തുകൊണ്ട്


അരിയുടെ വിപണി വില നിയന്ത്രിച്ചു നിർത്തുന്നതിൽ ഒരു സന്തുലന സംവിധാനമായി പ്രവര്‍ത്തിച്ചുവരുന്നതാണ് പൊതുവിതരണ സമ്പ്രദായം. പൊതുവിതരണരംഗത്ത് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി അരിയുടെ വിലവർദ്ധനവിന് കാരണമായിട്ടുണ്ട് എന്നത് വസ്തുതയാണ്. ഒമ്പതുലക്ഷം കാർഡ് ഉടമകൾക്ക് കഴിഞ്ഞ മാസം റേഷൻ കിട്ടിയിട്ടില്ല. കാസര്‍ഗോഡ് ജില്ലയില്‍ ആഴ്ചകളായി പൊതുവിതരണ കേന്ദ്രങ്ങളില്‍ പച്ചരി മാത്രമേ ലഭിക്കുന്നുള്ളു എന്നും വാര്‍ത്തകളുണ്ട്. 1990കളിൽ ആരംഭിച്ച ആഗോളവത്ക്കരണ നയങ്ങളിലൂടെ ആരംഭിച്ചതും റേഷൻ ഉപഭോക്താക്കളുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മുന്നേറിയതുമായ അരിക്കൽ പ്രക്രിയയുടെ അനിവാര്യമായ പരിണതിയാണ് പൊതുവിതരണ സമ്പ്രദായം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. നരസിംഹറാവുപ്രധാനമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച അന്ത്യോദയ അന്നയോജന പദ്ധതി, എപിഎൽ-ബിപിഎൽ തരംതിരിക്കൽ, മൻമോഹൻസിംഗിന്റെ കാലത്ത് പൊതുവിതരണ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മക്കൻസി എന്ന അമേരിക്കൻ കൺസൾട്ടൻസിയുടെ നിർദ്ദേശങ്ങൾ, ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങി ഘട്ടം ഘട്ടമായി നടപ്പിലാക്കിയതും ആഗോളവത്ക്കരണകാലം മുതൽ ആരംഭിച്ചതുമായ നയങ്ങൾ ജനങ്ങൾക്കുനല്കിവന്നിരുന്ന ആനുകൂല്യങ്ങൾ നിർത്തൽ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഉള്ളതായിരുന്നു.
അരിയുൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾക്ക് ചുമത്തിയ ജിഎസ് ടിയാണ് അരിയുടെ വിലവർദ്ധനവിനുള്ള മറ്റൊരു കാരണം. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നികുതി നിരക്കാണ് ജിഎസ്‌ടിയിലൂടെ ഇന്ത്യയിൽ നിലവിലുള്ളത്. പല സാധനങ്ങൾക്കും ഇരുപത്തിയെട്ടു ശതമാനംവരെ നികുതിയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. നികുതിയുടെ ആത്യന്തിക ഭാരം ഉപഭോക്താവിലാണ് ചെന്നുനില്ക്കുക എന്നതുകൊണ്ട് സാധാരണക്കാരന്റെ നടുവൊടിയുകയാണ്. ഇതിനുപുറമേയാണ് ഭക്ഷ്യസാധനങ്ങളും ജിഎസ്‌ടിയുടെ കീഴിലായിരിക്കുന്നത്. കേരളത്തിന്റെ ധനമന്ത്രിയാകട്ടെ ഭക്ഷ്യസാധനങ്ങൾക്കും ജിഎസ്‌ടി ഏർപ്പെടുത്താൻ ജിഎസ്‌ടി കൗൺസിൽ വിളിച്ചു ചേർത്ത യോഗത്തിൽ നടപടിക്ക് പൂർണപിന്തുണ അറിയിക്കുകയും ചെയ്തു.
വിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. കരിഞ്ചന്തയോ പൂഴ്ത്തിവയ്പോ ഉണ്ടോ എന്ന് പരിശോധിക്കും എന്ന് സർക്കാർ വൃത്തങ്ങൾ പറയുമ്പോൾ വിപണിയിൽ എത്തുന്നതിലെ പൂഴ്ത്തിവയ്പ്പേ അവർക്ക് കണ്ടെത്താനാകൂ എന്നതാണ് ഗതികേട്. ആഗോളവത്ക്കരണത്തിന്റെ നികുതി പരിഷ്ക്കരണ സമ്പ്രദായങ്ങളുടെ തുടക്കമായി വന്ന വാറ്റി(വാല്യു ആഡഡ് ടാക്സ്)നെ പിൻപറ്റിക്കൊണ്ട് ചില്ലറവ്യാപാരരംഗത്തേയ്ക്ക് കുത്തകകൾ കടന്നുവന്നുതുടങ്ങിയതോടെ, അവര്‍ക്കായി കുത്തകസംഭരണ നിയമവും ഭേദഗതി ചെയ്യപ്പെട്ടു. ഈ ഭേദഗതി വന്നതോടെ ആർക്കും യഥേഷ്ടം സംഭരണം നടത്താം എന്നായിരിക്കുന്നു. നാടിന്റെ മുക്കിനുംമൂലയിലും ഇടംപിടിച്ചിരിക്കുന്ന കോർപ്പറേറ്റ് ചില്ലറ വിൽപ്പനശാലകൾക്കുവേണ്ടിയുള്ള നിയന്ത്രണരഹിതമായ സംഭരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ക്ഷാമമാണ് വിലക്കയറ്റത്തിന് മറ്റൊരു പ്രധാന കാരണം.
അരിയും പലവ്യഞ്ജനങ്ങളും താങ്ങാനാകുന്ന വിലയ്ക്ക് ജനങ്ങൾക്ക് ലഭിക്കണമെങ്കിൽ സബ്സിഡി നല്കി വിപണയിൽ സർക്കാർ ഫലപ്രദമായി ഇടപെടുക എന്നതാണ് പ്രശ്നപരിഹാരത്തിനുള്ള ഒരേയൊരു മാർഗ്ഗം. ആഭ്യന്തരമായി അരിയുടെയും ഇതര അവശ്യസാധനങ്ങളുടെയും ഉൽപ്പാദനം വർദ്ധിപ്പിക്കുകയും കർഷകന് ന്യായമായ വില കൊടുത്ത് ആ ഉല്പന്നങ്ങള്‍ സർക്കാർ ഏറ്റെടുക്കുകയും ചെയ്തുകൊണ്ട് മിതമായ വിലയ്ക്ക് ജനങ്ങൾക്ക് അവ ലഭ്യമാക്കുകയും ചെയ്യുംവിധമുള്ള സർക്കാരിന്റെ ഇടപെടലുകൊണ്ടേ വിലക്കയറ്റം ഒരു പരിധിവരെയെങ്കിലും പിടിച്ചു നിർത്താനാകൂ.

Share this post

scroll to top