നേതാജിയുടെ പാത പിന്തുടരുകയാണെന്ന നരേന്ദ്ര മോദിയുടെ അവകാശവാദം തികച്ചും അപഹാസ്യം

800px-Subhas_Chandra_Bose_NRB.jpg
Share

ഡൽഹിയിലെ ഇന്ത്യാഗേറ്റിൽ നേതാജിയുടെ 28അടി ഉയരമുള്ള പ്രതിമ കഴിഞ്ഞ സെപ്തംബർ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. രാജ്പഥിന് ‘കർത്തവ്യപഥ് ’ എന്ന് പുനർനാമകരണവും നടത്തി. തദവസരത്തിൽ അദ്ദേഹം പറഞ്ഞത്, കോളനിവാഴ്ച സൃഷ്ടിച്ച വിധേയത്വ മനോഭാവത്തിൽ നിന്ന് മുക്തമായ ഒരു പുതിയ ഇന്ത്യ പിറവിയെടുത്തിരിക്കുന്നു എന്നത്രെ. ബ്രിട്ടീഷുകാരുടെ അടിമകളായി നൂറ്റാണ്ടുകൾ കഴിയേണ്ടിവന്നതിന്റെ ഓർമ്മ അവശേഷിപ്പിക്കുന്ന പേരാണ് രാജ്പഥ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പേര് മാറ്റുന്നതിലൂടെ അടിമത്തത്തിന്റെ ആ ചരിത്രം എന്നെന്നേയ്ക്കുമായി തുടച്ചുനീക്കപ്പെടുകയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇനി നമ്മൾ കർത്തവ്യത്തിന്റെ പാതയിലൂടെയാണ് കാലടികൾ വയ്ക്കാൻ പോകുന്നത്. ഇനി നമുക്ക് നമ്മുടേതായ തീരുമാനങ്ങളും മാതൃകകളുമുണ്ട്. നമ്മുടെ ഭാഗധേയം നമ്മളാണ് നിർണ്ണയിക്കുക. നമുക്കിനി കെട്ടുപാടുകളില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നേതാജി നൽകിയ അമൂല്യമായ സംഭാവനകൾ ഉയർത്തിക്കാട്ടിയ മോദി, സ്വാതന്ത്ര്യാനന്തരമുണ്ടായ ഗവൺമെന്റ് നേതാജിയുടെ നേട്ടങ്ങളെ അംഗീകരിക്കാൻ കൂട്ടാക്കിയില്ലെന്നും ആരോപിച്ചു. ‘‘ഇന്ന്, ഒരിക്കൽ ജോർജ് അഞ്ചാമൻ രാജാവിന്റെ മാർബിൾ പ്രതിമ നിലയുറപ്പിച്ചിരുന്ന അതേ സ്ഥലത്ത്, ഇന്ത്യാഗേറ്റിൽ നേതാജിയുടെ പ്രതിമ സ്ഥാപിച്ചതുവഴി നേതാജിക്ക് അർഹമായ സ്ഥാനം നൽകിയിരിക്കുന്നു. ബ്രിട്ടീഷ് അടിമത്ത വാഴ്ചയുടെ എല്ലാ ലക്ഷണങ്ങളും നമ്മൾ നീക്കം ചെയ്തിരിക്കുന്നു’’ എന്നാണ് മോദി അവകാശപ്പെട്ടത്.


കോളനി വാഴ്ചയുടെ അവശേഷിപ്പുകൾ തുടച്ചുനീക്കുന്നു എന്ന വീരവാദം


അവശേഷിപ്പുകൾ നീക്കുക എന്നത് വലിയകാര്യമായിത്തോന്നാം. എന്നാൽ അതിന്റെ അർത്ഥമെന്താണ് ? ഒരു റോഡിന്റെ പേരുമാറ്റുന്നതോ ഒരു പ്രതിമ മാറ്റിസ്ഥാപിക്കുന്നതോ ആണോ അത്. അതോ, സാമ്രാജ്യത്വ ഭരണകാലത്തെ എല്ലാത്തരം അടിച്ചമർത്തലുകളിൽനിന്നും മുക്തമായൊരു ഭരണം സ്ഥാപിക്കുന്നതോ? മഹത്തായ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർ സ്വപ്നം കണ്ടത് സാമ്രാജ്യത്വ അടിച്ചമർത്തലുകളിൽനിന്നും അടിമത്തത്തിൽനിന്നുമൊക്കെ മുക്തമായൊരു രാജ്യമാണ്. എല്ലാ പൗരന്മാരുടെയും അനുസ്യൂതമായ വികാസം ഉറപ്പാക്കാൻ കഴിയുന്ന, തൊഴിലും ന്യായമായ വേതനവുംവഴി സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു ഇന്ത്യയാണ് അവർ പ്രതീക്ഷിച്ചത്. കോളനിവാഴ്ചയുടെ അടയാളമായിരുന്ന ദാരിദ്ര്യം, വിലക്കയറ്റം, അഴിമതി, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത, പട്ടിണിമരണം, അനീതി, അടിച്ചമർത്തൽ, പീഡനം, സംസാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള അവകാശങ്ങളുടെ നിഷേധം, ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയുമൊക്കെ പേരിലുള്ള വിദ്വേഷം കുത്തിവെച്ച് അദ്ധ്വാനിക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കൽ, പെരുകുന്ന അസമത്വം തുടങ്ങിയവയ്ക്കൊക്കെ അന്ത്യംകുറിക്കപ്പെടുമെന്നും അവർ കരുതി. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നത് എന്നെന്നേയ്ക്കുമായി നിർമ്മാർജ്ജനം ചെയ്യപ്പെടുമെന്നും പ്രകൃതി വിഭവങ്ങളുടെമേൽ എല്ലാവർക്കും അവകാശമുണ്ടായിരിക്കുമെന്നും സ്വാർത്ഥ നേട്ടങ്ങൾക്കായി ഏതെങ്കിലും വിദേശഭരണാധികാരികളോ ഏജൻസികളോ തങ്ങളെ കൊള്ളയടിക്കില്ലെന്നുമൊക്കെ അവർ പ്രതീക്ഷിച്ചു.
ബ്രിട്ടീഷുകാർ ഇന്ത്യവിട്ടതോടെ ഈ ദുരിതങ്ങളെല്ലാം അവസാനിച്ചോ? ജനങ്ങൾക്ക് അധികാരം ലഭിച്ചോ? ഇല്ലെന്നാണ് അനുഭവം പറയുന്നത്. അധികാരം കിട്ടിയത് മുതലാളിവർഗ്ഗത്തിനാണ്. അവർ കുത്തക സ്വഭാവമാർജിക്കുക മാത്രമല്ല, സാമ്രാജ്യത്വ ഘട്ടത്തിലുമെത്തിക്കഴിഞ്ഞു. പരമാവധി ചൂഷണമാണ് അതിന്റെ അടിസ്ഥാനം. ഭരണാധികാരികൾ മാറിയെങ്കിലും ഭരണത്തിന് മാറ്റമില്ല. മുതലാളിത്തവ്യവസ്ഥ അതിന്റെതന്നെ നിയമങ്ങൾ പ്രകാരം അപരിഹാര്യമായ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നതിനാൽ, ആ പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ ചുമലിൽ ഇറക്കിവെച്ച് അവരുടെ ജീവിതം നാൾചെല്ലുന്തോറും അങ്ങേയറ്റം ദുരിതമയമാക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് എല്ലാ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളുടെയും പൊതുസ്വഭാവമായി ഫാസിസം മാറിയിരിക്കുന്നുവെന്ന്, ഈ യുഗം ദർശിച്ച സമുന്നത മാർക്സിസ്റ്റ് ദാർശനികൻ സഖാവ് ശിബ്‌ദാസ് ഘോഷ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന സാമ്പത്തിക-രാഷ്ട്രീയ കേന്ദ്രീകരണം, സാംസ്കാരികമായ ചിട്ടപ്പെടുത്തൽ, മൂല്യങ്ങളുടെ നിരാസം, വർദ്ധിച്ചുവരുന്ന ഭരണകൂട ഭീകരത, ജനാധിപത്യാവകാശങ്ങൾ കവർന്നെടുക്കൽ, എതിർ ശബ്ദങ്ങളെ അമർച്ച ചെയ്യൽ തുടങ്ങിയ പ്രവണതകളൊക്കെ സ്വതന്ത്ര ഇന്ത്യയിൽ വളരെ പ്രകടമായി കാണാം. മുതലാളിത്ത ഭരണകൂടത്തിന്റെ നടത്തിപ്പുകാരൻ മാത്രമാണ് ഗവൺമെന്റ്. ബിജെപിയും മുൻഗാമിയായ കോൺഗ്രസ്സിനെപ്പോലെ മുതലാളിവർഗ സേവ നടത്തുകയും കുത്തകാനുകൂലവും തികച്ചും ജനാധിപത്യവിരുദ്ധവുമായ നയങ്ങൾ നടപ്പിലാക്കുകയുമാണ്. സ്വാഭാവികമായും ജനജീവിതം അടിക്കടി തകരുന്നു.


അപ്പോൾ, കോളനി ഭരണത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു എന്ന അവകാശവാദം എത്ര പൊള്ളയാണ്. എന്തിനധികം, എലിസബത്ത് രാജ്ഞി മരിച്ചപ്പോൾ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു മോദി സർക്കാർ. ദേശീയ പതാക പകുതി താഴ്ത്തി. എല്ലാ ആഘോഷങ്ങളും മാറ്റിവെച്ചു. രാജ്ഞിയുടെ 70 വർഷത്തെ ഭരണകാലത്ത് ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. കോമൺവെൽത്തിന്റെ നേതൃത്വം എന്ന നിലയിൽ ലോകമെമ്പാടുമുള്ള ജനലക്ഷങ്ങളുടെ ക്ഷേമത്തിൽ രാജ്ഞി സുപ്രധാന പങ്കുവഹിച്ചതായും പറഞ്ഞു. എന്നാൽ യാഥാർത്ഥ്യമെന്താണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് ഭരണകൂടത്തിന്റെ ആവശ്യങ്ങൾക്കെല്ലാം അംഗീകാരം നൽകുകമാത്രമാണവർ ചെയ്തത്. ബ്രിട്ടീഷ് ഭരണാധികാരികൾ ചിത്രീകരിക്കുന്നതുപോലെ അവർ ബ്രിട്ടണിലെ സാധാരണ ജനങ്ങളുടെ അക്ഷീണ സേവിക ആയിരുന്നില്ല. ജീർണോന്മുഖമായ രാജാധിപത്യത്തിന്റെ പ്രതിനിധിക്ക് ഒരിക്കലും ബ്രിട്ടണിലെ അദ്ധ്വാനിക്കുന്ന ജനങ്ങളെ പ്രതിനിധീകരിക്കാൻ കഴിയില്ലല്ലോ. ബ്രിട്ടണിലെയും അതിന്റെ കോളനികളായിരുന്ന രാജ്യങ്ങളിലെയും ജനങ്ങളെ നൂറ്റാണ്ടുകളോളം കൊള്ളയടിച്ചുണ്ടാക്കിയതാണ് രാജകുടുംബത്തിന്റെ സ്വത്ത്. ഇന്നും ബ്രിട്ടന്റെ സാമ്രാജ്യത്വ താല്പര്യങ്ങളുടെ സംരക്ഷണത്തിനായി രാജാധിപത്യത്തെ പ്രതീകാത്മകമായി ഉപയോഗപ്പെടുത്തുന്നു എന്ന കാഴ്ചപ്പാട് ബ്രിട്ടണിലെ പുരോഗമന ചിന്താഗതിക്കാരും പങ്കുവയ്ക്കുന്നുണ്ട്. ഇത്തരമൊരു രാജാധികാരത്തെ പ്രകീർത്തിക്കുകവഴി നമ്മൾ ദീർഘകാലം അനുഭവിച്ച അടിമത്തത്തെ താലോലിക്കുകയാണ് ബിജെപി ഗവൺമെന്റ് ചെയ്യുന്നത്. അതുകൊണ്ട്, ഒരു റോഡ് പുനർനാമകരണം ചെയ്യുന്നതുവഴി മാത്രം നമ്മൾ ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചയുടെ അവശേഷിപ്പുകളെ തുടച്ചുനീക്കുകയൊന്നുമില്ല.


ദേശീയതയെക്കുറിച്ചും മതോന്മുഖതയെക്കുറിച്ചും നേതാജിയുടെയും ആർഎസ്എസ്-ബിജെപി-ഹിന്ദുമഹാസഭയുടെയും കാഴ്ചപ്പാട്


‘‘ഒരു രാജ്യമെന്ന നിലയിൽ, ശക്തവും ആധുനികവുമായ ഇന്ത്യ എന്ന നേതാജിയുടെ ആദർശമാണ് നമ്മൾ പുൽകുന്നത്’’ എന്നതായിരുന്നു മോദിയുടെ മറ്റൊരു അവകാശവാദം. ബിജെപിക്കും അതിന്റെ മുൻഗാമികൾക്കും നേതാജിയെക്കുറിച്ച് ഉണ്ടായിരുന്ന കാഴ്ചപ്പാട് എന്തായിരുന്നെന്നും വ്യത്യസ്ത വിഷയങ്ങളിൽ രണ്ടുപേരുടെയും ആശയഗതികൾ എന്തായിരുന്നെന്നും നോക്കാം. ഇരുവരുടെയും തത്വചിന്തകളും രാഷ്ട്രീയ നിലപാടുകളും അടിസ്ഥാനപരമായി ഭിന്നമായിരുന്നു എന്ന കാര്യം കഴിഞ്ഞ ഫെബ്രുവരി 1 ലക്കം പ്രോലിറ്റേറിയൻ ഇറയിൽ വിശദമായി ചർച്ച ചെയ്തിരുന്നു. പുതിയ അവകാശവാദങ്ങളുടെ പശ്ചാത്തലത്തിൽ അവ ഒന്നുകൂടി പരിശേധിക്കാം. ആർഎസ്എസ് സൈദ്ധാന്തികനായ എം.എസ്.ഗോൾവാൾക്കർ പറയുന്നു: ‘‘നമ്മുടെ ദേശീയ ബോധത്തിന് രൂപം നൽകിയ പ്രദേശ സംബന്ധമായ ദേശീയതയെക്കുറിച്ചും പൊതുശത്രുവിനെക്കുറിച്ചുമൊക്കെയുള്ള ആശയങ്ങൾ, നമ്മുടെ യഥാർത്ഥ ഹിന്ദു ദേശീയ ബോധത്തിന്റെ സ്പഷ്ടവും പ്രചോദനാത്മകവുമായ ഉള്ളടക്കം നമുക്ക് നിഷേധിക്കുകയും സ്വാതന്ത്ര്യത്തിനായി നടത്തുന്ന സമരങ്ങളെ ഫലത്തിൽ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളാക്കിത്തീർക്കുകയുമാണ് ചെയ്തത്. ബ്രിട്ടീഷ് വിരുദ്ധത ദേശസ്നേഹവും ദേശീയ ബോധവുമായി സമീകരിക്കപ്പെട്ടു. ഈ പിന്തിരിപ്പൻ കാഴ്ചപ്പാട് സ്വാതന്ത്ര്യ സമരത്തിലുടനീളവും അതിന്റെ നേതാക്കളിലും സാധാരണ ജനങ്ങളിലും വിനാശകരമായ ഫലമാണുളവാക്കിയിരിക്കുന്നത്.’’(We or our Nationhood Defined) ‘‘ഹിന്ദുക്കൾ സ്വയം ഒരു രാഷ്ട്രമാണ് അഥവാ ഒരു ദേശീയതയാണ്… ബോധമുള്ള ആർക്കും ഈ ആശയം നിരാകരിക്കാനാവില്ല… നമ്മൾ രാഷ്ട്രം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഭൂരിപക്ഷമെന്ന വിഷയം ഒഴിച്ചുനിർത്തിയാലും, എപ്പോഴും അർത്ഥമാക്കേണ്ടത് ഹിന്ദുരാഷ്ട്രം എന്നല്ലാതെ മറ്റൊന്നുമല്ല. ദേശീയവാദികളായ രാജ്യസ്നേഹികൾക്ക്, ഹിന്ദുവംശത്തെയും രാഷ്ട്രത്തെയും ഹൃദയത്തോട് ചേർത്തുവച്ച് ആരാധിക്കുവാൻ അഭിലഷിക്കുന്നവർക്ക് മാത്രമേ ആ ലക്ഷ്യ പ്രാപ്തിക്കായി ഇറങ്ങിത്തിരിക്കാനും പ്രയത്നിക്കാനും കഴിയൂ. മറ്റുള്ളവരെല്ലാം വഞ്ചകരോ ദേശീയതാല്പര്യത്തിന് എതിര് നിൽക്കുന്നവരോ ആയിരിക്കും’’ എന്നും ഗോൾവാൾക്കർ പറയുന്നു. അപ്പോൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സന്ധിയില്ലാത്ത ധാരയുടെ ഉജ്ജ്വല പ്രതീകമായ നേതാജി ഒന്നുകിൽ വഞ്ചകനാണ് അല്ലെങ്കിൽ ദേശദ്രോഹിയാണ് എന്നാണ് ഈ പറഞ്ഞതിനർത്ഥം. ആർഎസ്എസ്-ബിജെപിയുടെ പ്രത്യയശാസ്ത്ര നിർമ്മിതിയായ ‘ഹിന്ദുത്വ’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത് ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന വി.ഡി.സവർക്കറാണ്. ഹിന്ദുത്വവാദികളുടെ ആചാര്യനായ സവർക്കർക്ക് ബിജെപി ഗവൺമെന്റ് ഭാരതരത്ന ബഹുമതി നൽകാൻ ആലോചിച്ചിരുന്നതാണ്. ഹിന്ദു മഹാസഭയുടെ അഹമ്മദാബാദിൽ ചേർന്ന 19-ാം വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കവെ സവർക്കർ പറഞ്ഞു: ‘‘ശത്രുതാ മനോഭാവത്തോടെ രണ്ട് ദേശീയതകൾ ഇന്ത്യയ്ക്കുള്ളിൽ കഴിയുകയാണ്. പല രാഷ്ട്രീയ നേതാക്കളും വരുത്തുന്ന ഗുരുതരമായ തെറ്റ്, ഇന്ത്യ ഒറ്റ രാഷ്ട്രമായി വിളക്കിച്ചേർക്കപ്പെട്ടു എന്ന് ബാലിശമായി കരുതുന്നതാണ്. അങ്ങനെ ആഗ്രഹിക്കുന്നതുകൊണ്ടുമാത്രം അത് സാദ്ധ്യമാകും എന്നാണവർ കരുതുന്നത്. ഇന്ത്യ ഏകാത്മകമായൊരു രാഷ്ട്രമാണെന്ന് ഇന്ന് കരുതാനേയാകില്ല. നേരെമറിച്ച്, ഹിന്ദുക്കളും മുസ്ലീങ്ങളും എന്ന നിലയിൽ ഇന്ത്യയിൽ പ്രധാനമായും രണ്ട് ദേശീയതകൾ നിലനിൽക്കുന്നു.’’ ഹിന്ദുമത ദർശനത്തെ വഴികാട്ടിയായി സവർക്കറും ഗോൾവാൾക്കറും ഉയർത്തിക്കാണിക്കുമ്പോൾ നേതാജി അത് വ്യർത്ഥമാണെന്ന് കരുതുന്നു. ജാതി-മത ഭിന്നതകൾക്കൊക്കെ അതീതമായ ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്ന അദ്ദേഹം പറയുന്നു:‘‘ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളത്തിൽ ചേർന്ന് ഹിന്ദുക്കൾ സൈനിക പരിശീലനം നേടണമെന്ന് ആഗ്രഹിക്കുന്ന സവര്‍ക്കർ അന്തർദ്ദേശീയ സാഹചര്യം വിസ്മരിക്കുകയാണെന്നുവേണം കരുതാൻ. ഈ അഭിമുഖത്തിൽനിന്ന് ഞാൻ മനസ്സിലാക്കുന്നത് മുസ്ലീം ലീഗിൽനിന്നും ഹിന്ദു മഹാസഭയിൽനിന്നും ഇനി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്… മതം പൂർണ്ണമായും രാഷ്ട്രീയത്തിൽനിന്ന് അകറ്റി നിർത്തപ്പെടണം. മതം ഒരാളുടെ വ്യക്തിപരമായ വിഷയം മാത്രമായിരിക്കണം. മനുഷ്യനെന്ന നിലയിൽ ഏതുമതത്തിലും വിശ്വസിക്കാൻ ജനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാകണം. എന്നാൽ, രാഷ്ട്രീയം മതത്താലോ മറ്റെന്തെങ്കിലും പ്രകൃത്യാതീത സങ്കല്പങ്ങളാലോ നയിക്കപ്പെടാൻ പാടില്ല. സാമ്പത്തികവും രാഷ്ട്രീയവും ശാസ്ത്രീയവുമായ യുക്തി വിചാരമായിരിക്കണം രാഷ്ട്രീയത്തിന് വഴികാട്ടുന്നത്.’’(ക്രോസ് റോഡ്സ്) നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമിയിൽ നിന്ന് മതത്തെ പൂർണമായും പുറത്തുനിർത്തിയിരുന്നു എന്ന കാര്യം ഇവിടെ പറയേണ്ടതുണ്ട്. എല്ലാ മതസ്ഥർക്കുമിടയിൽ സൗഹൃദവും സാഹോദര്യവും വളർത്താൻ ആഹ്വാനംചെയ്യുന്ന ഒരു ഗാനം ഐഎൻഎക്കുവേണ്ടി ആബിദ് ഹുസൈനും മറ്റും തയ്യാറാക്കിയപ്പോൾ നേതാജി പറഞ്ഞതിങ്ങനെ:‘‘മതവും നമ്മുടെ പ്രവർത്തനങ്ങളും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ ഞാൻ അനുവദിക്കില്ല. ദേശീയബോധം മാത്രമായിരിക്കണം നമ്മുടെ അടിസ്ഥാനം. നിങ്ങൾ മതത്തിന്റെ പേരിൽ ഐക്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിച്ചാൽ ഒരിക്കൽ അതേ മതത്തിന്റെ പേരിൽത്തന്നെ അവർ ഭിന്നിക്കും. അവർക്ക് അമ്പലത്തിലോ പള്ളിയിലോ ഗുരുദ്വാരയിലോ പോകാം. എന്നാൽ എന്റെ ലോകത്ത് ദേശീയബോധം ഒഴിവാക്കുന്ന ഒന്നിനും സ്ഥാനമില്ല.’’ മതവിവക്ഷയില്ലാത്ത ‘ജയ് ഹിന്ദ്’ എന്ന അഭിവാദ്യം ഉണ്ടായത് അങ്ങനെയാണ്. സവർക്കർ നേതാജിയെ ‘ജിഹാദി ഹിന്ദു’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഹിന്ദു-മുസ്ലീം ഐക്യം എന്ന നിലപാടും അദ്ദേഹത്തെ ചൊടിപ്പിച്ചു.(ദ വയർ, 22.9.2022)


വർഗീയതാ പ്രശ്നത്തിലെ ഭിന്ന നിലപാട്


1989 മുതൽ ബിജെപി ഉയർത്തിപ്പിടിക്കുന്നത് രാഷ്ട്രീയ പ്രത്യയശാസ്ത്രമായ ‘‘ഹിന്ദുത്വ’’മാണ്. ഇന്ത്യൻ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ആണിക്കല്ലായി ഹിന്ദുമത ‘മൂല്യ’ങ്ങളാണ് അത് മുന്നോട്ടുവയ്ക്കുന്നത്. ഹിന്ദുമതത്തെ രാഷ്ട്രീയവല്ക്കരിച്ച് മുസ്ലീങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്നു. മുസ്ലീം വിരോധം പ്രസംഗിക്കുക മാത്രമല്ല, മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യാൻപോലും ആഹ്വാനം ചെയ്യുന്ന സംഘപരിവാർ നേതാക്കളുണ്ട്. ദേശീയതയുടെ ചിഹ്നങ്ങളെയൊക്കെ മിക്കവാറും മുസ്ലീങ്ങളൊക്കെ അംഗീകരിക്കുന്നുണ്ടെങ്കിലും സംഘപരിവാർ അവരെ കൂറില്ലാത്തവരായി ചിത്രീകരിക്കുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് അസമിൽ ബിജെപി സർക്കാർ ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവന്നത് ഇന്ത്യൻ പൗരന്മാരായ മുസ്ലീങ്ങളെ വിദേശികളായി മുദ്ര കുത്താനായിരുന്നു. അവരെ നാടുകടത്തുകയോ ക്യാമ്പുകളിൽ താമസിപ്പിക്കുകയോ ചെയ്യുകയാണ് ലക്ഷ്യംവച്ചത്. പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നു. ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ ഇടിച്ചു നിരത്തി. മുസ്ലീങ്ങള്‍ക്കുനേരെ പല തരത്തിലുള്ള ആക്രമണങ്ങള്‍ നടന്നു. വര്‍ഗ്ഗീയ ഭ്രാന്ത് വളര്‍ത്തിയെടുക്കുകയായിരുന്നു പദ്ധതി. ഇക്കാര്യത്തില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞതിങ്ങനെ:‘‘ഹിന്ദുസ്ഥാനിൽ വസിക്കുന്ന വിദേശ വംശീയ വിഭാഗങ്ങൾ ഒന്നുകിൽ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദു മതത്തെ ആദരിക്കണം, ഹിന്ദു വംശത്തെയും സംസ്കാരത്തെയും അതായത് ഹിന്ദു ദേശീയതയെ മഹത്വവല്‍ക്കരിക്കാത്ത ഒരാശയവും സ്വീകരിക്കരുത്. അവരുടെ പ്രത്യേകമായ നിലനില്‍പ്പ് ഉപേക്ഷിച്ച് ഹിന്ദുവംശത്തില്‍ ലയിക്കണം. അല്ലാത്തപക്ഷം ഹിന്ദു രാഷ്ട്രത്തിന് സമ്പൂർണ്ണമായും കീഴ്‌വഴങ്ങി ഒരു വിശേഷാവകാശവും ഇല്ലാതെ കഴിഞ്ഞുകൊള്ളണം. പ്രത്യേക പരിഗണന പോയിട്ട് പൗരാവകാശങ്ങൾ പോലും ഉണ്ടായിരിക്കുന്നതല്ല.’’(We or Our Nationhood Defined) അതേ കൃതിയിൽ വീണ്ടും പറയുന്നു: ‘‘ഇത് എന്റെ ഹിന്ദു രാഷ്ട്രമാണ്, ഇതെന്റെ മതവും തത്വചിന്തയുമാണ്. ഞാൻ നിലകൊള്ളേണ്ടതും മറ്റ് രാഷ്ട്രങ്ങൾക്ക് മാതൃകയായി ഉയർത്തിക്കാട്ടേണ്ടതും ഇവ്വിധമാണ് എന്ന ഉത്തമ ബോധ്യം നമുക്കുണ്ടായിരിക്കണം. ഹിന്ദു പുനഃസംഘടനയുടെ ബലത്ത അടിത്തറ ഇതാണ്… നമുക്ക് എന്തിനെയും മറികടന്ന് മുന്നോട്ടുപോകാനും എന്നാൽ, ഒരു പൗരാണിക സത്യമെന്ന നിലയിൽ നമ്മുടെ ദേശീയതയിലേയ്ക്ക്, ഭാരതമെന്നാൽ ഹിന്ദുക്കളുടെ ദേശമാണ് എന്ന വസ്തുതയിലേയ്ക്ക് ഊന്നിനിൽക്കാനം കഴിയണം… നമുക്ക് ഒരിക്കൽക്കൂടി നെഞ്ചുവിരിച്ച്, തലയുയർത്തിപ്പിടിച്ച്, ഹിന്ദുരാഷ്ട്രത്തിന്റെ അന്തസ്സ്, അതിപുരാതനകാലം മുതലേയുള്ള അതിന്റെ ജന്മാവകാശമായ മഹിമയുടെയും യശസ്സിന്റെയും കൊടുമുടിയിലേയ്ക്ക് ഉയർത്തുമെന്ന് പ്രഖ്യാപിക്കണം.’’
‘ഹിന്ദു ഭാരതം’ എന്ന മുദ്രാവാക്യത്തെ നേതാജി രൂക്ഷമായി വിമർശിച്ചിരുന്നു: ‘‘ഹിന്ദുക്കൾ ഭൂരിപക്ഷമായതിനാൽ ‘ഹിന്ദുരാജ്’ എന്ന മുദ്രാവാക്യം കേൾക്കുന്നുണ്ട്. അത് വ്യർത്ഥമായ ചിന്തയാണ്.’’(കുമില്ലയിലെ പ്രസംഗം, 14 ജൂൺ 1938) ‘‘ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും താല്പര്യങ്ങൾ വ്യത്യസ്തങ്ങളാണെന്നതിനേക്കാൾ വലിയ നുണയില്ല.. പട്ടിണി, തൊഴിലില്ലായ്മ, നിരക്ഷരത തുടങ്ങിയവയൊക്കെയാണ് എല്ലാവരുടെയും അടിസ്ഥാന പ്രശ്നങ്ങൾ.’’(രാജ്സാഹിയിലെ പ്രസംഗം, 13 ഏപ്രിൽ 1928) ‘‘ഹിന്ദുമഹാസഭ കടുത്ത വർഗീയതയെ താലോലിക്കുന്ന നിലപാടെടുക്കുന്നു, ഹിന്ദുക്കളടെ മനസ്സിനെ വിഷലിപ്തമാക്കുന്ന വർഗീയ വിഷം വമിക്കുന്നു. ഹിന്ദുമഹാസഭയും മുസ്ലീം ലീഗും മുമ്പത്തേതിനേക്കാൾ കൂടുതൽ വർഗീയ സ്വഭാവമാർജ്ജിച്ചിരിക്കുന്നു.’’(ഒപ്പുവച്ച മുഖപ്രസംഗം, ഫോർവേഡ് ബ്ലോക്ക്, 4 മേയ് 1940) ‘‘ഹിന്ദു മഹാസഭ ശൂലവുമായി സന്ന്യാസിമാരെയും സന്ന്യാസിനികളെയും വോട്ടുപിടിക്കാൻ അയച്ചിരിക്കുന്നു. കാവിയും ശൂലവുമൊക്കെ കാണുമ്പോൾ ഏത് ഹിന്ദുവും വണങ്ങും. മതത്തെ മുതലെടുത്തും അതിനെ മലിനമാക്കിയും ഹിന്ദുമഹാസഭ രാഷ്ട്രീയ രംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മുഴുവൻ ഹിന്ദുക്കളും ഇതിനെ അപലപിക്കണം. രാഷ്ട്രീയ രംഗത്തുനിന്ന് ഇവരെ പുറത്താക്കണം. അവർക്ക് ചെവികൊടുക്കുകയേ ചെയ്യരുത്.’’(ആനന്ദബസാർ പത്രിക, 14 മേയ് 1940) ‘‘സ്വാർത്ഥമതികളായ ചിലർ രണ്ട് മതവിഭാഗക്കാർക്കിടയിൽ ദുഷ്ചിന്തകളും സംഘർഷങ്ങളും കുത്തിപ്പൊക്കുകയാണ്. സ്വാതന്ത്ര്യ സമരത്തെ സംബന്ധിച്ചിടത്തോളം ഇവർ ശത്രുക്കളാണ്. മറ്റ് മതങ്ങളെപ്പോലെ ഇസ്ലാമിനും ഇന്ത്യയിൽ സ്ഥാനമുണ്ട്. എല്ലാ മതങ്ങളുടെയും പാരമ്പര്യവും ആദർശങ്ങളും ചരിത്രവുമൊക്കെ മനസ്സിലാക്കണം. കാരണം, സാംസ്കാരികമായ പരസ്പര സൗഹൃദവും സാദൃശ്യവുമാണ് സാമുദായിക ഐക്യത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും വഴിതെളിക്കുന്നത്… ഈ സാംസ്കാരിക ബന്ധത്തിന് ശാസ്ത്രീയവും മതേതരവുമായ വിദ്യാഭ്യാസം ആവശ്യമാണ്. യാഥാസ്ഥിതികമായ മതവിശ്വാസം സാംസ്കാരിക സഹകരണത്തിന് വലിയ പ്രതിബന്ധമാണ്.’’(മഹാരാഷ്ട്ര പ്രൊവിൻഷ്യൽ സമ്മേളനം, 3 മേയ് 1928)


വർഗീയതാ പ്രശ്നത്തിന് അദ്ദേഹം ഇങ്ങനെ പരിഹാരം നിർദേശിക്കുന്നു: ‘‘വർഗീയതയെന്ന ക്യാൻസർ വേരോടെ പിഴുതുകളയുക അസാദ്ധ്യമാണെന്ന് ഇന്നത്തെ സാഹചര്യത്തിൽ തോന്നാം. എന്നാൽ രാജ്യത്തെയാകെ ഒരു വിപ്ലവ മനോഭാവത്തിലേയ്ക്ക് കൊണ്ടുവന്നാൽ ഈ ദൗത്യം വളരെ എളുപ്പമാകും. സ്വാതന്ത്ര്യ സമരത്തിൽ ഉറ്റ സഖാക്കളായി പൊരുതുമ്പോൾ അവരുടെ ജീവിതത്തിൽ ഒരു പൊതു ലക്ഷ്യത്തിനായുള്ള പ്രചോദനം പ്രകാശിച്ചുതുടങ്ങും. ഇത് ഒരു പുതിയ സമീപനം പ്രദാനം ചെയ്യും. ഒരു പുതിയ കാഴ്ചപ്പാട് ഉരുത്തിരിയും. ഒരു പുതിയ ലോകം അനാവൃതമായിത്തീരും. ഈ വിപ്ലവം സാദ്ധ്യമായിക്കഴിയുമ്പോൾ ഇന്ത്യൻ ജനത ഒരു പുതിയ ജനതയായി പരിണമിക്കും.’’(കുമില്ല, 14 ജൂൺ 1938)


ഫാസിസത്തോടും വംശീയ വെറിയോടുമുള്ള കാഴ്ചപ്പാട്


ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ ഹിറ്റ്ലറെ മാനവരാശിയുടെ കൊടിയ ശത്രുവായി മുദ്ര ചാർത്തുമ്പോൾ, ഗോൾവാൾക്കർ ഹിറ്റ്ലറെയും അയാളുടെ വംശീയ വിഷം വമിക്കുന്ന ചിന്തകളെയും വാനോളം പുകഴ്ത്തുകയാണ്. അദ്ദേഹം പരസ്യമായി പറയുന്നു: ‘‘വംശത്തിന്റെയും അതിന്റെ സംസ്കാരത്തിന്റെയും ശുദ്ധി നിലനിർത്താൻ സെമിറ്റിക് വംശജരായ ജൂതന്മാരെ രാജ്യത്തുനിന്ന് തുരത്തിക്കൊണ്ട് ജർമ്മനി ലോകത്തെ പിടിച്ചുകുലുക്കി. വംശാഭിമാനം അതിന്റെ പാരമ്യത്തിലെത്തുന്നതാണ് അവിടെ കണ്ടത്. അടിമുടി വ്യത്യസ്തതകൾ പുലർത്തുന്ന വംശങ്ങൾക്കും സംസ്കാരങ്ങൾക്കും ഏകാത്മകമായ ഒരു സമൂഹമായി സ്വാംശീകരിക്കപ്പെടുകയെന്നത് എത്രത്തോളം അസാദ്ധ്യമാണെന്നും ജർമ്മനി കാണിച്ചുതന്നു. ഹിന്ദുസ്ഥാനിൽ നമ്മൾ പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ട ഒരു നല്ല പാഠമാണിത്.’’(We or Our Nationhood Defined)
മറ്റൊരു ആർഎസ്എസ് നേതാവും ഗോൾവാൾക്കറുടെ ആശയങ്ങളോട് പൂർണ്ണമായി യോജിച്ചിരുന്നയാളുമായ ദീനദയാൽ ഉപാദ്ധ്യായ ഒരു കടുത്ത മുസ്ലീം വിരുദ്ധനായിരുന്നു. മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ജനങ്ങളിൽ ഭ്രാന്തമായ മുസ്ലീം വിരോധം വളർത്തിയെടുക്കുകയും ചെയ്ത അദ്ദേഹം ഇങ്ങനെകൂടി പറഞ്ഞു: ‘‘വ്യക്തിജീവിതത്തിൽ തെമ്മാടികളായ ഹിന്ദുക്കൾപോലും സംഘം ചേർന്നുകഴിഞ്ഞാൽ എപ്പോഴും നല്ല കാര്യങ്ങളേ ചിന്തിക്കു. എന്നാൽ രണ്ട് മുസ്ലീങ്ങൾ ഒന്നിച്ചുകൂടിയാൽ, വ്യക്തിപരമായി ചിന്തിക്കാൻപോലും കഴിയാത്ത കാര്യങ്ങളായിരിക്കും ചെയ്യുക. ഇതാണ് നമ്മുടെ അനുഭവം.’’(പവൻ കുൽക്കർണി, ദ വയർ ഉദ്ധരിച്ചത്, 30-10-2017) ആർഎസ്എസ് കേഡർമാരുടെ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് ഫാസിസ്റ്റ് രീതികൾ പഠിക്കാൻ ആർഎസ്എസ് നേതാവ് എ.ബി.എസ്.മുഞ്ചേ മുസ്സോളിനിയുടെ ഇറ്റലി സന്ദർശിക്കുകയും വ്യക്തി ജീവിതത്തെ ഫാസിസ്റ്റ് രീതിയിൽ ചിട്ടപ്പെടുത്തുന്നതും സൈനിക പരിശീലനം നൽകുന്നതുമൊക്കെ മനസ്സിലാക്കുകയും ചെയ്തു. ഈ പാഠങ്ങളാണ് ആർഎസ്എസ് ശാഖകളിൽ നടപ്പിലാക്കിയത് ഹിറ്റ്ലറുടെ ഫാസിസത്തിൽ, ആർഎസ്എസ്-ബിജെപിയുടെ ദേശീയതാ സങ്കല്പം സമാനത കണ്ടെത്തുന്നതിന് ഇതെല്ലാം വ്യക്തമായ തെളിവുകളാണ്.


ഇക്കാര്യത്തിൽ നേതാജിയുടെ നിലപാട് നോക്കാം. മ്യൂണിച്ചിലെ ജർമ്മൻ അക്കാഡമിയുടെ ഡയറക്ടർക്ക്, നാസിസത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് 1936ൽ നേതാജി ഇപ്രകാരം എഴുതി: ‘‘ഞാൻ വേദനയോടെ പറയട്ടെ, ജർമ്മനിയുടെ പുതിയ ദേശീയതാവാദം ഇടുങ്ങിയതും വ്യക്തികേന്ദ്രീയവും മാത്രമല്ല, അരോചകം കൂടിയാണ്- ഈ അഭിപ്രായവുമായാണ് ഞാൻ എന്റെ രാജ്യത്തേയ്ക്ക് മടങ്ങുന്നത്. നാസി തത്വചിന്തയുടെ സാരാംശം അടുത്തിടെ മ്യൂണിച്ചിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വംശീയമായ അസമത്വത്തിന്റെ ഈ പുതിയ സിദ്ധാന്തം ശാസ്ത്രീയ തെളിവുകളുടെ അടിത്തറയില്ലാത്തതും വെള്ളവംശജരുടെ വിശേഷിച്ച് ജർമ്മൻ വംശജരുടെ മേധാവിത്വം ഉദ്ഘോഷിക്കുന്നതുമാണ്. ഹിറ്റ്ലർ ‘മെയ്ൻ കാഫി’ൽ ജർമ്മനിയുടെ പഴയ കൊളോണിയൽ നയത്തെ വിമർശിക്കുന്നുണ്ടെങ്കിലും നാസി ജർമ്മനി അതിന്റെ പഴയ കോളനികൾക്കുമേൽ അവകാശവാദം ഉന്നയിച്ചിരിക്കുന്നു.’’
രാംഗറിൽ 1940ൽ നടത്തിയ പ്രസംഗത്തിൽ നേതാജി പറഞ്ഞു: ‘‘1922ൽ ഇറ്റലി എല്ലാ അർത്ഥത്തിലും സോഷ്യലിസത്തിന് തയ്യാറായിരുന്നു. ലെനിനെപ്പോലെ ഒരു നേതാവിന്റെ അഭാവം മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സോഷ്യലിസ്റ്റുകൾക്ക് ആ അവസരം നഷ്ടപ്പെട്ടു. ആ അവസരം ഫാസിസ്റ്റ് നേതാവ് മുസ്സോളിനി ഉടൻ പ്രയോജനപ്പെടുത്തി. അദ്ദേഹം അധികാരം ഏറ്റതോടെ ചരിത്രം തികച്ചും വ്യത്യസ്തമായൊരു മാർഗത്തിൽ ചരിക്കുകയും സോഷ്യലിസത്തിനുപകരം ഫാസിസം സ്ഥാപിക്കപ്പടുകയും ചെയ്തു.’’ ഫാസിസത്തിന്റെയും വംശീയവാദത്തിന്റെയും വക്താവായ ഒരാൾക്ക് ഇതുപോലെ യഥാർത്ഥ ദേശീയവാദിയും ദേശസ്നേഹിയും സോഷ്യലിസത്തിൽ വിശ്വസിക്കുന്ന ആളുമായ നേതാജിയുടെ അനന്തരാവകാശിയാകാൻ കഴിയുമോ?


ഭരണകൂടത്തിന്റെയും വർഗവിഭജനത്തിന്റെയും വിഷയത്തിലെ നിലപാട്


ഭരണകൂടത്തെ സംബന്ധിച്ച് ഗോൾവാൾക്കർ പറയുന്നു: ‘‘ഭാരതീയ ശാസ്ത്രങ്ങളോ രാഷ്ട്രീയ, സാമൂഹ്യ സിദ്ധാന്തങ്ങളോ ഭരണകൂടം ഉപരിവർഗ്ഗത്തിന്റെ പ്രതിനിധിയാണെന്ന് പറയുന്നില്ല. അത് ചൂഷണത്തിനുള്ള ഉപകരണവുമല്ല. അത് ധർമ്മത്തെ അഥവാ സദാചാര സംഹിതകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. രാഷ്ട്രീയ അധികാരത്തിലേയ്ക്ക് സാമ്പത്തിക വിഷയംകൂട്ടിച്ചേർക്കുന്ന സോഷ്യലിസത്തെയും അത് ഉൾക്കൊള്ളുന്നില്ല’’. അദ്ദേഹം പറയുന്നു, ‘‘സമൂഹത്തെക്കുറിച്ചുള്ള ഭാരതീയ കാഴ്ചപ്പാടിന്റെ മറ്റൊരു നേട്ടം അത് വർഗസമരത്തെ വർജിക്കുന്നു എന്നതാണ്. അത്, നിയമസംഹിതകളുടെയും കീഴ്‌വഴക്കങ്ങളുടെയും നടപടികളെയും, സമഗ്ര വ്യവസ്ഥ എന്ന നിലയിലല്ലെങ്കിൽ ഒരു മേന്മ എന്ന നിലയിൽ സാമുദായിക മൈത്രിയെയും ഉദ്ഘോഷിക്കുന്നു എന്നതാണ്.’’(വിചാരധാര) ഇതിന് വിരുദ്ധമായി നേതാജിയുടെ കാഴ്ചപ്പാട് ഇതായിരുന്നു: ‘‘തൊഴിലാളിയും മുതലാളിയും തമ്മിൽ ഒരു തർക്കമുണ്ടായാൽ ഭരണകൂടം ഒന്നാകെ മുതലാളിക്കൊപ്പം നിൽക്കും. വരും നാളുകളിൽ രാഷ്ട്രീയ മോചനത്തിന്റെ കാര്യത്തിൽ മാത്രമല്ല, സാമ്പത്തിക ചൂഷണത്തിൽനിന്ന് സമൂഹത്തെ സ്വതന്ത്രമാക്കുന്നതിലും തൊഴിലാളിവർഗം പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കാൻ പോകുകയാണ്’’. (ഖരഗ്പൂർ റെയിൽവേ വർക്കേഴ്സ് മീറ്റിംഗ്, 1928)


ആർഎസ്എസും ഹിന്ദുമഹാസഭയും സ്വാതന്ത്ര്യത്തിന് എതിരായിരുന്നു


ബിജെപിയുടെ പ്രത്യയശാസ്ത്ര സത്തയായ ഹിന്ദുത്വയുടെ ഉപജ്ഞാതാവും ഹിന്ദുമഹാസഭയുടെ സ്ഥാപകനുമായ വി.ഡി. സവർക്കറാണ് മതത്തെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യമായി മുന്നോട്ടുവയ്ക്കുന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന് മാപ്പപേക്ഷ നൽകുമ്പോൾ സവർക്കർ പറഞ്ഞത് സാമ്രാജ്യത്വ സർക്കാരിനെ അവരാഗ്രഹിക്കുന്ന തരത്തിൽ സേവിക്കാൻ തയ്യാറാണെന്നത്രെ. ‘‘ബഹുമാനപ്പെട്ട ബ്രിട്ടീഷ് സർക്കാർ ഹിന്ദുക്കളെ പരിഗണിക്കുകയും അവരുടെ പിന്തുണയോടെ പ്രവർത്തിക്കുകയും വേണം. ഇരുകൂട്ടരുടെയും താൽപര്യങ്ങളും ഒന്നുതന്നെയാണ്. നമ്മൾ ഒന്നിച്ചു നീങ്ങണം. ഹിന്ദുക്കളും ഗ്രേറ്റ് ബ്രിട്ടനും കൈകോർത്ത് നീങ്ങുമ്പോൾ പഴയ ശത്രുത അപ്രസക്തമാകുന്നു എന്നതാണ് പ്രധാന കാര്യം.’’ (1939 ഒക്ടോബർ 9ന് ഇന്ത്യൻ കാര്യങ്ങൾക്കായുള്ള ബ്രിട്ടീഷ് മന്ത്രി സെറ്റ്ലാന്റ് പ്രഭുവിന് വൈസ്രോയി ലിൻലിത്ഗോ അയച്ച റിപ്പോർട്ട്)
ബ്രിട്ടീഷ് ഗവൺമെന്റുമായി ‘‘ഫലപ്രദമായ സഹകരണം’’എന്നൊരു സിദ്ധാന്തവും സവർക്കർ മുന്നോട്ടുവച്ചു. 1942ൽ കാൺപൂരിൽ നടന്ന ഹിന്ദുമഹാസഭ സമ്മേളനത്തിൽ പ്രസംഗിക്കവെ സവർക്കർ, ഹിന്ദുമഹാസഭയുടെ ഭരണകർത്താക്കളുമായുള്ള സഹകരണത്തിന്റെ പദ്ധതി ഇപ്രകാരം അവതരിപ്പിച്ചു: ‘‘പ്രായോഗിക രാഷ്ട്രീയത്തിൽ പാലിക്കേണ്ട പ്രധാന തത്വം ഫലദായകമായ സഹകരണം എന്നതായിരിക്കണമെന്നാണ് ഹിന്ദുമഹാസഭയുടെ അഭിപ്രായം…അതുകൊണ്ടുതന്നെ അധികാരസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഭയുടെ പ്രവർത്തകർ ആ അധികാരം ഹിന്ദുക്കളുടെ ന്യായമായ താൽപര്യങ്ങൾ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുംവേണ്ടി വിനിയോഗിക്കണം. ദേശസ്നേഹപരമായ പ്രവർത്തനങ്ങളെയാകെ ഉൾക്കൊള്ളുന്നതാണ് ഫലദായകമായ സഹകരണം. സജീവ പങ്കാളിത്തം മുതൽ സായുധ ചെറുത്തുനിൽപ്പുവരെയുള്ള ആ പ്രവർത്തനങ്ങൾ, കാലയളവും വിഭവങ്ങളും ദേശീയ താൽപര്യവും ആവശ്യപ്പെടുന്നതിനനുസരിച്ചായിരിക്കും.’’
ആർഎസ്എസും ഹിന്ദുമഹാസഭയും 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തെ സ്വന്തം രാഷ്ട്രീയ നിലപാടിൽനിന്നുകൊണ്ട് എതിർത്തു. ഹിന്ദുമഹാസഭയിലെ രണ്ടാമത്തെ നേതാവും അന്നത്തെ അവിഭക്ത ബംഗാളിലെ ഹിന്ദുമഹാസഭ-മുസ്ലീംലീഗ് സഖ്യസർക്കാരിലെ ഉപമുഖ്യമന്ത്രിയുമായിരുന്ന ശ്യാമപ്രസാദ് മുഖർജി ബംഗാൾ ഗവർണർക്ക് അയച്ച കത്തിൽ പറയുന്നു: ‘‘പ്രശ്നം ഈ ക്വിറ്റ് ഇന്ത്യ സമരത്തെ ബംഗാളിൽ എങ്ങനെ നേരിടും എന്നതാണ്. കോൺഗ്രസ് കിണഞ്ഞു ശ്രമിച്ചാലും ഈ സമരം ബംഗാളിൽ വേരുപിടിക്കാൻ അനുവദിക്കാത്തവിധം ഭരണസംവിധാനം സജ്ജമാക്കണം. ഇത് നമുക്ക് ചെയ്യാനാകും. ഏത് അധികാരത്തിനുവേണ്ടിയാണോ കോൺഗ്രസ് സമരം ചെയ്യുന്നത് ആ അധികാരം ഇപ്പോൾത്തന്നെ ജനപ്രതിനിധികൾക്ക് ലഭിച്ചു കഴിഞ്ഞതായി ഉത്തരവാദപ്പെട്ട മന്ത്രിമാർ ജനങ്ങളോട് പറയണം. അടിയന്തരാവസ്ഥപോലുള്ള സന്ദർഭങ്ങളിൽ ഇത് പരിമിതപ്പെടുത്തപ്പെടാം. നമ്മൾ ബ്രിട്ടീഷുകാരെ വിശ്വസിക്കണം.അത് ബ്രിട്ടനുവേണ്ടിയോ അവരുടെ നേട്ടങ്ങൾക്കുവേണ്ടിയോ അല്ല, പ്രോവിൻസിന്റെ സ്വാതന്ത്ര്യം സംരക്ഷിച്ചുനിർത്താൻവേണ്ടിയായിരിക്കും.’’
രണ്ടാംലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. 1941ൽ ഭഗത്പൂരിൽ ഹിന്ദുമഹാസഭയുടെ 23-ാം സമ്മേളനത്തിൽ പ്രസംഗിക്കവെ സവർക്കർ പറഞ്ഞു: ‘‘യുദ്ധം നമ്മുടെ അടുത്തെത്തിയിരിക്കുന്നു. അത് അപകടം വരുത്തും. സൈനികവൽക്കരണപ്രവർത്തനം ശക്തിപ്പെടുത്തേണ്ട സമയമാണിത്. ഓരോ ഹിന്ദുമഹാസഭ ശാഖയും സൈന്യത്തിൽ ചേരുന്നതിനായി ഹിന്ദുക്കളെ പ്രചോദിപ്പിക്കണം. പ്രത്യേകിച്ച് ബംഗാളിലും അസമിലും ഒരുനിമിഷംപോലും നഷ്ടപ്പെടുത്താതെ ഇത് ചെയ്യണം. ഹിന്ദുക്കൾ അങ്ങനെ ആയിരങ്ങളും ലക്ഷങ്ങളുമായി സൈന്യത്തിലും ആയുധ നിർമ്മാണത്തിലുമൊക്കെ പങ്കുവഹിക്കട്ടെ.’’ (സമഗ്ര സവർക്കർ വാങ്മയ, ഹിന്ദുരാഷ്ട്രദർശൻ, വോള്യം 6, മഹാരാഷ്ട്ര പ്രാന്തിക് ഹിന്ദു സഭ, 1963, പേജ് 460-61)
എന്നാൽ നേതാജിയുടെ ഉറച്ച നിലപാട് നേർവിപരീതമായിരുന്നു. ദേശസ്നേഹികളോട് അദ്ദേഹം ഇങ്ങനെ ആഹ്വാനം ചെയ്തു, ‘‘യുദ്ധസാഹചര്യം ഉപയോഗപ്പെടുത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് പ്രഹരമേൽപ്പിക്കണം. മറ്റ് സാഹചര്യങ്ങളിലാണെങ്കിൽ ബ്രിട്ടന് അതിന്റെ മുഴുവൻ സൈനികശേഷിയും നമുക്കെതിരെ അണിനിരത്താം. എന്നാൽ യുദ്ധ സാഹചര്യമായതിനാൽ അത് സാധ്യമല്ല. ഏറ്റവും ദുർബലനായിക്കുമ്പോൾ ശത്രുവിനെ പരാജയപ്പെടുത്തുക ഏറ്റവും എളുപ്പമായിരിക്കും’’. (ക്രോസ്റോഡ്സ്)
ആർഎസ്എസും ഹിന്ദുമഹാസഭയും ‘ഹിന്ദുരാഷ്ട് ’ ത്തിനുവേണ്ടി വാദിച്ചപ്പോൾ നേതാജി പറഞ്ഞു: ‘‘ആദ്യലക്ഷ്യം പൂർണസ്വരാജ് നേടുക എന്നതാണ്, അടുത്തത് സോഷ്യലിസം സ്ഥാപിക്കുക എന്നതും. തൊഴിലാളികളെയും കർഷകരെയും സ്വാതന്ത്ര്യസമരത്തിൽ അണിനിരത്തണം. ജന്മിത്തം അവസാനിപ്പിക്കണം.’’(ക്രോസ് റോഡ്സ്) അദ്ദേഹം പറയുന്നു: ‘‘ഇക്കാലമത്രയും സ്വാതന്ത്ര്യമെന്ന് നമ്മൾ അർത്ഥമാക്കിയത് രാഷ്ട്രീയ സ്വാതന്ത്ര്യമാണ്. രാഷ്ട്രീയ അടിമത്തത്തിൽനിന്നു മാത്രമല്ല, എല്ലാത്തരം ബന്ധനങ്ങളിൽനിന്നും ജനങ്ങളെ മുക്തരാക്കുമെന്ന് ഇനി നാം പ്രഖ്യാപിക്കണം. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ ചൂഷണത്തിൽനിന്നും ജനങ്ങളെ മുക്തരാക്കുക എന്നതായിരിക്കണം സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യലക്ഷ്യം. എല്ലാ ചങ്ങലകളും പൊട്ടിച്ചെറിഞ്ഞു കഴിഞ്ഞാൽ നമ്മൾ കമ്മ്യൂണിസത്തെ അടിസ്ഥാനമാക്കിയ ഒരു പുതിയ സമൂഹം സ്ഥാപിക്കും. സ്വതന്ത്രമായ, വർഗരഹിതമായ ഒരു സമൂഹം സ്ഥാപിക്കുക എന്നതായിരിക്കും സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന ലക്ഷ്യം.’’(1930ൽ ബാരിൻ ഘോഷിന് അയച്ച കത്ത്, നേതാജി സ്പെഷൽ പതിപ്പ്)
യാതൊരു സങ്കോചവുമില്ലാതെ നേതാജി തുറന്നു പറയുന്നു: ‘‘സാമ്രാജ്യത്വ ഗൂഢാലോചന ലോകമെമ്പാടും രൗദ്രഭാവം കൈക്കൊള്ളുമ്പോഴും ഒരു രാജ്യം മാത്രം അടിയുറച്ചു നിൽക്കുന്നു, സോവിയറ്റ് യൂണിയൻ. അതിന്റെ സാന്നിദ്ധ്യം സാമ്രാജ്യത്വ ശക്തികളുടെ നെഞ്ചിൽ വെള്ളിടി പായിക്കുകയാണ്.’’(ക്രോസ് റോഡ്സ്)


നേതാജിയുടെ പാത പിന്തുടരുന്നു എന്ന് ഭാവിക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്നത് എന്ത്


നേതാജിയും ആർഎസ്എസ്-ബിജെപിയും എല്ലാ കാര്യങ്ങളിലും വിരുദ്ധ ധ്രുവങ്ങളിലാണ് നിലകൊള്ളുന്നത് എന്ന് സുവ്യക്തമാണ്. നേതാജി മതേതര നിലപാടിൽനിന്നുകൊണ്ട് ആർഎസ്എസിനെയും ഹിന്ദുമഹാസഭയെയും വെറുത്തു. പിന്നെ എന്തിനാണ് നേതാജിയുടെ പ്രതിമ സ്ഥാപിക്കാൻ ബിജെപിക്കാരനായ പ്രധാനമന്ത്രി ഇത്ര ഉത്സാഹം കാണിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക് നേതാജിയോടുള്ള ആദരവ് പ്രധാനമന്ത്രി മനസ്സിലാക്കുന്നുണ്ട്. ബിജെപി ദുർഭരണത്തിനെതിരെ ജനങ്ങളുടെ അസംതൃപ്തി വളരുകയുമാണ്. ജനങ്ങളുടെ അസംതൃപ്തിയെ പലവഴിക്ക് ചാലുതിരിച്ചുവിടാനും അവരെ ആശയക്കുഴപ്പത്തിലാക്കാനും ശ്രമിക്കുകയാണവര്‍. നേതാജിക്കുവേണ്ടി കുഴലൂത്തുനടത്തുന്നത് ഒരു കുടില തന്ത്രമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസ് വഹിച്ച പങ്ക് കുറച്ചുകാണിക്കാൻ ബിജെപി ശ്രമിക്കുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. ഗാന്ധിയൻ നേതൃത്വവുമായി കടുത്ത വിയോജിപ്പ് പുലർത്തുകയും കോൺഗ്രസ് വിട്ടുപുറത്തുവരാൻ നിർബന്ധിതനാകുകയും എന്നിട്ടും സ്വാതന്ത്ര്യസമരത്തിലെ തലയെടുപ്പുള്ള വ്യക്തിത്വമായി വളരുകയും ചെയ്ത ആളാണ് നേതാജി. എല്ലാ ജാതി, മതസ്ഥരെയും സ്വന്തം സൈന്യമായ ഐഎൻഎയിൽ ഒരുമിച്ച് അണിനിരത്തിക്കൊണ്ട് ജനാധിപത്യതത്വങ്ങളും മൂല്യങ്ങളും മുറുകെപ്പിടിക്കുകയും മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന നിലപാട് എടുക്കുകയും ചെയ്തതുവഴി അദ്ദേഹത്തിന്റെ മഹത്വത്തിന് മാറ്റുകൂടുകയും ചെയ്തു. അതുകൊണ്ട് നേതാജിക്ക് അധരസേവ നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും അതേസമയം നേതാജിയുടെ ആശയങ്ങള്‍ക്കും ആദർശങ്ങൾക്കും വിരുദ്ധമായതെല്ലാം ചെയ്യുകയുമെന്ന, ഫാസിസ്റ്റ് ഭരണകർത്താക്കൾ പയറ്റുന്ന കുതന്ത്രമാണ് ആർഎസ്എസ്-ബിജെപി പയറ്റുന്നത്. അവസരവാദപരവും വഞ്ചനാപരവുമായ, പ്രതികൂലമായതിനെയെല്ലാം അനുകൂലമാക്കിയെടുക്കുന്ന ഈ സംഘപരിവാർ തന്ത്രത്തിലൂടെ നേതാജിയുടെ പൈതൃകത്തിൽ പങ്കുപറ്റാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. അതിനായി പച്ചക്കള്ളം പ്രചരിപ്പിക്കുക, ചരിത്രം വളച്ചൊടിക്കുക, ഹീനതന്ത്രങ്ങൾ പയറ്റുക എന്നിവയൊക്കെ അരങ്ങേറുന്നു. സവർക്കർ, ഗോൾവാൾക്കർ, ശ്യാമപ്രസാദ് മുഖർജി, മുഞ്ചേ തുടങ്ങിയവരുടെ തികച്ചും പിന്തിരിപ്പനായ ആശയങ്ങളോട് കൂറുപുലർത്തിക്കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. ഈ കപടനാട്യങ്ങൾകണ്ട് വഴിതെറ്റാതെ ഇതിന്റെ പിന്നിലുള്ള ജുഗുപ്സാവഹമായ തന്ത്രങ്ങൾ തിരിച്ചറിയാൻ ജനങ്ങൾ പ്രാപ്തരാകണം.

Share this post

scroll to top