ചെറിയ ഒരു ഇടവേളയ്ക്കുശേഷം, മലയോരമേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് ബഫർസോൺ പ്രശ്നം വീണ്ടും ഉയർന്നുവന്നിരിക്കുന്നു. 2022 ജൂൺ 3 ന്റെ സുപ്രീംകോടതി വിധിയെത്തുടർന്ന് ഈ മേഖലകളിലെ ജനങ്ങളിലുണ്ടായ പരിഭ്രാന്തിയും ആശങ്കകളും, ഉചിതമായ ഇടപെടൽ നടത്തി പ്രശ്നം പരിഹരിക്കാമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തോടെ ഒട്ടൊന്ന് ശമിച്ചിരുന്നു. എന്നാൽ, സുപ്രീം കോടതി വിധിപ്രകാരം ഇടപെടാനുള്ള സമയം അവസാനിക്കാറായപ്പോൾ, സംസ്ഥാന സർക്കാരിന്റെ കള്ളക്കളികൾ വീണ്ടും പുറത്തായിരിക്കുന്നു. ഇക്കാര്യത്തിൽ ക്രിയാത്മകവും സത്യസന്ധവുമായ നീക്കമല്ല സർക്കാരിൽനിന്നും ഉണ്ടായതെന്നുകണ്ട് മലയോര നിവാസികൾ ഹതാശയരായി നെട്ടോട്ടമോടുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു.
2022 ജൂൺ 3ന്റെ സുപ്രീംകോടതി ഉത്തരവിനെക്കുറിച്ചും അതിൽ സംസ്ഥാനസർക്കാർ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും യൂണിറ്റി ജൂൺ ലക്കത്തിൽത്തന്നെ ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്താകെ ഒറ്റ ഫോർമുലയിൽ സംരക്ഷിത വനമേഖലയിൽനിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ കർശനമാക്കിയുള്ള ഉത്തരവ് കേരളത്തിലെ മലയോര നിവാസികളിൽ ഉണ്ടാക്കുന്ന ഭീതി സ്വാഭാവികമാണ്. കേരളത്തിലെ യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ കൈക്കൊണ്ട ഇരട്ടത്താപ്പ് നിലപാടുകൾ ഈ സാഹചര്യം രൂപപ്പെടുന്നതിൽ നൽകിയ സംഭാവന ചെറുതല്ല. ഈ മുന്നണികൾ ഇപ്പോഴും മറ്റെല്ലാ പ്രശ്നങ്ങളിലുമെന്നപോലെ അന്യോന്യം പഴിചാരുന്നുണ്ട്. എന്നാൽ ഇപ്പോൾ പോലും, ഒരു കൃത്യമായ നിലപാടിൽ നിൽക്കാൻ രണ്ടുകൂട്ടർക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം. 0 മുതൽ 1 കിലോമീറ്റർ വരെ ബഫർസോൺ ഏർപ്പെടുത്തണമെന്ന എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാതീരുമാനം (2019 ഒക്ടോബർ 23) സുപ്രീം കോടതി വിധിയെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് ആ തീരുമാനം പിൻവലിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ, എൽഡിഎഫ് സർക്കാർ യുഡിഎഫിന്റെ 10 കിലോമീറ്റർ ബഫർസോണിനെ ഞങ്ങൾ ഒരുകിലോമീറ്റർ ആയി കുറയ്ക്കുകയാണ് ചെയ്തതെന്ന വാദഗതി ഉയർത്തി പ്രതിരോധിക്കാൻ തുനിയുകയാണ് ഉണ്ടായത്.
സുപ്രീം കോടതി ഉത്തരവിൽത്തന്നെയുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളം പോലെ ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് ഒരു കിലോമീറ്റർ ബഫർസോൺ കൊണ്ടു വന്നാലുണ്ടാകുന്ന ജനങ്ങളുടെ പ്രയാസം കോടതിയെ ബോധ്യപ്പെടുത്താൻ സമയബന്ധിതമായി സർക്കാർ ശ്രമിക്കണമായിരുന്നു. സർവേ നടത്തി മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം ഫലപ്രദമായി നടപ്പാക്കാൻ സർക്കാൻ ശ്രമിച്ചിട്ടില്ല. ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ കാരണം അതിന് ലക്ഷ്യം കണ്ടെത്താനായില്ല. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റൽ സെന്റർ (KSREC) എന്ന ഏജൻസിയെ അമ്പത് ദിവസമെന്ന സമയപരിധിവച്ച് സർവ്വെ നടത്താൻ ഏൽപ്പിച്ചു. കോടതി ഉത്തരവുവന്ന് ഒരുമാസവും എട്ടുദിവസവും കഴിഞ്ഞാണ് ഇത്തരമൊരു നടപടിക്രമത്തിലേയ്ക്കുപോലും സർക്കാർ തിരിഞ്ഞത്. നാൽപത്തിരണ്ടു ദിവസംകൊണ്ട് കെഎസ്ആർഇസി ഒരു ഉപഗ്രഹ സർവേ റിപ്പോർട്ട് സർക്കാരിന് നൽകി. തിരക്കിട്ട് നടത്തിയ ഉപഗ്രഹ സർവേയുടെ റിപ്പോർട്ട് ആഗസ്റ്റ് 29ന് സർക്കാരിന് ലഭിച്ചെങ്കിലും, അത് പൂഴ്ത്തിവച്ച സർക്കാർ മൂന്നുമാസത്തിനുശേഷം ഡിസംബർ 12ന് ആണ് വെബ്സൈറ്റ് മുഖാന്തിരം പുറത്തുവിട്ടത്. പുറത്തുവിട്ട ഉപഗ്രഹ സർവേ റിപ്പോർട്ട് ആകട്ടെ അടിമുടി അപാകതകൾ നിറഞ്ഞതാണ്. അതിർത്തികളും നിർമ്മിതികളും ഒന്നുംതന്നെ വ്യക്തമല്ലാത്തതും തെറ്റുകൾ നിറഞ്ഞതുമായിരുന്നു ഈ റിപ്പോർട്ട്.
ഇതിനെതിരെ ജനങ്ങളിൽനിന്നും പ്രത്യേകിച്ച്, മലയോര നിവാസികളിൽനിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നു. ഈ സർവേ മാപ്പിൽ അപാകതകളുണ്ടെങ്കില് സ്വന്തം വീടിന്റെയും നിർമ്മിതികളുടെയും ഫോട്ടോ എടുത്ത് പരാതികൾ ഓൺലൈനായി അയയ്ക്കണമെന്ന് സർക്കാർ അറിയിപ്പ് ഉണ്ടായി. വാലും തലയുമില്ലാത്ത മാപ്പുനോക്കി തങ്ങളുടെ ഭൂവിവരങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാനും ഓൺലൈനായി പരാതികൊടുക്കാനും ആർക്കാണ് കഴിയുക? ഇതിനെതിരെ ജനരോഷമുണ്ടായപ്പോൾ അതിനെ മറികടക്കാൻ സർക്കാർ, റവന്യൂ-തദ്ദേശഭരണ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷക സംഘടനകൾ, മറ്റ് സംഘടനകൾ തുടങ്ങിയവരെയെല്ലാം സഹകരിപ്പിച്ചുകൊണ്ട് ഹെൽപ്പ് ഡെസ്കുകൾ തുടങ്ങുകയെന്ന തന്ത്രമാണ് പയറ്റിയത്. ഭരണ-പ്രതിപക്ഷ പ്രാദേശികനേതാക്കളും സംഘടനകളും ചേർന്ന് സർക്കാർ ചെലവിൽ നടത്തിയ ഹെൽപ്പ് ഡെസ്ക് സർക്കസ് ആകട്ടെ പ്രശ്നപരിഹാരത്തിന് ഉതകിയില്ല. അതായിരുന്നില്ല സർക്കാരിന്റെ ലക്ഷ്യവും.
സുപ്രീംകോടതി വിധിയിന്മേൽ കേന്ദ്രസർക്കാർ നൽകിയ ഹർജിയിൽ വിധി പറയാനിരിക്കുന്ന ജനുവരി 11ന് മുമ്പെങ്കിലും സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് സമർപ്പിക്കണമായിരുന്നു. സർക്കാർ പുറത്തുവിട്ട അബദ്ധപഞ്ചാംഗത്തിനെതിരെ പരിഭ്രാന്തരായ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ പരാതി സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 3ഉം പിന്നീട് ജനുവരി 7ഉം ആയി നീട്ടി നൽകി. എന്നാൽ ഹെൽപ്പ് ഡെസ്ക് എന്ന സേഫ്റ്റി വാൽവുകൊണ്ട് ജനശ്രദ്ധ തിരിച്ചുവിടാൻ കുറച്ചൊക്കെ സർക്കാരിന് കഴിഞ്ഞെങ്കിലും ജനങ്ങൾ ഇപ്പോഴും പരിഭ്രാന്തിയിൽ തന്നെയാണ്. ജനങ്ങളെ ശാന്തരാക്കി നിർത്താൻ ഭരണ – പ്രതിപക്ഷ പാർട്ടികളും, സമരവുമായി രംഗത്തിറങ്ങിയിരിക്കുന്ന ചില സമുദായ വിഭാഗങ്ങളും എല്ലാം ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. തങ്ങളെല്ലാം 1 കി.മീ. ബഫർ സോണിന് എതിരാണെന്ന് തോന്നിപ്പിക്കുന്ന പ്രകടനം അവർ നടത്തുന്നുണ്ട്. ഒപ്പം, അത് നിവിർത്തിക്കാൻ ആവശ്യമായ നീക്കങ്ങളിൽ നിന്നും അകലം പാലിക്കുകയും ചെയ്യുന്നുണ്ട്.
പ്രശ്നത്തിന്റെ കാതൽ എന്താണ് ? ഓരോ സംസ്ഥാനത്തിന്റെയും പ്രദേശത്തിന്റെയും ഭൂമിയുടെയും ജനജീവിതത്തിന്റെയും എക്കോളജിയുടെയും സവിശേഷതകൾ പരിഗണിക്കാതെ രാജ്യത്താകെ ബാധകമായ വിധം 1 കി.മീ. ബഫർ സോൺ നടപ്പാക്കണമന്ന സുപ്രീം കോടതി വിധി ശാസ്ത്രീയമാണോ എന്നതാണ് പ്രധാന ചോദ്യം. ഇത്തരമൊരു വിധിയിലേക്ക് നയിച്ച സാഹചര്യത്തെ സംസ്ഥാനത്തെ സർക്കാരുകൾക്ക് സ്വാധീനിക്കാൻ കഴിയുമായിരുന്നില്ലേ ? അതവർ നിറവേറ്റിയോ ? ഇനി, വിധി ഉണ്ടായ സാഹചര്യത്തിൽ, ഇതിൽ നിന്നും ഇളവ് ആവശ്യമുള്ളവർ കേന്ദ്ര എംമ്പവർ കമ്മിറ്റിയുടെയും മന്ത്രാലയത്തിന്റെയും അനുമതിയോടെ വീണ്ടും കോടതിയെ സമീപിക്കാം എന്ന സാദ്ധ്യത ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ മലയോര ജനതയുടെ പ്രയാസത്തിന് പരിഹാരം ഉണ്ടാക്കാൻ സർക്കാർ ബാദ്ധ്യസ്ഥമല്ലേ ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഭരണത്തിലിരുന്നവർക്കും ഇപ്പോള് ഇരിക്കുന്നവർക്കും ഉത്തരവാദിത്വമുണ്ട്.
ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വന്യമൃഗശല്യം മുതൽ കാലാവസ്ഥാ വ്യതിയാനം വരെയുള്ള അനേകം കാര്യങ്ങൾ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. 1972 ലെ വന്യജീവി സംരക്ഷണനിയമം രാജ്യത്ത് നിലവിൽവന്നശേഷം വനം വന്യജീവി സംരക്ഷണത്തിനായി പലതരം നീക്കങ്ങൾ ഭരണതലത്തിലും നീതിന്യായ തലത്തിലും ഉണ്ടായിട്ടുണ്ട്. 2022ജൂൺ 3ന് ഉണ്ടായ സുപ്രീംകോടതി വിധിക്ക് ആധാരമായ കേസുതന്നെ, 1995ൽ ടി.എൻ.ഗോദവർമ്മ തിരുമുൽപ്പാട് (നിലമ്പൂർ, മലപ്പുറം) നൽകിയതാണ്. ദേശീയ പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമായി പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് 2011 ൽ കേന്ദ്ര പരിസ്ഥിതി – വനം ( വന്യജീവി വിഭാഗം) വകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ കൊണ്ടുവരാന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. 2011ൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ വന്നപ്പോൾ അതിന്റെമേൽ വേണ്ട രീതിയിൽ പ്രതികരിക്കാൻ അന്നത്തെ സർക്കാർ ശ്രമിച്ചില്ല.
ആ മാർഗ്ഗരേഖ അനുസരിച്ച് നിരോധിതം, നിയന്ത്രിതം, അനുവദനീയം എന്നീ മൂന്ന് പട്ടികകളിലായി ഈ മേഖലകളിലെ പ്രവർത്തികളെ തരം തിരിച്ചിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലുള്ള ഖനനം, ഈർച്ചമില്ലുകൾ, ജല-വായു-മണ്ണ്-ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ, കച്ചവടാവശ്യത്തിനുള്ള വിറക് ഉപയോഗം, വലിയ ജല വൈദ്യുതനിലയങ്ങൾ, അപകടകരമായ വസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും, പ്രകൃതിദത്ത ഒഴുക്കുകളിലേയ്ക്ക് മലിനജലം ഒഴുക്കുന്നത് എന്നിവയെല്ലാം കർശനമായി നിരോധിക്കപ്പെട്ട (Prohibited) പട്ടികയിൽപ്പെടുന്നതാണ്. മരംവെട്ട്, ഹോട്ടൽ-റിസോർട്ട് എന്നിവ സ്ഥാപിക്കുന്നത്, കാർഷികവ്യവസ്ഥയിൽ കടുത്തമാറ്റം, വെള്ളത്തിന്റെ വിപണന ഉപയോഗം, വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്നത്, ഹോട്ടലിനും ലോഡ്ജിനും മതിൽ കെട്ടുന്നത്, പോളിത്തീൻ ബാഗ്, റോഡ് വീതികൂട്ടൽ, രാത്രികാല വാഹനയാത്ര, വിദേശ സുഗന്ധവ്യഞ്ജനങ്ങൾ, കുന്നുകളുടെയും നദീതീരങ്ങളുടെയും ചരിവ് മാറ്റൽ, വായു-വാഹന മലിനീകരണം, സൈൻ ബോർഡുകൾ എന്നിവയെല്ലാമാണ് നിയന്ത്രിത (Regulated) പട്ടികയിലുള്ളത്. ജൈവകൃഷി, മഴവെള്ള സംഭരണം, പുനരുൽപ്പാദന ഊർജ്ജം, ഗ്രീൻ ടെക്നോളജി എന്നിവയെല്ലാം അനുവദനീയ (Permitted) പട്ടികയിലുണ്ട്.
ഈ ഗൈഡ് ലൈനിൽ പറയുന്ന നിരോധനവും നിയന്ത്രണവുമുള്ള കാര്യങ്ങൾ ബഫർ സോണിൽ ജീവിക്കേണ്ടി വരുന്ന ജനങ്ങൾക്ക് എത്രമാത്രം ജീവിതപ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കാലങ്ങളായി ചെയ്തുവരുന്ന രാസവളം ഉപയോഗിച്ചുള്ള കൃഷി അതേപടി തുടരാൻ കഴിയാത്ത സ്ഥിതി മാത്രം മതി കർഷകങ്ങടെ ജീവിതം താറുമാറാക്കാൻ. എന്നാൽ, യഥാർത്ഥ പ്രശ്നം, ഈ പട്ടികയിലൊന്നും പറയാതെ വിട്ടു കളഞ്ഞ കാര്യങ്ങളാണ്. ഉദാഹരണത്തിന് ഭൂമി ക്രയ വിക്രയത്തെപ്പറ്റി ഒന്നും പറയുന്നില്ല. കേരളത്തിലെ ശക്തമായ ഈ ജനവാസ മേഖലയുടെ ബഫർ സോൺ പ്രഖ്യാപനം തന്നെ സാധാരണ ജീവിതം അസാദ്ധ്യമാക്കുമെന്നതാണ് വാസ്തവം.
കേരളത്തിൽ നിലവിലുള്ള ഇരുപത്തിരണ്ട് സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ വരുന്നതോടെ, ഏതാണ്ട് 4 ലക്ഷം ഏക്കർ ഭൂമി ഈ നിരോധനങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാക്കപ്പെടും. ഒപ്പം, ഏതാണ്ട് ഒന്നരലക്ഷത്തോളം കുടുംബങ്ങളുടെ ജീവിതവും. സുൽത്താൻ ബത്തേരിപോലുള്ള മുനിസിപ്പാലിറ്റികളും അനേകം ചെറുപട്ടണങ്ങളും ഇതിന്റെ പരിധിയിൽവരും. പതിറ്റാണ്ടുകൾ കൊണ്ട് പടുത്തുയർത്തിയ ഇവിടങ്ങളിലെ വ്യാപാര വാണിജ്യസ്ഥാപനങ്ങളും മറ്റനേകം പ്രവർത്തനങ്ങളും നിശ്ചലമാകും.
സുപ്രീംകോടതി വിധിയിൽ എടുത്തുപറയുന്ന ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പരിസ്ഥിതിലോല മേഖലയിൽ എന്താവശ്യത്തിനുള്ളതാണെങ്കിലും പുതിയ സ്ഥിരമായ നിർമ്മാണങ്ങൾ അനുവദിക്കുയില്ല (No new permanent construction shall be permitted to come up for whatsoever purpose within the ESZ. – Guidelines for… page.56) എന്ന് സുപ്രീംകോടതി ഉത്തരവിൽത്തന്നെ പ്രത്യേകം പറയുന്നുണ്ട്. കേരളംപോലെ ജനസാന്ദ്രത കൂടുതലുള്ള (819 per sq. km) ഒരു സംസ്ഥാനത്ത് ഒരു കിലോമീറ്റർ ബഫർസോൺ എന്നത് ഈ പ്രദേശത്ത് അധിവസിക്കുന്നവരുടെ മാത്രം പ്രശ്നമായി അവശേഷിക്കുകയില്ല. ദേശീയ ശരാശരി ജനസാന്ദ്രത 431 per sqkm ആണ്. അതിദ്രുതം നഗരവത്ക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനമാണ് ഇന്ന് കേരളം. മലയോര മേഖലയും ഇതിൽ നിന്ന് വ്യത്യസ്തമല്ല.
ബഫർസോൺ മലയോര കുടിയേറ്റ കർഷകരുടെ മാത്രം ഒരു പ്രശ്നമായാണ് പലരും അവതരിപ്പിക്കുന്നത്. കുടിയേറ്റക്കാരുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് സാമുദായിക, സഭാനേതൃത്വങ്ങൾ കൂട്ടുനിന്ന് നടത്തുന്ന സമരങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. സഭാനേതൃത്വം ഇടപെടുന്നുണ്ടോ, ഉണ്ടെങ്കിൽത്തന്നെ അത് ഏതുപരിധിവരെ പോകും, എന്താണ് അവർ ഉയർത്തുന്ന ഡിമാന്റുകൾ എന്നെല്ലാം പരിഗണിച്ചുകൊണ്ട് ഈ പ്രശ്നത്തെ സമീപിക്കുന്നത് ശരിയായ രീതിയല്ല.
കേരളത്തിലെ കുടിയേറ്റത്തിന്റെ ചരിത്രം പാപപങ്കിലമാണെന്ന് വരുത്തിത്തീർക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതും കാണാതിരുന്നുകൂടാ. ഒരു പ്രത്യേക ദേശീയ – അന്തർദ്ദേശീയ സാഹചര്യത്തിലുണ്ടായതാണ് സംസ്ഥാനത്തിനകത്തെ കുടിയേറ്റം. സമൂഹം ഒന്നടങ്കം അന്ന് അതിനെ അംഗീകരിച്ചിട്ടുണ്ട്. അവരെ സഹാനുഭൂതിയോടെ വീക്ഷിച്ചിട്ടുണ്ട്. ഒരു യുദ്ധ കാലഘട്ടത്തിൽ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതുകൊണ്ടു കൂടിയാണ് അവർക്ക് ഭൂമി പതിച്ചു കൊടുക്കാനും പട്ടയം നൽകാനും സർക്കാർത്തന്നെ മുൻകൈയെടുത്തത്. മലയോരമേഖലയിൽ നടത്തിയ കാർഷികവൃത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്നത് ആർക്കും നിഷേധിക്കാൻ കഴിയില്ല.
അതേസമയം, രാഷ്ട്രീയ നേതൃത്വങ്ങളുടെയും അധികാര ശക്തികളുടെയും ഒത്താശയോടെ ഇതിൽ ഒരു ചെറുപക്ഷം ധനിക ഗ്രൂപ്പുകളാകുകയും, പരിസ്ഥിതിയെ തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് കാണാൻ കഴിയും. ഇവരെ ദരിദ്ര-നാമമാത്ര-ഇടത്തരം കർഷകരിൽനിന്നും വേർതിരിച്ച് കാണാൻ കഴിയണം. മലയോരങ്ങളിൽ ജീവിതം കരുപ്പിടിപ്പിച്ച ദരിദ്ര-ഇടത്തരക്കാരായ ഈ ലക്ഷക്കണക്കിന് മനുഷ്യരെ എങ്ങോട്ടാണ് തുരത്തുക ? എവിടെയാണ് പുനരധിവസിപ്പിക്കുക ?
ഇന്ന്, മുതലാളിത്ത – സാമ്രാജ്യത്വ ഭരണകേന്ദ്രങ്ങൾ മുമ്പോട്ട് വയ്ക്കുന്ന സിദ്ധാന്തം, ഭൂമിയും അതിലെ സൗകര്യങ്ങളും എല്ലാം കോർപ്പറേറ്റുകളുടെ, മുതലാളികളുടെ താൽപര്യത്തിന് മാത്രമുള്ളതാണ് എന്നാണ്. അവർ ഭൂമിയുടെ ഓരോ ഇടത്തുനിന്നും പാവപ്പെട്ട മനുഷ്യരെ തുരത്തിക്കൊണ്ടിരിക്കുന്നത് ഇതിന്റെ ഭാഗമാണ്. വനത്തിൽനിന്നും ആദിവാസികളെ പുറത്താക്കുന്നു. അവരുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നു. കടൽത്തീരത്തുനിന്നും കടലിന്റെ മക്കളെ ഒഴിപ്പിക്കുന്നു. വനാതിർത്തിയിലുള്ളവരെ കിലോമീറ്ററുകൾ ദൂരേയ്ക്ക് ഒഴിഞ്ഞുപോകാൻ നിർബ്ബന്ധിതരാക്കുന്നു. റോഡ്, റെയിൽ, വിമാനത്താവളം, തുറമുഖം തുടങ്ങിയ വികസനത്തിന്റെ പേരിലും വ്യാപകമായ കുടിയൊഴിപ്പിക്കലുകൾ നടത്തുന്നു. അതേസമയം ഇവിടങ്ങളിലെല്ലാം അവർക്കാവശ്യമായ – കുത്തകകൾക്കാവശ്യമായ – നിർമ്മാണങ്ങളും പ്രവർത്തികളും നിർബാധം നടത്തുകയും ചെയ്യുന്നു. വനത്തിനുള്ളിൽ വ്യാപകമായ ഖനനം നടത്താനും, ടൂറിസത്തിന്റെ പേരിൽ വൻ നിർമ്മാണങ്ങൾ നടത്താനും അവർക്ക് യാതൊരു തടസ്സവുമില്ല. വാഹനയാത്രയ്ക്കും ഹോട്ടൽ – മോട്ടൽ നടത്തിപ്പിനും ഒരു നിരോധനവും ബാധകമാകുന്നില്ല.
തീരത്തിന്റെ സ്ഥിതിയും ഇതുതന്നെ. നൂറ്റാണ്ടുകൾ തലമുറയായി കഴിഞ്ഞു വന്ന മത്സ്യത്തൊഴിലാളികളോട് തീരത്തു നിന്നും ദൂരേയ്ക്ക് പോകാനാണ് പറയുന്നത്. ദീപുകളിൽ നൂറ്റാണ്ടുകളായി അധിവസിച്ചു വന്ന ദീപ് നിവാസികളെ പുറത്താക്കുകയാണ്. ഇവിടെയൊക്കെ വമ്പൻമാർ ബിസിനസ്സ് ആവശ്യത്തിനുള്ള നിർമ്മിതികൾ നടത്തും. മലയും തീരവും മാത്രമല്ല, മലയോരവും ഒഴിപ്പിച്ചെടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പാവപ്പെട്ട മനുഷ്യരോട് ഇത് നിങ്ങളുടെ ഭൂമിയല്ല, ഞങ്ങളുടേത് മാത്രമാണ് എന്നാണിവർ വിളംബരം ചെയ്യുന്നത്. തികച്ചും മനുഷ്യത്വവിരുദ്ധമായ തത്വമാണ് ഇതിന്റെ പിന്നിലുള്ളത്.
പരിസ്ഥിതി-കാലാവസ്ഥ സംരക്ഷണത്തിന്റെയൊക്കെ പേരിൽ ഭരണകൂടം നടത്തുന്ന ഈ ഫാസിസ്റ്റ് നീക്കത്തിന്റെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണം. അതേസമയം പരിസ്ഥിതി സംരക്ഷണം യഥാർത്ഥത്തിൽ ഉറപ്പുവരുത്താൻ ആദിവാസികളും കർഷകരും ഉൾപ്പെടെയുള്ള കോടിക്കണക്കിന് സാധാരണ മനുഷ്യർക്കാണ് കഴിയുക എന്ന യാഥാർത്ഥ്യവും മനസ്സിലാക്കണം. അവർ സ്വതസിദ്ധമായ രീതിയിൽ, നൈസർഗ്ഗീകമായി തന്നെ, പരിസ്ഥിതി കാത്തു പുലർത്താൻ പരിശ്രമിക്കുന്നവരാണ്. പരിസ്ഥിതി സംരക്ഷണം കോടതി ഉത്തരവുകൾകൊണ്ടും ഭരണനടപടികൾകൊണ്ടും മാത്രം നടത്താവുന്ന ഒന്നല്ല. വിപുലമായ ജനങ്ങളുടെ, ആദിവാസികളും കർഷകരും തൊഴിലാളികളും ഉൾപ്പെട്ട ജനവിഭാഗങ്ങളുടെ, അകമഴിഞ്ഞ പിന്തുണയിലും നേതൃത്വത്തിലുമാണ് അത് സാധ്യമാകുന്നത്. അവരെ വിശ്വാസത്തിലെടുക്കാത്ത ഒരു നടപടിക്കും സമീപനത്തിനും അത് കഴിയുകയില്ല. ഒരു വലിയ ഭൂപ്രദേശത്ത് പതിറ്റാണ്ടുകളായി അധിവസിക്കുന്നവരെ ശത്രുക്കളും പരിസ്ഥിതി വിരുദ്ധരുമായി ചിത്രീകരിച്ചുകൊണ്ടുള്ള ഭരണ നടപടികൾകൊണ്ട് പരിസ്ഥിതി-വന്യമൃഗ-വനംസംരക്ഷണം സാധ്യമല്ല.
എൽഡിഎഫ് സർക്കാർ ബഫർ സോൺ വിഷയത്തിൽ തുടക്കം മുതലേ കള്ളക്കളിയാണ് നടത്തുന്നത്. 2019ലെ ഒരു കിലോമീറ്റർ ബഫർസോൺ എന്ന മന്ത്രിസഭാ തീരുമാനവും ഇപ്പോൾ ജനവാസ മേഖലയെ ഒഴിവാക്കിക്കൊണ്ടുള്ള ബഫർസോണിനുവേണ്ടി ശ്രമിക്കുന്നുവെന്ന അവകാശവാദവും എല്ലാം ഇതാണ് കാണിക്കുന്നത്. സുപ്രീംകോടതി വിധിയിൽ കാര്യക്ഷമമായി ഇടപെടാൻ ആവശ്യമായ സമയമുണ്ടായിരുന്നിട്ടും അതിൽ ആത്മാർത്ഥമായി ഒന്നും ചെയ്യാതെ ഇപ്പോൾ സമയം നീട്ടിവാങ്ങും എന്ന പ്രത്യാശയാണ് പ്രകടിപ്പിക്കുന്നത്. ഉപഗ്രഹ സർവേ റിപ്പോർട്ട് അവസാന നിമിഷം മാത്രം പുറത്തുവിട്ട് പരിഭ്രാന്തി പടർത്തിയത് എന്തിനുവേണ്ടിയാണ് ? അതിനുശേഷം, ഈ ഉപഗ്രഹ സർവേ റിപ്പോർട്ടല്ല കോടതിയിൽ കൊടുക്കുക എന്നും, വനം വകുപ്പ് 2020-21ൽ നടത്തിയ സർവേയും കരട് ഭൂപടവുമാണ് കൊടുക്കുകയെന്നും പറഞ്ഞു. അതും ജനങ്ങളുടെ അറിവിലേക്കായി സർക്കാർ പുറത്തുവിട്ടു. അതേസമയം ഉപഗ്രഹസർവേ റിപ്പോർട്ട് മാത്രമേ കോടതിയിൽ സമർപ്പിക്കാൻ കഴിയു എന്നത് ഏവർക്കും അറിവുള്ളതാണ്. രണ്ട് സർവേകൾ പുറത്തുവിട്ട് ജനങ്ങളോട് പരാതി നൽകാൻ ആവശ്യപ്പെട്ട് ആശയക്കുഴപ്പമുണ്ടാക്കിയത് സർക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമാണ്.
ആദിവാസികളും ദരിദ്ര കർഷകരുമുൾപ്പെടെ വലിയൊരു വിഭാഗത്തിന് പരാതികൊടുക്കാൻ കഴിയില്ലെന്ന് സർക്കാരിന് അറിയാം. സർക്കാർ ഒരു രേഖ പ്രസിദ്ധീകരിച്ച്, ഈ രേഖയിൽപെടാത്ത ആളുകളും വീടുകളും നിർമ്മിതികളും ഉണ്ടെങ്കിൽ അത് തെളിയിക്കണമെന്ന് പാവപ്പെട്ട ജനങ്ങളോട് പറയുകയാണ്. അതിന് അഞ്ചോ പത്തോ ദിവസം അനുവദിച്ചിരിക്കുന്നു എന്നും പ്രഖ്യാപിക്കുന്നു. ഒരാൾ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് അയാൾ തന്നെ തെളിവ് ശേഖരിച്ച് തെളിയിക്കണമത്രേ ! അതിനു കഴിയാത്തവർ ഇവിടെ ഇല്ലാത്തവരാകും. രേഖയിൽ ഇല്ലാത്തവരാകും. അവർ പുറത്തു പോകേണ്ടി വരും. ഇത് പുറത്താക്കലിന്റെ രാഷ്ട്രീയമാണ്. കേന്ദ്ര സർക്കാർ ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവന്ന് ചെയ്തതിന് ഏതാണ്ട് സമാനം. ലക്ഷദ്വീപിൽ ചെയ്യുന്നതിന് സമാനം.
എക്കോളജിക്കൽ പരിഹാരമുണ്ടാക്കേണ്ട സ്ഥാനത്ത് പൊളിറ്റിക്കൽ പരിഹാരം നിർദ്ദേശിച്ച് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.ഇന്ത്യയിൽ എല്ലായിടത്തും ഒരുപോലെ ഒരു കിലോമീറ്റർ ബഫർസോൺ എന്നത് തികച്ചും അശാസ്ത്രീയമായ രാഷ്ട്രീയ തീരുമാനമായേ കാണാൻ കഴിയു. അതുകൊണ്ടാണ് ആദ്യം പത്ത് കിലോമീറ്റർ പറയുകയും, ഒരു സുപ്രഭാതത്തിൽ ഒരു കിലോമീറ്റർ ആക്കുകയും ചെയ്തത്. ബഫർസോൺ വിഷയത്തിൽ ഇതുവരെ തീരുമാനമെടുക്കാത്ത സംസ്ഥാനങ്ങളിൽ പത്ത് കിലോമീറ്റർ വീതിയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ഈ വിധിയിൽപോലും പറയുന്നുണ്ട്. ഇതിനൊന്നും യാതൊരു ശാസ്ത്രീയ മാനദണ്ഡങ്ങളും സ്വീകരിക്കുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്.
എല്ലാ കാലത്തും പരിസ്ഥിതിക്ക് ദോഷം വരുത്തിയത് ഭരണാധികാരികളാണ്. ബ്രിട്ടീഷ് ഭരണകാലത്ത്, അവരുടെ മൂലധന-വിനോദ താല്പര്യങ്ങൾക്കനുസരിച്ച് വനത്തെ ഉപയോഗിക്കുകയും അതിനുള്ള നിയമങ്ങളുണ്ടാക്കുകയും ചെയ്തു. വനത്തിൽ ജീവിച്ചിരുന്നവരെ പുറത്താക്കി യഥേഷ്ടം ഉപയോഗിക്കാൻ പാകത്തിൽ വനം അവർ റിസർവ് ചെയ്തു. കടുവകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വേട്ടയാടി വ്യാപകമായി നശിപ്പിച്ചു. ഏതാണ്ട് അതേ രീതിയിലാണ് സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളും ഇപ്പോൾ ചെയ്യുന്നത്. കോർപ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കാൻ വനത്തിൽനിന്ന് ആദിവാസികളെ ഉൾപ്പെടെ പുറത്തേക്ക് ഓടിക്കുന്നു. എന്നിട്ട് വനം-പരിസ്ഥിതി സംരക്ഷണം പറഞ്ഞുകൊണ്ടുതന്നെ വിശേഷ ധാതുക്കളുടെ വൻതോതിലുള്ള ഖനനം നടത്തുന്നു. കൂറ്റൻ റിസോർട്ടുകളും ടൂറിസത്തിനാവശ്യമായ നിർമ്മിതികളും ഉണ്ടാക്കുന്നു. സൈനികാവശ്യങ്ങൾക്കായി ഏതു പരിധിവിട്ടും വൻസ്ഫോടനവും വെടിവയ്പും മറ്റും നടത്തുന്നു. ഇതിനെല്ലാം നിയമങ്ങൾ വഴിമാറുന്നത് എന്തുകൊണ്ട് ? കോർപ്പറേറ്റ് ഖനനത്തിനുവേണ്ടി നിയമങ്ങളിൽ ഇളവുകൾ വരുത്തുന്നത് എന്തുകൊണ്ട് ? പശ്ചിമഘട്ട മലനിരകളിൽ നടക്കുന്ന വൻകിടക്കാരുടെ കൈയേറ്റങ്ങളും പരിധിവിട്ട നിർമ്മിതികളും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയല്ലേ ?
സംസ്ഥാനത്തിലും ഇതേ മാതൃക കാണാം. ടൂറിസത്തിന്റെ പേരിൽ ജംഗ്ഗിൾ സവാരിയും ജീപ്പ് ട്രിപ്പും നടത്തുന്നതിൽ സർക്കാർ യാതൊരു അപാകതയും കാണുന്നില്ല. ക്വാറി പ്രവർത്തിക്കാൻ വനാതിർത്തിയിൽ നിന്നും മിനിമം 500 മീറ്റർ വേണമെന്ന നിയമം മാറ്റി 50 മീറ്റർ ആക്കി കുറച്ചത് പിണറായി സർക്കാരാണ്. ഇതിലെ ശാസ്ത്രീയത എന്താണ്? എന്ത് പരിസ്ഥിതി സംരക്ഷണമാണിത് ? ഭരണകക്ഷിക്ക് ലഭിക്കുന്ന ഫണ്ടിന്റെ നല്ലൊരുപങ്ക് ക്വാറി മുതലാളിമാരിൽനിന്ന് ആകുന്നതിന്റെ രഹസ്യം ആർക്കും തിരിയില്ലെന്നാണോ ? ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ടുള്ള ബഫർസോൺ മതിയെന്ന് വാദിക്കും എന്ന് പറയുമ്പോൾതന്നെ തികച്ചും അവ്യക്തവും പരസ്പരവിരുദ്ധവുമായ സർവെകളും റിപ്പോർട്ടുകളും എഴുന്നള്ളിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. പ്രതിപക്ഷവും, ഒരു പരിധിവരെ, സമരം നടത്തുമെന്ന് പറയുന്ന ചില സംഘടനകളും സർക്കാരിന്റെ ഈ ഇരട്ടത്താപ്പിന് കുഴലൂതുകയാണ്. എല്ലാവരുടെയും നോട്ടം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലാണ്.
ഇത്തരം സുപ്രധാന വിഷയങ്ങൾപോലും വളരെ സങ്കുചിതമായ താല്പര്യങ്ങൾ മുൻനിർത്തി കൈകാര്യം ചെയ്യുന്ന ഭരണ നേതൃത്വങ്ങളിൽനിന്നും സത്യസന്ധമായ പരിസ്ഥിത സൗഹാർദ സമീപനമോ ജനാനുകൂല നിലപാടോ പ്രതീക്ഷിക്കാനാവില്ല. അതിനുള്ള രാഷ്ട്രീയ-സാംസ്കാരിക പക്വത ഇനിയും സമൂഹം തന്നെ ആർജ്ജിക്കേണ്ടിയിരിക്കുന്നു.